അവരെനിക്ക് സ്കാര്‍ലെറ്റ് എന്നു പേരിട്ടു.

ഞാന്‍ എണ്ണക്കറുപ്പും, എന്‍റെ വിരലുകള്‍ പരുപരുത്തതുമാണ്.

പ്രഭാതത്തില്‍ തന്നെ, വെയിലിന്‍റെ ഉച്ഛസ്ഥായിയില്‍ നിന്നും സായാഹ്നത്തിന്‍റെ ആലസ്യം വരെയും ഞാന്‍ മീനും കൊണ്ട് കാത്തിരിക്കും. എന്‍റെ ഗന്ധം മീനുകളിലേക്ക് പടരുന്നു.

ഐസുകൊണ്ട് തണുത്തുറഞ്ഞ മരപ്പലകയുടെ വഴുവഴുപ്പുള്ള പാളികളില്‍ തൊടുമ്പോള്‍, എന്‍റെ കൈകള്‍ക്കുള്ളിലെ അവന്‍റെ ചെതുമ്പലുകള്‍ നിറഞ്ഞ ചര്‍മ്മം ഞാന്‍ വീണ്ടും സ്പര്‍ശിക്കുന്നു. നക്ഷത്രങ്ങള്‍ പൊട്ടിത്തെറിക്കുന്ന എന്‍റെ വെള്ളിയാഴ്ചകളില്‍ അവന്‍ ഒരു ശീല്‍ക്കാരത്തോടെ മുങ്ങിത്താഴുന്നത് ഞാന്‍ കേള്‍ക്കുന്നു.

ആദ്യം അവന്‍ തലമുടി ഒഴുകിപ്പറത്തി നടന്നുവരുന്നത് കണ്ടപ്പോള്‍, അവന്‍റെ ഇഴകളില്‍ ഒളിഞ്ഞു കിടക്കുന്ന കുറുമ്പും, ഉച്ഛമയങ്ങിയ സൂര്യനെ തോല്‍പ്പിക്കുംവിധമുള്ള ചിരിയും ആണ് ഞാനോര്‍ത്തത്. അവന്‍ ഗബ്രിയല്ലയോടും വെറോണിക്കയോടും സംസാരിച്ച് ഇല്ലായെന്ന് തലയാട്ടുന്നത് ഞാന്‍ കാണുന്നുണ്ടായിരുന്നു. ചന്തയുടെ ഇരുട്ടിയ ഒരു മൂലയിലായിരുന്നു ഞാന്‍ ഇരിക്കുന്നുണ്ടായിരുന്നത്. എന്‍റെ മത്സ്യങ്ങള്‍ ഒരുവിധം എല്ലാം തന്നെ വിറ്റുക്കഴിഞ്ഞിട്ടുണ്ടായിരുന്നു. അവനെന്‍റെ അടുത്തേക്ക് വരില്ലെന്നാണ് ഞാന്‍ കരുതിയത്. എന്‍റെ മീനുകളെ നോക്കില്ലെന്ന്,. എന്നെ നോക്കില്ലെന്നാണ് കരുതിയത്. എന്‍റെയുള്ളില്‍, എന്‍റെ ഉള്ളിന്‍റെയുള്ളില്‍ അവന്‍ തിരിച്ചുവരണമെന്ന് ഞാനാഗ്രഹിച്ചു, അവന്‍ തിരിച്ചുവരണമേയെന്ന് ഞാന്‍ ആഗ്രഹിച്ചുക്കൊണ്ടേയിരുന്നു. എന്‍റെ സിരകളിലെന്തോ ഉരുകി ചീറ്റിപടര്‍ന്നുകൊണ്ടിരുന്നു, അതെന്‍റെ തുടകളിലൂടെ വഴുക്കിയൊലിച്ചു. പ്രായമേറിയ, തൂങ്ങിയാടുന്ന എന്‍റെ തുടകള്‍. എന്നിട്ടവന്‍ തിരിഞ്ഞുനിന്നു. ചന്തയിലെ ഇരുട്ടിയ മൂലയില്‍ നില്‍ക്കുന്ന എന്‍റെ കണ്ണുകളിലേക്ക് നോട്ടമയക്കുമ്പോള്‍, എന്‍റെ കണ്ണുകളിലെ തിളക്കം അവന്‍ കണ്ടിട്ടുണ്ടാവണം, കാരണം ആ ദൂരത്തുനിന്നും അവനെന്‍റെ കണ്ണുകളെത്തന്നെ നോക്കിനിന്നു. ഒരു നിമിഷത്തേക്ക് സൂര്യന്‍ അസ്തമിക്കാന്‍ മറന്നുപോയി. സൂര്യാസ്തമയത്തിന്‍റെ ശോണിമയില്‍ ചന്തമുഴുവന്‍ സ്തംഭിച്ചുനിന്നു. അവന്‍റെ മുടിയിഴകള്‍ പാറിപ്പറന്നുക്കൊണ്ടേയിരുന്നു, അവന്‍റെ മെലിഞ്ഞ ശരീരം നടക്കുമ്പോള്‍ ഉലഞ്ഞു.

കൈകാട്ടിവിളിക്കുന്ന ആരേയും കൂസാതെ അവന്‍ എന്‍റെയരികിലേക്ക് നടന്നുവന്നു. അവന്‍റെ മുറിഞ്ഞ മൂക്കിന്‍റെ മുറിവ് കാണുന്നവരെയത്രയും എന്‍റെയടുത്ത് എത്തിയിട്ടും, അവന്‍റെ സാമീപ്യം ഇത്രയും ഉണ്ടെന്ന് ഞാനറിഞ്ഞില്ല. അവന്‍ പുഞ്ചിരിച്ചപ്പോള്‍ പായല്‍വെള്ളം അതിന്‍റെ പച്ചപ്പിനെ തേടിപ്പിക്കാനെന്നവണ്ണം തെളിഞ്ഞു പകുത്തുമാറി. “എന്താണുള്ളത്?”, എന്‍റെ മുന്നിലേക്ക് മുനിഞ്ഞിരിക്കുന്നതിന് മുന്നേതന്നെ എന്നോടവന്‍ ചോദിച്ചു. അവന്‍റെ കയ്യില്‍ പറ്റിപ്പിടിച്ചിരിക്കുന്ന രോമങ്ങള്‍ എനിക്കു കാണാമായിരുന്നു. അവന്‍റെ തികഞ്ഞ കൈകള്‍. “മത്തി”, ഞാന്‍ പറഞ്ഞു. “അല്ലാ…. ചെമ്മീന്‍ ഉണ്ടല്ലൊ… അതെന്തേ?” “അതു വില്‍ക്കാനുള്ളതല്ല. വീട്ടിലേക്കു കൊണ്ടുപോവാനുള്ളതാണ്,” ഞാന്‍ പറഞ്ഞു. എന്‍റെ ശബ്ദം ഇടറിയില്ല. ഇത്രയും കാലം നിങ്ങള്‍ കണ്ടയത്രതന്നെ പരുഷമായി തന്നെയാണ് ഞാനിപ്പോഴുമുള്ളത്. എന്‍റെ കൈകളില്‍ ഇപ്പോഴും കടലിനോട് മല്ലിട്ട അധ്വാനതഴമ്പാണുള്ളത്. എന്‍റെ ശരീരം കുറുകിയതും ആരോഗ്യമുള്ളതും കറുത്തതുമാണ്. എന്‍റെ തോളുകളില്‍ നിന്നും മാംസം പുറന്തള്ളിയിട്ടുണ്ട്,എന്‍റെ അരക്കെട്ട് നിതംബങ്ങളെ കവച്ചുവയ്ക്കുന്നു. എന്‍റെ മുഖം എണ്ണമയമുള്ളതും, മുടിപാറിപറന്നു നെറ്റിയില്‍ കട്ടിപിടിച്ചിട്ടുമാണുള്ളത്.

story arathy ashok, malayalam story

“ആര്‍ക്കുവേണ്ടി?” എണീക്കുന്നതിനുമുമ്പ് അവന്‍ ചോദിച്ചു. “വീട്ടിലേക്ക് കൊണ്ടുപോവാന്‍,” ഞാന്‍ പറയുന്നു. ഞാന്‍ കണ്ണുകളുയര്‍ത്തി നോക്കിയത് ഇനിയുമെന്തൊക്കെയോ പറയാന്‍ വെമ്പുന്ന അവന്‍റെ ചുണ്ടുകളിലേക്കാണ് വെറോണിക്ക നടന്നടുക്കുന്നത് കണ്‍കോണിലൂടെ ഞാന്‍ കണ്ടു. അവള്‍ അയാളെ നോക്കി പരിചയഭാവത്തില്‍ പുഞ്ചിരിക്കുന്നു. “സ്കാര്‍ലെറ്റ്, ഇയാളുടെ വീടിനടുത്താണ് ഞാന്‍ മീന്‍ വില്‍ക്കാന്‍ പോവാറുള്ളത്. പുതുമോടിയാണ്. ഇയാള്‍ക്ക് ഭാര്യക്ക് കുറച്ച് ചെമ്മീന്‍ വാങ്ങി കൊണ്ടുപോവണം. കുറച്ച് കൊടുത്തേക്ക്… കൊടുത്തേക്ക്…” അവളവനെ തട്ടുന്നു, അപ്പോഴവന്‍ ഉറക്കെ ചിരിക്കുന്നു. അതൊരു ഇടിമുഴക്കമാണ്. ഇടിമുഴക്കം. എന്‍റെ ചുറ്റിനും തിരതല്ലുന്ന ഇടിമുഴക്കമാണ് ഞാന്‍ കേള്‍ക്കുന്നത്. “അവളെന്തു പറയുന്നു? ജോലിക്കു പോയി തുടങ്ങിയോ?” വെറോണിക്ക ചോദിച്ചു. “ഇല്ല, അവള്‍ക്ക് ഒരാഴ്ചത്തെ ലീവ് കൂടിയുണ്ട്. ഞാന്‍ പക്ഷെ പോയി തുടങ്ങി.” “എന്തു ജോലി?” വെറോണിക്ക വീണ്ടുമവനെ തട്ടി. എനിക്ക് വെറുപ്പുണ്ടാക്കുന്ന ആ ആഭാസത്തരം അവളുടെ നോട്ടത്തിലുണ്ട്. ഒന്നും മനസ്സിലാക്കാതെ അമ്പരന്നു അവന്‍ അവളെ നോക്കിനിന്നു. പെട്ടെന്നത് അവനു മനസ്സിലാവുകയും, അവന്‍ ചിരിക്കുകയും ചെയ്തു. ഒരു തലോടല്‍ പോലെ പതുക്കെയായിരുന്നു ആ ചിരി. എന്‍റെ കവിളുകളെ തലോടുന്ന കാറ്റുപോലെ ആ നനുത്ത ചിരി. അവന്‍ അവളെയാണ് നോക്കുന്നതെങ്കിലും കാണുന്നത് എന്നെയായിരുന്നു. എന്‍റെ പഴകിയ വെളുത്ത ഷര്‍ട്ടിനകത്തുള്ള വയസ്സായി തൂങ്ങിയ മുലകളിലേയ്ക്കവന്‍ നോക്കുന്നു. അതിന്‍റെ മുഴുമുഴുപ്പിനെ നോക്കുന്നു. അവനതു നോക്കുന്നുവെന്ന് എനിക്കറിയാം. കാരണം അവിടം ചൂടേറുന്നത് ഞാനറിയുന്നു. “ഈ ചെമ്മീന്‍ വില്‍ക്കാനുള്ളതല്ല.” കര്‍ക്കശമായി തന്നെ ഞാന്‍ പറഞ്ഞു. “വീട്ടില്‍ കൊണ്ടുപോവാനുള്ളതാണ്.” “സ്കാര്‍ലെറ്റ്, നിന്‍റെ ദയ കാത്താണ് ഈ പാവം ചെറുക്കന്‍ ഇവിടെ നില്‍ക്കുന്നത്, കണ്ടില്ലെ. നിന്‍റെയൊഴിച്ച് ബാക്കി എല്ലാവരുടെയും ചെമ്മീന്‍ വിറ്റുപോയി. ഇന്നത് നീ വീട്ടില്‍ കൊണ്ടുപോവണ്ട,അല്ലെങ്കില്‍ അതില്‍ നിന്നും കുറച്ചെടുത്തവനു കൊടുക്ക്. എനിക്കറിയാവുന്നയാളാ…. താ… ഞാന്‍ പകുതിയാക്കാം.” എന്‍റെ ചെമ്മീന്‍ തൊടാന്‍ നോക്കുമ്പോള്‍ അവളുടെ കൈ ഞാന്‍ തട്ടിമാറ്റി. അവന്‍റെ കണ്ണുകള്‍ ചിരിക്കുന്നത് ഞാന്‍ കണ്ടു. ഞാന്‍ പക്ഷെ മുകളിലേക്ക് നോക്കിയിരുന്നില്ല. എന്നാലും അവനവിടെ തന്നെ നില്‍ക്കണമെന്ന് ഞാനാഗ്രഹിച്ചു. അവന്‍ അവിടെത്തന്നെ നിന്നുകൊണ്ട് വെറോണിക്കയോടൊ, ഗബ്രിയേലയോടൊ, മറ്റാരെങ്കിലോടെ സംസാരിച്ച് നില്‍ക്കട്ടെയെന്ന് ഞാനാഗ്രഹിച്ചു. അവന്‍ പോകാതിരുന്നാല്‍ മാത്രം മതി. ഇപ്പോള്‍ അവന്‍റെ സുഗന്ധം എന്‍റെ മൂക്കില്‍ വന്നു തട്ടുന്ന പോലെയനുഭവപ്പെട്ടു. രാത്രിയില്‍ പൂക്കുന്ന ലില്ലിപ്പൂവിനെ പോലെയുള്ള ആണ്‍ഗന്ധം. എന്‍റെ വായ് തുറക്കുന്നതിനുമുന്നേ തന്നെ ഞാനവയെ കഷണങ്ങളാക്കി. അവനെതന്നെ അവന്‍ എന്നെ തീറ്റുന്നു. ഞാന്‍ അവനെക്കൊണ്ട് നിറയും വരെ. മെഴുകുതിരി കത്തുമ്പോള്‍, രണ്ടും രണ്ടാകുന്നതുപോലെ വെറോണിക്ക വിറളിപിടിച്ച് പോകുന്നതു കണ്ടു. ഗബ്രിയേല അപ്രത്യക്ഷയായിരിക്കുന്നു. എന്നെകൊണ്ട് തന്നെ അവനെ നോക്കിക്കാം എന്നുള്ളപോലെ അവനവിടെ തന്നെ നില്‍ക്കുന്നു. അവന്‍റെ നേര്‍ക്ക് മുഖമുയര്‍ത്തുമ്പോള്‍ എന്‍റെ മുഖത്ത് ധാര്‍ഷ്ട്യമായിരുന്നു ഉള്ളത്. പക്ഷെ, എന്‍റെ കണ്ണുകള്‍ അവനിലേക്ക് കൊരുക്കുമ്പോള്‍, അവന്‍റെയുള്ളിലെ അവസാനിക്കാത്ത തുറസ്സുകളിലേക്ക് ഞാനവയെ തന്നെ മയക്കി സ്ഥാപിക്കുന്നതറിഞ്ഞു. ശ്വാസം കുരുങ്ങി എന്‍റെ തൊണ്ട വരണ്ടുപോകുന്നു. ചന്തയിലെ ശബ്ദങ്ങള്‍ മുഴുവന്‍ മുങ്ങിതാന്നിരിക്കുന്നു. എവിടെയോ ദൂരെ ചെറിയ മര്‍മരങ്ങള്‍ കേള്‍ക്കാം. ഞാന്‍ എണീക്കുമ്പോള്‍ എന്‍റെ കാലുകള്‍ താഴ്ന്നുപൊയ്ക്കഴിഞ്ഞിരുന്നു. വസന്തതിലേക്ക് നോക്കി കുറിയ ഒരു വൃദ്ധ നില്‍ക്കുന്നത് പോലെ. ഞാനവന്‍റെ അരക്കെട്ടിന്‍റെ ഒപ്പമേയുള്ളൂ. അവന്‍ എന്നെ തൊട്ടിട്ടില്ല. അവനെന്നെ തൊട്ടിട്ടില്ല. പക്ഷെ അവനെന്‍റെ ശരീരത്തിനെ പൊതിഞ്ഞു കഴിഞ്ഞിരുന്നു. അവന്‍റെ കണ്‍പീലികള്‍ എന്‍റെ വിടര്‍ന്ന അരക്കെട്ടില്‍ മുറുക്കെപ്പിടിച്ചു., അവന്‍റെ മെലിഞ്ഞ വിരലുകള്‍ എന്‍റെ കൈയിടുക്കുകളില്‍ കൊരുത്തു. ഇരുളിലേക്ക് മുങ്ങുന്നതിനുമുമ്പ് അവന്‍ കുനിഞ്ഞ് എന്‍റെ ചെവിയില്‍ മന്ത്രിച്ചു, “ഞാന്‍ വരാം”. എന്‍റെ ശ്വാസം തൊണ്ടയില്‍ കുരുങ്ങുന്നപോലെ തോന്നി. ഞാന്‍ തിരിച്ചു മന്ത്രിച്ചു, “എപ്പോള്‍?” എന്‍റെ കീഴ്ച്ചുണ്ടില്‍ വിരലുകള്‍ ഓടിച്ചുകൊണ്ട് അവന്‍ പറഞ്ഞു, “മറ്റന്നാള്‍.”

story arathy ashok, malayalam story
അവന്‍ മറഞ്ഞുപോയതിനുശേഷം, ആ മെഴുകുതിരി വെട്ടത്തിന്‍റെ ഇരുട്ടില്‍ ഇരുന്നുകൊണ്ട് ഞാന്‍ ചെമ്മീന്‍ പൊളിച്ചുക്കൊണ്ടേയിരുന്നു. അവന്‍ വരുമെന്ന് എനിക്കറിയാം. അവരെല്ലാവരും അറിയും എന്നുള്ളത് എനിക്കറിയാം ഞാന്‍ ചെയ്തേക്കാവുന്ന ദുഷ്ടതയെ ഈ ലോകം മുഴുവന്‍ ശപിക്കും. അവനൊരു ചെറുപ്പക്കാരന്‍, ഞാനോ ഒരു വൃദ്ധ രണ്ടു കുട്ടികളുടെ അമ്മൂമ്മ. അവരില്‍ എന്‍റെ കൂടെ നില്‍ക്കാന്‍ വന്ന മൂത്തവള്‍ക്കുവേണ്ടിയാണ് ഞാനീ ചെമ്മീന്‍ പൊളിക്കുന്നത്. പക്ഷെ അവന്‍ വരുമ്പോള്‍ ഞാന്‍ വഴിയുണ്ടാക്കും. എന്‍റെ അടുക്കലേയ്ക്ക് ഞാനവനെ കൊണ്ടുവരും. എന്നെയിനി ഒരിക്കലും വിട്ടുപോകാന്‍ കഴിയാത്തവിധം ജീവനോടെയവനെ ഞാന്‍ വിഴുങ്ങും. കാരണം, ഈ സന്ധ്യയില്‍ ചന്തയിലേക്ക് അവന്‍ നടന്നുകയറിയത് എന്നിലേക്കാണ്. ഉണ്ടെന്നുപോലും ഞാനറിയാത്ത താഴ്വരയിലാണ് അവൻ ഗുഹകള്‍ കുഴിച്ചത് നക്ഷത്രങ്ങള്‍ ആവരണം ചെയ്ത മലകളിലേക്കാണ് അവന്‍റെ വയസ്സായതും ഭാരമേറിയതുമായ ശരീരം കൊണ്ടുപോയത്, സൂര്യന്‍ അസ്തമിക്കുന്ന സ്വര്‍ണ്ണ കടലുകളിലാണ് അവനെന്നെ മുക്കിയത്. പുതുമോടിയാണ് പോലും അവള്‍ വെറും തൊണ്ട് മാത്രം. ഞാനോ, മാംസവും. അവന്‍ ചവച്ചിറക്കുന്ന മാംസം അവന്‍ കുഴച്ചു സ്വാദുനോക്കുന്ന മാംസം. എന്നെ ഉരിയുമ്പോള്‍ അവനേയും ഉരിയുന്ന മാംസമാണ് ഞാന്‍. ഞാനാണ് മാംസം. ഞാനവന്‍റെയാണ്. അവനീ ചന്തയിലേക്ക് നടന്നുവന്നപ്പോള്‍ അവന്‍ എന്‍റേതായി.

എണീക്കുമ്പോള്‍ ഞാനെന്‍റെ തുടകള്‍ മീനിനുവേണ്ടിയുള്ള പരുത്ത തുണിവെച്ച് തട്ടി കുടഞ്ഞു. അവന്‍റെ ലില്ലിമ അനുഭവിക്കാന്‍ വേണ്ടി ഞാന്‍ എന്‍റെ മേല്‍ മീന്‍മണം പുരട്ടുന്നു. എന്‍റെ മീന്‍കുട്ട പൊക്കിയെടുത്തുവെച്ച് അതിലേക്ക് തൊണ്ടുകളഞ്ഞ ചെമ്മീനെടുത്തിടുമ്പോള്‍ വിയര്‍ക്കാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചു. വീട്ടിലേക്ക് തിരിച്ചു നടക്കുമ്പോള്‍, അവളില്‍ അവന്‍ മീന്‍ചിറകുകള്‍ തപ്പുകയും, കൈകള്‍ പരതുമ്പോള്‍ ചിതമ്പലുകള്‍ കിട്ടാതിരിക്കുകയും ചെയ്യുന്നതോര്‍ത്ത് ഞാന്‍ പുഞ്ചിരിച്ചു. ഒടുവില്‍ അവള്‍ അലറാന്‍ ഒരുങ്ങുമ്പോള്‍, അവന്‍ അവളില്‍ നിന്നും നടന്നകലും, കാരണം, അവന്‍ മറ്റന്നാളിനു വേണ്ടി കാത്തിരിക്കുകയായിരിക്കും- ഞാന്‍ അവനെ മുത്തുചിപ്പികളിലേക്കും നക്ഷത്രമത്സ്യങ്ങളിലേക്കും കൊണ്ടുപോകുന്നതും കാത്ത് എന്‍റെ സുഷിരങ്ങളിലെ മീന്‍ ഗന്ധത്തില്‍ അവന്‍ ഉന്മത്തനാവും.

എന്‍റെ പേരമകള്‍ക്കുവേണ്ടി രാത്രി ഞാന്‍ ചെമ്മീന്‍ പാകം ചെയ്തു. ഞാന്‍ വരുന്നതിനുമുന്‍പുതന്നെ അവള്‍ വീടു വൃത്തിയാക്കുകയും മണ്‍കലത്തില്‍ ചോറുവയ്ക്കുകയും ചെയ്തിരുന്നു. പുറത്തുപോയി കുളിക്കുന്നതിനു മുന്നെ ഒന്നും മിണ്ടാതെ ഞാന്‍ ചൂരല്‍ കസേരയില്‍ ഒരു നിമിഷം ഇരുന്നു. വെറുതെയെന്‍റെ ചുണ്ടില്‍ നിറയുന്ന പുഞ്ചിരി അവള്‍ കാണാന്‍ സമ്മതിച്ചില്ല. ഇവളെപോലെ ഈ പ്രായത്തിലുള്ള ചെറുപ്പക്കാരികള്‍ക്കു തോന്നേണ്ടതാണല്ലോ ഈ വയസ്സാംകാലത്ത് എനിക്ക് തോന്നുന്നതെന്നോര്‍ത്ത് എനിക്കൊട്ടും തന്നെ ജാള്യത അനുഭവപ്പെട്ടില്ല. അല്ല ഞാനിപ്പോഴും ചെറുപ്പമാണ്. ഞാന്‍ കാറ്റിനൊപ്പം തെന്നി നീങ്ങുന്നു. നഗ്നമായ ആകാശത്തിന്‍റെ കീഴില്‍ വെള്ളമൊഴിക്കുമ്പോള്‍ എന്നില്‍ നിലാവാണ് തൂവി പോകുന്നത്. വീടിന്‍റെ അകത്തേക്ക് പോകുമ്പോള്‍ ഫോട്ടോയില്‍ മരിച്ചുപോയ എന്‍റെ ഭര്‍ത്താവിന്‍റെ മുഖം എന്നെ വെറുപ്പോടെ തുറിച്ചുനോക്കുന്നു, ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നപ്പോള്‍ ഉള്ളപോലെ തന്നെ. ഒരു നിമിഷം, കഴിഞ്ഞുപോയ എന്‍റെ കഷ്ടപാടുകളെപ്പറ്റി ഞാനോര്‍ത്തു. ഞാന്‍ ആത്മാവര്‍പ്പിച്ച പൊളിഞ്ഞുപോകാറായ എന്‍റെ കുടില്‍, എന്‍റെ കുഞ്ഞുങ്ങള്‍ പട്ടിണിയനുഭവിക്കരുതേയെന്ന് ആഗ്രഹിച്ച ദിവസങ്ങള്‍, തുന്നിക്കൂട്ടിയതും കീറിയതുമായ അവര്‍ക്കുവേണ്ടി ഒപ്പിക്കാന്‍ പറ്റിയ വസ്ത്രങ്ങള്‍ക്കു പകരം പുതിയൊരെണ്ണം വാങ്ങിക്കൊടുക്കാനുണ്ടായ ആഗ്രഹം, ഒരു നേരത്തെ ആഹാരത്തിനുവേണ്ടി ഉച്ചഭക്ഷണം കൊടുക്കുന്ന റോഡിന്‍റെയറ്റത്തുള്ള ചെറിയ സ്കൂളിലേക്ക് അവരെ കൂട്ടിക്കൊണ്ടുപോയത്, അവിടെ പഴയ യൂണിഫോമിന്‍റെയും. കീറിപറിഞ്ഞ പുസ്തകങ്ങളെയും, പെന്‍സിലിന്‍റെ ചെറിയ കുറ്റികളേയും ചൊല്ലി ടീച്ചര്‍മാര്‍ അവരെ വഴുക്കു പറഞ്ഞിരുന്നത്. എന്നെ അയാള്‍ പുറത്തുപോവാന്‍ പോലും വിടാത്ത ആ വീട്ടില്‍ നിന്നും പുറത്തുകടന്ന്, പരിചയമില്ലാത്ത വീടുകളില്‍ ജോലി എരക്കാന്‍ പോയത്, ഞാന്‍ അലക്കിക്കൂട്ടിയ തുണികള്‍, ഞാന്‍ കഴുകിയ പാത്രങ്ങള്‍, തീരാത്ത നിലങ്ങള്‍ തുടച്ചത്,. ഞാന്‍ കഷ്ടപ്പെട്ട രാത്രികളും പകലുകളും. രാത്രി മുഴുവന്‍ അയാള്‍ തൊഴിച്ചിട്ടും പുലര്‍ച്ചെ അയാളുടെ ശാരീരികാവശ്യങ്ങള്‍ക്കുവേണ്ടി തച്ചുടച്ച എന്‍റെ ശരീരം. തുറിച്ചുനോട്ടങ്ങളില്‍ നിന്നും ഞാന്‍ ഒളിപ്പിക്കാന്‍ ശ്രമിച്ച എന്‍റെ ചതഞ്ഞ കണ്ണുകള്‍, മുറിഞ്ഞ ചുണ്ടുകളും കവിളുകളും കാണാതിരിക്കാന്‍ കുനിച്ച മുഖവും. അങ്ങിനെ ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും ഉരുണ്ടുമറിഞ്ഞു.

story arathy ashok, malayalam story

അയാളെനിക്ക് ആരുമല്ലാതായികൊണ്ടിരുന്നപ്പോഴേക്കും ചന്തയില്‍ ഞാന്‍ മീന്‍ വില്‍ക്കാന്‍ തുടങ്ങിയിരുന്നു. എന്‍റെ മക്കളെ വളര്‍ത്താന്‍, അവരെ ജീവിതമെന്താണെന്ന് ഇത്തിരിയെങ്കിലും മനസ്സിലാക്കിക്കൊടുക്കാന്‍, അവരുടെ കുട്ടികളോട് പറയാന്‍ വേണ്ടിയെങ്കിലും കുറച്ച് നല്ല അനുഭവങ്ങള്‍ ഉണ്ടാക്കാന്‍, അവരുടെ എല്ലുകളിലേക്ക് കുറച്ച് മാംസമെങ്കിലും വച്ചുചേര്‍ക്കാന്‍, അവരെ വിവാഹം കഴിച്ചയക്കാന്‍. ഇനി ഇന്ന്. ഇന്നെന്‍റെ ഒരു മകള്‍ മരിച്ചിരിക്കുന്നു, മറ്റവള്‍ ദൂരെയൊരു സ്ഥലത്ത് അവളുടെ ഭര്‍ത്താവിന്‍റെ ഒപ്പം സുഖമായി ജീവിക്കുന്നു. ഇപ്പോള്‍ ഞാന്‍ ഉറ്റുനോക്കുന്നത് എന്‍റെ കൂടെ ഇടയ്ക്കിടയ്ക്ക് താമസിക്കാന്‍ വരുന്ന എന്‍റെ പേരമകള്‍ വരാന്‍ വേണ്ടിയാണ്, കാരണം ചെറുപ്രായത്തില്‍ അമ്മയില്ലാതായ അവളെ ഞാനാണ് വളര്‍ത്തിയത്. അവളുടെ അച്ഛന്‍ നല്ലവനായിരുന്നു പക്ഷെ അയാള്‍ രണ്ടാമതും കല്യാണം കഴിച്ച് അവര്‍ക്കു കുട്ടികളായപ്പോള്‍ രണ്ടാനമ്മ ഇവളുടെമേല്‍ തീ തുപ്പാന്‍തുടങ്ങി. എന്‍റെ വീടിനുചുറ്റും, തീപ്പെട്ടി പോലുള്ള വീടുകളില്‍ താമസിക്കുന്ന ഞങ്ങളെ പോലുള്ള സ്ത്രീകള്‍ ഇതെല്ലാം പണിതുയര്‍ത്തിയത് ഞങ്ങളുടെ വിയര്‍പ്പുകൊണ്ടാണ്,ജീവിതം ഉരുക്കിയതായതുകൊണ്ട് മനസ്സ് ഇരുമ്പുപോലെ ഉറച്ചവര്‍. ഞങ്ങള്‍ റോഡിലൂടെ ഉച്ചത്തിൽ സംസാരിച്ചുപോകുന്നവര്‍. ജീവിതം മുഴുവന്‍ കഷ്ടപ്പെട്ട്, വാര്‍ദ്ധക്യത്തിലും കൂടുതല്‍ കഷ്ടപ്പെടുന്നവര്‍. മരുഭൂമിയില്‍ വെള്ളതുള്ളിയെന്നപോല്‍ സന്തോഷം അറിഞ്ഞവര്‍, രാത്രിയില്‍ ഏവര്‍ക്കുവേണ്ടി കുരിശില്‍ കയറിയവന്‍റെ മുന്നില്‍ മെഴുകുതിരി കത്തിച്ചു സമാധാനത്തോടെ കണ്ണുപൂട്ടുന്നവര്‍.

എന്നാല്‍ നാളെ അവന്‍ മണലിന്‍മേലുള്ള ഈ വീട്ടില്‍ വരും, എന്നിട്ടെന്‍റെ പൂര്‍ണ്ണപ്രഭയില്‍ എന്നെ കാണും. അരഭിത്തികൊണ്ട് മറച്ച ചെറിയ മുറികളും, ഞങ്ങള്‍ ചോറുവയ്ക്കാന്‍ വേനലില്‍ പെറുക്കിയ വിറകുകൊണ്ടു കത്തിക്കുന്ന ചെറിയ അടുപ്പും. എന്നാലും അവന്‍ ചുറ്റിനും നോക്കില്ല. അവന്‍റെ കണ്ണുകളില്‍ അന്നേരം എന്നിലേക്ക് എത്തിച്ചേരാന്‍ അവന്‍ താണ്ടിയ കടലുകളായിരിക്കും. എന്നെ കാണാന്‍ കുതിച്ചുവരുമ്പോള്‍ കൈക്കലാക്കിയ കാറ്റവന്‍റെ ഉള്ളംകയ്യില്‍ ഉണ്ടാകും. അവന്‍റെ ചിന്തയില്‍ അതുമാത്രമായിരിക്കും. എന്‍റെയടുത്തെത്തുക –എന്‍റെയടുത്തെത്തുക. എന്‍റെ വാതില്‍ക്കല്‍ മീന്‍ചിറകുകള്‍ക്ക് നില്‍ക്കുന്ന ചുവന്ന കണ്ണുകളുള്ള ആ വലിയ മത്സ്യം എന്നെ മുഴുവനായി വിഴുങ്ങുന്നതിനുമുന്‍പായി എന്റെയടുത്തെത്തുക. എനിക്കറിയാം. അവന്‍ സ്വരുക്കൂട്ടിയ അനന്തമായ കടലില്‍ ഞങ്ങള്‍ നീന്തും,വീഞ്ഞായ കാറ്റുകുടിക്കും. ശോണിമ പടര്‍ന്നിരിക്കുന്ന ആകാശത്തിനെപോയ് തൊടും. പിന്നീട് അവന്‍ ഒരിക്കലും തിരിച്ചുപോകില്ല.

ഇനിയിതാ അവന്‍ വന്നല്ലൊ…

ഇനിയിതാ അവന്‍ വന്നല്ലൊ…

ഇനിയിതാ അവന്‍ വന്നല്ലോ.

 

 

ആരതി ആശോക് എഴുതിയ “ഫിഷ് വൂണ്ട്‌സ്” എന്ന കഥയുടെപരിഭാഷ.

kr ragi writer

മൊഴിമാറ്റം: കെ ആർ രാഗി

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ