scorecardresearch
Latest News

ക്യാംപസ് കവിതകൾ – പ്രവീണ കെ, പ്രവീൺ പ്രസാദ്

കടലവിറ്റ കാശും പൊതിഞ്ഞ് ചൊവ്വയിലേക്ക് പോയവരുടെ ‘അനതിവിദൂരവും” കറുത്തകമ്പിളി പുതച്ച് സുഖമായറുങ്ങുന്ന വീടിനെ കുറിച്ചുള്ള “അവരറിയുന്നില്ല”യും രണ്ട് ക്യാംപസ് കവിതകൾ

ക്യാംപസ് കവിതകൾ – പ്രവീണ കെ, പ്രവീൺ പ്രസാദ്
ഫൊട്ടൊ : ഷാഹിദ് മനക്കപ്പടി

എഴുത്തിലെ പുതുമുളകൾക്കായി ഒരു ഇടം, ക്യാംപസ് രചനകളെ കേന്ദ്രീകരിച്ച് ഒരുക്കുകയാണ് ഞങ്ങൾ. ഈ  തുടക്കക്കാരിലാവാം മുൻപേ പറക്കുന്ന പക്ഷികൾ ഉണ്ടാവുക, ഇവരാവാം വസന്തത്തിൻ്റെ മുന്നോടികൾ എന്ന പ്രതീക്ഷയോടെ കോളേജ് വിദ്യാർത്ഥികളെ ഞങ്ങൾ ഈ ഇടത്തിലേക്ക് ക്ഷണിക്കുകയാണ്. പല പല സാഹിത്യ സംരംഭങ്ങൾ കണ്ടെടുത്ത കലാലയ സാഹിത്യ നാമ്പുകൾ തന്നെയാണ് പിൽക്കാലത്ത് സാഹിത്യ നാളങ്ങളായി ജ്വലിച്ചുയർന്നത് എന്നോർത്തും ഓർമിപ്പിച്ചും ഈ വഴിയെ ഞങ്ങൾ. കൂടെച്ചേരുക, പഴയ വഴികൾ വിട്ടു നടന്ന് പുതുമാതൃകകൾ സൃഷ്ടിച്ചെടുക്കുന്ന അക്ഷരവിരുതുകൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു.

praveena , poem, iemalayalam

അനതിവിദൂരം

1.
ഒരു വേനൽ മഴയ്ക്കൊപ്പം
അയാളെ
അവൾക്കൊപ്പം നാം കാണുന്നു.
അവൾക്കൊപ്പമുണ്ട് അന്ന്
അവളും.

അവളും അവളും
റിലയൻസിൻ്റെ കമ്പനിക്കുടയിൽ
വെള്ള ചുരിദാറിട്ട രണ്ട്
കറുത്ത പെണ്ണുങ്ങൾ .

2.
ആൽത്തറയിലെ ആദ്യത്തെ പടിയിൽ
ചുരുളൻ മുടിക്കാരി
നീളൻ മുടിക്കാരിക്ക് പേൻ കൊല്ലുന്നു
അന്ന്
ആദ്യത്തെ പടിയിൽ നിന്ന്
രണ്ടാമത്തെപടിയിലേക്കുള്ള താഴ്ച്ച
അവളുടെ തുടകളും,
അവളുടെ ഇടുപ്പും ചേർന്ന്
നികത്തിയിരുന്നു.

3.
ചിങ്ങം പിറന്ന ഞാറ്റു കണ്ടം
ഞാറ് പറിക്കുന്നതും
അവർ ഒരുമിച്ചായിരുന്നു
ഞാറ്റു കണ്ടത്തിൽ ഞാന്നു നിന്ന
അവരുടെ മുലകൾക്ക്
കറുപ്പും കറുപ്പും ചേരുന്ന
ഒരു ചെമപ്പുണ്ടായിരുന്നു.praveena k, poem, iemalayalam

4.
കന്നി കൊയ്ത്തിന്
കണിയാൻ്റെ കണ്ടത്തിലും
അവർ ഒരിമിച്ചായിരുന്നു.
കൊയ്തൊഴിഞ്ഞ പാടത്ത്
അന്ത്രോസ് മാപ്പിള സർക്കസ് നടത്തി. സർക്കസ് പാടത്തെ –
കടലക്കച്ചോടക്കാരികൾ
ആ കറുത്ത പെണ്ണുങ്ങൾ ;
ഒരോട് മാത്രം കടലവറുത്ത്,
അത് വിറ്റ കാശും പൊതിഞ്ഞ്
അവരു നേരെ പോയത് ചൊവ്വയിലേക്കാണ്.

5.
ഭൂമിയിൽ ചൊവ്വാദോഷികളായ
രണ്ടു പെണ്ണുങ്ങളങ്ങനെ
ചൊവ്വയിൽ കുടിപാർപ്പുകാരായി
പെണ്ണും പെണ്ണും തമ്മിൽ
ഉമ്മ വെച്ചതും കെട്ടിപ്പിടിച്ചതുമായ
പടങ്ങൾ നാസ ഭൂമിയിലേക്കയച്ചു.

6.
കറുത്ത പെണ്ണുങ്ങൾ ചൊവ്വയിൽ
കറുത്ത കുട്ടിയെയും
വെളുത്ത കുട്ടിയെയും
പെറ്റു.
ചൊവ്വയിലവർ
രണ്ടു പെണ്ണുങ്ങൾ ഒരുമിച്ചു ചേർന്ന്
പെറ്റു പോറ്റിയ
ആദവും ഹവ്വയുമുണ്ടായി

7.
നാസ ഭൂമിയിൽ വാർത്തകൾ
വിതരണം ചെയ്തു
കറുത്ത മുലകൾ ചേർന്ന്
കുട്ടികളുണ്ടായ കഥ
നാട്ടിൽ പെരുകിയ കാലത്ത്
പെണ്ണും പെണ്ണും തിരിച്ച്
ഭൂമിയിലെത്തി.

 

praveena k, poem, iemalayalam

8.
ആദവും ഹവ്വയും ചൊവ്വയിൽ
പരമ്പരകളുണ്ടാക്കി
ആണും ആണും ചേർന്നും
പെണ്ണും പെണ്ണും ചേർന്ന്
ഫോട്ടോകൾ വന്നു.

9.
ഭൂമിയിലെ ആണുങ്ങളും
പെണ്ണുങ്ങളും
ചൊവ്വയിലേക്ക് ടിക്കറ്റ് നോക്കി.
അക്കൂട്ടത്തിൽ അയാളും കയറി
അവളിപ്പോൾ ചൊവ്വയിലിരുന്ന്
അയാൾക്കൊപ്പം
ഭൂമിയിലേക്ക് അവളുമാർക്ക്
മെസേജയച്ചു
പെണ്ണൊരുമ്പെട്ടാൽ !(കുത്ത്. ചിരി ,ഉമ്മ)

അവർ തിരിച്ചയച്ചു;
ആണൊരുമ്പെടാഞ്ഞതെന്ത്? (കുത്ത്, ചിരി, ഉമ്മ)

  • കാലടി സംസ്കൃത സർവ്വകലാശാല മലയാളം ഗവേഷക വിദ്യാർത്ഥിനിയാണ് പ്രവീണ കെ

praveen prasad , poem, iemalayalamഅവരറിയുന്നില്ല

ആ വീട്ടിൽ ആളുകളുണ്ട്
അവർ ഉള്ളിലുറങ്ങുകയാണ്.
അകത്തെ ഭിത്തിയിൽ
ഒട്ടിക്കിടക്കുന്ന കുടുംബഫോട്ടോയും
ഉറങ്ങിത്തൂങ്ങുന്നു
കൂർക്കം വലിക്കാതെ.

നേരമിപ്പോൾ പുലരും
വീടിന്റെ വിടവുകളിലൂടെ
സൂര്യനിപ്പോൾ അരിച്ചിറങ്ങും
ഗുഡ് മോർണിംഗ് പറഞ്ഞ്
എഴുന്നേറ്റ് ചായയിട്ട്
പത്രവും വായിച്ച്
പഴയ ചലച്ചിത്രഗാനങ്ങളൊക്കെ
ഉറക്കെവച്ച്
എല്ലാവരെയും പോലെ
ഉണരണമെന്നവർ സ്വപ്നം കാണുന്നു.praveen prasad, poem, iemalayalam

ഇടയ്ക്ക് പാതിമിഴികളോടെ
ജനൽച്ചില്ലിനെ പാളിനോക്കുമ്പോൾ
കറുത്തയാകാശം
കണ്ണുകോച്ചുന്നയിരുട്ട്.
ഇല്ല,രാത്രി തീർന്നിട്ടേയില്ലെന്ന്
തെറ്റായോ ശരിയായോ ധരിച്ച്
അവർ വീണ്ടുമുറങ്ങുന്നു.

അവരറിയുന്നില്ലവരുടെ വീട്
കറുത്ത കമ്പിളി പുതച്ച്
സുഖിച്ചുറങ്ങുന്ന
കണ്ണുപൊട്ടനാണെന്ന്.

  • തോലനൂർ ഗവ:ആർട്‌സ് & സയൻസ് കോളേജ് ഇംഗ്ലീഷ് സാഹിത്യം ബിരുദ വിദ്യാർത്ഥിയാണ് പ്രവീൺ പ്രസാദ് 

Read More: കൂടുതല്‍ ക്യാംപസ്‌ കവിതകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Campus kavithakal malayalam poems praveen prasad praveena k