scorecardresearch

ഒറ്റയ്ക്ക് തിരിച്ചുപോകരുത്

"സ്വന്തം സംഘത്തെ പിരിച്ചുവിട്ട് മഴപ്പാതിരയ്ക്കേതോ പക്ഷിയുപേക്ഷിച്ച കൂടുമായി തിരിച്ചെത്തിയിട്ടുണ്ടോ വീട്ടിൽ?"

"സ്വന്തം സംഘത്തെ പിരിച്ചുവിട്ട് മഴപ്പാതിരയ്ക്കേതോ പക്ഷിയുപേക്ഷിച്ച കൂടുമായി തിരിച്ചെത്തിയിട്ടുണ്ടോ വീട്ടിൽ?"

author-image
Civic Chandran
New Update
civic chandran, poem, malayalam poem

ഒറ്റയ്ക്ക് തിരിച്ചുപോകരുത്

ഭാര്യയുടെ ചിതയ്ക്ക് തീ കൊളുത്തി തലതാഴ്ത്തി

വീട്ടിലേയ്ക്ക് തിരിച്ചു വന്നിട്ടുണ്ടോ?

മരിച്ചവരെത്ര ഭാഗ്യവാന്മാ,രവർക്ക് വിഷക്കോപ്പയിലെ

ബാക്കി കൂടെ കുടിച്ചു വറ്റിക്കേണ്ടതില്ലല്ലോ.

വേര് പറിഞ്ഞ് കമിഴ്‌ന്നടിച്ച് വീണുകിടക്കുന്ന

മക്കളെ നോക്കിയാണാദ്യം ദൈവമേ എന്ന് വിളിച്ചത്.

കോടി പുതച്ചവൾ അവസാന യാത്രയ്ക്കായി

ഒരുങ്ങിക്കിടന്ന ഉമ്മറക്കോലായയല്ലിത്.

പുല കുളിച്ചീറനായി കയറി വരുന്ന ഞാനും

പഴയ ഞാനാണെന്നാരു പറഞ്ഞു?

                                                                2

വിവാഹ മോചന ഹരജിയിലൊപ്പിട്ട് കൂട്ടുകാരനെ

വിധിക്ക് വിട്ട് തിരിച്ചെത്തിയിട്ടുണ്ടോ വീട്ടിൽ?

അവളുടെ കണ്ണൊന്ന് നിറഞ്ഞിരുന്നെങ്കിലാ-

വിരലുകളൊന്ന് വിറച്ചിരുന്നെങ്കിൽ, ഹാ!

പിന്തുടരുന്നല്ലോ തെരണ്ടിവാലാലടികിട്ടിയ

നായയെപ്പോലയാളുടെ തേങ്ങൽ...

ആദ്യത്തെ ഒരൊറ്റ ഉമ്മയാലെന്നെ അടിമുടി

പൂത്ത ചെമ്പകമാക്കിയ കൂട്ടുകാരാ...

ഒന്നൂടി നീയെന്റെ കണ്ണിൽ നോക്കിയിരുന്നെങ്കി

ലെനിക്കാ ഒടുക്കത്തെ ഒപ്പിടാനാവുമായിരുന്നില്ലല്ലോ.

കതിർമണ്ഡപത്തിൽ നിന്ന് വലതുകാൽ വെച്ചുകയറിയ

പഴയ മണവാട്ടിയിതാ വിവാഹമോതിരമൂരിവച്ചിങ്ങനെ...

ഇനി അച്ഛനില്ലാത്ത ഈ മോനെ സ്വന്തമുപ്പും ചോറും

തേടുന്നവനായി വളർത്തിയെടുക്കണമല്ലോ...

 3

സ്വന്തം സംഘത്തെ പിരിച്ചുവിട്ട് മഴപ്പാതിരയ്ക്കേതോ

പക്ഷിയുപേക്ഷിച്ച കൂടുമായി തിരിച്ചെത്തിയിട്ടുണ്ടോ വീട്ടിൽ?

നിങ്ങൾ, നിങ്ങളായത് ആ കൂട്ടായ്മ,യിരുതലയ്ക്കും

തീ കൊളുത്തിയ പകലിരവുകളിലൂടെ

പിൻവാങ്ങുന്ന തിരയുടെ മുകളിലായതിനാൽ അലക്കു-

കല്ലിലടിച്ച പൂങ്കുല പോലെ ചിതറുകയല്ലാതെ മറ്റെന്ത്?

അതിനാൽ മാത്രം സ്വന്തം സഖാക്കളെ പിന്നിലുപേക്ഷിച്ച്

മുടിയിഴകളിലുപ്പും കാൽനഖങ്ങളിൽ ചെളിയുമായി...

കൈവിലങ്ങുയർത്തി മുദ്രാവാക്യമലറി വീട്ടിൽ നിന്നിറങ്ങിയ

പഴയ ഗറില്ല ഏത് ഫ്രീക്കന്റെ ടീ ഷർട്ടിലിപ്പോൾ?

യുദ്ധത്തിൽ തോറ്റിട്ടും പഴങ്കഥ പറയാൻ കളത്തി-

ലുപേക്ഷിക്കപ്പെട്ട ദുരന്ത കഥാപാത്രത്തെപ്പോലെ ഞാൻ.civic chandran, poem, malayalam poem

4

ഘടികാരം നിലച്ചത് കൃത്യം ഒന്നേ മുപ്പത്തിയൊമ്പതിന്

വെളളമൊഴുക്കിക്കൊണ്ടുപോയതറിഞ്ഞതേയില്ല

മുങ്ങിത്താഴുന്നവരെ രക്ഷപ്പെടുത്തിയത് കടപ്പുറത്ത് നിന്ന്

കുതിച്ചെത്തിയ വീരരെന്നറിഞ്ഞത് പിന്നീടെപ്പോഴോ

സമനില തെറ്റിയ മധ്യവയസ്കയെപ്പോലെയാദ്യം

തന്നെ ഉമ്മവെച്ചവനെ തേടിയോടുകയായിരുന്നു പുഴ.

ദുരിതാശ്വാസ ക്യാമ്പിലായിരുന്നിതുവരെ, ദാ, തിരിച്ചു

പോകുന്നിപ്പോൾ വീട്ടിലേയ്ക്ക്, പക്ഷേ, ഏത് വീട്?

ദുഷ്ടൻ ദൈവമമ്പലമേലാപ്പിനേക്കാൾ ശിരസ്സു-

യർത്തിയ സ്വപ്നങ്ങളെല്ലാം തകർത്ത് കഴിഞ്ഞല്ലോ.

ഒറ്റയ്ക്കു തിരിച്ചു പോകരുതെന്നറിയാം വീട്ടിലേയ്ക്കതാ-

പഴയ വീടല്ലയേതോ, പ്രാകൃത ജീവിയുടെ അസ്ഥികൂടം.

തിരിച്ചുപോകുന്ന ഞാനോ, പഴയ ഞാനല്ല, യുഗങ്ങ-

ളുറങ്ങിയെണീറ്റ ഏതോ പഴയ കോമാളി.

അതിനാൽ വരൂ, പുഴകളെ, മഴകളേ, കാടുകളേ,

കടലേ, ഇലകളേ, പൂക്കളേ, ശലഭങ്ങളേ വരൂ

ചീവീടുകളേ, തവളകളേ, മണ്ണിരകളേ, അണ്ണാറക്കണ്ണ-

ന്മാരേ, വാലുകുലുക്കിപക്ഷികളെ, പച്ചിലപ്പാമ്പുകളേ വരൂ.

കൂടെ വരൂ മരിച്ചേ പോയ മുത്തശ്ശീ- മുത്തശ്ശന്മാരേ,

അച്ഛനമ്മമാരേ, പ്രിയതമേ, കാമുകിമാരേ, സഖാക്കളേ.

നിങ്ങളൊരുമിച്ചേ തിരിച്ചുപോകൂ ഞാനിതുനമ്മുടെ

പ്രളയാനന്തര ഭൂമി മലയാളത്തിന്റെ ഗൃഹപ്രവേശം.

Poem Malayalam Writer Poet

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: