scorecardresearch

വാഴ്‌വ് തേടുന്ന ചാവുനിലം

ഫിക്ഷന്റെ അനന്തസാധ്യതകളെ ഉപയോഗിച്ചിട്ടുളള നോവലുകളെ കാലം മറവിയുടെ ഭണ്ഡാരത്തിൽ നിന്നും മോചിപ്പിക്കും എന്നതിന്റെ തെളിവാണ് ചാവുനിലം.

ഫിക്ഷന്റെ അനന്തസാധ്യതകളെ ഉപയോഗിച്ചിട്ടുളള നോവലുകളെ കാലം മറവിയുടെ ഭണ്ഡാരത്തിൽ നിന്നും മോചിപ്പിക്കും എന്നതിന്റെ തെളിവാണ് ചാവുനിലം.

author-image
Rahul Radhakrishnan
അപ്‌ഡേറ്റ് ചെയ്‌തു
New Update
chavunilam,pf mathews, novel, malayalam,

ഭ്രമാത്മകസൗന്ദര്യം മലയാളിയുടെ ഭാവനയെ എന്നും പ്രചോദിപ്പിച്ചിരുന്നു. വന്യതയിലും തീക്ഷ്ണതയിലും അശാന്തമായ ജീവിതങ്ങൾക്ക് പലപ്പോഴും ദിഗ്ഭ്രമം സംഭവിച്ചു സ്വയം നഷ്ടപ്പെടുന്ന അവസ്ഥയിൽ എത്തുകയാണ് പതിവ്. ഇത്തരം സാഹചര്യങ്ങളെ ഭാവനാഭൂപടങ്ങളിൽ പ്രതിഷ്ഠിക്കുകയെന്നത് എഴുത്തുകാരന്റെ വെല്ലുവിളിയാണ്. മാജിക്കൽ റിയലിസത്തിന്റെ സങ്കീർണമായ സാദ്ധ്യതകളെ ഉപയോഗിച്ച്, വ്യത്യസ്തമെങ്കിലും തികച്ചും നമ്മുടേതുതന്നെയെന്നു പറയാവുന്ന ഒരനുഭവപരിസരത്തിൽ നിന്നുകൊണ്ട് സൗന്ദര്യത്തിന്റെ ഔന്നത്യങ്ങളെ പ്രാപിക്കാൻ സാധിച്ചിട്ടുള്ള അപൂർവം ചില മലയാള രചനകളിലൊന്നായിരുന്നു പി. എഫ് മാത്യൂസിന്റെ ചാവുനിലം. എഴുത്തിന്റെ സാമ്പ്രദായിക നോട്ടങ്ങൾ ഉപേക്ഷിച്ചു കൊണ്ട് തീക്ഷ്ണമായ വികാരങ്ങളുടെ ആഖ്യാനത്തെ അവതരിപ്പിക്കുന്ന നോവലാണ് ചാവുനിലം . ഇരുപത് വർഷം മുൻപ് പ്രസീദ്ധികരിച്ച ഈ നോവൽ എന്ത് കൊണ്ട് വായനാസമൂഹം വേണ്ടവിധത്തിൽ ഏറ്റെടുത്തില്ല എന്നത് വിശകലനം ചെയ്യേണ്ട വസ്തുതയാണ്. ലോകസാഹിത്യത്തിന്റെ വിഭിന്നരുചികൾ ആസ്വദിച്ചിരുന്ന മലയാളി വായനക്കാരിൽ പലരും ഈ പുസ്തകത്തെ വായിക്കുകയോ അറിയുകയോ ചെയ്തിരുന്നില്ല എന്നത് അത്ഭുതരമായ വസ്തുതയാണ്.

Advertisment

pf mathews, rahul radhakrishnan, malayalam novel

സൗന്ദര്യത്തെപ്പറ്റി ചിന്തിക്കുമ്പോൾ മനുഷ്യൻ ഇരുണ്ട വിചാരങ്ങളിലൂടെ കടന്നു പോകുന്നുവെന്ന് യൂക്കിയോ മിഷിമ ദ് ടെംപിൾ ഓഫ് ഗോൾഡൻ പവലിയൻ ( The Temple of Golden Pavilion) എന്ന നോവലിൽ സൂചിപ്പിക്കുന്നുണ്ട്.അന്ധകാരത്തിന്റെ ആഴിയിലൂടെ നീന്തിക്കൊണ്ട് അസ്വസ്ഥത നിറഞ്ഞ മനസ്സിനെ ആശ്വസിപ്പിക്കാനാണ് ചാവുനിലത്തിലെ കഥാപാത്രങ്ങൾ ശ്രമിക്കുന്നത്. സ്ഥലകാല ബന്ധങ്ങളെക്കുറിച്ചുള്ള പരമാർശങ്ങൾ അധികമില്ലാത്ത നോവലിൽ എല്ലാം പാഴ്നിലത്തിലേക്ക് ചുരുക്കപ്പെട്ടിരിക്കുന്നു. (കടവിൽ മരപ്പാലം പണി തുടങ്ങിയിരിക്കുന്ന കാര്യം മാത്രമേ തുരുത്തിനെ കരയുമായി ബന്ധിപ്പിക്കുന്ന സൂചനയായി നോവലിൽ പരാമര്‍ശമുളളൂ.) ഇരുട്ട് നിറഞ്ഞ ലോകത്തു കടക്കാൻ ആരും ഇഷ്ടപ്പെടാറില്ലല്ലോ. ഇരുട്ടിന്റെ ലോകത്തെ അസ്വസ്ഥതകളും വേദനകളും പൊള്ളലുകളും എങ്ങനെയാണെന്നതു സങ്കൽപ്പത്തിനുമപ്പുറമാണ്.

സ്ഥലവും കാലവും സന്നിവേശിക്കുന്ന ആഖ്യാനമാകുന്നു നോവലെന്ന പരമ്പരാഗത വ്യവസ്ഥ, ചാവുനിലത്തിൽ വഴി മാറി സഞ്ചരിക്കുന്നു.. പാഴ്നിലം എന്ന പ്രദേശത്തെ കേന്ദ്രമാക്കി എഴുതിയ നോവലിൽ കഥാപാത്രങ്ങളേക്കാൾ പാഴ്നിലത്തിനാണ് പ്രസക്തി. എന്നാൽ അത് ദേശപ്പെരുമ വിളിച്ചോതുന്ന "ദേശത്തിന്റെ" ആഖ്യാനം ആവുന്നുമില്ല. പ്രദേശത്തിന്റെ വേരുകൾ കേരളീയ സമൂഹത്തിൽ നിന്നും മറ്റെവിടെക്കെങ്കിലും പറിച്ചു നടാൻ അതിനാൽ എളുപ്പവുമാണ്. മാത്രമല്ല യാഥാസ്ഥിതിക സാമൂഹിക പരിസരങ്ങളോ ഭരണകൂട അനുശാസനങ്ങളോ രാഷ്ടീയ നിലപാടുകളോ ചാവുനിലത്തിൽ ചർച്ച ചെയ്യപ്പെടുന്നുമില്ല . ദേശത്തെ ഭാവനാതീതമായ ലോകമാക്കി മാറ്റിക്കൊണ്ട് അതിന്റെ സ്വഭാവവൈജാത്യങ്ങളെ ഭ്രമാത്മകതയാക്കുക എന്ന പരീക്ഷണത്തിനാണ് പി എഫ് മാത്യൂസ് മുതിരുന്നത്.

കാലത്തിന്റെ നാഴികകല്ലുകൾ സൂചിപ്പിക്കാതെ തന്നെ പാഴ്ല‌നിലമെന്ന ഭൂപ്രകൃതിയുടെ തീച്ചൂളകളെയാണ് നോവലിൽ അവതരിപ്പിക്കുന്നത്. ലൈംഗിക അരാജകത്വവും വികാരവിക്ഷോഭങ്ങളും കഥാപാത്രങ്ങളുടെ ദാർശനികവ്യഥയായി പരിണമിക്കുകയാണ്. വസൂരിയുടെ വിത്തുകൾ പാഴ്‌നിലത്തിലെ മണ്ണിന്റെ വളക്കൂറിലേക്ക് എത്തിയതും അവിടത്തെ അന്തേവാസികളുടെ പാപവിചാരം കൊണ്ട് തന്നെയായിരിക്കണം. ദീനം കാറ്റ് പോലെ സഞ്ചരിച്ച് ഒരു വിലാപമായി മാറുകയായിരുന്നു. മരണത്തിന്റെ മ്ലാനത നിറഞ്ഞ മുഖങ്ങൾ അതിനും സാക്ഷ്യം വഹിക്കാൻ എത്തി. രോഗത്തിന്റെ കാഠിന്യത്താൽ അബോധാവസ്ഥയിലായ ഈശി എന്ന കഥാപാത്രം, ക്രിസ്ത്യാനികളുടെ സെബസ്ത്യാനോസ് പുണ്യാളനും ഹിന്ദുക്കളുടെ കാളിയും സഹോദരീസഹോദരന്മാരാണെന്ന് വരെ സംശയിക്കുന്നുണ്ട്. ഉൽക്കടമായ പാപബോധം തീക്ഷ്ണമായ അസ്വസ്ഥതയ്ക്കും അരാജകത്വത്തിനും വഴി തെളിയിക്കുന്ന പരിണാമദൂരങ്ങളാണ് പാഴ്‌നിലവാസികൾ താണ്ടുന്നത്, അരാജകത്വവും പാപസങ്കല്പ്പവും പരസ്പരപൂരകങ്ങളാവുന്ന നിർഭാഗ്യകരമായ സാഹചര്യമാണ് ഇവിടെ ഉരുത്തിരിയുന്നത്. അതൊരു ഡിസ്‌റ്റോപ്യൻ (Dystopian) ലോകത്തിലേക്ക് അവരെ എത്തിക്കുന്നു. അങ്ങനെ നോക്കുമ്പോൾ ഹുവാൻ റൂൾഫോയുടെ നോവലായ പെദ്രോപരാമോയിലെ പ്രേതഭൂമിയായ കൊമാല പോലെ അശാന്തിയുടെയും അസന്തുഷ്ടിയുടെയും ലോകമാണ് ചാവുനിലത്തിലേതും

Advertisment

chavunilam, malayalam news, malayalam novel

പതിനേഴു കുടുംബങ്ങൾ മാത്രം ജീവിച്ചിരുന്ന തുരുത്തിലേക്ക് തയ്യൽക്കാരൻ മിഖേലാശാൻ വരികയും പുല്ലു പോലും പൊടിക്കാത്ത കണ്ണെത്താദൂരം വ്യാപിച്ചു കിടക്കുന്ന പാഴ്നിലം കൈവശപ്പെടുത്തുകയും ചെയ്യുന്നതോടെയാണ് പാഴ്നിലമെന്ന ചാവുനിലം പിറവിയെടുക്കുന്നത്. പാഴ്നിലത്തിൽ മോഹിച്ചു പോകുന്ന മിഖേലാശാൻ അവിടെ താമസമുറപ്പിച്ചു കൊണ്ട് ആ തുരുത്തിന്റെ ഉടയോനായി മാറുകയായിരുന്നു. കുഷ്ഠം പിടിച്ച അനാഥശവങ്ങളുടെ വിശ്രമസ്ഥലമായ പാഴ്നിലത്തിൽ വെച്ച് കണ്ടു മുട്ടിയ മറിയം ആശാന് തുണയായി മാറുന്നു. തുരുത്തിലെ ഏറ്റവും വലിയ വീട് കെട്ടാൻ ഒരുങ്ങുന്ന ആശാനെ പക്ഷേ, ജലക്ഷാമം അലട്ടുന്നു. ഒടുവിൽ മേസ്തരിമാർ ആ പാഴ്‌നിലത്തിന്റെ മുക്കിലും മൂലയിലും അഞ്ചിലത്താളിയുടെ നീര് എണ്ണയിൽ തുള്ളിതുള്ളിയായി ഇറ്റിച്ചു കൊണ്ട് പരീക്ഷണം നടത്തി ജലമുള്ള സ്ഥാനം കണ്ടു പിടിക്കുന്നു. എന്നാൽ ഈ സ്ഥാനത്തിനു ചില സങ്കീർണതകളുമുണ്ടായിരുന്നു. തുരുത്തിന്റെ ദുരിതങ്ങളെല്ലാം തുടങ്ങിയത് പാതാളക്കുളത്ത് നിന്നായിരുന്നു. മണ്ണിനടിയിലുള്ള അനാഥാത്മക്കൾക്ക് ഭൂമിയിലേക്ക് കയറി വരാനുള്ള കവാടമായിരുന്നു ആ കുളം ആത്മാക്കളുടെ കലവറയുടെ വാതിലുകൾ എന്നും അടഞ്ഞു തന്നെയിരിക്കണം എന്ന വിശ്വാസത്തെ കണക്കിലെടുക്കാതെ മിഖേലാശാൻ അവിടെ ഭൂമി തുരക്കാൻ കുളം തോണ്ടികളോട് ആവശ്യപ്പെടുകയായിരുന്നു. ഈ ആശങ്കയെ ശരിവെക്കും വിധത്തിൽ നിന്നും പണി തുടങ്ങി പതിമൂന്നാമത്തെ നാൾ പാതാളത്തിന്റെ ഇരുട്ടിൽ നിന്നും.മഹാപ്രളയം പോലെ ഉറഞ്ഞു പൊങ്ങിയ ജലം, മണ്ണ് കുഴിച്ചു കൊണ്ടിരുന്ന കുളം തോണ്ടികളായ മൂപ്പനെയും കൂട്ടാളിയായ മരുമകനെയും വലിച്ചെടുത്ത് ജലപരപ്പിനടിയിൽ സംസ്കരിക്കുകയായിരുന്നു. അതിനു ശേഷമേ ആ വെള്ളപ്പാച്ചിൽ അടങ്ങിയിരുന്നുള്ളൂ. മിഖേലാശാന്റെയും മറിയത്തിന്‍റെയും ജീവിതതാളത്തിനും കരിനിഴൽ വീഴാൻ ഈ ദു:ശ്ശകുനം കാരണമാവുകയായിരുന്നു, മറിയത്തിന്റെ തുടർച്ചയായ ഗര്‍ഭച്ഛിദ്രങ്ങൾ ഇത് ശരി വെക്കുകയും ചെയ്തിരുന്നു. ഒടുവിൽ മറിയം പേറുവിനെ പ്രസവിക്കുന്നതോടെ ഒരു വംശപരമ്പരയ്ക്ക് തുടക്കം കുറിക്കുകയായിരുന്നു പാഴ്നിലത്തിൽ.

മിഖേലാശാന്റെയും മറിയത്തിന്റെയും സന്തതിപരമ്പരകളൊന്നും നേരിന്റെ വഴിയിലോ സമാധാനപൂർണമായ ജീവിതത്തിന്റെ വഴിയിലോ നീങ്ങിയിരുന്നില്ല. അഞ്ച് ഗര്‍ഭച്ഛിദ്രങ്ങൾക്ക് ശേഷം മറിയത്തിനു ജനിച്ച പേറുവും ഈശിയും ബാർബറയും വ്യത്യസ്ത ഇടങ്ങളിലായിരുന്നു എന്നും. ഇരുട്ടിന്റെ കാളിമ പടർത്തിക്കൊണ്ട് തിന്മയെന്ന സാത്താൻ ആ പശ്ചാത്തലത്തിൽ എന്നും അദൃശ്യനായിട്ടുണ്ടായിരുന്നു. ചെന്നായയുടെ നോട്ടവും പതിഞ്ഞ നീക്കങ്ങളും ചുവന്ന കണ്ണുകളുമുള്ള പേറുവായിരുന്നു പാഴ്‌നിലത്തിലെ പാപത്തിന്റെ ആൾരൂപം. പേറുവും സഹോദരനായ ഈശിയും വിവാഹം ചെയ്തിരുന്നത് സഹോദരിമാരായ അനത്താസിയെയും പ്ലമെനയെയും ആയിരുന്നു. ഈശിയുടെ മരണശേഷം " തീക്കനലുകൾ പോലുള്ള ചുവന്ന വാകപ്പൂക്കൾക്കപ്പുറം പരന്നു കിടക്കുന്ന പാഴ്‌നിലത്തിനു നടുവിൽ ഒറ്റപ്പെട്ട മാളികയിൽ, നരകച്ചെന്നായകൾ ഓരിയിടുന്ന ഇരുട്ടിൽ പാപത്തിന്റെയും തിന്മയുടെയും പര്യായമായി പേറു വർധിതവീര്യത്തോടെ ജീവിക്കുകയായിരുന്നു.

അങ്ങനെ ഗതി കിട്ടാതെയലയുന്ന ആത്മാക്കളുടെ പുറമ്പോക്കായ പാഴ്നിലവും പരിസരങ്ങളും എപ്പോഴും അസ്വസ്ഥവും അനാദിയുമായ താളഭംഗങ്ങൾ കൊണ്ട് വിങ്ങിപ്പൊട്ടുകയും ചെയ്തിരുന്നു.

സാഹിത്യലോകത്തിലേക്ക് 'പ്രതിനോവൽ' (Antinovel) സങ്കല്പം ഉരുത്തിരിഞ്ഞു വന്നത് സാർത്രെയുടെ ' അജ്ഞാതനായ മനുഷ്യന്റെ ഛായാചിത്രം' എന്ന പഠനത്തിലൂടെയായിരുന്നു. പരമ്പരാഗതമായി നിലനിന്നു പോന്നിരുന്ന നോവലിന്റെ നിര്‍വചനങ്ങളെ എതിർത്ത് കൊണ്ട് കാലപ്രമാണങ്ങളോ ക്രമാനുഗതമായ ആഖ്യാനമോ നിശ്ചിത ചട്ടക്കൂടിൽ അനാവരണം ചെയ്യുന്ന കഥാപാത്ര നിർമ്മിതിയോ ഇല്ലാതെയുള്ള വ്യാഖ്യാനമാണ് പ്രതിനോവലിന്റെ രീതി. ചാവുനിലത്തെ നിശ്ചയമായും ഈ സാഹിത്യശ്രേണിയിൽ പെടുത്താം. കഥാപാത്രങ്ങളെ വേണ്ട വിധം വികസിപ്പിക്കാതെ പാഴ്നിലമെന്ന സ്ഥലാധിഷ്ടിത പ്രമേയം ആകുമ്പോൾ തന്നെ മാജിക്കൽ റിയലിസത്തിന്റെയും മറ്റും അഭൗമ ഭംഗി ആഖ്യാനത്തെ ദൃഡമാക്കുന്ന രീതിയിലാണ് ചാവുനിലം രൂപപ്പെടുത്തിയിരിക്കുന്നത്

chavunilam, kerala news, malayalm novel

എകാന്തമായ ധ്യാനത്തിൽ മുഴുകി ആനന്ദം കണ്ടെത്തുന്ന അവസ്ഥയാണ് വായനയിലൂടെ സാധ്യമാവുന്നത്. അബോധത്തിന്റെ തുറസ്സായ സ്ഥലങ്ങളെ പിന്തള്ളിക്കൊണ്ട് ബോധതീരത്തിലേക്ക് അടുക്കുക എന്നതാണ് വിവേകപൂർവമായ വായനയുടെ ലക്‌ഷ്യം.ലാവണ്യക്കൂട്ടുള്ള ഭാഷയിൽ സംവദിക്കുന്ന സാഹിത്യമാണ് അതിനു സഹായിക്കുന്നത്. ഫിക്ഷന്റെ അനന്തസാധ്യതകൾ നോവലിലൂടെ മാത്രമേ നേടാൻ കഴിയുകയുള്ളൂ. ആ സാധ്യതകളെ വേണ്ട വിധം പ്രയോജനപ്പെടുത്താൻ പ്രതിഭാശാലിയായ ഒരെഴുത്തുകാരനെ സാധിക്കൂ. കാലം അത്തരം നോവലുകളെ മറവിയുടെ ഭണ്ഡാരത്തിൽ നിന്നും മോചിപ്പിക്കും എന്നതിന്റെ തെളിവാണ് ചാവുനിലം.

Rahul Radhakrishnan Literature

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: