scorecardresearch
Latest News

പന്തുരുളും നിഗൂഢ വഴികൾ

കളിയുടെ ബലതന്ത്രങ്ങളെ ഫിക്ഷൻ രൂപത്തിൽ ആക്കുക എന്നത് പരീക്ഷണാത്മകമാണ്. അത്തരത്തിലുള്ള ഉദ്യമമായി കെ എം നരേന്ദ്രന്റെ ‘ഫുട്ബോൾ നോവൽ’ വായനക്കാരനോട് നീതി പുലർത്തുന്നു. “സാഹിത്യാന്വേഷണ പരീക്ഷണങ്ങളിൽ” യുവ നിരൂപകനായ ലേഖകൻ

football,novel, rahul radhakrishnan

ജനകീയ സംസ്കാരത്തിൽ ഫുട്ബോൾ എന്ന വിനോദത്തിന് അതുല്യമായ സ്ഥാനമുണ്ട്.  ജനപ്രിയതയ്ക്കപ്പുറം നയവൈദഗ്‌ദ്ധ്യത്തിന്റെ കളിയായ ഫുട്ബോളിന് തത്വപരമായ ഒരു തലം കൂടെയുണ്ട്. തത്വചിന്തകരെ പോലെ ഫുട്ബോൾ പ്രേമികളും നിരന്തരം വാദപ്രതിവാദങ്ങളിൽ സജീവമായി പങ്കെടുക്കും എന്നുള്ളതാണ് അക്കാര്യം. കളിയെ ഹൃദയത്തിലേറ്റിയ ഒരാൾക്ക് ജയത്തേക്കാളുപരി പരിപൂർണത ആണ് അവസാനവാക്ക്. ക്ഷണികമായ ജീവിതവിജയത്തേക്കാൾ ജീവചൈതന്യത്തിനു പെരുമ ഉള്ളത് പോലെയാണത്. ജീവിതവും തത്വചിന്തയും ആയി അടുത്ത് നിൽക്കുന്ന ഫുട്ബോളിലും സർഗാത്മകത കളിയാടുന്നുണ്ട്. ഫുട്ബോളിനെ അടിസ്ഥാനപ്പെടുത്തി നാടകങ്ങളും സിനിമകളും ഫിക്ഷനുകളും ഉണ്ടാകാറുണ്ട്. സാഹിത്യവും ഫുട്ബോളും തമ്മിലുള്ള സർഗാത്മക വ്യവഹാരം, ഗോളിയെ തോൽപ്പിച്ചു കൊണ്ടു വലയിലേക്കുള്ള പന്തിന്റെ സഞ്ചാരപഥം പോലെയാണ്. നിശ്ചിതമായ ദിശയോ, രേഖീയമായ വഴിയോ പന്തുരുളുന്നതിൽ ഉണ്ടാവാത്തത്തിനു സമമായിട്ടാണ് മിക്കപ്പോഴും അത്തരം ആഖ്യാനം നീങ്ങുന്നതും.

രഹസ്യങ്ങൾ അടങ്ങിയ പുസ്തകങ്ങളെ അന്വേഷിച്ചു പോകുക, അതു കണ്ടെത്താനുള്ള വഴികൾ രൂപപ്പെടുത്തുക, പുസ്തകത്തിൽ പറഞ്ഞ കാര്യങ്ങൾ ലോകത്തിനു എങ്ങനെയെല്ലാം ഉപകരിക്കും അല്ലെങ്കിൽ ഹാനികരമാവും എന്നുള്ള വിശകലനം നടത്തുക – ഇത്തരം സങ്കേതങ്ങളിലൂടെയുള്ള ഫിക്ഷൻ പുതുമയുള്ളതല്ല. ഉംബെർട്ടോ എക്കോ (Umberto Eco)  മുതൽ കാർലോസ് റൂയി സഫോൺ (Carlos Ruiz Zafón) വരെ വിജയകരമായി അവതരിപ്പിച്ച ‘കാണാതായ പുസ്തകത്തിനെ’ തേടിപ്പോകുന്ന ആഖ്യാനങ്ങൾ ഉദ്വെഗഭരിതമാണ്. അതു പോലെ പ്രത്യക്ഷത്തിൽ കുറ്റാന്വേഷണത്തിന്റെ ശിൽപ്പഘടനയിൽ ചരിത്രം, തത്വചിന്ത, രാഷ്ട്രീയം തുടങ്ങിയ അറകൾ ചേർത്തു വെച്ചിരിക്കുന്ന നോവലുകൾ വായനക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റിയവയാണ്. ഇത്തരം ഒരു ‘ പുസ്തക’ വേട്ടയിൽ സ്പോർട്സ് കൂടി പശ്ചാത്തലമായാൽ എങ്ങനെയുണ്ടാകും? സമർത്ഥമായ നീക്കങ്ങളുള്ള കായികവിനോദം ആസ്വദിക്കുക എന്നത് ആകാംക്ഷ നിറഞ്ഞ ആഖ്യാനത്തിന്റെ വായന പോലെ തന്നെയാണ്. ഗാലറികളെ ത്രസിപ്പിക്കുന്ന ഫുട്ബോളിന്റെ തന്ത്രങ്ങളും മറുതന്ത്രങ്ങളും മത്സരബുദ്ധിയും പ്രമേയമാവുന്ന നോവലാണ് കെ എം നരേന്ദ്രന്റെ ‘ഫുട്ബോൾ നോവൽ’ (സെഡ് ലൈബ്രറി 2006ൽ പ്രസിദ്ധികരിച്ച നോവൽ ).

‘സംവാദം’, ‘ശ്രദ്ധ’ എന്നീ നിരൂപണഗ്രന്ഥങ്ങളിലൂടെയും ആനുകാലികങ്ങളിലെ കളിയെഴുത്തിലൂടെയും ശ്രദ്ധേയനായ കെ എം നരേന്ദ്രൻ എഴുതിയ ഏക നോവൽ ആണ് ‘ഫുട്ബോൾ നോവൽ.’ മലയാളത്തിന് അത്രയൊന്നും പരിചിതമില്ലാത്ത ആഖ്യാനപരിസരത്താണ് ഈ നോവൽ നിലയുറപ്പിച്ചിരിക്കുന്നത്. നോവലുകളിൽ പൊതുവെ കടന്നു വരുന്ന ചിന്താധാരകളായ ദേശരാഷ്ട്രങ്ങൾ, ജാതി മത ലിംഗ വിചാരങ്ങൾ, പുരാവൃത്തങ്ങൾ, മനുഷ്യബന്ധങ്ങൾ എന്നിങ്ങനെയുള്ള സംവർഗങ്ങളിൽ നിലയുറപ്പിക്കാതെ ഫുട്ബോളിനെയും അതിന്റെ കളിയൊരുക്കങ്ങളെയും പ്രതിപാദിക്കാനാണ് നോവലിസ്റ്റ് ശ്രമിച്ചിരിക്കുന്നത്. രണ്ടു നൂറ്റാണ്ടുകൾക്ക് മുൻപേയുള്ള കാണാതായി പോയ ഒരു പുസ്തകത്തെ ആധാരമാക്കിയാണ് നോവൽ മുന്നോട്ടു നീങ്ങുന്നത്.rahul radhakrishnan,football,novel

ലോകകപ്പ് എന്ന രാഷ്ട്രീയപദപ്രശ്നം

ലോകകപ്പ് ഫുട്ബോൾ ലോകം ഉറ്റു നോക്കുന്ന ഒരു മത്സരം എന്നതിലുപരി രാഷ്ട്രീയപദപ്രശ്‍നം കൂടിയായി മാറാറുണ്ട്. തങ്ങളുടെ രാജ്യത്തിൻറെ അഭിമാനം സംരക്ഷിക്കുക എന്നത് ഏറ്റവും വലിയ ഉത്തരവാദിത്തമായി കളിക്കാരും പരിശീലകരും കാണുകയും ലോകകപ്പ് നേടുക അതിന്റെ പ്രതിഫലനമാവുകയും ചെയ്യുന്നു. ഇത്തരം സന്ദർഭത്തിന്റെ അകത്തളത്തിൽ ആണ് ഈ നോവലിന്റെ പിറവി. ഇതിലുപരിയായി ഓരോ ലോകകപ്പിനും കയ്യൊപ്പ് ചാർത്തുന്നത് ഓരോ കളിക്കാരാകും. .’ ദൈവത്തിന്റെ കൈ’ കൊണ്ട് ഗോൾ നേടിയ മറഡോണയും മെസ്സിയും റൊണാൾഡോയും നെയ്മറും അങ്ങനെ പലരും ലോകകപ്പിന്റെ ഭൂപടം സൃഷ്ടിച്ച പുതിയ ഭൂഖണ്ഡങ്ങളാണ്. വല കാത്ത് നിശ്ചലനായി നിൽക്കുന്നവൻ മാത്രമല്ല ഗോളി എന്ന് അടിവരയിട്ടു പറഞ്ഞ കൊളംബിയയുടെ ഹിഗ്വിറ്റയുടേത് ഒരു ശിവ താണ്ഡവമായിരുന്നു. ഭ്രാന്തൻ എന്ന് വിളിപ്പേരുള്ള ഹിഗ്വിറ്റ എൻ എസ് മാധവന്റെ അതേ പേരിലുള്ള കഥയിൽ എത്തിയത് അദ്ദേഹത്തിന് ഫുട്ബോളിനോടുള്ള തീവ്രമായ അഭിനിവേശം കൊണ്ടാവണം.

ബ്രസീൽ ലോകചാമ്പ്യന്മാരായ രണ്ടായിരത്തിരണ്ടിലെ ലോകകപ്പ് മത്സരവും ഇറ്റലി വിജയിച്ച രണ്ടായിരത്തിആറിലെ ലോകകപ്പും കേന്ദ്രീകരിച്ചാണ് നോവലിലെ സംഭവങ്ങൾ നടക്കുന്നത്. ജർമനിയുടെയും ഇംഗ്ലണ്ടിന്റെയും ഫുട്ബോൾ ടീം കോച്ചുകളുടെ കാഴ്ചകളിലൂടെയാണ് നോവലിലെ സംഭവങ്ങൾ കടന്നു പോകുന്നത്. ബ്രസ്സീൽ ജയിച്ച 2002 ലോകകപ്പിലെ കലാശക്കളിയിൽ പരാജയപ്പെട്ടത് ജർമനി ആയിരുന്നു. അടുത്ത ലോകകപ്പിൽ മധുരമായ മറുപടി കൊടുക്കാൻ കാത്തിരിക്കുന്ന ജർമനിയുടെ കോച്ച് യൂർഗൻ ക്ലിൻസ്മാൻ അതിനു വേണ്ടിയുള്ള തന്ത്രങ്ങൾ കാലേകൂട്ടി ആവിഷ്കരിക്കുന്നു. ക്ലിൻസ്മാൻ എന്ന പ്രഗൽഭ കോച്ചിന് ജർമനിയുടെ ജയം അത്രയ്ക്കും അനിവാര്യമായിരുന്നു. മറ്റൊരു കോച്ചായിരുന്ന ബെക്കൻ ബെവറുമായുള്ള ക്ലിൻസ്മാന്റെ പടലപ്പിണക്കവും ആഖ്യാനത്തിൽ സൂചിപ്പിക്കുന്നുണ്ട്. അതിനാൽതന്നെ എന്തു വില കൊടുത്തും കപ്പിൽ മുത്തമിടുക എന്നത് ക്ലിൻസ്മാന്റെ ജീവന്മരണ പോരാട്ടമായി മാറി. ‘ഫുട്ബോളിലെ കളിനീക്കങ്ങളെ കുറിച്ച് വ്യക്തമായി വിവരിച്ചിരുന്ന പഴയൊരു പുസ്തകത്തെ പറ്റി ക്ലിൻസ്മാൻ അറിയാനിടയായി. അത് അന്വേഷിച്ചു കണ്ടു പിടിക്കാനുള്ള ചുമതല ‘ഓബർഹൗസൻ ക്രോണിക്കിൾ’ എന്ന ജർമനിയിലെ ഒരു ടാബ്ലോയിഡിനെ കോച്ച് ഏൽപ്പിച്ചു. രണ്ടു നൂറ്റാണ്ടു മുൻപ് പ്രസിദ്ധികരിച്ച ഒരു പുസ്തകമാണിത്.

rahul radhakrishnan,football novel
Charles William Miller ചിത്രം കടപ്പാട് : വിക്കിപീഡിയ

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം ബ്രസ്സീലിലെ സാവോപോളയിൽ ജോലിക്കായി എത്തിയ റയിൽറോഡ് തൊഴിലാളികളാണ് യൂറോപ്പിന്റെ തനതു കളിയായ ഫുട്ബോൾ ബ്രസ്സീലുകാരെ പഠിപ്പിച്ചത്. മിൽ എന്ന വ്യക്തിയുടെ നേതൃത്വത്തിൽ ആണ് ഇത് നടന്നത്.അയാളുടെ മകൻ ചാർലി ഇംഗ്ലണ്ടിലെ സതാപ്ടിൽ (Southampton) പഠിക്കാൻ പോവുകയും അവിടെ വെച്ച് പഠിച്ച ഫുട്ബോളിന്റെ പഴയ ശൈലിയും സാങ്കേതികതന്ത്രങ്ങളും മറ്റും ഒരു പുസ്തകത്തിൽ രേഖപ്പെടുത്തുകയും ചെയ്തു. അതിലെ തന്ത്രങ്ങളും കൗശലങ്ങളും ആണ് പിന്നീട് ബ്രസ്സീൽ ഫുട്ബോളിന് ദിശാബോധം നൽകിയത്. സാവോപോളയിൽ ജനിച്ചു വളർന്ന ചാർലിയെ (Charles William Miller) ബ്രസ്സീൽ ഫുട്ബോളിന്റെ പിതാവ് ആയി പരിഗണിക്കുന്നു. പഠനം കഴിഞ്ഞു ചാർലി രണ്ടു ഫുട്ബോളും കളിയുടെ നിയമാവലി അടങ്ങിയ പുസ്തകവുമായിട്ടാണ് നാട്ടിൽ തിരിച്ചെത്തിയത്. യൂറോപ്പിലെ കുന്നിൻ ചെരുവുകളിലും തെരുവുകളിലും ബാലന്മാരും യുവാക്കളും തട്ടിക്കളിച്ചു നടന്നിരുന്ന കാൽപ്പന്ത് കളിക്ക് ലാറ്റിൻ അമേരിക്കയിൽ മറ്റൊരു മാനമുണ്ടായി. ഏറെ വൈകാതെ അർജന്റീന, കൊളംബിയ, ബ്രസ്സീൽ, ചിലി, ഉറുഗ്വേ, പരാഗ്വേ, പെറു തുടങ്ങിയ രാജ്യങ്ങൾ കളിയുടെ ചടുലനീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചു. ഈ പുസ്തകം തേടിപ്പിടിക്കുക എന്ന ദൗത്യം ഏറ്റെടുത്ത ടാബ്ലോയിഡിന്റെ എഡിറ്റർ വോൺഹാർട്ട് നെവിൽ കോഗിലിനെ ദുഷ്കരമായ ഈ ജോലി ചെയ്യാൻ നിർവഹിച്ചു. തുടർന്ന് ഇതേ ആവശ്യവുമായി അരിയാന്തിസ് എന്നൊരാളും കോഗിലിനെ സമീപിച്ചു. ഇതോടെ കഥയുടെ പിരിമുറുക്കം കൂടുന്നു. ഒടുവിൽ, അന്വേഷിച്ചു കണ്ടെത്തുന്ന രേഖകളിൽ നിന്നും പ്രസ്തുത പുസ്തകം അരിയാന്തിസിനും മറ്റു രേഖകൾ ക്ലിൻസ്മാനും കൊടുക്കാമെന്ന തീരുമാനത്തിൽ കോഗിൽ എത്തിച്ചേർന്നു.

കളിയും കഥയും

സാഹസികമായ തെരച്ചിലിന്റെയും ശാസ്ത്രീയമായ അപഗ്രഥനത്തിന്റെയും അടിസ്ഥാനത്തിൽ കോഗിലും സംഘവും പുസ്തകം കണ്ടു പിടിച്ചു. കരാർ പോലെ തന്നെ പുസ്തകം അരിയാന്തിസിനും രേഖകൾ ക്ലിൻസ്മാനും ലഭിച്ചു. രേഖകളിൽ പറഞ്ഞതിൻപടി കളിയുടെ നയങ്ങൾ പുതുക്കിപ്പണിഞ്ഞ ക്ലിൻസ്മാനെ വിജയം കടാക്ഷിക്കാനും തുടങ്ങി. എന്നാൽ ചില അപ്രതീക്ഷിത വഴിത്തിരിവുകൾ കുഴച്ചിൽ സൃഷ്ടിക്കുകയും ക്ലിൻസ്മാന്റെ പദ്ധതികൾ താറുമാറാക്കുകയും ചെയ്തു.

നോവലിന്റെ രണ്ടാം ഭാഗത്ത് 2002ലെ ലോകകപ്പുമായി ബന്ധപ്പെട്ട സംഭവങ്ങളെയാണ് നോവലിസ്റ്റ് അവതരിപ്പിക്കുന്നത്. ഇംഗ്ലണ്ടിന്റെ കോച്ചായ സ്വീഡൻകാരൻ എറിക്‌സൺ ആണിതിലെ കേന്ദ കഥാപാത്രം. 01-05-2001 മുതൽ 12.08.2002 വരെയുള്ള കാലയളവിലെ ചില ദിവസങ്ങളിൽ ഇംഗ്ലണ്ട് ടീമിന്റെ ഭാഗധേയത്തിൽ വന്ന മാറ്റങ്ങളെ അടയാളപ്പെടുത്തുന്ന വിധത്തിലാണ് രണ്ടാം ഭാഗം രൂപകൽപ്പന ചെയ്തിരിക്കുന്നത്. എറിക്സണന്റെ സെക്രട്ടറിയായ ഹാരി കോൺറാഡിന്റെ ഡയറിക്കുറിപ്പുകളുടെയും കത്തിടപാടുകളുടെയും രൂപത്തിലാണ് ഈ ഭാഗം അവതരിപ്പിച്ചിരിക്കുന്നത്. അക്കൊല്ലത്തെ ലോകകപ്പിന് ശേഷം അയാൾ അതെല്ലാം പൊതുമധ്യത്തിൽ പ്രസിദ്ധികരിക്കുകയാണ്. എറിക്സൺ എന്ന കോച്ചിന്റെ ചാണക്യതന്ത്രങ്ങളെ പറ്റി കോൺറാഡിന്റെ കുറിപ്പുകളിലൂടെ നമുക്ക് ബോധ്യമാവുന്നു. എതിരാളികളെ മറുതന്ത്രങ്ങളിലൂടെയും അമ്പരിപ്പിക്കുന്ന അടവുകളിലൂടെയും എറിക്സൺ പരിഭ്രാന്തിയിൽ വീഴ്ത്തി. അയാളുടെ സൂക്ഷ്മവും കുടിലവുമായ ആശയങ്ങൾ യുക്തിഭദ്രവും പഴുതടച്ചതും ആയിരുന്നു. പഴയകാല കോച്ചായ ക്രിസ് വീലർ ആയിരുന്നു അയാൾക്ക് ബുദ്ധി ഉപദേശിക്കാൻ വന്നത്. എന്നാൽ നോവലിന്റെ അന്ത്യത്തിൽ ഇതിന്റെ സത്യാവസ്ഥയിൽ വായനക്കാരൻ കുഴങ്ങുന്നുണ്ട്.

ഫുട്ബോളിന്റെ ക്ലാസ്സിക് ശൈലിയും സമകാലികരീതിയും മറ്റും വിശദമാക്കുകയും നേരിട്ട് കളി കാണുന്ന പോലെയുള്ള വിധത്തിൽ ആഖ്യാനത്തെ ഫുട്ബോളുമായി താദാത്യമം ചെയ്തുമാണ് നോവലിസ്റ്റ് ഈ അദ്ധ്യായം എഴുതിയിരിക്കുന്നത്. അർജന്റീനയുമായുള്ള ഇംഗ്ലണ്ടിന്റെ മത്സരത്തെ തത്സമയവിവരണം പോലെ ആവേശകരമാക്കി മാറ്റാൻ നോവലിൽ സാധിച്ചിട്ടുണ്ട്. എതിർ ടീമിന്റെ ശ്രദ്ധ കളയുന്ന വിധത്തിലുള്ള പ്രസ്താവനകൾ, പത്രസമ്മേളനം, തന്ത്രങ്ങളെ പരസ്യപ്പെടുത്തുന്ന വിധം എന്നിങ്ങനെ കളിയുടെ നേരിട്ടും അല്ലാത്തതുമായ ഒരുക്കങ്ങൾ എന്നിവ വ്യക്തതയോടെ വിശകലനം ചെയ്യുന്നുണ്ട് ഈ നോവലിൽ.rahul radhakrishnan,novel,football

വായന എന്ന പ്രക്രിയയിലൂടെ തന്നെ ഫുട്ബോൾ മത്സരത്തിന്റെ കാണിയായി പരിണമിക്കാൻ കഴിയുന്ന രീതിയിലായാണ് നോവലിന്റെ ഘടന. സ്റ്റെഫാൻ സ്വൈഗിന്റെ (Stefan Zweig)  ‘The Royal Game’ എന്ന കഥയിൽ നാസി തടവറയിൽ ജീവിക്കേണ്ടി വന്ന ഡോക്ടർ ചെസ്സ് കളി പഠിക്കുകയും മറ്റാരും ഇല്ലാത്തതിനാൽ തന്നോട് തന്നെ കളിച്ചു കൊണ്ട് മത്സരിക്കുകയും ചെയ്തിരുന്നു. അങ്ങനെയുള്ള സാഹചര്യത്തിലുള്ള ഒരാളുടെ സംഘർഷം ആഖ്യാനത്തിൽ കൊണ്ടു വരാൻ കഴിഞ്ഞു എന്നതാണ് സ്വൈഗിന്റെ കഥയുടെ പ്രാധാന്യം. . ബുദ്ധിപരമായ നീക്കങ്ങൾ നിറഞ്ഞ ഒരു കളിയെ സർഗാത്മകപാഠം ആക്കുമ്പോൾ അതിന്റെ തീവ്രത കുറയാതെ നോക്കേണ്ടത് അത്യാവശ്യമാണ്. ഫുട്ബോൾ പോലെയുള്ള കളിക്ക്, കാണികളുടെ ആവേശത്തിന്റെ ഘടകങ്ങൾ ആണ് കളിക്കാരന് ഊർജം പകർന്നു നൽകുന്നത്. പന്ത് ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നത് പോലെ തന്നെയുള്ള വിനിമയമാണ് ഉദ്വേഗമുള്ള ഒരാഖ്യാനം വായിച്ചു തീർക്കുന്നത്. പ്രീമിയർ ലീഗിന്റെയും സ്പാനിഷ് ലീഗിന്റെയും യൂറോപ്പ ലീഗിന്റെയും കാലികതാളം സുപരിചിതമായ പുതിയ തലമുറയ്ക്ക് പഴയ ക്ലാസ്സിക് രീതിയെ ആശ്ലേഷിക്കാൻ ആവുമോ എന്ന പ്രശ്നവും ഇവിടെയുണ്ട്. എന്തൊക്കെയായാലും കളിയുടെ ബലതന്ത്രങ്ങളെ ഫിക്ഷൻ രൂപത്തിൽ ആക്കുക എന്നത് പരീക്ഷണാത്മകമാണ്. അത്തരത്തിലുള്ള ഉദ്യമമായി കെ എം നരേന്ദ്രന്റെ ‘ഫുട്ബോൾ നോവൽ’ വായനക്കാരനോട് നീതി പുലർത്തുന്നു.

ഫുട്ബോൾ അടിസ്ഥാനമാക്കിയുള്ള ഫിക്ഷനുകളിൽ ഡേവിഡ് പീസിന്റെ (David Peace) ‘The Damned Utd,’ നിക്ക് ഹോൺബിയുടെ (Nick Hornby)  ‘Fever Pitch’ തുടങ്ങിയ നോവലുകൾ പ്രധാനപ്പെട്ടതാണ്. ഇംഗ്ലീഷ് കളിക്കാരനായ റോബിൻ ഫ്രൈഡേയുടെ (Robin Friday) ജീവചരിത്ര ഗ്രന്ഥമായ ‘The Greatest Footballer You Never Saw’ ആണ് മറ്റൊരു പ്രധാനപ്പെട്ട പുസ്തകം. ലാറ്റിൻ അമേരിക്കക്കാരുടെ ഫുട്ബോൾ ഭ്രമത്തെ അടയാളപ്പെടുത്തുന്ന ഗലിയാനോയുടെ (Eduardo Galeano) ‘Soccer in Sun and Shadow’ എന്ന കൃതി പ്രശസ്തമാണ്. ലാറ്റിൻ അമേരിക്കയിലെ കുത്തഴിഞ്ഞ രാഷ്ട്രീയസംവിധാനത്തെ വരെ അതിജീവിക്കാൻ കഴിവുള്ള ഫുട്ബോൾ കളിയെ കുറിച്ച് ഇതിൽ ഗലിയാനോ പറയുന്നുണ്ട്. ഫുട്ബോൾ കേവലം ഒരു വിനോദത്തിനപ്പുറം വികാരമായി മാറുന്നതറിന്റെ കാഴ്ചകളാണ് ഈ പുസ്തകങ്ങളിലുള്ളത്. സ്പോർട്സിനോട് അഭിനിവേശമുള്ള വിശേഷിച്ചും ഫുട്ബോൾ ‘ഭ്രാന്ത’മാരുടെ നാടായ കേരളത്തിൽ സ്പോർട്സ് ഫിക്ഷൻ ശാഖയിൽ കാര്യമായ സംഭവനകളില്ല എന്നത് വാസ്തവമാണ്. (കെ എൽ മോഹനവർമയുടെ ക്രിക്കറ്റ് മറ്റൊരുദാഹരണം). സ്പോർട്സിനോട് അഭിനിവേശമുള്ള വിശേഷിച്ചും ഫുട്ബോൾ ‘ഭ്രാന്ത’മാരുടെ നാടായ കേരളത്തിൽ ‘ഫുട്ബോൾ നോവൽ’ എന്ന രചനയ്ക്ക് സർഗാത്മക പ്രസക്തിയുണ്ട്.

Read More: കഥയെഴുത്തിന്റെ പ്രകൃതിനിയമം

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Fifa world cup 2018 km narendran football novel