scorecardresearch

ദൈവം ഇല്ലാത്തപ്പോഴും ദൈവത്തെ ഓര്‍മ്മ വരുന്നു

"വീട്ടുമൃഗങ്ങളുടെ രൂപത്തില്‍ ദൈവം. കുട്ടിക്കാലം മുഴുവന്‍ പ്രത്യക്ഷപ്പെട്ടു "

"വീട്ടുമൃഗങ്ങളുടെ രൂപത്തില്‍ ദൈവം. കുട്ടിക്കാലം മുഴുവന്‍ പ്രത്യക്ഷപ്പെട്ടു "

author-image
Karunakaran
അപ്‌ഡേറ്റ് ചെയ്‌തു
New Update
karunakaran, poem, malayalam poem, vishunu ram,

karunakaran, malayalam poem, poet, vishnu ram

വൈകുന്നേരം നടക്കാന്‍ പോയതായിരുന്നു

വഴിയിലെപ്പോഴോ ദൈവത്തെ ഓര്‍മ്മ വന്നു:

റോഡില്‍ പാഞ്ഞുപോയ കാറിലെ

പെണ്‍കുട്ടി കൈവീശി കാണിച്ചപ്പോഴോ.

അതോ, നാട്ടിലെ പഴയ വീടിന്റെ

തട്ടുമ്പുറത്ത് നിന്ന് വെളുത്ത തളളപ്പൂച്ച, അതിന്റെ

കറുത്ത കുഞ്ഞിനെ വായില്‍ കടിച്ചുപ്പിടിച്ച്

കോണിപ്പടികളിറങ്ങിവന്നത് വീണ്ടും

കണ്ടതുപോലെ തോന്നിയപ്പോഴോ.

വീട്ടുമൃഗങ്ങളുടെ രൂപത്തില്‍ ദൈവം

കുട്ടിക്കാലം മുഴുവന്‍ പ്രത്യക്ഷപ്പെട്ടു

അതിനാല്‍, മുറ്റത്ത്

ഉച്ചമയക്കത്തിലുള്ള നായ

പെട്ടെന്നുണര്‍ന്ന്‍

തൊടിയിലേക്ക് ഓടുമ്പോള്‍

തൊടിയിലെ പക്ഷികള്‍ മുഴുവനും

മാനത്തൊളിയ്ക്കുമ്പോള്‍

ആശയറ്റപോലെ നിന്നു...

കണ്ണുകള്‍ക്കു മുമ്പിലാണ് എല്ലാം

അപ്രത്യക്ഷമായത് എന്ന വിചാരത്തില്‍.

തിരിച്ചു നടക്കുമ്പോള്‍

വീട്ടിലെ കോണിപ്പടികള്‍ ഒറ്റയ്ക്ക്

തിരിച്ചു കയറുന്ന വെളുത്ത തളളപ്പൂച്ചയെ

വീണ്ടും കാണുന്നു.

തിരിച്ചു നടക്കുമ്പോള്‍

എതിരെ വന്ന ആള്‍

ദിക്ക് തെറ്റിയപോലെ

കടന്നു പോകുമ്പോള്‍

രണ്ടുപ്രാവശ്യം അയാളെ

തിരിഞ്ഞു നോക്കുന്നു.

ദൈവം ഇല്ലാത്തപ്പോഴും

ദൈവത്തെ ഓര്‍മ്മ വരുന്നു

Poet Poem

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: