എന്റെ വകയിലൊരമ്മാവൻ
നാട്ടിലെ പ്രമുഖ ഭ്രാന്തനായിരുന്നു
കാലിലൊരു കെട്ടും
കയ്യിൽ ചുരുട്ടിപ്പിടിച്ച
കടലാസുകളുമായി
തെക്കുവടക്ക് നടന്നു ‘
അന്ന് നാട്ടിൽ ഭ്രാന്തന്മാർ
കുറവായിരുന്നു
വിരലിലെണ്ണാവുന്നവർ
രമണൻ വായിച്ച് പ്രാന്തായവർ
മടിശ്ശീലയിൽ തിരുകിയ
ബീഡി ശ്വാസം വിടാതെ വലിച്ച്
പ്രാന്തായവർ.
എന്റെ വകയിലൊരമ്മാവ-
നവരിൽ പ്രമുഖനായിരുന്നു
എന്തൊക്കയോ പെറുക്കി പെറുക്കി
പിശുക്കി പിശുക്കി പറഞ്ഞ്
തെക്കും വടക്കും നടന്ന്
അയാൾ ചിരിച്ചില്ല,
കുളിച്ചില്ല,
മുടി ജs കെട്ടി
കല്യാണം കഴിച്ചില്ല
കുട്ടികളുണ്ടായില്ല
(അന്നൊക്കെ കല്യാണം
കഴിച്ചാൽ മാറുന്ന പ്രാന്തുകളുണ്ടായിരുന്നു!)
ഞങ്ങളാരും അമ്മാവനെ
ശ്രദ്ധിക്കാനേ പോയില്ല
വീട്ടിൽ കയറ്റിയില്ല
വെള്ളം പോലും കൊടുത്തില്ല
പാവം അമ്മാവൻ
എന്തൊക്കയോ പിറുപിറുത്ത്
കാലിലൊരു കെട്ടും കെട്ടി
ആരോടും കോപിക്കാതെ
തെക്കുവടക്ക് നടന്നു
കുട്ടികളാൽ കൂവിയാർത്ത്,
അമ്മാവന്റെ ലോകത്ത് ഒറ്റയ്ക്ക്.

പൈത്യക്കാരുടെ ലോകത്ത്
അവർക്ക് മാത്രം കാണാവുന്ന
സ്വർഗവും നരകവും
ജിന്നുകളും ഹൂറികളും
തടാകങ്ങളും മരുഭുമികളും
മൗനം കൊണ്ട് തീർത്തൊരു
മഹാ സമുദ്രമുവുണ്ടെന്നും
” സൂക്ഷിച്ചു നോക്കു
അമ്മാവന്റെ തലയ്ക്ക് ചുറ്റും
നിറഞ്ഞ് കത്തുന്ന
പ്രഭാവലയമുണ്ടെ “ന്നും
പറഞ്ഞു തന്ന രാത്രിയിലാണ്
മച്ചിലെ കഴുക്കോലിൽ
കുഞ്ഞേടത്തി നൃത്തം ചെയ്തത്.
ദാവണിയിൽ
ഷാൾ ഉത്തോലകമാക്കി
ഒരു നിറഞ്ഞാട്ടം.
പൈത്യക്കാർ ചിരംജീവികളാണത്രേ .
ചീത്ര ഗുപ്തന്റെ കണക്കിൽ പോലും
അവരുടെ പേരുകളില്ല.
സംശയമുണ്ടെങ്കിൽ നോക്കൂ
മച്ചിൽ കുഞ്ഞേടത്തി
ഇപ്പോഴും
നൃത്തം തുടരുന്നുണ്ട്.
കവികൾ
കാമുകർ
പ്രവാചകർ
സൈദ്ധാന്തികർ
പുൽപ്പരപ്പിലൊളിഞ്ഞിരിക്കുന്ന
മുയൽക്കുരുന്നുകളെ പോലെ
ഒരേ സമയം
ഉന്മാദികളും
നിരാസക്തരുമായി.
ഭ്രാന്ത്
ബോധത്തിനും അബോധത്തിനുമിടയിൽ
ചിന്നിച്ചിതറുന്ന
ഉറുമ്പു വരികൾ.
കനിവിന്റെ മൃദു മർമ്മരം
ഹൃദയാരണ്യത്തിൽ
മദിച്ചിളകുന്ന
കാൽപ്പനികതയുടെ
തേനുറവ .
ദൈവത്തിന്റെ ധ്യാന കേന്ദ്രം
അമ്മാവനെ ഇപ്പോൾ നാട്ടുകാർ
ആരാധിക്കുന്നുമുണ്ട്.
ഭ്രാന്ത് ദൈവികതയുടെ
ലക്ഷണമാണ്.