ചുവരെഴുത്ത് – കഥ

“കൂടെവന്നയാൾ ചൂണ്ടിയയിടത്തേയ്ക്ക് കണ്ണോടിച്ച കൊച്ചുകുഞ്ഞാശാൻ മേലാകെ കുളിരുകോരിയ തുപോലെ ‌തരിച്ചുനിന്നു. കൈയാലച്ചുവരിലെ അക്ഷരങ്ങളിലേക്ക് ആശാൻ ഒന്നേ നോക്കിയുള്ളൂ. പത്തുപന്ത്രണ്ടുകൊല്ലംമുന്നേ ഒരന്തിനേരത്തെ ചാറ്റൽമഴയിൽ കുണ്ടനിക്കുടയും ചൂടി അപ്പന്റെ കൈയിൽത്തൂങ്ങി തന്റെ കളരിയിലെത്തിയൊരു പൈതലിന്റെ മുഖം ആശാന് ഉള്ളാലെ തെളിഞ്ഞു” ദേവദാസ് വി എം എഴുതിയ കഥ

v. m devadas , story, malayalam story,

നിലത്തെഴുത്തിനു കൂടെയിരിക്കുന്നവന്റെ കൈതട്ടുന്നതിനിടെ കണ്ണിൽ മണൽത്തരി പോയൊരു കൊച്ചുകുറുമ്പന്റെ കരച്ചിലാണ് ആലോചനകളിൽനിന്ന് കൊച്ചുകുഞ്ഞാശാനെ കളരിയിലേക്ക് ‌മടക്കിയെത്തിച്ചത്. മുണ്ടിന്റെ കോന്തല ചുരുട്ടിക്കൂർപ്പിച്ചെടുത്തു കണ്ണിൽ നിന്ന് തരിയെടുത്ത ശേഷം ‌ വികൃതി കാണിച്ചതിനുള്ള പതിവു ശകാരത്തിനു പകരം ആശാൻ അവനോട് ചോദിച്ചു.

“നീ നേരിട്ട് കണ്ടോ?

“ഞാനൊന്നും കണ്ടില്ല. അപ്പനാണ് വീട്ടിൽ വന്നു പറഞ്ഞത്.”

ഞാഞ്ഞൂലിനെപ്പോലെ ചുരുണ്ടുപുളയുന്ന കുരുടിക്കുഞ്ഞിനെക്കണ്ടാലും പത്തിക്കാരൻ വെമ്പാലയെന്ന് പെരുപ്പിച്ചുപറയുന്ന നാട്ടുകാരാണ്. അക്കാരണംകൊണ്ടുതന്നെയാണ് ജന്മി പുരയിടങ്ങളിൽ ചിലയിടത്തെല്ലാം അക്ഷരങ്ങൾ നിന്നു കത്തുന്നു എന്നകാര്യം കേട്ടറിഞ്ഞ പ്പോഴും ‌അതപ്പാടെയങ്ങ് ‌കണക്കിലെടുക്കാൻ കൊച്ചു കുഞ്ഞാശാൻ കൂട്ടാക്കാഞ്ഞത്. പലരും പലമാതിരിയാണ് വർണിക്കുന്നത്. കൈയാലയിലും മൺഭിത്തികളിലുമൊക്കെ കരിക്കട്ടയാ ൽ കോറിയും ചുണ്ണാമ്പെടുത്തു തോണ്ടിയും തെളിഞ്ഞ ചിലത് കണ്ടപ്പോൾ ഇതിത്രയും കുഴപ്പമുണ്ടാക്കുമെന്ന് ഊഹിക്കാനുള്ള പാങ്ങൊന്നും അവർക്കില്ലായിരുന്നു. പക്ഷേ, തങ്ങൾക്ക് വായിക്കാനറിയില്ലെങ്കിലും അതു നോക്കിനിന്ന കാര്യസ്ഥരുടെയും കങ്കാണികളുടെയും മുഖംചുളിഞ്ഞതും മുറുമുറുത്തതുമെല്ലാം കണ്ടവർക്ക് ‌കാര്യമായെന്തോ കുഴപ്പമുണ്ടെന്ന് തിരിച്ചറിയാനായി. പ്രമാണിമാരുടെ നെഞ്ചിലേയ്ക്ക് തീകോരിയിട്ട വാക്കുംവരികളും കണ്ടവർ കാതോടുകാത് പകർന്നു.മേടമാസച്ചൂടേറ്റ് ‌കായപൊട്ടി പറന്നുനടക്കുന്ന പഞ്ഞിത്തൂളു  കണക്കെ ആ വർത്തമാനം നാടാകെ പരന്നു. വീട്ടുമുറ്റത്തെ കളരിയിൽ അക്ഷരമെഴുതിപ്പഠി ക്കാനെത്തിയ കുട്ടികൾ പറഞ്ഞാണ് കൊച്ചുകുഞ്ഞാശാൻ ഇക്കാര്യമറിഞ്ഞത്. പണിക്കാരും നോട്ടക്കാരും തമ്മിൽ കൂലിയെച്ചൊല്ലി ‌വാക്കുതർക്കവും കലഹവുമൊക്കെ ചിലയിടങ്ങളിൽ ഇടയ്ക്കുണ്ടാകാറുണ്ടെങ്കിലും ഇത്തവണയത് അക്ഷര രൂപത്തിലാണെന്നറിഞ്ഞതോടെ ആശാന്റെ ഉള്ളൊന്നുണർന്നു.v. m devadas , story, malayalam story,

ആറന്മുളയിലെ കച്ചേരിപ്പടിക്കലൊരു കുടിപ്പള്ളിക്കൂടമുണ്ട്. അവിടെ വരെച്ചെന്നു പഠിക്കാൻ പാങ്ങുംപടുതിയുമിലാത്തവർക്കു വേണ്ടിയാണ് ‌ കൊച്ചുകുഞ്ഞാശാൻ കുറെക്കൊല്ലങ്ങൾക്ക്  മുമ്പ് ളാകയിലെ തന്റെ വീടിന്റെ മുറ്റത്ത് എഴുത്തുകളരിയാരംഭിച്ചത്. ചെങ്ങന്നൂരിലെ പഞ്ഞിപ്പുഴമഠക്കാർ ആശാന് ദാനമായി കൊടുത്തതായിരുന്നു ആ ഭൂമി. നാട്ടുവൈദ്യവും ജ്യോതിഷവും കാക്കാരിശ്ശിനാടകവും പടയണിക്കോലംവരയുമൊക്കെയായാണ് കഴിയുന്നെ ങ്കിലും, ക്രിസ്ത്യാനിയായ കൊച്ചുകുഞ്ഞാശാൻ‌ കളരി തുടങ്ങിയപ്പോൾ അത് ആശാന്റെ സമുദായക്കാർക്ക് മാത്രമുള്ളതായിരിക്കുമെന്നാണ് ‌നാട്ടുകാർ കരുതിയത്. പക്ഷേ, ജാതിമത ഭേദമില്ലാതെ സകലർക്കും തന്റെ കളരിയിൽ പ്രവേശനമുണ്ടാകുമെന്ന് ആശാൻ പ്രഖ്യാപിച്ച തോടെ ‌പലരുടെയും മുഖം കറുത്തു. ചുറ്റുവട്ടത്തുള്ള സകല കുടികളിലുമുള്ളവർ തങ്ങളുടെ കിടാങ്ങളെ കോണകവും തോർത്തുമൊക്കെയുടുപ്പിച്ചശേഷം ‌കൊച്ചുകുഞ്ഞാശാന്റെയടു ത്തേയ്ക്ക് വിടാനൊരുങ്ങിയെങ്കിലും കളരിക്ക് പോകുന്ന വഴിയിൽവച്ച് അയിത്തജാതിക്കാരാ യ കിടങ്ങൾക്ക് നേരെ തല്ലും കല്ലുമെല്ലാം വന്നു. അതോടെ ഏറും അടിയും കിട്ടിയയിടവും പൊത്തിക്കൊണ്ടവർ താന്താങ്ങളുടെ കുടികളിലേയ്ക്ക് തിരികെയോടി മറഞ്ഞു. വഴി നടക്കാ നും കണ്ണിൽപെടാനും അധികാരവും അവകാശവുമുള്ള കിടാങ്ങൾ മാത്രം ആശാന്റെ കളരിയിലെത്തി. പ്രാരംഭോദ്ദേശ്യം പിഴച്ചെങ്കിലും കളരിയിൽ ‌വന്ന കുട്ടികളെ ആശാൻ നിരാശരാക്കിയില്ല. ‌വെറ്റിലയിൽ ഒറ്റനാണയം ദക്ഷിണയായി സ്വീകരിച്ചശേഷം അവരെ ചാണകം മെഴുകിയ തറയിലിരുത്തി. പ്രായവും തരവുമനുസ്സരിച്ച് അവർക്കെഴുതാനായി പഞ്ചാരപോലെ തിളങ്ങുന്ന പാറ്റിയ മണലും വെള്ളത്തിലിട്ടുണക്കിയെടുത്ത കുടപ്പനയോല യും കൊടുത്തു. ആദ്യമായി മണലിലെഴുത്താരംഭിച്ചവർ ചൂണ്ടുവിരലറ്റത്തെ വേദന ഊതിയകറ്റി.  പൂഴിയിൽ എഴുതിമായ്ച്ചതൊക്കെ മനസ്സിലുറച്ചശേഷം നാരായം കിട്ടിയവരാകട്ടെ ഓലത്തുമ്പിൽ ഓട്ടയിട്ട് ചുരുണകളുണ്ടാക്കി. കളരിയുടെ ഒരരികുമാറിത്ത ന്നെയായിരുന്നു ചികിത്സ‌യ്ക്കായുള്ള ഇടവുമൊരുക്കിയിരുന്നത്. കൊച്ചുകുഞ്ഞാശാൻ പറയുന്ന ചെടിയുടെ ഇലയും വേരുമൊക്കെ പറമ്പിൽനിന്നു തപ്പിപ്പറിച്ചു കൊണ്ടുവരുന്നതാണ് എഴുത്തിന്റെ ഇടവേളകളിൽ ശിഷ്യരുടെ മുഖ്യവേല. അക്ഷരങ്ങളും അക്കങ്ങളും അഷ്ടകങ്ങ ളും ഇരുപത്തിനാല് വൃത്തവും കവിടിക്രിയകളും നാൾപക്കംവയ്ക്കലും പഠിച്ചുകൊണ്ടവർ കളരി പൂർത്തിയാക്കി. അഭ്യാസം കഴിഞ്ഞുപോകുന്ന ഓരോരുത്തരേയും നെറുകയിൽ കൈവച്ചനുഗ്രഹിക്കുന്നേരത്തും, ‌ചികിത്സയുടെ ഫലമായി രോഗംവിട്ടൊഴിഞ്ഞവരുടെ കൈയിലെ നാഡി പരിശോധിക്കുമ്പോഴും ഉള്ളാലെയുള്ള നിറവുപോലെ കൊച്ചുകുഞ്ഞാ ശാന്റെ കണ്ണുകളും കവിഞ്ഞൊഴുകി.v. m devadas , story, malayalam story,

നാലഞ്ചുപേർ ചേർന്ന് താങ്ങിക്കൊണ്ടുവന്ന രോഗിയെ തിണ്ണയിൽ കിടത്തി പരിശോധിക്കുക യായിരുന്നു ആശാൻ. ശ്വാസംമുട്ടു കൂടി കണ്ണ് തുറിച്ച് ‌നാക്ക് തള്ളി ആയാസപ്പെടുന്ന വൃദ്ധന്റെ വായിലേക്ക് കച്ചോലവും തുളസിയും ആടലോടകവും ചേർന്ന സ്വരസം ഇറ്റിച്ചു കൊടുത്ത ശേഷം നെഞ്ചുഴിഞ്ഞു കൊടുക്കുന്നേരത്താണ് ‌‌കൂടെ വന്നവരിൽ ചിലർ ഉമ്മറത്ത് മാറിനിന്നു സംസാരിക്കുന്ന വിഷയം ആശാന്റെ കേൾവിയിൽ പതിഞ്ഞത്. എരുമക്കാട്ടെ ജന്മിയുടെ പുരയിടത്തിൽ വച്ചുകണ്ട എഴുത്തിനെപ്പറ്റിയായിരുന്നു അവരുടെ സംസാരമെന്നറിഞ്ഞതും കൊച്ചുകുഞ്ഞാശാൻ ‌രോഗിയുടെ അടുത്തു നിന്നെഴുന്നേറ്റ് ‌വർത്തമാനം പറയുന്നവരുടെ അടുത്തേയ്ക്കുചെന്നു. ഏതാനും നാളായി അലട്ടുന്നൊരു സംശയം പൊടുന്നനെ പുറത്തുചാടി.

“ആരാ എഴുതിയേ?”

“ഒരു പിടിയുമില്ല…. ഏമാന്മാരും അധികാരിയുമെല്ലാം നാടുമുഴുക്കെ തപ്പുന്നുണ്ട്. ”

“കിട്ടിയാപ്പിന്നെ ആശാനെ.. ആള് തീർന്നെന്നു കൂട്ടിക്കോ. അത്രയ്ക്കുള്ള അഹമ്മതിയല്ല്യോ കാണിച്ചുവച്ചിരിക്കുന്നത്.”

“അതിനെന്താ? ഒള്ള കാര്യങ്ങളൊക്കെത്തന്നെയല്ല്യോ എഴുതി വച്ചേക്കുന്നേ?

“അതും ശരിയാ… ആരെങ്കിലുമൊക്കെ തൊറന്നുപറയണ്ടായോ, അല്ലേ ആശാനേ?”

“എന്നാലും ആരായിരിക്കും ആ എതിർപ്പുകാരൻ?

“അതിപ്പം ഞങ്ങളെക്കാളും നല്ലപോലെയറിയാവുന്നത് ആശാനല്ല്യോ? ഈ പരിസരത്ത് എഴുതാനും വായിക്കാനുമറിയാവുന്ന ഒരുമാതിരിപ്പേരുടെ കൈയെഴുത്ത് കണ്ടാൽ തിരിച്ചറിയത്തില്ല്യോ?”

അങ്ങനെയൊരു തോന്നൽ തനിക്കിതുവരെ പോയില്ലല്ലോയെന്ന് ‌കൊച്ചുകുഞ്ഞാശാൻ അപ്പോഴാണോർത്തത്.

“അത് നേരിട്ടു കണ്ടരാരെങ്കിലുമൊണ്ടെങ്കിൽ എന്റെകൂടെ വാ… അവിടം വരെയൊന്നാക്കിത്താ…”

രോഗിയുടെ കൂട്ടക്കാരിലൊരാൾ മുന്നോട്ടുവന്നു. വലിവു കുറഞ്ഞയാളെയുമെടുത്ത് ‌മറ്റുള്ളവർ പോയയുടനെ അന്നത്തെ എഴുത്ത് മതിയാക്കാൻ ‌ആശാൻ അറിയിപ്പുകൊടുത്തു. പതിവില്ലാ തെ  ഇളവുകിട്ടിയപാടെ പൈതങ്ങൾ നിലത്തുവിരിച്ച മണലെല്ലാം നാളികേരത്തൊണ്ടിന്റെ കുടുക്കകളിൽ തിരികെവാരിനിറച്ചശേഷം ഓളിയിട്ടുകൊണ്ട് കളരിവിട്ടിറങ്ങിയോടി.  കോണകക്കുന്തന്മാരുടെ ആഹ്ലാദംകണ്ടു ‌കുലുങ്ങിച്ചിരിച്ചശേഷം ‌കൊച്ചുകുഞ്ഞാശാൻ മെതിയടിയണിഞ്ഞ് ഇടവഴിയിലേക്കിറങ്ങി തിടുക്കത്തിൽ നടന്നു. ആദ്യമായി ആശാൻ കളരിയിലേക്കോടുന്ന ചെറുപയ്യനെപ്പോലെ കൗതുകഭാവമാർന്ന മുഖത്ത് ‌വിയർപ്പ് ‌ചാലുകൾ തീർത്തു. കണിപ്പറമ്പിലെ ‌പുരയിടവും പാടവും അമ്പലവും കോട്ടയ്ക്കകവുമെല്ലാം ഏന്തി വലിഞ്ഞണച്ചു താണ്ടുന്ന ആശാന്റെ ഒപ്പമെത്താൻ കൂട്ടാളിയൊട്ടൊന്നു പണിപ്പെട്ടു.v. m devadas , story, malayalam story,

എരുമക്കാട്ടെ പുരയിടത്തിനടുത്ത് അവരെത്തുമ്പോൾ അവിടെ ചെറിയൊരാൾക്കൂട്ടമുണ്ടാ യിരുന്നു. ‌കൂടെവന്നയാൾ ചൂണ്ടിയയിടത്തേയ്ക്ക് കണ്ണോടിച്ച കൊച്ചുകുഞ്ഞാശാൻ മേലാകെ കുളിരുകോരിയതുപോലെ ‌തരിച്ചുനിന്നു. കൈയാലച്ചുവരിലെ അക്ഷരങ്ങളിലേക്ക് ആശാൻ ഒന്നേ നോക്കിയുള്ളൂ. പത്തുപന്ത്രണ്ടുകൊല്ലം മുന്നേ ഒരന്തിനേരത്തെ ചാറ്റൽമഴയിൽ കുണ്ടനിക്കുടയും ചൂടി അപ്പന്റെ കൈയിൽത്തൂങ്ങി തന്റെ കളരിയിലെത്തിയൊരു പൈതലിന്റെ മുഖം ആശാന് ഉള്ളാലെ തെളിഞ്ഞു. പമ്പാനദിയുടെ കൈവഴിയിലെ ഒഴൂർക്കട വിനടുത്തുള്ള കുറുമ്പനെക്കുറിച്ച് കൊച്ചുകുഞ്ഞാശാൻ മുമ്പേ കേട്ടിരുന്നു. അടിയാന്മാരായ മറ്റു പുലയരെപ്പോലെയായിരുന്നില്ല കുറുമ്പൻ. തലാപ്പിൽ കുടുംബക്കാരുടെ പുരയിടത്തിലെ പണിമാത്രമല്ല കുറുമ്പനുണ്ടായിരുന്നത്. തൊട്ടടുത്ത പറമ്പും പാടവുമെല്ലാം മേൽപാട്ടത്തിനെ ടുത്ത് ‌കുറുമ്പൻ വിളയിറക്കി. അതും പോരാഞ്ഞ് തിരുവല്ലയിലും ഓമല്ലൂരും കോഴഞ്ചേരിയി ലും ചന്തദിവസങ്ങളിലെത്തി കാലിക്കച്ചവടവും നടത്തി. അതിൽ നിന്നൊക്കെ മിച്ചംപിടിച്ച കാശുകൊണ്ട് പുലിക്കുന്നുമലയുടെ താഴ്‌വാരത്ത് പത്തേക്കറോളം ഭൂമി വാങ്ങി കൊത്തിക്കിള ച്ചിട്ടിട്ടുമുണ്ട്. കന്നുകുട്ടികളെയും ഉഴവുമാടുകളെയും വിത്തുകാളകളെയും തിരഞ്ഞെടുക്കാൻ ‌ കുരവയ്ക്കൽ ചക്കോളയിൽ കുറുമ്പനെക്കഴിഞ്ഞേ അന്നാട്ടിൽ മറ്റാളുണ്ടായിരുന്നുള്ളൂ. ആ കുറുമ്പനാണ് ‌തന്റെ മകനെയും കൂട്ടി കൊച്ചുകുഞ്ഞാശാന്റെ കളരിയിലെത്തി വന്ന കാര്യം പറഞ്ഞിരിക്കുന്നത്.

“എന്റെ മൂത്തചെറുക്കൻ ദണ്ണംവന്നങ്ങു ചത്തുപോയാശാനെ. ബാക്കിയുള്ള അഞ്ചെണ്ണത്തിലി പ്പം ഇവനുമാത്രവാ ഇങ്ങനൊരു പൂതി. അവന്റെ പ്രായക്കാരൊക്കെ പോകുന്നതുകണ്ടപ്പം എഴുത്തുപഠിക്കണമെന്ന് ഒരേവാശി.”

“എന്താ ഇവന്റെ പേര്?”

“നടുവത്തമ്മനെന്നാ ഞങ്ങള് വിളിക്കുന്നെ…”

“കാര്യമൊക്കെ ശരിയാ കുറുമ്പാ… എന്റെ പള്ളിക്കൂടത്തിൽ ഞാനങ്ങനെ കുലോം ഗോത്രോ മൊന്നും നോക്കാറില്ല. എന്നാലും…”

“ഈ നാട്ടിലുള്ള ഒറ്റ കുടിപ്പള്ളിക്കൂടത്തിലും ഞങ്ങടെയാൾക്കാരെ എടുക്കാത്തോണ്ടാ ആശാന്റെടുത്തോട്ട് ‌വന്നേ. ഇവിടന്നും പറഞ്ഞുവിടല്ലേ.”

“ഇവനിവടെ എഴുത്തുപഠിക്കാൻ വരുന്നതിൽ എനിക്കൊരു തൃപ്തിക്കൊറവുമില്ല. ഞാനും അതിനൊക്കെവേണ്ടി കൊറെ പാടുപെട്ടതാ. പക്ഷേ, ഇത്രടംവരെയെത്താൻ ചുറ്റൂള്ളോര് സമ്മതിക്കണ്ടേ? ഇതറിഞ്ഞാപ്പിന്നെ ഇപ്പ പഠിക്കുന്ന പിള്ളാരൊക്കെ ‌നിർത്തിപ്പോകില്ലെന്നാരു കണ്ടു? തന്നെയുമല്ല, നിങ്ങൾക്ക് ത്രേം ദൂരമൊക്കെ നടന്നെത്താനും ‌പാടല്ലേ?”

“അതിന്റെ കാര്യമൊക്കെ എനിക്കുവിട്ടേയ്ക്ക് ആശാനെ. ഞാനെല്ലാദിവസവും ഇവന് ‌കൂട്ടിനു വന്നോളാം”

“പറയാനുള്ളതൊക്കെ ഞാൻ പറഞ്ഞു. എന്തിനേം നേരിടാൻ നീയ്യൊരുക്കമാണെങ്കിൽ അങ്ങനെത്തന്നെയാകട്ടെ. പക്ഷെ, പകലെന്തായാലും നടക്കത്തില്ല. അത് കൂടുതൽ പ്രശ്നമാക ത്തേയൊള്ളൂ. അന്തിമയങ്ങിയാലിതുപോലെവനെയും കൊണ്ടു വാ. പാടത്തെ പണീം ചന്തേമൊക്കെ കഴിഞ്ഞ് നിനക്കും അപ്പഴല്ലേ കൂടെവരാനൊക്കൂ”

അന്നങ്ങനെയൊരു വാക്കുപറഞ്ഞെങ്കിലും ആരംഭശൂരത്വം ഒടുങ്ങാനായൊരു നാലഞ്ചുവാര മെന്ന് കൊച്ചുകുഞ്ഞാശാൻ മനക്കണക്കുകൂട്ടി. അതുകഴിഞ്ഞാൽ അവരുടെ വരവു നിലയ്ക്കുമെന്നാണ് ‌ആശാനുറപ്പിച്ചത്. പക്ഷേ, കുറുമ്പന്റെയും മകന്റെയും ഉള്ളുറപ്പിനു മുന്നിൽ ആശാന്റെ ഊഹങ്ങളൊക്കെ തെറ്റി. വൈകുന്നേരത്തോടെ കളരിയൊക്കെ തീർത്ത്, അസ്തമയശേഷം ആശാന് പതിവുള്ള വിസ്തരിച്ചൊരു കുളിയും പ്രാർത്ഥനയുമൊക്കെ കഴിഞ്ഞ്, കഞ്ഞികുടി തീരുമ്പോഴേക്കും കൃത്യമായി അവർ ഉമ്മറത്തെത്തിയിട്ടുണ്ടാകും. ആശാൻ കണ്ണുകാണിക്കുന്നതോടെ ‌നടുവത്തമ്മൻ ‌കളരിയിൽ ചെന്നൊരു പൂഴിക്കുടുക്കയുമെടുത്ത് ‌തിണ്ണയ്ക്കരികിൽ ഓടിയെത്തും. പിന്നെ അരനാഴികയോളം എഴുത്തും വായനയുമാണ്. അതും നോക്കിക്കൊണ്ട് കുറുമ്പൻ ഒരൽപ്പം മാറി പൊകലയും ചവച്ചങ്ങനെയിരിക്കും. അക്ഷരത്തിന്റെ വെളിച്ചം അകമേ തെളിയാത്തതിനാൽ അയവെട്ടുന്നൊരു ഉഴവുകാള മാത്രമാണ് താനെന്ന് ഉള്ളാലെ പഴിക്കും. മണലിലെഴുതിച്ചൊല്ലുന്ന മകനുനേരെ അരുമയാർന്ന നോട്ടം പായിക്കും. പക്ഷേ, ആരുമറിയാതെയുള്ള ആ പഠനം ഏറെനാൾ ‌എളുപ്പത്തിൽ മുന്നോട്ടുപോയില്ല. ഒച്ചാട്ടിന്നൊഴിഞ്ഞുമാറാതെ രാത്രിയിൽ കളരിയിലേയ്ക്ക് വരുന്ന വഴിയിലവരെ പലതവണ തടഞ്ഞുനിർത്തി തല്ലും തെറിവിളിയുമൊക്കെയുണ്ടായി. അപ്പൻ കൂടെയുള്ളതുകൊണ്ടുമാത്രമാണ് ചെറുക്കൻ പതിവായി ‌കളരിയിലെത്തിയത്. ആളുകളുടെ എതിർപ്പും ചൂടുമൊക്കെ ഒന്നാറിത്തണുക്കുമ്പോഴേക്കും ഇരിക്കുന്നിടംവിട്ട് പുലിക്കുന്നു‌ മലയുടെ കീഴെയുള്ള പുരയിടത്തിലേയ്ക്ക് ‌കുറുമ്പനും കുടുംബവും വീടുവച്ചുമാറേണ്ടിവന്നു. അതോടെ കളരിയിലേയ്ക്കുള്ള ദൂരം പിന്നെയും കൂടി. അതുമാത്രമല്ല, വഴിക്കൊരു തോടും നീന്തിക്കടക്കണമായിരുന്നു. നടുവത്തമ്മന് അതൊന്നുമൊരു വലിയകാര്യമായി തോന്നിയില്ല. ഇരുട്ടുവീണശേഷം നടന്നും നീന്തിയും ആളുകളുടെ കണ്ണിൽപ്പെടാതെ ഏതുവിധേനയും കണിപ്പറമ്പിലെത്തും. കൊച്ചുകുഞ്ഞാശാന്റെ കഞ്ഞികുടി കഴിയാറാകുമ്പോഴേക്കും അവൻ ഓടിയണച്ച് ഉമ്മറത്തെത്തി കിതപ്പാറ്റും.v. m devadas , story, malayalam story,

അക്ഷരമാലയും അക്കക്കണക്കും അടിവാക്യങ്ങളും നീതിസാര പുരാണങ്ങളുമൊക്കെ എത്രയെളുപ്പമാണ് ‌അവൻ പഠിച്ചെടുക്കുന്നതെന്നുകണ്ട് കൊച്ചുകുഞ്ഞാശാനുതന്നെ ഒട്ടൊരാശ്ചര്യം തോന്നി. കുടിപ്പള്ളിക്കൂടങ്ങളിലെ പതിവു പാഠ്യക്രമങ്ങൾക്കപ്പുറം ഊരറിവുക ളും ഐതീഹ്യങ്ങളും നാട്ടുചരിത്രങ്ങളുമെല്ലാം ആശാൻ പകർന്നു കൊടുത്തു. പാഠങ്ങൾ പഠിപ്പിക്കുന്നതിനിടെ ഒരു ദിവസം അവനും കുടുംബവും പുതിയ വീടുവച്ചതിന്റെയടുത്തു ള്ള പുലിക്കുന്നിന്റെ പെരുമ പറയുകയായിരുന്നു ആശാൻ. അക്കൂട്ടത്തിലാണ് അന്നാട്ടിലെ മലയരുടെയും പുലയരുടെയും കഥകൾ അവനുവേണ്ടി വിവരിച്ചത്. മിക്കനാട്ടിനും പുഴകളോ ‌മലകളോ ഒക്കെയായിരിക്കും നാലതിർത്തികളായുള്ളത്. ആറന്മുളയുടെ അതിരുമലയിലൊ ന്നാണ് ‌പുലിക്കുന്ന്. അതിന്റെ കാവൽക്കാരൻ പുലിവാഹനനായ മലയച്ഛനാണ്. നെല്ലും കരിമ്പും തെങ്ങും കവുങ്ങും കുരുമുളകുമെല്ലാം തഴച്ചുവളരുന്ന അന്നാട്ടിലെ വിളകളുടെ ഒരുപങ്ക് ആ ‌മലമാടനുള്ളതെന്നാണ് ‌സങ്കൽപ്പം. പാട്ടുപാടിയും കാളകെട്ടിയും കോഴിക്കുരുതി കൊടുത്തുമാണ് ‌മലയച്ഛനെ പ്രീതിപ്പെടുത്തുന്നത്. അതെല്ലാം കണ്ടും കേട്ടും നിറവാർന്ന മനസ്സോടെ മലയച്ഛൻ ഉറഞ്ഞു തുള്ളുന്ന ഊരാളികളുടെ മേത്തുകയറി നാട്ടുമക്കളുടെ പ്രശ്നങ്ങൾക്കെല്ലാം തീർപ്പുപറയും. ചേരനും പാണ്ഡ്യനും ‌ആയനുമെല്ലാം മാറിമാറി ഭരിച്ചൊരു നാടിന്റെ കഥകൾ ആശാൻ വിസ്തരിച്ചു ചൊല്ലുമ്പോഴൊക്കെയും നടുവത്തമ്മൻ മറ്റൊരാലോ ചനയിലായിരുന്നു. മലയച്ഛന്റെ മക്കളെങ്ങനെയാണ് മറ്റുള്ളവർക്ക് മുന്നിൽപെടാനാകാതെ മറഞ്ഞുനിൽക്കേണ്ടവരായത്? ആറും മലയും അതിരായുള്ള നാടു മുഴുവനും സ്വന്തമായുള്ള വർക്ക് ഇക്കണ്ട ഭൂമിയാകെ കൈമോശം വന്നതെങ്ങനെ? നാട്ടതിരിന്റെ കാവലാളിന്  മുന്നിൽ മാത്രം തലവണങ്ങി യവർക്കെന്നുമുതലാണ് നാടെമ്പാടും തമ്പ്രാന്മാരുണ്ടായത്? പമ്പയുടെ തീരത്ത് പൊന്നുവിളയിക്കുന്നവരെന്തിന് അടിയകലം പാലിച്ചു പുറകോട്ടുമാറണം? വിത്തു വിളഞ്ഞുണ്ടായതിൽനിന്ന് കൈയാലെയൊരു പിടി മലമാടനു കൊടുക്കേണ്ട പതിവെങ്ങ നെയാണ് പതവും പൊലിയും പാട്ടവുമായി പകരംമാറിയത്? കരിവെളുപ്പിനുതന്നെ മണ്ണിലിറങ്ങി കഠിനവേല ചെയ്യുന്നവരെ ങ്ങനെയാണ് കുഴികുത്തിയതിൽ നിന്നും കഞ്ഞികോരിക്കഴിക്കുന്ന കുടിയാന്മാരായത്? അതിനുള്ള മറുപടികളൊന്നും തന്റെപക്കലില്ലെന്ന് തിരിച്ചറിഞ്ഞ കൊച്ചുകുഞ്ഞാശാൻ ശിഷ്യന്റെ മുഖത്തുനിന്നും നോട്ടംമാറ്റി.

“തമ്പ്രാന്മാർക്ക് വേലയെടുത്താൽ
കൂലിതരത്തില്ല
അഞ്ഞാഴി തന്നാൽ മുന്നാഴി കാണും
വേല മുടക്കീടും”

നേരമിരുട്ടിയനേരത്ത് തന്റെ ഉമ്മറത്തിണ്ണയിലിരുന്ന് എഴുത്തുപഠിച്ചൊരുവന്റെ അക്ഷരങ്ങ ൾ മൺചുമരിൽ തീപോലെ തിളങ്ങുന്നതുകണ്ട് ആശാൻ ചുഴലിബാധിച്ചവനെപ്പോലെ ചുറ്റും മറന്നുകൊണ്ട് ഒച്ചയില്ലാതെ എന്തൊക്കെയോ പിറുപിറുത്തു. കൈയാലയിലെഴുതിയ ആ മുദ്രാവാക്യം കണ്ട് അടിയനങ്ങാനാകാതെ ഏറെനേരമായി അന്തിച്ചുനിൽക്കുന്ന ആശാനെ കൂടെവന്നയാൾ തട്ടിവിളിച്ചു. സീനായ് മലയിൽവച്ച് ദൈവം പാറമേലെഴുതിയ കൽപനകൾ കണ്ടു മോഹാലസ്യപ്പെട്ടുനിന്ന മോശാപ്രവാചകൻ താൻതന്നെയാണോ എന്ന സംശയത്തിൽ നിന്ന് പിടിവിടാതെ നിൽക്കുകയായിരുന്നു കൊച്ചുകുഞ്ഞാശാനന്നേരം.

“ആശാനത് വായിച്ചോ?”

ഒരുവട്ടം കൂടിയതിലേയ്ക്ക് കണ്ണോടിച്ചശേഷം ആശാൻ തലയിളക്കി ഉവ്വെന്നറിയിച്ചു.

“എന്താണത്?”

“തിരുവെഴുത്ത്”

“കൈപ്പട കണ്ടിട്ട് ആരാണെന്നു വല്ലപിടിയുമുണ്ടോ?”

“ദൈവം തന്നെ…”

എഴുതിയ ആളെയറിയിച്ചുകൊണ്ടുള്ള കൊച്ചുകുഞ്ഞാശാന്റെ വെളിപ്പെടുത്തൽ ചെവിക്കു ചെവിമറിഞ്ഞുപോയി. കേട്ടവരൊക്കെ അന്തിച്ചും കോപിച്ചും സംശയിച്ചും ആഹ്ലാദിച്ചുമൊ ക്കെയതേറ്റു ചൊല്ലി.

*ദൈവത്താൻ…ദൈവത്താൻ…

Read More: മനസ്സിന്റെ ചുവരിലെ കഥയെഴുത്ത് – കഥയും കഥയ്ക്ക് പിന്നിലെ കഥയും

*കുറുമ്പൻ ദൈവത്താൻ (1880-1927). തിരുവിതാംകൂറിലാദ്യമായി ചുവരെഴുത്ത് നടത്തിയതിന്റെ പേരിൽ ഒളിവിൽ കഴിയേണ്ടിവന്ന വ്യക്തി. സാമൂഹ്യപരിഷ്ക്കർത്താവ്, അയ്യങ്കാളിയുടെ മുഖ്യാനുയായി, ശ്രീമൂലം പ്രജാസഭയിലെ അംഗം, ഹിന്ദു പുലയ സമാജം എന്ന സംഘടനയുടെ സ്ഥാപകൻ എന്നീ നിലകളിൽ പ്രശസ്തൻ. പുലയർക്കായുള്ള വിദ്യാഭ്യാസം, സഹായധനം, പാർപ്പിടം, ക്ഷേത്രപ്രവേശനം തുടങ്ങിയ ഒട്ടേറെ കാര്യങ്ങളിൽ ദൈവത്താന്റെ ശ്രദ്ധേയമായ ഇടപെടലുകളുണ്ടായിരുന്നു.

സാഹിത്യലോകത്തിൽ എഴുതിയ കഥ

Read More: വിഎം ദേവദാസിന്റെ മറ്റ് രചനകൾ ഇവിടെ വായിക്കാം

Get the latest Malayalam news and Literature news here. You can also read all the Literature news by following us on Twitter, Facebook and Telegram.

Web Title: Devadas vm short story chuvarezhuthu

Next Story
Uppum Mulakum: ഉപ്പും മുളകും കുടുംബത്തിലേക്ക് പുതിയ അതിഥി; മുടിയന്‍ ടെന്‍ഷനില്‍, ലെച്ചു ഹാപ്പിയാണ്uppum mulakum, uppum mulakum series latest episodes , ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma
The moderation of comments is automated and not cleared manually by malayalam.indianexpress.com