/indian-express-malayalam/media/media_files/2025/03/22/govind-4-347334.jpg)
ചിത്രീകരണം : വിഷ്ണു റാം
അമ്പലത്തിൻ്റെ കിഴക്കേനട.
പകലന്തിയുടെ വേവുനോക്കുവാൻ തയ്യാറായ രാത്രി ചില ജീവിതങ്ങളുടെ മൂടി പൊക്കുന്ന സമയം.
ഇരുട്ടിൽ ചിലർ...
1. വേണു
ആലിൻചുവട്ടിൽ ഒറ്റക്കിരിക്കുന്ന ഗണപതിയുടെ കാൽക്കലെ കാണിക്കവഞ്ചി ലുങ്കി കുട്ടിപ്പിടിച്ച് പതിയെ പൊക്കുന്നതിനിടയിലാണ് ദൂരെ നിന്നു വരുന്ന വെട്ടത്തിൻ്റെ കൊള്ളിസൂചി വേണുവിൻ്റെ എണ്ണ കുഴഞ്ഞ ദേഹത്തേക്കു തുളഞ്ഞു കയറിയത്. പാതിയിളക്കിയ ഭണ്ഡാരപ്പെട്ടി അവിടെ വച്ചു. ഓടിയൊളിക്കുവാൻ സ്ഥലമില്ല. ഇരുട്ടു തൂങ്ങിക്കിടക്കുന്ന അരയാലിലേക്കു അയാൾ അള്ളിപ്പിടിച്ചു കയറി. ചില്ലകളിലെ നീറുകളും ഇലകളും മാത്രമല്ല, സർവ്വ പ്രപഞ്ചവും അപ്പോൾ അയാൾക്കൊപ്പം ശ്വാസം പിടിച്ചിരുന്നു. വേണു ആലോചിച്ചു.
'പല തവണ ഇരുട്ടത്ത് ഓടിരക്ഷപെട്ടിട്ടുണ്ട്. രക്ഷപെടാനുള്ള കാത്തിരുപ്പ് ഇതാദ്യമാണ്.' നേരം രണ്ടു മണിയായിക്കാണണം. അടുത്തേക്കു വന്നുകൊണ്ടിരിക്കുന്ന വെട്ടം നീങ്ങിക്കഴിഞ്ഞാൽ രക്ഷപെടാം. പടച്ചതമ്പുരാൻ്റെ കാൽക്കലുള്ള കാണിക്കവഞ്ചിയല്ലേ? പിന്നെയാണേലും പൊക്കാം.
അയാൾ പതിയെ ശ്വാസംവിട്ടു. വെട്ടം അടുത്തു വരുന്നു... അടുത്തടുത്തു വരുന്നു. ക്യത്യം ആലിൻചുവട്ടിലെത്തിയപ്പോൾ നടത്തം നിലച്ചു. വേണു, വലിയ ചില്ലകൾക്കു പിന്നിലേക്കു പതുങ്ങി. താഴെ നിന്നയാൾ പന്തം താഴ്ത്തി വീശി.
'ഇയാളിതെന്തിനുള്ള പൊറപ്പാടാ?'
ആലോചിക്കും മുൻപേ താഴെ നിന്നയാൾ മുണ്ടുരിഞ്ഞു. കോണകം മാത്രം ചുറ്റി അയാൾ ആലിനു വലംവെച്ചു. പെട്ടെന്ന് പന്തം കുത്തിക്കെടുത്തി. നേരിയ കാഴ്ചയെ ഇരുട്ട് വീണ്ടും കണ്ണുകളിൽ നിന്നു മായിച്ചു. ചുറ്റും നോക്കി. ആരെയും കാണാനില്ല. രക്ഷപെടാം! തിരിച്ചിറങ്ങുവാൻ പതിയെ പിന്നോട്ടു നിരങ്ങിത്തുടങ്ങിയതും തൊട്ടടുത്ത ചില്ലയിൽ ഒരാൾ ഇരുന്നു പല്ലിളിക്കുന്നു. അതും തൊട്ടരികത്ത്. തന്നെത്തന്നെ സൂക്ഷിച്ചു നോക്കിയിരിക്കുന്നു.
വേണുവിൻ്റെ ശ്വാസം നിന്നുപോകുന്നതുപോലെ തോന്നി. കോണകം മാത്രം ചുറ്റിയ കരിവീട്ടി പോലെയുള്ള ശരീരം. ദേഹമാസകലം വെളുത്തു ചുരുണ്ട രോമങ്ങൾ. തലയിൽ വെള്ളിക്കസവു പോലുള്ള കുറ്റി രോമങ്ങൾ. മുറുക്കിച്ചുവന്ന ചുണ്ടുകൾ. വെള്ളി മോതിരമിട്ട കൃഷ്ണമണികൾ. "കുട്ടിസ്വാമീ..." നിലവിളി പുറത്തുവരും മുൻപ് വേണു കഴുത്തിലൂടെ ചുറ്റിക്കെട്ടിയിരുന്ന ലുങ്കിയുടെ അറ്റം കടിച്ചു പിടിച്ചു. ഉരുണ്ടു പിടച്ച് ചില്ലകളിൽക്കൂടി ഊർന്നിറങ്ങി. മുറിവുകൾ തൂത്ത്, തെളിവുകളെല്ലാം പെറുക്കി ഓടുന്നതിനു തൊട്ടുമുൻപ് അയാൾ ആലിൻ്റെ മുകളിലേക്ക് ഒന്നുകൂടി നോക്കി.
"വേണൂ, ഞാൻ താഴെയാ... എൻ്റെ സമയം കട്ടത് നീയാണോ?" തൊട്ടു പിന്നിൽനിന്നും കുട്ടിസ്വാമിയുടെ ശബ്ദം.
വേണു നോക്കിനിൽക്കേ കുട്ടിസ്വാമി ചിന്നിച്ചിതറി. ഒരായിരം മിന്നാമിനിങ്ങുകൾ. അവ ആലിൻ്റെ കുടുന്തയിലേക്കു കൂട്ടത്തോടെ അരിച്ചു കയറി. ആലിൻ്റെ കുടുന്തയിൽ പച്ചവെളിച്ചം പടർന്നു. അതുകൂടി കണ്ടതോടെ, വേണു വായ പൊത്തിക്കൊണ്ട് ഇരുട്ടിലേക്ക് ഓടി. ഓടിയ വഴിയത്രയും വേണുവിൻ്റെ ഹൃദയം നിലവിളിച്ചു. പിച്ചാത്തിക്കു കഴുത്തു വരഞ്ഞ കോഴിയെപ്പോലെ പിടച്ചു.
" നാട്ടുകാരേ... പ്രേതം... കുട്ടിസാമീടെ പ്രേതം!"
2. പൊൻമാൻ
വീട്ടിലെത്തിയ വേണു തിടുക്കത്തിൽ കുളിച്ചു. ഭയന്നുവിറച്ചു വെളുക്കുന്നതുവരെ വരാന്തയിൽ ചുരുണ്ടു കൂടിക്കിടന്നു. പരുപരാ വെളുത്തപ്പോഴേ വേണു സൈക്കിളെടുത്തു. ഡൈനാമോ ടയറിൽ മുട്ടിച്ചു. സൈക്കിളിലെ ഒറ്റക്കണ്ണിൻ്റെ വെളിച്ചം കുറയും തോറും സർവ്വപ്രാണനുമെടുത്ത് അയാൾ മീനച്ചിലാറിൻ്റെ കരയിലേക്ക് ആഞ്ഞുചവിട്ടി . അവിടെയാണ് പൊൻമാൻ സജിയുടെ കൂര.
വൈകുന്നേരങ്ങളിൽ, പതിനാറിൽചിറയിലെ മീൻകച്ചവടക്കാർ ആറിനു കുറുകെ അടിച്ചിരിക്കുന്ന തെങ്ങിൻകുറ്റിയിൽ ഒടക്കുവല കെട്ടും. മുഴുത്ത ആറ്റുവാളകളെ പിടിക്കാൻ. അവരെല്ലാം പോയിക്കഴിഞ്ഞ്, പാതിരാത്രി പാത്തുംപതുങ്ങീം ഇതിനുകീഴെ പൊൻമാൻ സജി താറാവള്ളം മുട്ടിക്കും. മുകളിൽ ഒരു ചാട്ടവല കെട്ടും. ഒടക്കുവലയിൽ കുടുങ്ങാത്ത അഹങ്കാരികളായ മീനുകൾക്കു വേണ്ടി. വെളുപ്പിനെ മൂന്നാകുമ്പോൾ, ഒരു നാലു വാളയോ മൂന്നു പുല്ലനോ സജിക്കു കിട്ടും. അതും തൂക്കി വലയും അഴിച്ച് പുള്ളി പാട്ടുംപാടി തിരിച്ചു വീട്ടിലേക്കു തുഴയും.
ഈ പതിവ് അറിയാവുന്നതുകൊണ്ടു തന്നെ വേണു സജിയുടെ വള്ളം കാത്തിരുന്നു. മണി ആറുകഴിഞ്ഞു, ഏഴുകഴിഞ്ഞു . സജി എത്തിയില്ല. വേണു അക്ഷമനായി വീട്ടിലേക്കുകയറി. വാതിലിൽ മുട്ടും മുൻപേ, ആറ്റുവാളയുടെ വാലിനടിപോലെ ബലമുള്ള കൈകൾ വേണുവിനെ വലിച്ച് അകത്തേക്കിട്ടു. വാതിലടച്ചു. മുറിയിലാകെ പുക.
വേണു എന്തെങ്കിലും പറയും മുൻപ് പൊൻമാൻ ശ്ശ്... മിണ്ടരുത് എന്ന ആംഗ്യം കാണിച്ചു. ചുണ്ടത്ത് വിരലുകളുമായി രണ്ടുപേരും പതിയെ ജനലിൻ്റെ പാളിയിലൂടെ പുറത്തേക്കു നോക്കി. പതിയെ പുറത്തേക്കിറങ്ങി. ഇറയത്തിരുന്ന് ബീഡി കത്തിച്ചിട്ട് പൊൻമാൻ സജി പറഞ്ഞു തുടങ്ങി.
"എടാ ഇന്നലെ ചിറക്കല് കള്ളവല വെക്കാൻ ചെന്നപ്പം... " അയാൾ കിതച്ചു. ചുമച്ചു തുപ്പി.
ബാക്കി വേണു പറഞ്ഞു, "നീ കുട്ടി സ്വാമിയെ കണ്ടു എന്നല്ലേ?"
പൊൻമാൻ പറഞ്ഞു, "പോടാ കോപ്പേ, കാച്ചിലും ചോട്ടിൽ കാലനെ കണ്ട കാര്യം പറയുമ്പോഴാ അവൻ്റെ കുട്ടിസാമി. അയാൾടെ കാര്യം പണ്ടേ തീരുമാനമായതല്ലേ. ഹൊ! അതുപോട്ടെ നീ ഇതു കേൾക്ക്."
ബീഡി കുത്തിക്കെടുത്തിയ ശേഷം പൊൻമാൻ തുടർന്നു.
"എൻ്റെ വേണൂ , ഇന്നലെ രാത്രീലെ ആദ്യത്തെ വേലിയേറ്റത്തിനാ ഞാൻ ചിറക്കൽ ചെല്ലുന്നത്. ഏതാണ്ട് മൂന്നായിക്കാണും. സാധാരണ ചാട്ടത്തിനു രണ്ടോ മൂന്നോ പുല്ലനോ വാളയോ; എൻ്റേടാ. ഇത് ഒന്നല്ല. നൂറെണ്ണം ഒരുമിച്ച് . വലക്കപ്പറം കിടന്ന് പൊളച്ച് വെട്ടിത്തുള്ളുവാ. അതു കണ്ടപ്പ എൻ്റെ പിടിവിട്ടു. തെങ്ങുംകുറ്റിയേൽ വള്ളത്തിൻ്റെ കെട്ടുകയറും കെട്ടി ഞാന്നു കിടന്നു നോക്കുമ്പോ, ആരാണ്ടോ കാലിൽ പിടിച്ചു പൊക്കി അപ്പറത്തോട്ടിട്ടു. പായലു വെള്ളമാണേലെന്താ. എടാ ഒരു മുന്നൂറ്, അല്ല അതിൽ കൂടുതലൊണ്ടേലെ ഒള്ളൂ. ചുറ്റും. എന്നെ കൊത്തിപ്പറിച്ചു തിന്നു തീർത്തേനേ. പിന്നെ അരേലെ മണ്ണണ്ണ പാക്കറ്റ് പൊട്ടിച്ച് ഞാൻ തിരിച്ചു വള്ളത്തേക്കേറി. കൊത്തു കൊണ്ടു ദേഹം മുറിഞ്ഞടാ. ഇന്നലെ നല്ല വരശ്ശായിരുന്നു. അപ്പറം വീണില്ലായിരുന്നേ ഇന്ന് തകർത്തേനേ."
" എവിടക്കയാ മുറിഞ്ഞത്? കാണിച്ചേടാ..."
അവളുടെ രാവുകളിലെ നായികയെപ്പോലെ പൊൻമാൻ ഷർട്ടുമാത്രമിട്ടു മുറിവുകൾ കാണിച്ചു തുടങ്ങി. അതു കണ്ടതോടെ വേണു വീണ്ടും ഭയന്നു. കാഴ്ച പൂർത്തിയാക്കിയ പൊൻമാൻ കടുംകാപ്പി എടുക്കുവാൻ അകത്തേക്കു പോയ ലാക്കിന് വേണു സ്ഥലംവിട്ടു. ധ്യതിയിൽ അയാൾ വീട്ടിലെത്തി. കണ്ണാടിയിൽ സ്വന്തം മുറിവുകൾ നോക്കി. രണ്ടു പേർക്കും എല്ലാ മുറിവുകളും ഒരേ സ്ഥലങ്ങളിൽ. പൊൻമാൻ്റെ ദേഹത്ത് കൊത്തിപ്പറിച്ചതുപോലെ. തനിക്ക് ഉരഞ്ഞു പറിഞ്ഞതുപോലെ. പക്ഷേ ക്ഷതത്തിൻ്റെ ഇടങ്ങൾ ഒരുപോലെ. ഇനി ജബ്ബാറിൻ്റെ കാര്യം എങ്ങനെയാണോ? വേണു വിയർത്തു.
കള്ള പാസ്പോർട്ടും, സർട്ടിഫിക്കറ്റുകളും ഒപ്പിച്ച് പതിനെട്ടു കഴിഞ്ഞ പിള്ളേരെ കപ്പലിൽ കയറ്റുന്ന ലൊട്ടുലൊടുക്കു പണിയായിരുന്നു ജബ്ബാറിന്. കയറ്റിവിട്ട പിള്ളേരെല്ലാം കപ്പലിൽ കയറിയതുകൊണ്ട്, അവൻ്റെ ജീവിതം സാധാരണമായിരുന്നു. പക്ഷേ, അന്നു രാവിലെ വേണു ജബ്ബാറിനെ കണ്ടപ്പോഴേക്കും സംഗതികളുടെ ഗതി മാറിയിരുന്നു.
ജബ്ബാറിൻ്റെ വീടിനു മുന്നിൽ ആൾക്കൂട്ടം. അകത്തേക്ക് കയറിയപ്പോൾ കൈലിയിൽ തൂങ്ങി നിൽക്കുന്ന ജബ്ബാർ വേണുവിനെ നോക്കി കണ്ണുമിഴിച്ചു വട്ടത്തിൽക്കിടന്നു കറങ്ങി. സങ്കടം പറഞ്ഞു എങ്കിലും എല്ലാവരും വേണുവിനെ അവഗണിച്ചു. അല്ലേലും സാധാരണ കള്ളന്മാരുടെ സങ്കടം ഒരു പട്ടിക്കും കേൾക്കണ്ട എന്നു ചിന്തിച്ച് കണ്ടുനിന്നവർക്കൊപ്പം ദീർഘശ്വാസം വിട്ടു.
മറ്റു പന്തികേടുകൾ മണക്കും മുൻപേ ഞണ്ടിനെപ്പോലെ അയാൾ പിന്നോട്ടു വലിഞ്ഞു. സൈക്കിൾ നീട്ടിച്ചവിട്ടി ആലിൻചുവട്ടിലെത്തി. അവിടെ പന്തവുമില്ല, മുണ്ടുമില്ല. പക്ഷേ കാണിക്കവഞ്ചി അങ്ങനെ തന്നെയുണ്ട്. അയാളാകെ വിയർത്തു. ഇന്നു വെളുപ്പിനെമുതൽ നടക്കുന്ന സംഭവങ്ങളെല്ലാം ഓർത്തപ്പോൾ അയാളുടെ പൊറുതികെട്ടു. അവിടുന്ന് ബീവറേജസിനു മുന്നിൽ ലോട്ടറി ടിക്കറ്റു വിൽക്കുന്ന ലൈലാക്കയുടെ വീട്ടിലേക്കു സൈക്കിൾ ഓടിത്തുടങ്ങി.
3. ലൈലാക്ക.
"പ്ലച്ച് " ചെവിക്കല്ലിനു ഒറ്റയടി...
വേണു കയറിച്ചെന്നപാടേ ലൈലാക്ക കൊടുത്ത ഒറ്റയടിയിൽ ആയിരം മിന്നാമിനുങ്ങുകൾ വേണുവിൻ്റെ തലക്കു ചുറ്റും കറങ്ങി. അരിക്കലം മറിഞ്ഞു ചങ്കു മുതൽ കാലുവരെ പൊള്ളി നിന്ന ലൈലാക്കയെ കണ്ട വേണു ഞെട്ടി. ഒരേ മുറിവുകൾ. അവർക്കു പൊള്ളലുകൾ. തനിക്കു ഉരഞ്ഞു പറിഞ്ഞ പാടുകൾ. രണ്ടും ഒരേ സ്ഥലങ്ങളിൽ.വേണുവിൻ്റെ കണ്ണു തള്ളി, തറയിൽ വീഴുമെന്നു തോന്നിയപ്പോൾ ലൈല പറഞ്ഞു
" എടാ, നീയൊക്കെ എന്താടാ ചെയ്തത്. ദേണ്ടെ, പൊൻമാൻ സജി കട്ടിലിനടിയിൽ ഇരുപ്പുണ്ട്. നിൻ്റെയൊക്കെ കൂട്ടുകാരൻ ജബ്ബാറാണേൽ തൂങ്ങി. ഇനി എന്നതാടാ."
വേണു നിന്ന പാടേ, ചുവരു പറ്റി ഊർന്നിറങ്ങി, "പൊൻമാനെ ഞാൻ രാവിലെ കണ്ടതാണല്ലോ."
പറഞ്ഞു കഴിഞ്ഞപാടേ വീടിനകത്തു നിന്നു പൊൻമാൻ്റെ ശബ്ദം പുറത്തേക്കു വന്നു.
" നീ പോയിക്കഴിഞ്ഞാ സംഭവം നടന്നത്. അടുപ്പത്ത് കാപ്പി കൂട്ടാൻ നോക്കുമ്പോ അവിടെ കുട്ടിസാമി! അയാള് അടുപ്പിൻ്റെ മുകളിൽ കുന്തിച്ചിരിക്കുന്നു. എന്നിട്ട് ഒരൊറ്റച്ചോദ്യം "എൻ്റെ സമയം കട്ടതു നീയാണോ?" ചുവന്ന പട്ടുകോണകം മാത്രമുടുത്ത് പുള്ളി നാക്കുനീട്ടി ഇരിക്കുവാ. പാമ്പിൻ്റെ പോലത്തെ നാക്ക്. ഞാൻ വീട്ടീന്ന് ഇറങ്ങി ഓടി. വരുന്ന വഴിക്ക് ആലിൻ ചുവട്ടിൽ ആൾക്കൂട്ടം. ഒന്നേ നോക്കിയുള്ളൂ... ഞാൻ ഷാപ്പിലോട്ടോടി. രണ്ടു കുപ്പിയടിച്ചാൽ സമാധാനം കിട്ടുമല്ലോ, എന്നോർത്ത് വരുന്ന വഴി തനിയേ ഇങ്ങോട്ടു കേറി. ഇപ്പോ ദേ നീയും വന്നു. ഇതിനും മാത്രം എന്തന്നാടാ സംഭവിക്കുന്നത്. "
5. മൂവർ
മുറിയിലും വരാന്തയിലുമായി അവർ ചില മണിക്കൂറുകൾ കഴിച്ചുകൂട്ടി. മൂവരും മൂന്നുവിധത്തിൽ കുട്ടിസാമിയുടെ കയ്യിലെ സ്വർണവാച്ചിനെക്കുറിച്ചോർത്തു. ഉൾപ്പിടപ്പുകൾ അവരുടെ മൂക്കിലൂടെ കുളയട്ടകളായി പുറത്തുവന്നു. ഇടക്കെപ്പോഴോ ലൈലാക്ക കടുംചായയിട്ടു. മാട്ട ത്രിഗുണൻ റമ്മും കൂട്ടി മൂവരും പലപ്പോഴായി അതു കുടിച്ചു. ഉച്ചയ്ക്കുള്ള ചോറു കാലാക്കുവാൻ ലൈല മിച്ചമുള്ള അരിയിട്ടു. കുഴച്ചു കഴിക്കുവാനുള്ള ചാറുകറി മാത്രം മേടിക്കുവാൻ ലോട്ടറി വിറ്റ കാശു നൽകി ലൈല വേണുവിനെ കസ്തൂർബാ ഷാപ്പിലേക്കയച്ചു.
ഇതിനിടെ ലൈല പൊൻമാൻ്റെ മടിയിൽക്കയറിയിരുന്നു. പക്ഷേ ഭയം കടുവയെപ്പോലെ സജിയുടെ പലയിടങ്ങളിലും പിടുത്തം മുറുക്കിയിരുന്നു. എല്ലാ ശ്രമങ്ങളും തോറ്റപ്പോൾ ലൈല പൊൻമാനെ നോക്കി നെടുവീർപ്പിട്ടു. പിന്നെ മൂലയ്ക്കു കുത്തിയിരുന്നു. കുറേ മിനിട്ടുകൾ അങ്ങനെ. ചങ്കിടിപ്പിനൊപ്പം പുറത്തുവന്ന ചിന്തകൾ കണ്ണട്ടകളെപോലെ അവരിലേക്കടുത്തു. ലൈല സജിയെ കുലുക്കി വിളിച്ചു, "എടാ പൊൻമാനേ എന്നതാടാ ഇത് ? കപ്പി കെട്ടണോ ? ഇതിനും മാത്രം എന്നതാ? അതൊരു വാച്ചല്ലേടാ ..."
അതുകേട്ടത്തും,അവളെയും പൊക്കിയെടുത്ത് പൊൻമാൻ നിലത്തേക്കു മറിഞ്ഞു, "അല്ലടീ അത് സമയമാ സമയം. നമ്മുടെ സമയം!"
ആർത്തി. വിശപ്പ്.ഭയം. എല്ലാം അവർക്കു ചുറ്റും ഓടിനടന്നു കൂവി. അതിനിടയിലാണ് വേണു അകത്തേക്കു കയറി വന്നത്. ആ കാഴ്ച കണ്ട വേണു, കൂവലുകാരെ വകഞ്ഞു മാറ്റി അവർക്കൊപ്പം കൂടി. ചാറുകറി താങ്ങിയ പാക്കറ്റു പൊട്ടി. ചുവന്ന മീൻചാറ് ചോര പോലെയൊഴുകി. അടുക്കളയിൽ അരി വെന്ത് നുരയും പതയും അടുപ്പിനു പുറത്തേക്കു തിളച്ചു തള്ളി. അടപ്പു പാത്രം ഉയർന്നു താണു. ഒടുക്കം തീ കെട്ടു കനലുകൾ മാത്രമായി. അവരും അടുപ്പും പുകഞ്ഞു കിടക്കുന്നതിനിടെ വലിയ ഒരു കണ്ണട്ട ലൈലയിലേക്കു പ്രവേശിച്ചു. വശപ്പിശകു തോന്നി നിലവിളിക്കും മുൻപേ പൊൻമാനും, വേണുവും അവളുടെ വാ പൊത്തി കൈ പിന്നോട്ടു പിടിച്ചു.
പെട്ടെന്ന്, അവിടെ മുഴുവൻ ഇരുട്ടു പടർന്നു. സർവ്വവ്യാപിയായ, അനാദിയായ ഇരുട്ട്.
അതിനിടയിൽ ചുവന്ന പട്ടു ചുറ്റിയ കുട്ടിസാമി അവളുടെ മുന്നിൽ. അയാൾ തലയിലെ വെള്ളി മുടികളിൽ തടവിക്കൊണ്ടിരുന്നു. അവൾ ചുറ്റും നോക്കി. ഇടവും വലവും കുട്ടിസാമി.
"വേണൂ, പൊൻമാനേ, എവിടാടാ?" അവൾ നിലവിളിക്കാൻ ശ്രമിച്ചു. പക്ഷേ നിലവിളികൾ വട്ടം കുരുങ്ങി. തൊണ്ടയിൽ ചുഴികളും മലരികളും മാത്രം. മൗനം അവരെ പുതച്ചു. കുട്ടിസാമിമാരുടെ നടുവെ പിളർന്ന നാക്ക്. ചുവന്ന കണ്ണുകൾ. മൂന്നു കുട്ടിസാമിമാരും അവളെ നിലത്തു ചേർത്തുവെച്ചു. അതിൽ ഒരാൾ അവർക്കു ചുറ്റും തുള്ളിക്കൊണ്ടു വട്ടത്തിൽ ഓടി. ലൈല കണ്ണുകൾ മുറുക്കിയടച്ചപ്പോൾ കുട്ടിസാമി പതിയെ അവളുടെ ചെവിയിൽ ചോദിച്ചു
"ലൈലേ, ഇതു പകലല്ലേ. നീ കള്ളം പറ, നീയല്ലേ എൻ്റെ സമയം മോട്ടിച്ചത്?. എവിടെയാ അത്?"
ലൈല കണ്ണു മുറുക്കിയടച്ചു കൊണ്ടു പറഞ്ഞു "അല്ല ഞാനല്ല. അവരാ."
കുട്ടിസ്വാമിയുടെ നടുവേ പിളർന്ന നാക്ക് ലൈലയിലേക്ക് നീണ്ടുവന്നു.
"വീണ്ടും സത്യം. നീ കള്ളം പറ. നീയല്ലേ എൻ്റെ സമയം മോട്ടിച്ചത്?"
" അല്ല , വേണും, പൊൻമാനും, ജബ്ബാറും കൂടെയാ."
ഇതിനിടെ ചുവരിലും അടുക്കളയിലും മുറ്റത്തും ഇഴഞ്ഞും, തൂങ്ങിയും കിടന്ന ഒരുപാടു കുട്ടിസ്വാമിമാർ ഒരുമിച്ചു ചിരിച്ചു. ഒരു വലിയ പാമ്പിൻ്റെ വഴുവഴുപ്പ് ലൈലയുടെ കഴുത്തിൽ വട്ടമിട്ടു. പതിയെ ഒരു പിളർന്ന നാക്ക് ലൈലയുടെ ചെവിയിൽക്കയറി. പിന്നെ മന്ത്രിച്ചു "എൻ്റെ സമയം കട്ടത് ആരാന്നാ നീ പറഞ്ഞത്. ആ ചത്തവൻമാരോ?"
പെട്ടെന്ന് എല്ലാം ശാന്തമായി. മുറി മുഴുവൻ പുക. ലൈല പതിയെ കണ്ണു തുറന്നു. കിട്ടിയ തുണിയും വാരിപ്പെറുക്കി അവൾ പുറത്തേക്കോടി. വഴിയിലെ പൈപ്പിൽനിന്നു വെള്ളംകുടിച്ചു. ദാഹം മാറുന്നില്ല. അമ്പലത്തിൻ്റെ കിഴക്കേനടയിലേക്കോടി.
5. ഒടുക്കം
ഓടുന്ന വഴികളിളെല്ലാം അവളുടെ ദേഹത്ത് പല കണ്ണുകൾ പ്രത്യക്ഷപ്പെട്ടു. മുച്ചിരിപ്പണിക്കൻ്റെ മാലക്കണ്ണു മുതൽ ഗോവിന്ദപ്പിള്ളയുടെ കോങ്കണ്ണുവരെ അവളുടെ ദേഹത്ത് രൂപം കൊണ്ടു. ഓട്ടത്തിനിടെ ആലിൽ തൂങ്ങിക്കിടക്കുന്ന വേണുവിനേയും, അവനുചുറ്റും ഈച്ചകളായി പറന്നു നടക്കുന്ന പൊൻമാനേയും ജബ്ബാറിനേയും കണ്ടപ്പോൾ അവളുടെ ദാഹം കൂടി. വരണ്ട തൊണ്ടയിലൂടെ ലൈല അലറി.
"കുട്ടിസാമീടെ സമയം കട്ടത് ഞങ്ങളാ, ചോദിക്കാൻ വന്നപ്പോ കരിയൻപാടത്തെ ചേറ്റുകുഴിയിൽ ചവിട്ടിത്താത്തതും ഞങ്ങളാ. ആ വാച്ചിനു സൂചിയില്ലാരുന്നു എൻ്റെ കരക്കാരേ... എന്നെ എല്ലാരുംകൂടെ പറ്റിച്ചതാ."
കരക്കാർ പരസ്പരം കണ്ണുമുട്ടിക്കും മുൻപേ അവൾ ഓട്ടം തുടർന്നു. ദാഹം ശമപ്പിക്കാൻ അവൾ മീനച്ചിലാറ്റിലേക്കു ചാടി. കക്കാവാരുന്ന പാറയുടെ കയത്തോടടുത്തപ്പോൾ അവൾ തനിയെ മുങ്ങി. പിന്നെ പൊങ്ങിയതേ ഇല്ല.
ഇത്രയും കണ്ടു കഴിഞ്ഞപ്പോൾ; ആൽമരത്തിൻ്റെ കുടുന്തയിൽ, തലമുറമാറിക്കിട്ടിയ സൂചിയില്ലാത്ത വാച്ചിൽ സമയം നോക്കുവാൻ പറ്റാതെ കഷ്ടപ്പെട്ടിരുന്ന കുട്ടിസാമി പെട്ടെന്ന് താഴേക്കുചാടി. ഒരു നരിച്ചീറായി, ചില്ലയുടെ അടിയിൽ തലകീഴായ് തൂങ്ങിയ അയാൾ ആൾക്കൂട്ടത്തെ നോക്കി ഉറക്കെക്കരഞ്ഞു
"നിങ്ങളാണോ എൻ്റെ സമയം മോട്ടിച്ചത്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.