പൂച്ചാലി ഗോപാലനെപ്പറ്റി അധികമാരും എഴുതിയിട്ടില്ല – കെ.ആർ മീര ഒരു ലേഖനം പ്രസിദ്ധീകരിച്ചതല്ലാതെ. എന്നാൽ അദ്ദേഹം ജനിച്ച കണ്ണൂരിലെ കൂടാളി ഗ്രാമക്കാർക്ക് അദ്ദേഹത്തെപ്പറ്റി ഏറെ കഥകൾ പറയാനുണ്ട്. തന്നെ സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡന്റാക്കിയതിനെ പരിഹസിച്ചവരോട് അദ്ദേഹം പറഞ്ഞുവത്രേ: “എഴുത്തൊന്നും എനിക്ക് മനസ്സിലാവില്ല; പക്ഷേ, എഴുത്തിന്‍റെ രാഷ്ട്രീയം മനസ്സിലാവും.”
നാട്ടുകാരുടെ പ്രിയപ്പെട്ട ഗോപാലേട്ടനെപ്പറ്റി സംസാരിക്കുന്നതിനിടയിൽ, ഒരു ചുവപ്പിൽ നിന്ന് മറ്റൊരു ചുവപ്പിലേക്ക് എളുപ്പം പകർന്നാടുന്ന, പാർട്ടി പ്രവർത്തകനും തെയ്യം കലാകാരനുമായ ഉണ്ണികൃഷ്ണൻ അദ്ദേഹത്തെപ്പറ്റി പ്രത്യക്ഷത്തിൽ ബന്ധമില്ലെന്നു തോന്നിക്കുന്ന ഒരു വാചകം കൂടി പറഞ്ഞു: “പാമ്പിൻ വിഷം ഇറക്കാൻ പോലും സഖാവിനു കഴിയുമായിരുന്നു.”

പാമ്പിൻ വിഷം!

ആ വാക്ക് എന്നെ മറ്റൊരാളിലേക്ക് കൊണ്ടെത്തിച്ചു – ഫെലീസിയാനോ അമ എന്ന പിപിയ് വർഗ്ഗക്കാരനിൽ. എൽസാൽവദോറിലെ ഐതിഹാസികമായ കർഷകസമരത്തിലെ നേതാവായിരുന്നു ഫെലീസിയാനോ അമ. സമരത്തിൽ പങ്കെടുത്തവരിൽ ഭൂരിഭാഗം പേരും പിപിയ് ഇന്ത്യൻ വർഗ്ഗക്കാരായിരുന്നു. സമരത്തിൽ പരാജയപ്പെട്ട് ഇതാൽകോ മലകളിൽ ഒളിച്ചു താമസിച്ച അമയെപ്പറ്റി കഥകൾ പ്രചരിച്ചു. അതിലൊന്ന് സർപ്പദേവതയായ ലാ സെർപിയെന്തേ അദ്ദേഹത്തിന് വശഗയായിരുന്നു എന്നതായിരുന്നു. പാമ്പുകടിയേറ്റ പലരെയും അമ രക്ഷിച്ചത് ഇതുകൊണ്ടായിരുന്നത്രേ.

Horacio Castellanos Moya, dance with snakes, jayakrishnan,

ഈ കഥ എൽസാൽവദോറിലെ പ്രമുഖ എഴുത്തുകാരനായ ഒറാസിയോ കാസ്റ്റെയാനോഷ് മോജയെ (Horacio Castellanos Moya) സ്വാധിനച്ചിരിക്കാം. അദ്ദേഹത്തിന്‍റെ Dance with Snakes (1996) എന്ന നോവൽ വായിക്കുമ്പോൾ നമുക്കങ്ങനെ തോന്നും.

സാൻ സാൽവദോർ നഗരത്തിൽ, തൊഴിൽ രഹിതനായ എദ്വാർദോ സോസ എന്ന ചെറുപ്പക്കാരൻ ഒരു പഴകിയ, മഞ്ഞ ഷെവർലെ കാർ കണ്ടെത്തുന്നു. അതിൽ താമസിക്കുന്ന വിചിത്രസ്വഭാവിയായ ഹാസിന്തോ ബുസ്തിയോയുമായി അയാൾ സൗഹൃദം സ്ഥാപിക്കുന്നു. അന്നു രാത്രി ഹാസിന്തോയെ കൊന്ന് അയാളാ കാർ തട്ടിയെടുക്കുന്നു. അപ്പോഴാണ് അയാൾ അറിയുന്നത്, കാറിൽ നാല് പെൺവിഷസർപ്പങ്ങളും താമസിക്കുന്നുണ്ടെന്ന്! സർപ്പങ്ങൾ അയാളോട് ഡോൺ ഹാസിന്തോയുടെ ജീവിതകഥ പറയുന്നു. ഹാസിന്തോയെ ഉപേക്ഷിച്ച ഭാര്യയോടും അതിനു കാരണക്കാരനായ, അയാളുടെ കൊല്ലപ്പെട്ട കാമുകിയുടെ ഭർത്താവിനോടും പകരം വീട്ടാൻ അവർ തീരുമാനിക്കുന്നു.

തുടർന്ന് സാൻ സാൽവദോർ നഗരം സർപ്പഭീതിയിൽ മുങ്ങിത്താഴുകയാണ്. വെള്ളം കുടിക്കാൻ ഒരു ഷോപ്പിംഗ് മാളിൽ കയറുന്നതിനിടയിൽ എദ്വാർദോ സോസ കാറിന്റെ വാതിലടക്കാൻ മറന്നു പോയി പുറത്തുചാടിയ സർപ്പങ്ങൾ മാളിലുള്ളവരെ കടിച്ചു കൊല്ലുന്നു. അവിടെ നിന്ന് ഹാസിന്തോയുടെ വീട്ടിലെത്തിയ സോസയും സർപ്പങ്ങളും അവിടെയുള്ളവരെയും തുടർന്ന് ഹാസിന്തോയുടെ കാമുകിയുടെ ഭർത്താവിനെയും കൊല്ലന്നു. ഇതിനിടയിൽ ഒരു ഗ്യാസ് സ്റ്റേഷനിലെത്തുന്ന സോസ അവിടെയുള്ള ഒരുവനുമായി വഴക്കുണ്ടാക്കി. സർപ്പങ്ങൾ അവിടെയുള്ളവരെയും കൊല്ലുന്നു. ബഹളത്തിനിടയിൽ ഗ്യാസ് സ്റ്റേഷൻ കത്തി നശിക്കുന്നു.

Horacio Castellanos Moya, dance with snakes, jayakrishnan,

നഗരത്തിൽ ഭയം നിറയുന്നു. അഭ്യൂഹങ്ങൾ പരക്കുന്നു. ശത്രുരാജ്യത്തിന്റെ ഇടപെടലാണെന്നും അല്ല ലഹരിമരുന്നുമാഫിയയാണ് ഇതിനു പിന്നിലെന്നുമെല്ലാം കഥകൾ പ്രചരിക്കുകയാണ്. പ്രസിഡന്റ് പോലും സർപ്പങ്ങളെ ഭയന്ന് കൊട്ടാരം വിട്ട് ഒളിച്ചോടുന്നു.
അക്രമത്തെപ്പറ്റി പോലീസ് നടത്തുന്ന അന്വേഷണവും പത്രങ്ങൾ വാർത്ത കിട്ടുന്നതിനു വേണ്ടി പരക്കം പായുന്നതുമാണ് അടുത്ത അധ്യായങ്ങളിൽ. പലപ്പോഴും എൽസാൽവദോറിലല്ല നമ്മുടെ നാട്ടിലാണ് ഇതൊക്കെ നടക്കുന്നതെന്ന് നമുക്ക് തോന്നിപ്പോകും.

Horacio Castellanos Moya,dance with snakes, jayakrishnan

നോവലിന്റെ അവസാനത്തെ അധ്യായമാണ് ഏറ്റവും ഭ്രമാത്മകം. രക്ഷപ്പെടാൻ വേണ്ടി പഴയ വാഹനങ്ങൾ പൊളിക്കുന്ന ഒരിടത്ത് അഭയം തേടുന്ന സോസ സർപ്പങ്ങളുടെ കൂടെ മദ്യപിക്കുന്നു; നൃത്തം ചെയ്യുന്നു. സർപ്പങ്ങളുമായി ഇണചേരുന്നു. ആഭിചാരത്തെയോ ദുർമ്മന്ത്രവാദത്തെയോ അനുസ്മരിപ്പിക്കുന്ന അന്തരീക്ഷം. ഈ അധ്യായം രചിക്കുന്നതിൽ മോയ്ജ കാണിച്ചിരിക്കുന്ന പാടവം മാർക്കേസിനെപ്പോലും അതിശയിപ്പിക്കുന്നതാണ്.
എകാന്തതയുടെ നൂറു വർഷങ്ങളിലും അസ്തൂര്യാസിന്റെ നോവലുകളിലും മാജിക് റിയലിസം പ്രത്യക്ഷപ്പെടുന്നത് പലപ്പോഴും നാട്ടിൻപുറങ്ങളിലും വനങ്ങളിലും മറ്റുമാണ്.

Horacio Castellanos Moya,jayakrishnan, dance with snakes,

അന്ധവിശ്വാസങ്ങളും മിത്തുകളും അതിന് സഹായകമാകുന്നു എന്നാൽ ഒറാസിയോ മോജയാകട്ടെ മാന്ത്രികത്വം സൃഷ്ടിക്കുന്നത് രാത്രിയിലും വെളിച്ചത്തിൽ കുളിച്ചു കിടക്കുന്ന ഒരു ആധുനിക നഗരത്തിലാണ്. എന്നാലോ അവിശ്വസനീയത എന്നൊന്ന് നമുക്ക് അനുഭവപ്പെടുന്നേയില്ല. അവിടെ അങ്ങനെയൊക്കെയേ നടക്കൂ എന്ന് നമുക്ക് തോന്നിപ്പോകും.
കേവലം നൂറ്റൻപത് പുറങ്ങൾ മാത്രമുള്ള, ലളിതമായ ഭാഷയിൽ എഴുതിയിട്ടുള്ള ഈ പുസ്തകം വായിക്കുന്നത് സാഹിത്യത്തെപ്പറ്റിയുള്ള നമ്മുടെ ഇതുവരെയുള്ള ധാരണകൾ തിരുത്താൻ തന്നെ സഹായകമായേക്കും; ഒരു പക്ഷേ. ഒറാസിയോ മോജയിൽനിന്ന് ഫെലീസിയാനോ അമയിൽ കൂടി സഖാവ് ഗോപാലനിൽ ചെന്നെത്തുന്ന ഏതൊക്കെയോ കണ്ണികളുണ്ട്. അതിലൊന്ന് എഴുത്തിലെ, കഥകളിലെ രാഷ്ട്രീയം തന്നെയാണെന്ന് തീർച്ച.


ഈ ലേഖനത്തിനായി വരച്ച​ ചിത്രങ്ങളുടെ പ്രചോദനം റുഫിനോ തമായോ എന്ന മെക്സിക്കൻ ചിത്രകാരനാണ്

Get Malayalam News and latest news update from India and around the world. Stay updated with today's latest Literature news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ