പണ്ട് പണ്ട് ഇവിടെ, ഈ ഐ ടി കമ്പനി ഇരിക്കുന്നിടം കോട്ടയായിരുന്നു. മുഗൾ ചക്രവർത്തി ബഹദൂർ ഷായുടെ കോട്ട. ബ്രിട്ടീഷുകാർ കോട്ട ഇടിച്ചുനിരപ്പാക്കി. പിന്നീട് ഇവിടം ശവപ്പറമ്പായി. മരിച്ചവരെയും കൊല്ലപ്പെട്ടവരെയും അനാഥരെയും സനാഥരെയും കുഴിച്ചിട്ട സമത്വസുന്ദരഭൂമി. ഇപ്പോഴും ഐ ടി കമ്പനിയുടെ കൂറ്റൻ കെട്ടിടങ്ങൾക്കു ചുറ്റും പൊട്ടിപ്പൊളിഞ്ഞ ശവകുടീരങ്ങളും പൂപ്പൽ പിടിച്ച മീസാൻ കല്ലുകളും യുഗങ്ങളിലൂടെ ഒഴുകി തളർന്ന നരച്ച വെയിലിൽ ചിതറിക്കിടക്കുന്നു.

ആലസ്യത്തിൽ അനിത ശവകുടീരത്തിൽ കിടന്നു. വെയിലിന്റെ വെള്ളിയിഴകൾ നരച്ച ആകാശത്ത് പതറി അലയുകയാണ്. അവൾ എണീറ്റ് ഒരു സിഗരറ്റിന് തീകൊളുത്തി, നീല ജീൻസ് വലിച്ചുകയറ്റി. അയാൾ എപ്പോഴേ പോയിരിക്കുന്നു. ഉണക്കപ്പുല്ലിൽ ഞെരിഞ്ഞമർ ന്നിട്ടാവും തുടയ്ക്ക് പിൻവശം നീറുന്നു. ഒരു കാട്ടുപോത്തിന്റെ കരുത്തായി രുന്നു അയാൾക്ക്. കൂറ്റൻ കാറ്റാടിമരങ്ങൾക്കും വയസ്സൻ കശുമാവിനും ഇടയിലൂടെ കടന്നുവന്ന കാറ്റിന് കടലിന്റെ മണവും ഓളങ്ങളുടെ കരുത്തുമായിരുന്നു. ക്യാബിനിലെ കമ്പ്യൂട്ടർ ഷട്ട് ഡൗൺ ചെയ്യാതെ ഒഴിഞ്ഞ സീറ്റിനു മുന്നിൽ വരയും കുറിയും തീർത്ത് മുരളുകയാവും. തിരക്കിട്ടുനടന്നു.

വൈകിട്ട് മോണിറ്ററിൽ പടവെട്ടുന്ന അക്ഷരങ്ങളെയും അക്കങ്ങളെയും പൂട്ടി അനിത കാർ സ്റ്റാർട്ട് ചെയ്തു. പബ്ബിലേക്ക് പോകാം. പബ്ബിൽ തിരക്കില്ലായിരുന്നു. മേശയിൽ നുരയിടുന്ന ബിയർ കലർന്ന വിസ്‌കി നുണഞ്ഞ് ഇരുന്നു. ചുവടുവെക്കാറുള്ള പെൺകുട്ടികൾ ചായം തേച്ച ചുണ്ടുകളിൽ അലസതയും നഗ്‌നതുടകളിൽ താളമില്ലാതെയുമായി നിന്നു. മൂലയിലെ മുക്കാലൻ മേശയ്ക്ക് ചുറ്റും കാഫ്കയും സാർത്രും കാമുവും ഇരുന്നിരുന്നു. അവർ മദ്യം മൊത്തിയും ചൂടുചോളം കൊറിച്ചും സംഭാഷണങ്ങൾക്കിടയിലെ ഇടവേളകൾ സജീവമാക്കി. മൂവരും നരച്ച കോട്ടും പൂപ്പൽ പിടിച്ച ഷൂസുകളുമാണ് ധരിച്ചിരുന്നത്.cherian k joseph ,story

സാർത്രെ തുളുമ്പിപ്പോയ മദ്യക്കോപ്പ നോക്കി നെടുവീർപ്പിട്ടു. ജീവിതം നമ്മുടെ വാക്കുകൾ പൊട്ടിച്ച് പെറ്റുകൂട്ടുന്നു. കാഫ്ക പൊട്ടിച്ചിരിച്ചു. അവരുടെ തലകൾക്കു മുകളിൽ ക്ലോക്കിലെ തുരുമ്പിച്ച നാവ് ചിലച്ചു കൊണ്ടേയിരുന്നു. അമ്മയുടെ ശവത്തോടുകൂടെ അപരിചിതനായ വയസ്സനൊപ്പം, നിസ്സംഗനായി, സാക്ഷിയായി സെമിത്തേരിയിലേക്ക് നടന്ന മേർസോൾ ഇപ്പോൾ എന്റെ ശവം പൊതിയുന്ന ഈച്ചകളെ നോക്കി പൊട്ടിച്ചിരിക്കുന്നു. അൽബേർ കാമു വേദനയോടെ പറഞ്ഞു. അപ്പോൾ കാഫ്കയ്ക്കും സാർത്രിനുമിടയിലൂടെ വലിയൊരു ഈച്ച പാറിനടക്കുകയാ യിരുന്നു.

വേച്ചുവേച്ചു നടക്കുന്ന കാൾ മാർക്‌സിനു മുൻപേ ശബ്ദമുയർത്തി നീഷേ കടന്നുവന്നു. പൊള്ളയായ പൊട്ടിച്ചിരിയോടെ അയാൾ ഒരു കോപ്പ റം കുടിച്ചു വറ്റിച്ചു. പിന്നെ ചിറി തുടച്ചു പറഞ്ഞു. “ദൈവത്തെ ഞാൻ കൊന്നു. പക്ഷേ, ദൈവം അതിജീവിച്ചു. എന്റെ തലച്ചോറിലെ ഞരമ്പുകൾ കൂട്ടിക്കുഴച്ച്, അസ്വസ്ഥതകൾ പെരുകി ഞാൻ അലയുകയാണ് സഖാക്കളെ.” ആരും ഒന്നു പറഞ്ഞില്ല. “സ്റ്റേറ്റ് വിൽ വിതർ എവേ” മാർക്‌സ് ആവർത്തിച്ചുകൊണ്ടേയിരുന്നു. തന്റെ പ്രത്യയശാസ്ത്രത്തിൽ വാടാത്ത തായി എന്തെങ്കിലുമുണ്ടോ താടിക്കാരൻ സഖാവേ?. അങ്ങനെ കോഴി മൂന്നാംവട്ടവും കൂവി.cherian k joseph ,story

കൊളമ്പിയയിൽ ജോസ് അർക്കാഡിയോയുടെ വീട്ടുമുറ്റത്ത് തുടിച്ചുയർന്ന ചെമ്പൂവ് വിടർത്തി, കൊക്കുയർത്തി പിടകൾക്കു മേൽ മദിച്ചുനടന്ന പൂവൻകോഴി ഇപ്പോൾ ബാറിന്റെ ചില്ലുവാതിൽ തള്ളിത്തുറന്ന ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ ബലിഷ്ഠമായ കൈകളിൽ പിടയുകയാണ്. നമുക്കിവനെ ഉപ്പ് കുറച്ച്, മുളക് കൂട്ടി വേദനയിൽ പൊരിച്ചുതിന്നാം സഖാക്കളെ.. ഡാൻസ് പെണ്ണുങ്ങൾ ഉഷാറോടെ ചുവടുവെച്ചു. മാർകേസ് തന്റെ മാജിക് ഡപ്പിയിൽ താളമിടവെ, ജോസ് അർക്കാഡിയോയുടെ നീളമേറിയ ലിംഗം പബ്ബിലെ നേർത്ത സംഗീതത്തിൽ, തണുത്ത തറയിലൂടെ ഇഴയാൻ തുടങ്ങി.

പബ്ബിൽ നിന്ന് അനിത ഇറങ്ങിയത് ഇരുൾ ചുരുൾ നിറഞ്ഞ് വാടിത്തുട ങ്ങിയ സന്ധ്യയിലേക്കാണ്. ഫ്‌ളാറ്റിൽ ബെല്ലടിച്ചിട്ടും അനക്കമില്ല. താഴെ നിന്ന് നോക്കിയപ്പോൾ ബാൽക്കണിയിയൽ മോനുവിനെ കണ്ടിരുന്നു. പതിവുപോലെ അവൻ ഐഫോണിൽ കണ്ണുകൾ കുരുക്കി സ്‌ക്രീനിൽ വിരലുകൾ ഓടിക്കുകയായിരുന്നു. സ്‌കൂൾ വിട്ടുവന്നാൽ അവനെന്നും താക്കോലെടുത്ത് ഡോർ തുറന്ന്, ബാഗ് മൂലയ്‌ക്കെറിഞ്ഞ് ഐഫോൺ തപ്പിയെടുക്കും.

കൂറ്റൻ കെട്ടിടങ്ങൾക്കിടയിൽ, ആകാശത്തിന്റെ ചെറുതുണ്ടു പോലും കാണാനാവാത്ത ബാൽക്കണിയിൽ, ഏകാന്തതയുടെ മാറാല നിറയുമ്പോ ൾ ഫോൺഗെയിമിൽ, ചാറ്റിൽ അവൻ ഒഴുകും. പുന്നെല്ലിന്റെ മണം അവൻ അറിഞ്ഞിട്ടില്ല. വെയിൽനുറുങ്ങുകൾക്കൊപ്പം പാറിക്കളിക്കുന്ന പൂമ്പാറ്റകളെയും തുമ്പികളെയും കണ്ടിട്ടില്ല.

എവിടെയോ കുഞ്ഞ് കരയുന്നു. നിർത്താതെ, തോരാതെ കുഞ്ഞ് കരയുന്നു. പുലരിയുടെ മഞ്ഞ് കീറി, പൂക്കളുടെ സുഗന്ധം മറച്ച്, കിളികളുടെ പാട്ട് മുക്കി കുഞ്ഞ് കരഞ്ഞുകൊണ്ടേയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Literature news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ