മടിയനായ എന്റെ കുഞ്ഞേ സൂര്യൻ ഉദിക്കുന്നത് കാണാൻ എഴുന്നേൽക്കൂ എന്ന് എല്ലാ പ്രഭാതങ്ങളിലും ഉമ്മ അവനോട് പറയും. ഉമ്മയുടെ ഒച്ച മുറിയുടെ വാതിൽ തുറന്നു വരുമ്പോൾ അവൻ പുതപ്പിനുള്ളിലെ ഇരുട്ടിൽ വെളിച്ചം തൊടാത്ത ഒരു തുണ്ട് ആകാശമായി ഉമ്മയെ പറ്റിച്ച് കിടക്കും.

അയൽവീട്ടിലെ പട്ടിയും പൂച്ചയും മരങ്ങളും ഒളിച്ചു നിന്ന് അവനെ മടിയനായ കുഞ്ഞേ എന്ന് വിളിച്ചു. ഓരോ ദിവസവും ഉമ്മയും കാറ്റും പൂച്ചയും മരങ്ങളുമെല്ലാം ഇന്ന് അവൻ നേരത്തെ എഴുന്നേൽക്കുമെന്നും സൂര്യൻ ഉദിക്കുന്നത് കാണുമെന്നും കരുതി ഉറക്കച്ചടവോടെ മടിയനായ കുഞ്ഞ് പുതപ്പു വിട്ട് പുറത്തു വരുന്നതും കാത്തിരുന്നു. എന്നാൽ മടിയൻകുട്ടിയാവട്ടെ എല്ലാവരെയും പറ്റിച്ച് കൂർക്കം വലിച്ച് ഉറങ്ങി.

unni r , story , iemalayalam
ഒരു ദിവസം ഉമ്മയും പൂച്ചയും മരങ്ങളുമെല്ലാം ഉണരും മുമ്പ് മടിയൻകുട്ടി പുതപ്പിനുള്ളിലെ ഇരുട്ട് തട്ടിക്കളഞ്ഞ് എഴുന്നേറ്റു. ഒച്ചയുണ്ടാക്കാതെ വാതിൽ തുറന്നു. കിഴക്ക് ആകാശത്തിന്റെ അതിരിൽ നിന്നും ഇപ്പോൾ സൂര്യൻ എന്നെക്കാണാൻ വരും എന്ന് അവൻ സന്തോഷത്തോടെ ഓർത്തു.

ഒന്നും ഇടാത്ത തന്റെ കുഞ്ഞു ദേഹത്തെ സൂര്യൻ തൊടുന്നതും കാത്ത് തന്നെ പൊതിയുന്ന തണുപ്പിൽ കുളിരു കോരി നിന്നു. അവന്റെ കണ്ണ് സൂര്യൻ ഉദിക്കുമ്പഴേ കാണാനായി മഞ്ഞിലൂടെ ദൂരേക്ക് നടക്കുമ്പോൾ കുഞ്ഞ് കുഞ്ഞ് ഒച്ചകൾ മാത്രം കേട്ടു ശീലിച്ച അവന്റെ ചെവിയെ പെട്ടന്നു വന്ന ഒരു ശബ്ദം പേടിപ്പിച്ചു.

വീണ്ടും വീണ്ടും ആ ശബ്ദം പേടിപ്പിച്ചപ്പോൾ അവൻ ഉറക്കെ കരഞ്ഞു. കരച്ചിൽ കേട്ട് വീട് ചാടിയെണീറ്റു. ഉമ്മ ഓടി വരുമ്പോൾ പേടിച്ച കണ്ണുകളോടെ നിൽക്കുന്ന കുഞ്ഞിനെ കണ്ട് അവർ ചേർത്ത് പിടിച്ചു.

അവൻ ചോദിച്ചു “ഉമ്മാ ,ഞാൻ ഉണരാൻ വൈകിയോ? അതോ ഇതായിരുന്നുവോ ഞാൻ ഉണരേണ്ട നേരം?”
മെല്ലെ ഉദിച്ചു വരുന്ന ഇരുട്ടിലേക്ക് നോക്കി ഉമ്മ ഒന്നും പറയാതെ നിന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook