scorecardresearch
Latest News

സർവീസ് മതിയാക്കാൻ ആദ്യം ആലോചിച്ചതിന് പിന്നിൽ- ജേക്കബ് തോമസ് വെളിപ്പെടുത്തുന്നു

സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എന്ന ആത്മകഥയിലെ “നിയമം പാലിച്ചാലും ശിക്ഷ” എന്ന അധ്യായത്തിലാണ് ജേക്കബ് തോമസ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. തൃശൂർ കറന്റ് ബുക്സ് പ്രസിദ്ധീകരിക്കുന്ന ആത്മകഥയിൽ നിന്നുളള ഈ ​അധ്യായം പൂർണരൂപത്തിൽ വായിക്കാം.

സർവീസ് മതിയാക്കാൻ ആദ്യം ആലോചിച്ചതിന് പിന്നിൽ- ജേക്കബ് തോമസ് വെളിപ്പെടുത്തുന്നു
ജേക്കബ് തോമസിന്റെ ആത്മകഥയുടെ കവർ

സര്‍വീസ് മതിയാക്കാമെന്ന് ഞാന്‍ ആദ്യം ആലോചിക്കുന്നത് ഹോര്‍ട്ടികള്‍ച്ചര്‍ വികസനപദ്ധതിയുടെ ഡയറക്ടറായിരിക്കുമ്പോഴാണ്. രണ്ടു പ്യൂണ്‍മാരെയെടുക്കാന്‍ പത്രത്തില്‍ പരസ്യം കൊടുത്തിരുന്നു. നിയമനം നടക്കുന്നതറിഞ്ഞപ്പോള്‍ അന്നത്തെ കൃഷി മന്ത്രി നിര്‍ദ്ദേശിച്ചു, തന്റെ നാട്ടുകാരായ രണ്ടുപേരെ നിയമിച്ചാല്‍ മതി. മാനദണ്ഡങ്ങള്‍ പാലിക്കാതെ നിയമനം പറ്റില്ലെന്നു ഞാന്‍ മറുപടി നല്‍കി. നടപടിക്രമങ്ങളെല്ലാം പാലിച്ച് പ്യൂണ്‍മാരെ നിയമിച്ചു. പിന്നാലെ എന്റെ സ്ഥലംമാറ്റ ഉത്തരവും വന്നു. ഗുജറാത്തില്‍ ക്ഷീരമേഖലയില്‍ വര്‍ഗീസ് കുര്യന്‍ സാധ്യമാക്കിയതുപോലെ കേരളത്തിലെ ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയിലുമൊരു വിപ്ലവമായിരുന്നു ഞാന്‍ ലക്ഷ്യമിട്ടത്. അതു നടക്കാതെ പോയതിനു കാരണം, തന്റെ നാട്ടുകാരായ രണ്ടുപേരെ നിയമിക്കണമെന്ന മന്ത്രിയുടെ നിര്‍ദ്ദേശവും. അങ്ങനെ നോക്കുമ്പോള്‍ എന്റെ സിവില്‍ സര്‍വീസ് കരിയറിയിലെ ആദ്യ അടി ഏല്‍ക്കുന്നത് സ്വജനപക്ഷ പാതത്തിനെതിരെയുള്ള നിലപാടിന്റെ പേരിലാണ്. 1996ലാണത്. ഹോര്‍ട്ടികള്‍ച്ചര്‍ വികസന പദ്ധതിയില്‍നിന്ന് എന്നെ മാറ്റിയത് കണ്ണൂരിലെ ക്രൈംബ്രാഞ്ച് എസ്.പിയായിട്ടാണ്. സംസ്ഥാനത്തിന്റെ ഏറ്റവും വടക്കേയറ്റത്തുള്ള പൊലിസിന്റെ സൈഡ് പോസ്റ്റിങ്ങായാണ് നേരിട്ട് ഐ.പി.എസ്. കിട്ടുന്നവര്‍ ഇതിനെ കണക്കാക്കുന്നത്. നിയമം തെറ്റിക്കാത്ത തിനായിരുന്നു എന്നെ ശിക്ഷിച്ചത്.

കണ്ണൂരില്‍നിന്നാണ് എറണാകുളം പൊലിസ് കമ്മിഷണറായി എത്തുന്നത്. ക്രൈംബ്രാഞ്ചില്‍ എന്റെ മേധാവിയായിരുന്ന സി.എ. ചാലി ഡി.ജി.പിയായപ്പോഴാണ് അതിനു തീരുമാനമുണ്ടായത്. 1997ല്‍. പിറ്റേവര്‍ഷം ഏപ്രില്‍ ഫൂളിന്റെയന്ന് രാവിലെ എട്ടുമണിക്ക് എനിക്കു വയര്‍ലെസ് സന്ദേശം വന്നു: ചുമതല മറ്റൊരാള്‍ക്കു കൈമാറുക. കേരളത്തില്‍ ആദ്യത്തെ ഇന്ത്യ – ഓസ്‌ട്രേലിയ ഏകദിന ക്രിക്കറ്റ് മാച്ചിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി കലൂര്‍ സ്റ്റേഡിയത്തില്‍ ഞാന്‍ പൊലിസുകാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ്. അതിനിടെയാണ് സന്ദേശമെത്തുന്നത്. തലേന്നു രാത്രി പി.ഡി.പി. നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനിയെ കലൂരില്‍നിന്ന് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിന്റെ പേരിലല്ല, അതിനോടു വിയോജിച്ചതിനും പിന്നില്‍ കളിച്ചവരുടെ തന്ത്രങ്ങള്‍ പൊളിച്ചതിനുമായിരുന്നു ചുമതലയില്‍നിന്നു നീക്കിയുള്ള ഉത്തരവ്.

abdul nasar madani, pdp, malappuram byelection
അബ്ദുൾ നാസർ മഅ്ദനി (ഫയൽ ചിത്രം)

തലേന്ന്, അതായത് 1998 മാര്‍ച്ച് 31നു രാവിലെ തിരുവനന്തപുരത്തുനിന്ന് അന്നത്തെ ഒരു പ്രധാനിയുടെ ഫോണ്‍ വന്നു: മഅ്ദനിയെ അറസ്റ്റ് ചെയ്യണം. മഅ്ദനി എറണാകുളത്തു സ്ഥിരതാമസമുണ്ടെന്നുപോലും എനിക്കറിയില്ലായിരുന്നു. എന്തായാലും ഞാനുടനെ അസിസ്റ്റന്റ് പൊലിസ് കമ്മിഷണര്‍മാരെയെല്ലാം വിളിച്ചു ചോദിച്ചു, മഅ്ദനിക്കെതിരെ കേസുണ്ടോയെന്ന്. കേസൊന്നുമില്ലെന്നായിരുന്നു എല്ലാവരുടെയും മറുപടി. മഅ്ദനിക്കെതിരെ കേസൊന്നുമില്ലെന്നും അതിനാല്‍ അറസ്റ്റ് ചെയ്യാനാവില്ലെന്നും തിരുവനന്തപുര ത്തേക്കു ഞാന്‍ മറുപടി നല്‍കി. അങ്ങേത്തലയ്ക്കല്‍ ആ മറുപടി ഇഷ്ടമായില്ലെന്ന് എനിക്കു വ്യക്തമായി.
വൈകുന്നേരമായപ്പോള്‍, കോഴിക്കോട്ടുനിന്ന് ഒരു സി.ഐ. എത്തി, മഅ്ദനിക്കെതിരെ അവിടെയൊരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അറസ്റ്റുചെയ്യണമെന്നും ആവശ്യപ്പെട്ട്. എന്തോ പ്രസംഗത്തിന്റെ പേരിലുള്ള കേസായിരുന്നു. അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാന്‍ തക്കതായിരുന്നോയെന്നു സംശയമുണ്ട്. സംഗതികളില്‍ എനിക്കു ചതി മണത്തു. പിറ്റേന്നു കൊച്ചിയില്‍ ക്രിക്കറ്റ് മല്‍സരം നടക്കുകയാണ്. വലിയ തോതില്‍ ജനമെത്തും. അതിനു തൊട്ടുമുന്‍പ് ഇങ്ങനെയൊരു പ്രശ്‌നമുണ്ടായാല്‍ കാര്യങ്ങള്‍ കൈ വിട്ടുപോകാം. അങ്ങനെ സംഭവിക്കണമെന്നും അതിലൂടെ ഞാന്‍ പ്രതിക്കൂട്ടിലാകണമെന്നും ആരൊക്കെയോ ആഗ്രഹിക്കുന്നുണ്ട്.

കേസുള്ളയാളെ അറസ്റ്റ് ചെയ്യാതെ നിവൃത്തിയില്ല. എന്നാല്‍, പിന്നില്‍ കളിക്കുന്നവരുടെ തന്ത്രം പൊളിക്കേണ്ടതുമുണ്ട്. അറസ്റ്റ് വൈകിപ്പിക്കുക മാത്രമായിരുന്നു ബുദ്ധി. അറസ്റ്റ് വാര്‍ത്ത പിറ്റേന്നത്തെ പത്രങ്ങളില്‍ വരുന്നത് ഒഴിവാക്കിയാല്‍ തന്നെ വലിയ കാര്യമായി. രാത്രി 11 മണിയോടെ അറസ്റ്റ് നടപടിയുണ്ടായി. അതുവരെ മഅ്ദനി സ്ഥലംവിടുന്നില്ലെന്ന് ഉറപ്പാക്കാന്‍ മുന്‍കരുതലുമെടുത്തിരുന്നു. അറസ്റ്റ് ഉണ്ടായപ്പോഴേ ഞാന്‍ ഉദ്യോഗസ്ഥ രോടു വ്യക്തമാക്കി: കൊച്ചിയിലേക്കു കൊണ്ടുവരേണ്ടതില്ല, ഉടനെ കോഴിക്കോട്ടേക്കു കൊണ്ടുപൊയ്‌ക്കൊള്ളുക. മഅ്ദനിയെയും കൊണ്ടുള്ള പൊലിസ് വാഹനം തൃശൂര്‍ കടന്നുവെന്ന് ഉറപ്പാക്കിയിട്ടാണ് രാത്രി ഒരു മണിയോടെ ഞാന്‍ ഉറങ്ങാന്‍ പോയത്. പിറ്റേന്നു രാവിലെ എഴുന്നേറ്റ് കലൂര്‍ സ്റ്റേഡിയത്തിലെത്തി. അവിടെയാണ് ചുമതല മാറാനുള്ള നിര്‍ദ്ദേശം വരുന്നത്. ക്രിക്കറ്റ് നടക്കാന്‍ പോകുകയല്ലേ അതിനിടെയെങ്ങനെ ചുമതല വിടുന്ന തെന്ന് സന്ദേശം കൈമാറിയയാളോടു ഞാന്‍ ചോദിച്ചു. അതൊന്നും പറഞ്ഞിട്ടില്ല, ഉടനടി ചുമതലമാറണമെന്നാണു നിര്‍ദ്ദേശമെന്നായിരുന്നു അയാളുടെ മറുപടി. അപമാനിതനെന്ന തോന്നലോടെയാണ് ഞാന്‍ കലൂരിലെ കളിക്കളം വിട്ടത്. മറൈന്‍ഡ്രൈവിലെ ക്വാര്‍ട്ടേഴ്‌സിലേക്ക്. സാധനങ്ങളെല്ലാം പായ്ക്ക് ചെയ്തു. പനമ്പള്ളി നഗറിലൊരു വാടകവീട്ടിലേക്കു മാറി. പിന്നെ കുറെ ദിവസത്തേക്കു പോസ്റ്റിങ് കിട്ടിയില്ല. പണിയൊന്നും ചെയ്യാതെ വാഹനവുമില്ലാതെ ഞാന്‍ വീട്ടിലിരുന്നു.

ഞാന്‍ കൊച്ചിയില്‍ ജോലി ചെയ്യരുതെന്നു വാശിയുള്ള ചില വമ്പന്‍മാരു ണ്ടായിരുന്നു. പൊലിസിലും പുറത്തും. രാമവര്‍മ്മ ക്ലബും ഒരു ഹോട്ടലും റെയ്ഡ് ചെയ്തതായിരുന്നു അവരുടെ വാശിക്കു പ്രധാന കാരണം. അവര്‍ അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ക്കുമേല്‍ പരമാവധി സമ്മര്‍ദ്ദം ചെലുത്തി. അദ്ദേഹം വഴങ്ങിയില്ല.

ബാര്‍ ലൈസന്‍സ് ഇല്ലാതെ മദ്യം വിളമ്പലും വലിയ തോതില്‍ പണം വച്ചുള്ള ചീട്ടുകളിയുമാണ് രാമവര്‍മ്മയില്‍ നടന്നിരുന്നത്. ചൂതാട്ടത്തില്‍ വന്‍ തുകയിറക്കുന്ന രണ്ടു ഡി.വൈ.എസ്.പിമാരുമുണ്ടായിരുന്നു. അഴിമതിയിലൂടെ ഉണ്ടാക്കുന്ന പണം വിനിയോഗിക്കാനുള്ള വഴി അടച്ചാല്‍ അഴിമതി തടയാം എന്ന മണ്ടന്‍ ചിന്തയാവാം എന്നെ നയിച്ചത്. റെയ്ഡ് നടന്നു, അഭിഭാഷകരും ഡോക്ടര്‍മാരും മാത്രമല്ല രണ്ടു ഡി.വൈ.എസ്.പിമാരും അറസ്റ്റിലായി. രണ്ടു പേരിലൊരാള്‍ പരിശീലനത്തിന്റെ മികവില്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതാണ്, ഫലമുണ്ടായില്ല.

ഹോട്ടല്‍ അന്നത്തെ ഭരണകക്ഷിയോട് അടുപ്പക്കാരനായ പൊലിസ് ഉദ്യോഗസ്ഥന്റെ ബന്ധുവിന്റേതായിരുന്നു. അവിടെ റെയ്ഡ് നടക്കുമ്പോള്‍ അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് എറണാകുളത്തെ ഭരണതന്ത്രജ്ഞന്റെ ഫോണ്‍. സിനിമയില്‍ ഒക്കെ കാണുന്നതുപോലൊരു സീന്‍. റെയ്ഡില്‍ പിടിയിലാവരെ ഉടനെ വിടണമെന്നായിരുന്നു ആവശ്യം. എ.സി. എന്നെ വിളിച്ചു, പ്രശ്‌നം പറഞ്ഞു. നടപടി നിയമപരമാണെങ്കില്‍ ആരു പറയുന്നതും കേള്‍ക്കേണ്ട തില്ല, മുന്നോട്ടുപോകാമെന്നു ഞാന്‍ മറുപടി നല്‍കി. അങ്ങനെയൊക്കെ യാണ് ഏപ്രില്‍ ഫൂളിലെ വയര്‍ലെസ് സന്ദേശത്തിലേക്കു കാര്യങ്ങളെത്തിയത്.

 

 

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Excerpt from autobiography of jacob thomas ips