/indian-express-malayalam/media/media_files/uploads/2018/01/mp-rajesh-1.jpg)
കുട്ടിക്കാലത്ത് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ബാലവേദികളില്‍ നിന്നുമൊക്കെയാണ് ഹിരോഷിമ, നാഗസാക്കി, സുഡോക്കോ കൊക്കുകള്‍ എന്നൊക്കെ കേള്‍ക്കുന്നത്. സ്കൂളില്‍ ക്വിസിനു തയ്യാറെടുക്കുമ്പോഴാണ് ജാപ്പനീസ് എഴുത്തുകാരുടെ ഈണമുള്ള പേരുകള്‍ മുന്നിലെത്തിയത്. ജില്ലാതലത്തില്‍ നടന്ന ഒരു ക്വിസിന്റെ ടൈബ്രേക്കറില്‍ ഏതു എഴുത്തുകാരന്റെ പേരിനാണ് 'ശാന്തമായ നദീതീരം' എന്ന് അര്‍ത്ഥം വരുന്നത് എന്ന ചോദ്യം എതിരാളിയെ കുഴക്കി. കവബാത്ത യാസുനാരി എന്നതായിരുന്നു ഉത്തരം.
മെഡിക്കല്‍ കോളജിലെത്തിയപ്പോള്‍ വൈകുന്നേരത്തെ കോളജ് ബസില്‍ മാനാഞ്ചിറ വരെ ചെല്ലാം. പുതിയ പബ്ലിക് ലൈബ്രറിയുടെ താഴെ പിന്‍വശത്തായിരുന്നു അന്ന് ഡിസി ബുക്സ്. രാജസ്ഥാനില്‍ നിന്നുമൊക്കെയുള്ള ചിത്രത്തുണികള്‍ വില്‍ക്കുന്ന കടകളുടെ വരാന്തയിലൂടെ ഊളിയിട്ടു വേണം പുറകില്‍ ചെല്ലാന്‍. കവബാത്തയുടേയും മിഷിമയുടേയും മറ്റും രചനകള്‍ ഇംഗ്ലീഷിൽ കാണുന്നത് അവിടെ വച്ചാണ്; അതുപോലെ ഹൈക്കു സമാഹാരങ്ങളും. ബാഷോയുടെ ഹൈക്കുകളാണ് ആദ്യം വാങ്ങിയതെന്നാണ് ഓര്‍മ്മ; കവബാത്തയുടേതായ ആദ്യ പുസ്തകം'ഹൗസ് ഓഫ് ദ സ്ലീപിങ് ബ്യൂട്ടീസ്'.
കവബാത്തയുടെ ഒരു മനോഹര രചനയാണ് പോയ വര്‍ഷത്തെ എന്റെ അവസാന വായന.
'ഇകുത നദിക്കരയില്‍ നിറയെ ജമന്തിപ്പൂക്കളാണ്. ആ സ്ഥലത്തിന്റെ സ്വഭാവം അന്വര്‍ത്ഥമാക്കുന്നവയാണ് അവ; ജമന്തികള്‍ പൂക്കുന്ന അതേ വസന്തകാലം പോലെത്തന്നെയാണ് ഇകുത നഗരവും. മുപ്പത്തയ്യായിരം നിവാസികളില്‍ മുന്നൂറ്റിത്തൊണ്ണൂറ്റിനാലുപേര്‍ എണ്‍പതു കഴിഞ്ഞവരാണ്' എന്നു തുടങ്ങുന്നു കവബാത്ത യാസുനാരിയുടെ 'ഡാന്‍ഡിലയണ്‍സ്' എന്ന ആ നോവല്‍. അരനൂറ്റാണ്ടു മുന്‍പ് ഷിന്‍ചോ വാരികയില്‍ ഖണ്ഡ:ശ പ്രസിദ്ധീകരിക്കുന്നതിനിടെ പൊടുന്നനെ നിര്‍ത്തലാക്കുകയും 1972 ല്‍ എഴുത്തുകാരന്‍ ആത്മഹത്യ ചെയ്യുന്നതിനുമുന്‍പ് എഴുതി മുഴുമിപ്പിക്കാതെ പോയതുമായ പുസ്തകം.
സൊമഗ്നോസിയ എന്ന രോഗം ബാധിച്ച ഇനെകോയെ കാമുകന്‍ കുനോയും അവളുടെ അമ്മയും ചേര്‍ന്ന് ഇകുതയിലുള്ള ക്ലിനിക്കിൽ (മെന്റല്‍ അസൈലം) പ്രവേശിപ്പിച്ച് മടങ്ങുകയാണ്. തലച്ചോറിലുള്ള കുഴപ്പം കൊണ്ട് വസ്തുക്കളേയോ ആളുകളേയോ ശബ്ദത്തെയോ മണത്തെയോ ഒക്കെ മനസ്സിലാക്കാന്‍ പറ്റാത്ത അവസ്ഥാവിശേഷമാണ് അഗ്നോസിയ; സ്ട്രോക്ക്, തലയ്ക്കേറ്റ ക്ഷതം തുടങ്ങി ഒട്ടനവധി കാരണങ്ങളുണ്ടതിന്. ഒളിവർ സാക്സിന്റെ വിഷ്വൽ അഗ്നോസിയയെക്കുറിച്ചുള്ള പ്രശസ്തമായ പുസ്‌തകം ഓർമ്മയില്ലേ? എന്നാല്‍ ഇതിലുള്ള സൊമഗ്നോസിയ സാങ്കൽപ്പികമാണ്. ഇനെകോയും കുനോയും വിവാഹിതരാവാന്‍ ഇരിക്കവേ അവള്‍ക്ക് അവന്റെ ശരീരം കാണാന്‍ പറ്റാതെയാവുന്നതാണ് രോഗ ലക്ഷണം. മുന്‍പൊരിക്കല്‍, സ്കൂളില്‍ പിങ് പോങ് ഗെയിമിനിടെ പന്ത് കാണാന്‍ പറ്റാതാവുന്നതും അക്കാരണത്താല്‍ ആയിരുന്നിരിക്കണം.
ക്ലിനിക്കില്‍ നിന്നു തിരിച്ചുള്ള നടത്തത്തിനിടെയും അന്നു രാത്രി തങ്ങിയ സത്രത്തില്‍ വച്ചും ഉള്ള അവരുടെ സംഭാഷണങ്ങളിലൂടെയാണ് കഥയുടെ സഞ്ചാരം. അസൈലത്തില്‍ കണ്ട കാഴ്ചകളിലൊന്നില്‍ വൃദ്ധനായ ഒരു ചിത്രമെഴുത്തുകാരനുണ്ട്, അമ്മ കാണുന്നതും കുനോ കാണാതിരുന്നതുമായ , കണ്ണീരൊലിപ്പിക്കുന്ന, ഒരു വലിയ മരമുണ്ട്, മുഴക്കുന്ന ആളെ ശബ്ദം കൊണ്ട് തിരിച്ചറിയാനാവുമെന്നു പറയപ്പെടുന്ന വലിയ ലോഹമണിയുടെ നാദവുമുണ്ട്. നിഷിയാമയെന്നു പേരുള്ള വൃദ്ധനായ അന്തേവാസി കറുപ്പിലും വെളുപ്പിലുമായി എന്നും ഒരേ കാര്യമാണ് വരയ്ക്കുക; 'ബുദ്ധന്റെ ലോകത്ത് പ്രവേശിക്കുന്നത് എളുപ്പമാണ് എന്നാല്‍ ചെകുത്താന്റെ ലോകത്തു കടന്നുകൂടല്‍ പ്രയാസമേറിയതും' എന്നാണത്. നോബല്‍ സ്വീകരണ പ്രസംഗത്തില്‍ കവബാത്ത പരാമര്‍ശിച്ചിട്ടുള്ളതും വിശദീകരിച്ചതുമായ പ്രസ്താവന കൂടിയാണത്.
ഇടയ്ക്ക് കടന്നു വരുന്ന ചിതറിയ ഓര്‍മ്മകളില്‍ മാത്രമേ ഇനെകോയുള്ളൂ. അതില്‍ അവളുടെ കുട്ടിക്കാലവും സൈന്യത്തില്‍ ലെഫ്റ്റനന്റ് കേണലായിരുന്ന അച്ഛന്‍ കിസാകിയുടെ ദുരന്തജീവിതവുമാണ്. യുദ്ധത്തില്‍ ഒരു കാല്‍ നഷ്ടപ്പെട്ട്, ആത്മഹത്യ ചെയ്യാന്‍ കാടു കയറി തിരിച്ചുവന്ന്, പിന്നീട് പൊയ്‌ക്കാലുമായി സൈനിക സേവനം തുടര്‍ന്നയാളാണ് കിസാകി. കുട്ടിയായ ഇനെകോയൊത്ത് ഒരിക്കല്‍ രണ്ടു കുതിരകളിലായി സവാരി നടത്തവേ കുന്നിനു മുകളിലുള്ള പാറക്കെട്ടില്‍ നിന്നും കടലില്‍ വീണ് അയാള്‍ മരണം വരിക്കുന്നു. അത് ഇനെകോയിലുണ്ടാക്കിയ ആഘാതമായിരിക്കാം സൊമഗ്നോസിയയ്ക്കു കാരണമായതെന്നാണ് അമ്മ പറയുന്നത്. അന്ന് പൊയ്ക്കാല്‍ വേര്‍പെട്ട് അച്ഛനും കുതിരയും മൂക്കുകുത്തി താഴേക്ക് പതിക്കവേ പെട്ടെന്ന്കാണാതെയായി എന്നാണ് ഇനെകോ ഓര്‍ത്തെടുക്കുക.
രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാന്റെ പതനം അവിടുത്തെ ജനതയ്ക്ക് താങ്ങാവുന്നതോ താദാത്മ്യം പ്രാപിക്കാവുന്നതോ ആയിരുന്നില്ല. ഒട്ടനവധി ഉന്നത സൈനികോദ്യോഗസ്ഥര്‍ ആത്മഹത്യ ചെയ്തിരുന്നു. വിഷാദവും കുറ്റബോധവും (Guilt of War) കലാകാരന്മാരെയും എഴുത്തുകാരെയുമടക്കം ഹരാകിരിയിലേക്കു നയിച്ചു. സുഹൃത്തായ മിഷിമയും അകുതഗാവയുമൊക്കെ ജീവനൊടുക്കിയതില്‍ സ്വതവേ അന്തര്‍മുഖനായ കവബാത്തയും ഖിന്നനായിരുന്നു; നോബല്‍ പ്രസംഗത്തിലും പിന്നീടെഴുതിയ ലേഖനങ്ങളിലുമെല്ലാം ആത്മഹത്യയുടെ സൂചനകള്‍ അദ്ദേഹം നല്‍കിയിരുന്നു.
എഴുതിയവയെല്ലാം പല വാരികകളില്‍ പല സമയത്തായി പ്രസിദ്ധീകരണത്തിനു നല്‍കി, പിന്നീട് അവ അടുക്കിയും, തേച്ചു മിനുക്കിയും മാറ്റിയെഴുതിയുമൊക്കെയാണ് കവബാത്ത പുസ്തകമാക്കുക. 'സ്നോ കണ്‍ട്രി'യെന്ന പ്രഖ്യാത നോവല്‍ 1935 മുതല്‍ ഏഴു ലക്കങ്ങളായി, അഞ്ചു വാരികകളില്‍, രണ്ടര വര്‍ഷം കൊണ്ട്, ഖണ്ഡ:ശ പ്രസിദ്ധീകരിച്ചതാണ്. 1948ല്‍ ചിലകൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി നോവല്‍ വിപുലീകരിച്ചെങ്കിലും മരണം വരെ, നാലു തവണ കൂടി അദ്ദേഹം അത് റിവൈസ് ചെയ്യുകയുണ്ടായി. എന്നിട്ടും, മരണ ശേഷം, അദ്ദേഹത്തിന്റെ മേശയ്ക്കടുത്തു നിന്ന്‍, കലിഗ്രഫി ചെയ്ത പുതിയൊരു കൈയെഴുത്തു പ്രതി കണ്ടെടുക്കുകയുണ്ടായിട്ടുണ്ട്!
കവബാത്തയുടെ എഴുത്തിന്റെ സ്വഭാവം അങ്ങനെയാണ്. തുടക്കമോ ഒടുക്കമോ വായനക്കാരന്‍ മനസ്സിലാക്കുന്നവയാവണമെന്നില്ല എഴുത്തുകാരന്‍ വിഭാവനം ചെയ്തിട്ടുണ്ടാവുക. ഇകുത ക്ലിനിക്ക് മരണമാവാം. സെമിത്തേരിയില്‍ വിരിഞ്ഞു നില്‍ക്കുന്ന കാട്ടുപൂക്കളാവാം ജമന്തികള്‍. കോക്യുവിന്റെ തന്ത്രികളില്‍ വായിക്കുന്ന ഒരു വിലാപ കാവ്യമായിരിക്കാം ഓര്‍മ്മകള്‍. ഒരു ഹൈക്കു പോലെ തുറന്നിരിക്കുന്നതാണ് ഡാന്‍ഡിലയണ്‍സ് എന്ന കൊച്ചു നോവല്‍. ഇപ്പോള്‍ ആഘോഷിക്കപ്പെടുന്ന മീഡിയോക്കര്‍ ജാപ്പനീസ് എഴുത്തുകാരെക്കാള്‍ എത്ര ഔന്നത്യത്തിലാണ് കാവബാത്തയുടെ സ്ഥാനമെന്ന് പ്രഖ്യാപിക്കുന്ന രചന!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.