സ്കൂൾ
ഒരു ജനാലയിലൂടെ
ആയിരം കടലാസ് റോക്കറ്റുകൾ
കുതിച്ചു വരുന്നു.
കൊടി ഉയർത്തൽ
ഇരുമ്പു കൊണ്ടുള്ള വലിയ കൊടിമരം
വീണു കിടന്നിരുന്നത്
ഇന്നലെയാണ്
മണ്ണിൽ കുഴിച്ച്
സിമൻറിട്ടു നിർത്തിയത്.
വീഴാതെയുറച്ചു നിൽക്കുമോ എന്തോ.
കൊടിമരത്തലപ്പത്തെ ചെറിയ കപ്പി
കറങ്ങാനായി എണ്ണ കൊടുത്തിട്ടുണ്ട്.
കറങ്ങുമോ എന്തോ.
കയർ എവിടെയും കുരുങ്ങാതെ
കൊടി ഉയരുമോ എന്തോ
ഉയർന്നു നിവരുമ്പോൾ
കൊഴിയാൻ പാകത്തിന്
പൂക്കൾ നിറച്ചിട്ടുണ്ട്.
കയർ വലിച്ചു മുകളിലെത്തി
കൊടി നിവർന്നു പാറുമ്പോൾ കൊഴിയുക
തിളങ്ങുന്ന തീക്കനലുകളാകുമോ എന്തോ.
അത്തറുകുട്ടി
പൂക്കളിൽ നിന്നും അത്തറുണ്ടാക്കാൻ
കഴിവുള്ള ഒരു കുട്ടിയെ എനിക്കറിയാം.
ചെറിയ കുപ്പികളിലാക്കി വെച്ച
അത്തർ കാട്ടിത്തരും.
ഒന്നു വെള്ളം പോലെ
ഒന്നിന് വെള്ള നിറം
മറ്റൊന്ന് നേരിയ റോസ്.
കൈത്തണ്ടമേലിത്തിരി പുരട്ടിത്തരും.
എന്തൊരു മണം,
റോസു തന്നെ!
പൂക്കളിൽ നിന്നും അത്തറുണ്ടാക്കുന്ന
വിദ്യ മാത്രം ചോദിക്കരുത്.
കാരണം, മുള്ളുകളാണ്
അവനെ അതു പഠിപ്പിച്ചത്.
എന്റെ കൈത്തണ്ടമേൽ
ഒരു തുള്ളി പുരട്ടിത്തരുമ്പോൾ
അവന്റെ വിരലുകൾ ഞാൻ ശ്രദ്ധിച്ചു.
അവയെങ്ങനെയാണ്
പൂക്കളുടെ സത്തെടുക്കുന്നതെന്ന്
സങ്കല്പിക്കാൻ ശ്രമിച്ചു.
മുല്ലപ്പൂവിന്റെ മണമേറ്റ്
തല കിറുങ്ങും വരെ.
എഴുന്നള്ളത്ത്
ഡാ നായേ
എന്നു വരിവരിയായ്
ഇരുപുറത്തും
തോരണം തൂക്കിയ വഴിയിലൂടെ
നടന്നുപോകുന്നു ഒരു മനുഷ്യൻ.
കാറ്റിലിളകുന്നു വെയിലിൽ തിളങ്ങുന്നു
ഡാ…നായേത്തോരണം.