scorecardresearch
Latest News

FIFA World Cup 2018: കാല്‍പ്പന്തുകളിയുടെ പാദരാഷ്ട്രീയം

“കഥയില്‍ അശോകന്‍ എന്നും പ്രാദേശിക ചരിത്രകാരനായിരുന്നു. എന്നാല്‍ ഈ കഥയില്‍ പ്രാദേശികവും അന്തര്‍ദേശീയവുമായ ആഖ്യാനങ്ങളുടെ ഇരുനിലമാളികയായി അശോകന്‍ തന്‍റെ കഥയെ വിപുലമായി പുതുക്കിപ്പണിയുന്നു. അശോകന്റെ കഥാജീവിതത്തില്‍ ഈ കഥയ്ക്കുള്ള പ്രാധാന്യം അതാണ്‌” കഥാലോചനം പംക്തിയിൽ

FIFA World Cup 2018: കാല്‍പ്പന്തുകളിയുടെ പാദരാഷ്ട്രീയം

ഫുട്ബോള്‍ ഒരു വൈരുദ്ധ്യാധിഷ്ടിത അന്തര്‍ദേശീയ വികാരമാണ്. നിറങ്ങളുടെ ഉത്സവം എന്നതിനേക്കാളധികം അത് നിറങ്ങളുടെ യുദ്ധമാണ്. ലോകകപ്പ്‌ എന്നു പറയുന്നതിനെ ‘ചതുര്‍വര്‍ഷ ലോകമഹായുദ്ധം’ എന്ന് വിശേഷിപ്പിക്കുന്നതായിരിക്കും കൂടുതല്‍ ശരി എന്നു തോന്നുന്നു. യഥാര്‍ത്ഥത്തില്‍ കളിക്കളത്തിന് പുറത്ത് ലോകം നിറഞ്ഞു കളിക്കുന്ന ആഗോള അവസരമാണത്. ദേശീയതകള്‍ വേര്‍തിരിഞ്ഞ് കളിക്കുന്ന ഇഷ്ടാനിഷ്ടങ്ങളുടെ വൈരുധ്യങ്ങളിലും അത് ഒരു വിശ്വമാനവികതയെ ഉയര്‍ത്തിപ്പിടിക്കാന്‍ സഹായിക്കുന്നു. എല്ലാ കണ്ണുകളും മനുഷ്യന്‍റെ വേഗതയാര്‍ന്ന പാദങ്ങളുടെ നൃത്ത ചലനങ്ങളെ പിന്തുടരുന്ന അപൂര്‍വ മുഹൂര്‍ത്തവും അത് തന്നെ. രാത്രിയില്‍ വിരിയുന്ന നിശാഗന്ധിയുടെ വിടര്‍നിമിഷങ്ങളെ ആരാധനാപൂര്‍വ്വം ഒപ്പിയെടുക്കുന്നത്‌ പോലെയാണ് നാം കളി കാണുന്നത്. ഇത്രയധികം പാദശ്രദ്ധ കിട്ടുന്ന മറ്റൊരവസരമില്ല. പാദങ്ങള്‍ക്ക് ഒരധസ്ഥിത രാഷ്ട്രീയമുണ്ട്. ആത്മീയതയിലും ഈശ്വരന്‍റെ പാദശുശ്രുഷയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടത്.  ക്രിസ്തുവിന്‍റെ ശിരസ്സിനെക്കാള്‍ പാദങ്ങള്‍ക്കാണ് പ്രാധാന്യം. ക്രിസ്തു ഒരിക്കലും സാധാരണക്കാരന് മേല്‍ തന്‍റെ ശിരസ്സ് ഔദ്ധത്യ പൂര്‍വ്വം ഉയര്‍ത്തിപ്പിടിച്ചിട്ടില്ല. കിണറുകളുടെ ആഴങ്ങളില്‍ നിന്ന് ചെളികോരി സ്രോതസ്സുകള്‍ വൃത്തിയാക്കുന്ന തൊഴിലാളിയെപ്പോലെയാണ് ക്രിസ്തു സമൂഹത്തിന്‍റെ ആഴങ്ങളിലിറങ്ങി പ്രവര്‍ത്തിച്ചത്. മതപുരോഹിതന്മാരുടെ കുനിയാത്ത ശിരസ്സുകള്‍ സാധാരണക്കാരന്റെ പാദങ്ങളോളം ജലപാത്രങ്ങളും ചുണ്ടുകളുമായി കുനിയുന്ന വിനീത അവസരമാണ് പെസഹ. പൊള്ളുന്ന മരുഭൂമികളില്‍ ചുട്ടെടുത്ത പാദങ്ങളുടെ അപ്പമണം പുരോഹിതന്മാരുടെ നാസികകളില്‍ ക്രിസ്തുവിന്‍റെ സഹന ഗന്ധമായി നിറയുന്നത് അപ്പോള്‍ മാത്രമാണ്. അരമനകളില്‍ നിന്ന് തെരുവുകളിലെയ്ക്ക് ഇറങ്ങിവന്ന് കനലില്‍ചുട്ട പാദങ്ങളുടെ ശുശ്രൂഷ ഏറ്റെടുക്കൂ എന്ന് ക്രിസ്തു നമ്മോട് പറഞ്ഞു കൊണ്ടേയിരിക്കുന്നു .

ഹൈന്ദവ പൗരോഹിത്യത്തിലും പാദങ്ങളുടെ മൂലരാഷ്ട്രീയം വൈരുദ്ധ്യാധിഷ്ടിതമായി എന്നും നിലനില്‍ക്കുന്നു. ശരീരത്തെ പൂര്‍ണ്ണമായ ഏക വസ്തുവായി കാണാതെ, കൈയും കാലും മുഖവുമൊക്കെയായി വേര്‍തിരിച്ച് ഉത്തമാംഗവും അധമാംഗവുമായി ഉയര്‍ത്തിയും താഴ്ത്തിയും സമൂഹകല്‍പ്പന നിര്‍വഹിച്ച ചാതുര്‍വര്‍ണ്യത്തിന്‍റെ അടിസ്ഥാനം ഋഗ്വേദത്തിലെ പുരുഷസൂക്തമാണെന്ന് ഡോക്ടര്‍ അംബേദ്‌കര്‍ വിമര്‍ശനാത്മകമായി പഠിച്ചിട്ടുണ്ട്. പുരുഷന്‍റെ മുഖത്തില്‍ നിന്ന് ബ്രാഹ്മണനും പാദത്തില്‍ നിന്ന് ശൂദ്രനും ജനിച്ചു എന്ന വേദഭാവനയിലെ ഭേദഭാവന അത്രമേല്‍ നിഷ്ക്കളങ്കവും സാത്വികവുമല്ല. സാമൂഹിക ഉച്ചനീചത്വങ്ങളുടെ പൗരോഹിത്യ ഗൂഢാലോചനയുടെ ഒരു പുരാരേഖ അതില്‍ നിര്‍ലജ്ജം പൂണൂല്‍ മേദസ്സ് വെളിപ്പെടുത്തി കിടപ്പുണ്ട്. എന്തായാലും ആ ഭേദഭാവനയില്‍ ഉന്നതമായ അദ്വൈതാദര്‍ശങ്ങളുടെ ശ്രേഷ്ഠസാമീപ്യമില്ല. ഫുട്ബോള്‍ പാദങ്ങളുടെ ഉത്സവമാകുന്നത് വഴി പാദജന്മാരായ ശൂദ്രരുടെ അനുഷ്ഠാനകലയായി മാറുന്നു. ”മറഡോണയുടെ മങ്ങിയ പശ്ചാത്തലത്തില്‍ ലയണല്‍ മെസ്സിയുടെ തിളങ്ങി നില്‍ക്കുന്ന ഫ്ലക്സില്‍ ചേര്‍ക്കാന്‍ തയ്യാറാക്കിയ ഒരു കുറിപ്പില്‍ അന്ന് മെഹര്‍ ഇങ്ങനെ എഴുതി: “ബ്യൂണസ് അയെഴ്സിലെ കീഴാളച്ചേരിയില്‍ നിന്ന് ഒരു ഫുട്ബോള്‍ മാന്ത്രികന്‍ കടന്നു വന്നുവെങ്കില്‍ അത് പ്രവചനങ്ങളുടെ കരുണ കൊണ്ടല്ല. റൊസാരിയോവിലെ അടിച്ചു തെളിക്കാരിയുടെ മകന്‍ ഒരു പ്രവാചകന്റെയും സഹായം പ്രതീക്ഷിക്കുന്നുമില്ല.” അശോകന്‍ ചരുവിലിന്റെ ‘അര്‍ജന്റീന ഫാന്‍സ്‌ കാട്ടൂര്‍ക്കടവ്’ എന്ന കഥയിലെ ഈ വരികള്‍ ഫുട്ബോള്‍ കളിയിലെ അധസ്ഥിത രാഷ്ട്രീയത്തിന്‍റെ ചിത്രീകരണത്തിലൂടെ നമ്മുടെ മുഖ്യധാരാ രാഷ്ട്രീയത്തിലെ അധസ്ഥിതന്റെ പദവിയെ അന്വേഷിക്കുകയാണ് ചെയ്യുന്നത്. പുരുഷ സൂക്തത്തിന്റെയും ഭഗവത് ഗീതയുടെയും പിന്‍ബലത്തില്‍ ശൂദ്രനെ പാതാളത്തിലേയ്ക്ക് ചവിട്ടി താഴ്ത്തി ഭരണ ശക്തിയായി നൂറ്റാണ്ടുകളോളം നിലനിന്ന, ഇന്നും നിലനിന്നു പോരുന്ന ബ്രാഹ്മണ മേധാവിത്വം മുഖ്യധാരാ കമ്യൂണിസ്റ്റ് പാര്‍ട്ടികളിലും നിലനില്‍ക്കുന്നുണ്ട് എന്നത് ഒരു ശത്രുപക്ഷ വിമര്‍ശനം ആയിരിക്കാമെങ്കിലും അധസ്ഥിതന്‍റെ രാഷ്ട്രീയ പദവി ഇന്നും ആശാവഹമാണോ എന്നൊരു ചോദ്യം കാല്‍പ്പന്തു കളിയുടെ മറ പിടിച്ചു ചോദിക്കാനാണ് അശോകന്‍ ഈ കഥയില്‍ പ്രധാനമായും ശ്രമിക്കുന്നത്. കാല്‍പ്പന്തുകളിയുടെ ഈ അധസ്ഥിത രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന അശോകന്‍ ചരുവിലിന്റെ ‘അര്‍ജന്റീന ഫാന്‍സ്‌ കാട്ടൂര്‍ക്കടവ്’ എന്ന കഥ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കഥകളില്‍ ഒന്നാണെന്ന് മാത്രമല്ല മലയാള ചെറുകഥയിലെ മികച്ച ഒരു കഥ കൂടിയാണ്.sreekumar mk, asokan cheruvil,story

ജ്യോതിഷത്തില്‍ ഫുട്ബോള്‍ജ്യോതിഷം എന്ന ഒരു ഉപവിഭാഗം കൂടി സജീവമാകുന്ന കാലമാണ് ലോകകപ്പ് ഫുട്ബോളിന്‍റെ സമയം. പ്രവചനങ്ങളുടെയും വാതുവെപ്പുകളുടെയും പശ്ചാത്തലത്തില്‍ ഉറക്കം നഷ്ടപ്പെട്ട ഉദ്വേഗവുമായി സമൂഹം ഒന്നായി ഇളകി മറിയുന്ന അപൂര്‍വ അവസരമാണത് .പ്രവാചകന്‍ എന്നത് ഒരു വര്‍ഗ്ഗതാൽപര്യ സൃഷ്ടിയാണ്. അതൊരു ആത്മീയ പദവുമാണ്.വര്‍ഗ്ഗ താല്‍പര്യം മുദ്രിതമാകാത്ത ഒരു മനുഷ്യ സൃഷ്ടിയുമില്ല. സത്യങ്ങളില്ല,വ്യാഖ്യാനങ്ങളെയുള്ളൂ എന്ന് നീത്ഷേ (Friedrich Nietzsche) പറഞ്ഞതിന്‍റെ പൊരുള്‍ അതാണ്‌ . ബ്രഹദാഖ്യാനങ്ങളുടെ കാലം കഴിഞ്ഞതിനാല്‍ മാര്‍ക്സിസത്തിന് ഭാവിയില്ല എന്ന ഉത്തരാധുനിക പ്രവാചകന്മാരുടെ വചന ഘോഷണങ്ങളില്‍ അടങ്ങിയിരിക്കുന്ന വര്‍ഗ്ഗതാല്പര്യം നവ മുതലാളിത്തത്തിന്റെതാണ് എന്ന് കാണാന്‍ ഒരു മാര്‍ക്സ്സിസ്റ്റായിരിക്കണമെന്നില്ല. പ്രവാചകന്മാരുടെ നിക്ഷ്പക്ഷതാനാട്യത്തിന്റെ ആട്ടിന്‍തോല്‍ എളുപ്പം അപനിര്‍മ്മിക്കാന്‍ കഴിയുന്നതാണ്. മാര്‍ക്സിസത്തെ എഴുതിത്തളളാന്‍ ശ്രമിക്കുന്ന ഉത്തരാധുനിക പ്രവാചകന്മാര്‍ക്കെതിരെയുള്ള ഒരു കമ്യൂണിസ്റ്റ് പ്രഹരം കൂടിയാണ് അശോകന്റെ കഥ. ‘മെസ്സിയും കുറെ കിഴവന്‍മാരും’ എന്ന ശത്രുപരിഹാസത്തില്‍ കമ്യൂണിസത്തിനു വാര്‍ധക്യം ബാധിച്ചു എന്ന രാഷ്ട്രീയ ധ്വനിയുണ്ടെന്ന് അശോകന്‍ പരോക്ഷമായി പറയുന്നു. സ്വന്തം പ്രവാചകന്മാരാല്‍ തന്നെ തോല്‍പ്പിക്കപ്പെട്ട പ്രത്യയശാസ്ത്രമാണ് കമ്യൂണിസം. വൈരുധ്യാധിഷ്ടിത ഭൗതിക വാദത്തില്‍ അടിയുറച്ചു നില്‍ക്കുന്ന കമ്യൂണിസത്തിന്റെ വളര്‍ച്ചയുടെ പ്രോട്ടീന്‍ ശത്രുപക്ഷമായ മുതലാളിത്തത്തിന്‍റെ അജയ്യമെന്നു തോന്നിപ്പിക്കുന്ന ഉപരിവര്‍ഗ്ഗ സാന്നിധ്യമാണ്. പ്രവചനാതീതമായ യുവത്വവുമായി കമ്യൂണിസം തെറ്റായ പ്രയോഗങ്ങളില്‍ നിന്ന് സംഭവിച്ച അനിവാര്യമായ തോല്‍വികളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് തിരിച്ചു വരിക തന്നെ ചെയ്യും എന്ന പ്രതീക്ഷയാണ് ഇന്ന് അധസ്ഥിതരുടെ സ്വപ്നങ്ങള്‍ക്ക് വിജയ പ്രതീക്ഷ നല്‍കുന്നത്. ഈ പ്രതീക്ഷയെ ഊട്ടി വളര്‍ത്തുന്ന കഥയാണ്‌ അശോകന്റേത്. കേവലമായ ഒരു ഫുട്ബോള്‍ കഥയല്ല ഇതെന്ന് സാരം.

സൂക്ഷ്മ വായനയില്‍ അര്‍ജന്റീന ഫാന്‍സ്‌ അസ്സോസിയേഷന്‍ രാഷ്ട്രീയ ധ്വനികളുള്ള ഒരു രൂപകമായി മാറുന്നു. ദേശീയവും അന്തര്‍ദ്ദേശീയവുമായ കമ്യൂണിസ്റ്റ് സംഘടനാ രൂപങ്ങളുടെ ഒരു മുഴുക്കാപ്പ് അര്‍ജന്റീനാ ഫാന്‍സ്‌ അസോസിയേഷന്‍ എന്ന ഫുട്ബോള്‍ സംഘടനാ രൂപത്തിന് മേല്‍ച്ചാര്‍ത്തായി നല്‍കി, കേവലം ഒരു ഫുട്ബോള്‍ കഥയായി മാറാതെ തന്‍റെ കഥയക്ക് ഉന്നതമായ രാഷ്ട്രീയ പദവി കഥാകൃത്ത്‌ നല്‍കുന്നു. കാല്‍പ്പന്തുകളിയില്‍ അര്‍ജന്റീനയുടെ മഹാപാരമ്പര്യവും യൂറോപ്യന്‍ വംശാധിപത്യത്തിനെതിരെ വൈവിധ്യത്തെ ഉയര്‍ത്തിപ്പിടിക്കുന്ന ആ ദേശത്തിന്റെ നിലപാടുകളൊന്നുമല്ല മെഹറിന്‍റെ അര്‍ജന്റീന ഫാന്‍സ്‌ അസോസിയേഷനിലേക്കുള്ള കൂറ് മാറിയുള്ള വരവിനു കാരണമെന്ന് കാട്ടൂര്‍ക്കടവിലെ ഏതു കൊച്ചു കുട്ടിക്കുമറിയാം എന്ന് അശോകന്‍ കഥയില്‍ എഴുതുമ്പോള്‍ ഏക ശിലാരൂപമായ മതമഹിമയില്‍ അധിഷ്ടിതമായ ഫാസിസത്തിന്റെയും അതിനെതിരെയുള്ള വൈവിധ്യത്തിലഷ്ടിതമാകേണ്ട കമ്യൂണിസ്റ്റു പ്രതിരോധത്തിന്റെയും ഒരു ലോകരാഷ്ട്രീയ ഭൂപടമാണ് തന്‍റെ കഥയുടെ വിശാലപശ്ചാത്തലമായി കഥാകൃത്ത്‌ നിവര്‍ത്തി വിരിക്കുന്നത്‌. കഥയില്‍ അശോകന്‍ എന്നും പ്രാദേശിക ചരിത്രകാരനായിരുന്നു. എന്നാല്‍ ഈ കഥയില്‍ പ്രാദേശികവും അന്തര്‍ദേശീയവുമായ ആഖ്യാനങ്ങളുടെ ഇരുനിലമാളികയായി അശോകന്‍ തന്‍റെ കഥയെ വിപുലമായി പുതുക്കിപ്പണിയുന്നു. അശോകന്റെ കഥാജീവിതത്തില്‍ ഈ കഥയ്ക്കുള്ള പ്രാധാന്യം അതാണ്‌ .mk sreekumar,asokan cheruvil ,story

മാര്‍ക്സിസ്റ്റ്‌ പാര്‍ടിയുടെ ന്യായീകരണത്തൊഴിലാളിയാണ് അശോകന്‍ എന്നതാണ് അദ്ദേഹത്തിനെതിരെയുള്ള ഏറ്റവും മുനകൂര്‍ത്ത വിമര്‍ശനം. എന്നാല്‍ വാരിക്കുന്തങ്ങളുടെ രാഷ്ട്രീയ പാരമ്പര്യങ്ങളില്‍ നിന്ന് വരുന്ന ഒരു കമ്യൂണിസ്റ്റുനെഞ്ചിനെ പിളര്‍ക്കാനുള്ള മുനക്കരുത്ത് ഈ വിമര്‍ശനത്തിനില്ല. സ്രോതസ്സുകളില്‍ നിന്ന് ചെളി കോരുന്ന ഒരു ആന്തരിക ശ്രദ്ധ ഈ കഥയില്‍ വിയര്‍ത്തു പണിയുന്നുണ്ട്താനും. തീര്‍ച്ചയായും മറഞ്ഞു നിന്ന് യുദ്ധം ചെയ്യുന്ന ഒരു ഗറില്ലാ ഗോപ്യതന്ത്രം ഈ കഥയില്‍ ഉണ്ട്. കിണര്‍ എന്ന വാക്കിന്‍റെ സംസ്കൃത ഭേദമായ കൂപം എന്ന വാക്കിന് ഗോപ്യമായത് എന്ന ഒരു അര്‍ത്ഥധ്വനിയുണ്ട്. കടുത്ത വേനലുകളില്‍ കിണറുകളുടെ ഗോപ്യമായ ആഴങ്ങളോളം ജലപാത്രത്തിനു സഞ്ചരിക്കേണ്ടി വരും, അല്പം ജീവജലം കണ്ടെത്താന്‍. വായനയെ കുഴിച്ചു കുഴിച്ചു പോകുമ്പോള്‍ ഊര്‍ധ്വന്‍ വലിക്കുന്ന കമ്യൂണിസത്തിനു നവയൗവ്വനം വീണ്ടെടുത്തു നല്‍കേണ്ട ജീവജലം വായനക്കാരന് കണ്ടെത്താന്‍ പാകത്തില്‍ കഥാകൃത്ത്‌ ചെളിപറ്റാതെ സൂക്ഷിക്കുന്നുണ്ടെന്ന് കാണാം. മരണത്തിന്‍റെ നീണ്ട അന്ത്യ വിസില്‍ മുഴങ്ങുന്നതുവരെ ഗോളടിക്കാതെ മൈതാനം നിറഞ്ഞു വിയര്‍ത്തു കളിച്ച് അവസാന നിമിഷത്തില്‍ നിര്‍ണ്ണായകമായ ഗോള്‍ നേടുന്നത് പോലെയാണ് അശോകന്‍ തന്‍റെ കഥയില്‍ ധാര്‍മ്മിക വിജയം നേടുന്നത്. എന്നും കമ്യൂണിസത്തിന്റെ വിജയവും അങ്ങനെത്തന്നെയായിരുന്നു .

“ഇവടത്തെ ബ്രാഞ്ച് സെക്രട്ടറി കിഷോര്‍ജീനെ നോക്ക്. സമ്മതിച്ചു,ഒന്നാം തരം കെണറുപണിക്കാരനാണ് . ഒരു വേനല്ക്ക് ആള് വന്ന് എറങ്ങി ചേറെടുത്താ മൂന്നു കൊല്ലത്തിക്ക് വെള്ളം ക്ലീന്‍ ക്ലീനാ. എന്നാ കെണറ്റീന്നു കരക്ക്‌ കേറ്യാല് അപ്പൊ മൂപ്പര് എയറു പിടിക്കാന്‍ തൊടങ്ങും. ഇങ്ങനേണ്ടോ ജന്മങ്ങള്?” കഥാന്ത്യത്തിലെ ഈ വാക്കുകളില്‍ സത്യസന്ധമായ പ്രകീര്‍ത്തനവും വിമര്‍ശനവുമുണ്ട്. ഗുണഭോക്താവായി അകത്തു നില്‍ക്കുന്നവനില്‍ നിന്നല്ല, ഗുണകാംക്ഷിയായി, നിഷ്ക്കാമനായി വിമര്‍ശനബുദ്ധിയോടെ അകന്നു നില്‍ക്കുന്നവനില്‍ നിന്നാണ് ഉപദേശങ്ങള്‍ സ്വീകരിക്കേണ്ടത് എന്നൊരു ഗുണപാഠം പതിവു കീര്‍ത്തനങ്ങള്‍ മാറ്റിവെച്ച് അശോകന്‍ ഈ കഥയില്‍ ഉരുക്കഴിക്കുന്നുണ്ട്. കമ്യൂണിസത്തിന്റെ മൃത്യുഞ്ജയ മന്ത്രം തന്നെയാണിത്. ” പോടാ കഴുതേ,മറഡോണ ആവേശം കൊണ്ടത്‌ ചങ്ങമ്പുഴയെ വായിച്ചിട്ടല്ല. അവന്‍റെ വീരന്‍ ചെ ആണ്. കൂട്ട് ഫിഡലും. വിപ്ലവകാരികള്‍ക്ക് തോല്‍വിയാണെടാ സമ്പാദ്യം .ജയം ഒരു വക ധൂര്‍ത്താണ്. പ്രതിസന്ധിയുടെ തുടക്കവും. “ഇത് ഒരു തത്സമയ കളി വിവരണമല്ലെന്നു വ്യക്തം. നിരന്തരമായ തോല്‍വികളില്‍ തളരേണ്ടതില്ലെന്നും, വിജയോന്മാദങ്ങളില്‍ മതികെട്ടുറങ്ങരുതെന്നുമുള്ള തല്ലും തലോടലും ഈ വരികളിലുണ്ട്.asokan charuvil,mk sreekumar,story

ഉപരിവര്‍ഗത്തിന്‍റെ ഇരട്ടവേഷമാണ് ഇന്ത്യയിലെ കമ്യൂണിസം നേരിട്ട് കൊണ്ടിരിക്കുന്ന വളര്‍ച്ചാപ്രതിസന്ധി. മുതലാളിത്ത സാമ്പത്തിക നയങ്ങള്‍ക്കെതിരെ എകമുഖമായി പോരാടേണ്ട ശക്തിയെ ചോര്‍ത്തിക്കളയുന്നത് ഹൈന്ദവഫാസിസത്തിന്‍റെ അപരവേഷമണിഞ്ഞ്‌ ശ്രദ്ധതെറ്റിക്കുന്ന മുതലാളിത്ത മാരീചതന്ത്രമാണ്. ദീര്‍ഘകാലത്തെ അഴിമതി നിറഞ്ഞ ജനവിരുദ്ധ സാമ്പത്തിക നയങ്ങള്‍ മൂലം ജനങ്ങള്‍ തങ്ങളെ തള്ളിക്കളയും എന്ന അവസ്ഥയില്‍ മുതലാളിത്തം ഭൂരിപക്ഷ സ്വീകാര്യതയുള്ള ഹൈന്ദവികതയുടെ പ്രച്ഛന്ന വേഷത്തില്‍ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ച് വീണ്ടും അധികാരത്തില്‍ വരുന്നു. ഫാസിസത്തെ എതിര്‍ക്കേണ്ടത് അടിയന്തിര പ്രാധാന്യമുള്ള ജനാധിപത്യ പ്രതിസന്ധിയായി മാറുന്നതിനാല്‍ മുതലാളിത്ത സാമ്പത്തിക നയങ്ങള്‍ക്കെതിരെ പോരാടുക എന്ന അടിസ്ഥാന ലക്ഷ്യത്തില്‍ നിന്ന് താല്‍ക്കാലികമായെങ്കിലും കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ശ്രദ്ധ മാറ്റേണ്ടിവരുന്നു. സമീപകാലത്തെ യെച്ചൂരി-കാരാട്ട് നയവൈരുദ്ധ്യങ്ങള്‍ ഈ മുതലാളിത്ത ഇരട്ടവേഷ തന്ത്രം കമ്യൂണിസ്റ്റ് പാര്‍ട്ടിയെ എത്രത്തോളം ആഭ്യന്തര ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട് എന്നതിന്‍റെ തെളിവാണ് .കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ജനകീയ അടിത്തറയില്‍ വലിയ തുളകള്‍ വീണിട്ടുള്ളത് ഇത് കൊണ്ട് മാത്രമല്ല.’നീതി കൊണ്ടല്ലോ സിംഹാസനങ്ങള്‍ സ്ഥിരപ്പെടുന്നത്’ എന്ന ബൈബിള്‍ വചനം ഓര്‍ക്കേണ്ട രാഷ്ട്രീയസന്ദര്‍ഭമാണിത്. രാജാക്കന്മാരുടെ മരണ കാരണം സിംഹാസനസുഖങ്ങളാണ് .പശ്ചിമ ബംഗാളിലും ,ത്രിപുരയിലും പാര്‍ട്ടി നേരിട്ടു കൊണ്ടിരിക്കുന്നത് ഈ ഇരിപ്പിട മരണമാണ്. സ്ഥിരമായ ഇരിപ്പിടങ്ങള്‍ കാലുകളുടെ മരണത്തിന് കാരണമാകുന്നു. ജലത്തില്‍ മത്സ്യത്തെ പോലെ സഞ്ചരിക്കേണ്ട നേതാക്കന്മാര്‍ ഇരിപ്പിടങ്ങളില്‍ മൂടുറച്ചു പോകുന്നതാണ് പാര്‍ട്ടിയുടെ മരണ കാരണം എന്ന് തിരിച്ചറിയുന്നില്ല .ഈ പ്രതിസന്ധിയില്‍ നിന്ന് കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളെ താല്‍ക്കാലികമായി രക്ഷിച്ചു നിര്‍ത്തുന്നത് മത ന്യൂനപക്ഷങ്ങളാണ്. ഭൂരിപക്ഷ ഹൈന്ദവ വര്‍ഗീയതയുടെ ഭീഷണമായ കാലഘട്ടത്തില്‍ വൈവിധ്യത്തിലധിഷ്ടിതമായ ജനാധിപത്യ സംവിധാനങ്ങളെ എന്ത് വില കൊടുത്തും സംരക്ഷിക്കേണ്ടത് കമ്യൂണിസ്റ്റുകാരുടെ അടിയന്തിര ദൗത്യമാണ്എ. ന്നാല്‍ പുത്തന്‍ കൂറ്റുകാരായ മതന്യൂനപക്ഷങ്ങളെ ചുവപ്പു പരവതാനി വിരിച്ച് സ്വീകരിക്കാനുള്ള അമിതോല്‍സാഹത്തില്‍ പാര്‍ട്ടി കെട്ടിപ്പടുക്കാനും, നിലനിറുത്താനും ത്യാഗസഹനപോരാട്ടങ്ങള്‍ നടത്തിയ അടിസ്ഥാന വര്‍ഗങ്ങളെ മറന്നു പോകരുതേ എന്ന വിനീതമായ ഒരോര്‍മ്മപ്പെടുത്തല്‍ കൂടി ഈ കഥയിലില്ലേ എന്ന് തോന്നി. ഭൂരിപക്ഷ വര്‍ഗീയതയെ എതിര്‍ക്കുമ്പോള്‍ ന്യൂനപക്ഷ വര്‍ഗീയതയെ കാണാതെ പോകാന്‍ ഈ അമിതോല്‍സാഹം കാരണമാകുന്നുണ്ട്.

കഥയിലെ മെഹറിന്‍റെ സംഘടനാ പ്രവേശത്തില്‍ മേല്‍പ്പറഞ്ഞ മതന്യൂനപക്ഷ രാഷ്ട്രീയ ധ്വനികളുണ്ട്. കൂറു മാറി വന്നെത്തുന്ന അവള്‍ സംഘടനയില്‍ പുത്തന്‍കൂറ്റുകാരിയാണ്. ആരെയും തള്ളിക്കളയുന്നത് ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന ഒരു ഫാന്‍സിനു ഭൂഷണമല്ല എന്ന പരാമര്‍ശത്തില്‍ അധിക രാഷ്ട്രീയ ധ്വനികള്‍ കഥാകൃത്ത്‌ സന്നിവേശിപ്പിച്ചിട്ടുണ്ട് എന്നതില്‍ സംശയമില്ല .അവളുടെ പ്രണയ പങ്കാളിയായിരുന്ന അജയന്‍റെ രാഷ്ട്രീയ ഭൂതകാലത്തെ കൂടി കണക്കിലെടുക്കുമ്പോഴേ അതിന് പൂര്‍ണ്ണ വ്യക്തത കൈവരൂ. സമ്പന്നതയുടെ മടിത്തട്ടില്‍ നിന്ന്, പൊന്നലുക്കിട്ട ബീവി എന്ന് വിശേഷിപ്പിക്കപ്പെടുന്ന മെഹര്‍ ഒരു കൂറുമാറ്റത്തിലൂടെയാണ് അര്‍ജന്റീന ഫാന്‍സ്‌ അസ്സോസിയഷനിലേക്ക് അയത്ന ലളിതമായി കടന്നുവരുന്നത്‌. തന്റെ നിലപാടുകളെ അവസരോചിതമായി ഉപയോഗിച്ച് ഇന്റര്‍ നാഷണല്‍ പൊളിറ്റിക്സ് അത്ര വശമില്ലാത്ത ജോണ്‍ മാഷെ ആകര്‍ഷിച്ചു വശത്താക്കിയാണ് അവള്‍ എതിര്‍പ്പുകളെ അട്ടിമറിക്കുന്നത്. ചാനല്‍ ചര്‍ച്ചകളിലെ അഭിമുഖങ്ങളില്‍ തിളങ്ങുന്നവര്‍ക്ക് ആണ് പാര്‍ട്ടിയില്‍ ഇന്ന് പൊടുന്നെ സ്ഥാനമാനങ്ങള്‍ ലഭിക്കുന്നത്. കഷ്ടപ്പെട്ട് പാര്‍ട്ടി വളര്‍ത്താന്‍ ശ്രമിച്ചവര്‍ക്ക് നിസ്സാര കാരണങ്ങളാല്‍ പുറത്തു പോകേണ്ടി വരുന്നു. മെഹറിന്റെയും അജയന്റെയും ജീവിതങ്ങളിലെ ഈ രാഷ്ട്രീയ വൈരുദ്ധ്യമാണ് കഥാകൃത്ത്‌ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത്. ഇന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടികളിലേയ്ക്ക് ന്യൂനപക്ഷ മതവിഭാഗങ്ങളില്‍ നിന്ന് കടന്നുവരുന്നവര്‍ കമ്യൂണിസ്റ്റു ആശയങ്ങളില്‍ ആകൃഷ്ടരായി വരുന്ന പാവപ്പെട്ടവരല്ല. ഹൈന്ദവ ഫാസിസത്തോടുള്ള അപ്രിയമാണ് അവരുടെ വരവിനു പ്രധാന കാരണം. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം തങ്ങളുടെ മതേതര ജനകീയ അടിത്തറ വിശാലമാക്കി ഹൈന്ദവ ഫാസിസത്തെ എതിര്‍ക്കുന്നതിന് ഇത് അഭിലഷണീയം തന്നെ .എന്നാല്‍ സമ്പന്ന മുസ്ലീമായ മെഹറിന്‍റെ ജീവിതാവസ്ഥയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് അജയന്റേത് .mk sreekumar,asokan cheruvil,story

എസ്.എഫ്.ഐ.എന്ന് കേട്ടാല്‍ കലി വരുന്നയാളാണ് അജയന്‍. കെ.ആര്‍.എന്ന കരുവാറെ രാമേട്ടന്‍റെ മകനാണ് അവന്‍. കെ.ആര്‍.കരുവന്നൂര്‍ പുഴയിലെ പേരു കേള്‍പ്പിച്ച വാള വേട്ടക്കാരനും കമ്യൂണിസ്റ്റ് നേതാവുമാണ്. രാത്രി മുഴുവന്‍ മീന്‍ പിടുത്തം. പകല്‍ മനുഷ്യനെ പിടുത്തം (ക്രിസ്തു മീന്‍പിടുത്തക്കാരോട് എന്‍റെ കൂടെ വരൂ ,ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കാം എന്ന് പറഞ്ഞത് ഓര്‍ക്കുക). നാല് തവണ നീര്‍നായ ആക്രമിച്ചിട്ടുണ്ട്. അത്ര തന്നെ തവണ പോലീസ് മര്‍ദനവും ഏറ്റു. നീര്‍നായ ഒരു കാലിലെ ചെറുവിരല്‍ കൊണ്ട് പോയെങ്കില്‍ അടിയന്തിരാവസ്ഥക്കാലത്തെ ലോക്കപ്പ് മര്‍ദ്ദനം അദ്ദേഹത്തിന്‍റെ കേള്‍വി ശക്തി ഇല്ലാതാക്കി. പട്ടികജാതിയില്‍പ്പെട്ട കണക്കന്‍ സമുദായക്കാരനായ രാമേട്ടനെ 1998 ല്‍ പാലക്കാട് സംസ്ഥാന സമ്മേളനത്തിനു മുന്‍പ് കരുവന്നൂര്‍ എ.സിയില്‍ നടന്ന നീക്കത്തില്‍ കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കി. അജയന്‍ അന്ന് തീരെ ചെറുതായിരുന്നു.  അച്ഛനെ ഒഴിവാക്കിയ വിവരം അറിഞ്ഞ് അവന്‍ ക്ലാസ്സില്‍ ഇരുന്നു കരഞ്ഞു. നേരെ എതിര്‍ച്ചായമാണ് മെഹറിന്റെ ജീവിതത്തെ ചിത്രീകരിക്കാന്‍ കഥാകൃത്ത്‌ ഉപയോഗിക്കുന്നത്. അവളുടെ പിതാവ് കാദര്‍ക്കുട്ടി മാപ്ല എനാമ്മാവില്‍ ഓലക്കച്ചവടം നടത്തി മടങ്ങുമ്പോള്‍ കൈ നിറയെ കാശുണ്ടാവും. ചാവക്കാട് ചന്തയില്‍ പോയി പുന്നാര മോള്‍ക്ക്‌ സ്വര്‍ണ്ണക്കസ്സവ് വച്ച പട്ടുടുപ്പും കുപ്പിവളകളും വാങ്ങിച്ചാണ് വരവ്. നമ്പ്യാര്‍ മാഷ്‌ അവളെ പൊന്നലുക്കിട്ട ബീവി എന്നാണു വിളിച്ചിരുന്നത്‌ അച്ഛന്റെ പാര്‍ട്ടിക്ക് എതിര് നില്‍ക്കുക എന്നത് ചില മക്കളുടെ സ്വഭാവമാണല്ലോ എന്ന് കഥാകൃത്ത്‌ അജയന്‍റെ കെ.എസ്.യു രാഷ്ട്രീയത്തിന് കാരണം പറയുന്നുണ്ടെങ്കിലും പാര്‍ട്ടിക്കു വേണ്ടി ത്യാഗങ്ങള്‍ സഹിച്ച നേതാക്കന്മാരുടെ കുടുംബാംഗങ്ങള്‍ എന്തു കൊണ്ട് പാര്‍ട്ടി വിരുദ്ധ ചേരികളില്‍ അണിനിരക്കുന്നു എന്ന് കാണിക്കാനാണ് അശോകന്‍ കഥയെ ഉപയോഗപ്പെടുത്തുന്നത് .

അജയനും മെഹറും തമ്മിലുള്ള പ്രണയ ബന്ധം വിഷമം ചേര്‍ച്ചയില്ലാത്ത രണ്ടിനെ ചേര്‍ത്തു ചൊല്ലുകില്‍ എന്ന അലങ്കാര ലക്ഷണങ്ങള്‍ ഉള്ളതായിരുന്നു. എന്നാല്‍ കഥാന്ത്യത്തില്‍ ഈ വിഷമാവസ്ഥ പുരോഗനപരമായിത്തന്നെ പരിഹരിക്കപ്പെട്ട് കഥയും ജീവിതവും രാഷ്ട്രീയവും ശുഭപര്യവസായി പരിണമിക്കുന്നു. പ്രണയത്തില്‍ നിന്ന് വേര്‍പിരിഞ്ഞു നിന്നിരുന്ന അജയന്റെയും മെഹറിന്റെയും വിവാഹം നടത്തിക്കൊടുത്തത് പോരാതെ അവര്‍ക്ക് ഒരു മകനുണ്ടായി അവന് റാം മുസാഫിര്‍ എന്ന പേരും നല്‍കിയതിനു ശേഷമേ കഥാകൃത്ത്‌ ചാരിതാര്‍ത്ഥ്യത്തോടെ കഥയില്‍ നിന്ന് വിരമിക്കുന്നുള്ളൂ. നാം സ്വപ്നം കാണുന്ന ലോകങ്ങള്‍ ആദ്യം സംഭവിക്കുക മുന്നേ പറക്കുന്ന എഴുത്തുകാരുടെ കൃതികളില്‍ ആണല്ലോ. മതേതര പ്രണയ ചക്രവാളത്തിലൂടെ മുന്‍പേ പറക്കുന്ന ഈ പക്ഷികള്‍ നമ്മുടെ സമൂഹത്തിന് വഴികാട്ടികളാകട്ടെ എന്ന് പിന്‍പേ പറക്കുന്ന നമുക്കും പ്രത്യാശിക്കാം.

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Fifa world cup 2018 ashokan charuvil short story argentina fans kattoorkadavu