1

ഹമ്പിയിൽ‍ ബസിറങ്ങുമ്പോൾ‍ ശനിയാഴ്ച രാവിലെയായിരുന്നു. രാവിലെ എന്ന് പറഞ്ഞാൽ‍ സാധാരണ ചായക്കടകൾ‍ ഒക്കെ തുറക്കുന്നത്ര, എന്നാൽ‍ അയാൾക്ക് ഏറ്റവും ആവശ്യമായ സാധനം കിട്ടുന്നിടമൊന്നും തുറക്കാത്തത്ര രാവിലെ. മൂന്നോ നാലോ മണിക്കൂർ‍ ഉറങ്ങാന്‍ കിട്ടിയേക്കും, എഴുന്നേറ്റാലുടന്‍ അയാൾ‍ പറഞ്ഞ സ്ഥലം കണ്ടുപിടിക്കണം, എന്നെല്ലാം ഉറപ്പിച്ച് തൊട്ടടുത്തുള്ള ഹോട്ടലിൽ‍ മുറിയെടുത്ത് ഉറങ്ങാന്‍ കിടന്നു റിച്ചാർഡ്.

ട്രാവൽ‍ മാഗസിനിലേക്കുള്ള ഫീച്ചർ‍ തയ്യാറാക്കാനാണ് റിച്ചാർഡ് അവിടെയെത്തിയത്. ‘സ്ഥിരമായി കാണുന്ന സ്ഥലമാണെങ്കിലും തന്റെ കണ്ണിലൂടെ കാണുന്ന കാഴ്ചയിൽ‍ അതിന്റെ‍ ഭംഗിയൊന്ന് വേറെ തന്നെയായിരിക്കും’ എന്ന് പറഞ്ഞ് തന്നെ ജോലിയേൽപ്പിച്ച എഡിറ്ററിന്റെ കൗശലത്തെ കുറിച്ചാണ് ഉറക്കത്തിലേക്ക് വീഴുമ്പോഴും അയാൾ‍ ഓർത്തത്. ഇനി മുതൽ‍ മാനേജ്മെന്റിന്റെ അനുവാദമില്ലാതെ പുറത്തൊരിടത്തും എഴുതരുത് എന്ന സർക്കുലർ‍ കീറി ചവറ്റുകുട്ടയിലിട്ട് അന്തസായി ഹരിയേട്ടന്‍ ഇറങ്ങിപ്പോയിട്ട് അധികമായിട്ടില്ല. പുറമേക്ക് കാണാനാവില്ലെങ്കിലും അതിന്റെ അനുരണനങ്ങൾ‍ എല്ലാവരുടെ മനസിലും പുകയുന്നുണ്ട് എന്ന് എഡിറ്റർക്ക് നന്നായി അറിയാം. വിദേശത്ത് നിന്ന് നേടിയ മാനേജ്മെന്റ് ബിരുദത്തേക്കാൾ‍ ആളുകളെ വ്യക്തമായി അളന്നെടുക്കാനുള്ളആ വിരുതാണ് അയാളെ എഡിറ്റർ‍ കസേരമേൽ‍ പിടിച്ചിരുത്തുന്നത് എന്ന് റിച്ചാർഡിന് പലപ്പോഴും തോന്നിയിട്ടുണ്ട്. വീണ്ടും ആരും പ്രശ്നം ഉണ്ടാക്കാതിരിക്കാനല്ലേ തിടുക്കപ്പെട്ട് ഈ അസൈന്മെെന്റും തന്ന് എന്നെ ദൂരേക്ക് പറഞ്ഞു വിടുന്നതെന്ന ചോദ്യത്തിന് എഡിറ്റർ‍ ഒരു ചിരിയാണ് മറുപടിയായി തന്നത്.

എന്നെ ഇവിടെനിന്ന് ദൂരേക്ക് വിട്ടാലൊന്നും ഇത് കെട്ടടങ്ങാന്‍ പോകുന്നില്ല എന്ന് എഡിറ്ററോട് പറഞ്ഞ് ഓഫീസിൽ‍ നിന്നും ഇറങ്ങിയെങ്കിലും അസൈന്മെന്റ് ഉപേക്ഷിക്കാന്‍ റിച്ചാർഡ് ഒരുക്കമായിരുന്നില്ല. തന്റെ കാഴ്ചയുടെ ഭംഗിയെന്തെന്ന് തെളിയിക്കുന്ന ഒറ്റ ഫീച്ചർ‍ കൂടി ചെയ്ത ശേഷം, തന്റെ പിരിഞ്ഞുപോകൽ‍ എത്ര വലിയ നഷ്ടമാകും എന്ന് അവരെ ബോധ്യപ്പെടുത്തിയ ശേഷം ഹരിയേട്ടന്റെ പാതയിൽ‍ ഇറങ്ങാം എന്നായിരുന്നു അയാളുടെ മനസിൽ‍.

ക്യാമറയും ലെന്സുകളും അടങ്ങുന്ന ബാഗിൽ‍ രണ്ട് ദിവസത്തേക്കുള്ള വസ്ത്രങ്ങളും എടുത്താണ് അയാൾ‍ യാത്ര തുടങ്ങിയത്. പക്ഷേ യാത്ര തുടങ്ങും മുൻപ് തന്നെ ഒരു ചെറിയ പ്രശ്നം പരിഹരിക്കേണ്ടതായി വന്നു അയാൾക്ക്. ഓഫീസിൽ‍ നിന്നിറങ്ങി കെഎസ്ആർ‍ടിസിയുടെ വോൾ‍വോയിലാണ് വീട്ടിലേക്ക് പോയത്. ഒരു വളവ് വീശിയെടുക്കുന്നതിനിടെ ബസിനെതിരെ ചെറിയൊരു വണ്ടി നിര തെറ്റി വന്നു. അപകടമൊഴിവാക്കാനായി ഡ്രൈവർ‍ ഇടത്തേക്ക് സ്റ്റിയറിംഗ് ആഞ്ഞു തിരിച്ചതും വണ്ടി ആകെയൊന്നു കുലുങ്ങി. ഇരിക്കുന്നയാളുടെ ചന്തി വേദനിക്കും വിധം പ്രത്യേകം തയ്യാറാക്കിയ ഇരുപ്പിടത്തിൽ‍ നിന്നും അയാൾ‍ വേച്ച് മുന്നോട്ട് പോയി. കമ്പിയിൽ‍ തലയിടിച്ചതും അയാൾ‍ ആകെയൊന്ന് ഉലഞ്ഞു. ഷർട്ടിന്റെ നെക്കിൽ‍ കുരുക്കിയിട്ടിരുന്ന അയാളുടെ കണ്ണട, കുറച്ചകലെ നിന്നിരുന്ന ഒരാളുടെ കാലടിയിലേക്ക് തെറിച്ചു വീണു. കണ്ണട എടുക്കാനായി ശ്രമിച്ചെങ്കിലും അതിനു മുന്പേ പിറകോട്ടു വേച്ച ആ യാത്രക്കാരന്റെ ചവിട്ടിൽ‍ കണ്ണട ഉടഞ്ഞു

civic john, story ,iemalayalam
ഉടഞ്ഞ കണ്ണടക്ക് പകരം ഒന്ന് മാറ്റിവാങ്ങാനായി റിച്ചാർഡ് ഷോറൂമിൽ‍ പോയിരുന്നു. പക്ഷേ അതേ പവർ‍ ഉള്ള കണ്ണട ഉടനെ കിട്ടില്ലെന്നും രണ്ട് ദിവസത്തിന് ശേഷം വരാനുമായിരുന്നു അയാൾക്ക് ലഭിച്ച മറുപടി. റിച്ചാർ‍ഡ്‌ ഹതാശനായി ഒപ്റ്റീഷ്യനെ നോക്കി.

“പക്ഷേ എനിക്ക് ഒരു കണ്ണട കൂടിയേ തീരു. നോക്കൂ എനിക്ക് കണ്ണട ഇല്ലാതെ തീരെ പറ്റില്ല. എനിക്ക് നാളെ ഒരു യാത്ര പോകണമായിരുന്നു. കണ്ണട ഇല്ലെങ്കിൽ‍ ആകെ ബുദ്ധിമുട്ടാവും.”

“ഒരു കാര്യം ചെയ്യാം. നിങ്ങൾ‍ എങ്ങോട്ടാണ് പോവുന്നത് എന്ന് പറയൂ, അവിടെയുള്ള ഞങ്ങളുടെ ഷോറൂമിൽ‍ നിന്ന് ഗ്ലാസ് കളക്റ്റ് ചെയ്‌താൽ‍ മതിയല്ലോ. അതിനുള്ള സൗകര്യം ചെയ്തു തരാം,” അയാൾ‍ പരിഹാരം നിർദേശിച്ചു.

എങ്കിലും റിച്ചാർഡിന്റെ. സംശയം മാറിയില്ല. “അത് ശരിയാകുമോ, അപ്പോൾ‍ യാത്രയിൽ‍ എന്തെങ്കിലും ആവശ്യം വന്നാലോ.“

“രാത്രി ഒന്ന് ഉറങ്ങിവെളുക്കുമ്പോഴേക്കും അവിടെ എത്തില്ലേ, പിന്നെന്താ കുഴപ്പം.”

ഒപ്ടീഷ്യനുമായുള്ള സംഭാഷണം ഓർ‍ത്തുകൊണ്ട് അയാൾ‍ ഒന്നുകൂടി തിരിഞ്ഞ് തലയിണയിലേക്ക് മുഖം ചേർത്തു വെച്ചു. പുറമേ, നേർത്ത വെളിച്ചം പരന്നു.

2

“നിങ്ങൾ‍ ഒരു വല്ലാത്ത മനുഷ്യനാണ്.” അവളുടെ സ്വരത്തിൽ‍ പരാതി തിരിച്ചറിഞ്ഞതും റിച്ചാർഡ് ചിരിച്ചു. അതവളെ കൂടുതൽ‍ ദേഷ്യം പിടിപ്പിച്ചെന്നു തോന്നി. അവൾ‍ മുഖം വക്രിച്ച് തൊട്ടടുത്ത കസേരയിലേക്ക് മാറിയിരുന്നു.

പാകത്തിലുള്ള കണ്ണടയും വാങ്ങി ഹംപിയിലെ പുരാതനനഗരിക്ക് മുന്നിൽ‍ എത്തുമ്പോൾ‍ ഉച്ച തിരിഞ്ഞിരുന്നു. കാലം മായ്ക്കാത്ത കരവിരുതുകൾ‍ അയാൾ‍ അത്ഭുതത്തോടെ കണ്ടു. നദിയോട് ചേർന്ന് ‍ രൂപം കൊണ്ട നഗരം പൈതൃകങ്ങളിൽ‍ ഒന്നായി അംഗീകരിക്കപ്പെട്ടതാണ്.

നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ശിലാരൂപങ്ങൾ‍, അമ്പലങ്ങൾ‍, നിർമാണകലയിലെ വൈദഗ്ധ്യം വിളിച്ചോതുന്ന കോട്ടകൾ‍, കമാനങ്ങൾ‍, വിഗ്രഹങ്ങൾ‍, എന്നിങ്ങനെ പതിവ് കാഴ്ചകൾ‍ ഓരോന്നും പകർത്തി തിരിയുമ്പോഴാണ്‌ അയാൾ‍ ആ പെൺകുട്ടിയെ കണ്ടത്.

വെയിൽ‍ ചാഞ്ഞു തുടങ്ങിയ വൈകുന്നേര സമയം. പാറയിൽ‍ വെട്ടിയുണ്ടാക്കിയ പടിക്കെട്ടുകൾ‍ കയറിയെത്തുന്ന ഒരു ചെറിയ കുന്നിന് മുകളിൽ‍, കഷ്ടിച്ച് രണ്ടാൾക്ക് നിൽക്കാന്‍ മാത്രം ഇടയുള്ളഒരു കൽമണ്ഡപത്തിന് ചുവട്ടിൽ‍ ഇരിക്കുകയായിരുന്നു പെൺകുട്ടി. നിറയെ പൂക്കളുള്ള മുഴുക്കയ്യന്‍ കുപ്പായം അവൾക്ക് ചേർച്ചയുണ്ടായിരുന്നു. കാറ്റിൽ‍ ഉലയുന്ന കുപ്പായം നേരെയാക്കാന്‍ മിനക്കെടാതെ തന്റെ ചുരുളന്‍ മുടിയിഴകൾ‍ കോതിക്കൊണ്ട് ഇരിക്കുന്ന പെൺകുട്ടിയെ കണ്ടതും പെട്ടെന്ന് അയാൾ‍ മറ്റൊരുവളെ ഓർത്തു. ഇടത്തേ കണങ്കാലിൽ‍ തുമ്പികളുടേത് പോലൊരു അടയാളം ഉണ്ടായിരുന്ന ഒരുത്തി. പറന്ന് മതിവരാഞ്ഞ ഏതോ ശലഭജീവിതത്തിന്റെ പുനർജന്മം എന്ന മട്ടിൽ‍, നീളന്‍ കൈത്തണ്ടയിൽ‍ ഇഷ്ടമുള്ളൊരു പേർ പച്ചകുത്തിയ, അലസമായി ചേർത്ത മുടിയിഴകൾ‍ കോതിയൊതുക്കാന്‍ മിനക്കെടാഞ്ഞ ഒരുത്തി. റിച്ചാർഡ് പതിയെ അവൾക്കലരികിലേക്ക് നടന്നു.

civic john, story ,iemalayalam

തനിക്ക് നേരെ നടന്നു വരുന്നയാളെ അവൾ‍ ദൂരെ നിന്നും തന്നെ കണ്ടിരുന്നു. അയാൾ‍ അടുത്തെത്തിയതും അവൾ‍ പരിചിത ഭാവത്തിൽ‍ ചിരിച്ചു. അയാളും സൗമ്യതയോടെ പുഞ്ചിരി മടക്കി. ഇവിടെയിരിക്കൂ എന്ന് അവൾ‍ അരികിലെ ഒഴിഞ്ഞയിടത്തേക്ക് കൈ ചൂണ്ടി. അയാൾ‍ കയ്യിലെ ബാഗ് ഒരിടത്ത് ഒതുക്കി വെച്ച് അവൾക്കരികിൽ‍ ഇരുന്നു.

ആൾതിരക്കിൽ‍ നിന്നും തീർത്തും അകന്നൊരു ഇടമായിരുന്നു അത്. കുറച്ചകലെ കുന്നിന്റെ ഉച്ചിയിലായി അകലേക്ക് നോക്കി ഇരിക്കുന്ന ഒരു നായയെ മാത്രമേ അയാൾ‍ കണ്ടുള്ളൂ. അയാൾ‍ ലെന്സ്‌ സൂം ചെയ്ത് നായയെ ഒന്നുകൂടി ഫോക്കസ് ചെയ്തു.

അയാൾക്ക് തമാശ തോന്നി. ശിൽപ്ഭംഗിയുള്ള കരിങ്കൽ‍ തൂണുകൾക്കികടയിലൂടെ തെളിയുന്ന നീലാകാശത്തിന്റെ പശ്ചാത്തലത്തിൽ‍ നായയുടെ മുഖത്ത് ഒരു ദാർശ്നിക ഭാവം കണ്ടത് പോലെ തോന്നി റിച്ചാർഡിന്. ചിരിച്ച് കൊണ്ട് തന്നെ തുരുതുരാ ക്ലിക്ക് ചെയ്യുന്ന അയാളെ അവൾ‍ കൗതുകത്തോടെ നോക്കി. പല ആംഗിളുകളിൽ‍ മതി വരുവോളം ചിത്രങ്ങൾ‍ എടുത്ത ശേഷം തിരിഞ്ഞ റിച്ചാർഡ് കണ്ടത് തന്നെത്തന്നെ ജിജ്ഞാസയോടെ നോക്കിനിൽക്കുന്ന പെൺകുട്ടിയെയാണ്.

അയാൾ‍ ക്യാമറയിലെ ചിത്രങ്ങൾ‍ അവൾക്ക് നേരെ നീട്ടി. ചെറിയ ചിരിയോടെ തന്നെ ക്യാമറ വാങ്ങിയ പെൺകുട്ടി ഓരോ ചിത്രങ്ങളും ശ്രദ്ധയോടെ നോക്കി. പതിവിൽ‍ നിന്നും വ്യത്യസ്തമായ ചിത്രങ്ങൾ‍ കണ്ടതും അഭിനന്ദിക്കുന്ന രീതിയിൽ‍ അയാളെ നോക്കി അവൾ‍. അയാളുടെ മുഖത്ത് ഒരു ചെറുചിരി നിറഞ്ഞുനിന്നിരുന്നു. അവൾ‍ കുറച്ചു സമയം ക്യാമറ കയ്യിൽ‍ തന്നെ വെച്ചു. അയാൾ‍ അത് ഗൗനിക്കുന്നില്ല എന്ന് വ്യക്തമായിരുന്നു.

കുറച്ചു സമയത്തിനുള്ളിൽ‍ തന്നെ അന്തരീക്ഷം കുറച്ചു കൂടി ശാന്തമായി. സൂര്യന്‍ അസ്തമിക്കാന്‍ അധികസമയം ബാക്കി ഉണ്ടായിരുന്നില്ല. മനോഹരമായ ഒരു സായാഹ്നമായിരുന്നു അത്. ആകാശം പതുക്കെ ഇരുണ്ടതായി വളർന്നു. കൈത്തഴക്കമാർന്ന ഒരു ചിത്രകാരിയുടെ ബ്രഷിന്റെ ചലനങ്ങൾ‍ പോലെ സാവധാനം ആകാശം കൂടുതൽ‍ കൂടുതൽ‍ നീലിച്ചു. അവൾ‍ ക്യാമറ പതിയെ ഫോക്കസ് ചെയ്തു. ദൂരെ നിന്നും ഒറ്റയും തെറ്റയുമായി ആളുകൾ‍ തിരിച്ചിറങ്ങി വരുന്നുണ്ടായിരുന്നു. കൽമണ്ഡപത്തിനരികിൽ‍ എത്തിയതും അവരുടെ ചലനങ്ങൾ‍ പതുക്കെയായത് പോലെ തോന്നി. ചിലപ്പോൾ‍ ഇത് പണ്ടൊരു ആരാധനാസ്ഥലമായിരുന്നിരിക്കും.

civic john, story ,iemalayalam

നിറം മാറുന്ന ആകാശത്തെ കൗതുകത്തോടെ നോക്കുകയായിരുന്നു അയാൾ‍. അവൾ‍ അയാളുടെ മുഖത്തിന്റെ ഒരു ക്ലോസപ്പ് ഷോട്ട് എടുത്തു. ക്യാമറയുടെ ശബ്ദം കേട്ടതും അയാൾ‍ തിരിഞ്ഞവളെ നോക്കി. അവൾ‍ വേഗം ക്യാമറ ഓഫ്‌ ചെയ്തു. അയാൾ‍ മുന്നിലെ ആകാശക്കാഴ്ചയിലേക്ക് അവളുടെ ശ്രദ്ധ ക്ഷണിച്ചു.

അസ്തമയം അകലെയായിരുന്നില്ല. ആകാശം പൂർണ്ണമായും നിറം മാറിക്കഴിഞ്ഞിരുന്നു. തിരികെയിറങ്ങുന്ന യാത്രക്കാരുടെ തിരക്കും കഴിഞ്ഞു. ഒരേയിരുപ്പിരുന്ന് മടുത്തതിനാലാവും ആ നായയും സ്ഥലം കാലിയാക്കിയിരുന്നു. കാറ്റിന് തണുപ്പുണ്ടായിരുന്നു. പെൺകുട്ടി സ്കാർഫ് കൊണ്ട് ചെവികൾ‍ മൂടി. വിഷാദത്തിന്റെ ആകാശത്ത് അടർന്നു വീഴാറായ ഒരു ഒറ്റനക്ഷത്രമായി സൂര്യന്‍ ചുവന്നുനിന്നു. ആ കാഴ്ചയിൽ‍ മുറിവേറ്റിട്ടെന്നപോലെ റിച്ചാർഡ് എഴുന്നേറ്റു. സാവധാനം പടിക്കെട്ടുകൾക്കരികിലേക്ക് നടന്നുതുടങ്ങിയ അയാളെ അമ്പരിപ്പിച്ച് പെൺകുട്ടിയും കാഴ്ച മതിയാക്കി.

‘ഒരു സ്വപ്നം പോലെ മനോഹരമായിരുന്നു അത് അല്ലേ?’ ഒതുക്കമുള്ളപടിക്കെട്ടുകൾ‍ ഇറങ്ങവേ പെൺകുട്ടി അയാളോട് ചോദിച്ചു. പശ്ചാത്തലത്തിൽ‍ ആകാശം പതിയെ രാത്രിയുടെ അഗാധവർണങ്ങൾ‍ സ്വീകരിച്ചു.

3

“നിങ്ങൾ‍ വെറുമൊരു സഞ്ചാരിയല്ല അല്ലെ?”

വഴിയരികിലെ ഒരു ചെറിയ ഹോട്ടലിലായിരുന്നു അവർ‍. മരയഴികൾ‍ കൊണ്ടുള്ളജനാലയോട് ചേർന്നിരുന്ന പെൺകുട്ടിയുടെ മുഖം പ്രസന്നമായിരുന്നു.

ആവി പറക്കുന്ന ചായക്കോപ്പ കയ്യിലെടുത്ത് അയാൾ‍ അവൾക്ക് മറുപടി പറഞ്ഞു. “ഇല്ല. ഒരു സഞ്ചാരി എന്നൊന്നും പറയാന്‍ കഴിയില്ല. ജോലിയുടെ ഭാഗമായിട്ട് മാത്രമാണ് ഇപ്പോൾ‍ യാത്രകൾ‍.”

അയാളുടെ കണ്ണുകൾ‍ ആർദ്രമായിരുന്നു. പുതിയ ഫ്രെയിം അയാളെ കുറച്ചുകൂടി ചെറുപ്പമാക്കിയിരുന്നു. അയാളുടെ മുഖത്തിന്റെ ആകൃതി തന്നെ മാറിപ്പോയി.

അവൾ‍ അയാളുടെ മുഖത്തേക്ക് തന്നെ സാകൂതം നോക്കി. മനോഹരമായി ചിരിക്കുന്ന അയാളുടെ മുഖത്ത് ഒരു നേർത്ത വിഷാദം മിന്നിമായുന്നത് പോലെ തോന്നി അവൾക്ക് .

“നിങ്ങളുടെ ജോലി നിങ്ങൾക്ക് ഒട്ടും ഇഷ്ടമല്ലേ?”

“അല്ല. അതിൽ‍ എന്താണ് ആസ്വദിക്കാനുള്ളത്? ഇതിലൊന്നും ഒരു കഥയുമില്ല. അധികം ആരും പോകാത്ത ഒരിടം ഞാന്‍ അന്വേഷിച്ചു കണ്ടുപിടിക്കുന്നു. വളരെ ശാന്തമായ, ആൾക്കൂകട്ട ബഹളങ്ങൾ‍ ഇല്ലാത്ത മനോഹരമായ ഇടങ്ങൾ‍. ഞാന്‍ അവയുടെ ചിത്രങ്ങൾ‍ എടുക്കുന്നു. അതിനെക്കുറിച്ച് മാസികയിൽ‍ എഴുതുന്നു. ഇവിടെ പോയിട്ടില്ലാത്തവർ‍ ഉടനെ ഇവിടം സന്ദർശിക്കുക, യാത്രകൾ‍ ഇഷ്ടപ്പെടുന്നവർ‍ ഒരിക്കലും മിസ്‌ ചെയ്യരുതാത്ത ഇടമാണ് എന്നെല്ലാം എഴുതുന്നു. അത് കാണേണ്ട താമസം, ഒരു ഘോഷയാത്രക്കുള്ള ആളുകൾ‍ അവിടേക്ക് ഇറങ്ങിപ്പുറപ്പെടുന്നു. എന്തിനാണ് ഇത്ര കഷ്ടപ്പെട്ട് യാത്ര ചെയ്യുന്നത്? എന്തുകൊണ്ടാണ് ആളുകൾക്ക് സ്വയം തോന്നി ഒരിടത്ത് പോവാന്‍ കഴിയാത്തത്? നിങ്ങൾ‍ ഇതാണ് ചെയ്യേണ്ടത് എന്ന് മൂന്നാമതൊരാൾ‍ ആവശ്യപ്പെടേണ്ടി വരുന്നത് എന്തുകൊണ്ടാണ്?”

“എന്നിട്ട്, സംഭവിക്കുന്നതോ? ഒരു സ്ഥലത്തെക്കുറിച്ച് ഒരു ഫീച്ചർ‍ വരുന്നു. ആ ഇടം പ്രശസ്തമാകുന്നു. യാത്രകളിൽ‍ പാലിക്കേണ്ട ഏറ്റവും ചെറിയ മര്യാദകൾ‍ പോലും ഗൗനിക്കാത്ത ആൾക്കൂട്ടം ആ സ്ഥലത്തെ മറ്റൊരു ആഘോഷയിടമാക്കി മാറ്റുന്നു. ആ ഇടത്തിന് അത് വരെയും ഉണ്ടായിരുന്ന ഭംഗിയും പ്രത്യേകതകളും എല്ലാം സാവധാനം നഷ്ടമാകുന്നു. എപ്പോഴും ഇത് തന്നെയാണ് സംഭവിക്കുന്നത്.കുറെ വർഷങ്ങൾക്ക് ശേഷം ചിലയിടങ്ങളിലേക്ക് വീണ്ടും യാത്ര ചെയ്തപ്പോഴാണ് ഇത് ആദ്യമായി മനസിലേക്ക് കയറിയത്. പകൽ‍ പോലും സ്വെറ്റർ‍ ഇല്ലാതെ പുറത്തിറങ്ങാന്‍ കഴിയാത്തത്ര തണുപ്പുണ്ടായിരുന്ന ഇടങ്ങളിൽ‍ രാത്രിയിൽ‍ പോലും ഫാന്‍ ഇടാതെ ഉറങ്ങാന്‍ കഴിയാത്തത്ര ചൂട് വരുന്നു, ഒറ്റപ്പെട്ടുകിടന്ന കാട്ടുപാതകൾ‍ ചിതറിയ കള്ളുകുപ്പികൾ‍ കൊണ്ട് നിറയുന്നു, കുതിച്ചൊഴുകിയിരുന്ന നദികൾ‍ ഒഴുക്ക് നിലച്ച് നികന്നുപോകുന്നു, കഷ്ടിച്ച് രണ്ടു പേർ‍ നടന്നുപോകുന്ന മൺവഴികൾ‍ ഭാരമുള്ള വണ്ടികൾ‍ സ്ഥിരമായി കടന്നുപോയി പോയി ഇടിഞ്ഞിരുന്നുപോകുന്നു. അങ്ങനെയങ്ങനെ എത്ര കാഴ്ചകൾ‍…”

“ആദ്യമൊക്കെ യാത്രകളെക്കുറിച്ച്‌ എഴുതുന്നത് ഹരമായിരുന്നു. അന്നൊക്കെ ഒരിടത്ത് നിന്നും അടുത്തയിടത്തേക്ക് നിർത്താതെ യാത്ര ചെയ്തിരുന്നു. ഓരോ യാത്രകളിലും ഒരുപാട് ചിത്രങ്ങൾ‍ എടുത്തിരുന്നു. ക്യാമറയിൽ‍ പതിഞ്ഞതിന്റെത എത്രയോ ഇരട്ടി കാഴ്ചകൾ‍ മനസ്സിൽ‍ സൂക്ഷിച്ചിരുന്നു.”

“പക്ഷേ, ഒരു സമയം കഴിയുമ്പോൾ‍ വല്ലാത്ത ഒരു നിരാശ ബാധിക്കും ജീവിതത്തിൽ‍. ദാ ഇവിടെ പോലും, ആ കൽതൂണുകളിലും ക്ഷേത്രഗോപുരങ്ങളിലും എല്ലാം കാണാം, കാഴ്ച്ചക്കാരുടെ കൈക്രിയകൾ‍. ഇഷ്ടപ്പെട്ടവരുടെ ഫോണ്‍ നമ്പരുകളും സ്വന്തം കലാവാസന കാണിക്കുന്ന ചിത്രങ്ങളും ഒക്കെ കടന്ന്, അപൂർവ ശിൽപ്പങ്ങളെ വികൃതമാക്കിയ കാഴ്ചകളുമുണ്ട്. മടുക്കാതെ തരമില്ല.”

പെൺകുട്ടി ഒരു വിചിത്രജീവിയെ കാണുന്നത് പോലെ അയാളെ നോക്കി. അത്രയും ദീർഘമായി സംസാരിച്ചിട്ടും ഒരിക്കൽ‍ പോലും അയാളുടെ സ്വരം ഉയർന്നില്ലല്ലോ എന്ന് അത്ഭുതപ്പെട്ടു. അയാൾ‍ ചായ ആസ്വദിച്ചു കുടിക്കുകയായിരുന്നു.

“എന്നിട്ടും നിങ്ങൾ ഇത് എന്തിനാണ് തുടരുന്നത്?” അവൾ ചോദിച്ചു.

“പറഞ്ഞല്ലോ, ഇതെന്റെ ജോലിയാണ്. പക്ഷെ ഇതും അവസാനിപ്പിക്കുകയാണ്. അവർക്ക് വേണ്ടിയുള്ള എന്റെ‍ അവസാനത്തെ യാത്രയാണിത്. അത് കൊണ്ടാണ് പതിവ് കാഴ്ച്ചകൾക്ക് പകരം ചില മുഖങ്ങൾ‍ ഞാന്‍ പ്രത്യേകം ഷൂട്ട്‌ ചെയ്തത്.”

“എന്നിട്ടെന്തേ നിങ്ങൾ‍ എന്റെ ചിത്രം എടുക്കാതിരുന്നത്?” പെണ്‍കുട്ടി ചോദിച്ചു.

“എന്തോ. തോന്നിയില്ല. ലെന്സിൽ തന്റെ മുഖം പതിഞ്ഞിരുന്നു. അവിടെ ഒറ്റക്കിരിക്കുന്ന കാഴ്ചയിൽ‍ കൗതുകവും തോന്നി. അത് കൊണ്ടാണ് മുകളിലേക്ക് കയറി വന്നത്. പക്ഷെ, അടുത്തെത്തിയപ്പോൾ‍, അവിടെ ആ കാറ്റും കൊണ്ട് നിറം മാറുന്ന ആകാശവും നോക്കി വെറുതെ ഇരിക്കാനാണ് തോന്നിയത്. ദാറ്റ്‌ വാസ് എ വണ്ടർഫുൾ‍ വ്യൂ.”

“നിങ്ങൾ‍ ഒരു വല്ലാത്ത മനുഷ്യനാണ്,” എന്ന് പറഞ്ഞ് പെൺകുട്ടി തൊട്ടടുത്ത കസേരയിലേക്ക് കടന്നിരുന്നു.

civic john, story ,iemalayalam

4

“എന്തോ, നിങ്ങളോട് സംസാരിച്ചുകൊണ്ടിരുന്ന സമയത്തെല്ലാം ഞാന്‍ നിങ്ങളുടെ വീടിനെക്കുറിച്ച് ഓർക്കുകയായിരുന്നു. ഒരു രണ്ടുനില വീടിന്റെ മുകൾ‍ നിലയിൽ‍ വാടകക്കാവും നിങ്ങൾ‍ കഴിയുന്നതെന്ന് എനിക്ക് തോന്നി. ബാൽക്കണിയിൽ‍ നിറയെ പൂക്കളും ചെടികളും ഒക്കെയുള്ളഒരിടം. അതെന്താണോ അങ്ങനെ തോന്നാന്‍ എന്ന് എനിക്കറിയില്ല.”

ഹോട്ടലിൽ‍ നിന്നും ഇറങ്ങി അവൾക്കൊപ്പം നടക്കുകയായിരുന്നു റിച്ചാർഡ്. കഴുത്ത് ചെരിച്ച്, ചെറുതായി മടക്കുകളുള്ള അവളുടെ ചെവിയുടെ ഭംഗി നോക്കുന്ന നേരമാണ് പെൺകുട്ടി നടത്തിയ വീടിനെക്കുറിച്ചുള്ളപരാമർശം അയാൾ‍ ശ്രദ്ധിച്ചത്. അയാൾ‍ ചെറുതായ് ഒന്ന് നിശ്വസിച്ചു.

“ഇപ്പോൾ‍ താമസിക്കുന്ന ഇടത്ത് അങ്ങനെ പച്ചപ്പ്‌ അധികം ഇല്ല. മുറിക്കകത്ത് വളർത്താവുന്ന കുഞ്ഞന്‍ അലങ്കാരചെടികൾ‍ കുറച്ചെണ്ണം ഉണ്ട്. അത്ര തന്നെ. പക്ഷെ ഞാന്‍ ഒരു പൂന്തോട്ടം ഒരുക്കിയാലെന്താണെന്ന് ആലോചിക്കുകയാണ്. ജോലി ഉപേക്ഷിച്ചുകഴിഞ്ഞാൽ‍ പുതിയതായി എന്തെങ്കിലും ചെയ്യുന്നത് വരെ ധാരാളം സമയം കിട്ടാനിടയുണ്ട്…”

“പക്ഷെ നിങ്ങൾക്കങ്ങനെ തോന്നിയത് എന്തുകൊണ്ടാവും എന്നതിൽ‍ എനിക്ക് ആശ്ചര്യമുണ്ട്. കാരണം, പണ്ട് ജോലി തുടങ്ങിയ കാലത്ത് ഒരു ചെറിയ വാടകവീട്ടിൽ‍ താമസിച്ചിരുന്നു ഞാന്‍. പുറത്തേക്ക് തുറക്കുന്ന ഒരു ജനൽ‍ മാത്രം ഉണ്ടായിരുന്ന ഒരു വീട്. ആ ജനലിലൂടെ നോക്കിയാൽ‍ നിറയെ പൂക്കളുളള ഒരു മരക്കൊമ്പ് കാണുമായിരുന്നു. ഒരിക്കൽ‍ പോലും കായ്ചിട്ടില്ലാത്ത ഒരു മാവ് വളർന്നു വീടിനു മുകളിൽ‍ എത്തി നിന്നിരുന്നു. അവിടെ മുൻപ് താമസിച്ച ആരോ നട്ടതാവണം, ഒരു മുല്ലവള്ളിയുണ്ടായിരുന്നു മാവിനോടു ചേർന്ന്. മാവ് വളരുന്നതിനൊപ്പം ആ മുല്ലവള്ളിയും പടർന്ന് ‍ വീടിന് മുകളിൽ‍ കയറിയിരുന്നു. ഒരിക്കലും കായ്ക്കാത്ത മാവിന്റെ കടവും വീട്ടുന്നതുപോലെ ആ മുല്ലവള്ളി ഓരോ വർഷവും പൂത്തു. ഞാന്‍ ഒരിക്കലും ജനൽ‍ വാതിൽ‍ കുറ്റിയിടാറില്ല. ചെറുതായി തുറന്ന് വെക്കും. അതാണ്‌ ശീലം. ആ ജനലിലൂടെ മുല്ലപ്പൂക്കളുടെ സുഗന്ധം കിടപ്പുമുറിയിൽ‍ നിറയും. അപൂർവ്വം ദിവസങ്ങളിൽ‍ ജനൽ‍ വഴി ചില മൊട്ടുകൾ‍ ഉറങ്ങിക്കിടക്കുന്ന എന്റെ മേൽ‍ വീണു. രാവിലെ വാതിൽ‍ തുറക്കുമ്പോൾ‍ മുറ്റം നിറയെ മുല്ലപ്പൂക്കൾ‍ കനത്തിൽ‍ പൊഴിഞ്ഞുകിടന്നു. പൂവിന്റെ് ഗന്ധം കൊണ്ടാണോ എന്നറിയില്ല ഇടയ്ക്കിടെ പാമ്പുകൾ‍ വരുമായിരുന്നു അവിടെ. തലയുയർത്തി ഒന്ന് നോക്കി അഭിവാദ്യം ചെയ്ത് അവ കടന്നുപോയി.”

“നിങ്ങൾ‍ എല്ലാവരെയും പോലെയല്ല, വളരെ വ്യത്യസ്തനാണ്.”

റിച്ചാർഡ് വെറുതെ ചിരിച്ചതേയുള്ളൂ. പെൺകുട്ടിയെ അത് ദേഷ്യം പിടിപ്പിച്ചെന്നു തോന്നി.

“എന്താ നിങ്ങൾ‍ ഒന്നും പറയാത്തത്. ഇതിനു മുന്പ് ആരെങ്കിലും നിങ്ങളോട് ഇങ്ങനെ പറഞ്ഞിട്ടുണ്ടോ?” അവൾ‍ ചോദിച്ചു.

‘നിങ്ങളെന്നെ ശരിക്കും ഇഷ്ടപ്പെടുന്നുണ്ടോ?’

ഒരു സ്വപ്നത്തിലെന്നപോലെ അയാൾ‍ ആ ചോദ്യം കേട്ടു. “ഉം,” അയാൾ‍ തലയാട്ടി.

“നിങ്ങൾ വിവാഹിതനാണോ?”

“എനിക്ക് ഒരു കാര്യവും മനസിലാവുന്നില്ല. പക്ഷെ നിന്നെ ഞാന്‍ സ്നേഹിക്കുന്നുണ്ട്. അത് തീർച്ചയാണ്,” അഗാധമായ ഒരു തുരങ്കത്തിലെന്നവണ്ണം തന്റെ് മറുപടി അയാളുടെ ചെവികളിൽ‍ മുഴങ്ങിക്കേട്ടു.

“വിവാഹിതനായിരുന്നു.”

“ഇപ്പോൾ വിവാഹിതനല്ലേ?”

“അല്ല”

“എന്തേ?”

“അവൾക്ക് പാമ്പുകളെ പേടിയായിരുന്നു.”civic john, story ,iemalayalam

5

“അതൊരു രാത്രിനേരമായിരുന്നു. ഇളംനീല വെളിച്ചത്തിൽ പരസ്പരം മുഖമോർമ്മിക്കാതെ സംസാരിച്ചു കൊണ്ടിരുന്ന രാത്രി. മഴവില്ലുണ്ടാകുന്നതിനെ കുറിച്ച് പറഞ്ഞിരുന്നു. ദില്ലിയിൽ നിന്നുള്ള ആകാശയാത്രയിൽ ഒരു മുഴുവൻ മഴവിൽ ആദ്യമായി കണ്ട സന്തോഷം പങ്കുവെക്കുകയായിരുന്നു അവൾ‍. ഇടയിൽ മറന്ന പേർ പറയാതെ യാത്രപാതിയിൽ അവളിറങ്ങി. ആ രാത്രിയാത്രയുടെ കൗതുകബാക്കിയും നീട്ടി ഞാൻ തേടിച്ചെല്ലുമെന്ന് അവൾ‍ സ്വപ്നത്തിൽ‍ പോലും കരുതിയില്ല.

സംസാരം നീളവേ അവളുടെ മുഖം തുടുത്തു തുടങ്ങി. പിന്നെ എത്ര പകലുകൾ, രാത്രികൾ, എത്ര യാത്രകൾ, എത്ര സന്ധ്യകൾ ഞങ്ങളൊരുമിച്ച്. അസ്തമയം കാണുന്നതിഷ്ടമല്ലായിരുന്നു അവൾക്ക്. അത് സൂര്യന്റെ മരണമാണെന്നാണ് പറയുക. പക്ഷികൾ ഒന്നാകെ കൂടണയാൻ തിരക്ക് കൂട്ടുന്ന സമയമാണത്. ചുവന്ന രാശികൾ പയ്യെ കറുപ്പാകുന്നതും ഇരുട്ട് വീണുതുടങ്ങുന്നതും കാണുമ്പോൾ കൂടണയാതെ വഴിയിൽ ഒറ്റയായിപോകുന്ന കിളിക്കുഞ്ഞിനെയോർത്ത് എന്നോടെത്രയോ വട്ടം അവൾ‍ മനസുരുക്കിയിട്ടുണ്ട്. അതുകൊണ്ടാവണം കുറച്ചു മുന്പ് അസ്തമയം പൂർത്തിയാക്കാതെ ഞാന്‍ അവിടെനിന്നും എഴുന്നേറ്റ് വന്നത്.”

“നിങ്ങൾ സത്യമാണോ പറയുന്നത്?”

നദിക്കരയിൽ‍ പെൺകുട്ടിയുടെ ടെന്റിന് മുന്നിലായിരുന്നു റിച്ചാർഡ്. ഇത് യാഥാർഥ്യലമാണെന്ന് വിശ്വസിക്കാന്‍ അയാൾ‍ ബദ്ധപ്പെട്ടു.

തണുപ്പകറ്റാനായി ആഴി കൂട്ടിയിരുന്നു അവിടെ. തീ പുറത്തേക്ക് പടരാതിരിക്കാനായി വൃത്താകൃതിയിൽ‍ കല്ലുകൾ‍ അടുക്കി, അതിനുള്ളിൽ‍ ചെറിയൊരു കുഴിയെടുത്ത്, അതിൽ‍ വിറക് നിരത്തി അങ്ങനെയായിരുന്നു അതിന്റെ നിർ‍മ്മിതി. അല്ല, ഇത് സ്വപ്നമല്ല, സ്വപ്നത്തിൽ‍ ഇങ്ങനെ കുളിർന്നു വിറക്കുകയില്ല, അയാൾ‍ മനസ്സിൽ‍ ഉറപ്പിച്ചു. ഇളം ചൂടുള്ളപ്രകാശം അവിടെ നിറഞ്ഞു. അവരുടെ മുഖം ചുവന്നിരുന്നു. കാറ്റിൽ‍ തീനാളങ്ങൾ‍ ഉലയുന്നതനുസരിച്ച് അവരുടെ മുഖത്ത് നിഴലുകൾ‍ വീണു.

“സത്യം. ഇന്നലെ യാത്ര പുറപ്പെടും മുന്പ് ഞാന്‍ അവളെ വിളിച്ചിരുന്നു. “പ്രത്യേകിച്ചൊന്നുമില്ല, പോകുന്നതിനു മുന്പ് അവളുടെ ശബ്ദം കേൾക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. അത്രയേയുള്ളൂ. വർഷമങ്ങൾക്കിപ്പുറവും ചിലപ്പോളൊക്കെ എനിക്ക് അവളുടെ ശബ്ദം മിസ്‌ ചെയ്യും.”

“അവരിപ്പോൾ‍ എവിടെയാണ്?”

“അവൾ മറ്റൊരാൾക്കൊപ്പമാണ് താമസം. കുട്ടികൾ‍ ഇല്ലാതിരുന്നതിനാൽ‍ വിവാഹമോചനം എളുപ്പത്തിൽ‍ കഴിഞ്ഞു.”

“ഓ.” പെൺകുട്ടിയുടെ മറുപടിയിൽ‍ റിച്ചാർഡിിന് ഒരു നീരസം അനുഭവപ്പെട്ടു.

“എന്തേ?” അയാൾ‍ ചോദിച്ചു.

“നിങ്ങളുടെ ഭാര്യക്ക് ഇതെല്ലാം എങ്ങനെയാവും അനുഭവപ്പെട്ടതെന്ന് എനിക്ക് ഇപ്പോൾ മനസിലാവുന്നുണ്ട്.”

‘നിങ്ങൾക്കെന്നെ സന്തോഷിപ്പിക്കാന്‍ കഴിയുന്നില്ലെന്നത് എപ്പോഴെങ്കിലും നിങ്ങളെ അലട്ടിയിരുന്നോ?’ നിലക്കണ്ണാടിയിൽ‍ തെളിയുന്ന പ്രതിബിംബം. വിടർത്തിയിട്ട അവളുടെ മുടിയിഴകൾ‍. നഗ്നമായ കഴുത്ത്. ചുളിവ് വീണ നെറ്റി.

അയാൾ‍ ചിരിച്ചു.

“ചിലപ്പോൾ‍ എനിക്ക് അവളെ മനസിലായിട്ടുണ്ടാകില്ല. നിങ്ങൾ‍ക്കൊന്നും അറിയില്ല, നിങ്ങൾക്കൊളന്നും മനസിലാവില്ല എന്ന് അവൾ‍ എപ്പോഴും പറയുമായിരുന്നു. ശരിയാണ്. എനിക്ക് മനസിലാകാത്ത ഒരുപാട് കാര്യങ്ങളുണ്ടെന്ന് ഉറപ്പാണ്. ഉദാഹരണത്തിന്, എനിക്ക് അവൾ‍ പ്രത്യേക പരിഗണന നൽകിായതിന്‍റെ കാരണം. മറ്റൊരാളേക്കാൾ‍ വ്യത്യസ്തമായോ, മെച്ചപ്പെട്ടതായോ ഒരു പ്രത്യേകതയും എന്റെ‍ ജീവിതത്തിൽ‍ ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ഞാൻ അവളോട് പലപ്പോഴും അത് പറഞ്ഞിട്ടുണ്ട്. അപ്പോഴെല്ലാം അവൾ ചിരിച്ചു.

“നിങ്ങൾ എന്നെ തേടിവന്നു. അതാണ് ഏറ്റവും വലിയ കാരണം,” അവൾ‍ പറയുമായിരുന്നു. ‘എനിക്ക് പകരം വേറെ ആരെങ്കിലുമാണ് നിന്നെ അന്വേഷിച്ചുവന്നതെങ്കിലോ?’ എന്ന് ചോദിക്കും ഞാന്‍. കാരണം ജീവിതത്തിന്റെ യാദൃശ്ചികതകളിൽ‍ എനിക്ക് വലിയ വിശ്വാസമാണ്.

അവിടെയും അവൾക്ക് മറുപടിയുണ്ടായിരുന്നു. “താനെത്ര നല്ലതാണെന്ന് തനിക്കറിയില്ല” എന്ന്.

സത്യം പറഞ്ഞാൽ‍ പഴയൊരു മലയാളസിനിമയിലെ സംഭാഷണമാണ് ഓർമ വന്നത്, താനാരാണെന്ന് തനിക്കറിയില്ലെങ്കിൽ‍. സത്യം. എനിക്ക് തമാശയാണ് തോന്നിയത്. എനിക്ക് മനസിലാവാത്ത കാര്യങ്ങളിൽ‍ ഒന്നുകൂടി.

“ഞാൻ സത്യസന്ധമായി ഒരു കാര്യം പറയട്ടെ?”

“തീർച്ചയായും.”

“എനിക്ക് നിങ്ങളെ മനസ്സിലാകുന്നില്ല,” പെൺകുട്ടി പറഞ്ഞു.“എനിക്ക് നിങ്ങളെ ഒട്ടും മനസ്സിലാകുന്നില്ല. നിങ്ങൾ‍ പറയുന്ന കാര്യങ്ങളൊക്കെ കേൾക്കുമ്പോൾ‍, എനിക്ക് നിങ്ങളെക്കുറിച്ച് ഒന്നും അറിയില്ലെന്ന് തോന്നുകയാണ്.”

അയാൾ‍ അവളുടെ മുഖത്തേക്ക് നോക്കി. അവിടെ സംശയങ്ങൾ‍ നിഴലിച്ചുകണ്ടു. തീയുടെ ശക്തി കുറഞ്ഞിരുന്നു. റിച്ചാർഡ് വിറകുകൾ‍ ഒന്ന് കൂടി മുന്നിലേക്ക് തള്ളിവെച്ചു. ഉണങ്ങിയ മരക്കഷ്ണങ്ങളിൽ‍ തീ പടരുന്നതും നോക്കി അയാളിരുന്നു.

civic john, story ,iemalayalam

6

“ഇവിടെ ഞാനിത് മൂന്നാമത്തെ വട്ടമാണ്. ആദ്യത്തെ യാത്ര സുഹൃത്തുക്കൾക്കൊപ്പമായിരുന്നു. പിന്നെ തനിച്ച്. റൂം ഒക്കെ മുൻകൂട്ടി ബുക്ക് ചെയ്ത് വരുന്നതായിരുന്നു പതിവ് ഇത്തവണ എന്തോ മുറികൾ‍ വേണ്ടെന്നു തോന്നി. ചെറുതായിരിക്കുമ്പോഴേ ക്യാമ്പിങ്ങിനു പോകാറുണ്ടായിരുന്നു. അത് കൊണ്ട് ടെന്റ് അടിക്കാനും കാര്യങ്ങളും എല്ലാം നല്ല പരിചയമാണ്. അങ്ങനെയാണ് ഇത്തവണ താമസം നദിക്കരയിലാക്കാം എന്ന് തീരുമാനിച്ചത്.”

നദിക്കരയിലൂടെ നടക്കുകയായിരുന്നു അവർ‍. ആളിക്കത്തിയ തീ പതിയെ അണയാന്‍ തുടങ്ങിയപ്പോൾ‍ ആ മനോഹരസ്വപ്നത്തിൽ‍ നിന്നും ഉണരാന്‍ പോകുന്നു എന്നാണ് അയാൾ‍ കരുതിയത്. പക്ഷെ പെൺകുട്ടി അയാളെ ഒരു നടത്തത്തിന് ക്ഷണിക്കുകയാണ് ഉണ്ടായത്. നല്ല നിലാവുണ്ടായിരുന്നു രാത്രിയിൽ‍. ഇളം ചൂടുള്ള മിനുസമാർന്ന മണലിലൂടെയുള്ള നടത്തം സുഖമുള്ള ഒരു സംഗതിയായിരുന്നു, ഇടക്ക് പെയ്ത മഴയെയും കൂസാതെ നടപ്പ് തുടരാന്‍ പ്രേരിപ്പിക്കുന്നത്ര പ്രിയപ്പെട്ടത്.

“ഒരിടത്ത് നിന്നും നമ്മൾ‍ യാത്രയാകുമ്പോൾ‍ നമ്മുടെതായ എന്തോ ഒന്ന് നാം അവിടെ ബാക്കിയാക്കുന്നുണ്ട്. അവിടം വിട്ടാലും നാം അവിടെ തന്നെയുണ്ടെന്ന് തോന്നിക്കുന്ന അവിടെ തിരിച്ചെത്തുമ്പോൾ‍ മാത്രം നമുക്ക് കണ്ടെടുക്കാന്‍ കഴിയുന്ന ജീവിതത്തിന്റെ ഒരു ചെറിയ തരി. ഓരോയിടങ്ങളിലും നാം ചിലവഴിച്ചത് എത്ര ഹ്രസ്വമായ ഒരു കാലയളവായാലും അവിടേക്ക് തിരികേയുള്ളയാത്രകൾ‍ എല്ലാം നമ്മിലേക്ക് തന്നെയുള്ളയാത്രകളാണ്. ഇങ്ങനെയൊരു സംഭാഷണം എന്റെ ഓർമയയിലുണ്ട്. വായിച്ച ഏതോ പുസ്തകത്തിൽ‍, അല്ലെങ്കിൽ‍ കണ്ടുമറന്ന ഏതോ ചിത്രത്തിൽ‍. ആരാണ് ഈ വാചകങ്ങൾ‍ എന്നോട് പറഞ്ഞതെന്ന് ഞാന്‍ ഓർക്കുന്നില്ല. എങ്കിലും ഈ യാത്ര എന്നെത്തന്നെ വീണ്ടെടുക്കാന്‍ ഉള്ളതാണ് എന്ന് യാത്ര തുടങ്ങുമ്പോഴേ എനിക്ക് അറിയാമായിരുന്നു.”

“സമയത്തെക്കുറിച്ച് ഒട്ടും ആശങ്കപെടാതെ ഓരോയിടങ്ങളിലും ഞാന്‍ ദീർഘ നേരം ചിലവഴിച്ചു. ഞാനിവിടെ എത്തിയിട്ട് കുറച്ചധികം ദിവസങ്ങളായി. ഈ നഗരമാകെ പലവട്ടം നടന്നു കണ്ടു. ഇവിടെ ഓരോ ശിലാലിഖിതങ്ങളിലും എന്തൊക്കെയോ തിരഞ്ഞു. ചിലപ്പോൾ‍ എന്നെ. മറ്റുചിലപ്പോൾ‍ എനിക്ക് തന്നെ അറിയാത്ത മറ്റാരെയോ. തിരച്ചിൽ‍ അവസാനിച്ച് എനിക്കെന്നെ തിരിച്ചുകിട്ടിയ ദിവസമായിരുന്നു ഇന്ന്.”

“അങ്ങനെയാണ് ആൾത്തിരക്കിൽ‍ നിന്നും മാറി, ആ കൽമണ്ഡപത്തിൽ‍ കാറ്റും കൊണ്ട് ഞാനിരുന്നത്. അവിടേക്കാണ് നിങ്ങൾ‍ കയറിവന്നത്. ആ നിമിഷത്തിൽ‍ അനുഭവപ്പെട്ട ശാന്തത പറഞ്ഞറിയിക്കാന്‍ കഴിയില്ല…”

“മൗനങ്ങൾ‍ പങ്കുവെക്കാന്‍ ഇത് വരെ എനിക്ക് സാധിച്ചിരുന്നില്ല. എന്നാൽ‍ ഇന്ന്… തമ്മിൽ‍ ഒന്നും സംസാരിക്കാതെ, എന്നാൽ‍ അത്രമേൽ‍ പ്രസന്നതയോടെ ഞാന്‍ ഇതുവരെയും സമയം ചിലവഴിച്ചിട്ടില്ല.”

അയാൾ‍ പെൺകുട്ടിയെ നോക്കി. സാധാരണയിൽ‍ കവിഞ്ഞ നീളമുള്ള, അകത്തേക്ക് ചെറുതായി മടങ്ങിയ അവളുടെ ചെവികൾ‍. നിലാവിൽ‍ അവയ്ക്ക് പ്രത്യേക ഭംഗി തോന്നിച്ചു. അവൾ‍ ചിരിച്ചു. അയാൾക്ക് ആ സ്വപ്നം ഓർമവന്നു.

‘നിങ്ങൾ‍ എന്നെ ഇപ്പോഴും സ്നേഹിക്കുന്നുവോ?’

7

തമ്മിൽ‍ പിരിഞ്ഞിട്ടും ഇടക്കെല്ലാം ഞാന്‍ അവരെ സ്വപ്നം കണ്ടിരുന്നു. സ്വപ്നം എന്ന് തീർത്തു പറയാന്‍ കഴിയില്ല. കാരണം പുതുതായി ഒരു കാഴ്ചയും അതിൽ‍ ഉണ്ടായിരുന്നില്ല. കഴിഞ്ഞുപോയ ചില നിമിഷങ്ങൾ‍ മാത്രം. ചില പ്രത്യേക ഭാവങ്ങൾ‍, കാഴ്ചകൾ‍, അവളുടെ ചിരിയുടെ ശബ്ദം, ഇടത്തേ കണങ്കാലിൽ‍ അവൾക്ക് മാത്രം സ്വന്തമായിരുന്ന തുമ്പിയുടെ ആകൃതിയിലുള്ള അടയാളം, നീളന്‍ കൈത്തണ്ടയിൽ‍ പച്ചകുത്തിയിരുന്ന പേർ, അങ്ങനെ ഒറ്റനോട്ടത്തിൽ‍ വിചിത്രമെന്നു തോന്നിക്കുന്ന ചിലത്.

ഒരുമിച്ച് ചിലവഴിച്ച അവസാന ദിവസം ഞങ്ങൾ‍ വീണ്ടും ഇണചേർന്നിരുന്നു. കനിവിന്റെ പുറത്ത് പരസ്പരം ദയ കാണിച്ചതായിരുന്നില്ല അതെന്ന് പറയുമ്പോൾ‍ വിശ്വസിച്ചേ തീരൂ. പരസ്പരം നഗ്നശരീരങ്ങളെ ചേർത്തുംപിടിച്ചു കിടക്കുമ്പോൾ‍, അവളുടെ ചെവിയിൽ‍ എന്റെ വിരലുകൾ‍ നിർത്താതെ തലോടിയിരുന്നു. സ്പർശത്തോട് പ്രതികരിക്കും വിധം നേർത്ത നീല ഞരമ്പുകൾ‍ അവളുടെ ശരീരത്തിൽ‍ തെളിഞ്ഞു നിന്നു.

പ്രത്യേകിച്ച് കാരണങ്ങൾ‍ ഒന്നും തന്നെയില്ലാതെ, ചിലപ്പോൾ‍ ഒട്ടും ആഗ്രഹിക്കാതെ തന്നെ സംഭവിക്കുന്ന ഒന്നാണ് സ്നേഹം. സ്നേഹരാഹിത്യവും അങ്ങനെ തന്നെ. അത്ര സുന്ദരമായ ഒരു നിമിഷത്തിൽ‍ നിന്നും അപ്രവചനീയമായ എന്തോ ഒന്നിനാൽ‍ അത് ഇല്ലാതാവും. ഒരു ബഹളവും ഉണ്ടാക്കാതെ, ഒരു പ്രാവിന്റെ‍ കുറുകലിനോളം പോലും ശബ്ദമുണ്ടാക്കാതെ, മരണത്തേക്കാൾ‍ പതിയെ അത് സംഭവിക്കും.

ചാഞ്ഞും ചെരിഞ്ഞും നോക്കി തീറ്റ കൊത്തിയെടുക്കുന്ന കിളികളെപ്പോലെ സന്തോഷം പകർന്ന സ്നേഹയോർമകളത്രയും ആരോ കൊത്തിയെടുക്കും. ഓരോ കൊത്തിലും ഉടൽ‍ മുറിയും. അങ്ങനെ സാവധാനമാണ്‌ രണ്ടുപേർക്കിടയിലെ സ്നേഹം മരണപ്പെടുക.

അവൾ‍ അത് അറിഞ്ഞിരുന്നില്ലെന്ന് തോന്നി. അതുകൊണ്ടാണല്ലോ, “നിങ്ങൾ എന്നെ വെറുക്കുന്നുവെന്ന് എനിക്കറിയാം,” എന്ന് എന്നോട് ചേർന്ന് കിടന്ന അവസാനനിമിഷത്തിലും അവൾ‍ പറഞ്ഞത്. “എനിക്ക് നിന്നോട് വെറുപ്പൊന്നുമില്ല,” എന്ന് പറയുമ്പോളും എന്റെ വിരലുകൾ‍ അവളുടെ മൃദുലമായ ചെവികളെ തഴുകുകയായിരുന്നു.

“ശരി. ഇപ്പോൾ എന്നെ വെറുക്കുന്നില്ലായിരിക്കാം, പക്ഷേ പിന്നീട് എപ്പോഴെങ്കിലും നിങ്ങൾ എന്നെ വെറുക്കും. നമ്മളെ വെറുക്കും,” അവളുടെ സംശയം മാറിയില്ല എന്ന് തോന്നി.

“തീർച്ചയായും ഇല്ല,” ഞാൻ പറഞ്ഞു.“വളരെയധികം അനിശ്ചിതത്വങ്ങൾ‍ നിറഞ്ഞ ഒന്നാണ് ഈ ജീവിതം. നമ്മൾ‍ സ്നേഹിച്ചതോ ഇപ്പോൾ‍ പിരിയുന്നതോ ഒന്നും മുൻകൂട്ടി തീരുമാനിച്ചായിരുന്നില്ലല്ലോ. അങ്ങനെയുള്ള ഈ ജീവിതത്തിൽ‍ എനിക്ക് ഉറപ്പുള്ള ഒരേയൊരു കാര്യമാണിത്. കാരണം എനിക്കിപ്പോഴും നിന്നെ ഭയങ്കര ഇഷ്ടമാണ്. ഇഷ്ടമാണ്.”

“സത്യം?”

അതെയെന്ന് ഞാന്‍ തലയാട്ടി. അവൾ പുഞ്ചിരിക്കുന്നത് പാതിയടഞ്ഞ കണ്ണുകളിലൂടെയാണ്‌ കണ്ടത്. അപ്പോഴും എന്റെ വിരലുകൾ‍ അവളുടെ ചെവിയിൽ‍ ഉണ്ടായിരുന്നു. ഉറക്കത്തിലേക്ക് വഴുതി വീഴുന്നതിന് മുൻപെപ്പൊഴോ വിരൽത്തുമ്പിൽ‍ നനവ് പടർന്നു. ഉണർന്നെഴുന്നേൽക്കു മ്പോൾ‍ മുറിയിൽ‍ ഞാന്‍ തനിച്ചായിരുന്നു, ജീവിതത്തിലും.

civic john, story ,iemalayalam

8

“നിങ്ങൾ‍ എപ്പോഴെങ്കിലും എന്നെ സ്വപ്നം കണ്ടിട്ടുണ്ടോ?”

“സ്വപ്നമോ?”

“അതേ, ഇത്രയും കാലത്തിനിടക്ക് എപ്പോഴെങ്കിലും, നിങ്ങളുടെ സ്വപ്നങ്ങളിൽ‍ എന്നെ കണ്ടിട്ടുണ്ടോ? അവ്യക്തമായിട്ടെങ്കിലും?”

അയാൾ‍ മറുപടിയറിയാതെ നിന്നു.

അവർ‍ വീണ്ടും ടെന്റിന് മുന്നിൽ‍ എത്തിയിരുന്നു. തണുപ്പകറ്റാനായി കൂട്ടിയ ആഴി, ചാരം മൂടി വിറങ്ങലിച്ചു കിടന്നു. നദി ശാന്തമായി ഒഴുകുകയായിരുന്നു. അവൾ‍ പെട്ടെന്ന് ഒരു വലിയ കല്ലെടുത്ത് ഒഴുക്കിലേക്ക് എറിഞ്ഞു. നിശബ്ദതയെ ഭേദിച്ച് ചുറ്റും വെള്ളം തെറുപ്പിച്ച് ആ കല്ല്‌ ഓളങ്ങളിൽ‍ ആഴ്ന്നുപോയി.

അവൾ‍ അയാളോട് ചേർന്ന് നിന്നു.

“നാളെ നിങ്ങളെ ഞാന്‍ ശരിക്കും മിസ്സ്‌ ചെയ്യും.” പെൺകുട്ടിയുടെ സ്വരത്തിൽ‍ വിഷാദം കലർന്നിരുന്നു.

“ഒരു ദിവസം ഇതെല്ലം നമുക്കൊരു പഴങ്കഥയാവും. ഈ നടത്തം, നമ്മളുടെ കണ്ടുമുട്ടൽ‍. വെറുതെ ഒരു ഓർമ മാത്രമായി തീരും. അങ്ങനെ ആലോചിക്കുമ്പോൾ‍ തന്നെ വല്ലാത്ത സങ്കടം തോന്നുന്നു.”

പെൺകുട്ടി അയാളുടെ മുഖത്ത് നോക്കുന്നുണ്ടായിരുന്നില്ല. കൈകൾ‍ കെട്ടി നദിയിലേക്ക് തന്നെ കണ്ണയച്ച് നിൽക്കുകയായിരുന്നു അവൾ‍. നേരം പുലരാറായിരുന്നു. നദി പതിയെ നിറം മാറിത്തുടങ്ങി. ഒഴുക്കിൽ‍, വെള്ളത്തിലെ ഓളങ്ങളിൽ‍ ചെറിയ മഴവില്ലുകൾ‍ തെളിഞ്ഞു. അയാൾ‍ പെൺകുട്ടിയെ നോക്കി. വിഷാദത്തിന്റെ ആൾ‍രൂപമാണവൾ‍ എന്ന് തോന്നി റിച്ചാർഡിന്.

“എന്റെ പേരെന്താണ് എന്ന് നിങ്ങൾ‍ എന്താ ചോദിക്കാതിരുന്നത്? ചുറ്റുവട്ടങ്ങളിലും സ്വപ്നങ്ങളിലും തെളിഞ്ഞ കാഴ്ചകൾ‍ എല്ലാം പറഞ്ഞിട്ടും അത് മാത്രം നിങ്ങൾ‍ വിട്ടുപോയി എന്ന് വിശ്വസിക്കാന്‍ എനിക്ക് വയ്യ.”

“അതിന്റെ‍ആവശ്യമുണ്ടെന്ന് തോന്നിയില്ലേ? ഇപ്പോൾ‍, നേരം പുലരുന്ന ഈ നിമിഷത്തിലെങ്കിലും, നിങ്ങൾക്ക് അതൊന്ന് ചോദിച്ചാൽ‍ എന്താണ്? ഒരു മഞ്ഞുതുള്ളി പോലെ ഞാന്‍ അലിഞ്ഞുപോയാൽ‍, നിങ്ങൾ‍ എന്നെ എങ്ങനെയാണ് ഓർമിക്കുക? അതോ നിങ്ങൾ‍ എന്നെ സ്വപ്നം കാണുമോ? പേരെന്താണെന്ന് അറിയാത്ത ഒരു പെൺകുട്ടിക്കൊപ്പം ചിലവിടുന്ന ഒരു ദിവസത്തെക്കുറിച്ചുള്ളസ്വപ്നം.”

അയാൾ‍ അവളെത്തന്നെ നോക്കിനിന്നു. കഴിഞ്ഞ കുറച്ചു നിമിഷങ്ങൾ‍ കൊണ്ട് അവളുടെ മുഖം വല്ലാതെ മാറിയിരുന്നു. തൊട്ടു മുൻപത്തെ നിമിഷം തന്നോട് സന്തോഷത്തോടെ സംസാരിച്ചത് മറ്റാരോ ആയിരുന്നോ എന്ന് റിച്ചാർഡിന് തോന്നി. അവൾ‍ നിശബ്ദമായി കരയുകയായിരുന്നു.

തന്നെത്തന്നെയാണ് അയാൾ‍ ശ്രദ്ധിക്കുന്നത് എന്ന് തിരിച്ചറിഞ്ഞതും പെൺകുട്ടി പതിയെ ചിരിച്ചു. ആ ചിരിയിൽ‍ അവളുടെ മുഖം പ്രകാശിച്ചു. അയാൾ‍ അവളോട്‌ സംസാരിക്കാനാഞ്ഞു.

“തമ്മിൽ‍ ഇനി കാണുമ്പോൾ‍ നിങ്ങൾ‍ എന്നെ എന്ത് പേരാവും വിളിക്കുക?” അവൾ‍ കണ്ണീരും ചിരിയുമായി. തന്റെ് ചോദ്യം ശബ്ദമില്ലാതാവുന്നതും ചുറ്റുമുള്ളകാഴ്ചകൾ‍ സാവധാനം മാഞ്ഞുപോകുന്നതും അയാൾ‍ അറിഞ്ഞു.

അവൾ‍ മാത്രം…
അവളുടെ കണ്ണുകൾ‍…
അവളുടെ ചിരി…
അതിന്റെ നനുത്ത ശബ്ദം…

ഒരു ഞെട്ടലോടെ റിച്ചാർഡ് ഉണർന്നു. ചോദിക്കാനാവാത്ത ചോദ്യത്തിന്റെ ഭാരത്താൽ‍ അയാളുടെ നെഞ്ച് വേദനിച്ചു. അയാൾ‍ കയ്യെത്തിച്ച് മൊബൈൽ‍ എടുത്തു. അന്തം വിട്ടുറങ്ങിപ്പോയി താനെന്ന് മനസിലായതും, അയാൾ‍ കിടക്കയിൽ‍ എഴുന്നേറ്റിരുന്നു. അയാളുടെ ഹൃദയം വേഗത്തിൽ‍ മിടിച്ചു…

ഇനി രണ്ടു മണിക്കൂറുകൾ‍ കൂടി…
കൽമണ്ഡപത്തിൽ‍ അങ്ങനെയൊരു പെൺകുട്ടിയെ കാണാന്‍ കഴിഞ്ഞേക്കും എന്ന് അയാൾക്ക് തോന്നി.

‘തമ്മിൽ‍ ഇനി കാണുമ്പോൾ‍ നിങ്ങൾ‍ എന്നെ എന്ത് പേരാവും വിളിക്കുക?’ അയാളുടെ കാതിൽ‍ ആ ചോദ്യം മുഴങ്ങിക്കേട്ടു.

മിടിക്കുന്ന ഹൃദയത്തോടെ അയാൾ‍ കണ്ണട ഷോറൂമിന്റെ നമ്പർ‍ ഡയൽ‍ ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook