ദേഹമാസകലം നീലിച്ചു കിടന്ന
അവളെ
കണ്ടെടുത്തത്
ഭർത്താവാണ്.
മഴപ്പൊത്തിൽ നിന്നൂർന്നിറങ്ങി വന്ന പോലെ
അവളുടെ
രോമകൂപങ്ങളാകെ ചുവന്നു നനഞ്ഞിരുന്നു.
ഇതേതു തരം പാമ്പെന്ന്
സന്ദേഹിക്കുകയും
പാമ്പുകൾക്ക് പ്രവേശനം നിഷേധിക്കും വിധം
വൃത്തി
തന്റെ ജീവിത പരിസരത്തിനുണ്ടായിരുന്നുവെന്ന്
വിളിച്ചുകൂട്ടിയവരോട് അയാൾ പറയുകയും ചെയ്തു.
മുറിപ്പാട് കണ്ടെത്താൻ
ദൂരെ നിന്നും കൊണ്ടുവന്ന
വിഷഹാരിക്കു കഴിഞ്ഞില്ല
മലർത്തിയും കമഴ്ത്തിയും
ചായ്ച്ചും ചെരിച്ചുമുള്ള
വിചാരണകൾക്കൊടുവിൽ
അതല്ല, അതാവില്ലയെന്ന്
വിളിച്ചു പറയുകയും
ജനക്കൂട്ടം തലയാട്ടി സമ്മതിക്കുകയും
ചെയ്തു.
ഒടുവിൽ
നെഞ്ചിൽ പറ്റിച്ചേർന്നതാലിയുടെ
മറവിൽ
രണ്ടു നേർത്ത കുത്തുകൾ
അവളുടെ
കൂട്ടുകാരൻ കണ്ടെത്തിയെങ്കിലും
അത് സ്നേഹനിരാസത്തിന്റെ മുറിപ്പാടുകളെന്ന
സത്യവാങ്മൂലം
മൂത്ത പെൺകുഞ്ഞിന്റെ കണ്ണിൽ തിരുകി
തിരിഞ്ഞു നടക്കുകയാണുണ്ടായത്.deepa mathew ,poem
അവളുടെ പാതിയടഞ്ഞ കണ്ണുകൾ
അവനെ നോക്കി
എന്റെ സ്നേഹം എന്റെ സ്നേഹം
എന്നു വെമ്പൽ കൂട്ടി
നീയേ നീയേ എന്നാർത്ത്
ചേർത്തുപിടിച്ച കൈകൾ
വിട്ടകലുന്നതിന്റെ കെറുവ്
അവളുടെ കട വായിലൂടെ ഒലിച്ചിറങ്ങി.
തിരികെ ഓടി വന്നവൻ
പന്നലില കൊണ്ട്
അച്ചു കുത്തിയ കൈകളിൽ
തന്നെ കോരിയെടുത്ത്
നെറ്റിയിൽ തെരുതെരെ
ഉമ്മ വെക്കുന്നതോർത്തവൾ
കിടന്നപ്പോൾ
വിഷം തീണ്ടിയതല്ലേ
വച്ചിരിക്കേണ്ടതില്ല
എന്ന
അയാളുടെ ഓർമ്മപ്പെടുത്തൽ
അവൾ കേട്ടതേയില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook