വൈക്കം: പ്രഥമ ചെമ്പില്‍ ജോണ്‍ സാഹിത്യ പുരസ്‌കാരം യുവകഥാകാരന്‍ ഫ്രാന്‍സിസ് നൊറോണയ്ക്ക്. ‘തൊട്ടപ്പന്‍’ എന്ന കഥാസമാഹാരത്തിനാണ് പുരസ്‌കാരം ലഭിച്ചത്. ചെമ്പില്‍ ജോണ്‍ സ്മാരക ട്രസ്റ്റാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വെെക്കത്ത് ചെമ്പില്‍ നടന്ന ചെമ്പില്‍ ജോണ്‍ അനുസ്മരണ സമ്മേളനത്തില്‍ വച്ച് എഴുത്തുകാരന്‍ പെരുമ്പടവം ശ്രീധരനാണ് പുരസ്‌കാരം സമ്മാനിച്ചത്. 10001 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.

അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ചെമ്പില്‍ ജോണ്‍ സ്മരണിക സുവനിയറിന്റെ പ്രകാശനവും നിര്‍വ്വഹിച്ചു. കേരള സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റും സിപിഎം കോട്ടയം ജില്ലാ സെക്രട്ടേറിയേറ്റംഗവുമായ പികെ ഹരികുമാറിന് നല്‍കി കൊണ്ടാണ് സുവനിയറിന്റെ പ്രകാശനം നിര്‍വ്വഹിച്ചത്.

അരപ്രൈസ് പെറ്റ മലയാളം: ഫ്രാൻസിസ് നൊറോണയുടെ കുറിപ്പ് വായിക്കാം

ഏഴ് കഥകളടങ്ങിയ ‘തൊട്ടപ്പന്‍’ സമീപകാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പുസ്തകമാണ്. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ വിനായകനെ നായകനാക്കി ഷാനവാസ് ബാവക്കുട്ടി ‘തൊട്ടപ്പന്‍’ സിനിമായാക്കുന്നുണ്ട്. ഇന്ന് വൈകിട്ടാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്.

Read Also: വിനായകന്‍ നായകനാകുന്ന ‘തൊട്ടപ്പന്‍’; പോസ്റ്റര്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

നൊറോണയുടെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് പിഎസ് റഫീക്കാണ്. പുതുമുഖമാണ് നായിക. ചിത്രത്തിന്റെ ഛായാഗ്രഹണം സുരേഷ് രാജന്‍ നിര്‍വ്വഹിക്കുന്നു. സംഗീതം ഒരുക്കുന്നത് ഗിരീഷ് എം ലീല കുട്ടനാണ്. പശ്ചാത്തല സംഗീതം ജസ്റ്റിന്‍. ക്യാമറ സുരേഷ് രാജന്‍. എഡിറ്റിംഗ് ജിതിന്‍ മനോഹര്‍.

റോഷന്‍ മാത്യു, മനോജ് കെ ജയന്‍, കൊച്ചു പ്രേമന്‍, പോളി വില്‍സണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook