“Patriotism is your conviction that this country is superior to all other countries because you were born in it” George Bernard Shaw
അനിതരസാധാരണമായ ഒരു നാടാണ് തുടയന്നൂർ. സാക്ഷാൽ ഉടയോൻ പരമശിവന്റെ കുടിയിരിപ്പു കൊണ്ട് ഉടയന്നൂർ തുടയന്നൂരായതാണെന്നു വിശ്വഹിന്ദു സഭയും, അതല്ല പശ്ചിമഘട്ടത്തിന്റെ തെക്കുഭാഗവും സമൃദ്ധമായി വളരുന്ന കാലിച്ചെടികളും കണ്ടു പണ്ടേയ്ക്കും പണ്ടേ ഇവിടെ എത്തിയ ഇടയൻമാരെക്കൊണ്ടു ഇടയന്നൂർ തുടയന്നൂരായതാണെന്നു യുക്തിവാദികളും വിശ്വസിച്ചു പോരുന്നു.
ഒരു മലയോര ഗ്രാമത്തിന്റെ വശ്യ മനോഹാരിതകൾക്കൊപ്പം എണ്ണംപറഞ്ഞ മിത്തുകളും ചേർന്നിഴപിരിഞ്ഞുകിടന്നിരുന്ന ഈനാടിനെപ്പറ്റി ഇനിയും അറിയാത്തവരായി എട്ടുവര്ഷത്തെ എന്റെ കോളേജ് ജീവിതത്തിലെ സുഹൃത്തുക്കളിൽ ആരും തന്നെയില്ല. മിക്കവരും ഒരിക്കലെങ്കിലും കന്യാകാവരമ്പും കന്യാർകയവും ഒത്തൽക്കൂട്ടവും ഒക്കെ നേരിട്ട് കാണാനും, പുതുവെള്ളം സിംഹഗാനത്തോടെ നാടുമുക്കുമ്പോൾ ഏറു മാടത്തിലിരുന്ന് ഈറ്റപ്പോളയിൽ ചെമ്പല്ലികൂട്ടുചേർത്തു വാറ്റിയെടുക്കുന്ന ചാരായത്തിൽ സ്വബോധത്തെ കുരിക്കിയിടാനും ആഗ്രഹം പറഞ്ഞിട്ടുള്ളവരാണ്. നിർഭാഗ്യത്തിനും വിധിക്കും പഴിപൊതിഞ്ഞുവച്ചുകൊണ്ടു ഞാൻ സമർഥമായിത്തന്നെ അവരുടെ ആഗ്രഹങ്ങളെ പത്തലുകൊണ്ടുതല്ലി വരുന്നു.
കന്യകാവരമ്പുപോലെ നീണ്ട ഒൻപതു വർഷങ്ങൾക്കു ശേഷമാണ് നാട്ടിലേക്കുവരുവാനും ഒരൊത്തൽകൂട്ടത്തിന് സാക്ഷ്യം വഹിക്കാനും അവസരമൊത്തു വന്നത്. നിക്കറിടാതെ ഉമ്മിണി കാട്ടി നടന്നിരുന്ന കാലം തൊട്ട് നാട്ടിലെവിടെ ഒത്തല് കൂടീന്നറിഞ്ഞാലും കേട്ടപാതി കേൾക്കാത്ത പാതി ഉപ്പൂറ്റി തലേല് തട്ടുന്ന വേഗത്തിൽ അവിടെയെത്തി, കൂടെയോടിവന്ന സമയം നിർത്താതോടി പോകുന്നതുമറിയാതെ അസ്ത പ്രജ്ഞനായിനിന്നിരുന്നു. അരപ്പൊക്കമുള്ള ട്രൌസറിട്ട് എൽ.പി സ്കൂളിൽ പതിവായി താമസിച്ച് കയറിച്ചെന്ന് തല്ലുവാങ്ങാറുള്ളതും കണങ്കാലിനെ ഉരുമിപ്പിണഞ്ഞ് കിടക്കുന്ന പാന്റ്സിട്ട് യു .പി സ്കൂൾ വിട്ട് വൈകി വീട്ടിൽ കേറി പള്ളു കേൾക്കാറുള്ളതും ഒത്തൽ കണ്ടു നിന്നായിരുന്നു. അതു കൊണ്ടുതന്നെ ഹൈസ്ക്കൂളുകഴിഞ്ഞുപരി പഠനത്തിനായി തലസ്ഥാന നഗരിയിലേക്ക് ചേക്കേറിയപ്പോൾ നഷ്ടപ്പെട്ട് പോയത് നാട്ടിലെ പൊൻമാൻ മിഴികളുടെ മദിപ്പിക്കുന്ന സൗന്ദര്യം മാത്രമല്ലായിരുന്നു. അങ്ങനെ ആഴ്ചയിലൊരിക്കൽ വീട്ടിലേക്കുള്ള ഫോൺ വിളിയിലെ ഒരു സ്ഥിരം പംക്തിയാക്കി ഒത്തൽ വിശേഷം മാറ്റി. സാമ്പശിവന്റെ വലിയ ആരാധകനായ അച്ഛന്റെ, നടന്ന സംഭവത്തെ പൊടിപ്പും തൊങ്ങലും ചേർത്ത് പൊലിപ്പിച്ച് പത്തും പതിനഞ്ചും മിനിട്ട് ദൈർഘ്യം നീളുന്ന വിവരണം കേൾക്കാൻ അടുത്ത റൂമിലെ കമ്പനിക്കാര് പോലും കൂടും.
“അടി കാണാൻ കൂടി നിൽക്കുന്ന ഒരു ചൊരപ്പുമില്ലാത്ത കൊറേ ആളുകൾ എല്ലാ നാട്ടിലും കാണും അതത്ര പുതുമയുള്ള കാര്യമൊന്നുമല്ല,” എന്നാകും നിങ്ങളിപ്പോൾ കരുതുന്നത് പക്ഷേ നമ്മുടെ തുടയന്നൂർകാർക്കുണ്ടല്ലോ ഇതൊരു വല്ലാത്ത വികാരമണ്. വിവാഹം, ചോറൂണ്, ഉത്സവം അടിയന്തരം തുടങ്ങി ഏതു പൊതുപരിപാടികളിൽ പങ്കെടുക്കാനുമുള്ള നാട്ടുകാരുടെ പ്രധാന പ്രേരണ ഇതിന്റെയെല്ലാം പരിസമാപ്തി ഒരു വലിയ അടിപിടിയിലായിരിക്കും എന്നുള്ള വിശ്വാസമാണ്. ഒരു തുരുമ്പു വീണ കേസുകെട്ടെങ്കിലും കിട്ടിയാ മതി അത് ഊതി പെരുക്കിയെങ്ങനെയെങ്കിലും ഒത്തലിൽ കൊണ്ടുചെന്നെത്തിക്കാനുള്ള ജന്മസിന്ധമായ വൈദഗ്ധ്യം നാട്ടുകാർക്കെല്ലാമുണ്ട്.
കാരണവന്മാർത്തൊട്ടനുവർത്തിച്ചു വരുന്ന ചില അലിഖിത നിയമാവലികളുണ്ട് ഒത്തലിന്. ഉയരത്തിന്റെ ആരോഹണ ക്രമത്തിൽ ഗാലറിയിൽ കളി കാണാനിരിക്കും പോലെ നിന്ന് മുഴുവൻ പേർക്കും കാണുവാനുള്ള അവസരമൊരുക്കണം. സ്ത്രീകൾക്കും പുരുഷന്മാർക്കും ഇടതിരിച്ചും കുട്ടികൾക്ക് മുൻനിരയിലും സ്ഥാനമൊരുക്കണം അടുത്ത ഒത്തലുകളിലും തൽസ്ഥാനംതന്നെ എല്ലാവരും പാലിക്കുകയും വേണം. പല തലമൂത്ത അപ്പുപ്പന്മാർക്കുമിപ്പോ സ്ഥിരം പൊസിഷനുകൾ പോലുമുണ്ട്.
ഇനി ഒത്തലുകണ്ടു നിലക്കുന്നവരാരും അതിൽ മധ്യസ്ഥത പറയുവാനോ പിടിച്ചു മാറ്റുവാനോ മിനക്കെടാറില്ലന്നു മാത്രമല്ല ഓരോ സംഘട്ടനങ്ങൾക്കും തങ്ങളുടേതായ പ്രോത്സാഹനളും വിജയികൾക്ക് പാരിതോഷികങ്ങളും, തങ്ങളിൽ ആന തൊട്ടുറുമ്പുവരെ പന്തയം കെട്ടലുമായി ദിവസക്കലണ്ടർ കീറിയെറിയും. പ്രശ്ന പരിഹാരം കണ്ടല്ലാതെ ഒരു ഒത്തലും അവസാനിപ്പിക്കാറില്ല. അതു കൊണ്ടു തന്നെ തുടയന്നൂരിലെ പഞ്ചായത്ത് റോഡുകളിലെ പൊടിയടിച്ചുപറത്താൻ ഇന്നു വരെ ഒരു പോലീസ് ജീപ്പിനും കഴിഞ്ഞിട്ടില്ല.
തോട്ടുവളവ് തിരിഞ്ഞാൽ ഒത്തല് നടക്കുന്ന വേലപ്പന്മാമന്റെ ചായക്കട കാണാം. ചുറ്റും കൂടി നിൽക്കുന്നരെല്ലാം തലങ്ങനേയും വിലങ്ങനേയും പ്രവഹിക്കുന്ന തെറി വാക്കുകൾ കാതിലോട്ടോടികേറുന്നതിന്റെ അനുഭൂതിയിൽ പുളകിതരായി നിൽക്കുന്നത് കാണുമ്പോഴേ ഊഹിക്കാം അടുത്ത ഒരു മണ്ഡലകാലത്തേക്ക് ആഘോഷിക്കാൻ പാകത്തിലെന്തോ ഒന്നാണ് പ്രശ്നത്തിന്റെ ധൂമകേതുവെന്ന് സ്വൽപ്പം പണിപ്പെട്ടാണെങ്കിലും അടിനടക്കുന്ന സ്പോട്ടിന്റെ മധ്യത്തിലെത്തി അടുത്തുനിന്നവരോടുകാര്യം തിരക്കി സംഗതി അശ്ലീലം തന്നെ, അതും ജാരവിഷയം.
കിഴക്കതിലെ പത്മിനിയെ ദംശിച്ച ആ മിടുക്കൻ ജാരൻ ഇവരിലാര്? ഒരുവശത്ത് ദാ ഇപ്പോതല കൊയ്യുമെന്നു പറഞ്ഞ് നിൽക്കുന്നു, അംഗൻവാടിതൊട്ട് എന്റെ സഹപാഠിയും യുവ ജാരൻ എന്നനിലയിൽ കുപ്രസിദ്ധിനേടിയവനുമായ കീഴതിലെ ഉണ്ണി. മറുവശത്ത് കൊല്ലാനും ചാകാനും തയ്യാറായി നിൽക്കുന്ന മാത്തുവണ്ണൻ. ഒട്ടകത്തിന്റെ പൊക്കവും പോത്തിന്റെ വണ്ണവുമുള്ള അങ്ങേരാണെങ്കിൽ എന്റെ അയൽവാസിയും. ഇതൊന്നുമല്ല രസം ചണ്ണപ്പട്ട ഹൈസ്കൂളിലെ ചോർന്നൊലിക്കുന്ന പത്താം ക്ലാസ് ബി ഡിവിഷനിലെ പിൻബഞ്ചിൽ ചൂടുപറ്റി കെട്ടിപ്പിടിച്ചിരുന്നവരാണ് ഞങ്ങൾ മൂന്നുപേരും. പക്ഷേ ഞങ്ങളെക്കാൾ അഞ്ചാറുകൊല്ലം മുൻപേ അവിടെയിരുന്നു നനഞ്ഞു തുടങ്ങിയതാണ് മൂപ്പര്.
ചോക്കു പൊടിയെടുത്ത് മീശ പിടിപ്പിച്ച് കള്ളനും പോലീസും കളിക്കുന്ന ഞങ്ങൾക്ക് അനക്കം തട്ടിയ പെരിക്കാലട്ട പോലെ വളഞ്ഞു കുത്തിയ തടിയൻ മേൽചൂണ്ടിനെപ്പൊതിഞ്ഞ് കറുത്ത കട്ടിരോമമുണ്ടായിരുന്ന കരിന്തണ്ടൻ മാത്തുവണ്ണനെ അന്നുമിന്നും പേടി തന്നെ. എന്നിട്ടും ഉണ്ണിയെന്തിന് മാത്തുവണ്ണനു നേരെ പത്തിചീറ്റി നിൽക്കുന്നു എന്ന് പിടികിട്ടുന്നില്ല.
ഇരുവരേയും വേർതിരിച്ച് നിർത്തുന്നത് പ്രാചീന ശിലായുഗത്തിൽ നിന്നും കൊണ്ടുവന്ന തട്ടു ദോശക്കല്ലും മറിച്ചിടാൻ താമസിച്ച് ഒരു വശം കരിഞ്ഞു തുടങ്ങിയ നാലു ദോശകളുമാണ്. ‘അയ്നാലിരുപത് രൂപയ്ക്കുമെത്രയോ മേലേയല്ലേ ഒരൊത്തല്’ ആ ചിന്തയാണ് കുഞ്ഞു കുഞ്ഞു പുക മേഘങ്ങളായി വേലപ്പൻ മാമന്റെ ചുണ്ടിലെ ദിനേശ് ബീഡിയിലൂടെ പുറത്തുകറങ്ങിത്തിരിയുന്നത്. ചീത്ത വിളിച്ച് നാക്കു കഴയ്ക്കും വരെയും ഇടികൂടി ചോര തുപ്പും വരേയും കാത്തിരിക്കാൻ മനുസ്മൃതിപോലും അനുവദിക്കില്ല.
സവർണ്ണതയെ പരിപാലിച്ചുകൊണ്ടു ദിനംപ്രതി ഉണ്ടായിക്കൊണ്ടിരിക്കുന്ന വ്യാഖ്യാനങ്ങൾ ഇനിയിപ്പോ അനുവാദിച്ചാത്തന്നെ നാട് കുട്ടിച്ചോറാക്കുന്ന വിശ്വാസപ്രമാണങ്ങളെ മുൻ പിൻ നോക്കാതെ എതിർത്തെ പറ്റൂ. അല്ലേലും പത്താം ക്ലാസിനപ്പുറം ഒരു പള്ളിക്കൂടവരാന്ത പോലും കണ്ടിട്ടില്ലാത്തവരുടെ ഇടയിൽ നിന്ന് പുറത്തു പോയിപ്പഠിച്ച് ബിരുദവും ബിരുദാനന്തര ബിരുദവും സർക്കാർ ഉദ്യോഗവും കരസ്ഥമാക്കി വന്ന ഞാൻ ഈ നാട്ടിലെ മണുകൊണാഞ്ചന്മാരെക്കാളെല്ലാം ‘സ്പെഷ്യലല്ലേ.’ കൂടുതലൊന്നും ചിന്തിച്ചില്ല രണ്ട് പേരേയും പിടിച്ചു മാറ്റി സമാധാനിപ്പിച്ചു. അടികൂടി ചാകാതെ വീടുകളിൽപ്പോകാൻ പറഞ്ഞു. കഴിഞ്ഞ ദിവസം കൂടി വാങ്ങിക്കുടിച്ച കള്ളിന്റെ നെറികൊണ്ടോ എന്തോ എന്തായാലും രണ്ടു പേരും എന്റെ വാക്കിനു വില തന്നു.
അടിക്കിടയിൽ വീണു കിട്ടിയ സമയം ചുറ്റും കൂടി നന്നവർ രണ്ട് പക്ഷംപിടിച്ച് ഉണ്ണിയുടെയും മാത്തുവണ്ണന്റെയും ഇല്ലാത്ത ഗുണ ഗണങ്ങളന്വേഷിച്ചവതരിപ്പിച്ച് ആണി കയറിയ ആടുപോലെ നിന്നപ്പോഴാണ് എന്റെ മധ്യസ്ഥതയിൽ ആ ഒത്തൽ അവസാനിച്ചത്. നാട്ടുകാരാകെ അക്ഷമരായി, ഇനിയൊരു ഒത്തൽ കാണാൻ കഴിയും മുൻപ് മേലോട്ട് ടിക്കറ്റെടുക്കേണ്ടി വരുമോ എന്നറിയാതെ വൃദ്ധജനങ്ങൾ പലരും മുരടനക്കി പ്രാകി. മഴ മുടക്കിയ ക്രിക്കറ്റ്കളിയിൽ ഡക്ക്വര്ത്ത് ലൂയിസ് പദ്ധതി പ്രകാരം വിജയിയെ കണ്ടത്തുന്നത് പോലെ പുതിയ എന്തെങ്കിലും നവീകരണത്തിനായി കാത്തുനിന്നവരും അസ്വസ്ഥ ചിത്തരായി പിറുപിറുത്തും തല ചൊറിഞ്ഞും തിരിഞ്ഞുനടന്നു, ചായക്കടയും പരിസരവും നിശബ്ദമായി.കണ്ടു നിന്ന അവസാനത്തെ കുട്ടിയും കണ്ണീരുമൊലിപ്പിച്ച് മുട്ടിലിഴഞ്ഞുപോയതോടെ പതിയെ കിംവദന്തികൾക്ക് ജീവൻവച്ചുതുടങ്ങി.
പാരമ്പര്യ നിഷേധം, ആചാര ലംഘനം, അഭിമാനക്ഷതം, പത്രാസുകാരന്റെ പരിഷ്കരണം തുടങ്ങിയ വകുപ്പുകളിൽ ആൾക്കൂട്ടങ്ങൾ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി. ഇതുമൂലമുണ്ടായേക്കാവുന്ന ദൈവകോപം മാറ്റാൻ പുതുതായി നിർമ്മിക്കപ്പെട്ട ചില സമിതികൾ ബംഗാളികളെവരെ കൂലിക്കിറക്കി പ്രകടനങ്ങൾ നടത്തിയതോടെ മറ്റു ചിലർ ഐക്യദാർഢ്യം പ്രഖ്യാപിച്ചും രംഗത്തെത്തി. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും കാത്തു കാത്തു കിട്ടിയ മഴയത്ത് വായും തുറന്നിരുന്ന വേഴാമ്പൽ ഇടി വീണു ചത്ത പോലെ ചെറിയ വിങ്ങിപ്പൊട്ടുണ്ട് എന്റെയും ഉളളിന്റെയുള്ളിൽ.
പിരിഞ്ഞുപോയെങ്കിലും ഓരോരുത്തരുടേയും മനസ്സിൽ ആ ചോദ്യം കാട്ടീച്ചക്കൂട്ടം പോലെ മുരണ്ടുകൊണ്ടേയിരുന്നു. രണ്ടു പേരും പുറം നാട്ടിലും പേരുള്ള ജാരന്മാർ തന്നെ, പക്ഷേ ആകാംക്ഷയുടെ ഈ വേലിയേറ്റത്തിനു യഥാർത്ഥ കാരണം പത്മിനിയുടെ പൂർവ്വ ചരിത്രമാണ്.
പഞ്ചായത്ത് റോഡിലുടെ ചുറ്റിക്കാറങ്ങാതെ കവലയിലെത്താനുള്ള എളുപ്പവഴിയാണ് കന്യാകാവരമ്പ്.
പണ്ടു വയലായിരുന്ന വരമ്പിന്റെ ഒരുവശം മുഴുവൻ ഇപ്പൊ വീടുകളാണ് മറുവശമിപ്പോഴും രണ്ടാൽപ്പടിപ്പൊക്കത്തിൽ മുൾക്കാടുതന്നെ. കന്യകാവരമ്പിലൂടെ നടക്കുന്ന പ്രായപൂർത്തിയായ പെൺകുട്ടികൾ വഴിയിലെവിടെയെങ്കിലും വെച്ച് മുൾചെടികൾക്കിടയിലേക്ക് അപ്രത്യക്ഷരാകുകയും സൂര്യാസ്തമനത്തിനുമുന്നേ കന്യകാത്വം നഷ്ട്ടപ്പെട്ടു തിരികെ വീട്ടിലെത്തുകയുംചെയ്യും.
‘ചട്ടക്കാരി’യുടെയും ‘ഭ്രാന്തി’ന്റെയുമൊക്കെ പേജുകൾ ചണ്ണപ്പട്ട ഹൈസ്കൂളിന്റെ പത്താം ക്ലാസിലെ ബഞ്ചുകൾക്കും ഞങ്ങളുടെ ചന്തികൾക്കുമിടയിൽ ഞെരിഞ്ഞുവരുന്ന കാലം ഇടവപ്പാതിക്കും തുലാവർഷത്തിനുമൊപ്പം നാട്ടിലേക്ക് വരുന്ന മറ്റൊരുപ്രതിഭാസമായിരുന്നു, ആടുതോമയ്ക്ക് ശേഷം മുട്ടനാടിന്റെ ചങ്കിലെ ചോരകുടിക്കുന്ന നാടൻ ചട്ടമ്പി അന്തോണിച്ചൻ.
പഞ്ചായത്തുകുളിക്കടവിലെത്തുന്ന പെണ്ണുങ്ങളുടെ കുളിസീനുകൾ ഒപ്പിയെടുത്ത് മൂപ്പരുടെ പരിമിത ഭാവനയുടെ മുകൾപ്പരപ്പിലേക്ക്പൊങ്ങിവരുന്ന ബിംബങ്ങളും വർണ്ണനകളും കൂട്ടിച്ചേർത്തു കയ്യൊതുക്കത്തോടെ കഥപറഞ്ഞു ഞങ്ങളുടെയൊക്കെ ട്രൗസറിൽ നനവ് പിടിപ്പിച്ചിരുന്നു. ഏത് അടിപിടിയുടെയും കാര്യക്കാരനായും കന്യകാവരമ്പിലൂടെയുള്ള തരുണീമണികളുടെ സ്വച്ഛ യാത്രക്ക് വെല്ലുവിളിയായും നാട്ടിന്റെ പൊതുശല്യവുമായി മാറിക്കൊണ്ടിരിക്കെയാണ് പട്ടാളത്തിൽ ചേർന്നാൽ ഗോതമ്പിന്റെ നിറമുള്ള ഹിന്ദിക്കാരികളെ ചുളുവിനൊപ്പിക്കാം എന്ന ആരുടെയോ പ്രലോഭനത്തിൽ പെട്ട് , നാട്ടിൽ നിന്നും തന്നെ ഒഴിവാക്കാനുള്ള കുരുട്ടു ബുദ്ധി അതിനുപിന്നിലുണ്ടെന്നറിയാതെ പാവം ഒറ്റബുദ്ധിക്കാരൻ നാടുവിട്ടുപോയത്. പട്ടാളത്തിൽ ചേർന്നിട്ടുണ്ടെന്നും കടലുകടന്നുപോയിട്ടുണ്ടെന്നും അതല്ല ചുവന്നതെരിവിലോ അന്ധേരിയിലോ ആണെന്നുമൊക്കെ പലരും കഥ മെനഞ്ഞു.
പിന്നീട് വന്ന പുതുമഴകളിൽ പല ജാരന്മാരും തഴച്ചുവളർന്നതോടെ അന്തോണിച്ചന്റെ വിടവ് മുൾക്കാടുകൾ മറച്ചുപിടിച്ചു. അങ്ങനെ ഒരു ദിവസം തിരിച്ചെത്തിയ മൂപ്പരെ ഞെട്ടലോടെ ഗ്രാമം സ്വീകരിച്ചു.കേട്ടറിഞ്ഞു വിശ്വസിക്കാത്തവർ കവലയിലേക്കോടി. ഒറ്റയ്ക്കല്ല കൂടെ ഒരു അപ്സരസും. അതാണ് ഈ പത്മിനി; കന്യകാവരമ്പിലൂടെ ആദ്യമായി ഇടമുറിയാതെ അക്കരയെത്തിയവൾ. അതുകണ്ട് അസ്വസ്ഥരായവർ പിന്നെക്കണ്ടത് മഴയുള്ള ഒരു പാതിരാത്രി പള്ളയ്ക്ക് പാരക്കുത്തുകൊണ്ടുപിടയുന്ന ഭാസ്കരനെയും മരണഭയത്താൽ നിലവിളിക്കുന്ന രണ്ടു വരുത്തൻമാരെയുമാണ്.അവന്മാരെയും ചവിട്ടിമറിച്ച് വാക്കത്തിയും കൊണ്ട് നിന്ന ഒരു നിൽപ്പുണ്ട്; സാക്ഷാൽ രക്ത ചാമുണ്ഡി. ഏഴെട്ടു കൊല്ലത്തെ ശിക്ഷ കഴിഞ്ഞു തിരിച്ച് നാട്ടിൽ വണ്ടിയിറങ്ങിയപ്പോൾ ചെരുപ്പുമാല ഇട്ടു വരവേറ്റ രണ്ടുപ്രാധാന ചട്ടമ്പികളുടെ മകരമണി ഗോലിസോഡാക്കുപ്പിക്കടിച്ചുപൊട്ടിച്ചു വീണ്ടും രണ്ടുകൊല്ലം ആകത്തായിരുന്നു. വയസ്സ് ഏതാണ്ട് നാൽപ്പത് കഴിഞ്ഞുകാണുമെങ്കിലും അവരുടെ അഴകിന് പകരം വെയ്ക്കാൻ വേറൊരുത്തി ഇനി ഉണ്ടാകണം.
അമ്പലപറമ്പിലും അരയാൽത്തറയിലും തോട്ടു കലിങ്കുകളിലും പുരുഷകേസരികളും, അടുക്കളപ്പുറത്തും കുളിക്കടവിലും സ്ത്രീജനങ്ങളും സജീവ ചർച്ചകളിൽ മുഴുകിയപ്പോൾ വരാനിരിക്കുന്ന ക്ഷാമത്തെപ്പറ്റിയോ തങ്ങളുടെ കുടുംബത്തെപ്പറ്റിയോ അവരാരും അറിയാതെയായി. സാധാരണ ഇക്കാര്യങ്ങളിലൊക്കെ കാലാവസ്ഥാ നിരീക്ഷകരെക്കാൾ ക്രാന്തദർശിത്വം പ്രകടിപ്പിക്കാറുള്ള പെണ്ണുങ്ങളുടെ മനസും ആ ജാരന്മാരാൽ വെള്ളപൂശപ്പെട്ടുപോയി.
തുടയന്നൂർ കേന്ദ്രീകരിച്ച് ഏതെങ്കിലും സ്വകാര്യ ചാനൽ പ്രവർത്തിക്കുന്നുണ്ടായിരുന്നെങ്കിൽ അന്തി ചർച്ചകളോ പ്രത്യേക അന്വേഷണ പരമ്പരയോ, ഒന്നും നടന്നില്ലെങ്കിൽ വോട്ടിങ് നടത്തി വിജയിയെ പ്രഘ്യാപിച്ചെങ്കിലും പച്ചപിടിക്കാനുള്ള നല്ല അവസരം ഉണ്ടായിരുന്നു. ഏതായാലും ഇതൊന്നും നടക്കാതെതന്നെ ചില മുൻനിര കൗതുകികളുടെ അന്വേഷണത്തിൽ പുതിയൊരുകണ്ടെത്തൽ ഉണ്ടായി.
പണ്ട് പത്മിനി കുത്തിമലർത്തിയ ഭാസ്കരൻ ഇപ്പോഴും അവളുടെ സംരക്ഷണത്തിൽ അവിടെത്തന്നെ കഴിയുന്നുണ്ട് അങ്ങനെയെങ്കിൽ ആ ജാരനെപ്പറ്റി അയാളോട് ചോദിച്ചാൽ പോരെ. പക്ഷെ അത് ചോദിക്കാൻ അവിടെ പോകുന്നത് പോയിട്ടു ആ വളപ്പിലൊന്നു എത്തിനോക്കാനുള്ള ധൈര്യം പോലുമാർക്കുമില്ല. രാപകലില്ലാതെ കിണഞ്ഞു പരിശ്രമിച്ച പലരും മടുത്തുമാറി. അതോടെ ഗ്രാമസഭയുടെ പൊതു ആവശ്യമായ് ജാരവിഷയം മാറി. പഞ്ചായത്ത് പ്രസിഡന്റ് വിഷയം നേരിട്ടേറ്റെടുക്കുകയും ചെയ്തു. അതിലേക്ക് നയിച്ച പ്രധാന സംഗതി വിശേഷങ്ങൾ
- മാസങ്ങൾ പലതുകഴിഞ്ഞിട്ടും അനന്തരകരണീയമായി തുടരുന്ന ആകാംക്ഷ.
- അതുകൊണ്ടു തന്നെ പ്രശ്നപരിഹാരം കണ്ടുകഴിഞ്ഞാൽ ഉണ്ടാകുന്ന ജനപ്രീതി(അടുത്ത ഒരു ഇലക്ഷൻ മുന്നിൽ നിക്കുന്ന സാഹചിര്യത്തിൽ)
അങ്ങനെ ജിജ്ഞാസ മൂത്ത് കർത്താവിനോട് ഉത്തരം തിരക്കിപ്പോയ പത്താം വാർഡ് മെമ്പർ ലില്ലിക്കുട്ടിയുടെ അമ്മച്ചിയുടെ അനുശോചനാർത്ഥം തന്റെ നേതൃത്തത്തിൽ നല്ലൊരു ദിവസം നോക്കി ഭാസ്ക്കരനെ നേരിട്ട്കണ്ട് കാര്യം ചോദിക്കാൻ തീരുമാനമായി. ആവശ്യമെങ്കിൽ പഞ്ചായത്ത് ഫണ്ടിൽ നിന്ന് കുറച്ചെടുത്തു നല്ല രണ്ടു ഗുണ്ടകളെ ഇറക്കുമതി ചെയ്യാനോ തീരെ നിവർത്തിയില്ലാതെ വന്നാൽ പോലീസ് സഹായം തേടാനും വേണ്ട നടപടികളെല്ലാം സജ്ജമാക്കി.
ഭൂമികാമാഘ്യയോഗം ഗണിച്ചു കഷ്ടപ്പെടാതെ നാളെ നല്ല ബെസ്റ്റ് ദിവസമാണെന്നു കണിയാൻ വിധിയെഴുതിയതോടെ തലക്കുമീതെ വീഴാൻ തൂങ്ങിനിന്ന വലിയൊരു ഭാരം ഇറക്കിവയ്ച്ചവരെയെല്ലാം നിദ്രാദേവി ഗാഢം പുണർന്ന ആ രാത്രിയിൽ അവിടെ ഒരു കൊലപാതകം നടന്നു.
മാത്തുവണ്ണനും ഉണ്ണിയും ചേർന്ന് ഭാസ്കരനെ കീറിയെടുത്തത് ഒരു ഞെരുങ്ങലിന്റെ ഒച്ചപോലും പുറത്തുപോകാതെ ശ്രദ്ധയോടെയായിരുന്നു. ഇന്നലെ വരെ തങ്ങളുടെ വീരകൃത്യങ്ങൾ പുകഴ്ത്തി പാടിയവരെല്ലാം നാളെ പുതിയ ഒരു വിഗ്രഹം വാഴിക്കേണ്ടതില്ല എന്ന ചിന്തയാകാം, കൃത്യം നിർവ്വഹിച്ചു മടങ്ങുന്ന അവരിരുവരുടെയും കൈകളെ ചേർത്ത് പിടിപ്പിച്ചത്.
ഭാസ്കരനെ തന്നെ ഉന്നം വെച്ച് അവിടെ വന്ന യഥാർത്ഥ ജാരൻ പൊന്തക്കാട്ടിന്റെ മറവിലിരുന്ന് ഇതെല്ലാം കാണുന്നുണ്ടായിരുന്നു. കാരണം അയാൾ സ്പെഷ്യലാണ് ഇവുടുത്തെ മണുകൊണാഞ്ജൻ മാരെക്കാളെല്ലാം സ്പെഷ്യൽ.