scorecardresearch

ഗൗരവമുള്ള ചില പ്രശ്നങ്ങൾ

"നമുക്ക് ഇന്ത്യൻ കോഫി ഹൗസിൽ പോയി മസാലദോശ തിന്നാം. ബാ," നിഷ പറഞ്ഞു. "എല്ലാറ്റിൽ നിന്നും രക്ഷ അതേയുള്ളൂ." ചന്ദ്രമതി എഴുതിയ കഥ

"നമുക്ക് ഇന്ത്യൻ കോഫി ഹൗസിൽ പോയി മസാലദോശ തിന്നാം. ബാ," നിഷ പറഞ്ഞു. "എല്ലാറ്റിൽ നിന്നും രക്ഷ അതേയുള്ളൂ." ചന്ദ്രമതി എഴുതിയ കഥ

author-image
Chandramathi
അപ്‌ഡേറ്റ് ചെയ്‌തു
New Update
chandramathi | story | iemalayalam

ചിത്രീകരണം : വിഷ്ണു റാം

രജിത നന്ദിനിയോട് പറഞ്ഞു "അമ്മേ, ഞാൻ സീരിയസ്സായി ഒരു കാര്യം പറയുകയാണ്. ഞാനെന്റെ ഫ്രണ്ട് നിഷയെ വിവാഹം കഴിക്കാൻ പോകുന്നു."

Advertisment

അമ്മയുടെ ശരീരം തളരും, കൈകൾ വിറയ്ക്കും എന്നൊക്കെ അവൾ പ്രതീക്ഷയോടെ നോക്കിയെങ്കിലും ഒന്നും സംഭവിച്ചില്ല. നന്ദിനിയുടെ വായ അൽപ്പം പിളരുകയും കണ്ണുകൾ വലുതാവുകയും ചെയ്തു. അത്രമാത്രം. അനങ്ങാതെ നിന്ന് നന്ദിനി മകളെ നിർന്നിമേഷം നോക്കി.

"അമ്മയ്ക്ക് ഇരിക്കണോ? വെള്ളം വേണോ?" ഏതെങ്കിലുമൊന്ന് വേണമെന്ന് അമ്മ പറയുമെന്ന് രജിത വിചാരിച്ചു. പക്ഷേ നന്ദിനി അനങ്ങിയില്ലെന്ന് മാത്രമല്ല, തന്നെ പിടിക്കാൻ വന്ന രജിതക്കൈകളെ തട്ടിമാറ്റുകയും ചെയ്തു.

"ഓക്കെ, വേണ്ടെങ്കിൽ വേണ്ട." രജിത പിന്മാറി.

അമ്മ തലചുറ്റി വീഴുകയോ അലറിവിളിച്ച് ഹിസ്റ്റീരിക്കൽ ആകുകയോ കരണത്തടിക്കുകയോ ചെയ്യുമെന്നായിരുന്നു രജിത പ്രതീക്ഷിച്ചത്. പക്ഷേ, ഇങ്ങനെ അനങ്ങാതെ നിൽക്കുന്നതിനു പിന്നിൽ അപകടമുണ്ടാകും. ഹൃദയാഘാതമോ സ്ട്രോക്കോ ഒക്കെ വരാം. അമ്മ അനങ്ങാതെ നിൽക്കുന്നെങ്കിൽ താനും അനങ്ങാതെ തന്നെ നിൽക്കുമെന്നവൾ തീരുമാനിച്ചു.

Advertisment

നിമിഷങ്ങൾ… ഫോണിനപ്പുറത്ത് കാത്തിരിക്കുന്ന നിഷയെ രജിത ഓർത്തു. ഇവടത്തെ കടമ്പ കടന്നു എന്നറിഞ്ഞിട്ടു വേണം അവൾക്ക് അവളുടെ കടമ്പയിലേക്ക് കാലെടുത്തു വയ്ക്കാൻ.

രജിതക്ക് ആശ്വാസം പകർന്നു കൊണ്ട് നന്ദിനി ഇടറുന്ന ചുവടുകൾ വച്ച് കസേരയിലേക്കിരുന്നു. അടുത്ത കസേരയിലേക്ക് സ്വയം ക്ഷണിച്ച് ഇരുന്നുകൊണ്ട് രജിത പറഞ്ഞു.

"അമ്മേ, ഞാൻ ഡാം സീരിയസ്സാണ്. എത്ര വർഷങ്ങളായി നിഷയും ഞാനും ഫ്രണ്ട്സാണെന്ന് അമ്മയ്ക്കറിയാമല്ലോ. ഞങ്ങൾ വളരെ ആലോചിച്ചെടുത്ത തീരുമാനമാണ്. ഇതിനൊരു മാറ്റവുമില്ല. അമ്മ ഇത് ജെന്റിലായിട്ട് അച്ഛനോട് പറയണം. അച്ഛനെ പ്രിപ്പയർ ചെയ്യണം. രാത്രി ഞാൻ സംസാരിച്ചോളാം. രാജനോടും ഞാൻ പറഞ്ഞോളാം. ഓക്കേ?"

നന്ദിനി എന്തോ പറയുവാൻ ശ്രമിക്കുകയാണെന്നും ശബ്ദം പുറത്തു വരുന്നില്ലെന്നും അവൾ കണ്ടു.

"അമ്മ ടൂ ഷോക്ക്ഡ് ആണ്. ഇതു സിങ്ക് ചെയ്യാൻ സമയമെടുക്കും. ടേക്ക് യുവർ സ്വീറ്റ് ടൈം. ഞാനൊന്ന് മുറിയിലേക്കു പോകട്ടെ."

***

പെണ്ണും പെണ്ണും… പത്രങ്ങളിൽ വായിച്ചിട്ടുണ്ട്. പത്രവാർത്തകൾ സത്യങ്ങളായി സ്വന്തം കുടുബത്തിലേക്ക് കയറിവരുമെന്ന് ആരും വിചാരിക്കില്ലല്ലോ. ബസ്സിടിച്ചു മരിച്ചത് അന്യന്റെ മകൻ. ഒളിച്ചോടിപോയത് അറിയാത്തവരുടെ മക്കൾ, ഭർത്താവ് തലക്കടിച്ചുകൊന്ന ഭാര്യ, കുഞ്ഞിനെ കൊന്ന അമ്മ, ഇവരൊക്കെ അന്യർ. ഇതൊന്നും തങ്ങളുടെ കുടുംബത്തിൽ സംഭവിക്കില്ലെന്ന് എല്ലാവരും വിശ്വസിക്കുന്നു, സംഭവിക്കുന്നതുവരെ. പത്രവാർത്തകളിലെ കഥാപാത്രങ്ങൾ, പത്രവാർത്തകളിൽ തന്നെ നിൽക്കണം. അതാണ് മര്യാദ.

ഇപ്പോഴിതാ, പത്രവാർത്തയിൽ നിന്ന് കയറി വന്നതുപോലെ മകൾ പറയുന്നു, ഞാൻ നിഷയെ വിവാഹം കഴിക്കാൻ പോകുന്നു.

നിഷ അന്യയല്ല. അപരിചിതയല്ല. പ്ലസ് ടു കാലം മുതൽ രജിതയുടെ ബെസ്റ്റ് ഫ്രണ്ട്. അവർ രണ്ടു പേരും അറിയാത്തൊരു ബന്ധം അവർ തമ്മിലുണ്ടെന്ന് നന്ദിനിക്കറിയാം. ആ ബന്ധം അറിയുന്ന വേറൊരാൾ നിഷയുടെ അച്ഛനാണ്. സ്കൂള്‍ കാലം മുതലുള്ള തന്റെ ബെസ്റ്റ് ഫ്രണ്ട്!

നേരിടാൻ പോകുന്ന വിപത്ത് നന്ദിനിയെ സാവധാനം ഉലയ്ക്കാൻ തുടങ്ങി. അയൽക്കാർ, ബന്ധുക്കൾ, സഹായികൾ. ഭർത്താവിന്റെ സഹപ്രവർത്തകരും വിദ്യാർത്ഥികളും… നാണക്കേടും അപമാനവും എങ്ങനെ താങ്ങും?

ആദ്യം മുന്നറിയിപ്പുപോലെ തന്നത് അടുക്കളക്കാരി കുമാരിയാണ്. നന്ദിനി ഓർത്തെടുത്തു.നിഷയുടെ അക്കൗണ്ടൻസി പേപ്പർ പോയെന്നും താൻ പഠിപ്പിക്കാൻ പോവുകയാണെന്നും പറഞ്ഞ് രജിത അവളെ മുറിയിൽ കയറ്റി കതകടച്ചയുടനേ കുമാരി വന്നു, " മാഡം, ഇതു ശരിയല്ല. "

"എന്തു ശരിയല്ല?" നന്ദിനി ചൊടിച്ചു. "അവർ സ്കൂൾ തൊട്ട് ഒന്നിച്ചു പഠിക്കുന്നവർ, അടുത്ത സ്നേഹിതമാർ. ഇപ്പോഴിത്തിരി ട്യൂഷൻ കൊടുക്കുന്നു. അതിലെന്താ ശരികേട്?"

"അവർ കതക് കുറ്റിയിടുന്നതെന്തിനാ?"

"നമ്മുടെ ശബ്ദം ശല്യപ്പെടുത്താതിരിക്കാനായിക്കൂടെ? നിനക്കെന്താ കുമാരീ? രണ്ടും പെണ്ണുതന്നെയല്ലേ?"

"അതും നമ്മള് സൂക്ഷിക്കണം മാഡം. കാലം വല്ലാത്തതാണ്. ആണും പെണ്ണും തമ്മിൽ മാത്രമല്ല. മാഡം പേപ്പർ വായിക്കണം. ഇന്റർനെറ്റും കാണണം." അടുക്കളക്കാരി ഉപദേശിച്ചു. "നീ പോയി നിന്റെ ജോലി നോക്ക് കുമാരീ" എന്ന് ഓടിച്ചെങ്കിലും അവളുടെ അറിവിനു മുന്നിൽ അന്ന് തന്റെ തല കുനിഞ്ഞതാണ്. ഇനി അത് തറയോളം കുനിക്കേണ്ടി വരുമല്ലോ ദൈവമേ!

പിന്നീട് പലപ്പോഴും കതകു കുറ്റിയിട്ട് രജിത നിഷയ്ക്ക് അക്കൗണ്ടൻസി പറഞ്ഞു കൊടുത്തു. എന്നിട്ടും നിഷ ആ പേപ്പറിന് തോറ്റു കൊണ്ടേയിരുന്നു. കുമാരി പിന്നീടൊന്നും പറഞ്ഞില്ല. പക്ഷേ, ഇനിയവൾ തന്റെ നേർക്കുവരും. അവൾ മാത്രമല്ല, സ്നേഹിക്കുന്നവരും വെറുക്കുന്നവരും എല്ലാം വരും!

"ഞാൻ പുറത്തേക്ക് പോകുന്നു. ലഞ്ചിനുണ്ടാവില്ല." രജിത ഇറങ്ങിപ്പോയി. അവളുടെ സ്കൂട്ടറിന്റെ ശബ്ദം മുറ്റത്തുയർന്ന് അകലേക്കുപോയി.

***

ഈ വാർത്ത തന്റെ ഭർത്താവിനെ എങ്ങനെ പ്രകോപിക്കും എന്നതിനേക്കാൾ നിഷയുടെ അച്ഛൻ എങ്ങനെ പ്രതികരിക്കുമെന്നായിരുന്നു നന്ദിനിയുടെ ചിന്ത.

chandramathi | story | iemalayalam
ചിത്രീകരണം : വിഷ്ണു റാം

ദിവാകരന് രണ്ടു വർഷം മുമ്പ് ആൻജിയോഗ്രാം ചെയ്തതാണല്ലോ. നന്ദിനി അയാളെ വിളിച്ചു. "ഇപ്പോഴാരോഗ്യം എങ്ങനെയുണ്ട് ദിവാ? " "സേതുലക്ഷ്മി ഓഫീസിലേക്കു പോയോ? " എന്ന ചോദ്യങ്ങൾക്ക് "എന്റെ ഹൃദയത്തിന്റെ ആരോഗ്യമാണോ? അതൊക്കെ ഞാൻ മറന്നുപോയ കാര്യം" എന്നും "സേതു രാവിലെ പോയി ഇനിയും അവൾക്ക് ഒന്നരവർഷം കൂടിയുണ്ട് സർവീസ് " എന്നും ഉത്തരം കൊടുത്തിട്ട്, "ഒരു വലിയ സർപ്രൈസാണല്ലോ ഈ കാൾ; താനെന്താ ഇന്നെന്നെ ഓർക്കാൻ?" എന്നൊരു ചോദ്യവും കൂടി ദിവാകരൻ ചോദിച്ചു.

എന്തു മറുപടി പറയണമെന്നറിയാതെ കുഴങ്ങി നിന്ന നന്ദിനിയോട് വീണ്ടും അയാൾ പറഞ്ഞു, "സേതുവും മോളും പോയി ഈ വീട്ടിൽ ഒറ്റക്കിരിക്കുമ്പോൾ പലപ്പോഴും താനൊന്ന് വിളിച്ചിരുന്നെങ്കിൽ എന്നു ഞാനാഗ്രഹിച്ചിട്ടുണ്ട്. അങ്ങോട്ട് വിളിക്കരുതെന്നാണല്ലോ തന്റെയാജ്ഞ."

മറുതലക്കൽ വീണ്ടും നിശബ്ദതയാണെന്നു കണ്ടപ്പോൾ ദിവാകരന്റെ കാൽപ്പനികത പൊലിഞ്ഞു. "എന്താടോ? എനി പ്രോബ്ളം?"

" അത്... നിഷ എന്തെങ്കിലും പറഞ്ഞോ?"

" പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല. അവൾ തന്റെ വീട്ടിലാണല്ലോ കൂടുതൽ സമയവും. തന്നോടെന്തെങ്കിലും പറഞ്ഞോ?"

"പറഞ്ഞത് നിഷയല്ല. രജിതയാണ്."

"എന്ത്?"

ലോകത്ത് ഒരു സ്ത്രീക്ക് സംഭരിക്കാവുന്നത്രയും ശക്തി ഉള്ളിലേക്കാവാഹിച്ച് നന്ദിനി പറഞ്ഞു. "അവർക്ക് വിവാഹിതരാവണമെന്ന്," ഒന്നു നിർത്തി അവൾ കൂട്ടിച്ചേർത്തു. "അതായത് പരസ്പരം വിവാഹം കഴിക്കണമെന്ന്."

അടുത്ത നിമിഷം നന്ദിനിയുടെ ചെവിയിൽ ശക്തമായൊരു പുരുഷ ശബ്ദം പൊട്ടിച്ചിരിച്ചു. പണ്ട് തനിക്ക് ആ ചിരി എത്രയോ ഇഷ്ടമായിരുന്നുവെന്ന് നന്ദിനി ഓർത്തു. അസാമാന്യ കരുത്തുള്ള ശബ്ദമായിരുന്നു സ്റ്റേജിൽ നിന്ന് പ്രസംഗിക്കുന്ന, സ്കൂൾ യൂണിഫോമിട്ട ദിവയുടേത്. കോളേജിലും അങ്ങനെ തന്നെ. നോട്ടത്തിന്റെ തീക്ഷ്ണതയും കനത്ത ശബ്ദത്തിലുള്ള തുറന്ന ചിരിയുമായിരുന്നു തന്നെ വലിച്ചടുപ്പിച്ചത്. പക്ഷേ ഇപ്പോൾ ആ ചിരി ഇഷ്ടപ്പെടാനവൾക്കു കഴിഞ്ഞില്ല.

പ്രതികരണമില്ലാതെ വന്നപ്പോൾ ചിരി തനിയേ നിന്നു. " താനത് കേട്ട് അപ്സെറ്റായോ നന്ദൂ? എന്തു പാവമാണ് താൻ! എടോ, പരസ്പരം ഇഷ്ടം കൂടുതലായതുകൊണ്ട് രജിതമോൾ പറഞ്ഞതാവും അത്. താനത് ഗൗരവമായെടുത്തോ?"

"അല്ല ദിവാ, ഡാം സീരിയസ്സ് എന്നാണ് രജിത പറഞ്ഞത്. അവളാകെ മാറിപ്പോയി. വല്ലാത്ത ശബ്ദവും വല്ലാത്ത രീതിയും. എനിക്കും പേടിയാവുന്നു ദിവാ. നമ്മൾ പത്രങ്ങളിലൊക്കെ ഓരോന്നു വായിക്കുന്നില്ലേ?"

മറുതലക്കൽ അൽപ്പനേരം നിശബ്ദത. പിന്നെ ദിവാകരൻ പറഞ്ഞു, "നിഷ ഇവിടെയൊന്നും പറഞ്ഞിട്ടില്ല. പറയുമോന്നു നോക്കട്ടെ. ആട്ടെ, പ്രഭാകരനെന്തു പറഞ്ഞു?"

"ചേട്ടനോട് ഞാനിതുവരെ ഒന്നും പറഞ്ഞില്ല. കോളേജിൽ നിന്നു വരട്ടെ. ആദ്യം അവിടെയാകാമെന്ന് വിചാരിച്ചു."

പ്രതിസന്ധിഘട്ടങ്ങൾ ജീവിതത്തിൽ വരുമ്പോഴെല്ലാം നന്ദിനി തനിക്ക് ആദ്യസ്ഥാനം തരുന്നുണ്ടെന്ന് ദിവാകരൻ തമാശയോടെയോർത്തു. പക്ഷേ, അയാളുടെ ഉള്ളിലും അസ്വസ്ഥത വളരാൻ തുടങ്ങിയിരുന്നു.

***

"മേലാൽ ഈ വീട്ടീനു പുറത്തിറങ്ങരുത്," പ്രഭാകരൻ അലറി. "എന്തു തോന്ന്യാസവും അനുവദിച്ചുതരുമെന്ന് കരുതിയോ? ഇങ്ങനത്തെ വൃത്തികേടുകളൊക്കെ നിനക്കാരാണ് പഠിപ്പിച്ചു തന്നത്? സമൂഹത്തിൽ എനിക്കുള്ള വില എന്തെന്നാണ് നിന്റെ വിചാരം? വിഷം കുടിച്ച് ഞാനാത്മഹത്യ ചെയ്യും. എന്നിട്ടേ നിന്റെയാഗ്രഹം നടക്കൂ. പോ എന്റെ കൺമുന്നിൽ നിന്ന്. പോടീ!"

അച്ഛൻ വിയർക്കുന്നുണ്ടെന്ന് രജിത കണ്ടു. അമ്മയ്ക്കാണ് ഈ സി ജിയിൽ വേരിയേഷൻ. പക്ഷേ ഹൃദയാഘാതം അച്ഛന്റെ നേർക്കാണോ വരുന്നത്? ഏറ്റവും കൂടുതൽ ബഹളം കൂട്ടുന്നവരും കുഴഞ്ഞു വീഴുന്നവരും ഭീരുക്കളും ദുർബലരുമാണ്. ഓർമ വച്ചപ്പോൾ മുതൽ പാറയുറപ്പോടെ എന്തും നേരിടുന്ന അച്ഛൻ യഥാർത്ഥത്തിൽ ഭീരുവാണോ? അമ്മയാണോ അൽപ്പം കൂടി ധൈര്യശാലി?

ചകിതനായി രംഗം കണ്ടു നിന്നിരുന്ന രാജൻ ഒറ്റക്കുതിപ്പിന് അച്ഛന്റെ അരികിലെത്തി. "റിലാക്സ് അച്ഛാ. അച്ഛൻ വല്ലാതെ വിറയ്ക്കുന്നു. അമ്മേ ഇത്തിരി വെള്ളം." അച്ഛനെ വെള്ളം കുടിപ്പിച്ച് അവൻ രജിതയോട് പറഞ്ഞു "ചേച്ചി ഇവിടെ നിൽക്കണ്ട, അകത്ത് പോകൂ."

"എനിക്ക് പറയാനുള്ളത് പറഞ്ഞിട്ടേ ഞാൻ പോകൂ. തല്ലിയാലും കൊന്നാലും." രജിതയുടെ ശബ്ദം ഉറച്ചതായിരുന്നു. അച്ഛന്റെയടി കൊണ്ട് നീറുന്ന കവിളിൽ നിന്ന് അവൾ കൈയെടുത്തു. "നിഷയും ഞാനും, എന്തുതന്നെ സംഭവിച്ചാലും ശരി, വിവാഹം കഴിക്കും. ഒരുമിച്ച് ജീവിക്കും. നിങ്ങൾ സഹകരിച്ചാൽ ഞങ്ങൾ ഇവിടൊക്കെ തന്നെ കാണും, അല്ലെങ്കിൽ നിങ്ങളാരും ഞങ്ങളെ കാണില്ല."

"കാണണ്ടെടീ," പ്രഭാകരൻ വീണ്ടും അലറി. "നീ എവിടെയോ പൊയ്‌ക്കോ. പോയി നശിച്ചു പോ."

"നശിക്കില്ല. അന്തസ്സായിട്ട് ജീവിക്കും."

"അച്ഛനെ വിഷമിപ്പിക്കാതെ നീ മുറിയിൽ പോ" എന്ന് നന്ദിനിയും "ചേച്ചി ഒന്നു നിർത്തുമോ" എന്നു രാജനും ഉച്ചത്തിൽ പറഞ്ഞു.

"കുടുംബം നശിപ്പിക്കാനുണ്ടായ ജന്തു!" എന്നു പറഞ്ഞ് എഴുന്നേറ്റ പ്രഭാകരൻ മദ്യപരെപ്പോലെ ആടുന്നുണ്ടായിരുന്നു. വീഴാതെ രാജൻ താങ്ങിയപ്പോൾ അയാൾ അവനോടലറി "നിനക്കുമുണ്ടോടാ ഇതുപോലെ വല്ല ബന്ധവും? നിനക്കും വല്ല ആൺപിള്ളേരേം കെട്ടണോ? പറയെടാ."

നന്ദിനിയുടെ ചെവിയിൽ ഉറച്ച ശബ്ദത്തിലുള്ള പുരുഷച്ചിരി മുഴങ്ങി. എന്ത് ശാന്തമായാണ് ദിവ സംസാരിച്ചത്. ആ ചിരി ഒന്നുകൂടി കേൾക്കണമെന്ന് അവൾക്ക് തോന്നി.

* * *

നിഷ രജിതയോട് ഫോണിൽ സംസാരിക്കുകയായിരുന്നു. "അച്ഛൻ വളരെ കൂളായിട്ടെടുത്തെടാ. നേരത്തെ അറിഞ്ഞിട്ടുണ്ടോ എന്നെനിക്ക് സംശയം തോന്നി. പക്ഷേ, അതിനു വഴിയില്ല. ആരു പറയാനാണ്? പക്ഷേ, അമ്മ… അമ്മ എന്നെ തല്ലി. അച്ഛൻ തടഞ്ഞിട്ടും ചവിട്ടി. ഒടുവിൽ തൊട്ടുപോകരുതെന്നെനിയ്ക്ക് പറയേണ്ടി വന്നു."

"അങ്കിളെന്താ പറഞ്ഞത്, നിന്നോട്?"

"ഉപദേശമായിരുന്നു. തെറ്റും ശരിയും തിരിച്ചറിയാനുള്ള പ്രായമായില്ലേ, തെറ്റാണ് നീ തിരഞ്ഞെടുക്കുന്നതെങ്കിൽ അനന്തരഫലങ്ങളെല്ലാം നീ തനിച്ച് അനുഭവിക്കണം. അല്ലെങ്കിൽ ഞങ്ങളെല്ലാം കൂടെയുണ്ടാകും എന്നൊക്കെ. മുറുകി വന്നപ്പോൾ ഞാൻ പറഞ്ഞു, അച്ഛാ, ഒരു കാലത്തിലെ ശരിയല്ല അടുത്തകാലത്തിലെ ശരി. LGBTQ* ഇന്നത്തെ ശരിയാണ്. അപ്പോഴാണ് അച്ഛൻ ഇത്തിരി റെയ്സായത്. വാചകമടിക്കണ്ട, ആദ്യം കിട്ടാനുള്ള പേപ്പർ എഴുതിയെടുക്ക്. പിന്നെ ബാക്കിയൊക്കെ എന്നു പറഞ്ഞ് അകത്തേക്ക് പൊയ്ക്കളഞ്ഞു."

chandramathi | story | iemalayalam
ചിത്രീകരണം : വിഷ്ണു റാം

"ഇത് കൂളല്ല, ചില്ലിയാണ്," രജിത പറഞ്ഞു. "നമുക്കിനി സമയം അധികമില്ല . വീട്ടു തടങ്കലോ നാടുകടത്തലോ വരുന്നതിന് മുമ്പ് വിവാഹം നടത്തണം. ഞാനിന്ന് നമ്മുടെ കമ്മ്യൂണിറ്റി സെന്ററിലൊന്നു പോയി. അവരുടെ വെബ് സൈറ്റ് വിശദമായി പഠിക്കാൻ പറഞ്ഞു. എനിക്കു വേറെ ജോലിയില്ലേ! അവരു വലിയ ഹെൽപ്പ്ഫുൾ ആയിട്ട് തോന്നിയില്ല. ആദ്യം കമിങ് ഔട്ട്** നടത്താൻ പറഞ്ഞു."

ഈ സംഭാഷണം ഫോണിൽ നടക്കുമ്പോൾ അനിയൻ കാറിറക്കിയതും അച്ഛനെ ആശുപത്രിയിലേക്ക് കൊണ്ടുപോയതും അമ്മ ഒപ്പം പോയതുമൊന്നും രജിത അറിഞ്ഞില്ല.

***

"പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത്…" നന്ദിനി ഫോണിൽ പറയുകയായിരുന്നു. "എനിക്കവിടെ മലയാളം പഠിപ്പിക്കുന്ന അംബിക ടീച്ചറിനെ ഭയങ്കര ഇഷ്ടമായിരുന്നു. കാണാൻ കാത്തുനിൽക്കും. മുല്ലപ്പൂ കെട്ടി കൊണ്ടു കൊടുക്കും. ടീച്ചർ വന്നില്ലെങ്കിൽ മൂഡ് ഓഫ് ആകും. പക്ഷേ അത് കുറേനാൾ കഴിഞ്ഞപ്പോൾ നിന്നു. കുളിര്, ക്രഷ് എന്നൊക്കെയാണ് അത്തരം ഇഷ്ടങ്ങളെ പറഞ്ഞിരുന്നത്. നമ്മളുടെ മക്കളുടെ ഇഷ്ടവും തനിയെ നിലക്കേണ്ടതല്ലേ?"

"കാലം എത്ര മാറിയെടോ! ഇപ്പോൾ വ്യക്തികൾക്ക് ഒരുപാട് സ്വാതന്ത്ര്യമുണ്ട്," ദിവാകരൻ പറഞ്ഞു. "പ്രഭാകരന് എങ്ങനെയുണ്ട്?"

"കുഴപ്പമില്ല. ഉടനെ ഡിസ്ചാര്‍ജ് ചെയ്യും. പ്രഷർ കൂടിയതാ."

"താൻ ഓരോന്ന് ആലോചിച്ച് തന്റെ പ്രഷർ കൂട്ടണ്ട. മക്കൾ വിചാരിക്കുന്നതോ നമ്മൾ വിചാരിക്കുന്നതോ നടക്കണമെന്നില്ല. പിള്ളാർക്കുതന്നെ വെളിപാടുണ്ടായി അവർ മാറാം. പക്ഷേ, ഈ പ്രായത്തിൽ നമ്മൾ അസുഖം വിളിച്ചു വരുത്തിയാൽ അത് മാറിയെന്നു വരില്ല."

"നാണക്കേടല്ലേ ദിവാ? എങ്ങനെ ആൾക്കാരെ ഫെയ്സ് ചെയ്യും?"

"നാണക്കേടാണ്. നമുക്ക് നോക്കാം. തനിക്ക് ഒട്ടും ധൈര്യമില്ലാതിരുന്ന പ്രായമാണ് തന്റെ മകൾക്കിപ്പോൾ. അവളുടെ ധൈര്യം കണ്ടോ? കാലം മാറുന്നത് നാം അംഗീകരിക്കണം."

ഫോൺ വെച്ചു കഴിഞ്ഞ് നന്ദിനി ഭർത്താവിനരികിലേക്കും ദിവാകരൻ തളർന്നുകിടക്കുന്ന സേതു ലക്ഷ്മിക്കരികിലേക്കും പോയി. "എനിക്ക് മരിച്ചാൽ മതി," സേതുലക്ഷ്മി പറഞ്ഞു കൊണ്ടു കിടന്നു. "എങ്ങനെ മറ്റുള്ളോരുടെ മുഖത്ത് നോക്കും? എന്തൊരപമാനമാണ്!"

"എന്തായാലും നമുക്ക് ഫെയ്സ് ചെയ്തല്ലേ പറ്റൂ!" ദിവാകരൻ പറഞ്ഞു. "നീ ചായ കുടിക്ക്. എത്ര നേരമായി ഞാൻ കൊണ്ടു വച്ചിട്ട്. "

***

നിഷയും രജിതയും രജിസ്ട്രാറോഫിസിൽ നിൽക്കുകയായിരുന്നു. അവർ അവിടെ മിക്കവാറും എല്ലാവരോടും യുദ്ധം ചെയ്ത് തളർന്നിരുന്നു. രജിസ്ട്രാർ ഒരു ഫോൺ കോളിന് ശേഷം അവരോട് പറഞ്ഞു "കൺഫേംഡ്. സുപ്രീംകോടതിയുടെ വിധിയിൽ വിവാഹം പറഞ്ഞിട്ടില്ല. നിങ്ങൾക്കു വേണമെങ്കിൽ ഒരുമിച്ചു ജീവിക്കാം. പക്ഷേ, വിവാഹം പറ്റില്ല."

"വിവാഹം സാമ്പ്രദായിക നിയമത്തിലുള്ളതല്ലേ?" അവിടെ ജോലി ചെയ്യുന്ന മറ്റൊരാൾ ചോദിച്ചു. "സമ്പ്രദായങ്ങളെ എതിർക്കുന്നവരല്ലേ നിങ്ങൾ? പിന്നെ എന്തിന് വിവാഹം ചെയ്യണമെന്ന് നിർബന്ധം പിടിക്കുന്നു?"

"പൂക്കടയിൽ നിന്ന് രണ്ട് മാലേം വാങ്ങിച്ചോണ്ട് ഏതെങ്കിലും അമ്പലത്തിൽ പോ," വേറൊരാൾ പറഞ്ഞു. "അതു തന്നെ നിങ്ങളുടെ വിവാഹം."

"എന്നാലും ഈ പെമ്പിള്ളാരുടെ ഒരു ധൈര്യമേ!"

രജിത മാറിനിന്ന് ആരെയോ ഫോൺ ചെയ്യുമ്പോൾ ഒരു ചെറുപ്പക്കാരൻ പതുങ്ങിവന്ന് നിഷയോട് പറഞ്ഞു "എന്തിനാ കൊച്ചേ നീ ഇതിന്റെ കൂടെ ഇറങ്ങി പുറപ്പെട്ടത്? എന്തു കണ്ടിട്ടാ? നീ അവളെ കളഞ്ഞിട്ട് ഇങ്ങു വാ. നിന്നെ ഞാൻ കെട്ടിക്കോളാം. പൊന്നുപോലെ നോക്കാം."

"നീ പോടാ തെണ്ടീ," എന്ന് അയാളോട് പറഞ്ഞ് നിഷ പോയി രജിതയോട് ചേർന്ന് നിന്നു.

അപ്പോൾ രജിസ്ട്രാറോഫിസിന്റെ പിൻവരാന്തയിൽ നിന്ന് ഒരാൾ ഫോൺ ചെയ്തു. "ഒരു എക്സ്ക്ലൂസീവ് കിട്ടണമെങ്കിൽ വേഗം വാ. രണ്ട് കാന്താരി പെൺപിള്ളേര് , രണ്ടും ഇടിവെട്ട് സാധനങ്ങളാണേ, അവരെ തമ്മിൽ കല്യാണം കഴിപ്പിക്കണംന്ന് പറഞ്ഞ് ഇവിടെ കിടന്നു ഭയങ്കര ഷോയാണ്! വേഗം വാ."

"നിഷാ", രജിത സ്വരം താഴ്ത്തി പറഞ്ഞു. "കമ്മ്യൂണിറ്റി സെന്ററുകാരും ചൂടിലാ. അവരോടു ചോദിക്കാതെ രജിസ്ട്രാറോഫിസിൽ പോയതെന്തിന്, വിവാഹത്തിന്റെ സംരക്ഷണമൊന്നുമില്ലെന്ന് അറിയില്ലേന്നൊക്കെ. അവരുടെ വെബ്സൈറ്റ് പഠിക്കാൻ പറഞ്ഞിട്ട് ചെയ്യാത്തതിനും വഴക്ക്. എല്ലാവർക്കും നമ്മളെ നിയന്ത്രിക്കണം. മതിയായി. നീ വാ, നമുക്ക് പോകാം."

രജിസ്ട്രാറുടെ മുന്നിലെ കസേരയിൽ നിന്ന് തന്റെ ബാഗ് എടുത്ത് രജിത തിരിയുമ്പോൾ പിന്നിലൊരു ശബ്ദം കേട്ടു. "സാറേ, ചില്ലറയുണ്ടോ? കൃത്യം 69 തന്നെ വേണം."

"എഴുപതായാൽ എന്താടാ കുഴപ്പം?" എന്നു ചോദിച്ച് രജിത യുദ്ധമുറയിൽ അവന്റെ നേരെ തിരിഞ്ഞു. നിമിഷ നേരം കൊണ്ട് അവൻ ഇല്ലാതായി.

കൈകോർത്ത് ഓഫീസിന്റെ പടികളിറങ്ങുമ്പോൾ രണ്ടുപേരുടെയും സൈലന്റ് മോഡിലിട്ട ഫോണുകളും വൈബ്രേറ്റ് ചെയ്തു. ഒന്നിൽ അച്ഛന്റെ, മറ്റേതിൽ അമ്മയുടെ വിളികൾ.

"നമുക്ക് ഇന്ത്യൻ കോഫി ഹൗസിൽ പോയി മസാലദോശ തിന്നാം. ബാ," നിഷ പറഞ്ഞു." എല്ലാറ്റിൽ നിന്നും രക്ഷ അതേയുള്ളൂ."

***

*1990 ൽ ആരംഭിച്ച പ്രസ്ഥാനം. പാർശ്വവൽകൃതമായ ലൈംഗികതയെ ഉൾകൊള്ളുന്നത്. ലെസ്ബിയൻസ്, ഗേയ്സ്, ബൈസെക്ഷ്വലുകൾ , ട്രാൻസ് ജെൻഡറുകൾ തുടങ്ങിയവർക്ക് വേണ്ടി

**Coming Out തങ്ങളുടെ ലൈംഗികത തുറന്നു പറഞ്ഞ് ജീവിക്കുന്നത്

Queer Transgender Literature Gay Lesbian Short Story Malayalam Writer

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: