എഴുത്തിലെ പുതുമുളകൾക്കായി ഒരു ഇടം, ക്യാംപസ് രചനകളെ കേന്ദ്രീകരിച്ച് ഒരുക്കുകയാണ് ഞങ്ങൾ. ഈ തുടക്കക്കാരിലാവാം മുൻപേ പറക്കുന്ന പക്ഷികൾ ഉണ്ടാവുക, ഇവരാവാം വസന്തത്തിൻ്റെ മുന്നോടികൾ എന്ന പ്രതീക്ഷയോടെ കോളേജ് വിദ്യാർത്ഥികളെ ഞങ്ങൾ ഈ ഇടത്തിലേക്ക് ക്ഷണിക്കുകയാണ്. പല പല സാഹിത്യ സംരംഭങ്ങൾ കണ്ടെടുത്ത കലാലയ സാഹിത്യ നാമ്പുകൾ തന്നെയാണ് പിൽക്കാലത്ത് സാഹിത്യ നാളങ്ങളായി ജ്വലിച്ചുയർന്നത് എന്നോർത്തും ഓർമിപ്പിച്ചും ഈ വഴിയെ ഞങ്ങൾ. കൂടെച്ചേരുക, പഴയ വഴികൾ വിട്ടു നടന്ന് പുതുമാതൃകകൾ സൃഷ്ടിച്ചെടുക്കുന്ന അക്ഷരവിരുതുകൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു.
മൂർച്ഛ
നീ,
എന്റെ ഉപ്പൂറ്റിയിൽ തൊട്ട്
ശിരസ്സിൽ കയറിയ
മൂർഖനാണ്.
ഞാൻ,
വിഷം തീണ്ടിയ
ജീവനും.
പരസ്പരം തീണ്ടുന്നവരാണ്, നാം
ഞാൻ നിന്നെ
തീണ്ടുമ്പോഴെല്ലാം
ഉപ്പുറ്റി മാത്രം
ബാക്കി വെക്കാറുണ്ട്.
നിനക്ക് വന്ന വഴി
തെളിയാനാണത്.
ഞാൻ തീണ്ടുമ്പോൾ
നിന്നിൽ അടയാളങ്ങൾ ഉണ്ടാവില്ല.
പക്ഷേ നീയിറങ്ങിയ വഴികളിലൊക്കെ
നിന്റെ പുള്ളികൾ തിണർത്തിരിക്കും
ഞാനെന്നെ ആ അടയാളങ്ങൾ കാണിച്ച്
വീണ്ടും വീണ്ടും പുതുക്കും.
എത്ര തീണ്ടിയാലും
പൊഴിച്ചു കളയാൻ
എന്റുള്ളിൽ
എനിക്കുമാത്രമായി ഞാനൊരു
പടം ഒളിച്ചു വെക്കും
പൊഴിച്ചു കളയാൻ
പടങ്ങളില്ലാതുകുമ്പോൾ
പാറ പോലെ നരച്ച്, നീ
വരും.
അന്നേരം
നിന്നിലുള്ളതിലേറെ പുള്ളികളോടെ
എനിക്കെന്നെ
വിളയിച്ചെടുക്കണം
അന്നേരം
എനിക്കെങ്ങനെയാണ്
ഇത്രയേറെ പുള്ളികളായിട്ടും
തീർന്നു പോവാതൊരു പടം
ബാക്കിയായത് എന്നായിരിക്കും നീ;
അന്ന്
ഞാൻ
തീണ്ടാതെ
മാറ്റിവച്ച
ഉപ്പൂറ്റിയെന്തേ എന്നാകും, ഞാൻ!
ഉപ്പൂറ്റിയിൽ കൊത്തി
അന്ന് നീ
എന്നിലേക്കിരച്ച വഴി
ഞാൻ നിന്നിലും
കണ്ടെത്തും
ഒരിക്കൽ ഇറങ്ങി പോവാൻ
വഴിയോർക്കാത്ത വിധം
നിന്റെ ഓരോ അണുവിലും
അനേകങ്ങളായി പിണഞ്ഞു പിണഞ്ഞ്
ഞാൻ
നിന്റെ നെഞ്ചാഴത്തിലെത്തും
നെഞ്ചാഴത്തിൽ
എന്നെ കാണാൻ നീ
കഴുത്തറ്റം എന്നിലേക്ക്
താഴും
അന്നേരം രണ്ട് തലകളുള്ള
ആ ഒറ്റ ഉടലിന്
ഞാൻ കാത്തുവെച്ച
എന്റെ ആ പടം കുപ്പായമാക്കും.
എന്റെ തലയടക്കം ചുറ്റി
കഴുത്തു മൂടി പിന്നെയും
നീ നിന്റെ തല പുറത്തെടുക്കും
നിന്റെ തലകാട്ടി
എന്റെ ഉടലിനെ മായ്ച്ച്
എന്റെ പടം കാട്ടി
പിന്നെയും നീ
പുള്ളികളുണ്ടാക്കാൻ
ഇറങ്ങും.
തലവഴി പുളഞ്ഞുയരാൻ
നീ കഴുത്തുയുർത്തുമ്പോഴാവും
നെഞ്ചാഴം പിളർന്ന്
നിന്നെ ഞാൻ ഊറ്റി കുടിക്കുക
എന്റെ പടത്തിനുള്ളിൽ
ഉടൽ ചുങ്ങി
നീ
പിടഞ്ഞടിയും.
നിന്റെ പാറ പോലെ
നരച്ച അവസാനത്തെ പടം
പുള്ളി തേച്ച്
ഞാനെനിക്ക്
ജീവനില്ലാത്തൊരു
നിന്നെയുണ്ടാക്കും.
എന്റെ പുള്ളികൾക്കത്രയും
വില പേശാൻ
കഴുത്തിൽ
എന്റെ
പുള്ളി കൊത്തി വെച്ച്
നിന്നെ എന്റെ
കാൽക്കീഴിലൊതുക്കും.
അതെ,
ഞാൻ
നിന്നിലേറെ
വിഷമുള്ള
കരിമൂർഖനാണ്.
- മദ്രാസ് സർവകലാശാലയില്‍ എം.ഫിൽ വിദ്യാര്‍ത്ഥിനിയാണ് പ്രവീണ
പൂച്ചപ്പരൽ
തോട്ടിൽ നിന്ന്
തോർത്തിലൂറ്റി പിടിക്കാറുള്ളെന്റെ
പൂച്ചപ്പരലുകൾ
പായലുകൾക്കിടയിൽ
നക്ഷത്രങ്ങളെപ്പോലെ
അല്ലെങ്കിൽ
തോട്ടുവക്കത്തൂടെ
നടന്നു പോവുന്ന
ചിത്രകാരന്റെ
സഞ്ചിയിൽ നിന്നും തൂവിപ്പോയ
മഞ്ഞയും ഓറഞ്ചും കലർന്നനിറക്കൂട്ടിന്
വാലും ചെകിളയും
മുളച്ചെന്നപോലെ.
മദ്യക്കുപ്പികൾ
തെണ്ടി നടന്നെടുത്ത്
അതിന്റെ സ്റ്റിക്കറുകൾ
നഖം കൊണ്ടിളക്കി
വെള്ളം നിറച്ച്
പൂച്ചപ്പരലുകളെ നിറക്കും,
സ്ഫടിക പാത്രമന്നേരമൊരാകാശം.
പ്രകാശത്തിന്റെ വരവേൽപ്പുകളിൽ
മീനുകളവരുടെ രൂപം മാറുന്നെന്ന് കാണിച്ച്
കുപ്പിക്കിപ്പുറം നിൽക്കുന്നയെനിക്ക്
മായികലോകം തീർത്തവരെന്നപോലെ
നോട്ടം തരും.
ചുറ്റിലും വെള്ളം വറ്റിപ്പോയ
മീനിന്റെ സ്വപ്നത്തിലെ പിടപ്പ് പോലെ
ഉള്ളിലെന്തോ വാലനക്കും.
പക്ഷെ
ദിവസങ്ങൾ
കഴിയും തോറും
പരലുകൾ അതിന്റെ
നിറങ്ങളൂരിക്കളഞ്ഞ്
ചത്ത് പൊന്തും
എന്തുകൊണ്ടാണത്.
ആ തോട്ടുവെള്ളം നിറച്ചിട്ടും
മീനുകൾ ചത്തുപോയത്.
വീട് വിട്ട് വന്നതിന്റെ
ദു:ഖം കൊണ്ടവർ
മരിച്ചതാണെന്ന് ഞാനന്ന് കരുതി.
എത്ര ശ്രമിച്ചിട്ടും ഇപ്പോഴും
ആ പഴയ തിരിച്ചറിവിനെ
മറികടക്കാൻ മുതിർന്നയെനിക്ക്
കഴിയാറേയില്ല.
- കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ രണ്ടാം വർഷ എം.ടെക് (പോളിമർ ടെക്നോളജി) വിദ്യാർത്ഥിയാണ് സൂരജ് കല്ലേരി
Read More: കൂടുതല്‍ ക്യാംപസ് കവിതകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook