എഴുത്തിലെ പുതുമുളകൾക്കായി ഒരു ഇടം, ക്യാംപസ് രചനകളെ കേന്ദ്രീകരിച്ച് ഒരുക്കുകയാണ് ഞങ്ങൾ. ഈ തുടക്കക്കാരിലാവാം മുൻപേ പറക്കുന്ന പക്ഷികൾ ഉണ്ടാവുക, ഇവരാവാം വസന്തത്തിൻ്റെ മുന്നോടികൾ എന്ന പ്രതീക്ഷയോടെ കോളേജ് വിദ്യാർത്ഥികളെ ഞങ്ങൾ ഈ ഇടത്തിലേക്ക് ക്ഷണിക്കുകയാണ്. പല പല സാഹിത്യ സംരംഭങ്ങൾ കണ്ടെടുത്ത കലാലയ സാഹിത്യ നാമ്പുകൾ തന്നെയാണ് പിൽക്കാലത്ത് സാഹിത്യ നാളങ്ങളായി ജ്വലിച്ചുയർന്നത് എന്നോർത്തും ഓർമിപ്പിച്ചും ഈ വഴിയെ ഞങ്ങൾ. കൂടെച്ചേരുക, പഴയ വഴികൾ വിട്ടു നടന്ന് പുതുമാതൃകകൾ സൃഷ്ടിച്ചെടുക്കുന്ന അക്ഷരവിരുതുകൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു.
സമാധാനത്തിലേക്കുള്ള സൈക്കിൾ യാത്ര
മുൻപ് സഞ്ചരിച്ചിട്ടില്ലാത്ത
അജ്ഞാതവഴികളുള്ള
ഭൂമിയുടെ ഏതോ ഭാഗത്തുകൂടി
സൈക്കളോടിച്ച് പോവുകയാണ്.
പുത്തനുടുപ്പിലേക്ക് നുഴഞ്ഞുകേറുന്ന
സന്തോഷത്തോടെ
പുതിയ അന്തരീക്ഷത്തിലേക്ക്
ശരീരത്തെ പ്രവേശിപ്പിച്ചു.
ഈ പാതയുടെ അവസാനം
സമാധാനത്തിന്റെയൊരു
കുന്നുണ്ടായിരുന്നെങ്കിലെന്ന ആശ മഞ്ഞുതുള്ളിയിറ്റിച്ച് നെഞ്ചിൽ.
സമാധാനത്തിന്റെ മുകളിലേക്ക്
സാവധാനം നടന്നുകേറി
ശരീരംകൊണ്ട് കൂകിവിളിക്കുമ്പോൾ
ഉണ്ടായേക്കാവുന്ന സുഖം
സൈക്കിൾ ചവിട്ടി
കുഴഞ്ഞ കാലുകൾക്ക്
പകുത്ത് നൽകി ആശ്വസിപ്പിച്ചു.
സൈക്കിൾ മുന്നോട്ട് പോകുംതോറും
സമാധാനത്തിന്റെ മുദ്രകൾ,
സമാധാനത്തിന്റെ മണം,
സമാധാനത്തിന്റെ നിറം,
സമാധാനത്തിന്റെ ചിഹ്നംവിളി.
ഒലീവ് ഇലകൾ ചതുപ്പുനിലത്തേക്ക്
നനുത്ത പ്രണയഗാനത്തിന്
ഉടലിളക്കി തമ്മിലുരസിവീഴുന്നു.
അതാ മാനത്തിന്റെ മൗനത്തിൽ
തൂവലിൽ മഴവില്ലുള്ള കിളി
ചിറകുകൊണ്ട് ചിരിവിരിച്ച്
ജീവനുള്ള പ്രതിമയാകുന്നു.
കാർമേഘങ്ങൾ സംഘഗാനം പാടുന്ന
പെൺകുട്ടികളുടെ രൂപത്തിൽ നിരന്നുനിന്ന്
സഞ്ചാരവീഥിയിലേക്ക് പാട്ട് പെയ്യിച്ചു.
ചത്ത പൂക്കൾ, വിരിയാനിരിക്കുന്ന പൂമ്പാറ്റകൾ,
കരിമ്പച്ചക്കാട്, മദ്യപിച്ച കാറ്റ്,
കടലിന്റെ ഇടറിയ തിരശബ്ദം
എല്ലാം യാത്രയെ അനുഗമിക്കുന്നു.
സൈക്കിൾ ആ അന്തരീക്ഷത്തിന്റെ
സ്വസ്ഥതയും സ്നേഹവും
തഴുകിയൊഴുകുമ്പോൾ
സമാധാനത്തിന്റെ കുന്ന് കണ്ടുതുടങ്ങി.
പൊടുന്നനെയാണ് വഴിയിലേക്ക്
വീട്ടിലെ പൂച്ചക്കുട്ടി ചാടിവീണത്
പതിവുപോലെ അതൊരു
നിർഭാഗ്യവാനായ തവളയെ
തട്ടിക്കളിക്കുകയാണ്.
പൂച്ച മാന്തി ശരീരം കീറിയ
ഇനിയും മരിച്ചിട്ടില്ലാത്ത തവളയുടെ
തൊലിപ്പുറത്ത് ശ്വാസത്തിന്റെ പിടച്ചിൽ.
‘എന്നെ കൊന്നുകൂടേ’യെന്ന
അതിന്റെ നിശബ്ദത കേട്ട്
തലയിൽ ചെന്നിക്കുത്തിന്റെ അണപൊട്ടി
പിന്നെയെന്റെ സൈക്കിളിന്റെ ചെയിൻ പൊട്ടി.
- തോലനൂർ ഗവ. ആർട്‌സ് ആന്‍ഡ് സയൻസ് കോളേജില്‍ ഇംഗ്ലീഷ് സാഹിത്യ വിദ്യാർത്ഥിയാണ് പ്രവീൺ പ്രസാദ്
മാർ ‘ജാരൻ’
പൂച്ച പ്രേമം കാടു കയറിയ
നാളിൽ എങ്ങു നിന്നോ
ഒരു കണ്ടൻ
ചിണുങ്ങി മുരണ്ട്
ജാരനെപ്പോലെ
പിന്നാമ്പുറങ്ങളിൽ…
സ്വന്തം വീട്ടുകാരി മട്ടിൽ
മുട്ടിയുരുമ്മി
കാൽക്കൽ കണ്ണടച്ച്
പെണ്ണിന്റെ പ്രണയം കണക്കെ
ചുരുണ്ടിരുന്നു…
മിഞ്ചി വിരലിൽ ഇടക്കിടെ
കരിമ്പോല നാവിനാൽ,
കണ്ണടച്ച് പാലു കുടിക്കും
വിശുദ്ധ കാമുകനെപ്പോൽ
ഇക്കിളിയിട്ടു…
കറുകനാമ്പ് മിനുപ്പാർന്ന
നിന്റെ മാറിടം
ഇലപൊഴിയും കാടായിരുന്നെന്ന
മറവിയിലേക്ക് കണ്ടൻ
രോമം പൊഴിച്ചിടുന്നു…
ഇരുളിൽ,
നീലജ്വാല തിളങ്ങുന്ന
കൺകളിൽ
ഭൂതകാലത്തേക്ക് വളച്ചു വെച്ച
പിരിയൻ ഗോവണിയിന്മേൽ
നമ്മൾ നാരങ്ങാച്ചായ നുണയുന്നു..
കണ്ടൻ ഒറ്റുകാരനാവുന്നു..
കാമനകൾ വെട്ടി നുറുക്കി
പ്രണയം വാറ്റിയ
ഇരുട്ടറയിൽ ഒളിസേവ ചെയ്യുന്നു…
ഒതളങ്ങപ്പാലിൽ തേൻചേർത്ത
വഞ്ചനയുടെ ആദ്യ പാഠം
പഠിച്ചതിൽ പിന്നെ
കണ്ടന്റെ ഇളക്കങ്ങൾ
പൂച്ച വാലുകളായി
തൊടിയിൽ പൂത്തു…
നീളൻ മീശകൾ
മൂടില്ലാത്താളികളായി
പെറ്റു പെരുകി…
എരിക്കിന്‍ കായ്കളിൽ
പൂച്ച രോമങ്ങൾ
അപ്പൂപ്പൻ താടികളായി
കൊന്നിട്ടും കൊന്നിട്ടും
ചാവാതെ
കണ്ടൻ നീയായും
നീ കണ്ടനായും
നമ്മൾ എലിയും പൂച്ചയുമായും
ഒളിച്ചു കളിക്കുന്നു…
- കോഴിക്കോട് സർവകലാശാലയില്‍ ഗവേഷകയാണ് നീതു