ദേശാന്തരങ്ങൾ

ഈ രാജ്യം അറിയാതെ ഞാന്‍ ഇവിടെ ജീവിക്കുന്നു
ഇവിടുത്തെ നിലവിലുള്ള ഒന്നിനും അറിയില്ല ഞാനിവിടെ ഉണ്ടെന്ന്
ഈ മരങ്ങള്‍ പറവകള്‍ക്കൊന്നും അത് ഇതുവരെയും മനസ്സിലായിട്ടില്ല
അവരെക്കുറിച്ച് ഞാന്‍ കവിതകളെഴുതിയിട്ടുണ്ടെന്ന് പോലും

ഈ വീടിന് അറിയില്ല
ഞാനിവിടെ കഴിയുന്ന കാര്യം
എന്തിന് അടുത്ത മുറിയിലെ കട്ടിലില്‍
കിടന്നുറങ്ങുന്ന എന്‍റെ ഭര്‍ത്താവിനു പോലും അതറിയില്ല
ഞാന്‍ പോലും അറിയാതെയാണ്
ഞാന്‍ ഇവിടെ
തെളിനീരുപോലുള്ള
ഒന്നിനെ വിട്ട് വരണ്ട
ഒന്നിന്‍റെ കൂടെ ഒളിച്ചോടിയ
ഒരുവള്‍ ആണെന്ന്
തോന്നും എന്നെ കണ്ടാല്‍

തിരിച്ചറിയൽ കാര്‍ഡുകളും പാസ്സ്പോർട്ടുമുണ്ട്
വർഷാവര്‍ഷം അതു പുതുക്കാറുണ്ട്
എന്നാല്‍ അതിലെ ഫോട്ടോകളില്‍
കാണുന്ന ഞാന്‍ തന്നെയാണൊ ഇവിടെയുള‍ളത്?

ഗ്രാമത്തെ വിഴുങ്ങിയ ഒരു നഗരത്തെ ഞാനെന്‍റെ തോളില്‍ ചുമക്കുന്നു
ഭാരമു‍ള്ള സഞ്ചികളില്‍
സാധനങ്ങളുമായി
കടകളില്‍ നിന്ന്
മടങ്ങുന്നുണ്ട് ഞാൻ
ഇടയ്ക്കിടെ ചര്‍മ്മ സംരക്ഷണത്തിനായി
ബ്യൂട്ടിപാര്‍ലറുകളിലും കയറിയിറങ്ങുന്നു
അത് ഞാനിവിടെയുണ്ട്
എന്നതിനുള്ള തെളിവാകുമോ ?

എന്‍റെ സ്വപ്നങ്ങളില്‍ നിറച്ചും
കടലുകളാണ്
ഞാന്‍ നീന്തിപോന്ന പുഴ
കാണാനില്ല

കുട്ടികളെ പഠിപ്പിക്കുമ്പോൾ
പുസ്തകത്തില്‍ ഒരു കാടുകാണുന്നു
ഞാൻ അതിലേക്ക് കയറിപോകാന്‍ നോക്കുന്നു
അവര്‍ എന്നെ തടയുന്നു

sindhu m. ,poem

കുത്തബ് മീനാറും താജ് മഹലും ഹാരപ്പയുംമോഹൻജെദാരോയുമൊക്കെപോലെ കാണാത്തതും കുഴിച്ചുമൂടപ്പെട്ടതും ഉണ്ടെന്ന് ഞാന്‍ അവരെക്കൊണ്ട് വിശ്വസിപ്പിക്കുന്നു
ഞാൻ ഉണ്ടെന്ന് എന്നെയും
ചരിത്രം പോലെ ഞാനും ഊഹാപോഹം

ഭൂപടത്തിൽ
ഇന്ത്യ എവിടെയെന്ന് കാട്ടിക്കൊടുക്കുന്നു
എന്‍റെ രാജ്യം എന്ന വലിയൊരോർമ്മയിൽ തിരയുന്നു
പണ്ടെങ്ങോ നാടുവിട്ട ഒരു ഗ്രാമത്തിന്‍റെ
മെലിഞ്ഞചിത്രം

അവിടത്തെ തണുത്ത തൂവലുകളുള്ള സൂര്യനെ
ചിലപ്പോൾ അയൽപക്കം
വാതിലില്‍ മുട്ടി ശല്യം ചെയ്യുന്നു
ഞാനിവിടെയില്ലെന്ന് വാതില്‍
തുറന്നൊരു താക്കോല്‍
അവരോട് പറയുന്നു

എന്റെ വാതില്‍ പടി പത്രക്കെട്ടുകൾ കൊണ്ട് നിറയുന്നു അഴിച്ചു നോക്കാത്ത ലോകം
ദുരന്തങ്ങൾ വാക്കുകള്‍ വാര്‍ത്തകള്‍ വര്‍ത്തമാനങ്ങള്‍
ഒന്നും എന്നെ ബാധിക്കുന്നില്ല

ഒട്ടകങ്ങള്‍ക്കും ഈന്തപ്പനകള്‍ക്കും
പകരം കെട്ടിടങ്ങള്‍
നിറയുന്നത്
ഭൂമിക്കടിയിലൂടെയും മുകളിലൂടെയും
ചലിക്കുന്ന ശബ്ദങ്ങള്‍
കൃത്രിമമരങ്ങളും പൂക്കളും
വെച്ചു പിടിപ്പിച്ച അങ്ങാടികള്‍
പാര്‍ക്കുകള്‍
കൈവീശിക്കാണിച്ചു
കടന്നുപോകുന്ന അതി വേഗതയുള്ള മെട്രോജീവിതം
ദുഖങ്ങളും സന്തോഷങ്ങളും
കയറി ഇറങ്ങിപോകുന്ന ലിഫ്റ്റ്
ഞാനിരിക്കുന്ന ഭൂമികുലുങ്ങുന്നു
എനിക്കു മാത്രം അതറിയുന്നില്ല

അലാമുകള്‍ ശബ്ദിക്കുന്നു
മൂന്നാം നിലയും നാലാം നിലയും
താണ്ടി ആളുകള്‍ താഴേക്ക് മണ്ടുന്നു
ഞാന്‍ മാത്രം എവിടേയ്ക്കും
ഓടുന്നില്ല

എന്‍റെ വാതിലില്‍ തുരുതുരെ മുട്ട്
ഞാനപ്പോള്‍ എന്‍റെ വീട്ടു വളപ്പിൽ
ഓടിക്കളിക്കുന്നു
ഞാന്‍ എങ്ങോട്ടൂം പുറപ്പെട്ടൂ പോന്നിട്ടില്ല
പിന്നെന്തിന് ഭയക്കണം ഈ ഭൂമികുലുക്കങ്ങള്‍ എന്ന്
സ്വയം ചോദിക്കുന്നു

ഒരു മാമ്പഴം പൊഴിയുന്നതും മധുരിക്കുന്ന
ഒരു കാറ്റു വീശുന്നതും കാത്ത്
ഞാന്‍ അവിടെ തന്നെ നില്‍ക്കാണ്
ആ മരച്ചോട്ടില്‍

ഭൂപടത്തില്‍ ഇല്ലാത്ത ഒരു രാജ്യത്തിന്‍റെ
ജഡം ആരോ വണ്ടിയില്‍
കയറ്റികൊണ്ടു പോകുന്നു….

ബോർഡിൽ എന്‍റെ രാജ്യത്തെ ഞാൻ ഇനിയും വരച്ചു തീർന്നിട്ടില്ല കുട്ടികൾ അക്ഷമയോടെ കാത്തിരിക്കുന്നു…

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook