മയൂരനർത്തനം എന്നു കേട്ടിട്ടുണ്ടായിരുന്നു. മാനത്ത് മഴമേഘങ്ങൾ ഉരുണ്ടുകൂടുന്ന നേരത്ത്, മഴവില്ലിന്റെ വർണരാജികൾ സ്വർഗത്തിൽ നിന്ന് ഭൂമിയിലേക്കു പൊഴിഞ്ഞ തൂവൽ പോലെ തിളങ്ങുമ്പോൾ, മാസ്മരമായ ഒരു താളത്തിൽ മയിൽ ആടി നിൽക്കുന്ന അതിസുന്ദരകാഴ്ച നേരിട്ട് കാണുന്നത്, ഏറെ കഴിഞ്ഞാണ്. വെയിലും നിഴലും മെടഞ്ഞ അറിയാനിറങ്ങളുടെ പീലിക്കണ്ണുകളിൽ നിന്ന് വിടർന്നത് ഏഴല്ല, എഴുന്നൂറു വർണങ്ങളായിരുന്നു. പ്രകൃതിസൗന്ദര്യത്തിന്റെ മൂർത്തഭാവം കണ്ട് ശ്വാസമടക്കി, അന്തിച്ചുനിന്ന നിമിഷങ്ങൾ!

ആറു വർഷം മുമ്പ് ഈ വീട്ടിൽ സ്ഥിരതാമസമാക്കുന്നതുവരെ, ഒന്നോ രണ്ടോ തവണ കാഴ്ചബംഗ്ളാവിൽ വെച്ച് മാത്രമായിരുന്നു ഞാൻ മയിലുകളെ കണ്ടിട്ടുള്ളത്. എന്നാൽ ഈ പ്രദേശത്ത് മയിലുകൾ ഒരത്ഭുതകാഴ്ചയേ അല്ല എന്നത് എന്നിലാദ്യമൊക്കെ വലിയ സന്തോഷം പകർന്നിരുന്നു. ഇരുൾപച്ചകൾ തിങ്ങിയ കാടിന്റെ അകങ്ങളിൽ പാർക്കേണ്ടവരാണ്, നാട്ടിലെ പൊന്തക്കാടുകളിൽ അഭയം തേടിയിരിക്കുന്നതെന്ന വാസ്തവം, പിന്നീട് വേദനിപ്പിച്ചെങ്കിലും. ആളൊഴിഞ്ഞ ഉച്ചനേരങ്ങളിൽ, അടുക്കളഭാഗത്തെയും അലക്കുകല്ലിനരികിലെയും നനവിടങ്ങളിൽ, വെള്ളവും ഭക്ഷണാവിശിഷ്ടങ്ങളും തേടിയായിരിക്കണം മയിലുകൾ ഒറ്റയായും കൂട്ടമായും എത്തുന്നു. നടത്തത്തോടൊപ്പം കഴുത്ത് ഒരു പ്രത്യേകരീതിയിൽ വെട്ടിച്ച്, പീലികൾ ചുരുക്കിയൊതുക്കി, അവ അവിടെയെല്ലാം കൊത്തിപ്പെറുക്കുന്നു. അത്രയും ജാഗരൂകരായതിനാലാവണം, ചെറിയ ആളനക്കം അറിഞ്ഞാൽപോലും ഓടിയകലുന്നു. ചിലപ്പോഴൊക്കെ അത്ര ചെറുതല്ലാത്ത ദൂരത്തിലും ഉയരത്തിലും പറക്കുന്നത് കണ്ടു. ഇടയ്ക്ക് പുരപ്പുറത്ത് കയറിയിരുന്ന്, ഹൃദയഭേദകമായ ശബ്ദത്തിൽ ഒച്ച വെയ്ക്കുന്നതും കേൾക്കാം.

rahna thalib, e. santhoshkumar, andhakarnazhi, stories, malayalam writer,

അങ്ങനെ മയിലുകളെ കാണുമ്പോഴൊക്കെ, മ്ലാനമായൊരു സന്ധ്യയിൽ, മരംമുറിക്കാരനായ തന്റെ അച്ഛനുവേണ്ടി മയിലുകളെയും കാത്തുനിന്ന ഒരു കുട്ടിയുടെ ഓർമ എന്നിൽ നിറയുന്നു. മയിലുകളുടെ നൃത്തം എന്ന ഇ. സന്തോഷ്‌ കുമാറിന്റെ കഥയിലേതാണ് ആ കുട്ടി.
വൃക്ഷങ്ങളുടെ വേരുകളുപയോഗിച്ച് മൃഗങ്ങളുടെയും പക്ഷികളെയും ശില്പങ്ങളുണ്ടാക്കിയിരുന്നു ആ കുട്ടിയുടെ അച്ഛൻ. ഉത്പത്തിയുടെ ആഴ്ചയിലെ ദൈവത്തെപ്പോലെ, ഒഴിവുനേരങ്ങളിലൊക്കെയും ശില്പങ്ങൾ മെനയുന്ന തിരക്കുകളിലായിരുന്നു, തൊഴിൽ കൊണ്ട് ഈർച്ചക്കാരനായിരുന്നുവെങ്കിലും മനസ്സു കൊണ്ട് ശില്പിയായിരുന്ന ആ അച്ഛൻ. ഒരിക്കൽ മയിലിന്റെ ശില്പമുണ്ടാക്കുന്നതിന്റെ ഭാഗമായി, മയിലുകളെ വ്യക്തമായി അച്ഛന് കാണിച്ചുകൊടുക്കാൻവേണ്ടി, ഒരു വൈകുന്നേരം കുറ്റിക്കാടിനടുത്ത് അച്ഛനുമായി കുട്ടി കാത്തിരിക്കുന്ന ഒരു രംഗം ആ കഥയിലുണ്ട്. അതത്രയും ഹൃദ്യമായി മനസ്സിൽ പതിഞ്ഞതുകൊണ്ടാവാം, മയിലുകളെ കാണുമ്പോഴൊക്കെ ഞാൻ ആ അച്ഛനെയും മകനെയും ഓർക്കുന്നത്.

കഥാകാരന്റെ അനുഭവമോ ഓർമയോ ഭാവനയോ ആയിരിക്കാം ആ കഥയും കഥാസന്ദർഭങ്ങളും. എന്നാലവ വായിക്കുന്നവരുടെ ജീവിതപരിസരങ്ങളോട് ചേർന്ന് നിൽക്കുമ്പോൾ കഥകളോട് വല്ലാത്ത ഒരിഷ്ടം തോന്നുന്നു.
അനുഭവങ്ങൾ, ഓർമകൾ, യാത്രകൾ, ഒപ്പം തനിക്ക് ചുറ്റുമുള്ള ലോകത്തെ കുറിച്ചുള്ള സൂക്ഷ്മനിരീക്ഷണങ്ങൾ. ഇവയെല്ലാം അനുയോജ്യമായ പരിസരങ്ങളിൽ കലാപരമായ മാന്ത്രികതയോടെ കോർത്തിണക്കി, ഇ. സന്തോഷ്‌കുമാറിന്രെ കഥകളുടെ സമാഹാരമാണ് ‘കഥകൾ’. 1994 മുതൽ 2010 വരെയുളള നാല്പത്തഞ്ചു കഥകളാണിതിൽ.

പ്രകൃതിയോടും സമൂഹത്തിനോടും കരുതലുള്ള മനുഷ്യസ്നേഹിയായ ഒരാളുടെ ആത്മഗതങ്ങളും സന്ദേഹങ്ങളുമാണിവ. മനുഷ്യന്റെ എല്ലാ തരത്തിലുള്ള അസ്തിത്വത്തെയും ഈ കഥകൾ പ്രശ്നവത്കരിക്കുന്നു. നിഗൂഢവും വന്യവുമായ മനുഷ്യന്റെ ജീവകാമനകൾ. നിസ്സഹായരായവരുടെയും പരാജിതരുടെയും മുറിവേറ്റവരുടേയും വ്യഥകൾ. ഏകാന്തതയുടെയും ഒറ്റപ്പെടലിന്റെയും വ്യത്യസ്ത നിലകളിലും രൂപങ്ങളിലുമുള്ള ആവിഷ്കാരങ്ങൾ.

മൂല്യച്യുതിയേറ്റ രാഷ്ട്രീയ-സാമൂഹ്യവ്യവസ്ഥിതിയെ കുറിച്ചുള്ള സാധാരണക്കാരന്റെ അമർഷവും, അരികുവത്ക്കരിക്കപ്പെട്ടവരുടെ ദൈന്യതയാർന്ന സാക്ഷ്യങ്ങളും. അങ്ങനെ ഒന്നിനൊന്നു വ്യത്യസ്തമായ അനുഭവമാണ് ഈ കഥകളുടെ വായന.

Read More: ഇ. സന്തോഷ് കുമാറിന്രെ സാഹിത്യ ലോകത്തെ കുറിച്ച് വി. വിജയകുമാർ എഴുതിയ ലേഖനം ഇവിടെ വായിക്കാം. എന്താണ് മനുഷ്യമനസ്സിനോളം ദുരൂഹമായിരിക്കുന്നത്?

ആത്മഹത്യ, കൊലപാതകം, അപകടമരണം, തീവ്രവാദം, യുദ്ധം തുടങ്ങി മരണത്തിന്റെയും ഹിംസയുടെയും നിഴൽ പറ്റിനിൽക്കുന്ന സന്ദർഭങ്ങൾ ഈ കഥകളിൽ യഥേഷ്ടം കാണാവുന്നതാണ്‌. പലവിധത്തിലുള്ള അരക്ഷിതാവസ്ഥകളിലൂടെയും ദുരന്തങ്ങളിലൂടെയും കടന്നുപോകുന്ന കുട്ടികളുടെ ഉള്ളുലയ്ക്കുന്ന പശ്ചാത്തലങ്ങളും കഥാകാരൻ സൂക്ഷ്മമായി കഥകളിലേക്ക് ചേർത്തിരിക്കുന്നു.

ആഖ്യാനശൈലിയുടെ മികവും ഭാഷയുടെ സൗന്ദര്യാത്മകതയും ഈ കഥകളുടെ ചാരുത കൂട്ടുന്നു. കഠിനമായ വാക്പ്രയോഗങ്ങളോ, കടുത്ത വിശേഷണങ്ങളോ, കൃത്രിമമായ കഥാസന്ദർഭങ്ങളുടെ നിർമ്മിതികളോ ഇല്ലാതെ, തീർത്തും ലളിതമായും നൈസർഗികമായും സന്തോഷ്‌കുമാർ കഥകൾ പറയുന്നു. പല കഥകളും, ദൃശ്യങ്ങളുടെ ചലനാത്‌മകത കൊണ്ടും കഥാസന്ദർഭങ്ങളുടെ തുടർച്ച കൊണ്ടും മികച്ച ചലച്ചിത്രങ്ങളുടെ അനുഭവം സമ്മാനിക്കുന്നു. അതിഭാവുകത്വത്തിലേക്ക് വഴുതിപ്പോവാതെ, തികഞ്ഞ കയ്യടക്കത്തോടെ മനുഷ്യന്റെ വൈകാരികസംഘർഷങ്ങൾ സൂക്ഷ്മമായി അവതരിപ്പിച്ചിരിക്കാൻ കഴിഞ്ഞതും ശ്രദ്ധേയമാണ്. ആഖ്യാനത്തിന്റെ മികവു കാരണം പല കഥകൾക്കിടയിലും നാം തന്നെ കഥാപാത്രങ്ങളിൽ ഒരാളായിത്തീർന്ന് കഥയ്ക്ക് സാക്ഷിയാകുന്നു. ആവിഷ്കരിക്കാൻ ശ്രമിക്കുന്ന അനുഭവമോ നിരീക്ഷണമോ ആയിരിക്കട്ടെ, ഏറ്റവും അനുയോജ്യമായ പരിസരമൊരുക്കി കഥ പറഞ്ഞുകൊണ്ട്, കഥാകാരൻ മാറിനിൽക്കുകയാണ്‌.
കഥ വായനക്കാരനെ അസ്വസ്ഥനാക്കുമ്പോഴും, സ്വയം ചിന്തിച്ചു മൂല്യപരമായ നിഗമനത്തിലെത്തേണ്ടത് വായനക്കാരാണ്.

പ്രിയങ്കരം, ഈ കഥകൾ

ഭൂമിയിൽനിന്ന് നോക്കുമ്പോൾ നക്ഷത്രങ്ങളെല്ലാം ഒരേ വലുപ്പത്തിൽ, ഒരുപോലെ തിളങ്ങുന്നതായ് തോന്നുമെങ്കിലും, യഥാർത്ഥത്തിൽ അവയുടെ വലിപ്പത്തിനും തിളക്കത്തിനും വ്യത്യാസമുണ്ടല്ലോ. അതുപോലെ ശില്പഭംഗികൊണ്ടും കഥാമൂല്യം കൊണ്ടും തിളക്കമുള്ള കഥകളാണ് ഈ സമാഹാരത്തിലുള്ളതെങ്കിലും, ചില കഥകൾക്ക് ഒരു സവിശേഷതിളക്കമുണ്ട്.

e.santhoshkumar, rahna thalib,malayalam writer, short stories, vishnu ram,

ഈ സമാഹാരത്തിലെ, ഒരുപക്ഷേ സന്തോഷിന്റെ തന്നെ, ഏറ്റവും മികച്ച കഥയാണ് ‘മുട്ടയോളം വലിപ്പമുള്ള ധാന്യമണികൾ.’ നിരീക്ഷണമികവു കൊണ്ടും, പാത്രസൃഷ്ടികൊണ്ടും, കഥാസന്ദർഭങ്ങളെ വിളക്കിചേർത്തതിന്റെ സൂക്ഷ്മതകൊണ്ടും, കഥയിലെ രാഷ്ട്രീയം കൊണ്ടുമൊക്കെ വല്ലാതെ അതിശയിപ്പിക്കുന്ന കഥ.

ഭരണകൂടം തീവ്രവാദിയായി ചിത്രീകരിച്ച് വേട്ടയാടുന്നത്‌ തുടർന്നപ്പോൾ, നാട് വിട്ടു പോകേണ്ടിവന്ന ബീരാവുവിന്റെ കഥ ആത്മഗതങ്ങളിലൂടെയും ഓർമകളിലൂടെയും വരച്ചിടുകയാണ് ബീരാവുവിന്റെ ഉമ്മ. സംശയത്തിന്റെ പേരിൽ മാത്രം, കുറ്റവാളിയായി മുദ്രകുത്തപ്പെട്ട് കൊടുംപീഡനമേൽക്കേണ്ടി വരുന്നവന്റെയും വേണ്ടപ്പെട്ടവരുടെയും മാനസികാവസ്ഥ എത്ര ഭീകരമാണ് !

കഥ പറയാൻ തെരഞ്ഞെടുത്തിരിക്കുന്ന അന്തരീക്ഷത്തിനുമുണ്ട് വല്ലാത്തൊരു പൊള്ളൽ. മീനമാസത്തിലെ ഉഷ്ണം പടർത്തുന്ന ഉച്ചവെയിലത്ത്, നിലച്ച പൈപ്പിന് കീഴെ പാത്രങ്ങളും കുടങ്ങളും നിരത്തിവെച്ച്, അക്ഷമരായി വെള്ളം വരാൻ കാത്തിരിക്കുന്ന സ്ത്രീകൾക്കിടയിൽ നിന്നുകൊണ്ടാണ് ബീരാവുവിന്റെ ഉമ്മ വായനക്കാരെ അസ്വസ്ഥരാക്കുന്ന തീവ്രമായ അനുഭവങ്ങളുടെ ചുരുളുകൾ നിവർത്തുന്നത്. പ്രാന്തവത്കരിക്കപ്പെട്ട ഒരു സമൂഹത്തിന്റെ ദൈന്യതയും നിസ്സഹായതയും കഥാതന്തുവിനോട് ചേർത്തുകൊണ്ട്, ഇഴ പൊട്ടാതെ സമർത്ഥമായി അവതരിപ്പിച്ചിരിക്കുന്നു. ഭരണകൂടഭീകരതയെയും അധികാരവ്യവസ്ഥയെയും നിശിതമായി വിമർശിക്കുന്നതിനോടൊപ്പം, ഇതാ നോക്കൂ, ഇങ്ങനെയും ചിലർ നമുക്കിടയിലുണ്ട് എന്ന് ഓർമപ്പെടുത്തുക കൂടി ചെയ്യുന്നു ‘മുട്ടയോളം വലിപ്പമുള്ള ധാന്യമണികൾ’.

നമുക്ക് തീരെ നിസ്സാരമെന്ന് തോന്നി തള്ളിക്കളയുന്ന ചില കാര്യങ്ങളിലായിരിക്കും, മറ്റു ചിലരുടെയെങ്കിലും ജീവിതം തൂങ്ങിനിൽക്കുന്നത് എന്ന് നമ്മെ ബോധ്യപ്പെടുത്തുകയാണ്, കാടിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന പാശുപതം എന്ന കഥ. ഊരിലെ പെരുമനായ കിഴവന്റെ അംശവടിയായ ഊന്നുവടിയാണ് കഥയ്ക്ക് ആധാരം. പച്ചമരുന്നുകളുടെ ഗന്ധമുള്ള, ചൂരൽവള്ളികൾ ചേർത്തുകെട്ടിയ, മുകളിൽ പക്ഷിത്തലയുള്ള ഒരാൾപൊക്കത്തിലുള്ള ഊന്നുവടി. കഞ്ചാവുവേട്ടയ്ക്കിടയിൽ പോലീസിനു ലഭിച്ച ആ ഊന്നുവടി അന്വേഷിച്ച് പെരുമൻ കാടിറങ്ങി വന്നെങ്കിലും, നൽകാതെ തീയിലെറിഞ്ഞു കത്തിക്കുന്നു.

rahna thalib, e santhoshkumar, malayalam story ,

ഇത്തരത്തിൽ ആദിമപാരമ്പര്യങ്ങളെയും മൂല്യങ്ങളെയും അപമാനിക്കുന്ന നാഗരികരുടെയും അധികാരവർഗത്തിന്റെയും ധാർഷ്ട്യത്തേയും അധീശത്വത്തേയും തുറന്ന്കാട്ടുകയാണ് പാശുപതം. കഥയിലെ മുഖ്യ കഥാപാത്രമായ അപ്പൻവഴിക്കേ സത്യകൃസ്ത്യാനിയായ യേശുനാഥൻ എന്ന ആദിവാസിയുവാവ്, സ്വയം നത്തൻ എന്നേ പരിചയപ്പെടുത്തൂ. കഴുത്തിലെ കൊന്ത തെറ്റിയണിഞ്ഞ ആഭരണമാണവന്. അങ്ങനെ എത്ര മാറ്റിയാലും മാറാത്ത ആദിവാസി സ്വത്വബോധത്തെ കുറിച്ചും ആഴത്തിൽ ചിന്തിപ്പിക്കുന്നുണ്ട് ഈ കഥ.

മൂന്ന് അന്ധൻമാരോട് അവരുടെ ഉള്ളിലെ ആനയെ കുറിച്ചുള്ള സങ്കൽപം വിവരിക്കാൻ പറയുന്നതിൽ നിന്ന് ഉരിത്തിരിയുന്ന മൂന്ന് അന്ധന്മാർ ആനയെ വിവരിക്കുന്നു എന്ന കഥ, ഇരുട്ട്/വെളിച്ചം, അന്ധത/കാഴ്ച എന്നിവയെ കുറിച്ചുള്ള സാധാരണമനുഷ്യരുടെ അഹംബോധത്തെ ആഴത്തിൽ വിമർശിക്കുന്നു. ഒരന്ധൻ, കുട്ടിക്കാലത്ത് ഉത്സവപ്പറമ്പിൽ ആന ഇടഞ്ഞ സംഭവമോർത്ത്കൊണ്ട്, ആനയെന്നാൽ ഭൂമി കുലുങ്ങുന്ന പോലൊരു ചലനമാണ് എന്ന് പറയുന്നു. മറ്റൊരാൾ, ആനയെ അനുഭവിച്ചിരിക്കുന്നത് സ്വപ്നത്തിലാണ്. മൂന്നാമത്തെ അന്ധന് ആനയെന്നാൽ തുടയിൽ പച്ച കുത്തിയ, തനിക്കെപ്പോഴും തൊട്ടറിയാവുന്ന ഒന്നാണ്. എന്നാൽ കാഴ്ചയുള്ള ആഖ്യാതാവിന് ആനയെ അന്ധർക്കു വിവരിച്ചു കൊടുക്കാനാകുന്നില്ല. കാഴ്ചയില്ലാത്തവന് മുന്നിൽ കാഴ്ചയുള്ളവന്റെ പരിമിതി നോക്കൂ. തന്റെ ഭാഷയുടെ ചുറ്റുപാടുകൾ തിളക്കം കുറഞ്ഞ് ഇരുളുന്നതായും, ഉപയോഗിക്കാനാറിയാത്ത കുറേ ഉപകരണങ്ങളുള്ള ആശാരിയെപോലെ നിസ്സഹായനാവുകയും ചെയ്യുന്ന അവസ്ഥയിൽ, നമ്മുടെ ആത്മബോധം കാഴ്ചയെ കുറിച്ചുള്ള മറ്റൊരു ജ്ഞാനത്തിന് വഴിതെളിയിക്കുന്നു.

ഒരു നീണ്ട ട്രെയിൻയാത്രയ്ക്കിടയിൽ യോഗിയെ പോലെ തോന്നിച്ച, എന്നാൽ യഥാർത്ഥത്തിൽ വിപ്ലവകാരിയായിരുന്ന കുമാർ സാധു എന്ന യുവാവ് ആഖ്യായിതാവിന് നൽകുന്ന വ്യവസ്ഥിതിവിരുദ്ധമായ ഉപദേശങ്ങളാണ് നീചവേദം എന്ന കഥയുടെ പ്രമേയം. സ്വന്തമല്ലാത്ത തെറ്റുകൾകൊണ്ടുണ്ടാകുന്ന തടസ്സങ്ങൾ, കുഴപ്പം പിടിച്ച മാർഗങ്ങളിലൂടെ ഇടപെട്ടു നീക്കുന്നതിൽ തെറ്റില്ലെന്ന് പറഞ്ഞു തുടങ്ങുന്ന സാധു, പരസ്പരം ആദരിക്കുകയും സഹവർത്തിക്കുകയും സത്യവും നീതിയും പുലർത്തുകയും ചെയ്യുന്ന ലോകത്തിലേ സന്മാർഗകഥകളും ഗുണപാഠങ്ങളും വായിക്കേണ്ടതുള്ളൂ എന്നും, മറിച്ച് വഞ്ചനയിലൂടെയും കുശാഗ്രതയിലൂടെയും അന്യന്റെ തോൽവി ഉന്നം ഇട്ടിരിക്കുന്ന ഇക്കാലത്ത് ചതിയുടെ വേദപുസ്തകങ്ങളാണ് വായിക്കേണ്ടത് എന്നുമുപദേശിക്കുന്നു. ചില വ്യക്തികളുടെയും സമൂഹങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും രീതികളും പ്രവർത്തനങ്ങളും കാണുമ്പോൾ അത്തരമൊരു പുസ്തകം അവരുടെ കൈവശമുണ്ടായിരിക്കാം എന്ന് തോന്നിയിട്ടുണ്ടെന്നും സാധു വെളിപ്പെടുത്തുന്നു. അത്തരമൊരു പുസ്തകത്തിന്റെ ക്രമീകരണവും ഉള്ളടക്കവും ഏറെക്കുറെ ഊഹിക്കാൻ കഴിയുന്നതുകൊണ്ട്, ഒരുപക്ഷേ താൻതന്നെ ചതിയുടെ വേദപുസ്തകം എഴുതിയേക്കാമെന്നും അയാൾ പറയുന്നു.

അത്തരമൊരു വേദപുസ്തകത്തെ തത്വത്തിൽ അംഗീകരിക്കാതിരിക്കുമ്പോൾ തന്നെ, ഓരോ ദിവസവും ഓരോരുത്തരുടെയും ഉള്ളിൽ നീചവേദത്തിന്റെ പാഠങ്ങൾ എഴുതികൊണ്ടിരിക്കുന്നുണ്ട് എന്ന നിരീക്ഷണമാണ് ഇക്കഥ മുന്നോട്ട് വെക്കുന്നത്. മനസ്സിന്റെ കാപട്യങ്ങളുടെ മറനീക്കി അവനവനിലേക്ക് നോക്കുമ്പോൾ, അതെത്ര ശരിയാണെന്ന് സമ്മതിക്കാതിരിക്കാൻ ഇക്കാലത്ത് ആർക്കാണ് കഴിയാതിരിക്കുക?

മരിച്ചത് എത്ര അടുത്ത ബന്ധു ആയാലും, മരണവീട്ടിലെ കൊടുംവിരസതകൾക്കിടയിൽ അധികനേരം ചിലവഴിക്കാൻ ഇക്കാലത്ത് ആർക്കും താത്‌പര്യമില്ല എന്നത് ഒരു വാസ്തവമാണ്. വല്യചാച്ചന്റെ ശവദാഹചടങ്ങിൽ പങ്കെടുക്കാനെത്തിയ ദമ്പതികളുടെ മനോവൃത്തി സൂക്ഷ്മമായി പ്രകാശിപ്പിക്കുന്നതിനോടൊപ്പം, ദുർബലയായ ഒരു സ്ത്രീക്ക് നേരെയുള്ള കഥാനായകന്റെ പീഡനശ്രമത്തെ മുൻനിർത്തിക്കൊണ്ട്, മൂല്യബോധം നഷ്ടപ്പെടുന്ന മനുഷ്യന്റെ വളർച്ച ശരീരത്തിൽ നിന്നും ശവത്തിലേക്കാണെന്ന് നിരീക്ഷിക്കുകയാണ് കഥാകാരൻ മാംസം എന്ന കഥയിൽ. അതെ, അല്ലെങ്കിൽ തന്നെ ആർക്കുള്ളിലാണ് അളിഞ്ഞു തുടങ്ങുന്ന ഒരു ശവമില്ലാത്തത് ?

ഭൂമിയുടെ അവകാശികൾ

മനുഷ്യർ മാത്രമല്ല സന്തോഷ്‌കുമാറിന്റെ കഥാലോകത്തിലുള്ളത്. മൃഗങ്ങൾക്കും പക്ഷികൾക്കും വൃക്ഷലതാദികൾക്കും മുഖ്യസ്ഥാനമുണ്ട്, ഈ കഥകളിൽ. ഗാലപ്പഗോസ്, നദിക്കരയിലേയ്ക്ക്, ചെറുപ്പക്കാരൻ എന്ന നിലയിൽ എഴുത്തുകാരന്റെ ഛായാചിത്രം, മയിലുകളുടെ നൃത്തം, മൂന്ന് അന്ധന്മാർ ആനയെ വിവരിക്കുന്നു, ഉറുമ്പുകളെ ചവിട്ടിമെതിക്കുന്നതിലെ സുഖം, ബോൺസായ്, ഒരു പൂച്ചയുടെ ആത്മകഥ, പാശുപതം, ചേക്ക, കാറ്റാടിമരങ്ങൾ, സർപ്പസത്രം, മുട്ടയോളം വലിപ്പമുള്ള ധാന്യമണികൾ, മീനുകൾ, പണ്ടാലയുടെ പെട്ടകം തുടങ്ങിയ കഥകളിലെല്ലാം ജൈവവൈവിധ്യത്തിന്റെ നിരന്തരസാന്നിധ്യമുണ്ട്.

മനുഷ്യൻ എന്ന ജിവിവർഗത്തിന് കീഴ്പ്പെട്ടാണ് മറ്റു ജീവിവർഗങ്ങളും, ഭൂമി തന്നെയും എന്ന കാഴ്ചപ്പാടാണ് ആദിമകാലം മുതലേ മനുഷ്യർക്കുള്ളത്. മതങ്ങളും ശാസ്ത്രവും അതിനെ പിന്താങ്ങുന്നു. പ്രപഞ്ചത്തിലെ അനേകജീവജാലങ്ങളെ പോലുള്ള ഒരു സ്ഥാനമേ തനിക്കുമുള്ളൂ എന്ന് തിരിച്ചറിയാനോ, മറ്റു ജീവികൾക്കും ഭൂമിയുടെ മേൽ അല്പമെങ്കിലും അവകാശമുണ്ടെന്ന് ഉൾക്കൊള്ളാനോ സ്വാർത്ഥരായ മനുഷ്യർ തയ്യാറല്ല. അത്തരമൊരു സാഹചര്യത്തിലാണ്, തങ്ങളുടെ താത്പര്യങ്ങളുടെ പൂർത്തീകരണത്തിനു മാത്രമെന്നോണം പ്രകൃതിയെയും മൃഗങ്ങളെയും നോക്കിക്കാണുന്ന മനുഷ്യരുടെ നീതികേടും അത്തരം സമീപനങ്ങളുണ്ടാക്കുന്ന പാരിസ്ഥിതികമായ ദോഷങ്ങളും ഒരെഴുത്തുകാരന്റെ ഉത്ക്കണ്ഠകളായി ഈ കഥകളിൽ നിറയുന്നത്.

e santhoshkumar, rahna thalib, malayalam story

ഭൂമിയുടെ അച്ചുതണ്ട് തീ പിടിച്ച തലച്ചോറുള്ള മരുഭൂമിയിലാണെന്നു പറഞ്ഞുകൊണ്ട്, ഭാവനയിലെ മണൽക്കാടുകൾ അലഞ്ഞുതീർക്കുകയും അനന്തതയിലേക്ക് കണ്ണുകൾ നീട്ടുകയും ചെയ്യുന്ന ഒട്ടകം. ചില്ലുകുപ്പിയിൽ ഏകനായി ഭ്രമണം ചെയ്യുന്ന കടന്നൽ. വന്യമായി അലർച്ചയിടാത്ത സിംഹം. ഇവയെല്ലാം സർക്കസ്കൂടാരത്തിലെത്തുന്ന കാണികൾക്ക് പ്രദർശിപ്പിക്കുന്നു ഗാലപ്പഗോസ് എന്ന കഥയിലെ റിംഗ് മാസ്റ്റർ. അടച്ചിട്ട കൂടുകളിൽ മൃഗങ്ങളെയും പക്ഷികളെയും പ്രദർശിപ്പിച്ചപ്പോൾ ആവേശത്തോടെ കണ്ടുനിന്ന കാണികൾ ഒരു മനുഷ്യനെ കൂട്ടിൽ അടച്ചിട്ടിരിക്കുന്നത് കാണുമ്പോൾ പ്രകോപിതരാകുന്നു. ആവാസവ്യവസ്ഥകൾ നഷ്ടമാകുമ്പോഴുണ്ടാകുന്ന മൃഗങ്ങളുടെ ദൈന്യത ബോധ്യപ്പെടുത്തുന്നതിനോടൊപ്പം സഹാനുഭൂതിയും കരുണയും മനുഷ്യരോട് മാത്രമല്ല മൃഗങ്ങളോടും പ്രകൃതിയോടും കൂടെ വേണമെന്നും ഓർമപ്പെടുത്തുന്നു ഈ കഥ. സ്വാഭാവികമായ  എല്ലാ നിഷ്കളങ്കതകളും നഷ്ടപ്പെട്ട് തീരെ ചെറിയ പ്രായത്തിലേ മുതിർന്നവരെ പോലെ പെരുമാറുകയും ഒന്നും തന്നെ വിസ്മയം കൊള്ളിക്കാതിരിക്കുകയും ചെയ്യുന്ന കുട്ടികളെ കുറിച്ചും ഗാലപ്പഗോസിൽ നിരീക്ഷിക്കുന്നുണ്ട്. വർധിച്ചുവരുന്ന വനനശീകരണത്തിന്റെ അനന്തരഫലമാണ്, കാട്ടിൽ ജീവിക്കേണ്ട മൃഗങ്ങൾ നാട്ടിലിറങ്ങുന്ന അവസ്ഥ.  ഒരു മരം മുറിക്കുമ്പോൾ, ഏതെല്ലാം ജീവികളുടെ ആവാസവ്യവസ്ഥയാണ് തകരുന്നത് ! അതെ, ശ്രദ്ധിച്ചാൽ ആർക്കും കേൾക്കാം, മഴുവിന്റെ ഒടുവിലത്തെ കൊത്തിൽ പിടിവിട്ടു വീഴുന്ന മരത്തിനോടൊപ്പം അനേകജീവജാലകങ്ങളുടെ കരച്ചിലിന്റെ ശബ്ദവും.

പണ്ടാലയുടെ പെട്ടകം എന്ന കഥയിലെ പണ്ടാലയ്ക്കു മൃഗങ്ങൾ കേവലം പ്രദർശനവസ്തുക്കളാണ്. സർക്കസ് കാണാൻ ആളെ കിട്ടാതെയായപ്പോൾ, പട്ടിണിയായ മൃഗങ്ങളെ സർക്കസ്കമ്പനി ഉടമയിൽ നിന്നും ചുരുങ്ങിയ വിലയ്ക്ക് പണ്ടാല വാങ്ങുന്നു. മൃഗങ്ങളോടുള്ള സ്നേഹം കൊണ്ടല്ല, മറിച്ച് തന്റെ വീടിന്റെ മുന്നിലുള്ള കൂടുകളിൽ ഇത്രയും അധികം ജീവികളെ തീറ്റിപോറ്റുന്നത് തന്റെ പ്രമാണിത്തം കൂട്ടുമെന്ന കണക്കുകൂട്ടലിലാണ് അയാളത് ചെയ്യുന്നത്. മനുഷ്യന്റെ അഹംബോധത്തെ വിമർശിക്കുന്നതിനോടൊപ്പം, ജീവജാലങ്ങളെ ക്രൂരമായി മാത്രം പരിഗണിക്കാൻ കഴിയുന്ന മനുഷ്യന്റെ മനസ്ഥിതിയും എടുത്തുകാണിക്കുന്നു പണ്ടാലയുടെ പെട്ടകം. കുന്നിൻപുറത്തെ മുളങ്കൂടിനു തീയിട്ട് പാമ്പുകളെ പിടിക്കുകയും അവയുടെ വിഷപ്പല്ലുകളെ ക്രൂരമായി നീക്കം ചെയ്ത് സർപ്പയജ്ഞം നടത്തുന്ന സർപ്പസത്രം എന്ന കഥയിലും ജന്തുക്കളെ ആക്രമിച്ചുകീഴടക്കുന്ന മനുഷ്യന്റെ ദയാഹീനത തന്നെയാണ് കഥാകാരൻ നമുക്ക് മുന്നിൽ എത്തിക്കുന്നത്.

കുറച്ച് വ്യത്യസ്തമായി, ഒരു പൂച്ചയുടെ കണ്ണിലൂടെ മനുഷ്യനെ നിരീക്ഷിക്കുന്ന സന്ദർഭമുണ്ട് ഒരു പൂച്ചയുടെ ആത്മകഥ എന്ന കഥയിൽ. പൂച്ച പറയുന്നു “തിരക്കിട്ടു ഓടിപ്പോകുന്ന മനുഷ്യരെ കാണുമ്പോഴെല്ലാം എനിക്ക് സഹതാപം തോന്നും. പാവങ്ങൾ – ഓടിയോടി ഒരു കുടുസ്സുമുറിയിൽ ചെന്ന് മറ്റൊരു കിളിവാതിലിലൂടെ നോക്കി ഒഴുകിപ്പോകുന്ന ജീവിതത്തെയും കണ്ട് നരകിക്കാൻ വിധിക്കപ്പെട്ടവർ”. അതെത്ര ശരിയാണ്, അല്ലേ ?

ഏകാന്തതയുടെ അപാരതീരങ്ങളിൽ

“അറിവു ഞാൻ, ഏകാന്തതയെന്നാലേതോ
വനവിജനതയ്ക്കടിപ്പെടലല്ല.
കടൽക്കരയിലെക്കുനിഞ്ഞിരിപ്പല്ല.
ഹിമാർദ്രമാം മലമുടികളിൽ,
കാലരഹിതമാം മൗനം ഗ്രസിക്കലുമല്ല.
തെരുവിലോ, പ്രിയർ നടുവിലോ, രതി
വിരതികൾ, കളിചിരികൾ തന്നിട-
യ്ക്കതീവ ഗൂഢമാണതിന്റെയാശ്ളേഷം.”
(ഒറ്റ – റഫീക്ക് അഹമ്മദ്)

ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടങ്ങളിലെങ്കിലും ഏകാന്തമായ അവസ്ഥകളിലൂടെ കടന്നുപോകാത്ത മനുഷ്യരുണ്ടാവില്ല. ഏകാന്തതയെക്കുറിച്ചുള്ള വിവരണസാധ്യമല്ലാത്ത അവസ്ഥകൾ ഏറെ ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നതിൽ സന്തോഷിനുള്ള വൈഭവം അനുഭവിച്ചറിയാൻ കഴിയുന്ന കഥകളാണ് തടാകം, മകുടി, ഒരു പൂച്ചയുടെ ആത്മകഥ, ദ്വീപ് തുടങ്ങിയവ.

വാർദ്ധക്യത്തിന്റെ ഏറ്റവും വലിയ കെടുതിയായ ഒറ്റപ്പെടലും ഏകാന്തതയും അനുഭവിക്കുന്ന രണ്ടു മുത്തച്ഛന്മാരുടെ കഥകളാണ് ആദ്യത്തെ രണ്ടെണ്ണം.
പിന്നിട്ടുപോന്ന ജീവിതത്തിന്റെ പ്രമാണങ്ങളെ പോലെ, നാണയങ്ങളുടെ ശേഖരം അതീവസൂക്ഷ്മതയിലും സ്വകാര്യതയിലും സൂക്ഷിക്കുന്നു തടാകത്തിലെ മുത്തച്ഛൻ. അദ്ദേഹത്തിന്, ഓരോ നാണയവും അനേകം ഓർമകളുടെ കലവറയാണ്. എന്നാൽ പിന്നീടൊരിക്കൽ അദ്ദേഹത്തിന് ആ ഓർമകൾ പോലും നഷ്ടപ്പെടുന്നു. സ്വന്തമെന്ന് ഊറ്റം കൊള്ളുന്ന ഓർമകൾ പോലും ഇല്ലാതാകുമ്പോഴുണ്ടാകുന്ന ജീവിതത്തിന്റെ ദയനീയാവസ്ഥ ഓർമപ്പെടുത്തുന്നതിനോടൊപ്പം, ഒറ്റപ്പെടലിന്റെ തീവ്രവേദനയും ഈ കഥ ആവിഷ്കരിക്കുന്നു. ഏകാന്തത ഉണങ്ങാത്ത ഒരു വ്രണം പോലെ നീറി നിൽക്കുകയാണ് മകുടിയിലെ അപ്പാപ്പനിൽ.

ഒരു പൂച്ചയുടെ ആത്മകഥയിലെ പ്രൊഫസറും ഏകാകിയാണ്. അതിനാൽ തന്നെ താനെഴുതുന്ന ആത്മകഥയുടെ തുടക്കവും ഒടുക്കവും ഏകാന്തതയെ കുറിച്ചായിരിക്കുമെന്നും, അത്തരമൊരു ആത്മകഥ സമൂഹത്തിൽനിന്നും എന്തായിരിക്കും വലിച്ചെടുക്കുകയും തിരിച്ചുനൽകുകയും ചെയ്യുക എന്നതിൽ അയാൾ ഖിന്നനാവുന്നു.

അരയ്ക്ക് കീഴെ തളർന്നതിനാൽ, മുഷിഞ്ഞ മുറിയുടെ ചില്ലോടിലൂടെ മാത്രം ലോകത്തെ കാണുന്ന ദ്വീപ് എന്ന കഥയിലെ ആഖ്യായിതാവിനെ ചൂഴ്ന്നു നിൽക്കുന്ന ഏകാന്തത ഏറെ ഹൃദയസ്പർശിയായാണ് അവതരിപ്പിച്ചിരിക്കുന്നത്. പട്ടങ്ങൾ എന്ന കഥയിലെ കാലിനു സുഖമില്ലാത്ത ആൻ എന്ന കുട്ടിയും, ബോൺസായ് എന്ന കഥയിലെ വസ്ത്രങ്ങളിൽ അലങ്കാരതുന്നൽ ചെയ്യുന്ന ശോഭയും ഏകാകികൾ തന്നെ. ഇവരെല്ലാം മനസ്സ് തൊടുമ്പോൾ, കഥാകാരന്റെ ആത്മഗതം നമ്മളും ഏറ്റുപറയുന്നു. അതെ, ഒറ്റപ്പെടുന്നവരേക്കാൾ ദുഖിതരായി നമുക്കിടയിൽ വേറെ ആരുണ്ട് ?

സർഗാത്മകതയുടെ കാണാപ്പുറങ്ങൾ

എഴുത്തും എഴുത്തുകാരും എഴുതാനുള്ള അദമ്യമായ ആഗ്രഹവുമൊക്കെ പ്രമേയമായി വരുന്ന ചില കഥകളുണ്ട് ഈ സമാഹാരത്തിൽ. സൃഷ്ടി കാരണം സൃഷ്ടാവിന് തന്റെ ജീവനൊടുക്കേണ്ടി വരുന്ന കഥയാണ് ‘സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകം’. എഴുത്തുകാരൻ അനുഭവിക്കുന്ന മാനസികസംഘർഷങ്ങളും എഴുതാൻ കഴിയാതെയാവുമ്പോൾ ഉണ്ടാകുന്ന നിരാശയും വ്യർത്ഥതാബോധവുമൊക്കെ നിറഞ്ഞ കഥകളാണ്‌ ശീതകാലത്തിന് ഒരു ഗീതം, ‘ചെറുപ്പക്കാരൻ എന്ന നിലയിൽ എഴുത്തുകാരന്റെ ഛായാചിത്രം’ എന്നിവ. ശില്പിയായ അച്ഛനും ചിത്രകാരനാകാൻ ആഗ്രഹിച്ച മകനും തമ്മിലുള്ള ഹൃദായാർദ്രമായ ബന്ധത്തിന്റെ കഥ പറയുന്നു ‘മയിലുകളുടെ നൃത്തം’. മൂന്ന് വിരലുകളിൽ എഴുത്തുകാരനാവാൻ ആഗ്രഹിക്കുന്നവന്റെ വിഹ്വലതകൾ അവതരിപ്പിക്കുന്നതിനോടൊപ്പം ഉന്മാദിയായ ഒരു ചിത്രകാരന്റെ ജീവിതദൃശ്യങ്ങളും ചിത്രീകരിച്ചിരിക്കുന്നു.

തേലക്കര ചമരു എന്ന എഴുത്തുകാരനോട് പ്രസാധകരായ ഇയ്യുണ്ണി അച്ചുകൂടം കാണിച്ച കൊടുംചതിയുടെയും ക്രൂരതയുമാണ്  ‘സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകം’ എന്ന കഥയിൽ ഏറെ ഹൃദയസ്പർശിയായി ആവിഷ്കരിച്ചിരിക്കുന്നത്‌.  സി. കെ. ഇയ്യുണ്ണി രചിച്ച ‘സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകം’ എന്ന പാതിരിമലയാളത്തിൽ എഴുതപ്പെട്ടിരിക്കാവുന്ന ഗ്രന്ഥം വർഷങ്ങൾക്കുശേഷം അന്വേഷിക്കുന്നതിനിടയിൽ, തേലക്കര ചമരു എന്ന കവിയാണ് ആ പുസ്തകത്തിന്റെ യഥാർത്ഥ രചയിതാവ് എന്ന് കണ്ടെത്തുന്നു. തന്റെ പേരല്ല പുസ്തകത്തിൽ അച്ചടിച്ചുവന്നിരിക്കുന്നതെന്നറിഞ്ഞ ചമരു, ഹൃദയം പൊട്ടി കൂടുതൽ ദുഃഖകരമായ വേറെ രണ്ട് കവിതാപുസ്തകങ്ങൾ എഴുതിയെങ്കിലും, കൈപ്പുസ്തകത്തിനെ കോപ്പിയടിച്ചതാണെന്ന് ആരോപിച്ച്‌, അനുകരണങ്ങളിൽ വഞ്ചിതരാകരുതെന്നു പറഞ്ഞുകൊണ്ട് ഇയ്യുണ്ണി എല്ലായിടത്തും പരസ്യം ചെയ്യുന്നു. അതോടെ ചമരു തോറ്റു. “ഇത് അനുകരണമല്ല. തേലക്കര ചമരു” എന്ന് കഴുത്തിൽ കെട്ടിത്തൂക്കി, ഒരു ദിവസം രാവിലെ അച്ചുകൂടത്തിന്റെ ഉത്തരത്തിൽ ചമരു തൂങ്ങിമരിക്കുന്നു. എന്തൊരു സങ്കടകരമായ വിധിയാണതെന്ന് നോക്കൂ. പ്രാണൻ കൊടുത്ത് സൃഷ്ടിച്ചെടുത്ത കൃതി സ്രഷ്ടാവിന്റെ ജീവൻ എടുക്കുന്ന ദുരന്തം !

“വലിയ അമ്പലങ്ങൾ, പള്ളികൾ, ഗോപുരങ്ങൾ, പാലം, കെട്ടിടം, പ്രസ്ഥാനങ്ങൾ, എന്നു വേണ്ട ഏതിനെയും ഉറപ്പിന് പിന്നിൽ ഒരു നരബലിയുടെ ചരിത്രം കാണും ” എന്ന കഥയിലെ വാചകത്തിൽ മനസ്സുടക്കി ഏതൊക്കെയോ കാരണങ്ങളാൽ ഭാഷയിൽ നിന്നും തിരോധാനം ചെയ്യുന്ന എഴുത്തുകാരെയും പുസ്തകങ്ങളെയും ഓർത്ത്‌ അസ്വസ്ഥമാകുന്നു.

‘ശീതകാലത്തിനു ഒരു ഗീതം’ എന്ന കഥ ഒരു കവിയുടെ മുറിയും ആതമഗതങ്ങളും കാവ്യാത്മകശൈലിയിൽ ചിത്രീകരിച്ചിരിക്കുന്നു. അങ്ങാടിയിലെ പലവ്യഞ്ജന മൊത്തവ്യാപാരസ്ഥാപനത്തിൽ കണക്കപിള്ളയായ, മനുഷ്യർക്കും ദൈവത്തിനുമെതിരെ കഥകൾ എഴുതികൊണ്ടിരുന്ന എഴുത്തുകാരന്റെ കഥ പറയുന്നു ‘ചെറുപ്പക്കാരൻ എന്ന നിലയിൽ എഴുത്തുകാരന്റെ ഛായാചിത്രം’. ഒരു കള്ളന്റെ ജീവിതത്തേക്കാൾ കഠിനമായി എന്തുണ്ട് എന്ന നിരീക്ഷണത്തോടെ കള്ളന്റെയും, വർഷങ്ങളായി പുറത്തിറങ്ങാതെ ഏകാകിയായി ജീവിച്ച്, ഇപ്പോൾ ആത്മകഥ എഴുതാൻ ആഗ്രഹിക്കുന്ന പ്രൊഫസറുടെയും ഒപ്പം താമസിക്കുന്ന പൂച്ചയുടെയും ജീവിതങ്ങൾ സമാന്തരമായി പറയുന്ന ‘ഒരു പൂച്ചയുടെ ആത്മകഥ’ എന്ന കഥയിലും എഴുത്തുജീവിതം മുഖ്യഘടകമാണ്.

മയിലുകളുടെ നൃത്തം എന്ന കഥയിൽ വൃക്ഷങ്ങളുടെ വേരുകളുപയോഗിച്ച് മൃഗങ്ങളുടെയും പക്ഷികളെയും ശില്പങ്ങളുണ്ടാക്കിയിരുന്ന അച്ഛനെ ഓർക്കുകയാണ് പക്ഷിസങ്കേതത്തിൽ എത്തുന്ന മകൻ. ഈർച്ചക്കാരനായിരുന്നിട്ടും, അച്ഛന്റെ ശില്പങ്ങൾ ഉണ്ടാക്കുന്നതിനുള്ള അതീവതാത്പര്യവും പ്രാഗത്ഭ്യവും, കുട്ടിയായിരുന്ന മകനെ അങ്ങേയറ്റം വിസ്‌മയിപ്പിച്ചിരുന്നു. ഒരു ദിവസം മകൻ പ്രാവുകൾക്ക് തീറ്റ കൊടുക്കുന്ന വൃദ്ധന്റെ ചിത്രം വരച്ചപ്പോൾ, അച്ഛൻ ഏറെ സന്തോഷിച്ചു. എന്നാൽ അന്നേ ദിവസം തന്നെ ദുരന്തമെന്നോണം അച്ഛന്റെ ചൂണ്ടുവിരൽ ഈർച്ചക്കിടയിലെ അപകടത്തിൽ നഷ്ടപ്പെടുകയും പിന്നീടൊരിക്കലും ശില്പങ്ങൾ ഉണ്ടാക്കാൻ കഴിയാതെയുമായി. കുട്ടിക്കാലത്ത് ധാരാളം ചിത്രങ്ങൾ വരച്ചിരുന്നുവെങ്കിലും മകൻ ചിത്രകാരനായി തീരുകയുമുണ്ടായില്ല. സർഗാത്മകതയുടെ കാര്യത്തിലും, ആഗ്രഹവും നിയോഗവും തമ്മിലുള്ള അന്തരം ചിലപ്പോഴൊക്കെ എത്ര വലുതാണ് !

rahna thalib, e santhoshkumar, malayalam story

ഒരു ചിത്രകാരന്റെയുള്ളിലെ സർഗാത്മകതയുടെ വിചിത്രവും ഉന്മാദകരവുമായ പ്രതിഫലനങ്ങൾ ജീവിതത്തിന്റെ ഗതിയെ ആകെ അട്ടിമറിക്കുന്ന കഥയാണ് മൂന്ന് വിരലുകൾ. എഴുത്തുകാരനാവാൻ സാധിക്കുമെന്ന വ്യാമോഹത്തിൽ ഒരു സായാഹ്നപത്രത്തിന്റെ പ്രൂഫ്റീഡറായും പിന്നീട് ഒരു ഇൻവെസ്റ്റ്മെന്റ് സ്ഥാപനത്തിൽ ടൈപ്പിസ്റ്റ് ആയും ജോലിനോക്കുന്നതിനിടയിൽ കഥകൾ എഴുതുന്ന ഒരെഴുത്തുകാരനുമുണ്ട് മൂന്ന് വിരലുകൾ എന്ന കഥയിൽ. അല്പം പ്രചാരമുള്ള വാരികയിൽ തന്റെ കഥ ആദ്യമായി അച്ചടിച്ചു വരുമ്പോഴുണ്ടാകുന്ന ആവേശവും മനോവിചാരങ്ങളും വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു ഈ കഥയിൽ. സഹപ്രവർത്തകനായ ഉന്മാദിയായ ചിത്രകാരനോടൊപ്പമുള്ള ഏറെ വിചിത്രമായ അനുഭവാഖ്യാനമാണ് കഥയെ മുന്നോട്ട് കൊണ്ടുപോകുന്നത്.

“പല നിറങ്ങളിൽ പാറിനടന്ന പൂമ്പാറ്റകൾ, പ്രത്യേകമായ വിധത്തിലുള്ള ഒരു കൂടിച്ചേരലുണ്ടായപ്പോൾ, നിറങ്ങളെല്ലാം അസാധാരണമായ രീതിയിൽ അലിഞ്ഞു വെള്ളനിറമുണ്ടാവുന്നു. അല്പനേരത്തെ വെന്മയ്ക്കു ശേഷം പിരിഞ്ഞു, വർണങ്ങൾ വിരിയുന്നു” എന്ന ഗാലപ്പോസിലെ വരികൾ ഓർത്തു കൊണ്ട് പറയട്ടെ, പല ആശയങ്ങളിൽ അവതരിപ്പിച്ച ഈ സമാഹാരത്തിലെ കഥകൾക്കോരോന്നിനും വെവ്വേറെ വർണങ്ങൾ ആണെങ്കിലും, കൂടിച്ചേരുമ്പോൾ അസാധാരണമായ സഹൃദയത്വത്തിന്റെയും സ്നേഹത്തിന്റെയും കരുതലിന്റെയും പ്രകാശം പരത്തുന്നു.

ഈ പുസ്തകത്തിന്റെ ആമുഖത്തിൽ സന്തോഷിന്റെയുള്ളിലെ സന്ദേഹി സംശയിക്കുന്നു. “കഥകൾ കൊണ്ട് എന്തു കാര്യം ? പ്രയോജനവാദത്തിന്റെ വമ്പൻ ടേപ്പുകൾ വെച്ചളന്നാൽ, ഒന്നുമില്ല. ഈ കഥകളില്ലാതെയും സമൂഹം കാര്യമായ ഒരു വ്യത്യാസവുമില്ലാതെ മുന്നോട്ട് പോകുമായിരുന്നു. നമ്മുടെ സാഹിത്യത്തിന് വലിയ സംഭാവനകൾ നൽകുന്നു എന്ന ഒരവകാശവാദവും ഇല്ല. എന്നാലും സ്വകാര്യമായ ചില പ്രയോജനങ്ങൾ ഉണ്ട്. ഈ കഥകൾ എനിക്ക് കുറച്ച് നല്ല സൗഹൃദങ്ങൾ തന്നു”.

ഈ കഥകൾ വായിച്ചുതീരുമ്പോൾ ഞാനുമോർക്കുന്നു. കഥകൾ വായിക്കുന്നത് കൊണ്ട് എന്തു കാര്യം? തത്വചിന്തകൾ പഠിക്കാനോ ദാർശനികബോധം വളർത്താനോ അല്ല പ്രധാനമായും എന്റെ കഥാവായന. എന്നാൽ, കേവലം നേരമ്പോക്കിനോ ആനന്ദത്തിനോ വേണ്ടിയുള്ള അന്വേഷണവുമല്ല. കഥകൾ വായിക്കുമ്പോൾ, കുറച്ചു സമയത്തേക്കെങ്കിലും നിത്യജീവിതത്തിന്റെ ആവർത്തനങ്ങളിൽ നിന്നും വിരസതകളിൽ നിന്നും, മനസ്സ് മറ്റൊരു സഞ്ചാരപാതയിലേക്ക് നടന്നുകയറുന്നത് ഞാനനുഭവിക്കുന്നു. തുച്ഛമായ അനുഭവപരിസരങ്ങളിൽ നിന്നുകൊണ്ട്, കഥകളിലൂടെ, കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങളിലൂടെ വിശാലവും, വിഭിന്നവുമായ ജീവിതപരിസരങ്ങളിലേക്ക് എത്തിനോക്കാൻ അവസരം കിട്ടുന്നു. കുറച്ചുകൂടെ സഹാനുഭൂതിയോടെ സഹജീവികളെ നോക്കിക്കാണാൻ നല്ല കഥകളുടെ വായാനാനുഭവം പ്രേരിപ്പിക്കുന്നു. അത്രമേൽ പ്രിയങ്കരമായിരുന്നിട്ടും, ഏതൊക്കെയോ കാരണങ്ങളാൽ തെളിച്ചം കുറഞ്ഞുപോയിരുന്ന ചില ഓർമകൾ കെട്ടുപോകാതിരിക്കാൻ സഹായിക്കുന്നു. എല്ലാറ്റിനുമുപരി, കഥകൾ വായിക്കുന്നവരുടെ വായനാനുഭവം പിന്നീട് അറിയാനിടവരുമ്പോൾ, കഥകളെ സ്നേഹിക്കുന്നവർ ഇനിയുമേറെയുണ്ടല്ലോ എന്നതിൽ ആഹ്ലാദം തോന്നുന്നു. അദൃശ്യമായ ചരടിനാൽ അങ്ങനെ സമാനഹൃദയരുമായി ബന്ധിക്കപ്പെടുന്നതിന്റെ സന്തോഷവും ചെറുതല്ലല്ലോ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook