പ്രൊഫസര്‍ സിദ്ധാര്ത്ഥന് വാച്ചിന്റെ ഗ്ലാസിനുമുകളിലെ ഈര്പ്പംജുബ്ബയുടെ അറ്റം കൊണ്ട് തുടച്ച് സമയം നോക്കി. പതിനൊന്ന് മണി ആയിരിക്കുന്നു. അത് ഉറപ്പിക്കാനെന്നവണ്ണം അയാള്‍ ഒരിക്കല്‍ കൂടി വാച്ചിലേക്ക് സൂക്ഷിച്ചു നോക്കി. സിസിലി റോസ് പത്ത് മണിക്ക് വരാമെന്നേറ്റതാണ്. വയനാട്ടിലേക്കുള്ള ചുരത്തിലെവിടെയെങ്കിലും എന്തെങ്കിലും തടസ്സം സംഭവിച്ചിട്ടുണ്ടാകും എന്ന് അയാള്‍ ആശ്വസിച്ചു.
പ്രധാന റോഡില്‍ നിന്നും രണ്ട് കിലോമീറ്റര്‍ പഞ്ചായത്ത് റോഡിലൂടെസഞ്ചരിച്ച് വേണം കാടിനുള്ളിലേക്ക് കയറാന്‍. കാടിനുള്ളിലൂടെ വയനാട് റിസോട്ടിലെത്താന് മൂന്ന് കിലോമീറ്റര്‍ പിന്നെയും സഞ്ചരിക്കണം. നേരത്തെ തീരുമാനിച്ചത് പ്രകാരം രണ്ട് പേര്‍ക്കുള്ള ഹട്ട് ബുക്ക് ചെയ്തതാണ്. ഇതേ റിസോട്ടില്‍ ഇത് മൂന്നാമത്തെ തവണയാണ് അവര്‍ ഒന്നിച്ച് താമസിക്കുന്നത്.
മുമ്പൊന്നും സിസിലി ഇങ്ങനെ വൈകിയിട്ടില്ല. പ്രൊഫസര്‍ മുഷിപ്പോടെ റിസോട്ടിലെ റിസപ്ഷനിലെ ഒഴിഞ്ഞ ഒരു മൂലക്കിരുന്നു. റിസപ്ഷന് ഒരു മൈതാനത്തിന്റെ നടുക്ക് വലിയൊരു കൂത്തമ്പലത്തെ ഓര്‍മ്മിപ്പിക്കുന്ന തരം കെട്ടിടമായിരുന്നു.
പ്രൊഫസര്‍ വരുമ്പോള്‍ ഒട്ടും മഴയുണ്ടായിരുന്നില്ല. സമയം പതിനൊന്നായപ്പോഴേയ്ക്കും മഴ കൂടിത്തുടങ്ങി. അയാള്‍ ബാഗില്‍ നിന്ന് ബോര്‍ഹസിന്റെ ‘ദ ടോട്ടല്‍ ലൈബ്രറി’ എന്ന പുസ്തകം വായിക്കാനെടുത്തു. പ്രൊഫസര്‍ യാത്രയില്‍ മിക്കപ്പോഴും കൈയ്യിലെടുക്കുന്ന
പുസ്തകങ്ങളിലൊന്നാണത്. പലവട്ടം വായിച്ചത്. വീണ്ടും വായിക്കുന്നത്. ഭാഗ്യാന്വേഷികള്‍ വിശുദ്ധഗ്രന്ഥങ്ങള്‍ പകുത്തെടുക്കുന്നതുപോലെ അയാള്‍ പുസ്തകം തുറന്നു. സമയത്തെപ്പറ്റിയുള്ള ഒരു ലേഖനമാണ് തുറന്നു വന്നത്. ഒരേ സ്ഥലത്ത് ഒരേ നിമിഷം പല സമയദലങ്ങളായി വിടരുന്നതിനെപ്പറ്റിയുള്ള ഒരു ഭാഗം വായിക്കാന്‍ തുടങ്ങി. വായിച്ചുകൊണ്ടിരിക്കെ പുറത്ത് മഴ കനത്തതിനാല്‍ പുസ്തകത്തിലേക്ക് വെളിച്ചം തീരേ ഇല്ലാതായി. അയാള്‍ പുസ്തകം അടച്ച് കുറേ നേരം മഴ നോക്കി നിന്നു.
റിസ്പ്ഷന് പുറത്തെ മൈതാനത്തിന്റെ അരികില്‍ പലയിടത്തായി മഞ്ഞ മുളകള്‍ കാറ്റിലുലയുന്നത് കാണാമായിരുന്നു. റിസോട്ടില്‍ മഴക്കാലത്ത് അതിഥികള്‍ക്ക് കൊടുക്കാറുള്ള വലിയ കുട ചൂടി ചാറ്റല്‍ മഴയിലൂടെ ഒരാള്‍ ചിരിച്ചുകൊണ്ട് വരുന്നത് പ്രൊഫസര്‍ കണ്ടു. പച്ച പാന്റ്സും കറുത്ത ഷര്‍ട്ടുമിട്ട ആ ചെറുപ്പക്കാരന് പ്രൊഫസറുടെ തൊട്ടടുത്ത് വന്ന് നിന്നപ്പോഴാണ് അയാള്‍
തന്നോടാണ് ചിരിച്ചത് എന്ന് പ്രൊഫസര്‍ക്ക് മനസ്സിലായത്.
”സാറിനെന്നെ ഓര്‍മ്മയില്ലേ?”
മഴയില്‍ ധരിക്കാവുന്ന ഷൂവിലെ മണ്ണ് തട്ടിക്കുടഞ്ഞുകൊണ്ട് അവന്
പ്രൊഫറുടെ മുഖത്തേക്ക് നോക്കി.
”എനിക്ക് ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല.”
”ഞാനിവിടെ ടെക്നിക്കല്‍ ഓഫീസറാണ്. സാറും മാഡവും കഴിഞ്ഞ വട്ടം വന്നപ്പോ പരിചയപ്പെട്ടിരുന്നു.”
കഴിഞ്ഞ പ്രാവശ്യം വന്നപ്പോള്‍ ഹട്ടിലെ ബാത്ത്റൂമില്‍ വച്ച് സിസിലിക്ക്
ഷോക്കടിച്ചപ്പോള്‍ സഹായിക്കാന്‍ വന്നത് അവനായിരുന്നു. അന്ന് താമസിച്ച
മുറിയിലെ കുളിമുറിക്കുള്ളില്‍ ഒരു പാറക്കെട്ടിന്റെ ഭാഗം തള്ളി
നില്കുന്നുണ്ടായിരുന്നു.
”ഇവിടുത്തെ എല്ലാ കുളിമുറിയിലും ഇങ്ങനെ പാറയുണ്ടോ?”
അന്ന് സിസിലി ചോദിച്ചത് പ്രൊഫസര്‍ ഓര്‍ത്തു.
”ഇല്ല. ഇവിടെ കെട്ടിടം പണിതപ്പോള്‍ ഈ പാറ നശിപ്പിക്കാതിരിക്കാന്‍ ചെയ്തതാണ്.”
അന്ന് ഇതേപോലെയുള്ള ചിരിയോടെ അവന് മറുപടി പറഞ്ഞു.
”ഇവിടുത്ത മരങ്ങളും വെള്ളച്ചാലുകളും ഒന്നും മാറ്റം വരുത്താതെയാണ്
ഹട്ടുകള്‍ ഉണ്ടാക്കിയത്.” അവന് കൂട്ടിച്ചേര്‍ത്തു.
സംഭാഷണങ്ങള്‍ ഓര്‍മ്മയിലുണ്ടെങ്കിലും പ്രൊഫസര്‍ക്ക് അവനെ ഓര്‍ത്തെടുക്കാനായില്ല.
”അന്നത്തെ വെപ്രാളത്തില്‍ ഞാന്‍ മുഖം ശ്രദ്ധിച്ചില്ല.”
പ്രൊഫസര്‍ പറഞ്ഞു. പറഞ്ഞതിന് ശേഷമാണ് അങ്ങനെ പറഞ്ഞത് ശരിയായില്ല എന്ന് പ്രൊഫസര്‍ക്ക് തോന്നിയത്. അന്ന് അവനുമായി വളരെ നേരം
സംസാരിച്ചിരുന്നതാണ്. വര്‍ഷങ്ങളോളം പഠിപ്പിച്ച ഒരു കുട്ടി
കാണിക്കാനിടയുള്ള തരം അടുപ്പമാണ് അവനന്ന് കാണിച്ചത്. കാലക്കേടിന് അവന്റെ പേരുപോലും ഓര്‍ത്തെടുക്കാനാവുന്നില്ല. അയാള്‍ സ്വയം ശപിച്ചു.
”എന്റെ പേര് ഓര്‍മ്മയുണ്ടോ. ജെയ്സണ്‍. മാഡം വരുന്നത് വരെ നമുക്ക്
വേണമെങ്കില്‍ ഇവിടെ പ്രൊപ്പര്‍ട്ടിയില്‍ കറങ്ങാം. അടുത്ത ഒരു മണിക്കൂര്‍
സമയം ഞാന്‍ ഫ്രീയാണ്,” ജയ്സണ്‍ പറഞ്ഞു.
മഴയില്‍ കാട്ടിനുള്ളിലൂടെ നടക്കുന്നത് വല്ലാത്തൊരൊനുഭമാണ്. സിസിലി കൂടി
വന്നിരുന്നെങ്കില്‍ എന്ന് അയാളപ്പോള്‍ ആലോചിച്ചു. ജെയ്സണ്‍ റിസപ്ഷനിലെ ഒരു കോണിലെ മരം കൊണ്ട് നിര്‍മ്മിച്ച ചതുരപ്പെട്ടിയില്‍ നിന്ന് ഒരു കുടയെടുത്ത് പ്രൊഫസര്‍ക്ക് കൊടുത്തു.
”ഞാനന്ന് ശരിക്കും പേടിച്ചുപോയി. ഗസ്റ്റ് വരുന്നതിന് മുമ്പ് ഞങ്ങള്‍
എല്ലാം ചെക്ക് ചെയ്യാറുള്ളതാണ്. ഗതികേടിന് അവിടുത്തെ ലൂസ് കോണ്ടാക്ട്
കണ്ടെത്താനായില്ല.”
കഴിഞ്ഞ പ്രാവശ്യം സംഭവിച്ച് ഷോക്കേല്കലിനെ ഓര്‍മ്മിപ്പിച്ചുകൊണ്ട് ജയ്സണ്‍ പറഞ്ഞു. അമ്പത് ഏക്കര്‍ സ്ഥലത്ത് കാട്ടിനുള്ളില്‍ പലയിടത്തായി നിര്‍മ്മിച്ച
മുപ്പതോളം ഹട്ടുകളാണ് ഈ റിസോട്ടിന്റെ ഭംഗി. അതിനുള്ളിലൂടെ
വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയിലൂടെയാണ് അവര്‍ നടന്നുകൊണ്ടിരുന്നത്.
സിസിലി റോസും പ്രൊഫസറും ഭാര്യാ ഭര്ത്താക്കന്മാരല്ല എന്ന ജെയ്സണ്‍
നേരത്തെ അറിയാമായിരുന്നു. എന്നിട്ടും ഒരു കുടുംബത്തോട് കാണിക്കുന്ന
ബഹുമാനവും സ്നേഹവും അവന് അവരോട് കാണിച്ചിരുന്നു. ഇപ്പോഴും അവന് അങ്ങനെ തന്നെ പെരുമാറുന്നതില്‍ പ്രൊഫസര്‍ക്ക് അദ്ഭുതം തോന്നി. തന്നെ
അറിയുന്നവരും സിസിലിയെ അറിയുന്നവരും ചാരക്കണ്ണുകള്‍ കൊണ്ട് നോക്കുന്ന ചുറ്റുപാടില്‍ നിന്ന് ഒന്ന് മാറിനില്കാനാണ് പ്രൊഫസര്‍ ഇവിടം
തെരെഞ്ഞെടുത്തത്.
ആദ്യമായി ഇവിടെ വന്നപ്പോള്‍ സിസിലിയുടെ ഭര്‍ത്താവ് മരിച്ചിട്ട് ഒരു മാസം മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. സത്യത്തില്‍ അന്നത്തെ ഒരു ദിവസം തന്റെ സാന്നിധ്യം സിസിലിക്ക് അനിവാര്യമായിരുന്നു.
”ചുരത്തിലാകെ ബ്ലോക്കാണ്. ഒരു ടാങ്കര്‍ ലോറി പഞ്ചറായി ഏതോ വളവില്‍
കുടുങ്ങിക്കിടക്കുന്നുണ്ട്. അവിടെ കുടുങ്ങിയവര്‍ ഒന്ന് രണ്ട് മണിക്കൂര്‍
കഴിയാതെ ഇവിടെ എത്താനിടയില്ല.” കാട്ടിലേക്കുള്ള വഴിയിലെ തൂക്കുപാലത്തിലൂടെ നടക്കുമ്പോള്‍ ജെയ്സണ്‍ പറഞ്ഞു.
”സാരമില്ല. അതുവരെ നമുക്ക് ഇവിടെ ചെലവഴിക്കാം.”
പാലത്തിനടിയിലൂടെ ഒഴുകുന്ന വെള്ളം മുകളില്‍ മലകളിലും മരങ്ങളിലും വേരുകളിലും തട്ടിത്തടഞ്ഞ് വരുന്നതിന്റെ ശബ്ദം അന്തരീക്ഷത്തെ ശബ്ദായമാനമാക്കി.
”എഴുത്തുകാര്‍ക്കൊക്കെ പറ്റിയ സ്ഥലമാണ്. ചില വിദേശ എഴുത്തകാര്‍ ഇവിടെ
വന്നിട്ടുണ്ട്. വല്ലപ്പോഴും. മാഡത്തിന് ഇവിടെ ഇഷ്ടമായില്ലേ?”
”ഇഷ്ടമായിക്കാണണം. അതുകൊണ്ടാണല്ലോ വീണ്ടും ഇവിടേക്ക് വരുന്നത്.”
”അക്കാര്യം സാറിതുവരെ ചോദിച്ചിട്ടില്ലേ?”
ആ ചോദ്യത്തിന് അനേക മറുപടികള്‍ സാധ്യമാണ്. എന്താണ് സിസിലിയും പ്രൊഫസറും തമ്മിലുള്ള ബന്ധം. സിസിലിയുടെ ഭര്‍ത്താവ് ശിവദാസനായിരുന്നു പ്രൊഫസറുടെ സുഹൃത്ത്. മിശ്രവിവാഹത്തോടെ നഷ്ടപ്പെട്ട ബന്ധുക്കളെ ശിവദാസന്‍ പകരം
വച്ചത് സൗഹൃദങ്ങളിലൂടെയായിരുന്നു. ശിവദാസന്‍ ക്യാന്‍സര്‍ ബാധിച്ച്
മരണത്തിനടുത്തെത്തിയപ്പോള് സിസിലിക്ക് ഒരു കൂട്ട് അത്യവശ്യമായിരുന്നു.
ആശുപത്രിയിലും വീട്ടിലുമായി അനേകം ദിവസങ്ങള്‍. ഉറക്കമില്ലാത്ത രാത്രികളും ഉറങ്ങാന്‍ സാധിക്കാതെ പകലുകളും വേദനകൊണ്ട് പുളയുന്ന ഒരാളുടെ ശുശ്രൂഷക്ക് വേണ്ടി ചെലവഴിച്ചപ്പോള്‍ സിസിലി സ്വയം രോഗിയായി സങ്കല്പിക്കാന് തുടങ്ങി.
സിദ്ധൂ…എനിക്കൊന്ന് രോഗിയായി എവിടെയെങ്കിലും കിടക്കാനായെങ്കില്, ഒന്ന്
ഉറങ്ങാനായെങ്കില്‍ എന്ന് അവള് പലവട്ടം പറഞ്ഞിരുന്നു. ഭര്‍ത്താവിന്റെ മരണ
ശേഷം പക്ഷെ സിസിലിക്ക് സാധാരണ അവസ്ഥയിലേക്ക് തിരിച്ചു വരാന്‍
സാധിച്ചില്ല. അത് തിരിച്ചറിഞ്ഞ ഒരേയൊരാള്‍ പ്രൊഫസറായിരുന്നു. അതുകൊണ്ടു തന്നെ താനും സിസിലിയും തമ്മിലുള്ള ബന്ധം എന്താണ് എന്ന് പ്രൊഫസര്‍ക്ക് ഒരിക്കലും നിര്‍വചിക്കാനായില്ല.
ജയ്സണും പ്രൊഫസറും നടന്ന് വെള്ളച്ചാട്ടത്തിനരികിലെത്തി. പാറകളിലൂടെ
ചാടിവരുന്ന വെള്ളം ഒരു തടാകം പോലെ പരന്നൊഴുകുന്ന ഒരിടത്ത് അവര്‍ നിന്നു.
”വേനല്‍ക്കാലത്ത് ഇവിടെ ഓപ്പണ്‍ പൂളായി ഉപയോഗിക്കാറുണ്ട്.”
ജയ്സണ്‍ പറഞ്ഞു.
ഇടക്കിടക്ക് അവന്റെ പോക്കറ്റിലുള്ള വയര്‍ലെസ് സെറ്റ് ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു. അതില്‍ സംസാരം കേള്‍ക്കുമ്പോഴൊക്കെ ജയ്സണ്‍ വര്‍ത്തമാനം നിര്‍ത്തി അതില്‍ ശ്രദ്ധിച്ചു. റിസോട്ടിലെ പരിസരങ്ങളിലെവിടെയും മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിക്കില്ലായിരുന്നു.
അതുകൊണ്ട് അവിടുത്തെ ജോലിക്കാര്‍ തമ്മില്‍ സംസാരിക്കുന്നത് വയര്‍ലെസ് സെറ്റ് ഉപയോഗിച്ചാണ്.
”മാഡം വന്നാല്‍ അറിയിക്കണമെന്ന് ഞാന്‍ റിസ്പ്ഷനില്‍ പറഞ്ഞിട്ടുണ്ട്.”
ജയ്സണ്‍ ഓര്‍മ്മിപ്പിച്ചു. ജയ്സണ്‍ സംസാരിച്ചുകൊണ്ടിരുന്നത് ഒരു പാഡിയായി തുടങ്ങി ഇത്രയും വലിയ റിസോട്ട് ഉണ്ടായതിന്റെ ചരിത്രത്തെപ്പറ്റിയാണ്. ഒരു ഹട്ട് പിന്നീട് പലതായി കാലങ്ങള്‍കൊണ്ട് ഒരു വൃക്ഷത്തെപ്പോലെ വളര്‍ന്ന വന്ന റിസോട്ടിന്റെ കഥ. നടന്ന് അതിന്റെ ഒരു അതിര്‍ത്തിയില്‍ അവരെത്തി.
”ഇതിനപ്പുറം കാടാണ്. ഈ മതിലിനുള്ളിലൂടെ ചില ടൂറിസ്റ്റുകള്‍
കാട്ടിനുള്ളിലേക്ക് പോകാറുണ്ട്. ഫോറസ്റ്റ് ഏരിയയില്‍ കടക്കുന്നത്
നിയമവിരുദ്ധമാണ്. വെള്ളച്ചാട്ടമായതിനാല്‍ ഇവിടെ മതില് കെട്ടാനും വയ്യ.” വെള്ളച്ചാട്ടത്തിന്റെ അരികിലെ പാറക്കെട്ടുകള്‍ ചൂണ്ടിക്കാണിച്ച് ജയ്സണ്‍ പറഞ്ഞു.
”ഈ വെള്ളം കുടിക്കാന്‍ പറ്റുമോ” പ്രൊഫസര്‍ ചോദിച്ചു.
”റിസോട്ടില്‍ വെള്ളം ശുദ്ധീകരിക്കാന്‍ പ്ലാന്റുണ്ട്. മുകളില്‍
താമസക്കാരില്ലാത്തതിനാല്‍ വെള്ളത്തില്‍ അഴുക്കൊന്നും കാണില്ല.”
ജയ്സണ്‍ ഒരു കുമ്പിള് വെള്ളം കയ്യിലെടുത്തു. പ്രൊഫസര്‍ക്ക് നേരെ
നീട്ടി തെളിമ ബോധ്യപ്പെടുത്തി. ആ വെള്ളം കണ്ട് പ്രൊഫസര്‍ രണ്ട് കൈയ്യും
ചേര്‍ത്ത് വെച്ച് കുനിഞ്ഞ് കൈയ്യില്‍ വെള്ളമെടുത്തു. കുട്ടിക്കാലത്ത് ഇങ്ങനെ കുമ്പിളില്‍ വെള്ളമെടുക്കുമ്പോള്‍ ഒരു കുളം കോരിയെടുത്ത സന്തോഷമായിരുന്നു എന്ന് മനസ്സിലോര്‍ത്തുകൊണ്ട് അയാള്‍ കൈയ്യിലെ തെളിഞ്ഞ വെള്ളത്തിലേക്ക് നോക്കി. വെള്ളത്തില്‍ റോസാപ്പൂവിന്റെ മാതൃകയിലുള്ള ഒരു പ്ലാസ്റ്റിക് ഒരു കുടുക്ക് കണ്ട് പ്രൊഫസര്‍ സൂക്ഷിച്ചു നോക്കി. അയാളത് ജയ്സണെ കാണിച്ചു.
”മുമ്പ് ആരെങ്കിലും നീന്താനിറങ്ങിയപ്പോള്‍ ചുരിദാറില്‍ നിന്നോ മറ്റോ
വീണുപോയതായിരിക്കും,” ജയ്സണ്‍ പ്രൊഫസറുടെ കൈയ്യിലെ കുടുക്ക് നോക്കിക്കൊണ്ട് പറഞ്ഞു.
”അതിനിവിടെ സ്ത്രീകള്‍ കുളിക്കാറുണ്ടോ?”
”ഉള്ളില്‍ സ്വിമ്മിങ് പൂളുള്ളതിനാല് സ്ത്രീകള്‍ കുളിക്കുന്നത് പതിവല്ല.
പ്രത്യേകിച്ചു മഴക്കാലത്ത്.”
ജയസ്ണ്‍ ഒരിക്കല്‍ കൂടി പ്രൊഫസറുടെ കൈയ്യിലേക്ക് നോക്കി.
പ്രൊഫസര്‍ ആ കുടുക്കെടുത്ത് പാന്റ്സിന്റെ പോക്കറ്റിലിട്ടു.
വെളളത്തിലേക്ക് സൂക്ഷിച്ച് നോക്കി. പ്രത്യേകിച്ചൊന്നും കാണാനില്ല.
”ജയ്സണ്‍, സിസിലി റോസ് റിസ്പ്ഷനില്‍ വെയ്റ്റ് ചെയ്യുന്നു. ”
വയര്‍ലസില്‍ നിന്ന് റിസ്പ്ഷനിലെ പെണ്‍കുട്ടിയുടെ ശബ്ദം കേട്ടു.
”സാര്‍, മാഡം വന്നു. നമുക്ക് തിരിച്ചു പോകാം.”
രണ്ടുപേരും വെള്ളച്ചാട്ടത്തിനരികിലെ പാറക്കെട്ടില്‍ നിന്ന് എഴുന്നേറ്റ്
തിരിച്ചു നടന്നു.
വന്ന വഴിയിലൂടെയല്ലാതെ മറ്റൊരിടത്തുകൂടിയാണ് ജയ്സണ്‍ പ്രൊഫസറെ
കൊണ്ടുപോയത്. മാത്രമല്ല ജയ്സണ്‍ നിലത്തും ചുറ്റുപാടും സൂക്ഷിച്ച്
നോക്കിക്കൊണ്ടാണ് നടന്നത്. അവന്റെ മുഖം ചിന്തകൊണ്ട് കനത്തിരുന്നു.
”ജയ്സണ്‍, ഏത് പെണ്കുട്ടിയാകും ഇവിടേക്ക് വഴിതെറ്റി വന്നത്?”
”അറിയില്ല.”
പ്രൊഫസര്‍ക്ക് ഒന്നും ഊഹിക്കാനായില്ല. ജയ്സണ്‍ എന്താണ് ചിന്തിക്കുന്നത്
എന്നുപോലും. അയാള്‍ കുടയും നിവര്‍ത്തി ജയ്സണ്‍ പിന്നാലെ ഒരു
കുട്ടിയെപ്പോലെ നടന്നു. അയാള്‍ പോക്കറ്റിലിട്ട കുടുക്ക് കൈകൊണ്ട്
തൊട്ടുനോക്കി. തന്റെ ജീവിതത്തെയാകെ ചുറ്റിവരിയാനിരിക്കുന്ന കുരുക്കിന്റെ അറ്റത്താണ് അപ്പോള്‍ സ്പര്‍ശിച്ചത് എന്ന് അയാള്‍ക്ക് അറിയില്ലായിരുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook