scorecardresearch
Latest News

പാത്തുമ്മയുടെ ആട് ശബ്ദങ്ങൾ വായിക്കുമ്പോൾ

മലയാള സാഹിത്യത്തിൽ പലതരത്തിലുളള അന്വേഷണങ്ങൾ നടക്കുന്നുണ്ട്. അത്തരം അന്വേഷണങ്ങളിലൂടെ രാഹുൽ രാധാകൃഷ്ണൻ​ എന്ന യുവ നിരൂപകൻ നടത്തുന്ന സൂക്ഷ്മ സഞ്ചാരമാണ് “മലയാള സാഹിത്യന്വേഷണപരീക്ഷണങ്ങൾ” എന്ന പംക്തി. ഇത്തവണ എസ്. എ. ഷുജാദിന്റെ “കാർട്ടൂൺ” എന്ന നോവൽ

shujad, rahul radhakrishnan, cartoon, malayalam novel,

1996 ആഗസ്റ്റ് 17ന് (കൊല്ലവർഷം 1171 ചിങ്ങം 1) കേരള സർക്കാർ ആരംഭിച്ച ചരിത്രപ്രധാനമായ ഒരു പരീക്ഷണമാണ് ജനകീയാസൂത്രണം.വികസനപദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും, നടപ്പിലാക്കുന്നതിനുമുള്ള അധികാരം തദ്ദേശ സ്ഥാപങ്ങൾക്ക് കൈ മാറിയ ഈ പദ്ധതിയുടെ നടത്തിപ്പു പരോക്ഷമായി കടന്നു വരുന്ന നോവലാണ് എസ്. എ. ഷുജാദിന്റെ കാർട്ടൂൺ. ജനകീയാസൂത്രണത്തിൽ ഒരാടിനെന്തു സ്ഥാനം എന്ന് ചിന്തിക്കാൻ വരട്ടെ. കാർട്ടൂൺ എന്ന നോവലിൽ, ബേപ്പൂർ സുൽത്താന്റെ പാത്തുമ്മായുടെ ആടാണ് ഒരു മുഖ്യ കഥാപാത്രം. ഈ ആടിന്റെ സന്തതസഹചാരിയായി ടെലിവിഷനിലെ കാർട്ടൂൺ പരമ്പരയിൽ നിന്നിറങ്ങി വന്ന മേരി എന്ന കഥാപാത്രമുണ്ട്. മനുഷ്യരും മൃഗങ്ങളും പക്ഷികളും അചേതനവസ്തുക്കളും കഥാപാത്രങ്ങളാവുന്ന കാർട്ടൂൺ പൊതുസമൂഹത്തിന്റെ സാമ്പ്രദായികസ്ഥിതികളെ ആക്ഷേപഹാസ്യത്തിന്റെ കണ്ണോടെ അവതരിപ്പിക്കുന്ന നോവലാണ്. നോവലിലെ ചില ഭാഗങ്ങൾ, ജനകീയാസൂത്രണത്തിന്റെ പിന്നാമ്പുറത്ത് നടന്നിരുന്ന ചില തട്ടിപ്പുകളെ പരിഹസിക്കാനെന്നോണം എഴുതിയതാണ്. ചിതറ ഗ്രാമം കേന്ദ്രീകരിച്ചു എഴുതിയ നോവലിൽ, ആഗോവത്ക്കരണത്തിന്റെ കാലത്തു പ്രാദേശികതന്മകൾക്കു വരെ അന്താരാഷ്ട്രമാനങ്ങൾ ഉണ്ടാകുമെന്ന തത്വത്തെ മുറുകെപ്പിടിക്കുന്നതായി കാണാം.

rahul radhakrishnan, vishnuram, s.a.shujad, cartoon, malayalam novel,

പത്തൊൻപതാം നൂറ്റാണ്ടിൽ ഫ്രഞ്ച് കവിയായ ചാൾസ് ബോദ്‌ലെയർ (Charles Pierre Baudelaire)  flaneur എന്ന പദം ഉപയോഗിച്ചത്. നഗരവത്കരണത്തിന്റെ ഭാഗമായിട്ടാണ്. ഊരുചുറ്റിയെപ്പോലെ നഗരകാഴ്ചകൾ കണ്ടു നടക്കുന്നയാളായി മനുഷ്യൻ മാറുന്നുവെന്ന ചിന്തയിൽ ആയിരുന്നു അദ്ദേഹം ഈ വാക്കിനെ കണ്ടത്. രണ്ടാം ലോകയുദ്ധത്തിന് തൊട്ടു മുൻപ് വാൾട്ടർ ബെന്യാമിനാണ് (Walter Benjamin) ഈ പദത്തിന് മറ്റൊരു വ്യഖ്യാനം ആവിഷ്കരിച്ചത്. ആധുനികതയിൽ നിന്നും പരിഷ്കൃതസമൂഹത്തിലേക്കുള്ള പരിണാമത്തിനു വിധേയമാവുന്നതിന്റെ അടയാളമായിട്ടായിരുന്നു ഈ പദത്തെ അദ്ദേഹം വിവക്ഷിച്ചത്. എന്നാലിവിടെ, കാർട്ടൂൺ എന്ന നോവലിൽ മേരി എന്ന കാർട്ടൂൺ കഥാപാത്രം അനുഷ്ഠിക്കുന്ന സ്ഥാനം ഒരു ഊരുചുറ്റിയുടേതാണ്. പരസ്പരം മത്സരിക്കുകയും വിഘടിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ദേശവാസികൾക്കിടയിൽ, അവിടത്തെ ചെറിയ ചന്തയിലെയും വലിയ ചന്തയിലെയും വിനിമയങ്ങൾക്കിടയിൽ, നാട്ടിലെ സാഹിത്യകാരന്റെ സർഗാത്മക വ്യവഹാരത്തിൽ, എന്നു വേണ്ട എല്ലായിടങ്ങളിലും കാണുന്ന സാന്നിധ്യമാണ് മേരിയും, അവൾക്ക് കൂട്ടായി ആടും. തലയോലപ്പറമ്പിൽ നിന്നും കൊണ്ടു വന്ന പാത്തുമ്മയുടെ ആട് നോവലിലെ സാഹിത്യകാരന്റെ ലൈബ്രറിയിൽ നിന്നും വൈക്കം മുഹമ്മദ് ബഷീറിന്റെ ശബ്ദങ്ങൾ എടുത്ത് പാരായണം ചെയ്യുന്ന രംഗം രസകരമായ ഭാവനയുടെ ഉദാഹരണമാണ്. ബഷീറിന്റെ കഥയിൽ ആട് ‘ബാല്യകാലസഖിയും’, ‘ശബ്ദങ്ങളും’ തിന്നെങ്കിൽ ഇവിടെ അത് ശബ്ദങ്ങൾ വായിക്കുകയാണ്

പ്രകൃതിയും സർവചരാചരങ്ങളും കഥാപാത്രങ്ങളാവുന്ന ബഷീറിന്റെ പാത്തുമ്മയുടെ ആടിലെ പോലെ ലോകമെന്നത് മനുഷ്യരുടെ അധീനതയിലുള്ള സ്ഥലം അല്ല എന്ന് സ്ഥാപിക്കാനാണ് ഷുജാദ് ശ്രമിച്ചിട്ടുള്ളത്. മനുഷ്യനെ പോലെ തന്നെ സവിശേഷമായ ബുദ്ധിയും സംസാരശേഷിയും ഗ്രഹണശേഷിയും എല്ലാ ജീവികളും നോവലിൽ പ്രകടിപ്പിക്കുന്നുണ്ട്. സിനിമാമോഹമുണ്ടായിരുന്ന എലികളെ കുറിച്ച് ആഖ്യാനത്തിൽ സൂചിപ്പിക്കുന്നുണ്ട്. മിക്കി മൗസിനെ ദൈവത്തെപ്പോലെ ആരാധിക്കുന്ന ചുണ്ടെലികൾ കഥ നടക്കുന്ന നാട്ടിലുണ്ടായിരുന്നു. നായ്ക്കളുടെ വിപ്ലവവും കോഴികളുടെ ലഹളയും അവിടെ നടന്നിരുന്നു. മണ്ണും വെള്ളവും വൃക്ഷലതാദികളും മൃഗങ്ങളും എന്തിനേറെ മനുഷ്യന്റെ നിലനിൽപ്പ് തന്നെ ഇന്നു തീരുമാനിക്കുന്നത് അധികാരം കയ്യാളുന്നവർ ആണ്. എല്ലാ സാഹചര്യങ്ങളോടും സമരസപ്പെട്ടു ജീവിക്കേണ്ടി വരുന്നവരുടെ സംഘർഷങ്ങളെ ലഘൂകരിക്കുന്ന പ്രതിനിധി/പ്രസ്ഥാനം ആയി കാർട്ടൂൺ മേരി മാറുന്ന കാഴ്ചയാണ് നോവലിൽ അവതരിപ്പിക്കുന്നത്.

തൊണ്ണൂറുകളിലാണ് സ്വതന്ത്രവ്യാപാരമെന്ന (Free Trade) ആശയം ശക്തി പ്രാപിച്ചത്. അതോടു കൂടി മധ്യ വർഗത്തിന്റെ വിചാരങ്ങളും ആഗ്രഹങ്ങളും വിപണിയ്ക്ക് സുതാര്യമായ രീതിയിൽ പ്രത്യക്ഷപ്പെടാനും തുടങ്ങി. ഈ സാഹചര്യത്തെ ഒരുൾനാടൻ ഗ്രാമത്തിലെ മനുഷ്യരും മൃഗങ്ങളും അവരുടെ ഉപജീവനമാർഗങ്ങളായ കച്ചവടവും കൃഷിയും സാഹിത്യവും രാഷ്ട്രീയവും തട്ടിപ്പും ഉപയോഗിച്ചു നേരിടുന്നതെന്നത് എങ്ങനെയെന്നതിന്റെ ചുരുക്കെയെഴുത്താണ് കാർട്ടൂൺ. അതിനു എഴുത്തുകാരൻ സ്വീകരിച്ച മാർഗം ആക്ഷേപഹാസ്യത്തിന്റേതാണ്. തീർത്തും ഗ്രാമ്യമായ ഭാഷ ഉപയോഗിച്ചു കൊണ്ട് സാധാരണക്കാരുടെ ജീവിതം പറയുന്ന നോവലിൽ അൻപത്തിനാല് ചെറിയ ഖണ്ഡങ്ങളാണുള്ളത്. പ്രാദേശികചരിത്രത്തിന്റെ ചുറ്റുപാടുകളിലൂടെ നീങ്ങുന്ന ആഖ്യാനത്തിൽ ചിതറയും കടയ്ക്കലും തിരുവനന്തപുരവുമെല്ലാം കടന്നു വരുന്നുണ്ട്. കഥാപാത്രങ്ങളുടെ കൗതുകം കലർന്ന പേരുകളിലും സ്വഭാവവിശേഷത്തിലും നോവലിസ്റ്റ് ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. ഇത്തരത്തിലുള്ള സങ്കേതം അല്പം പഴയതാണെങ്കിലും അവർ ചർച്ച ചെയ്യുന്ന കാലികാഭിമുഖ്യമുള്ള വിഷയങ്ങൾ ഇരുത്തി ചിന്തിപ്പിക്കുന്നവയാണ്. ” രണ്ടു ശവപ്പെട്ടി വാങ്ങുന്നവർക്ക് ഒരെണ്ണം സൗജന്യം. കൂടാതെ വമ്പിച്ച സമ്മാനപദ്ധതികളും ” എന്ന തിരിയൻ മേശിരിയുടെ വാഗ്ദാനം തന്നെ വിപണിയെന്ന യാന്ത്രികലോകത്തിന്റെ ആത്മാർഥതയില്ലായ്മയ്ക്ക് ഉദാഹരണമാണ്.

ഉദാരനയങ്ങൾ സ്വീകരിച്ചത് വഴി കുത്തകമുതലാളിമാരുടെ ബഹുരാഷ്ട്ര കച്ചവട ശൃംഖല നമ്മുടെ നാട്ടിലും പ്രത്യക്ഷപ്പെട്ടു തുടങ്ങി. അത്തരമൊരവസ്ഥയിൽ ചെറുകിട കച്ചവടക്കാരുടെയും സ്വന്തം കൃഷിയിടങ്ങളിൽ നിന്നും മറ്റും പച്ചക്കറികളും മറ്റു ഭക്ഷ്യവസ്തുക്കളും ശേഖരിച്ചു ചന്തയിൽ വിറ്റു കൊണ്ടിരുന്നവരും ആശങ്കാകുലരായി. ചന്തയിൽ കച്ചവടം ചെയ്യാൻ സ്ഥലം പോലും കിട്ടാത്ത ചെറുകിട കച്ചവടക്കാരുടെ ധർമ്മസങ്കടങ്ങളെ ഹാസ്യത്തിന്റെ മേമ്പൊടിയോടെ നോവലിൽ അവതരിപ്പിക്കുന്നുണ്ട്. ചക്ക, മാങ്ങ, തേങ്ങ, ചേന, ചേമ്പ്, കൈതച്ചക്ക, ശീമച്ചക്ക ,വാഴക്കുലകൾ തുടങ്ങിയവയുടെ വില്പന ചന്തകളിൽ എങ്ങനെയാണ് നടക്കുന്നതെന്ന് ആവർത്തിച്ചു വിശദമാക്കുക വഴി അന്യം നില്ക്കാൻ സാധ്യതയുള്ള ഒരു കച്ചവടസംസ്കാരത്തെ രേഖപ്പെടുത്തുകയാണ് നോവലിസ്റ്റിന്റെ ലക്ഷ്യമെന്നത് വ്യക്തമാണ്.

നോവലിൽ പരാമർശിച്ചിരിക്കുന്ന സാമൂഹിക വിമർശനങ്ങൾ പ്രാധാന്യമർഹിക്കുന്നവയായിരുന്നു. മാത്രമല്ല, പിന്നീട് പൊതുസമൂഹം തന്നെ അത്തരം വിഷയങ്ങൾ സജീവമായി ചർച്ച ചെയ്യുകയും ചെയ്തിരുന്നു. സമൂഹത്തിൽ നിലവിലുള്ള പല പ്രവണതകളെയും ശുദ്ധമായ നർമ്മത്തോടെ പരാമർശിക്കാനും വിമർശിക്കാനും നോവലിസ്റ്റ് കാണിക്കുന്ന മിടുക്ക് പ്രത്യേകം എടുത്തു പറയണം. ‘പദ്മ’ ബഹുമതികൾ ലഭിക്കാനുള്ള ആളുകളുടെ നെട്ടോട്ടത്തെ പരിഹസിക്കുന്ന നോവലിസ്റ്റ് ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിന് കൊണ്ടു വന്ന ആന വരെ ആഗ്രഹിക്കുന്നത് ‘പദ്മശ്രീ’ആണെന്ന് സൂചിപ്പിക്കുന്നുണ്ട്, ആനയുമായുള്ള പ്രാദേശിക ലേഖകന്റെ അഭിമുഖത്തിലാണ് ഇതു പുറത്തു വന്നത്. സാഹിത്യപോഷണത്തിനായി ചില ഒറ്റമൂലിപ്രയോഗങ്ങളെല്ലാം ഒരധ്യായത്തിൽ വിവരിക്കുന്നുണ്ട്. എഴുത്തിലൂടെ സാന്നിധ്യം എങ്ങനെയാണ് ഇപ്പോഴും ഉണ്ടാക്കേണ്ടത് എന്നൊക്കെ സരസമായി പ്രതിപാദിക്കുന്നുണ്ട് ഈ അധ്യായത്തിൽ. 2005ൽ നോവൽ പുറത്തിറങ്ങിയ സമയത്ത് ഇത്തരം പ്രശ്നങ്ങളെ പറ്റി സമൂഹം ആഴത്തിൽ ചിന്തിച്ചിരുന്നില്ല എന്നോർക്കണം.

shujad, cartoon, malayalam novel, rahul radhakrishnan, vishnu ram

ഇതു പോലെ തന്നെ മറ്റൊരു സംഭവമായിരുന്നു നാട്ടിലെ സാഹിത്യകാരനായ അക്ബർ അലി ദാരിദ്ര്യത്തിൽ നിന്നും രക്ഷപ്പെടാനായി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത്.ഉറ്റ തോഴരായ കരമസോവ് സഹോദരന്മാർ, കുറ്റവും ശിക്ഷയും, ഇഡിയറ്റ്, പെഡ്രോ പരാമോ,അദ്ധ്യാത്മരാമായണം, ബഷീർ കൃതികൾ, ആരോഹണം തുടങ്ങിയ പുസ്തകങ്ങൾ ഇരുതോളുകളിലെ സഞ്ചികളിൽ ഇട്ടതിനു ശേഷമാണ് അയാൾ ഫാനിൽ തൂങ്ങി ജീവനൊടുക്കാൻ ശ്രമിച്ചത്, ശരീരം പിടഞ്ഞാടുന്ന നേരത്ത് വൈദ്യുതപങ്ക കൊളുത്തിൽ നിന്നും ഇളകി മുന്നോട്ടാഞ്ഞു. പങ്ക പറന്നു പുറത്തേക്കിറങ്ങി. അത് ആകാശത്തേക്കുയർന്നു. ആകാശമധ്യേ പാത്തുമ്മയുടെ ആടിന്റെ പുറത്തിരുന്നു പറക്കുന്ന മേരിയെ അയാൾ കണ്ടു മുട്ടിയത്.

അന്തം വിട്ട അലി പിന്നെ അന്തം കൂടാതെ നേരിയ ചമ്മലോടെ മേരിയോട്

” സൗരോർജമുണ്ടോ ഇത്തിരിയെടുക്കാൻ?

അയ്യോ അലിയെ, അല്പം ആണവോർജം അടിച്ചു മാറ്റിക്കൊണ്ടാണ് ഞങ്ങൾ ഇതു വരെ പറന്നത്”. ഇത്തരത്തിലുള്ള തല തിരിഞ്ഞ രംഗങ്ങളിലൂടെ മുന്നോട്ട് നീങ്ങുന്ന ആഖ്യാനം നിലവിൽ ഒരു നോവലിന് വേണമെന്ന് ശഠിക്കുന്ന സാമ്പ്രാദായികമാനങ്ങളെ ഓരോ വരിയിലും പൊളിച്ചെഴുതുന്നുണ്ട്.

ഇടിച്ചു നികത്തിയ കുന്നുകളുടെ ഒരു ഭാഗത്തിരുന്നു പാത്തുമ്മായുടെ ആട് ചന്ദ്രൻ ഉദിക്കുന്നത് കാണുന്ന ഒരു രംഗമുണ്ട് നോവലിൽ. കുന്നുകൾ നശിപ്പിക്കുന്നതിനെ പറ്റിയും പാരിസ്ഥിതിക പ്രതിസന്ധികളെ പറ്റിയും പറയാതെ എന്നാൽ അവ നില നിൽക്കുന്നുവെന്ന് ധ്വനിപ്പിക്കാൻ പറഞ്ഞു കൊണ്ടും അതിനു വേണ്ടി സങ്കടപ്പെട്ടും കൊണ്ടല്ല അവതരിപ്പിക്കുന്നത്. ഇങ്ങനെ പറയാതെ പറയുന്നതിന്റെ ഭംഗി നിലനിർത്തിക്കൊണ്ടാണ് പല സന്ദർഭങ്ങളും നോവലിൽ അവതരിപ്പിച്ചിട്ടുള്ളത്. ചന്ദ്രൻ ഉദിക്കുന്നത് കാണുന്ന സമയത്തു കിഴക്കു നിന്നും ചന്ദ്രബിംബത്തെ മറച്ചു കൊണ്ട് കുന്നിന്റെ നെറുകയിലൂടെ നിലാവിൽ ക , ഖ , ഗ , ഘ തുടങ്ങിയ വ്യഞ്ജനങ്ങളും ആ, ഊ , ഔ തുടങ്ങിയ സ്വരാക്ഷരങ്ങളും കരണം മറിഞ്ഞു വന്നത്. ഇങ്ങനെ വരികൾക്കിടയിലൂടെ യാഥാർഥ്യവും വിചിത്രഭാവനായും വഴുതികളിക്കുന്ന ആഖ്യാനമാണ് നോവലിസ്റ്റ് സന്നിവേശിപ്പിച്ചിരിക്കുന്നത്. ആയിടെയായി നാട്ടിൽ പുതുതായി കണ്ടെടുത്തു കൊണ്ടിരിക്കുന്ന പുരാവസ്തുക്കൾ കാണാനും പകർത്താനും മാധ്യമപ്പട എത്തിക്കൊണ്ടിരിക്കുന്ന അവസരത്തിൽ കാർട്ടൂൺ മേരിയും പാത്തുമ്മാടെ ആടും സ്ഥിരമായുള്ള ഊരുചുറ്റൽ കുറച്ചു, ഇതിനിടയിലായിരുന്നു കാർട്ടൂണിസ്റ്റുകളായ ഗോപികൃഷ്ണനും ഉണ്ണിയും അവിടെയെത്തിയത്. അവർ മേരിയെ രേഖകളിലാക്കി കടലാസ്സിൽ പതിച്ചെങ്കിലും അവൾ അവിടെ നിന്നും മോചിതയായി. പാത്തുമ്മാടെ ആട് തലയോലപ്പറമ്പിലേക്ക് തിരിച്ചു പോകുകയും ചെയ്തു.

s.a. shujad, vaikom muhammad basheer, rahul radhakrishnan,vishnu ram

നോവലിലെ പ്രധാനപ്പെട്ട കഥാപാത്രമായി പാത്തുമ്മാടെ ആട് വരുന്നതിൽ പ്രസക്തിയുണ്ട്. കഥകളുടെ സുൽത്താനായ ബഷീറിനുള്ള ആദരമായി ഇതിനെ കാണാം. പാത്തുമ്മയുടെ ആട് പുതിയ ലോകപരിസരങ്ങളെ എങ്ങനെയെല്ലാമാണ് വീക്ഷിച്ചിട്ടുണ്ടാവുക എന്നത് മറ്റൊരു എഴുത്തുകാരന്റെ കണ്ണിലൂടെ അവതരിപ്പിക്കുകയാണ് ‘കാർട്ടൂണിൽ’. ഇങ്ങനെ കാർട്ടൂൺ കഥാപാത്രവും ബഷീറിന്റെ കഥാപാത്രമായ ആടും കേന്ദ്രമാക്കി എഴുതിയ ഒരു പരീക്ഷണ നോവലാണിത്.

ഒരു ആക്ഷേപഹാസ്യ സമുച്ചയമായി അവതരിപ്പിച്ചിരിക്കുന്ന കാർട്ടൂൺ സൂക്ഷ്മമായ മാനങ്ങളെ നർമ്മരൂപത്തിൽ പറയുന്നു. വായനയുടെ യാഥാസ്ഥിതിക ശീലങ്ങളിൽ അല്പം വ്യതിയാനം വരുത്തിയാലേ കാർട്ടൂൺ പോലൊരു പരീക്ഷണകൃതി സംവേദനക്ഷമമാവൂ. കഥപറച്ചിലിന്റെ പുതിയൊരു സാധ്യതയെ തുറന്നു കാട്ടുന്ന കാർട്ടൂൺ നോവലെഴുത്തിന്റെ വ്യത്യസ്തമായൊരു തുറസ്സാണ്. ആഖ്യാനത്തിനു അർത്ഥത്തിനും സംവേദനത്തിനും പുതിയ അർത്ഥതലങ്ങൾ രൂപപ്പെടുത്തുന്ന നോവലിൽ അതിവേഗം പായുന്ന ലോകത്തിന്റെ ഓരത്തുള്ള കാഴ്ചകളെ വിമർശനാത്മകമായി കാണുകയാണ്.

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Cartoon novel pathummas aadu vaikom muhammed basheer sa shujaad rahul radhakrishnan