വാക്കുകൾ കൊണ്ടുള്ളതായിരുന്നു
ഞങ്ങളുടെ കളികളെല്ലാം.
ആർക്കും തിരിയുന്നതെഴുതുകയെന്നതായിരുന്നു
അവന്റെ മരുന്ന്.
ഒരാൾക്കുമറിയാത്തതു മാത്രം
വായിക്കുകയെന്നായിരുന്നു
എന്റെ രോഗം.
എല്ലാ വട്ടവും
അവൻ മാത്രം ജയിച്ചു.
അവന്റെ വാക്കിനെയോർത്ത് നനഞ്ഞും,
ഉള്ളു തൊടുന്നെന്ന് ചിണുങ്ങിയും
കാമുകിമാർ വേദനിച്ചു.
വലിയ ശബ്ദങ്ങൾ ഭയന്ന്,
അറിയാത്തിടങ്ങളിൽ പോയി തൊട്ട്,
എന്റെയുടുപ്പിലെ പക്ഷികൾ
ഓരോ മഴക്കാലത്തും
പോയപോലെ തിരിച്ചു വന്നു.
ആരെങ്കിലുമൊക്കെ
പെട്ടെന്നെണീറ്റു പോയ
കസേരകൾ മാത്രം
ഞാനെല്ലായ്‌പ്പോഴും
തിരഞ്ഞെടുത്തു.

അറിയാത്തിടങ്ങളിലെ ചൂടിൽ
പക്ഷികൾ നിറം മങ്ങി നരച്ചു.
‘പ’യിൽ തുടങ്ങി
‘ക്ഷി’യിൽ എത്താതെ
അവയൊക്കെ മുഷിഞ്ഞു നാറി.
കൊക്കുകൾ കൊണ്ടുള്ള
കളിയിൽ
എല്ലായ്‌പ്പോഴും
ഞാൻ തോറ്റൊലിച്ചു.
മടങ്ങുമ്പോൾ
എല്ലാവരും പറയുന്നതു മാത്രം
ഞാനും പറഞ്ഞു.
“വേദനിക്കല്ലേ “
“കാണാം “
“ഉണ്ണണേ “
“ഉറങ്ങണേ “
“ഇരുട്ടത്തിരിക്കല്ലേ “
അവനൊഴിച്ച്,
എല്ലാവർക്കുമെളുപ്പം തിരിയുന്നത് മാത്രം.
ഒരാൾക്കുമറിയാത്തതെന്നല്ല,
ഒരാളിലുമറിയാത്ത
വാക്കിലേക്കവനെയിപ്പോൾ
തൊട്ടു നക്കുന്നു.
ഒരു കിളിയും കവിതയിൽ
ചിലക്കില്ല.
ഒരു വാക്കിലും ഞാൻ തോൽക്കില്ല.