ആദ്യമായി ഞാൻ ഡ്രാക്കുള പ്രഭുവിനെ പരിചയപ്പെുന്നത് ക്രിസ്റ്റഫർ ലീ അഭിനയിച്ച ഡ്രാക്കുള സിനിമയിൽ​ കൂടിയാണ്.

അങ്ങനെയിരിക്കെ ഡ്രാക്കുള മലയാളത്തിൽ​ വിവർത്തനം ചെയ്യണമെന്ന് ഒരു മോഹമുണ്ടായി. ഒരു പബ്ലിഷർ അത് പുസ്തകമാക്കാമെന്നും പറഞ്ഞു.

അങ്ങനെ ബ്രാം സ്റ്റോക്കറുടെ ‘ഡ്രാക്കുള’ നോവൽ വിവർത്തനം ചെയ്യാൻ തുടങ്ങി. ഞാൻ ഡിക്ഷ്ണറി നോക്കി, ഇംഗ്ലീഷ് നോവൽ നോക്കി വാചകം ഒരാൾക്ക് പറഞ്ഞു കൊടുത്തു കൊണ്ടിരുന്നു. അയാൾ അത് എഴുതുകയും ചെയ്തുകൊണ്ടിരുന്നു.

പക്ഷേ, വൈകുന്നേരം അഞ്ച് മണിയാകുമ്പോൾ ആ സുഹൃത്ത് പറയും വീട്ടിൽ​പോകണമെന്ന് കാരണം മൂന്ന് കിലോമീറ്റർ അകലെയാണ് എഴുതുന്ന ആളിന്റെ താമസസ്ഥലം. ഇരുട്ടിന്നതിന് മുമ്പ് വീട്ടിലെത്തണം എന്നുളള ആഗ്രഹമാണ് കാരണം.
കഥയുടെ പ്രേരണയാണ് അതിന്റെ പിന്നിലുളളതെന്ന് എനിക്ക് മനസ്സിലായി. ആ സുഹൃത്ത് ഭയപ്പെടുന്നുണ്ട്.

എന്നാൽ, ഞാൻ ഇത് എഴുതിക്കുമ്പോൾ തനിച്ച് വീട്ടിലാണ് കഴിയുന്നത്. എനിക്ക് രണ്ടു വീടുകൾ ഉളളതിൽ ഒന്ന് ഞാൻ കഥയെഴുത്തിനായി ഉപയോഗിച്ചിരുന്നു.
നാഷണൽ ജ്യോഗ്രഫിക്കൽ മാഗസീനും മറ്റും നോക്കി കാർപാത്യൻ മലനിരകളും ടാൻസിൽവേനിയ താഴ്‌വരയും ഞാൻ മനസ്സിലാക്കി.
ആ മലയിൽ ആണല്ലോ ഡ്രാക്കുളക്കോട്ട സ്ഥിതി ചെയ്യുന്നത്. ഇപ്പോഴും ആ കോട്ടയും കൊട്ടാരവും നിലവിലുണ്ടെന്ന് ഞാൻ വായിച്ചിട്ടുണ്ട്.

ഡ്രാക്കുളയുടെ യഥാർത്ഥ പേര് വ്ളാദ് എന്നാണ്. നോവൽ ആയപ്പോൾ വോയ്വോ-ഡി- ഡ്രാക്കുള എന്നായി. ഒരിക്കൽ ഡ്രാക്കുള കോട്ട ആക്രമിക്കാൻ വന്ന ഒരുകൂട്ടം പടയാളികളെ കൊന്ന് അവരുടെ ശിരസ്സിൽ ആണി അടിച്ചുതാഴ്ത്തി കോട്ടമതിലിൽ ചാരി നിർത്തിയിരുന്നു പ്രഭു. അത്രമാത്രം, ക്രൂരതകൾ ജീവിച്ചിരുന്നപ്പോൾ ഡ്രാക്കുള പ്രഭു ചെയ്തിട്ടുളളതായി ട്രാൻസിൽവേനിയക്കാർ വിശ്വസിക്കുന്നു.

kottayam pushpanath malayalam novelist,

പലരും ഡ്രാക്കുളക്കോട്ട ആക്രമിച്ച് പരാജയപ്പെട്ടിട്ടുണ്ട്. ഒടുവിൽ ഒരു പൊരിഞ്ഞയുദ്ധത്തിൽ​ ഡ്രാക്കുള കൊല്ലപ്പെട്ടു. പക്ഷേ, വർ,ങ്ങൾക്കുശേഷം ഡ്രാക്കുള പ്രഭുവിനെ പലരും ജീവനോടെ കണ്ടുപോലും അതും രാത്രികാലങ്ങളിൽ.

ഇതൊക്കെ ട്രാൻസിൽവേനിയക്കാരുടെ വിശ്വാസങ്ങളാണ്. ഈ വിശ്വാസത്തിൽ നിന്നാണ് എബ്രഹാം സ്റ്റോക്കർ എന്ന ബ്രാം സ്റ്റോക്കർ ‘ഡ്രാക്കുള’ നോവൽ രചിച്ചത്.

നോവൽ വായിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു കാര്യം നമുക്ക് മനസ്സിലാക്കാൻ കഴിയും
ഡ്രാക്കുള പ്രഭു ഒരു ഭീരുവാണ്.

ഏത് തരത്തിലുളള ഭീരു?

പകലിനെ ഭയപ്പെടുന്നു.

കുരിശിനെ അങ്ങേയറ്റം പേടിക്കുന്നു.

ഈ രണ്ട് കാര്യങ്ങളേയുളളൂ ഡ്രാക്കുളയെ പരാജയപ്പെടുത്താനുളള വഴി.
കുരിശ് കൈവശമുണ്ടെങ്കിൽ രാത്രിപോലും ഡ്രാക്കുള അടുത്തെങ്ങും വരില്ലെന്ന് മനസ്സിലാക്കാവുന്നതാണ്.

നോവലിന്റെ തുടക്കം കത്തുകൾ മുഖേനയാണ്. ജോനാഥനുമായുളള​ കത്തുകൾ. ആ കത്തുകൾ മൂലം ജോനാഥൻ ഡ്രാക്കുളക്കോട്ടയിൽ എത്തുന്നു. രാത്രികാലങ്ങളിൽ ഡ്രാക്കുളയുമായി സംസാരിക്കുന്നു.

രക്തം കണ്ടാൽ ഡ്രാക്കുളയുടെ സ്വഭാവം മാറും.

ഒരവസരത്തിൽ ജോനാഥൻ ഷേവ് ചെയ്തുകൊണ്ടിരിക്കുമ്പോൾ ഡ്രാക്കുള പിന്നിൽ നിന്നും വരുന്നു. അപ്പോൾ ജോനാഥന്റെ മുഖത്ത് ബ്ലെയ്ഡ് കൊണ്ട് മുറിഞ്ഞ് ചോര വരുന്നു. ഇത് കണ്ടപ്പോൾ ഡ്രാക്കുളയുടെ സ്വഭാവം മാറുന്നു. രൗദ്രമാകുന്നു. അതിന്റെ കാരണം ജോനാഥന് മനസ്സിലാവുന്നില്ല.

പിന്നീട് ഒരു ദിവസം ജോനാഥൻ ഒരു രംഗം കാണുന്നു. മുകളിലത്തെ നിലയിലെ ജനാലയിൽ കൂടി ജോനാഥൻ താഴേയ്ക്ക് നോക്കുമ്പോൾ ഡ്രാക്കുള പുറം ചുവരിൽ ഒരു ഗൗളിയെപ്പോലെ പറ്റിപ്പിടിച്ച് താഴേയ്ക്ക് ഇറങ്ങുന്നു.

ഈ​ കാഴ്ച അയാളെ ഭീതിപ്പെടുത്തുന്നുണ്ട്. ജോനാഥനെ അവിടേയ്ക്ക് വരുത്താൻ കാരണം ഡ്രാക്കുളയ്ക്ക് അവിടെ നിന്നും പോകാൻ വേണ്ടിയായിരുന്നു.
ഡ്രാക്കുള അവിടെ നിന്നും ജോനാഥന്റെ സഹായത്തോടെ മറ്റൊരു രാജ്യത്തേയ്ക്ക് പോകുന്നു. അവിടെയെത്തി സുരക്ഷിതമായ ഒരു സ്ഥാനം കണ്ടെത്തി അവിടെ കഴിഞ്ഞ് തന്റെ ജീവിതം ആരംഭിക്കുന്നു.

അവിടെ വെച്ച്, മേരി സൂസി, എന്നീ രണ്ട് യുവതികളുടെ രക്തം കുടിക്കുന്നു.
കാഴ്ചയിൽ സന്ദരൻ കൂടിയായ ‘വ്ളാദി’ൽ സ്ത്രീകളെ ആകർഷിക്കാൻ വളരെയധികം കഴിവുണ്ട്. അവരെ ആകർഷിച്ച് പിന്നിൽ നിന്ന് ആലിംഗനം ചെയ്ത്, കഴുത്തിൽ ചുംബിക്കുന്നു. ചുംബിക്കുന്ന അവസരത്തിൽ രണ്ട് കോമ്പല്ലുകൾ വളർന്ന് താഴേയ്ക്ക് ഇറങ്ങുന്നു.
ആ പല്ലുകൾ, കഴുത്തിൽ താണ് മുറിവുണ്ടാക്കി ആ മുറിവിൽ​കൂടി രക്തം വലിച്ചുകുടിക്കുന്നു. അതിനുശേഷം ആ ശരീരം ഉപേക്ഷിക്കുന്നു.

രാത്രിയാകുമ്പോൾ, ആ ശരീരത്തിന്റെ ഉടമകൾ ഡ്രാക്കുളയെപ്പോലെ രക്തദാഹികൾ ആയിത്തീരുന്നു.

പിന്നെ, ആ സ്ത്രീകൾ രാത്രികാലങ്ങളിൽ ഇറങ്ങി കുട്ടികളെ വേട്ടയാടുന്നു. എന്നിട്ട് അവരുടെ രക്തം കുടിക്കാൻ ഒരുമ്പെടുന്നു.

അവരിൽ സൂസി എന്ന യുവതി ‘മരണമടയുന്നു.’

അവളുടെ ശരീരം മുറിയിൽ സൂക്ഷിക്കുന്നു. സാധാരണ സീറോ ഡിഗ്രിയിൽ​ താഴെ തണുപ്പുളള അവിടെ മൃതശരീരത്തിന് കേട് സംഭവിക്കുന്നില്ലാത്തതിനാൽ ദിവസങ്ങളോളം ശരീരം മുറിയിൽ കിടത്താറുണ്ട്.

ഓരോ ദിവസവും ശരീരം തുടച്ചു വൃത്തിയാക്കി വസ്ത്രങ്ങൾ അണിയിച്ചു കിടത്തുന്നു.
അങ്ങനെ കിടത്തിയ സൂസിയുടെ കടവായിൽ​ നിന്ന് കോമ്പല്ലുകൾ വളർന്നുവരുന്നതായി കാണുന്നു.  രക്തത്തിന്റെ അംശം ചുണ്ടിൽ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്.

ഇത്തരത്തിലുളള രംഗങ്ങൾ​ ഭീതിജനകങ്ങളാണ്. രാത്രികാലങ്ങളിൽ ഈ നോവൽ ഹൃദയത്തിന് ശക്തിയില്ലാത്തവർ വായിച്ചാൽ പേടിച്ചരണ്ട് പോകും

സാത്താന്റെ ഒരു പകർപ്പായിട്ടാണ് ഡ്രാക്കുളയെ ചിത്രീകരിച്ചിരിക്കുന്നത്. അതുകൊണ്ടാണ് ഡ്രാക്കുളയെ എതിർക്കാൻ പറ്റിയ ഏക ആയുധം ‘കുരിശ്’ ആണെന്ന് ആ കഥയിൽ നിന്ന് മനസ്സിലാക്കാം.

കുരിശിനെ അവന് ഭയമാണ്. കുരിശ് കണ്ടാൽ പിന്നോട്ട് മാറി മുഖം പൊത്തി പെട്ടെന്ന് തിരിഞ്ഞ് ഓടിക്കളയും.

ഡ്രാക്കുള രക്തം കുടിച്ചവരെ അടക്കം ചെയ്യുമ്പോൾ കുരിശ് മാറിൽ വച്ചാൽ അവർ പിന്നീട് ഡ്രാക്കുളയെ പോലെ രക്തദാഹികളായി എണീറ്റുവരില്ലെന്ന് ഒരു വിശ്വാസം ട്രാൻസിൽവേനിയ താഴ്‌വരയിൽ ജീവിച്ചിരുന്നവയിൽ ഉണ്ടായിരുന്നുവെന്ന് ചില സിനിമകളിൽ ഞാൻ കണ്ടിട്ടുണ്ട്.

ഒരു ചലച്ചിത്രത്തിൽ മൃതശരീരം അടക്കുവാൻ കൊണ്ടുപോകുമ്പോൾ അതിന്റെ മാറിൽ കുരിശിന്റെ താഴത്തെ അറ്റം കൂർപ്പിച്ച് കുത്തിയിരിക്കിയതായി ചിത്രീകരിച്ചിട്ടുണ്ട്. അതുകണ്ട് ഒരാൾ ചോദിക്കുമ്പോൾ ഏത് മൃതശരീരത്തെ അടക്കം ചെയ്താലും അത്തരത്തിൽ ചെയ്യുമെന്ന് പറയുന്നു കാരണം, ഏത് മൃതശരീരമാണ് ഡ്രാക്കുളയാൽ വധിക്കപ്പെട്ടുവെന്ന് എങ്ങനെ അറിയാമെന്ന് മറുപടി വരുന്നു.

kottayam pushpanath malayalam novelist,

ഡ്രാക്കുളയെ സംബന്ധിച്ച് ചില ചലച്ചിത്രങ്ങളെ കുറിച്ച് പറയാം. ‘ഹൊറർ ഓഫ് ഡ്രാക്കുള,’ ‘ഡ്രാക്കുള റെയ്സൺ ഫ്രം ദി ഗ്രേവ്,’ ‘സൺ ഓഫ് ഡ്രാക്കുള,’ ‘ടേസ്റ്റ് ദി ബ്ലഡ് ഓഫ് ഡ്രാക്കുള’ ഇവയെല്ലാം ഞാൻ കണ്ടിട്ടുണ്ട്.

ഡ്രാക്കുളയെ കഥാപാത്രമാക്കി ഞാനും ചില നോവലുകളെഴുതിയിട്ടുണ്ട്. ‘ഡ്രാക്കുള ഏഷ്യയിൽ,’ ‘ഡ്രാക്കുള ബ്രസീലിൽ’, ‘ഡ്രാക്കുളയുടെ മകൾ’, ‘ഡ്രാക്കുള ഉണരുന്നു’, ‘ഡ്രാക്കുളയുടെ നിഴലിൽ’, ‘ഡ്രാക്കുള വീണ്ടും വരുന്നു’.

ഇതൊക്കെ എഴുതുമ്പോൾ കഥ നടക്കുന്ന സ്ഥലവും പശ്ചാത്തലവും ഏറെ പഠിക്കണം.
പ്രത്യേകിച്ച് കാർപാത്യൻ മലയും ട്രാൻസിൽവേനിയ താഴ്‌വരയും അവിടുത്തെ പ്രകൃതിദൃശ്യങ്ങളും ശരിക്ക് മനസ്സിലാക്കണം. അതുപോലെ രാത്രികാലങ്ങളിൽ ആ താഴ്‌വരയിൽ മിന്നിമറയുന്ന പ്രകാശങ്ങൾ, കുതിരവണ്ടികൾ ഇവയൊക്കെ ദൃശ്യാത്മകമായി ചിത്രീകരിക്കണം.

കഥയുടെ അവസാനം പോയ സ്ഥലത്ത് നിന്നും തിരികെ വന്നു ചേരുന്നു ഡ്രാക്കുള.
ഡ്രാക്കുള പാശ്ചാത്യ രാജ്യങ്ങളിൽ റിലീസ് ചെയ്തപ്പോൾ ഒരു പരസ്യം ഉണ്ടായിരുന്നതായി ഞാൻ വായിച്ചിട്ടുണ്ട്.

“ആൺതുണയില്ലാതെ തനിച്ചിരുന്ന് കാണുവാൻ ധൈര്യമുണ്ടോ?”എന്ന് .

ഏതുകൊണ്ടും കാലങ്ങളായി മായാതെ നിൽക്കുന്ന ഒരു കഥാപാത്രമാണ് ഡ്രാക്കുള

Read More: കോട്ടയം പുഷ്പനാഥ്: ഭാവനയുടെ എരിഞ്ഞു തീരാത്ത ‘ഹാഫ് -എ- കൊറോണ’

കടപ്പാട് : കേരള ഗ്രന്ഥശാല സംഘത്തിന്റെ മുഖ പ്രസിദ്ധീകരണമായ ഗ്രന്ഥാലോകം മാസിക

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook