ഒരാള്‍ കാണുന്ന സ്വപ്നം മറ്റു പലരുടെയും ഓര്‍മ്മകളുടെ ഒരു ഭാഗം മാത്രമാണ് എന്ന് അവസാനിക്കുന്ന ഒരു കഥയാണ്, Martin Fierre, ഹോഹെ ലൂയിസ് ബോര്‍ഹസിന്റെ (Jorge Luis Borges) ഒരു കഥ. സാധാരണമായ ഏതൊരു ജീവിതത്തെയും ചിലപ്പോഴെങ്കിലും തൊട്ടുപോകുന്ന അലൗകികമായ അലകള്‍, ബോര്‍ഹസിന്റെ കഥകളിലും കവിതകളിലും ഉള്ളതുപോലെ, ഈ വരിയിലുമുണ്ട്. ആ അലകള്‍ ഉണ്ടാക്കുന്ന വെളിച്ചം, ഇരുട്ടിന്റെ വാഴ്ച്ചയെ പ്രതിരോധിക്കുന്ന തരത്തില്‍ ദീപ്തമാണ്. ആ വെളിച്ചം, സ്വപ്നങ്ങളുടെയും ഭാവനയുടെയും ഭാഗമാകുന്നുവെന്നാണ്, ഒരു പക്ഷെ, ബോര്‍ഹസിന്റെ എഴുത്തിന്റെ വായനാനുഭവവും.

എന്നാല്‍, ആ വെളിച്ചത്തെ പ്രപഞ്ചത്തിലെ തന്നെ ഒരു നേരം എന്നപോലെ അവതരിപ്പിക്കാന്‍ ബോര്‍ഹസ് കണ്ടുപിടിച്ചത് ഒരു വന്യമൃഗത്തെയാണ്, ‘കടുവ’യെ. അല്ലെങ്കില്‍, അങ്ങനെ ഒരു ‘ജീവനെ’ തന്റെ കഥകളുടെയും കവിതകളുടെയും മിടിപ്പായി ബോര്‍ഹസ് അവതരിപ്പിക്കുന്നു.

(Dream Tigers,Jorge Luis Borges, poem, story, karunakaran,,

കുറച്ചു ദിവസം മുമ്പാണ് ബോര്‍ഹസ്സിന്റെ “DREAM TIGERS” എന്ന സമാഹാരം കിട്ടുന്നത്. ഈ പുസ്തകത്തെപ്പറ്റി മുമ്പേ കേട്ടിരുന്നുവെങ്കിലും. ആയിരത്തിത്തൊളളായിരത്തി അറുപതിലാണ് ഇതിന്റെ ആദ്യ പ്രസാധനം, അറുപത്തിനാലിലാണ് ഇംഗ്ലീഷ് പരിഭാഷ വരുന്നത്, രണ്ടായിരത്തിപ്പതിനേഴില്‍ പുസ്തകത്തിന്റെ പതിനഞ്ചാമത്തെ പതിപ്പും. തന്റെ പ്രധാനപ്പെട്ട പുസ്തകം എന്നാണ്‌ കഥകളും (The Maker, Mirrors, Dream Tigers, The Captive, The Borges…) കവിതകളുമായി (Poem about Gifts, The Moon, The Rain, Mirrors, The Other Tiger, The Borges…) വേര്‍പിരിയുന്ന (Antonio Frasconiയുടെ ചിത്രങ്ങളും) ഈ ചെറിയ പുസ്തകത്തെ ബോര്‍ഹസ് തന്നെ വിശേഷിപ്പിച്ചത്.

വാസ്തവത്തില്‍, ബോര്‍ഹസിന്റെ കഥകളും കവിതകളും പ്രബന്ധങ്ങളും വായിക്കുമ്പോഴും ഈ ‘കടുവ’ നമ്മുടെ കൂടെ കൂടുന്നു. ഒരു ജന്തുവിന്റെ പെരുമാറ്റത്തോടെ. ഞാനാകട്ടെ, അതിനെ കാണുകയും ചെയ്യുന്നു: വെളിച്ചത്തില്‍ കുളിച്ചുനില്‍ക്കുന്ന വെള്ളച്ചാട്ടത്തിന്റെ അരികില്‍ നില്‍ക്കുന്നതായോ, ഇതുവരെയും സന്ദര്‍ശിക്കാത്ത ഒരു ടൗണില്‍, അതിരാവിലെ, രാത്രിയില്‍ നിന്നും ഇറങ്ങി, തെരുവിലൂടെ നടക്കുന്നതായോ..കുറച്ചു വര്‍ഷം മുമ്പ് ‘കടുവയും കഥകളും’ എന്ന ഒരു കഥയും ഒരിക്കല്‍ അങ്ങനെയൊരു ഓര്‍മ്മയില്‍ എഴുതി. അന്ധതയുടെയും വെളിച്ചത്തിന്റെയും അര്‍ത്ഥങ്ങളില്‍ ഒരാള്‍ എങ്ങനെയാണ്‌ പ്രവേശിക്കുക എന്ന് പരീക്ഷിക്കുന്ന പോലെ.

(Dream Tigers,Jorge Luis Borges, poem, story, karunakaran,,

എന്തായാലും, ബോര്‍ഹസിന്റെ ‘കടുവ’ ആരാണ്, എന്താണ്, എന്തിന്റെ പ്രതീകമാണ് എന്ന് ആലോചിക്കാന്‍ ഞാനും ഒരുമ്പെട്ടിട്ടില്ല. അപ്പോഴും, ആ ‘സ്വപ്നക്കടുവ’യെ എനിക്ക് ഓര്‍മ്മ വരുന്നു. അതിന്റെ മിടിപ്പോ അതിന്റെ മണമോ.

കലയിലോ ജീവിതോദ്ദേശത്തിലോ ഒരാള്‍ കണ്ടുമുട്ടുന്ന, അല്ലെങ്കില്‍ അന്വേഷിക്കുന്ന, ഉത്കൃഷ്ടത, perfection, ഈ ‘കടുവകള്‍’ അവതരിപ്പിക്കുന്നുണ്ടാകാം. അങ്ങനെ വിശ്വസിക്കാന്‍ ഇഷ്ടപ്പെടുകയും ചെയ്യും. അവ പ്രത്യക്ഷപ്പെടുന്ന പരിസരങ്ങള്‍കൊണ്ടുതന്നെ. എന്നാല്‍, എനിക്ക് വേണ്ടി, അവ അതിനും അപ്പുറത്തേക്ക് നടക്കുന്നു : രൂപരഹിതമായ ഉള്ളടക്കത്തെ, കഥയുടെയോ കവിതയുടെയോ അദമ്യമായ ആഗ്രഹത്തെ, ചിത്രീകരിക്കുന്ന “മറ്റൊരു രൂപ”ത്തെ അവ പറയുന്നു എന്ന് കാണിക്കാന്‍. ബോര്‍ഹസിന്റെ ചില വരികൾ തന്നെ ആ ആഗ്രഹത്തെ പ്രതിയാകും: ഉറങ്ങുമ്പോള്‍ സ്വപ്നങ്ങള്‍ എന്നെ തേടിയെത്തുന്നു. പെട്ടെന്നുതന്നെ ഞാന്‍ സ്വപ്നം കാണുകയാണ് എന്ന് എനിക്ക് മനസ്സിലാവുന്നു. പിന്നെ ഞാന്‍ വിചാരിക്കുന്നു : ഇതൊരു സ്വപ്നമാണ്, എന്റെ ഇച്ഛയുടെതന്നെ ശുദ്ധമായ ഒരു വ്യതിചലനം; എനിക്കിപ്പോള്‍ പരിധിയില്ലാത്ത ശക്തിയാണ്. ഞാന്‍ ഒരു കടുവയുടെതന്നെ കാരണമാകുന്നു…

എഴുത്ത് ഭാവനയുടെ മാത്രം ആവശ്യമാകുന്നു. ചുറ്റുപാടുകളല്ല അതിന്റെ ഇതിവൃത്തം. പകരം, ചുറ്റുപാടുകള്‍ അപ്രത്യക്ഷമാകുന്നു, ചുറ്റുപാടുകള്‍ അലിയുന്ന ഒരു യാഥാര്‍ത്ഥ്യം എഴുത്ത് സ്വപ്നം കാണുന്നു. അതിനെ നിര്‍മ്മിക്കുന്നു.
തന്റെ എഴുത്തിന്റെതന്നെ അവസ്ഥ (shape) യാണ് ബോര്‍ഹസ് ഇതിലൂടെ അന്വേഷിച്ചതെന്ന് വായിച്ചിട്ടുണ്ട്. അവയുടെ ‘ആത്മീയമായ’ മുഹൂര്‍ത്തങ്ങള്‍ക്ക് ഒപ്പം.

We shall seek a third tiger. This
will be like those other a shape
of my dreaming, a system of words
(The other tiger)

ഒരു കഥയില്‍, The Captive, അങ്ങനെയൊരു അവസ്ഥ കണ്ടുമുട്ടുന്നത് ഭൂതവും വര്‍ത്തമാനവും ഒരുമിച്ചുവന്ന് മുട്ടുന്ന, പുനര്‍ജനിക്കുകയും മരിക്കുകയും ചെയ്യുന്ന ഓരോർമ്മയെപ്പറ്റി പറഞ്ഞാണ്. ആ നിമിഷത്തെ, അതിലെ പരമാനന്ദത്തെപ്പറ്റിയും പറഞ്ഞുകൊണ്ട്. തന്റെ മുപ്പതുകളുടെ അന്ത്യത്തില്‍ മാത്രം കഥകള്‍ എഴുതാന്‍ തുടങ്ങിയ ഒരാള്‍, അതേ സാവകാശത്തോടെ, തന്റെ കഥയുടെ ‘ഉത്കൃഷ്ടത’യിലേക്ക് അങ്ങനെ പ്രവേശിയ്ക്കുകയായിരുന്നു എന്നു വേണം പറയാന്‍.

(Dream Tigers,Jorge Luis Borges, poem, story, karunakaran,,
കഥയും ജീവിതംപോലെ സങ്കല്‍പ്പിക്കപ്പെടുന്നു. അതിലെ യാദൃശ്ചികതകളുടെ നിരന്തരമായ ഓര്‍മ്മ, പിന്നൊരിക്കല്‍, ഏതെങ്കിലുമൊരു ‘കാരണ’ത്തിന്റെ രൂപം സ്വീകരിക്കുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ എഴുത്ത് ഭാവനയുടെ മാത്രം ആവശ്യമാകുന്നു. ചുറ്റുപാടുകളല്ല അതിന്റെ ഇതിവൃത്തം. പകരം, ചുറ്റുപാടുകള്‍ അപ്രത്യക്ഷമാകുന്നു, ചുറ്റുപാടുകള്‍ അലിയുന്ന ഒരു യാഥാര്‍ത്ഥ്യം എഴുത്ത് സ്വപ്നം കാണുന്നു. അതിനെ നിര്‍മ്മിക്കുന്നു.

ബോര്‍ഹസിന്റെ പ്രസിദ്ധമായ ഒരു കവിതയില്‍, Mirrors പറയുന്ന പോലെയാണ് ആ സ്വപ്നങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. സ്വപ്നങ്ങളും കണ്ണാടികളുംകൊണ്ട് സായുധരായ രാത്രിനേരങ്ങളെപ്പോലെയാണ് അപ്പോള്‍ എഴുത്തുതന്നെ. മനുഷ്യരെ അത് ‘പ്രതിബിംബങ്ങള്‍’ മാത്രമാക്കുന്നു. അല്ലെങ്കില്‍, അങ്ങനെ ഓര്‍മ്മിപ്പിക്കുന്നു.
(Dream Tigers – Jorge Luis Borges – Translated by Mildred Boyer and Harold Morland – University of Texas)

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook