എഴുത്തിലെ പുതുമുളകൾക്കായി ഒരു ഇടം, ക്യാംപസ് രചനകളെ കേന്ദ്രീകരിച്ച് ഒരുക്കുകയാണ് ഞങ്ങൾ. ഈ തുടക്കക്കാരിലാവാം മുൻപേ പറക്കുന്ന പക്ഷികൾ ഉണ്ടാവുക, ഇവരാവാം വസന്തത്തിൻ്റെ മുന്നോടികൾ എന്ന പ്രതീക്ഷയോടെ കോളേജ് വിദ്യാർത്ഥികളെ ഞങ്ങൾ ഈ ഇടത്തിലേക്ക് ക്ഷണിക്കുകയാണ്. പല പല സാഹിത്യ സംരംഭങ്ങൾ കണ്ടെടുത്ത കലാലയ സാഹിത്യ നാമ്പുകൾ തന്നെയാണ് പിൽക്കാലത്ത് സാഹിത്യ നാളങ്ങളായി ജ്വലിച്ചുയർന്നത് എന്നോർത്തും ഓർമിപ്പിച്ചും ഈ വഴിയെ ഞങ്ങൾ. കൂടെച്ചേരുക, പഴയ വഴികൾ വിട്ടു നടന്ന് പുതുമാതൃകകൾ സൃഷ്ടിച്ചെടുക്കുന്ന അക്ഷരവിരുതുകൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു.
പഞ്ഞിമുട്ടായികൾ
പഞ്ഞിമരത്തിൻ കായ്കൾ
പൊട്ടുമ്പോഴെല്ലാം
പക്കത്തെ പുളിമരത്തിൽ
ഒരുത്തി പഞ്ഞിപോലാടും
ഞെട്ടിത്തരിക്കുമാളുകൾ
പഞ്ഞിപോൽ പറക്കും
പിമ്പോട്ടുത്തെറിക്കുമൂക്കോടെ
ദൂരേ കിതയ്ക്കും.
“പിൻവാതിൽ തുറന്നൊരു
വീടെപ്പോഴുമുറങ്ങാതെ കിടക്കും.
പിള്ളേരുറക്കം നടിക്കും
രാത്രിയിൽ
ചിലരെത്തിനോക്കി
വിയർപ്പിറക്കും.
പഞ്ഞിമുട്ടായിപോൽ
വെവ്വേറെ ഈണത്തിൽ
വെവ്വേറെ വർണത്തിൽ
പള്ളിപ്പെരുന്നാളിൽ
പാട്ടുകേൾക്കും
പഞ്ഞിയിനിപ്പുപോൽ
കണ്ണു ചുവക്കും
പിന്നിൽ പലരും
ചൂളിവിളിക്കും.
ചന്തയിൽപ്പോകുമ്പോൾ
പച്ചക്കറിക്കാരൻ
നീണ്ട വഴുതന
നീട്ടി ചോദിക്കും.
രണ്ടു പച്ചത്തെറി
കൂട്ടിവിളിച്ചവൾ ഉള്ളിൽ
ഒറ്റക്കീറുകൊടുക്കും”
കൊമ്പിൽ നിന്നിറക്കി
ദേഹം താഴെക്കിടത്തും
തള്ളിയ മുലകൾ
കണ്ടൂ ചിലർ
കൈ താഴേക്കിട്ട് തിരുമ്മും.
പിഞ്ഞിയ സാരിയിൽ
തന്റെ കളിപ്പാട്
കണ്ടിട്ടൊരുത്തൻ
പറപറക്കും.
കണ്ണീരിൻ
ചോരത്തിണർപ്പുകൾ
പിള്ളേരിൽ പിടയ്ക്കും.
കത്തും ശവത്തിൻപുക
ആഴത്തിൽ നാടാകെ
ആളിപ്പരക്കും
അപ്പുകയേറ്റം രുചിയോടെ
പലരും കേറ്റിയടിക്കും.
തമ്മിൽ കരയുന്ന
രണ്ടു പെൺപിള്ളേരെ
ചിലർ ചേർത്തുപിടിക്കും.
നാട്ടാർക്കൊക്കെയതു
പഞ്ഞിമുട്ടായിപോൽ
പെട്ടെന്നലുക്കും.
പഞ്ഞിമുട്ടായിക്കായവർ
വേഗം കൊ(കു)തിക്കും
പിൻവാതിലടച്ചൊരു
വീടു പിന്നെയും
ഉറങ്ങാതെ കിടക്കും
വാതിലിൻ മോളിലൂടെ
പിള്ളേരെ നോക്കി
ചിലർ വിയർപ്പിറക്കും.
രാത്രിയിരുട്ടിലെ
കാല്പാദം കണ്ടവർ
കെട്ടിപ്പിടിക്കും.
പുളിമരത്തിൽ നിന്നും
പഞ്ഞിമുട്ടായികൾ
പലനിറങ്ങളിൽ
പെയ്തുകൊണ്ടേയിരിക്കും.
- കേരള സർവ്വകലാശാലയിൽ ഗവേഷക വിദ്യാര്‍ത്ഥിയാണ് വിജയകുമാര്‍
വിളർത്ത വനസ്ഥലികൾ
ദാഹിയായ്,
ഏകാകിയായ്,
എന്റെ തന്നെ രക്തം വലിച്ചൂറ്റി
അതിനു മുകളിൽ
നൃത്തം വെക്കുന്ന,
സൂചികൾ കൊണ്ട്
നെഞ്ച് കുത്തിക്കീറുന്ന എന്നെ
ചിത്തരോഗിയെന്ന് വിളിക്കൂ.
മനുഷ്യമാംസം
വെന്തു കത്തുന്നത്
ആസ്വദിക്കുന്ന എന്നെ
തികഞ്ഞ ഒരു മാനവിക വാദിയെന്ന്
വിളിക്കൂ.
ക്രൂര സങ്കൽപ്പങ്ങളെ
സമാന്തരമായി അഭിരമിക്കുന്ന ഞാൻ
പരിപൂർണയായ
ഒരു പ്രണയിനി തന്നെയാണ്!
ചുവന്ന പട്ടുടുത്ത്
ഇടതൂർന്നവയെല്ലാം നനഞ്ഞൊട്ടി
അരണ്ട നാളത്തിൽ
വിയർത്തൊലിച്ച്,
അരക്കെട്ടിന് കുറുകെ
അനിശ്ചിതത്ത്വങ്ങളെ
കോർത്തു കെട്ടി,
യാഥാർത്ഥ്യങ്ങളെ ബന്ധനസ്ഥയാക്കുന്ന,
വിഷാദങ്ങളെ മാത്രം
ഗർഭം ധരിക്കുന്ന
എന്നെ നിങ്ങൾ ആരാധിക്കൂ.
ആ ആരാധനകളിൽ മുങ്ങി
വിഷം തീണ്ടി
ഞാനൊന്ന് മരിക്കട്ടെ.
ഭ്രമം നിങ്ങൾക്ക് നേടിത്തന്നേക്കാവുന്ന
ഒഴിവു ദിവസങ്ങങ്ങളേറിയവയും
സമാധാനം വിധിക്കാത്ത,
അകാലത്തിൽ മരിച്ച
ഉറപ്പുള്ള സുരക്ഷിതത്ത്വങ്ങളുടെ
അർദ്ധവിരാമങ്ങളാണ്.
വേരുകൾ,
അവ പടരാതെ
നിങ്ങളെത്തന്നെ വരിഞ്ഞുമുറുക്കി
കൊലപാതകങ്ങൾക്ക്
പെരുമ്പറ കൊട്ടുകയാണ്.
നിങ്ങളെല്ലാം ഉപേക്ഷിക്കൂ.
വിവസ്ത്രരാകൂ.
യൗവ്വനത്തിൽ ത്രസിക്കാതെ
സൗന്ദര്യങ്ങളെ പൂജിച്ച്
ദേവദാരുക്കാടുകളിലേക്ക് ചേക്കേറൂ.
ഒരു ചിത്തരോഗാലയം
സ്വപ്നം കാണൂ.
നിങ്ങളിലേക്ക് കിനിഞ്ഞിറങ്ങിയേക്കാവുന്ന
ആത്മരതികളെ
നട്ടും നനച്ചും വളർത്തൂ.
നിങ്ങളിൽ അസുര ഭാവങ്ങൾ നിറയട്ടെ.
ഒരിക്കലും പൂക്കാതെ
പിരിയുന്നവരുടെ
ആത്മാക്കൾ
പുനർജ്ജനികൾക്കായലയുന്ന ദേവദാരുക്കാടുകളിലേക്ക്
നിങ്ങൾ നിങ്ങളെ പ്രതിഷ്ഠിക്കൂ.
ദാഹിച്ച് വലഞ്ഞ്
നിങ്ങളും ക്രൂരരാവട്ടെ.
മരണത്തിനു
പ്രണയത്തിന്റെ മുഖമാണെന്ന്
ഞാൻ പറയുന്നത്
ഒരു കള്ളമല്ലെന്ന്
നിങ്ങളും മനസ്സിലാക്കട്ടെ.
പഞ്ചഭൂതങ്ങൾ
നെറുകയിൽ തൊട്ട്
നിങ്ങളും പൗർണ്ണമിരാവിൽ
ഋതുഭേദങ്ങളണിയട്ടെ.
ജീവിതമെന്ന് നിങ്ങൾ
തെറ്റിദ്ധരിച്ചു വെച്ചേക്കുന്ന ഒന്ന്,
വിരസതകളുടെ
പവിഴപ്പുറ്റ് മാത്രമാണ്.
വിലയിട്ട് നിങ്ങൾ
കൊണ്ടു നടക്കുന്നവയെല്ലാം
ഭാരം താങ്ങനാവാതെ
ഒരു ദിവസം പെയ്ത്
ഒന്നുമല്ലാതായി പോകും.
സ്വയം വേവുന്ന
മാംസക്കഷ്ണങ്ങളെ
നിങ്ങൾ വിട്ടേക്കൂ.
നമ്മൾ കണ്ടെത്തിയ
ചിത്തരോഗാലയത്തിലേക്ക്
വീണ്ടും എത്തപ്പെടാനെങ്കിലും
ചിറകുകളെ
പ്രിയസ്വരങ്ങൾ ചേർത്ത് തുന്നൂ.
നമ്മെ കാത്തുനിൽക്കുന്ന
സൗന്ദര്യങ്ങളിലേക്ക്,
ഒരു മറുകിലേക്ക്,
ഗർഭസ്ഥബാംസുരികളിലേക്ക്
നമുക്ക് നടന്നുനീങ്ങാം.
ഒരു തുള്ളി വിയർപ്പാറുന്ന
തണുപ്പിലേക്ക്
വ്യഥകളെല്ലാം ഇറക്കിവെക്കാം.
നമുക്ക് മരിച്ചുകിടക്കാം.
നമുക്ക് പുനർജ്ജനിക്കാം.
ഒരിക്കലെങ്കിലും
ഒരു തണലിലിരുന്ന്
ഒന്ന് ദീർഘമായി
ചുംബിക്കാം.
- സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് പഞ്ചാബില്‍ ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിനിയാണ് ഹബീബ
- മറ്റു കാംപസ് കവിതകള്‍ ഇവിടെ വായിക്കാം: https://malayalam.indianexpress.com/literature/