/indian-express-malayalam/media/media_files/uploads/2019/12/jacob-5.jpg)
എല്ലാ ക്രിസ്തുമസിനും ഞാന്‍ സോഫിയെ ഓര്‍ക്കും. സോഫി എന്നെ ഓര്‍ക്കുന്നുണ്ടാവുമോ..? അറിയില്ല. ക്രിസ്തുമസ് ഓര്‍മ്മകളുടേതാണ്. മഞ്ഞിന്റെ തണുപ്പുളള ഓര്‍മ്മകള്‍. സോഫി അയച്ച ക്രിസ്തുമസ് കാര്‍ഡുകള്‍ മേശവലിപ്പില്‍ നിന്നുമെടുത്ത് മേശവിരിപ്പില്‍ വെച്ചു. അമ്മ മറിയത്തിന്റെയും ഉണ്ണിയീശോയുടെയും ഓമനമുഖങ്ങള്‍, മഞ്ഞുവീണ വഴിയും നക്ഷത്രങ്ങളും, പുല്‍ക്കൂടും ആട്ടിടയന്മാരും, ക്രിസ്തുമസ് ട്രീയും വര്‍ണ്ണബലൂണുകളും, റോസാപ്പൂക്കളും വെളളരിപ്രാവുകളും, വയലിന്‍, ക്രിസ്തുമസ് കെയ്ക്കും വീഞ്ഞും... എല്ലാത്തിലും മനോഹരമായ ഇംഗ്‌ളീഷിലുളള ആശംസാവചനങ്ങളുമുണ്ട്. അതിനു താഴെ സോഫി എന്ന് ഗ്‌ളിറ്റര്‍ പെന്‍ കൊണ്ട് ചരിച്ചെഴുതിയ ഒപ്പ്. ഇപ്പോള്‍ സോഫിയുടെ ക്രിസ്തുമസ് കാര്‍ഡുകള്‍ വരാറേയില്ല.
ക്രിസ്തുമസ് കാര്‍ഡുകള്‍ ഓര്‍മ്മകളുടെ സ്‌നേഹാശംസകള്‍. 'ജിംഗിള്‍ ബെല്‍സ്, ജിംഗിള്‍ ബെല്‍സ്' പാടി രാവില്‍ മലകയറി വീടുകളിലെത്തുന്ന കരാള്‍ പാട്ടുകാരെപ്പോലെ സുഖമുളള ഒരോര്‍മ്മ. പക്ഷേ ഇപ്പോള്‍ ക്രിസ്തുമസ് കാര്‍ഡുകള്‍ പണ്ടത്തെപ്പോലെ ആര്‍ക്കും കിട്ടാറില്ലല്ലോ. ഒരു ക്രിസ്തുമസിന് സോഫിയ അയച്ച കാര്‍ഡു തുറക്കുമ്പോള്‍ പാട്ടു കേള്‍ക്കുന്ന ക്രിസ്മസ് കാര്‍ഡായിരുന്നു. അവളിപ്പോള്‍ എവിടെയാവും. കെന്നിയങ്കിള്‍ എവിടെയാവും?
സോഫീ, നിന്നോര്‍മ്മകള്‍ മഞ്ഞായി ഈ രാവില്‍ പൊഴിയുന്നു.
ഈ ജനാലകള്‍ തുറന്നാല്‍ കാണാം സോഫിയുമൊന്നിച്ച് കരോള്‍ സംഘത്തിനൊപ്പം പാടിപ്പോയ കുന്നിന്‍ വഴി. മഞ്ഞു വീണ വഴികളിലൂടെ 'അത്യുന്നതങ്ങളില്‍ മഹത്വം. ഭൂമിയില്‍ മനുഷ്യര്‍ക്ക് സമാധാനം' പാടി നടന്ന ക്രിസതുമസ് രാവുകള്‍... അനന്തതയില്‍ നിന്നും ലഭിച്ച അനര്‍ഘനിമിഷങ്ങള്‍ പോലെ മനോഹരമായ ദിവസങ്ങള്‍. മഞ്ഞിന്റെ നീലഛവി കലര്‍ന്ന കുന്നുകളില്‍ നിന്നും വന്ന തണുത്ത നനുത്ത കാറ്റില്‍ ജാലകവിരികള്‍ ഇളകി. ക്രിസ്തുമസ് ഓര്‍മ്മകളുടേതാണ്...
പത്താം ക്‌ളാസിലെ ക്രിസ്തുമസിനാണ് കെന്നിയങ്കിളിനൊപ്പം ഷാരോണ്‍ വില്ലയിലേക്ക് സോഫി വന്നത്. ഗോവയില്‍ നിന്നാണ് വന്നത്. അമ്മച്ചി അപ്പച്ചനോട് പറയുന്നതു കേട്ടാണ് സോഫി വന്നകാര്യം രാവിലെ അറിഞ്ഞത്.
'ദേ..അപ്പുറത്തെ കെന്നി ഗോവേന്ന് വന്നു, കൂടെ സോഫിമോളുമുണ്ട്. കെന്നി ഗോവക്കാരി ഭാര്യയോട് പിണങ്ങി വന്നിരിക്കുകയാണ്. ഇടയ്ക്കിടയ്ക്ക് ഉള്ളതാണീ പണക്കം. വന്നപ്പോഴെ കുടി തുടങ്ങി. ഇന്നലെ രാത്രി വന്ന കാറുകാരനോട് നല്ല വഴക്കായിരുന്നു. ഇനിയിപ്പോ കുറച്ചുദിവസത്തേക്ക് ഷാറോണ്‍വില്ലയിലെ ടീച്ചറമ്മയ്ക്ക് പണിയായി. ക്രിസ്മസ് കഴിഞ്ഞേ പോക്കുള്ളെന്നാ തോന്നുന്നെ.'
അമ്മച്ചി പറയുന്നതൊന്നും അപ്പച്ചന്‍ ശ്രദ്ധിക്കുന്നതേയില്ല. കെന്നിയെ താന്‍ പണ്ടേ എഴുതിതള്ളിയതാണെന്ന മട്ടില്‍ ഹെര്‍ക്കുലീസ് സൈക്കിളിന്റെ പെഡല്‍ബോക്‌സിലേക്ക് ഓയിലൊഴിക്കുന്നതിലായിരുന്നു അപ്പച്ചന്റെ ശ്രദ്ധ. പക്ഷേ അമ്മച്ചി പറയുന്നതത്രയും ഞാന്‍ രണ്ടു ചെവിയും കൊടുത്തു കേട്ടു. ഷാരോണ്‍ വില്ലയിലെ പൂന്തോട്ടത്തില്‍ സപ്പോട്ടമരങ്ങളുടെ ചുവട്ടില്‍ പോള്‍ക്കാഡോട്ടുകളുളള മഞ്ഞ ഫ്രോക്കണിഞ്ഞ് നില്‍ക്കുന്ന സോഫിയെ ഞാന്‍ ഇരുകണ്ണുകളും വിടര്‍ത്തി നോക്കി നിന്നു. സോഫിയെ നോക്കി നില്‍ക്കുന്ന എന്നെ കെന്നിയങ്കിള്‍ കണ്ടു.
/indian-express-malayalam/media/media_files/uploads/2019/12/jacob-1.jpg)
'ഹേയ് യങ്ങ് മാന്‍ കം ഹിയര്‍...'
വിളി കേട്ട ഭാഗത്തേക്ക് നോക്കിയപ്പോള്‍ കെന്നിയങ്കിള്‍ വിളിക്കുന്നു. പുകയുന്ന സിഗരറ്റുണ്ട് കയ്യില്‍. കോഴിവാലന്‍ ചെടികളും ബൊഗേന്‍വില്ലയും ചെമ്പരത്തിച്ചെടികളും അതിര്‍വിരിക്കുന്ന വേലിത്തലപ്പിലൂടെ നൂണ്ട് ചരല്‍ മുറ്റത്തൂടെ നടന്ന് കാപ്പികപ്പും കൈയ്യില്‍ പിടിച്ച് സിഗരറ്റ് വലിച്ചുകൊണ്ടു നില്‍ക്കുന്ന അങ്കിളിന് അടുത്തെത്തി.
'യു ഹാവ് ബിക്കം സോ ടോള്‍ ആന്‍ഡ് ഹാന്‍ഡ്‌സം.'
അങ്കിളെന്നെ ചേര്‍ത്തുപിടിച്ചു. റമ്മും കാപ്പിയും കൂടിക്കുഴഞ്ഞ മണം.
'ലാസ്റ്റ് ടൈം നിന്നെക്കാണുമ്പം നീയൊരു എലിക്കുഞ്ഞായിരുന്നു. വെരി, വെരി സ്മാള്‍, ലൈക്ക് എ സ്മാള്‍ ബ്രാറ്റ്...ഹഹഹ,'ചിരിച്ചു കൊണ്ട് കെന്നിയങ്കിള്‍ പറഞ്ഞു. പിന്നെ എന്നെ ചേര്‍ത്തു പിടിച്ചു കൊണ്ട് സോഫിയുടെ അടുത്തേക്ക് നടന്നു.
'സോഫി മോള്‍ ലുക്ക് ഹിയര്‍. ദിസ് ഈസ് റോയി. ദി നെക്‌സറ്റ് ഡോര്‍ ബോയി. ഹി ഈസ് യുവര്‍ ന്യു ഫ്രണ്ട്. എ ക്രിസ്മസ് ഫ്രണ്ട്.'
സോഫിയുടെ കണ്ണുകള്‍ ആദ്യമായി എന്ന നോക്കി. വെണ്ണ പോലുളള കവിളുകളും പഴുത്തു തുടങ്ങുന്ന ചാമ്പങ്ങാ പോലുളള ചുണ്ടുകളും ഞാവല്‍പ്പഴം പോലുളള കണ്ണുകളും. സോഫിയുടെ മുഖത്തു നിന്നും ഞാന്‍ ലജ്ജയോടെ കണ്ണെടുത്തു. സോഫി എനിക്ക് ഷേയ്ക്ക്ഹാന്‍ഡ് തന്നു. ഇളം തണുപ്പുളള കുഞ്ഞുകൈകള്‍. പൂച്ചക്കുഞ്ഞിന്റെ പതുപതുപ്പ്.
'സോ യങ്ങ് മാന്‍. ടേക്ക് യുവര്‍ ഗോവന്‍ ഫ്രണ്ട് എറൗണ്ട് ആന്‍ഡ് ഇന്‍ട്രഡൂസ് അവര്‍ നെയ്ബര്‍ഹുഡ്. എടോ ഇവളെ ഇവിടെയൊക്കെ കൊണ്ട് നടന്ന് കാണിക്കെടോ...'
ഞങ്ങള്‍ ഇരുവരെയും ഗാര്‍ഡനില്‍ വിട്ടിട്ട് അങ്കിള്‍ വീടിനകത്തേക്ക് കയറിപ്പോയി. സോഫിയും ഞാനും കുറെ നേരം ഒന്നും മിണ്ടാതെ നിന്നു. ചെറിയ ആമ്പല്‍ക്കുളത്തിലേക്ക് ശൂശുവെക്കുന്ന ബാലന്റെ ശില്പത്തില്‍ നിന്നും വീഴുന്ന ജലധാരയുടെ ശബ്ദം. സോഫിയാണ് ആദ്യം സംസാരിച്ചത്. ഇംഗ്‌ളീഷില്‍ പറഞ്ഞതില്‍ ചിലതൊക്കെ എനിക്കു മനസ്സിലായി. എനിക്ക് തിരിച്ചൊന്നും പറയാന്‍ കഴിഞ്ഞില്ല. ഒമ്പതാം ക്‌ളാസിലാണ് സോഫി പഠിക്കുന്നത്.
/indian-express-malayalam/media/media_files/uploads/2019/12/jacob-2.jpg)
പൂന്തോട്ടത്തില്‍ നിന്ന് ഞങ്ങള്‍ സംസാരിക്കുമ്പോള്‍ ടീച്ചറമ്മ വന്ന് ബ്രേക്ക്ഫാസ്റ്റിന് വിളിച്ചു. മൊസ്സേക്ക് ചെയ്ത തണുത്ത നിലങ്ങള്‍, ഭിത്തികളിന്മേല്‍ ചട്ടത്തിലിട്ട ചിത്രങ്ങള്‍, വലിയ പൂപാത്രങ്ങള്‍, എല്ലാത്തിലുമുണ്ട് ഒരു പ്രത്യേക ക്രിസ്തീയ ഭംഗി. ടിവിയും വിസിആറും ഇരിക്കുന്ന സ്വീകരണമുറിയില്‍ വില കൂടിയ കാര്‍പ്പെറ്റാണിട്ടിരിക്കുന്നത്. ഭിത്തിയിലെ വലിയ വലുപ്പത്തില്‍ അന്ത്യഅത്താഴത്തിന്റെ പെയിന്റിംഗുണ്ട്. ഡൈനിംഗ് ടേബിളില്‍ കെയ്ക്കും പാലപ്പവും കോഴിക്കറിയും പൂവന്‍പഴവും കാപ്പിയും ബ്രെഡും ജാമും നിരന്നിരുക്കിന്നിടത്തേക്ക് എന്നെയും ടീച്ചറമ്മ ക്ഷണിച്ചിരുത്തി. ബ്രെഡില്‍ ചുവന്ന നിറത്തിലൂളള ജാം തേച്ച് സോഫി കഴിക്കുന്നത് ഞാന്‍ കൗതുകത്തോടെ നോക്കിയിരുന്നു. കെന്നിയങ്കിളിന്റെ മുറിയില്‍ നിന്നും ജിം റീവ്‌സിന്റെ ക്രിസ്തുമസ് പാട്ടുകള്‍ ഒഴുകിയെത്തി.'ആന്‍ ഓള്‍ഡ് ക്രിസ്മസ് കാര്‍ഡ്' എന്ന പാട്ടിനൊപ്പം കെന്നിയങ്കിളും തന്റെ ചിലമ്പിച്ച ശബ്ദത്തില്‍ പാടുന്നുണ്ട്.
ബ്രേക്ക്ഫാസ്റ്റിനു ശേഷം ഞാനാദ്യം സോഫിയെ അക്ക്യൂഡക്ട് കാണിക്കാന്‍ കൊണ്ടു പോയി. പച്ച വയല്‍ക്കടലിനു മുകളിലൂടെ ഒരു പെരുമ്പാമ്പു പോലെ നീണ്ടുകിടക്കുന്ന അക്ക്യൂഡക്ട് പാലത്തിലൂടെ സോഫിയെ മുന്നിലിരുത്തി സൈക്കിള്‍ ചവിട്ടി. ഏതോ വിദേശ ഷാംപൂവിന്റെ സൗരഭ്യമുളള സോഫിയുടെ മുടികള്‍ വൃശ്ഛിക കാറ്റില്‍ പറന്ന് എന്റെ മുഖത്തേക്ക് വീണു. സോഫി ചിരിക്കുന്നുണ്ടായിരുന്നു. ഗോവയില്‍ അവള്‍ സ്‌ക്കൂളില്‍ പോകുന്നത് സൈക്കിള്‍ ചവിട്ടിയാണ്. അക്ക്യൂഡക്ട് കടന്ന് വയലിനരികില്‍ സൈക്കിള്‍ നിര്‍ത്തി ഞങ്ങളുടെ ഇടവകപ്പള്ളിയിലേക്ക് സോഫിയ്‌ക്കൊപ്പം നടന്നു കയറി. പള്ളി മുറ്റത്ത് ക്രിസ്തുമസ് ട്രീയും പുല്‍ക്കൂടും. കുറെ നേരം പളളിമുറ്റത്തിരുന്നു. ദേവാലയ മുറ്റത്തു നിന്ന് നോക്കിയാല്‍ താഴ്‌വാരമാകെ കാണാം. ഈ വഴിയാകുമോ സമ്മാനപ്പൊതികളുമായി ക്രിസ്തുമസ് അപ്പൂപ്പന്‍ നടന്നു വരുന്നത്.
പിറ്റേന്ന് ഷാരോണ്‍വില്ലയുടെ മുറ്റത്തുളള കാറ്റാടിമരത്തില്‍ കെന്നിയങ്കിളിന്റെ നേതൃത്വത്തില്‍ ഞങ്ങള്‍ ക്രിസ്തുമസ് ട്രീയൊരുക്കി. വര്‍ണ്ണക്കടലാസുകള്‍ കൊണ്ട് ഞാനൊരു നക്ഷത്രമുണ്ടാക്കി സോഫിയ്ക്ക് സമ്മാനിച്ചു. ടീച്ചറമ്മ പഴയ ക്രിസ്മസ് കാര്‍ഡുകള്‍ കൊണ്ടൊരു മാല തീര്‍ത്ത് ക്രിസ്മസ് മരത്തിലിട്ടു. കെന്നിയങ്കിളിനെ ഇടതടവില്ലാതെ റമ്മും കേയ്ക്കും മണത്തു. പിന്നീടുളള ദിവസങ്ങളില്‍ ഗായകസംഘത്തിനൊപ്പം ഞാനും സോഫിയും കെന്നിയങ്കിളും കൂടി. മഞ്ഞുവീണ വഴികളില്‍ പാടിപ്പോകുന്ന ഗായകസംഘത്തിനൊപ്പം കുന്നുകളിലെ വീടുകള്‍ കയറിയിറങ്ങി. പാതിവഴിയില്‍ വെച്ച് കെന്നിയങ്കിള്‍ വേഷം മാറി ക്രിസ്മസ് പപ്പായായി. ഞാനും സോഫിയും കൈകോര്‍ത്ത് രാവഴിയിലൂടെ നടന്നു. 'ഹാപ്പി ക്രിസ്മസ്... മെറി ക്രസ്മസ്...' ആരൊക്കെയോ അലറി വിളിച്ചു.
/indian-express-malayalam/media/media_files/uploads/2019/12/jacob-3.jpg)
ക്രിസ്തുമസിന്റെ തലേ രാത്രി കെന്നിയങ്കിള്‍ വീട്ടിലൊരു പാര്‍ട്ടിയൊരുക്കി. പകല്‍ മുഴുവന്‍ ഞങ്ങള്‍ വീടാകെ അലങ്കരിച്ചു. വര്‍ണ്ണക്കടലാസുകളും മിനുങ്ങ് ലൈറ്റുകളും വാതിലുകളിലും ജാലകങ്ങളിലും തൂക്കിയിട്ടു. ചെറിയ ചെറിയ നക്ഷത്രങ്ങള്‍ കൊണ്ട് തോരണമുണ്ടാക്കി. ടീച്ചറമ്മ വലിയ മെഴുകുതിരക്കാലുകള്‍ നാട്ടുന്ന കാന്‍ഡില്‍ബ്രയില്‍ പുതിയ വലിയ വര്‍ണ്ണ മെഴുകുതിരികള്‍ നാട്ടി. കെന്നിയങ്കിള്‍ വീടിനുളളിലെ ചെറിയ ക്രിസ്തുമസ് ട്രീയില്‍ ക്രിസ്മസ് സോക്‌സുകളില്‍ സമ്മാനങ്ങള്‍ നിറച്ചു വെച്ചു. ക്രിസ്തുമസ് അലങ്കാരങ്ങള്‍ പൂര്‍ത്തിയായ വീടിനു മുമ്പില്‍ എന്നെയും സോഫിയെയും നിര്‍ത്തി കെന്നിയങ്കിള്‍ ഫോട്ടോയെടുത്തു.
കെന്നിയങ്കിള്‍ ക്രിസ്തുമസ് പാര്‍ട്ടിയ്ക്ക് അപ്പച്ചനെയും അമ്മച്ചിയെയും ക്ഷണിച്ചെങ്കിലും അപ്പച്ചന്‍ വന്നില്ല. കെന്നിയുടെ പാട്ടും കൂത്തുമെന്ന് പറഞ്ഞ് മൂപ്പിലാന്‍ ബീഡിയ്ക്ക് തീ കൊളുത്തി അരപ്‌ളേസിലിരുന്നു. അമ്മച്ചി ടീച്ചറമ്മയ്‌ക്കൊപ്പം കൂടി അതിഥികള്‍ക്ക് വിരുന്ന് വിളമ്പി. കെന്നിയങ്കിളിന് നാട്ടില്‍ വളരെ കുറച്ച് ഫ്രണ്ട്സേയുളളു. എല്ലാവരും നല്ല ലഹരിയിലാണ്. ജിം റീവ്‌സിന്റെ 'സൈലന്റ് നൈറ്റ് ഹോളി നൈറ്റിനൊപ്പം' പലരും താളമിട്ട് കാലുകള്‍ ചലിപ്പിച്ചു. സോഫി ചുവപ്പ് ഫ്രോക്കൊക്കെ ഇട്ട് ക്രിസ്മസ് ക്യാപൊക്കെ തലയില്‍ ചൂടി അതിഥികള്‍ക്കിടയിലൂടെ നടന്നു. കെന്നിയങ്കിള്‍ സോഫ്റ്റ്ഡ്രിങ്കെന്ന് പറഞ്ഞ് എനിക്ക് റം കലര്‍ത്തിയ കോള നിര്‍ബന്ധപൂര്‍വ്വം തന്നു. അത് കുടിച്ചു കഴിഞ്ഞപ്പോഴേക്കും എനിക്ക് ഡാന്‍സ് ചെയ്യണമെന്നു തോന്നി. സോഫിയോടൊത്ത് ഞാന്‍ ഡാന്‍സ് ചെയ്തു. ശരിക്കും സോഫിയാണ് എന്നെയുമൊത്ത് ഡാന്‍സ് ചെയ്തത്. ഇംഗ്‌ളീഷ് ഡാന്‍സ്. വിരുന്നിനെത്തിയവര്‍ കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചു. ഡാന്‍സിന് ശേഷം ഞാന്‍ കുഴഞ്ഞു വീണു ഛര്‍ദ്ദിച്ചു. പാതിരാവില്‍ വീട്ടിലെത്തിയപ്പോള്‍ അപ്പച്ചന്റെ കൈ അമ്മച്ചിയുടെ കവിളത്ത് വീണു.
പിറ്റേന്ന് ക്രിസ്തുമസ് ദിനം മുഴുവന്‍ ഞാന്‍ തല ചൊരുക്കി കട്ടിലില്‍ കിടന്നു. വീട്ടിലും ഷോരോണ്‍ വില്ലയിലും ഒരുക്കിയ ക്രിസ്മസ് വിരുന്നിനൊന്നും പങ്കെടുക്കാന്‍ കഴിഞ്ഞില്ല. പിറ്റേ ദിവസം മധ്യാഹ്നത്തിൽ ഞാന്‍ ഷാരോണ്‍ വില്ലയിലെത്തി. വിരുന്നുകാരൊഴിഞ്ഞ തീന്‍മേശയില്‍ തലേന്ന് പകുത്ത കെയ്ക്കിന്റ കഷണങ്ങള്‍ സോഫിയെനിക്കു തന്നു. ടീച്ചറമ്മയും കെന്നിയങ്കിളും അവരവരുടെ മുറിയില്‍ ഉച്ചയുറക്കത്തിലാണ്. സോഫിയും ഞാനും കൂടി രണ്ടാം നിലയിലെ മലകളിലേക്ക് തുറക്കുന്ന ജാലകത്തിലെ പാരപ്പെറ്റിലിരുന്നു. ഗോവയിലെ ക്രിസ്മസ് പാര്‍ട്ടികളെക്കുറിച്ച് സോഫി പറഞ്ഞു കൊണ്ടിരുന്നു. അവിടെ അവളുടെ മമ്മയും ഗ്രാന്‍ഡ്മായുമൊക്കെ വൈന്‍ കുടിക്കുമത്രെ... ഫെനി അവള്‍ രുചിച്ചിട്ടുണ്ട്. ബീച്ചിലും റോഡിലുമെല്ലാം വീഞ്ഞിന്‍ ലഹരിയാണ് ക്രിസ്തുമസിന്. സോഫി പറയുന്നതും കേട്ടിരിക്കാന്‍ നല്ല രസം. പൊട്ട ഇംഗ്‌ളീഷില്‍ ഞാന്‍ പറയുന്ന കാര്യങ്ങള്‍ കേട്ടവള്‍ ചിരിക്കുന്നുണ്ട്. ചിരിക്കുമ്പോള്‍ സോഫിയെ കാണാന്‍ നല്ല രസമാണ്. സോഫി ഗോവയിലെ വീട്ടില്‍ മമ്മ പാടുന്ന ഒരു ഇംഗ്‌ളീഷ് പാട്ട് പാടി. പാട്ട് തീര്‍ന്നതും സോഫിയെന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു. എന്നിട്ടവള്‍ അതിവേഗം താഴേക്കിറങ്ങിപ്പോയി കെന്നിയങ്കിളിന്റെ മുറിയില്‍ കയറി കതകടച്ചു. ശുന്യതയിലെന്നവണ്ണം ഞാന്‍ കുറെ നേരം ജനാലയ്ക്കല്‍ നിന്നു. പിന്നെ നിശബ്ദമായ തണുത്ത തളങ്ങളിലൂടെ നടന്ന് വീട്ടിലേക്ക് വന്നു. അന്നു രാത്രിയെനിക്ക് ഉറക്കം വന്നില്ല.
/indian-express-malayalam/media/media_files/uploads/2019/12/jacob-4.jpg)
പിറ്റേദിവസം രാവിലെ അമ്മച്ചി എന്നെ അതിരാവിലെ ഉറക്കപ്പായില്‍ നിന്നും വിളിച്ചുണര്‍ത്തി.
'എടാ എണീക്ക് ദേ സോഫിമോളു വന്നിരിക്കുന്നു... അവര് പോവാടാ'
'ഇത്ര പെട്ടെന്നോ?'
എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. മുറ്റത്ത് യാത്രയ്‌ക്കെന്നെവണ്ണം വൃത്തിയായി വസ്ത്രം ധരിച്ച് സോഫി. ഇത്തവണ ജീന്‍സും ടീഷര്‍ട്ടുമാണ്. ഇടവഴിയിലെ വാടകക്കാറിന്റെ ഫ്രണ്ട് സീറ്റില്‍ കെന്നിയങ്കിള്‍. എന്നോടും അമ്മച്ചിയോടും യാത്ര പറഞ്ഞ് സോഫി കാറിനടുത്തേക്ക് നടന്നു. അപ്പച്ചനും കൈവീശി. കാറ് മെല്ലെ കാഴ്ചയില്‍ നിന്നും മറഞ്ഞു. സോഫി കൈവീശിക്കൊണ്ടേയിരുന്നു.
അടുത്ത വര്‍ഷം സോഫിയുടെ ആദ്യത്തെ ക്രിസ്തുമസ് കാര്‍ഡ് വന്നു. ഇപ്പോള്‍ ക്രിസ്തുമസ് കാര്‍ഡുകള്‍ വരാറില്ല. പുറത്തിപ്പോള്‍ മഞ്ഞ് പെയ്യുന്നുണ്ട്. കുന്നിന്‍ചരുവില്‍ ഒരു ക്രിസ്തുമസ് നക്ഷത്രം. ജനാലയിലൂടെ ഞാനാ നക്ഷത്രം നോക്കി നിന്നു. സോഫിയെന്നെ ഓര്‍ക്കുന്നുണ്ടാകുമോ...?
സോഫി അയച്ച ക്രിസ്തുമസ് കാര്‍ഡുകള്‍ ഓരോന്നായി ഞാന്‍ മേശ മേല്‍ നിരത്തി വെച്ചു. എല്ലാ കാര്‍ഡുകളിലും 'മൈ ഡിയര്‍ റോയി' എന്നാണെഴുതിയിരിക്കുന്നത്. ചിലതിലൊക്കെ 'മൈ ഡിയറസ്റ്റ്' എന്നെഴുതിയിരിക്കുന്നു. സോഫി എന്നോട് എന്തെങ്കിലും പറയാന്‍ ശ്രമിച്ചിരുന്നോ..? അറിയില്ല. കിഴക്കേ മലകളുടെ ചരുവില്‍ നക്ഷത്രങ്ങള്‍ പൊലിയുന്നത് ജനാല തുറന്നാല്‍ കാണാം. താരകരാവില്‍ ദിവ്യമായ അനുഭൂതി പോലെ മഞ്ഞ് പെയ്യുന്നു. കുന്ന് കയറി വരുന്നുണ്ട് കരോള്‍ സംഘം... താഴ്വാരം കയറിയെത്തുന്ന പാട്ടുകാരെ കാത്തു നില്‍ക്കുമ്പോള്‍ താരകങ്ങള്‍ ആകാശത്ത് സോഫിയുടെ പേരെഴുതുന്ന പോലെ എനിക്കു തോന്നി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us