സ്പെയിൻകാർ മെക്സിക്കോ കീഴടക്കുമ്പോൾ അവിടം ഭരിച്ചിരുന്നത് മൊണ്ടെസൂമ എന്നു പേരുള്ള ആസ്ടെക് ഇന്ത്യൻ ചകവർത്തിയായിരുന്നു. കീഴടക്കാൻ വന്ന സ്പെയിൻകാരുടെ തലവനെ, തിരിച്ചു വരുമെന്ന് തന്‍റെ പൂർവികർക്ക് വാക്ക് കൊടുത്തിട്ട് മറഞ്ഞ ക്വെത്സാൽകോത്തിൽ എന്ന ദൈവമാണെന്നു കരുതി അദ്ദേഹം സ്വീകരിച്ചു. അവരാകട്ടെ ചതിയിലൂടെ അദ്ദേഹത്തെ വധിക്കുകയും ചെയ്തു. സ്പെയിൻകാരുടെ ആഗമനവുമായി ബന്ധപ്പെട്ട ഈ പുരാവൃത്തത്തിൽ മാജിക്കല്‍ റിയലിസത്തിന്‍റെ വിത്തുകൾ ചിതറിക്കിടക്കുന്നത് കാണാൻ കഴിയും.

എട്ട് ശകുനങ്ങൾ

സ്പെയിൻകാർ മെക്സിക്കോ കീഴടക്കുന്നതിന് പത്തു വർഷങ്ങൾക്ക് മുമ്പുതന്നെ അവരുടെ വരവറിയിക്കുന്ന ദുഃശകുനങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരുന്നു.  ഇതായിരുന്നു ആദ്യത്തെ ശകുനം:

അതൊരു തീത്തൊങ്ങലായിരുന്നു; തീച്ചിറക്, വെള്ള കീറുമ്പോഴത്തെ വെട്ടം ആകാശത്തിലൂടെ തുളച്ചിറങ്ങുന്നതു പോലെ, അറ്റം കൂർത്തും അടി പരന്നും അത് കിഴക്കുയർന്ന് ആകാശത്തിന്‍റെ നടുവിലേയ്ക്കെത്തി; ആകാശത്തിന്‍റെ ഹൃദയത്തിലേക്ക്, പാതിരാവിൽ പകൽവെട്ടം പോലെ വെളിച്ചം പടർത്തിക്കൊണ്ട്. നേരം വെളുത്താൽ അത് മാഞ്ഞു പോകും. പന്ത്രണ്ടാം രാശിയിൽനിന്ന് തുടങ്ങിയ അത് വർഷം മുഴുവൻ നീണ്ടു നിന്നു. അത് പ്രത്യക്ഷപ്പെട്ടാലുടൻ ആളുകൾ കൈകൾ കൊണ്ട് സ്വന്തം മുഖത്തടിച്ച് നിലവിളിക്കാൻ തുടങ്ങും. എല്ലാവരും പേടിച്ചു, എല്ലാവരും അലമുറയിട്ടു.

തുടർന്ന്, ഇവിടെ മെക്സിക്കോയിൽ രണ്ടാം ശകുനവും പ്രത്യക്ഷപ്പെട്ടു: പിശാചായ *ഹുയിത്സിലോപോക്തിലിയുടെ അമ്പലത്തിൽ തീ പടർന്നു. ആരും തീയിട്ടതായിരുന്നില്ല, തീ, തനിയെ പൊട്ടിപ്പുറപ്പെട്ടതായിരുന്നു. ആളുകൾ കണ്ടപ്പോഴേക്കും മരത്തൂണുകൾ ആളിക്കത്തുകയായിരുന്നു, തീത്തൊങ്ങലുകൾ, തീച്ചിറകുകൾ, തീനാവുകൾ ഉയർന്ന് അരാധനാലയം മുഴുവൻ നക്കിത്തുടയ്ക്കുകയായിരുന്നു. ആളുകൾ നിലവിളികൂട്ടി: ”പാത്രങ്ങളെടുക്ക്! ഓടിച്ചെല്ല്! തീകെടുത്ത്!” പക്ഷേ, വെള്ളമൊഴിച്ചപ്പോൾ കാറ്റു വീശിയിട്ടെന്നോണം, തീ ആളിപ്പടരുകയാണുണ്ടായത്.

jayakrishnan

മൂന്നാം ശകുനം: അഗ്നിദേവന്‍റെ ത്സൊമ്മൊൽകോ എന്നു പേരുള്ള, ഓലമേഞ്ഞ അമ്പലത്തിന് ഇടിമിന്നലേറ്റു. ശക്തമായ മഴയില്ലായിരുന്നു, വെറും ചാറ്റൽ മഴ – അതു കൊണ്ടു തന്നെ അതൊരു ദുഃശകുനമാണെന്ന്എല്ലാവർക്കും മനസ്സിലായി. ചൂടിന്‍റെ ഇടിമിന്നലായിരുന്നു അത്, ഇടി മുഴക്കവും കേട്ടില്ല.

ഇതായിരുന്നു നാലാം ശകുനം: പകലൊടുങ്ങാതിരിക്കെത്തന്നെ പടിഞ്ഞാറു നിന്ന് ഒരു വാൽനക്ഷത്രം വന്ന് കിഴക്കു ദിക്കിൽ പതിച്ചു. അത് ഒരേ സമയം മൂന്നു വാൽ നക്ഷത്രങ്ങളാണെന്ന് തോന്നുമായിരുന്നു. അതിന്‍റെ നീണ്ടു നീണ്ടു കിടന്ന വാലിൽ നിന്ന് തീപ്പൊരികൾ ജലധാരപോലെ ചിതറി. അത് പ്രത്യക്ഷമായപ്പോൾ ഒരലർച്ചകേട്ടു; അനേകം പേർ ആർത്തലച്ച് കരയുന്നതുപോലെ .

അഞ്ചാം ശകുനം ഇങ്ങനെയായിരുന്നു. കാറ്റില്ലാതെ തന്നെ തടാകത്തിലെ ജലം തിളച്ചുയരാൻ തുടങ്ങി.എന്നു വെച്ചാൽ വെള്ളം ഒരു ചുഴി പോലെ ഉയർന്നുവ ന്നു. അതുയർന്ന് ദൂരെ, വീടുകളുടെ തറ നിരപ്പു വരെയെത്തി, പിന്നെ വീടുകളെ മൂടി. വീടുകൾ നുറുങ്ങിപ്പൊടിഞ്ഞു. ഞങ്ങളുടെ തൊട്ടടുത്തുള്ള ആ വലിയ തടാകമായിരുന്നു അത്.

ആറാംശകുനം: ഇടയ്ക്കിടെ ഒരു സ്ത്രീയുടെ ശബ്ദം കേൾക്കാൻ തുടങ്ങി: അവൾ തേങ്ങുകയും കരയുകയും ചെയ്തു. രാത്രിയിൽ ഉറക്കെ കരഞ്ഞുകൊണ്ട് അവൾ പറയുമായിരുന്നു: “മക്കളേ,ഞങ്ങൾ മരിച്ചു കൊണ്ടിരിക്കുകയാണ്.” മറ്റുചിലപ്പോൾ അവൾ ഇങ്ങനെയും പറഞ്ഞു: ”മക്കളേ, ഞാൻ നിങ്ങളെ എങ്ങോട്ടു കൊണ്ടുപോകും?”

jayakrishnan

ഏഴാം ശകുനവും വിചിത്രമായിരുന്നു: വേട്ടയാടുന്നതിനിടയിൽ ജലമനുഷ്യരുടെ കെണിയിൽ കൊക്കിനെപ്പോലുള്ള ഒരു പക്ഷി അകപ്പെട്ടു. ചക്രവർത്തിയായ മൊണ്ടെസൂമയെ കാണിക്കാൻ അവരതിനെ അദ്ദേഹത്തിന്‍റെ ഇരുണ്ട കൊട്ടാരത്തിലേക്ക് കൊണ്ടു വന്നു. സൂര്യൻ മലമുടികൾക്കു പിന്നിൽ മറഞ്ഞു കഴിഞ്ഞിരുന്നെങ്കിലും പകൽ വെളിച്ചം അപ്പോഴും ബാക്കിയുണ്ടായിരുന്നു. പക്ഷിയുടെ തലയിൽ വട്ടത്തിലുള്ള ഒരു കണ്ണാടിയുണ്ടായിരുന്നു – ആകാശത്തെയും അരണിയുടെ ആകൃതിയുള്ള നക്ഷത്രക്കൂട്ടത്തെയും നിങ്ങൾക്കതിലൂടെ കാണാൻ കഴിയും. കണ്ടപ്പോൾ അതൊരു ഭയങ്കര ശകുനമാണെന് മൊണ്ടെസൂമയ്ക്ക് മനസ്സിലായി. വീണ്ടും നോക്കിയപ്പോൾ കണ്ണാടിയിൽ അദ്ദേഹം പടയാളികളെ കണ്ടു. അവർ കീഴടക്കുന്നവരായിരുന്നു, ആയുധധാരികളായിരുന്നു; അവർ മൃഗങ്ങളുടെ പുറത്ത് സവാരി ചെയ്തു. ചക്രവർത്തി ഉടനെ ജ്യോതിഷികളെയും പണ്ഡിതന്മാരെയും വിളിച്ചുവരുത്തി: “ഞാൻ കാണുന്നത് നിങ്ങളും കാണുന്നുണ്ടോ? അനേകംപേർ വരുന്നതു പോലെ തോന്നുന്നു.” പക്ഷേ, അവർ നോക്കിയപ്പോഴേക്കും ആ പ്രതിബിംബങ്ങൾ മാഞ്ഞുകഴിഞ്ഞിരുന്നു; അവർക്കതിനെപ്പറ്റി ഒന്നും പറയാൻ കഴിഞ്ഞില്ല.

എട്ടാം ശകുനം: രണ്ടു തലയുള്ള രാക്ഷസന്മാർ തുടർച്ചായി പ്രത്യക്ഷപ്പെടാൻ തുടങ്ങി. മൊണ്ടേസൂമയെ കാണിക്കാൻ പടയാളികൾ അവരെ ചക്രവർത്തിയുടെ ഇരുണ്ട കൊട്ടാരത്തിലേയ്ക്ക് പിടിച്ചു കൊണ്ടു വന്നു. പക്ഷേ, അദ്ദേഹം നോക്കിയപ്പോഴേയ്ക്കും അവരും അപ്രത്യക്ഷരായിക്കഴിഞ്ഞിരുന്നു.

*ഹുയിത്സിലോപോക്തിലി: ആസ്ടെക്കുകാരുടെ യുദ്ധദേവൻ കൂടിയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ