/indian-express-malayalam/media/media_files/uploads/2020/05/anoop-fi-ennithittappeduthiya-dukhangalude-kanakkupusthakam.jpg)
ഞായറാഴ്ച്ച അറവിന് പെറവം ചന്തേല്‍ ഷാജീടടുത്തൂന്ന് പോത്തെറച്ചി വാങ്ങിച്ചോണ്ടിരുന്നപ്പഴാണ് ജോസ് തോമസ് കുരുവിക്കണ്ടത്തിന് എട്ടാമത്തെ തവണെ അസ്തിത്വദു:ഖമുണ്ടായത്. പസളയല്ലാണ്ട് എറച്ചി മാത്രം ഇടാൻ പറഞ്ഞിട്ട് ഷാജി കേട്ടഭാവം വെക്കാണ്ടിരുന്നത് കാര്യത്തിന്റെ ആക്കംകൂട്ടി. കൈനറ്റിക്ക് ഹോണ്ടയുടെ എടത്തേ ഹാൻഡിലേ എറച്ചിക്കൂടും വലത്തേക്കയ്യേ ഹെൽമറ്റും കൊരുത്തിട്ട് വീട്ടീട്ട് വണ്ടിയോടിക്കുമ്പൊഴുവെല്ലാം അതിങ്ങനെ ഉള്ളീക്കെടന്ന് നീറി.
വീട്ടീച്ചെന്ന് കുന്തങ്കാലേലിരുന്ന് അരിവാകൊണ്ട് എറച്ചിനുറുക്കുമ്പോളൊക്കെ ജോസിന്റെ മനസ് മഴക്കാലത്ത് ഊത്തയ്ക്ക് വെട്ടിപ്പിടിച്ച് കരയ്ക്കിട്ട വരാല് പെടയ്ക്കണപോലെ പെടച്ചു. എറച്ചിക്കു പകരം ചൂണ്ടുവിരലിന്റെ അറ്റം കണ്ടിച്ചപ്പോഴാണ് കാര്യം ഗുരുതരമാണെന്ന് ജോസിന് മനസിലായത്.
മുറിഞ്ഞ വിരൽ വായിലിട്ടപ്പോ നാക്കിലടിച്ച ചോരേടെ ഉപ്പും പോത്തെറച്ചീടെ മുശുക്കും ജോസിനെ വല്ലാണ്ടങ്ങ് വെഷമിപ്പിച്ചു. ഇരുന്നേടത്തുനിന്ന് ചാടിയെണീറ്റപ്പോ ഇടത്തേക്കാലിന്റെ ചെറുവെരല് മുമ്പിലിരുന്ന മുട്ടീൽ ഇടിച്ചു. താഴെവീണ അരിവായുടെ ചെലമ്പിച്ച മുഴക്കത്തിനൊപ്പം ജോസിന്റെ ഒച്ചയും ചേർന്നു: "മൈ*! "
ആ മൈ*ന്റെ മാറ്റൊലിക്കൊടുവിൽ കുഞ്ഞുമോള് അവിടെത്തി. കാക്കൂര് കാളവയലില് നുകം വച്ചുകെട്ടി ഓടാൻ നിക്കുന്ന കാളേടെപോലെയുള്ള ജോസിന്റെ ഭാവം കണ്ടിട്ടാണോ എന്തോ പുള്ളിക്കാരി ഒന്നും മിണ്ടീല്ല.
"എന്നെക്കെണ്ടെങ്ങും പറ്റൂല്ല ഇനീം ചെറുതാക്കാൻ. മസാലയിട്ട് വരട്ടിയാ മതി. ഉള്ളീം തക്കാളിം തേങ്ങാക്കൊത്തുവൊക്കെ പിന്നെച്ചേർക്കാം," ജോസ് തീർപ്പുകൽപ്പിച്ചു.
"ചെറുതായിട്ട് കണ്ടിച്ചാലാ ടേസ്റ്റ്," കുഞ്ഞുമോളുടെ വാക്ക് കേട്ടു വന്ന കലിപ്പ് ഒരു തരത്തിലാണ് ജോസ് കടിച്ചമർത്തിയത്."
"എന്നെക്കൊണ്ടിത്രേ പറ്റുവൊള്ളു. വേണേ നീയിരിന്ന് അരിഞ്ഞോ,'', കൂടുതലൊന്നും പറയാൻ നിക്കാണ്ട് വാഷ്ബേസിനേൽ കൈ കഴുകി ഷർട്ടും എടുത്തിട്ട് ജോസ് പൊറത്തോട്ടെറങ്ങി. ഒന്നാലോചിച്ച് തിരിച്ചു കേറി ഹെൽമറ്റും കൈയിലെടുത്തു, അന്തംവിട്ടു നോക്കി നിക്കുന്ന രണ്ടാമത്തെ ചെറക്കനെ കണ്ടില്ലെന്നു നടിച്ച് വെളീലോട്ടു ഇറങ്ങി.
ഞെക്കീട്ടും സ്റ്റാർട്ടാകാത്ത കൈനറ്റിക്കിനെ ഒരുരീതിൽ കിക്കറടിച്ചു സ്റ്റാർട്ട് ചെയ്ത് ഓടിച്ചുപോകുമ്പോ ജോസിന്റെ മനസുമുഴുവനും അവന്റെ ആദ്യ അസ്തിത്വദു:ഖത്തെപ്പറ്റിയുള്ള ചിന്തകളായിരുന്നു.
സെമിനാരീസ്കൂളിൽ എട്ടാം ക്ലാസില് പഠിക്കണ കാലം. കൊല്ലത്തിലൊരിക്കേ കപ്പേളേൽ നടക്കണ പാച്ചോറ് നേർച്ചയായിരുന്നു സ്കൂളില് ജോസിനിഷ്ടപ്പെട്ട രണ്ടാമത്തെവിഷയം. ആദ്യത്തേത്, ക്ലാസിലെ പെമ്പിള്ളേരടെ സൈഡിലെ മൂന്നാംബഞ്ചില് രണ്ടാമത്തെയായി ഇരിക്കണ ലിസിക്കുട്ടി ഡി. എല്ലാരും ഡീ ലിസിക്കുട്ടീന്നു വിളിച്ച് കളിയാക്കുവെങ്കിലും ജോസിനെന്തോ ആ പേര് വല്യ ഇഷ്ടാരുന്നു. അങ്ങനിരിക്കുമ്പോഴാണ് ആക്കൊല്ലത്തെ പാച്ചോറ്നേർച്ച വന്നത്. പഞ്ചാരക്കട്ടേം ചൊമന്ന് വരിവരിയായിപ്പോണ ഉറുമ്പിനെപ്പോലെ പിള്ളേരെല്ലാം പാത്രോം പിടിച്ച് പാച്ചോറ് വാങ്ങാൻ ക്യൂ നിന്നു. പെമ്പിള്ളേരടെ പൊറകിലായിരുന്നു ആമ്പിള്ളേര്.
ലിസിക്കുട്ടീടെ തലേലിരുന്ന, പൂമ്പാറ്റപോലെ അനങ്ങിക്കൊണ്ടിരുന്ന ചൊമലറിബണും നോക്കി നടന്ന ജോസ് ചെരുപ്പിന്റെ വളളി മടങ്ങി അലച്ചുതല്ലി മുഞ്ഞീംകുത്തി പാച്ചോറ് നെറച്ച പാത്രത്തിലോട്ടും വീണത് ഒട്ടും പ്രതീക്ഷിക്കാണ്ടായിരുന്നു. എണീറ്റ് വന്നപ്പത്തേന് തലേം മൊഖോം നെറയെ പാച്ചോറ്. തിരിഞ്ഞു നോക്കിയ പിളേളരില് ഏറ്റോം കൂടുതല് ചിരിച്ചത് ലിസിക്കുട്ടീം. അങ്ങനെ അതിന്റെ കാര്യത്തി തീരുമാനായി. പിന്നെ ജോസ് ലിസിക്കുട്ടീടെ മൊഖത്തുപോലും നോക്കീട്ടില്ല.
ആലോചന കഴിഞ്ഞപ്പോളെക്കും വണ്ടി ചാപ്പലിനടുത്തൊള്ള ബീവറെജസിന്റെ മുമ്പിലെത്തി. കുര്‍ബാനക്ക് പോയി തിരിച്ചുവരണ ആള്‍ക്കാര് കത്തിച്ചുവെച്ച മെഴുകുതിരികളില്‍ ചെലത് അപ്പഴും നിന്ന് കത്തുന്നൊണ്ടായിരുന്നു. എംസിവേണോ മാജിക് മൊമെന്റ്സ് വേണോ എന്ന ചിന്തയില്‍ കുറേനേരം നിന്നു. എന്നായാലും ഒറ്റക്ക് കുടിച്ചു തീര്‍ക്കാന്‍ പറ്റൂല്ല. ജോസ് ഫോണെടുത്തു, രണ്ടാമത്തെ റിങ്ങില്‍ കോള്‍ കണക്ട്ടായി.
“എന്താ സേട്ടായീ,' സത്യജിത്ത് താകുര്‍ത്തയുടെ ബംഗാളി ചുവയുള്ള മലയാളം കേട്ടപ്പോള്‍ ജോസിനു പിന്നെയും ദേഷ്യം വന്നു.
“എടാ കോപ്പേ, സേട്ടായി അല്ല, ചേട്ടായി. എന്നായാലും നീ കടേലേട്ട് വാ, പണിയൊണ്ട്, കൂടുതല്‍ സംസാരത്തിന് ഇടകൊടുക്കാതെ ജോസ് ബീവറെജസിന്റെ ക്യൂവില്‍ നിന്നു. ഇരുമ്പുവല കൊണ്ട് മറച്ച ഇടനാഴിയിലൂടെ വളഞ്ഞുപുളഞ്ഞുപോകണ ക്യൂവില്‍ ഞെരുങ്ങിനിക്കുമ്പോ ജോസിനു തന്‍റെ നാലാമത്തെ അസ്തിത്വദു:ഖത്തിന്റെ നാള്‍വഴികള്‍ ഓര്‍മവന്നു.
2000 ജൂലൈ 17, ഉച്ചയ്ക്ക് ഏതാണ്ട് 2 മണി കഴിഞ്ഞുകാണണം. ബിപിസി കോളേജിൽ ബിബിഎക്ക് മാനേജ്മെന്റ് കോട്ടയിൽ ചേർന്നിട്ട് കഷ്ടി രണ്ടാഴ്ച്ച. പക്ഷേ ദർശനേൽ 'നരസിംഹം' കളിക്കുമ്പോ എന്ത് ക്ലാസ്? അങ്ങനാണ് ഫസ്റ്റ് ക്ലാസ് ടിക്കറ്റിനുള്ള ക്യൂവിൽ എത്തിപ്പെട്ടത്. ഏറെക്കുറെ കൗണ്ടറിന്റടുത്തെത്താറായപ്പോഴാന്ന് പൊറകീന്ന് ഒരു മുട്ടൻ തള്ള്! ജോസ് ക്യൂവീന്ന് പൊറത്തായി.
"എന്നാ കോപ്പൊണ്ടാക്കാനാ..., " ദേഷ്യത്തോടെ തിരിഞ്ഞ ജോസിന് വാക്കുകള് പകുതിക്ക് വിഴുങ്ങേണ്ടി വന്നു. പൊറകീ നിന്നത് സ്ഥലത്തെ പ്രധാന തല്ലുപിടിക്കാരനായ മണക്കാട്ടിലെ ചാക്കോ.
"ഡാ കൊച്ചെർക്കാ, തരത്തീപ്പോയിക്കളിക്കെടാ," കൂടെ താടിക്കിട്ടൊരു തേമ്പും. ഒന്നും മിണ്ടാണ്ടെ അവിടന്ന് പോരേണ്ടിവന്നു. അതീപ്പിന്നെ എന്ന് 'നരസിംഹം' ടീവീല് വന്നാലും അന്നത്തെ ദിവസം പോക്കാണ്.
ഇന്നെന്തായാലും ക്യൂവിന് വെളിയില്‍ പോകാതെ തന്നെ കൗണ്ടറിനു അടുത്തെത്തി. അധികം ആലോചിക്കാണ്ട് മാജിക് മൊമെന്റ്സ് വാങ്ങി നേരെ കടേലേട്ട്. പള്ളിക്കവലേലുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് കോണികേറിച്ചെന്നപ്പോൾ വാതലിന്റെ മുമ്പില് ആരോ പുറംതിരിഞ്ഞു നിൽക്കുന്നു. പൊറകീന്ന് കണ്ടിട്ട് ജോസിനാളേ മനസിലായില്ല. നടന്നു വരണ ഒച്ച കേട്ടിട്ടാണോ എന്തോ അയാള് തിരിഞ്ഞു നിന്നു.
സിജോപ്പൻ! കൊച്ചിലേ തൊട്ട് ജോസിന്റെ ഒരേയൊരു കൂട്ടുകാരൻ. പാച്ചോറ് പാത്രത്തീ മൊഖമടിച്ചു വീഴുമ്പോ പിടിച്ചു എഴുന്നേപ്പിക്കാനും, തടിയ്ക്ക് തേമ്പുകിട്ടുമ്പോ കൂടെ നിക്കാനുംമാത്രമുള്ള അടുപ്പം. അങ്ങനിരിക്കുമ്പോ ആളെ കാണാതാകും. ഇപ്പോ തന്നെ ഏതാണ്ട് എട്ട് വർഷമായിക്കാണും തമ്മീക്കണ്ടിട്ട്. പണ്ടത്തേപ്പോലെ തന്നെ മെലിഞ്ഞിരിക്കുന്നു, ഒരൊറ്റ മുടി പോലും നരച്ചിട്ടില്ല. ഇടത്തേ പുരികത്തിനു കുറുകേയുള്ള വെട്ടുപോലും അതേപോലെയൊണ്ട്.
"എന്നാടാവേ, നമ്മളെയൊന്നും ഓർമയില്ലല്ലോ...," സിജോപ്പന്റെ ശബ്ദം അവിടെ മുഴങ്ങി. ശരിയാണ്, ഈ കാഴ്ചയ്ക്കു മുമ്പ് ഇവൻ മനസ്സിലേ ഇല്ലായിരുന്നു എന്ന് ജോസ് ഓർത്തു. അതു പുറത്തു കാണിക്കാതെ അവൻ കച്ചോടക്കാരന്റെ ചിരി പുറത്തെടുത്തു.
'' പൊന്നു കൂട്ടുകാരാ, നീയിങ്ങനെ നിന്നനിപ്പീമുങ്ങിയാ എന്നാ ചെയ്യാൻ പറ്റും. നിനക്കാണേ വിളിച്ചാകിട്ടണ നമ്പറുപോലുവില്ല. എന്നായാലും വന്ന ടൈം കറക്ടാ," സിജോപ്പന്റെ തോളീത്തട്ടി ജോസ് മുറി തുറന്നകത്തുകയറി.
മുറിയുടെ ഇടത്തെ മൂലയ്ക്ക് അടുക്കി വെച്ചിരിക്കുന്ന റബർഷീറ്റിന്റേം ചാക്കില്‍ കെട്ടിവെച്ച മലഞ്ചരക്കിന്റേം മണം മൂക്കിലേട്ടടിച്ചു കേറിയപ്പോ ജോസിന് ഓക്കാനിക്കാൻ വന്നു.
"ഇത്രേം നാളായിട്ടും എന്നാടാ ഇങ്ങനെ. ഒന്നൂല്ലേലും നിന്റെ ചോറല്ലേ," സിജോപ്പന്റെ ചോദ്യം കേട്ട് ജോസിന് തല കുനിക്കേണ്ടി വന്നു.
“അതൊക്കെപ്പോട്ടെ, നീ കാര്യം പറ. എവിടാരുന്നു ഇത്രേം നാള്?” അലമാരയിലെ മുകളിലത്തെ ഷെല്‍ഫില്‍ നിന്ന് ജോസ് മൂന്ന് ഗ്ലാസ് പുറത്തെടുത്തു.
“അതെന്നാടാ മൂന്ന് ഗ്ലാസ്?”
സിജോപ്പന്‍ ചോദ്യം കേട്ടഭാവം കാണിച്ചില്ല. പണ്ടുതൊട്ടേ അവന്‍ ഇങ്ങനെയാണ്.
“കടേല്‍ നിക്കണ ബംഗാളി കൂടെ ഇപ്പ വരും. ഒരു കമ്പനി ഇല്ലാത്തകൊണ്ട് അവനെ ചുമ്മാ വിളിച്ചു. ഇനി പറഞ്ഞു വിട്ടാ മോശമാ.”
“വിശ്വസിക്കാന്‍ കൊള്ളുവോടാ,” സിജോപ്പന്റെ നെറ്റിയില്‍ സംശയം കൂടുകൂട്ടി.
“അഞ്ചാറു വര്‍ഷമായി കൂടെയൊണ്ട്. കുടുംബോമായിട്ട് കക്കാട്ടിലാ താമസം. ചെറുക്കന്‍ നമ്മടെ കുന്നുംപുറം സ്കൂളില്‍ പഠിക്കുന്നു. നല്ലവനാ."
“ആണേല്‍ നിനക്ക് കൊള്ളാം, ഞാന്‍ ജസ്റ്റ് ചോദിച്ചതാ. എന്നായാലും നീ രണ്ടെണ്ണം ഒഴി.”
രണ്ടു പെഗ് അകത്ത് ചെന്നപ്പോ ജോസിന് കൊറച്ചു സമാധാനം വന്നു. അറവുഷാജി ഏതാണ്ട് മനസീന്ന് ഇറങ്ങിപ്പോയി എന്നായപ്പോഴാണ് സിജോപ്പന്‍ കറക്ടായി അത് തന്നെ എടുത്തിട്ടത്.
“ആ ഷാജിക്ക് ഇച്ചരെ കുമ്പാസുകളി കൂടുതലാ, അല്ലെടാ,” ചോദ്യത്തിനൊപ്പം അവന്റെ പുരികത്തിലെ മുറിവ് വിടരുന്നത് ജോസ് നോക്കി നിന്നു.
“ഞാറാഴ്ച ആള് കൂടുമ്പ അവന് ഇച്ചിരി ഷോ ഉണ്ട്. അല്ലാത്തപ്പോ വല്യ കൊഴപ്പം ഇല്ല. പക്ഷെ, നീയെങ്ങനെ...”
“നീ എറച്ചി വാങ്ങിക്കാന്‍ പോയപ്പോ ഞാന്‍ അവിടൊക്കെ ഉണ്ടാരുന്നു. നിന്നെ വിളിക്കാവെന്നു വെച്ച് നോക്കിയപ്പോ നീ ആ കൈനറ്റിക്കേല്‍ കേറി കത്തിച്ചുവിട്ടു. അതാ ഇങ്ങോട്ട് വന്നു നോക്കാവെന്നു വിചാരിച്ചത്.” മൂന്നാമത്തെ പെഗ്ഗിനുവേണ്ടി സിജോപ്പന്‍ ഗ്ലാസ് നീട്ടി...
“പോട്ട്രാവേ, അവന്‍ ചുമ്മാ അങ്ങനാ. അധികം റോള്‍ ഇറക്കിയാ ഞാന്‍ കൂത്താട്ടുകുളത്ത് എംപിഐലോട്ട് പോകും. പിന്നല്ലാണ്ട്!”
“അതങ്ങനെ വിട്ടാ പറ്റൂല്ലല്ലോ, അവനിട്ട് ഒരു പണികൊടുക്കണം,” വെള്ളം പോലും ചേര്‍ക്കാതെ സിജോപ്പന്‍ ഒറ്റവലിക്ക് സാധനം കുടിച്ചുതീര്‍ത്തു ഇടത്തോട്ട് തിരിഞ്ഞിരുന്നു നാക്കിലെ തരിപ്പ് തുപ്പിക്കളഞ്ഞു.
“വേണ്ടേ.. നീ ഇതിനുമുന്നെ സഹായിച്ചതിന്റെ കേട് ഇതുവരെ തീര്‍ന്നിട്ടില്ല.” ജോസ് കുപ്പി അടച്ചു വെച്ചു. ഇനി അടിച്ചാല്‍ ശരിയാകില്ല എന്ന് അവനു തോന്നി.
“അതെന്നാടാ നീ അങ്ങനെ പറയുന്നേ,” സിജോപ്പന്റെ വാക്കുകളില്‍ സങ്കടം.
“പിന്നല്ലാണ്ട്. വേണേല്‍ എണ്ണം ഇട്ടു പറയാം. പണ്ട് സ്കൂളില്‍ ലിസിക്കുട്ടീടെ ബാഗ് കുത്തികീറിയപ്പോ സാറിന്റെ കയ്യീന്ന് അടികിട്ടിയതൊട്ടു എത്ര വേണം,” ജോസിന്റെ ഒച്ച ഉയര്‍ന്നു.
“അതിനൊക്കെ നമ്മള് അടച്ചു പണികൊടുത്തില്ലേ? ഇതും അങ്ങനെ ചെയ്യാവന്നേ,” സിജോപ്പന്‍ കുലുങ്ങിച്ചിരിച്ചു.
“സേട്ടായീ…,” ജോസ് തിരിഞ്ഞുനോക്കിയപ്പോള്‍ വലത്തേ ചെവിയില്‍ ഇയര്‍ ഫോണും കുത്തിയിട്ട് കണ്ണും മിഴിച്ചു നോക്കി നിക്കുന്ന സത്യജിത്.
“പൊന്നെടാവേ, സേട്ടായി അല്ല. ഇനി ഒരിക്കക്കൂടി വിളിച്ചാ… അപ്പൊ പറയാം. മര്യാദക്ക് മലയാളം പറയാന്‍ പറ്റുവേലേല്‍ ഹിന്ദി പറഞ്ഞാലും മതി," ജോസ് കലിപ്പിലായി.
കള്ളകത്തുചെന്നാല്‍ ജോസിന്റെ സ്വഭാവം മാറും എന്നറിഞ്ഞാണോ എന്തോ സത്യജിത് മിണ്ടാണ്ടെനിന്നു.
“കള, ഇവനൊക്കെ ജമ്മം ചെയ്‌താല്‍ മര്യാദക്ക് മലയാളം പറയൂല്ല,” സിജോപ്പന്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.
“നീ മിണ്ടാണ്ടിരി. ഇത് ഞങ്ങള് തമ്മിലുള്ള കാര്യമാ,” ഒരാള്‍ കൂടി കേക്കാന്‍ ഉണ്ട് എന്ന് മനസിലായപ്പോ ജോസിന് ആവേശം കൂടി.
“ശരി, നീ എന്നാ വേണേല്‍ ചെയ്യ്," സിജോപ്പന്‍ തിരിഞ്ഞിരുന്നു.
ജോസ് ഒരുനിമിഷം ആലോചിച്ചു. വെറുതെ അവന്റെ നെഞ്ചത്ത് കേറീട്ടു എന്തുകാര്യം. ഇവിടുന്നു ഇറങ്ങിയാല്‍ ഇവന് നാളെത്തന്നെ വേറെ പണികിട്ടും. അവിടിരിക്കുന്ന റബര്‍ഷീറ്റും മലഞ്ചരക്കും തന്നെ നോക്കി കൊഞ്ഞനംകുത്തുന്നതുപോലെ അവനുതോന്നി.
“ ആ പോട്ട്, നീയിരി. സാധനം എടുത്തിട്ടുണ്ട്. രണ്ടെണ്ണം അടിക്കാം എന്ന് വെച്ചാ നിന്നെ വിളിച്ചേ.”
ഒരു ലാര്‍ജ് ഒഴിച്ച് ജോസ് സത്യജിത്തിന്റെ കയ്യിലെട്ടുകൊടുത്തു. മിച്ചം ഇരുന്ന രണ്ടുഗ്ലാസില്‍ ഓരോ ചെറുതും ഒഴിച്ചു. സിജോപ്പനും ജോസും കുടിച്ചുകഴിഞ്ഞിട്ടും സത്യജിത് കുടിച്ചുതുടങ്ങിപോലുവില്ല, അവന്റെ മുഖത്ത് അപ്പോഴും അമ്പരപ്പ് മാറീട്ടില്ല. ജോസിന് പിന്നേം ദേഷ്യംവന്നു.
“എന്നാ നോക്കി നിക്കുവാടാ? അങ്ങ് കുടിക്ക്!” സത്യജിത് ഒറ്റവലിക്ക് സാധനം തീര്‍ത്തു.
“നീ ചുമ്മാ കലിപ്പാകുവാ ജോസേ. അടച്ച മുറീല്‍ ഇരുന്നു കുടിച്ചാ ഇതാ പ്രശ്നം. നമക്ക് പൊറത്തോട്ടെറങ്ങാം,” അതുവരെ മിണ്ടാണ്ടിരുന്ന സിജോപ്പന്‍ ഇടപെട്ടു.
“എങ്ങോട്ട് ഒണ്ടാക്കാന്‍? പണ്ടിരുന്നു കുടിച്ചോണ്ടിരുന്ന ഒരു സ്ഥലത്തും ഇപ്പൊ പറ്റൂല്ല. ഒള്ളെടത്ത് ഒക്കെ പുതിയ പിള്ളേര് കാണും. ഇതല്ലാണ്ടേ വേറെ സെറ്റപ്പ് ഒന്നും ഇപ്പൊ ഇല്ല. തല്‍ക്കാലം ഇവിടിരുന്നു കുടിക്കാം.”
“ഒരു സ്ഥലവൊണ്ട് മോനേ, പക്ഷെ നീ വരൂല്ല”, സിജോപ്പന്റെ മുഖത്ത് ഒരു പുച്ഛം നിറഞ്ഞ ചിരി.
“നീ പറ, എവിടെയാണേല്‍ വരാം,” ജോസിനിച്ചിരി വാശിയായി.
“പെറവംപൊഴ, ഒരു വള്ളോം എടുത്തോണ്ട് പോയാ മതി. നിങ്ങക്കാണേല്‍ ഒരു വള്ളം ഇപ്പഴും കടവില്‍ കേറ്റി ഇട്ടിട്ടൊണ്ടല്ലോ. അപ്പൊ അതും പ്രശ്നം ഇല്ല.”
ജോസിന്റെ കയ്യും കാലും വെറച്ചുതൊടങ്ങി. കുടിച്ച കള്ളിന്റെ പറ്റു മുഴുവന്‍ ഏതോ വഴിക്ക് പോയി. എട്ടാം ക്ലാസീ പഠിക്കുമ്പോ ഒറ്റയ്ക്ക് വള്ളോം എടുത്ത് പൊഴേല്‍ പോയി വള്ളംമറിഞ്ഞു ഒരുതരത്തില്‍ രക്ഷപെട്ടതീപ്പിന്നെ കാലുകഴുകാന്‍ പോലും അവന്‍ പൊഴവക്കില്‍ പോയിട്ടില്ല.
സിജോപ്പന്‍ പൊട്ടിച്ചിരിച്ചു. “എങ്ങനൊണ്ട്! ഞാന്‍ പറഞ്ഞില്ലേ... വല്ല മാറ്റോം ഒണ്ടോ? നിന്നെക്കൊണ്ട് പറ്റുവേല.”
അവന്റെ കളിയാക്കല് കേട്ടിട്ടാണോ എന്തോ എവിടുന്നോ ജോസിനൊരു ധൈര്യം കേറി വന്നു.
“ബാ പോവാം. ഡാ, നീ ഈ സാധനോം എടുത്ത് എടുത്ത് പള്ളിക്കടവിലോട്ടു വാ. ഞങ്ങള് ഈ വണ്ടീല്‍ പോകാം.”
എന്താ നടക്കുന്നത് എന്ന് അറിയാതെ നോക്കിനിന്ന സത്യജിത്തിന്റെ കയ്യില്‍ കുപ്പിയും ഗ്ലാസും കൊടുത്ത് ജോസ് പുറത്തേക്കിറങ്ങി.
“അവന് എന്നാത്തിനാ? നമ്മള് പോരെ? പഴയ കഥേം പറഞ്ഞു ഇരിക്കുമ്പോ എടയ്ക്ക് ഒരാള് ബോറാ”, വണ്ടി പള്ളിക്കവല തിരിയുന്നതിനിടെ സിജോപ്പന്‍ അഭിപ്രായപ്പെട്ടു.
“നീ വന്നു വള്ളം തൊഴയുവോ? ഈ വള്ളോം എടുത്ത് അവന്‍ ചെലപ്പോ മീന്‍ പിടിക്കാന്‍ പോവാറൊണ്ട്. ഒരെണ്ണം ഒഴിച്ചുകൊടുത്താല്‍ ബാക്കികാര്യം അവന്‍ നോക്കിക്കോളും.”
“ബുദ്ധിമാനേ...,” സിജോപ്പന്‍ ജോസിന്റെ മുതുകില്‍ അമര്‍ത്തിത്തല്ലി.
കുറ്റീന്നു കെട്ടഴിച്ചു സത്യജിത് വള്ളം ഇറക്കുന്നേനുമുമ്പേ ജോസ് വല്യപള്ളീടെ നേരെ നിന്ന് നെഞ്ചില്‍ കൈ വെച്ചു. ഉള്ള മൂന്ന് പള്ളികളില്‍ എവിടെയെങ്കിലും കര്‍ത്താവ് കാണുമോ എന്ന് പെട്ടെന്ന് തോന്നിയ സംശയം അവന്‍ കണ്ടില്ലെന്ന് വെച്ചു.
വള്ളത്തിലേക്ക് കാലെടുത്തു വയ്ക്കുമ്പോള്‍ ഉള്ള ധൈര്യം പോകുന്നത് ജോസ് അറിഞ്ഞു. പുഴയുടെ ഓളം വെട്ടുന്നതിനനുസരിച്ചു അവന്റെ ചങ്കിടിച്ചുതുടങ്ങി. മണല് വാരല് കുറഞ്ഞേപ്പിന്നെ പൊഴയുടെ ഒഴുക്ക് കൂടി. പക്ഷെ അന്നുണ്ടായ കുഴികള്‍ ഒന്നും മൊത്തമായും നെകന്നിട്ടില്ല. കുഴീടെ മോളില്‍ തന്നെ ചുഴീം ഒണ്ട്. എങ്ങാനും വീണുപോയാല്‍ അതോടെ തീര്‍ന്നു. നടുക്കുള്ള പടിയില്‍ അമര്‍ന്നിരുന്നപ്പോള്‍ ആണ് കുറച്ചു സമാധാനം ആയത്. ജോസിന്റെ തൊട്ടുപിന്നില്‍ സിജോപ്പന്‍, അറ്റത് സത്യജിത്.
“കക്കാട് കടവിന്റെ അങ്ങോട്ട് തൊഴഞ്ഞോ”, ജോസ് പറഞ്ഞതുംപ്രകാരം സത്യജിത് തുഴഞ്ഞുതുടങ്ങി. പുഴയുടെ നടുക്ക് വള്ളം എത്തിയപ്പോ ജോസ് പടികളില്‍ അമര്‍ത്തിപ്പിടിച്ചു.
“ഇത്രേ ഒള്ളു.. നീ ഒരെണ്ണം ഒഴി”, സിജോപ്പന്റെ ശബ്ദം ഒരു മുഴക്കലോടെ ജോസ് കേട്ടു.
വീണ്ടും രണ്ടു പെഗ് കൂടി അകത്തുചെന്നപ്പോ ജോസിന്റെ പേടി മാറി. അല്ലെങ്കിലും സിജോപ്പന്‍ കൂടെ ഉള്ളപ്പോ ജോസിന് ഒരു ധൈര്യം ആണ്. കുറച്ചുകൂടി മുന്‍പോട്ടു പോയപ്പോ സിജോപ്പന്‍ പണ്ട് സ്കൂളില്‍ പാടിനടന്ന ഒരു പാട്ട് പാടാന്‍ തൊടങ്ങി. ഒന്നും മനസിലായില്ലെങ്കിലും സത്യജിത് തലയാട്ടി താളം പിടിച്ചു. ആകാശത്തിന് നല്ല തെളിച്ചം ഉണ്ട്, എന്നായാലും മഴ പെയ്യൂല്ല.
“ ചേട്ടായീ… ദേഖോ, ബടി മച്ലീ,” സത്യജിത് ചൂണ്ടിയ സ്ഥലത്തേക്ക് നോക്കീട്ടു ജോസ് ഒരു മീനിനേം കണ്ടില്ല. പക്ഷെ വെള്ളത്തിന്റെ അടിയില്‍ക്കൂടെ എന്തോ പോകുന്നു. എന്തോ ചോദിക്കാന്‍ തുടങ്ങിയ സിജോപ്പനെ കൈകൊണ്ട് തടുത്ത് ജോസ് സൂക്ഷിച്ചുനോക്കി. ചുവപ്പ്നിറത്തില്‍ എന്തോ ഒന്ന്. വെള്ളത്തിനടിയില്‍ക്കൂടെ ഒരു പെങ്കൊച്ച് കമിഴ്ന്നു നീന്തുന്നു. രണ്ടായി പിന്നിയിട്ട മുടി, അതിന്റെ അറ്റത്ത് കെട്ടിയ ചൊമല റിബണ്‍! എതിരെ വന്ന ഒരു ചുഴിക്കൊപ്പം കൊച്ചു നിവര്‍ന്നു. ടോര്‍ച്ചടിച്ചപോലെ തിളക്കമുള്ള മുഖം. നെറ്റിയില്‍ ഒരു മുറിവ്. അതില്‍നിന്നും ഒലിച്ചുവരുന്ന ചോര ചുഴിയില്‍ കൂടി കയറിയിറങ്ങി വട്ടം ചുറ്റുന്നു. വെള്ളത്തില്‍ നിന്ന് ചോര മാഞ്ഞപ്പോഴാണ് ജോസിന് മുഖം വ്യക്തമായത്, ലിസിക്കുട്ടി!
ഇരുന്ന ഇരുപ്പില്‍ ജോസ് പിന്നോക്കം മറിഞ്ഞു.സത്യജിത് എങ്ങനെയോ വള്ളം മറിയാതെ പിടിച്ചുനിര്‍ത്തി.
“എന്നാടാ? എന്നാ പറ്റി...,” സിജോപ്പന്റെ വാക്കില്‍ ജോസിനോടുള്ള കരുതല്‍ മുഴച്ചുനിന്നു.
“അവള്… അവിടെ..,” ജോസ് കൈ ചൂണ്ടി. ലിസിക്കുട്ടി അപ്പോഴും വള്ളത്തിനൊപ്പം നീന്തുന്നുണ്ടായിരുന്നു.
“ആര്? ഞാനൊരു കോപ്പും കാണണില്ല.” സിജോപ്പന്‍ ചുറ്റും നോക്കി. ലിസിക്കുട്ടി സിജോപ്പനെ നോക്കി കൈ വീശിക്കാണിച്ചു.
“അവളാ, ലിസിക്കുട്ടി… ഇപ്പോഴും എട്ടാംക്ലാസിലേപ്പോലെയിരിക്കുന്നു, ജോസിന്റെ വാക്കുകള്‍ പതറി.
“അങ്ങനെ വരൂല്ലല്ലോ... അതിനു ഒരു ചാന്‍സും ഇല്ല”.
ലിസിക്കുട്ടി ഡോള്‍ഫിന്‍ ചാടുന്ന പോലെ ചാടിമറിഞ്ഞു. വല്യപള്ളിപ്പെരുന്നാളിനു കത്തിച്ചുവെച്ച പൂക്കുറ്റി ചെതറിയപോലെ വെള്ളം ജോസിന്റെ മേലേക്ക് വീണു. പക്ഷേ കൈ വെച്ച് തൂത്തപ്പോ നനവൊന്നും കാണാനില്ല.
“നീ എങ്ങോട്ടാ കോപ്പേ നോക്കുന്നേ, അവള് അവിടെക്കെടന്നു ചാടി മറിയുന്നു...” ജോസിന് കരച്ചില്‍ വരുന്നപോലെ തോന്നി, പുഴയുടെ ഒഴുക്ക് കൂടുന്നപോലെ.
“ഇല്ലടാ, അവള് വരൂല്ല. അതിനൊള്ളത് നമ്മള് പണ്ടേക്ക് പണ്ടേ ചെയ്തതല്ലേ?”, സിജോപ്പന്റെ ഒച്ച മാറി.
“നീ എന്നാ ഈ പറയുന്നേ? ആര്, എന്ത് ചെയ്തു?” ജോസിന് ഒന്നും മനസിലായില്ല.
“അതേടാ, നീ എല്ലാം മറക്കും. എന്തേലും വെഷമം വരുമ്പോ മാത്രം സിജോപ്പന്‍ വേണം. ഇതേ വള്ളം, ഇതേ പൊഴ. ചുമ്മാതല്ല നിനക്ക് പൊഴ ഇത്ര പേടി. ഇങ്ങനെയാണേല്‍ നീ എങ്ങനെ ജീപ്പ് ഓടിക്കും? മണക്കാട്ടില്‍ ചാക്കോച്ചനെ മറന്നോ?”
സിജോപ്പന്റെ മുഖം ഇരുണ്ടു. ഇടതുകണ്‍പുരികത്തിനുമുകളില്‍ ഉള്ള വെട്ട് വിറച്ചുതുടങ്ങി. ഇതിനിടെ ലിസിക്കുട്ടി വള്ളത്തിനടുത്തേക്ക് നീന്തിയെത്തി. തോളില്‍ ഇരുന്ന സിജോപ്പന്റെ കൈ തട്ടിമാറ്റി ജോസ് അവളുടെ മുഖത്തേക്ക് ഉറ്റുനോക്കി. ലിസിക്കുട്ടിയുടെ കണ്ണുകളില്‍ അവന്‍ തന്റെ ഇടത്തുപുരികത്തിനു കുറുകെയുള്ള വെട്ട് കൃത്യമായി കണ്ടു.
തടഞ്ഞുവച്ച ഓര്‍മ്മകള്‍ അണപൊട്ടിവരുന്നത് ജോസ് മനസിലാക്കി. ലിസിക്കുട്ടി, മണക്കാട്ടില്‍ ചാക്കോ, കുഞ്ഞുമോളുടെ അപ്പന്‍ സേവ്യര്‍...അവനുചുറ്റും ഏഴുമുഖങ്ങള്‍ തിക്കിത്തിരക്കി. അവന്റെ ചിന്തകള്‍ മനസിലാക്കിയെന്നോണം സിജോപ്പന്‍ ചിരിച്ചു.
“അപ്പ കാര്യം പിടികിട്ടി. ചെറിയൊരു പണികൂടി ബാക്കി ഉണ്ട്. അവന്‍ എല്ലാം കേട്ടു. ഇതുകൂടി നമുക്ക് തീരുമാനമാക്കാം, എന്നിട്ട് ഞാന്‍ പൊക്കോളാം.” വള്ളത്തിന്റെ അറ്റത്ത് പേടിച്ചിരിക്കുന്ന സത്യജിത്തിന്റെ നേരെ സിജോപ്പന്‍ കൈ ചൂണ്ടി.
“ശരിയാ, തീരുമാനമാക്കാം...”
സിജോപ്പന്റെ കണ്ണുകളിലെ തിളക്കം മാറുന്നതിനുമുന്പ് ജോസ് അവനെയും വട്ടം പിടിച്ച് വെള്ളത്തിലേക്ക് എടുത്തുചാടി. സത്യജിത്തിന്റെ നിലവിളികള്‍ കേട്ടില്ലെന്നു നടിച്ച് അവന്‍ സിജോപ്പനെ മുറുക്കിപ്പിടിച്ചു വെള്ളത്തിലേക്ക് താണു. ജോസിനേം പിടിച്ച് മുകളിലേക്ക് നീന്തിക്കയറാന്‍ നോക്കിയ സിജോപ്പന്റെ കൈകളെ ലിസിക്കുട്ടി മുടിയിലെ ചൊമല റിബണ്‍ അഴിച്ചെടുത്ത് കെട്ടിയിട്ടു, പുഴയിലേക്കരിച്ചുകയറിയ സൂര്യപ്രകാശത്തില്‍ അവളുടെ മുഖം മിന്നലുപോലെ തിളങ്ങി. അടിയൊഴുക്കില്‍പെട്ട് സിജോപ്പന്‍ അലിഞ്ഞുതീരുന്നത് കണ്ടുകൊണ്ട് ജോസ് ലിസിക്കുട്ടിയുടെയൊപ്പം പുഴയുടെ ആഴങ്ങളിലേക്ക് മുങ്ങാംകുഴിയിട്ടിറങ്ങി.
തലക്കെട്ടിന് ഡീന്‍ കൂണ്‍ട്സിനോട് (The Book of Counted Sorrows, Dean Koontz) കടപ്പാട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.