മഴ പെയ്യണേ എന്ന്
അന്തരീക്ഷം ആഗ്രഹിക്കുന്ന ഒരു സായാഹ്നത്തിൽ
മരിച്ച സുഹൃത്തിന്‍റെ
വീട്ടിലേയ്ക്കു പോകുന്നു.
തെറ്റിപ്പോകുമായിരുന്ന ആ പാതയെ
അവന്‍റെ അമ്മ തന്നെ
ഫോണിലൂടെ ശരിയാക്കിത്തന്നു.

കൂടെയുണ്ടായിരുന്നവർ
ഹാ, കഷ്ടം,
ദേവന്മാരായിരുന്നില്ല.
പരിഭ്രമം വരുമ്പോൾ
ഉള്ളം കൈ വിയർക്കുന്ന
മനുഷ്യരിൽ കുറച്ചു പേർ.

മരിച്ചവരുടെ വീടുകൾ
എത്രയോ കണ്ടിരുന്നു.
മുറ്റത്തെ മരങ്ങൾ വെട്ടിയൊതുക്കി
വലിച്ചു കെട്ടിയ പന്തലിനു താഴെ
എത്രയോ നിന്നിരിക്കുന്നു
അടുത്തടുത്ത്.
എന്നാൽ പരസ്പരം തൊടാതെ
തൊട്ടാൽ ജീവനടിച്ചു
ചത്തു കളയുമോ എന്ന് പേടിച്ച്.
കൈകൾ വരിഞ്ഞു കെട്ടി,
ഭാഷ താഴ്ത്തി,
മരണത്തിന്‍റെ
മാത്ര കുറഞ്ഞ ഗുളിക വിഴുങ്ങിയവരപ്പോലെ
ഇന്ദ്രിയങ്ങൾ താഴ്ത്തി.

p.n gopikrishnan, malayalam ,poet , subrahmanyadas, naxal

മരണ വീട്ടിൽ
മരണത്തിനു മാത്രമാണ്
മുഴുവൻ ജീവനുള്ളത്.
144 പ്രഖ്യാപിച്ച് അത്
എല്ലാവരേയും വിരട്ടുന്നു.
ക്യൂ നിർത്തുന്നു.
(പരസ്പരം തൊടാതെ)
ചിലരുടെ കൈയ്യിൽ
പുഷ്പ ചക്രം കൊടുക്കുന്നു.
ചിലരുടെ ഹൃദയത്തിലൂടെ
തയ്യൽ മെഷീൻ പായിക്കുന്നു.

അപ്പോൾ സ്വാതന്ത്ര്യം കിട്ടിയ
ഒരു രാജ്യത്തിലെ പ്രജകൾ പോലെ
(മരണത്തിന്‍റെ ഭരണമോ സ്വാതന്ത്ര്യം?)
എന്തു ചെയ്യണം എന്നറിയാതെ
കുട്ടികൾ കുഴങ്ങുന്നു.
അതിലൊരുവൻ
മരിച്ചവനരികിലൂടെ
ചൂളം വിളിച്ച്
തിരക്കിട്ട് പായുന്നു.
മരിച്ചവനൊഴികെ ആരും
അത് കാണുന്നില്ല.

മുന്നിൽ സ്ക്കൂളുണ്ട്,
ഹെയർപിൻ വളവുണ്ട്,
കുത്തനെയുള്ള ഇറക്കമുണ്ട്,
എന്നൊക്കെ കാണിക്കുന്ന
ഒരു ട്രാഫിക് അടയാളം
മരിച്ചവനു മുൻപിൽ
ആരെങ്കിലും വച്ചിരുന്നെങ്കിൽ
എന്നാലോചിച്ചു തീർന്നില്ല.
അവന്‍റെ നെഞ്ചിലേക്ക്
മെഴുതിരി പോലെ
ഉരുകി വീണു കൊണ്ടിരുന്ന
കണ്ണുകളുയർത്തി
അമ്മ
ഞങ്ങളോട് ചിരിച്ചു.

ഇപ്പോൾ ഇടി വെട്ടി
തകർത്ത് പെയ്ത്
പ്രപഞ്ചം ആ വീടിനെ
ചവിട്ടിക്കൂട്ടും എന്ന്
ഞങ്ങൾ വിചാരിച്ചു.

ഒന്നും ഉണ്ടായില്ല.
നാഷണൽ ഹൈവേയിലെ
ഹമ്പുകൾക്കിരുപുറത്തും
ശ്രദ്ധിക്കൂ എന്നടയാളപ്പെടുത്തിയ
വെളുത്ത വരകൾ പോലെ
ആ ചിരി
അല്പം തങ്ങി നിന്നു.

കാൽ നൂറ്റാണ്ട് കഴിഞ്ഞു.
മരിച്ചവർ മുളയ്ക്കാത്ത വിത്തുകളായി *
മണ്ണിനടിയിൽ കിടക്കുന്നു.

അവരുടെ ചില്ലകൾക്ക് പൂത്തുലയാൻ
എന്നു കരുതിയ വിള്ളലിൽ ചെവി വെച്ചാൽ
ഇരുട്ടിന്‍റെ ഭാഷ കേൾക്കാം.
ഭൂമിക്കടിയിലും ഏതോ നായ്ക്കൾ
ഓടി നടക്കുന്നു.
മുയലുകൾക്കുനേരെ
ഏതോ ഉന്നം വച്ച തോക്ക് **
നീളുന്നു.

എല്ലാവരും തോറ്റു ***
എന്ന കനത്ത കവിതയായിരുന്നു
അവന്‍റെ അവസാനത്തെ വാക്ക്.
അറം പറ്റിയ പോലെ
എല്ലാവരും ജയിച്ചു.
എല്ലാ പിന്നാമ്പുറങ്ങളിലും
മുട്ട തൊണ്ടുകൾ,
തകർന്ന പ്യൂപ്പകൾ,
പിളർന്ന വിത്തുകൾ,
ഉരിഞ്ഞിട്ട തൊലികൾ
തകർന്ന ഗർഭപാത്രങ്ങൾ
അവയിൽ നിന്ന്
ഊരിപ്പോന്ന ഒരു ജനത
ലിഫ്റ്റുകളിൽ, വിമാനങ്ങളിൽ, എസ്കലേറ്ററുകളിൽ,
ഓട്ടോറിക്ഷകളിൽ
ചിതറിപ്പോയ
എല്ലാവർക്കും വേണ്ടി
ഒരാൾ തോറ്റു കനം വെച്ചു
ഒരമ്മ.

p.n gopikrishnan, malayalam ,poet , subrahmanyadas, naxal

മരിച്ചവരല്ല
ജീവിച്ചിരിക്കുന്നവരാണ്
ഫോസിലുകൾ.
അവരെ പരിശോധിച്ചാലാണ്
തോൽവികളുടെ ആഴമറിയുക
സങ്കടങ്ങളൂടെ വിസ്താരമറിയുക.
അതിജീവനത്തിന്‍റെ ചരിത്രമറിയുക.

ഒരറ്റം മണ്ണുമൂടിയ
പൊക്കിൾക്കൊടിയുടെ മറ്റേ അറ്റത്ത്
ആ അമ്മ
പശുവിനെപ്പോലെ
വട്ടം ചുറ്റുന്നു.
ഒരു ചെറിയ ഭൂമിയുണ്ടാക്കുന്നു.

ആ പുതിയ ഭൂമിയിൽ
കിഴവനും കടലും ****
വിഡ്ഡിത്തത്തിന്‍റെ മഹനീയമായ
ഒരു കൊടുമുടി.

എന്‍റെ സത്യാന്വേഷണ പരീക്ഷകൾ *****
ഒരാഴ്ച്ചക്കുള്ള പാഠപുസ്തകം.

അവിടെ അവർക്ക്
ഗോർക്കിയുടെ:ബ്രെഹ്റ്റിന്‍റെ
പുഡോഫ്ക്കിന്‍റെ,
ഓരോ വെടിയുണ്ടയും തറയ്ക്കുന്നത്
ഓരോ അമ്മമാരുടെ മാറിലാൺ
എന്ന് യുദ്ധത്തെക്കുറിച്ചെഴുതിയ
കുറിലോവിന്‍റെ ******
അമ്മമാരേക്കാൾ വലിപ്പം.

വലിയ വലിയ കണ്ടുപിടുത്തങ്ങൾ
ഇടിച്ചു പരത്തിയ ഭൂമിയെ,
തിരിച്ചു കുന്നു കൂട്ടാൻ
അവിടെ
അവരുടെ ചെറിയ
പാദങ്ങൾ വേണം.

അതെ
കാൽ നൂറ്റാണ്ട് കഴിഞ്ഞിട്ടും
ഈ അമ്മയുടെ ചിരി തന്നെ വേണം
ശ്രദ്ധിയ്ക്കൂ എന്ന്
വീതിയും വേഗവും വളരെക്കൂടിയ പാതയുടെ
ചതിയ്ക്കിരു പുറവും
വെളുത്ത വരകൾ വരയ്ക്കാൻ

നിലം നോക്കി
ഒറ്റയടി വെച്ചു നടക്കുന്ന
വാതം പിടിച്ച അമ്മമാർ
ഏതു സാമൂഹ്യചരിത്രത്തേക്കാളും
ഒരടി മുന്നിലാണിപ്പോഴും
എന്നു പറഞ്ഞു തരാൻ.

അവർ കണ്ണു മുകളിലേയ്ക്കുയർത്തിയാൽ
ഓസോൺ പാളി
തകർന്ന് തരിപ്പണമാകും,
ഒരു തുള്ളിക്കണ്ണീർ നിലത്തു വീഴ്ത്തിയാൽ
മുല്ലപ്പെരിയാർ ഡാം പൊട്ടി
നില്ക്കുന്നിടം മുങ്ങിപ്പോകും,
എന്നു ഞങ്ങൾ
പേടിച്ചു.

ഒന്നുമുണ്ടായില്ല.
മകൻ വീട്ടിലേക്ക് വരാതായതിൽ പിന്നെ
കുളിച്ച ശേഷം,രാസ്നാദി ഇടാറില്ല
എന്നു മാത്രം പറഞ്ഞു.

കൈലേസ് വേണ്ടി വന്നില്ല,
ആ വാക്കുകൾ മതിയായിരുന്നു
ഞങ്ങളുടെ നെറ്റിയിലെ,
ഉള്ളം കൈയ്യിലെ വിയർപ്പ്
തുടച്ചെടുക്കാൻ.

 

1982 ൽ ആത്മഹത്യ ചെയ്ത വിപ്ലവ പ്രസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്ന സുബ്രമണ്യദാസിന്‍റെ അമ്മയ്ക്ക്

ആ വീട്ടിലേക്ക് എന്നെ കൊണ്ടുപോയ സി.എസ്.വെങ്കിടേശ്വരന്‍,ഡോ:ബ്രഹ്മപുത്രൻ, അസ്ലം,ടി.ആർ.രമേശ് എന്നീ സുഹൃത്തുക്കൾക്ക്

*ടി എസ് എലിയറ്റിനെ ഉപജീവിച്ചത്

** മുയൽ വേട്ട.എൻ എസ്സ് മാധവൻ

*** കേരളീയർ തോറ്റ ജനതയാൺ എന്നായിരുന്നു സുബ്രമണ്യ ദാസിന്‍റെ ആത്മഹത്യാകുറിപ്പ്.

**** ഹെമിംഗ് വേ

***** എം കെ ഗാന്ധി

******റഷ്യൻ കവി

2011 ൽ മാതൃഭൂമി ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ച കവിതയുടെ പുനഃപ്രസിദ്ധീകരണം

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ