മലയാള നോവല്‍ സാഹിത്യം പുതിയ വഴികള്‍ തേടുന്ന കാലമാണിത്. നോവല്‍ എന്ന വ്യവഹാര രൂപത്തിലാണ് ഇപ്പോള്‍ പരീക്ഷണങ്ങള്‍ ഏറ്റവും ഫലപ്രദമായി നടക്കുന്നത്. വായനയുടെ പുതിയ അനുഭൂതി തലങ്ങളിലേക്ക് കൊണ്ടുപോവുമ്പോള്‍ തന്നെ അവയില്‍ പലതും ജ്ഞാനം, അന്വേഷണം, വൈകാരികത തുടങ്ങിയ മാനുഷിക ചോദനകളെ വേണ്ടവിധം സംതൃപ്തിപ്പെടുത്തുന്നുമുണ്ട്. പല മുന്‍കാല നോവലുകളെയും പോലെ ഏതെങ്കിലും സാമൂഹ്യ ജീവിത സ്ഥലികളെ കേവലപരിചയപ്പെടുത്തല് നടത്തി പിന്‍വാങ്ങുകയല്ല ഇത്തരം കൃതികള്‍ ചെയ്യുന്നത്. അവ വായനക്കാരെ വായനയ്ക്കപ്പുറമുള്ള വിശാലമായ ചിന്താലോകത്തേക്ക് അവര്‍ പോലുമറിയാതെ കൊണ്ടുപോയി അസ്വസ്ഥപ്പെടുത്തുകയോ അത്ഭുതപ്പെടുത്തുകയോ ചെയ്യുന്നു. അങ്ങനെയൊരു വായന തരുന്ന നോവലാണ് ദേവദാസ് വി.എം ന്റെ ‘ചെപ്പും പന്തും’.
രണ്ടു ഭാഗങ്ങളിലായാണ് നോവലിസ്റ്റ് കഥ പറയുന്നത്. ഒന്ന് ചെപ്പാണെങ്കില് മറ്റേത് പന്ത്. ‘അചേതനവും പരസ്പര ബന്ധമില്ലാത്തതുമായ രണ്ടു വസ്തുക്കളാണ് ചെപ്പും പന്തും. എന്നാല്‍ അവ കൂടിച്ചേരുമ്പോള്‍, ചരിത്രത്തിലെ തന്നെ ഏറ്റവും പഴകിയതും എന്നാല്‍ ഇപ്പോഴും ഏവരെയും ആകര്‍ഷിക്കുന്നതുമായ ജാലവിദ്യ സംഭവിക്കുന്നു’ എന്ന് നോവലിസ്റ്റ് തന്നെ പുസ്തകത്തിന്റെ ആമുഖത്തില്‍ സൂചിപ്പിക്കുന്നുണ്ട്. പുസ്തകത്തിലെ രണ്ടദ്ധ്യായങ്ങളിലും സമാനതകള്‍ വളരെ കുറച്ചേയുള്ളൂ എന്നു കാണാം. രണ്ടുകാലം, രണ്ടുവിധം ജീവിതാവസ്ഥ, എന്നിട്ടും എവിടെയൊക്കെയോ അവ അദൃശ്യമായ ചരടുകളാല്‍ ബന്ധിക്കപ്പെട്ടതുപോലെ ഒരു തോന്നല്‍ വായനക്കാരില്‍ സൃഷ്ടിക്കാന്‍ നോവലിന് കഴിയുന്നു എന്നിടത്താണ് ഈ നോവലിസ്റ്റ് തന്റെ എഴുത്തിന്റെ മാന്ത്രികമായ കയ്യടക്കം കൊണ്ട് വായനക്കാരെ അത്ഭുതപ്പെടുത്തുന്നത്.
കാസർകോടും കോഴിക്കോടും ചെന്നെയിലുമായി വികസിക്കുന്ന ആദ്യഭാഗം ഉബൈദ് എന്ന കൗമാരക്കാരനില്‍ നിന്ന് തുടങ്ങി ഉബൈദ് എന്ന യുവാവില്‍ അവസാനിക്കുന്നു. ഉബൈദിന്റെ ജീവിതക്കാഴ്ച്ചകളില്‍ പതിയുന്ന ദൃശ്യങ്ങളിലൂടെ ഏതാണ്ട് അര നൂറ്റാണ്ടു മുമ്പത്തെ ഈ നഗരങ്ങളിലെ ദൈനംദിന ജീവിതാവസ്ഥകള്‍ വായനക്കാര്‍ക്ക് മുമ്പില്‍ ചലച്ചിത്രത്തിന്റെ വ്യക്തതയോടെ തെളിയുന്നത് കാണാം. കോഴിക്കോട് നഗരത്തില്‍ ചെരിപ്പുകട നടത്തുന്ന ശാന്താറാം മാണിക് സേഠിന്റെ കടയിലെ ജോലിക്കാരനായി കൗമാരകാലത്ത് എത്തിച്ചേരുന്ന ഉബൈദ്, സേഠിന്റെ കൂടെ പിന്നീട് പരിചാരകനായി മദിരാശിയിലെ തിരുവള്ളുവര്‍ തെരുവിലെ ലക്ഷ്മിയക്കയുടെ മൂന്നാം നമ്പര്‍ വീട്ടില്‍ താമസിക്കുന്ന കാലത്തെ അനുഭവങ്ങളിലൂടെയാണ് നോവലിന്റെ ആദ്യഭാഗം സഞ്ചരിക്കുന്നത്. കാണുന്നതും അനുഭവിക്കുന്നതുമെല്ലാം അവന് പുതിയ കാഴ്ചകളും തിരിച്ചറിവുകളുമാവുന്നത് അവിടെ വെച്ചാണ്. പക്ഷെ, പലതിനും അവനു വ്യക്തമായ ഉത്തരങ്ങള്‍ കിട്ടുന്നുമില്ല.
കോഴിക്കോട്ടങ്ങാടിയില്‍ സാമാന്യം നല്ല നിലയില്‍ നടന്നുപോന്നിരുന്ന ചെരുപ്പുകട ഒഴിഞ്ഞുകൊടുത്ത് ചെന്നെയില്‍ ഈ വാടക വീട്ടില്‍ വന്നു താമസിക്കാന്‍ സേഠിനെ പ്രേരിപ്പിച്ചത് അയാളുടെ പ്രണയമാണ്. മധ്യവയസ്ക്കനായ സേഠ് വെറും ആറുദിവസത്തെ പരിചയം കൊണ്ട് എങ്ങനെയാണ് ചെറുപ്പക്കാരിയായ ഫാത്തിമാബീഗത്തിന്റെ മനസ്സില്‍ കയറിക്കൂടിയതെന്ന കാര്യമാണ് അവന്റെ ആശ്ചര്യം. സേഠ് മാന്ത്രിക ശക്തിയുള്ള ജിന്നാണെന്നുപോലും ചിലപ്പോള്‍ അവന് കരുതിപ്പോവും. ഫാത്തിമയുടെ ആങ്ങളയും അയാളുടെ സുഹൃത്ത് വെട്രിവേലും കൂടി സേഠിനെയും ഫാത്തിമയെയും ആക്രമിക്കാനെത്തുന്ന സന്ദര്‍ഭത്തില്‍ അതിനെ തടയാന്‍ ശ്രമിച്ച ഉബൈദ് വെട്രിവേലിന്റെ ഒരു കണ്ണ് അടിച്ചുപൊട്ടിക്കുന്നു. ഫാത്തിമ അബദ്ധത്തില്‍ വെട്രിവേലിന്റെ കുത്തേറ്റു മരിക്കുന്നതോടെ സേഠ് അവളുടെ ഓര്‍മകളുമായി അവള്‍ക്കിഷ്ടപ്പെട്ട പാട്ടും കേട്ട് ജീവിതം വെറുതെ തള്ളിനീക്കുകയാണ്. ഹൃദ്രോഗിയായ സേഠിനെ വിട്ടുപോവാന്‍ ഉബൈദിനു കഴിയുന്നില്ല. വെട്രിവേല്‍ തിരിച്ചുവരുമെന്നും തന്നോട് പ്രതികാരം ചെയ്യുമെന്നും അയാള്‍ക്കറിയാം. ഒടുവില്‍ അങ്ങനെയൊരു ദിവസം വന്നെത്തുന്നു. അതിനെ ഉബൈദ് നേരിടുന്നത് അപ്പോള്‍ കിട്ടിയ ബുദ്ധി ഉപയോഗിച്ചാണ്. പിന്നീട് ഉബൈദിനു എന്ത് സംഭവിച്ചു എന്ന് നോവലിസ്റ്റ് പറയുന്നില്ല. ‘മറീനാ കടപ്പുറത്ത് കടലും നിലാവും നോക്കിയിരുന്ന ഉബൈദിനെ പിന്നീടാരും കണ്ടതേയില്ല’ എന്ന് പറഞ്ഞ് കാലത്തില്‍ നിന്ന് ഒരു മാന്ത്രികവിദ്യയിലെന്ന പോലെ നോവലിസ്റ്റ് ഉബൈദിനെ പിന്‍വലിക്കുന്നു.
ഇങ്ങനെ ദുരൂഹമായ അപ്രത്യക്ഷമാകലിന്റെ അനേകം സന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും നോവലിലുണ്ട്. ഉബൈദ്. സേഠിനോടൊപ്പം താമസിക്കുമ്പോഴും പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം മുകുന്ദന് എന്ന ക്ലാര്‍ക്ക് തന്റെ ഒറ്റയാള്‍ ജീവിതം അവിടെ തള്ളിനീക്കുമ്പോഴും അവിടേക്കെത്തുന്ന കന്നടഭാഷയില്‍ എഴുതിയ കത്തിലെ നായിക അങ്ങനെയൊരു ദുരൂഹതയാണ്. ഭാനുമതിയായും സുധയായും വളര്മതിയായും അവള് രൂപം മാറുന്നത് ഉത്തരം കിട്ടാത്ത ചോദ്യമായി വായനക്കാരെ കുഴയ്ക്കുന്നു. അതുപോലെത്തന്നെയാണ് ബാറില്‍ വെച്ച് മുകുന്ദന് പരിചയപ്പെടുന്ന മജീഷ്യന്‍ പറയുന്ന ഇന്ദ്രയും. ജാലവിദ്യക്കാരന്റെ പ്രകടനത്തില്‍ ഭാഗഭാക്കാവുന്ന മുകുന്ദന് അയാള്‍ വിവരിച്ച ഇന്ദ്ര എന്ന ബുദ്ധിമതിയായ പെണ്‍കുട്ടി വെറുമൊരു ഇല്യൂഷന്‍ മാത്രമാണെന്ന തോന്നലാണ് ഉണ്ടാവുന്നത്.
നോവലിന്റെ ആദ്യഭാഗത്ത് 1979 മുതല്‍ 1984 വരെയും രണ്ടാം ഭാഗത്ത് 2008 മുതല്‍ 2015 വരെയുമുള്ള കാലമാണ് ചിത്രീകരിച്ചിട്ടുള്ളത്. രണ്ടുകാലത്തെയും അതിലെ യഥാര്‍ത്ഥ സംഭവങ്ങളുമായി കൂട്ടിയിണക്കി അവധാനതയോടെ സമീപിക്കുന്നുണ്ട് നോവലിസ്റ്റ്. ഉബൈദിന്റെ ഭൂതകാലത്തെ അവന്റെ ഓര്‍മകളിലൂടെ ഇതള്‍വിടര്‍ത്തുമ്പോള്‍ പഴയ കോഴിക്കോടിന്റെയും കാസര്‍കോടിന്റെയും ചിത്രം അതിന്റെ യഥാര്‍ത്ഥ നിറങ്ങളോടെ അവതരിപ്പിച്ചതായി കാണാം. മാപ്പിള കവി ഉബൈദ് പോലും അവിടെ അതിഥി റോളില്‍ വന്നുപോവുന്നുണ്ട്. എല്‍.ടി.ടി.ഇ തീവ്രവാദികള്‍ രംഗപ്രവേശം ചെയ്യുന്ന പഴയ മദിരാശിയെക്കുറിച്ച് ചില സൂചനകള്‍ വായനക്കിടയില്‍ വന്നുപോവുന്നുണ്ട്. ഡാം തുറന്നുവിട്ടതിനാല്‍ വെള്ളത്തിനടിയിലായിപ്പോയ പുതിയ കാലത്തെ ചെന്നൈ നഗരം രണ്ടാം ഭാഗത്ത് കാണാം. അങ്ങനെ സംഭവങ്ങളെ കാലവുമായി ബന്ധിപ്പിച്ചുകൊണ്ട് നീങ്ങുമ്പോഴും രണ്ടുകാലത്ത് വ്യത്യസ്തരായ രണ്ടുപേര്‍ താമസിച്ച ഒരേ മുറിയെ കേന്ദ്രീകരിച്ചു കൊണ്ട്, ഒരു ഇന്ദ്രജാലക്കാരന്റെ കൈവഴക്കത്തോടെ രണ്ടുകാലത്തെ കഥാപാത്രങ്ങളെയും സംഭവങ്ങളെയും ഒരു മാന്ത്രികച്ചെപ്പിലടച്ചു പ്രദര്‍ശിപ്പിക്കുന്നു ദേവദാസ്. അതുകൊണ്ടുതന്നെതന്നെ ഇന്ദ്രജാലം കണ്ടിറങ്ങുമ്പോള്‍ ഒരാള്‍ക്ക് തോന്നുന്ന ഇനിയും തെളിഞ്ഞുകിട്ടാത്ത ചില ദുരൂഹതകള്‍ വായനയ്ക്ക് ശേഷവും നമ്മെ അസ്വസ്ഥപ്പെടുത്തിക്കൊണ്ട് വിടാതെ പിന്തുടരുന്നുവെങ്കില് ആശ്ചര്യപ്പെടാനില്ല.
അപ്രത്യക്ഷമാക്കലിന്റെയും വീണ്ടെടുക്കലിന്റെയും കലയാണ് ജാലവിദ്യ. പന്ത് ഏതു ചെപ്പിലാണ് ഒളിപ്പിച്ചത് എന്ന വിസ്മയമാണ് അതിന്റെ കാതല്‍. അത് കണ്ടുപിടിക്കണമെങ്കില്‍ ബുദ്ധിപരമായ അദ്ധ്വാനം വേണം. അലസമായ വായനയ്ക്ക് വഴങ്ങാത്ത ഒരു ശരീരമാണ് ‘ചെപ്പും പന്തും’ എന്ന നോവലിന്റേത് എന്നതിനാല്‍ ബുദ്ധിപരമായ ആ അദ്ധ്വാനത്തിന് സന്നദ്ധതയുണ്ടെങ്കിൽ മാത്രമേ ഈ നോവല്‍ വായനാക്ഷമമാവുകയുളളൂ.