scorecardresearch

Latest News

കഥകളായിരം

“രാവേറെ വൈകി വെളുക്കുമ്പോഴെപ്പോഴോ അമ്മാമ്മ കഥ പറഞ്ഞു നിർത്തി. കണ്ണുകൾ തുറന്ന് പുലർവെട്ടത്തിന്റെ ആദ്യ കിരണം ഏറ്റുവാങ്ങിക്കൊണ്ട് പതിയ കണ്ണടയുമ്പോൾ നേർത്ത ഒച്ചയിൽ ചുണ്ടനങ്ങി.” ദേവദാസ് സമാന്തരൻ എഴുതിയ കഥ

devadas, story, iemalayalam
ചിത്രീകരണം: വിഷ്ണുറാം

ചിരുതമ്മാമ കാലത്ത് തന്നെ ഒരു കത്തിത്തോട്ടിയുമായിട്ടിറങ്ങും. ഒന്നൊരാൾ വലിപ്പമുള്ള ചീമക്കൊന്ന വടി. കൊയ്ത് കൊയ്ത് അറ്റം തേഞ്ഞ് മുറിഞ്ഞ് വീണ അരിവാൾ തലപ്പ് കല്ലിലുരച്ച് മൂന്നാലിഞ്ച് നീളത്തിൽ ആകൃതിയും മൂർച്ചയുമാക്കി അതിൽ വെച്ചുകെട്ടിയതാണ് കത്തിത്തോട്ടി.

ഒഴക്ക് കഞ്ഞി വെള്ളം വലിച്ച് കുടിച്ചുള്ള ആ പോക്ക് ചെമ്പാറക്കാരുടെ തോട്ടിറമ്പത്തേക്കാണ്.

കുളക്കടവിൽ നിന്ന് സൊറ പറയുന്ന മുടിയഴിച്ചിട്ട ചെറുപ്പക്കാരികളെപോലെ കരിമ്പച്ചയിൽ താഴേക്ക് തൂങ്ങിയ നീണ്ട ഓലകളുമായി ഇടത്തോടുകളുടെ രണ്ടു വക്കത്തും വരിയായും കൂട്ടമായും നില്ക്കുന്ന കൈതകളോട് ഒന്നും രണ്ടും പറഞ്ഞ് പണി തുടങ്ങും ചിരുതമ്മാമ.

ഇടം കൈ ഒക്കത്ത് കുത്തി കൈതയെ നോക്കി നിന്ന്, എന്തണ്ട്യേ ഒരു വാട്ടം? ഓലയിൽ തോട്ടി കൊണ്ട് ഉറക്കെ പലയിടത്ത് തട്ടി, ‘കിളിപ്പെണ്ണുങ്ങളേ കൊറച്ചേരം മാനത്ത് പറന്നിട്ട് വന്നേ. കൈതക്കടയിൽ തട്ടി ഒച്ചയുണ്ടാക്കി, എഴയുണോമ്മാരേ. ഇത്തിരി മാറിക്കെടന്നാട്ടാ,’ എന്നൊക്കെയാണ് പറച്ചിൽ.

ചെറിയ വിറയലുള്ള കൈയിൽ തോട്ടി ഉയർത്തിപ്പിടിക്കുമ്പോൾ അതിന്റെ അറ്റം വെളിച്ചപ്പാടിന്റെ വാൾ പോലെ പിടയും. എന്നാലും നേരിയ കാഴ്ച മാത്രമുള്ള കണ്ണുകൊണ്ട് ഉന്നം പിടിച്ച് തോട്ടി കൃത്യം ഓലക്കടയിൽ കൊള്ളിച്ച് വലിക്കും. കൈതക്കൂട്ടം ഒരു വിധം വെടിപ്പാവും വരെ അത് തുടരും.

പറമ്പിൽ വീണ പഴുക്കോലയുടെ വഴ്ക ചീന്തി നിലത്തിട്ട് അതിനു വിലങ്ങനെ ശ്രദ്ധയോടെ കൈതോലയെല്ലാം അടുക്കി വെക്കും. ചേർത്ത് കെട്ടിയ ശേഷം അതിൽ ചാരി ഒരിരുപ്പാണ്. ചിലപ്പോൾ ഒന്ന് മയങ്ങിയെന്നും വരും. ഒരു കാലനക്കം കേട്ടാൽ പിന്നെ

” ആരാണ്ടത്?”

“ഞാനാമ്മാമേ…”

“ഞാനാ ചിര്തേ…”

“ഞാനാണ്ട്യേ…” എന്നൊക്കെ ചെറുവാല്യേക്കാരോ വഞ്ചിപ്പണിക്ക് പോകുന്നവരോ കാലിച്ചായ കുടിക്കാനിറങ്ങിയ പ്രായമായവരോ മറുപടി പറയും.

“നീയിതൊന്ന് തലേല് വെച്ച് തന്നേ.”

“ദെന്തിനാ ഇത്രയധികം കെട്ടിയേ, മൂന്നായിട്ട് കെട്ടിയാ ഒറ്റയ്ക്ക് ഏറ്റാലാ?”

“മൂന്ന് ചാല് നടക്കാനേ എന്റെ കാല് പേരൂലടാ.”

പറഞ്ഞിട്ട് കാര്യമില്ലാത്തതു കൊണ്ട് കൈതോലക്കെട്ട് അമ്മാമയുടെ തലയിൽ വെച്ച് അവർ പോകും.

തലയിൽ കെട്ട് വെച്ചാൽ പിന്നെ അഞ്ചടിയ്ക്ക് താഴെ ഉയരുള്ള ചിരുതമ്മാമയെ കാണാനാവില്ല. പക്ഷേ അമ്മാമക്ക് വഴിയറിയാം. താഴെ നോക്കി നടന്ന് തോടും കുന്നും കടന്ന് ഉച്ചവെയിലിനൊപ്പം വീട്ടിലെത്തും.

devadas, story, iemalayalam
ചിത്രീകരണം: വിഷ്ണുറാം

വീട്ടിലപ്പോൾ അമ്മാമയുടെ മകന്റെ മകന്റെ മകൾ പത്തുവയസ്സുകാരി അമ്മിണിയും ചെറുതുങ്ങളായ മറ്റ് അഞ്ച് പേരക്കുട്ടികളും അമ്മാമയെ കാത്തിരിക്കുകയാവും. രാവിലെ കഞ്ഞി വെള്ളം കുടിയും കുറച്ചുനേരം കളിയും കഴിഞ്ഞാൽ പിന്നെ അമ്മാമയാണ് നേരം പോക്ക്. മുതിർന്നവർ എല്ലാവരും പല വിധ പണികൾക്കു പോവും. വൈകുന്നേരമേ വരൂ. അതുവരെ കുട്ടികളും അമ്മാമയുമായുള്ള സ്നേഹവർത്തമാനവും വഴക്കും കഥ പറച്ചിലുകളുമാണ്.

കൈതോലക്കെട്ട് താഴെയിട്ട്, കളിമണ്ണിളകി പൊട്ടും പൊളിയുമായ, ചാണകം മെഴുകിയ ഇറയത്ത് മലർന്ന് കിടക്കുന്ന അമ്മാമക്ക് ചുറ്റും കുട്ടികൾ കൂടും. എന്തെങ്കിലുമൊക്കെ പറഞ്ഞ് കളിചിരികൾ ആരംഭിക്കുമ്പോൾ, “ചെല്ല്യേള് പോണ്ണ്ടാവടന്ന്! തൊയ്‌രോം തരൂല…” എന്ന് കടുപ്പിക്കാതെ പറയും.

അമ്മിണി വെള്ളം കൊണ്ടുവരാൻ വൈകിയാൽ ” നെന്റ കയ്യീന്ന് ഒരെറക്ക് വെള്ളം കുടിച്ചിട്ട് ചാവാമ്പറ്റൂന്ന് തോന്ന്ണില്ല…” എന്നാവും പറച്ചിൽ.

കുട്ടികളുടെ കളികൾക്കിടയിൽ ഒന്ന് മയങ്ങിയുണരും അമ്മാമ. വറ്റോടു കൂടിയ കഞ്ഞി വെള്ളം എല്ലാവരും കൂടിയിരുന്ന് കുടിക്കും. വെയിലാറും വരെ പിന്നെ കിടപ്പാണ്. അപ്പോഴാണ് അമ്മാമ ഓരോ വീട്ടിലേയും കാര്യങ്ങൾ ചോദിക്കുക. ചേന്നനെന്ത്യേടീ? തമ്പ്രാന്റെ പറ ഇപ്പ എങ്ങനിണ്ട്? കാർത്തു പെറ്റാടി? കാളീടെ മോൾടെ മൊല കുടി നിർത്ത്യാ? കുഞ്ഞിപ്പെണ്ണിന്റെ കെട്ടിയോന്റെ ദീനം മാറ്യാ? മതിയനിപ്പഴും നാലുകാലിലാണാ വൈന്നാരം വര്ണത്? ഈയട്ത്ത് കന്നിപ്പേറില് കുട്ടി ചത്തോള്ണ്ടല്ലാ കുമാരന്റോടെ, എന്താ ചെല്ലീടെ പേര്?

പല കുടികളിലായി താമസിക്കുന്നവരാണെങ്കിലും എല്ലാവരുടേയും വിശേഷങ്ങൾ തിരക്കും. പറഞ്ഞാലും ഒന്നും ഓർമ്മ നിൽക്കണമന്നില്ല. നാളെയും അതു തന്നെ ചോദിക്കും.

അങ്ങനെ ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കുമിടയിൽ പലരും ഉച്ചയുറക്കത്തിലേക്ക് വഴുതും. ഈ നേരം ഒരറ്റത്ത് കിടന്ന അമ്മിണി എഴുന്നേറ്റ് വന്ന് അമ്മാമയോട് പറ്റിച്ചേർന്ന് കിടക്കും. അമ്മാമ അവളുടെ പിൻകഴുത്തിൽ നിന്ന് മുകളിലേക്ക് മുടിയിഴകൾക്കിടയിലൂടെ തന്റെ വിറയലുളള കൈവിരലുകൾ പതിയെ നടത്തും. ഇടയ്ക്കൊന്ന് നിർത്തി, അമർത്തി. അങ്ങനെ തലമുഴുവൻ പല തവണ.

വാശിയുളള കുട്ടികളെ അനുനയിപ്പിച്ച് ഉറക്കാനാണ് അമ്മാമ ഇങ്ങനെ ചെയ്യുക. അമ്മിണി പക്ഷേ വേറെ ഒരു തെളിവിലേക്ക് ഉണരുകയാണ് ചെയ്യാറ്. അവളപ്പോൾ മുൻപ് പലപ്പോഴായി അമ്മാമ കുട്ടികളോട് പറഞ്ഞ കഥകളിലേക്ക് തിരിച്ച് പോകും. എന്നിട്ട് തന്റെ സംശയങ്ങൾ ഓരോന്നായി ചോദിക്കും. ചിലപ്പോഴൊക്കെ “നീയൊന്ന് പോണ്ണ്ടാ” എന്ന് ആട്ടുമെങ്കിലും കേൾക്കാൻ മറ്റാരുമില്ലെന്ന് ഉറപ്പായാൽ പിന്നെ അമ്മിണിക്ക് വേണ്ടി പ്രത്യേകം മാറ്റിവെച്ച കഥകളുടെ കെട്ട് തുറക്കും.

മാടൻ, മറുത, അറുകൊല, യക്ഷിയാദികൾ പേടിപ്പിച്ച് വിറപ്പിക്കും. കുട്ടികൾ, മതി മതി എന്ന് പറയുമെന്നതിനാൽ അവർക്ക് വേണ്ടി അമ്മൂമ അക്കഥകളേ പറയൂ. എല്ലാവരും ഉറങ്ങിയ ശേഷം തനിക്ക് മാത്രമായുള്ള അമ്മാമയുടെ കഥ പറച്ചിൽ കേൾക്കെ കേൾക്കെ അമ്മിണി, അമ്മാമയുടെ മെല്ലിച്ച നെഞ്ചിലേക്ക് മുഖം പൂഴ്ത്തും. കഥ അതിന്റെ വഴിക്ക് പോയിക്കൊണ്ടിരിക്കും. അമ്മിണിയപ്പോൾ മെല്ലെ കണ്ണ് തുറക്കും. ചുങ്ങിപ്പോയ അമ്മിഞ്ഞകൾക്കിടയിലെ ഇരുട്ടിൽ വരുന്ന പുതിയ പുതിയ കഥാപാത്രങ്ങൾ കാണും. അതെല്ലാം അമ്മാമയുടെ കഥകളിലെ ഇരകളായിരുന്നു. കഥയുടെ പെരുപ്പിൽ കൂടുതൽ പറയാതെ പോയ ചിലർ. അമ്മിണി അവരെ കുറിച്ചോർത്ത് വേദനിക്കും. എന്നിട്ട് അവൾ ആ ഇരുട്ടിൽ നോക്കി ചോദിക്കും.

devadas, story, iemalayalam
ചിത്രീകരണം: വിഷ്ണുറാം

” ചീതേനെ കുളത്തിൽ മുക്കി കൊന്നല്ലേ? ആ കുട്ട്യോളെ ആര് നോക്കി?

രാത്രി മുഴുവൻ പറമ്പായ പറമ്പെല്ലാം നടന്ന് നടന്ന് പുലർന്നപ്പോൾ നുര തുപ്പി ചത്തവന്റെ പെലിക്ക് പിന്നെ തുണയാര് ?

പാമ്പ് കടിച്ച് ചത്ത് മൊയ്‌ല്യാര് ഇല്ലാണ്ടായപ്പോ കുട്ട്യോളെങ്ങനെ ഓത്ത് പഠിച്ചു?

രാത്രീന്നും പകലന്നും ഇല്ലാതെ തൂറി തൂറി ചത്ത കാർന്നോമ്മാരെല്ലാം ദുർന്നടപ്പുകാരായിരുന്നാ?

അമ്മാമ കള്ള ഉറക്കത്തിൽ, കൂർക്കം വലിക്കും. കുലുക്കി ചോദിച്ചാൽ നാളെ പറയാം എന്നാവും മറുപടി. അമ്മാമക്ക് ഒന്നിനും ഉത്തരമില്ല. ആ നാളെ ഉണ്ടാവില്ലാന്നും അമ്മിണിക്ക് അറിയാം.

പകൽ മുഴുവൻ ഇരുന്ന് കാൽ മുട്ടുകൾക്കൊപ്പം തലചേർത്തോ വളഞ്ഞു കുത്തി നിന്നോ പണികൾ ചെയ്തു കൊണ്ടേയിരിക്കും. മഞ്ഞൾ, കൂവ, ചേന, ചേമ്പ്, കാച്ചിൽ എന്നുവേണ്ട മണ്ണ് തൊട്ട് വളരുന്നതെന്തും നട്ട് നനച്ച് പറിച്ച്. കോഴി, തീറ്റ, മുട്ട, കുഞ്ഞിക്കോഴികൾ, ആടുകളും അവയുടെ പേറും പാലും പൊറുപ്പും. കൈതോല, പായ, വട്ടി അങ്ങനെയങ്ങനെ.

ഒരു ദിവസം പറമ്പിൽ നിന്ന് ഒരു പാളയും വലിച്ച് വന്ന് കത്തിയുമായി മുറ്റത്തിരിക്കുമ്പോഴാണ് അമ്മിണി പിന്നെയുമത് ചോദിക്കുന്നത്.

“കഴിഞ്ഞ വാവിന്റന്ന് രാത്രി വീത് കഴിഞ്ഞ് കിടന്നപ്പോ എന്തൊക്കെയാ അമ്മാമ പറഞ്ഞോണ്ടിരിന്നേന്ന് ഓർമ്മെണ്ടാ?”

കർക്കിടക വാവ് ദിവസം വൈകുന്നേരം കാരണവന്മാർക്കുള്ള വീത് വയ്പാണ്. മുഖ്യ കാർമ്മികത്വം അമ്മാമയ്ക്കാണ്. അമ്മാമയുടെ പിന്നാലെ കാരണവന്മാരോടുള്ള ഭയ ബഹുമാനങ്ങളോടെ മൂന്നു തലമുറകൾ നിൽക്കും. നാക്കിലയിൽ നെല്ലും അവിലും. നറുക്കിലകളിൽ അരിയും പൂവും. വെട്ടിയ ഒരു കരിക്ക്. കത്തിച്ച് കുത്തിയ ഒരു പന്തം.

മൗനമായും ആർക്കും മനസ്സിലാവാത്തവിധം എന്തെല്ലാമോ ഉരുവിട്ടും അമ്മാമ തറയിലിരിക്കും. ‘മുത്തപ്പൻമാരേ ന്റെ മക്കളെ കാത്തു രക്ഷിക്കണേ,’ എന്നത് ഉറക്കെ കേൾക്കാം. ഇളനീർ തർപ്പണം കഴിഞ്ഞ് കരാണവന്മാരോടുള്ള സംസാരങ്ങളാണ്. വഴക്കിന്റേയും പരാതിയുടേയും മാപ്പുപറച്ചിലിന്റേയും സ്വരം അമ്മിണിക്ക് തിരിച്ചറിയാനാവും.

എല്ലാം കഴിഞ്ഞ് അമ്മാമ തളർന്ന് വീഴുമ്പോൾ താങ്ങിക്കിടത്തി വീശിക്കൊടുക്കാൻ ചുറ്റിനും ആളുകൾ കൂടും. അമ്മാമ ആ ഉറക്കം കൊണ്ട് നേരം വെളുപ്പിക്കും. കഴിഞ്ഞ വാവിന്റെ വീത് കഴിഞ്ഞ് ഉറങ്ങുമ്പോൾ അമ്മിണിയായിരുന്നു തൊട്ടടുത്ത് കിടന്നത്.

devadas, story, iemalayalam
ചിത്രീകരണം: വിഷ്ണുറാം

“പോടി ചെല്ലീ ഇവടന്ന് … അവൾടൊരു … ” അമ്മാമ നിർത്തി. കുറേ നേരത്തിന് മിണ്ടാട്ടമുണ്ടായില്ല. പതിനാറ് വയസ്സിന്റെ പക്വത കൊണ്ട് അമ്മിണി പിന്നെയൊന്നും ചേദിക്കാതെ അമ്മാമ ചെയ്യുന്നതും നോക്കിയിരുന്നു.

പാളയിൽ നിന്നും ഓല വെട്ടി അത് നെടുകെ ചീന്തി. വട്ടത്തിൽ ചുറ്റി പാള വളളി കൊണ്ട് വരിഞ്ഞ് കെട്ടി രണ്ട് തിരിയാടകൾ ഉണ്ടാക്കി. അടിഭാഗം നിരപ്പില്ലാത്ത കലങ്ങൾ വെക്കാനുള്ളതാണ് തിരിയാട. പാള മുറിച് ചെറുതും വലുതുമായ പാളാക്കുകൾ ഉണ്ടാക്കി. വലുതും നിലത്ത് ചാണകം മെഴുകി വടിയ്ക്കാനും ചെറുത് അമ്മിയിൽ അരയ്ക്കുന്നത് വടിയ്ക്കാനും .

“നീയിതവടെ കൊണ്ട് വച്ചേ…”
അമ്മിണിയുടെ പിണക്കം കണ്ട്, ” ഒക്കെ പറഞ്ഞരാടി, ഒരു നല്ല ദിവസാവട്ടെ.”

കൈതോല മുള്ള് കളഞ്ഞ് രണ്ടാക്കിയെടുത്ത പൊളികൾ മൂന്ന് മുഖത്തിൽ ചുറ്റിചുറ്റി വലുതാവുമ്പോൾ പല മുഖങ്ങളാവുന്നത് കണ്ടിരിക്കാൻ രസമാണ്. അമ്മാമ കാലുകൾ നീട്ടി മടിയിൽ പൊളിച്ചുറ്റ് വെച്ച് തികഞ്ഞ ഏകാഗ്രതയോടെ അത് തുടരുമ്പോഴും ഒന്നു തോണ്ടിക്കൊണ്ട് അമ്മിണി അതേ ചോദ്യം തന്നെ ചോദിക്കും. അമ്മാമ്മക്ക് മിണ്ടാട്ടമുണ്ടാവില്ല.

പായ നെയ്ത്ത് തകൃതിയായി നടക്കുകയാണ്. കാൽമുട്ടുകൾക്കിടയിലേക്ക് തല ഇറങ്ങിപ്പോകും വിധം കുനിഞ്ഞിരിപ്പാണ്. ഒരു ചെറിയ കത്തിയുണ്ട്. പൊളിയുടെ കട ചെരിച്ച് ചെത്താനും അറ്റം മുറിയ്ക്കാനും. നെയ്ത് തീർന്നയിടത്ത് കുട്ടികൾ ഇരുന്നും കിടന്നും കളി തുടങ്ങി. ഇടയ്ക്ക് അമ്മാമ ചുട്ട ചീത്ത പറയും. അപ്പോൾ ഒന്നടങ്ങും. പിന്നെയും തുടങ്ങും. ഓണക്കാലമാകുമ്പോൾ കുട്ടികൾക്ക് പൂ പറിച്ചിടാൻ ചെറിയ വട്ടികൾ ഉണ്ടാക്കിക്കൊടുക്കാറുണ്ട്. വട്ടിയുടെ കാതിൽ പിടിച്ച് പൂ പൊട്ടിക്കാൻ പോകുന്നത് ഒരു ഗമയാണ്.

“തൊയ്‌രം തരാത്തോർക്ക് ഇക്കൊല്ലം പൂവട്ടിണ്ടാവില്ലാ ട്ടാ.” അതിൽ തീരും എല്ലാം. കളികൾ പതുക്കെ ഇറയത്തേക്കും മുറ്റത്തേക്കും ഇറങ്ങും.

അമ്മിണി കാത്തിരുന്നത് ഈ സമയത്തിനാണ്. അടുത്തിരുന്ന് ആവശ്യം വരുമ്പോൾ കത്തിയും നെയ്തു തീരുന്നതിനൊപ്പം കെട്ടിൽ നിന്നും പുതിയ പൊളിയും എടുത്ത് കൊടുത്തു കൊണ്ട് കൂടെ കൂടും.
“അമ്മിണ്യേ, നീയെന്തൂട്ട് കഥ കേക്കാനണ്ട്യേ ഇരിക്ക്ണത്? എത്ര പേടിണ്ടെങ്കിലും പേടിപ്പിക്കണ കഥേം കാര്യോണ്ടെങ്കിലാ നിങ്ങക്കൊക്കെ മത്യാവൊള്ളോ. നല്ല കഥൊക്കെ ശരിക്കും നടന്നതാ. അതാർക്കും വേണ്ടല്ലാ. അതൊന്നും ഇനി ഇണ്ടാവേംല്യ…” അമ്മാമയുടെ നീരസം.

” കരിപ്പായില്ലേ, കണ്ണും കണ്ടൂടാണ്ട് എന്തൂട്ടാ നെയ്യ്ണ്. മൂല കോട്യ പായ ഇപ്പാർക്കും വേണ്ട ട്ടാ.”

അമ്മിണിയുടെ അമ്മ പണി കഴിഞ്ഞ് വന്നതാണ്. നഷ്ടമായത് അമ്മിണിയ്ക്ക്. നല്ലൊരു അവസരം ഒത്തുവന്നതായിരുന്നു. ഇനി അമ്മാമയെ തഞ്ചത്തിന് കിട്ടുന്നത് എപ്പോഴാണാവോ…

ശരിക്കും നടന്ന നല്ല കഥകൾ പറയാൻ അമ്മാമയ്ക്കും കേൾക്കാൻ അമ്മിണിക്കും സമയം ഒത്തുവരാത്തതിൽ അമ്മിണി ആരോടെന്നില്ലാതെ പരിഭവിച്ചു.

അക്കൊല്ലം തിരുവോണം, ചോറും കറികളുമോ ഓണപ്പാട്ടോ ഓണക്കളികളോ ഇല്ലാതെ പകരം മാറത്തടിയും നിലവിളിയുമായാണ് കഴിഞ്ഞു പോയത്. ശരിക്കും നടന്ന ഒരു കഥയിലെ നായകനൊപ്പം അമ്മാമയും പോയതായിരുന്നു, അതിനു കാരണം.

ഉത്രാടം രാത്രിയിൽ ഇറയത്തെ പുതിയ ചാണകപ്പച്ചക്കു മേലേ അരിമാവു കൊണ്ട് ചാന്തണിഞ്ഞു. തുമ്പത്തലപ്പും പൂക്കളും കൂട്ടിയിട്ട നാക്കിലയിൽ പൊരുത്തലടയും ഉടച്ച നാളികേരവും വെച്ചു. കുട്ടികൾ പൂവിളിച്ചു. ഇത്തവണ അമ്മാമ എല്ലാം അമ്മിണിയെ കൊണ്ടാണ് ചെയ്യിച്ചത്. അതിലവൾ അതിരറ്റ് സന്തോഷിച്ചു.

അന്ന് നടുമുറിയിൽ കുട്ടികളോടൊപ്പമല്ല അമ്മാമ കിടന്നത്. നടുമുറിയുടെ തെക്കും വടക്കും ചായ്പുകളുണ്ട്. വടക്കേത് അടുക്കള. തെക്കേത് കാര്യമായി ഉപയോഗിക്കാറില്ല. എങ്കിലും അത് അമ്മാമയുടെ സ്വന്തം സ്ഥലമാണ്. വല്ലപ്പോഴുമൊക്കെ അതിനകത്തെ ഇരുട്ടിൽ തനിയെ ഇരിക്കാറുമുണ്ട്.

“നീയും വാടി.”

അമ്മിണിക്ക് ഉള്ള് നിറഞ്ഞു. നേരിയ വെളിച്ചം കലർന്ന ഇരുട്ടിൽ അമ്മാമയെ കെട്ടിപ്പിടിച്ചു കിടന്നു കൊണ്ട് , താനൊട്ടും വളരാത്ത കുഞ്ഞാണല്ലോ എന്ന് ആ ചെറുപ്പക്കാരി ഒട്ടു നാണത്തോടെ ഓർത്തു.

“തംശ്യണ്ടാവ്ണേന് ആണ്ന്നും പെണ്ണ്ന്നും ഇല്ല. നെന്റെ പോലെ ഞാനും ഓരോന്ന് പണിട്ക്കുണോടത്തും വീട്ടിലും ചോദിക്കാർന്ന്. അതോണ്ടെന്താ… അവമ്മാര്ടേന്ന് രണ്ട് തല്ലോ ചുട്ട വഴക്കോ തന്തക്കും തള്ളക്കും കൂടുതലായി കിട്ടി. ന്റെ കൂടെ താഴാദ്യേളും കേക്കാന്തൊടങ്ങ്യേപ്പൊ മാറ്റൊക്കെണ്ടായി. ന്നാലും… ദേ… ഇപ്പഴും കണ്ടില്ലേ… ആരുക്കും നേരെ നിക്കാനായിറ്റില്ല.”

“അമ്മണ്യേ …”

” പറയമ്മാമാ”

” ഈ മറുതേം യക്ഷീം മാടനും ഒക്കെ ഇണ്ട്ന്നാ നെന്റെ വിചാരം? ഒക്കെ മ്മടുള്ളിലെ പേടിണ്. ആ പേടിണ്ടാക്ക്ണത് മറ്റോമ്മാരാ. ഇമ്മ പേടിച്ച് നിന്നാലാ അവര്ക്ക് കാര്യം നടക്കാ. അങ്ങനെ പേടിച്ചോര്ക്ക് മാത്രണ് കഷ്ടങ്ങള്ണ്ടായേ.”

അമ്മിണ്യാർങ്ങ്യാ?”

“ഇല്ലമ്മാമേ.”

“അതിനൊക്കെ മ്മടെ രാജാവിന്റെ കാലം. കാപ്പിപ്പൊടി നെറത്തില് എണ്ണമെഴുപ്പൊള്ള ഒരാറടിക്കാരൻ രാജാവ്. കഴുത്തൊപ്പൊളള മുടി കാറ്റിലെളകും . കാതിൽ കടുക്കന്റെ കല്ല് തെളങ്ങും. ഒന്ന് എഴുന്ന് നിന്നാ സൂര്യൻ മങ്ങും. അതാർന്നു മ്മടെ രാജാവ്. അതൊരു കാലാർന്ന്.

അന്നൊന്നും പണിട്ക്കാണ്ട് തിന്ന്ണോരിണ്ടാർന്നില്ല. അടില്ല, വഴക്കില്ല, കളവില്ല, തമ്പ്രാമ്മാരില്ല, ശിങ്കിടികളില്ല. എന്തിനധികം പറേണ്. പഷ്ണില്ലാണ്ട് തന്തോയായി കഴിഞ്ഞ കാലാർന്ന്.
അതോണ്ടെന്ത് ണ്ടായീ. ചതിച്ച് കൊന്നളഞ്ഞില്ലേ. ചാവാന്നേരം ഒന്നേ ചോയ്ച്ചൊള്ളോ. ആണ്ടിലൊരിക്കെ എന്റാൾക്കാരെ കാണാൻ വരണംന്ന്.”

“അമ്മണ്യേ.”

ഒച്ചയോടെ നീണ്ടൊരു നിശ്വാസം കഴിഞ്ഞ് അമ്മാമ നിവർന്ന് കിടന്നു.

” ഇത്തവണ വരുമ്പോ, ഞാനും പൂവാടി മ്മടെ രാജാവിന്റൂടെ.” .

രാവേറെ വൈകി വെളുക്കുമ്പോഴെപ്പോഴോ അമ്മാമ്മ കഥ പറഞ്ഞു നിർത്തി. കണ്ണുകൾ തുറന്ന് പുലർവെട്ടത്തിന്റെ ആദ്യ കിരണം ഏറ്റുവാങ്ങിക്കൊണ്ട് പതിയെ കണ്ണടയുമ്പോൾ നേർത്ത ഒച്ചയിൽ ചുണ്ടനങ്ങി.

“അമ്മിണ്യേ… അമ്മിണ്യേ…”

അമ്മണിയമ്മ കട്ടിലിൽ ഇരുന്ന് നിരങ്ങി ശ്രമപ്പെട്ട് കാലുകൾ താഴെ മുട്ടിച്ച് എഴുന്നേറ്റു . മുട്ടുകളിലെ സഹിക്കാനാവാത്ത വേദനയോടെ ഒരു വിധം ജനാല വരെ നടന്നെത്തി. പുറത്ത് ചുറ്റിലും ഉയരം കൊണ്ട് ഏറിയും കുറഞ്ഞുമുള്ള ജയിൽക്കൂടുകളാണ്. അതിലുമുണ്ടാവും ഒറ്റയ്ക്കിങ്ങനെ ആരെങ്കിലുമൊക്കെ.
ഏതെങ്കിലും ജനലോരത്ത് ഒരു കുഞ്ഞു മുഖം കാണുന്നുണ്ടോ എന്ന് എത്താക്കണ്ണ് കൊണ്ട് നോക്കി. ഉണ്ടെങ്കിൽ പറയാനായി അമ്മിണിയമ്മയുടെ ഉള്ളിൽ കഥകളായിരം തിങ്ങിവിങ്ങുന്നുണ്ടായിരുന്നു.

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Devadas samantharan short story kathakalayiram

Best of Express