എഴുത്തിലെ പുതുമുളകൾക്കായി ഒരു ഇടം, ക്യാംപസ് രചനകളെ കേന്ദ്രീകരിച്ച് ഒരുക്കുകയാണ് ഞങ്ങൾ.ഈ  തുടക്കക്കാരി ലാവാം മുൻപേ പറക്കുന്ന പക്ഷികൾ ഉണ്ടാവുക, ഇവരാവാം വസന്തത്തിൻ്റെ മുന്നോടികൾ എന്ന പ്രതീക്ഷയോടെ കോളേജ് വിദ്യാർത്ഥികളെ ഞങ്ങൾ ഈ ഇടത്തിലേക്ക് ക്ഷണിക്കുകയാണ്. പല പല സാഹിത്യ സംരംഭങ്ങൾ കണ്ടെടുത്ത കലാലയ സാഹിത്യ നാമ്പുകൾ തന്നെയാണ് പിൽക്കാലത്ത് സാഹിത്യ നാളങ്ങളായി ജ്വലിച്ചുയർന്നത് എന്നോർത്തും ഓർമിപ്പിച്ചും ഈ വഴിയെ ഞങ്ങൾ. കൂടെച്ചേരുക, പഴയ വഴികൾ വിട്ടു നടന്ന് പുതുമാതൃകകൾ സൃഷ്ടിച്ചെടുക്കുന്ന അക്ഷരവിരുതുകൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു.

meshna prakash ,poem,iemalayalam

മകനെ കൊന്നുകളഞ്ഞ അച്ഛൻ

ഞാൻ ഒരു അച്ഛൻ ആണ്,
മകനെ കൊന്നുകളഞ്ഞ അച്ഛൻ!

അവന് വേണ്ടിയാണ്
ആദ്യമായി ഞാൻ
തമാശ പറഞ്ഞു
തുടങ്ങിയത്!

ഷൂട്ട്‌ കഴിഞ്ഞു,
വീട്ടിൽ ചെല്ലുമ്പോൾ,
കയ്യിലുള്ള മിഠായിപൊതി,
കൊടുക്കുമ്പോൾ,
അവന്റെ മുഖത്തെ,
ആ ചിരിക്ക്-
വേണ്ടിയാണ് ഞാൻ
നാട് മൊത്തം
ചിരിപ്പിച്ചത്!

അപ്പോൾ എന്റെ-
ജോലി ഇങ്ങനെയാണ്,
ഞാൻ ഒരു പ്രോപ്പർട്ടിയാണ്,
ഉന്തിയപല്ല് ഇളിച്ചുകാണിച്ചു-
ഞാൻ സ്റ്റേജിലേക്ക് ചെല്ലണം,
ടീമിലെ തമാശകാരൻ,
എന്നെ നോക്കി പറയും
‘ചെരവപല്ലൻ വരുന്നുണ്ട്’
അത് കേട്ട് എല്ലാവരും ചിരിക്കും,
വിധികർത്താക്കന്മാർ അപ്പോൾ,
‘പലകപല്ലൻ എന്നായിരുന്നേൽ’
കുറച്ചൂടെ നർമം ആകുമായിരുന്നു,
എന്ന് വിധി പറയും!meshna prakash ,poem,iemalayalam

അത് കേട്ട് ഓഡിയൻസ്,
മുഴുവൻ ചിരിക്കും,
പുതിയ ബാഗ് വാങ്ങികൊടുമ്പോൾ-
മകനും ചിരിക്കും,
അതോർത്ത് ഞാനും ചിരിക്കും!

അപ്പോഴേക്കും അടുത്ത ഷോട്ടിനുള്ള-
സമയം ആകും,
വെളുത്ത പെണ്ണിനെ കെട്ടി കൊണ്ട്,
കറുത്ത് തടിച്ച ഞാൻ-
എൻട്രി ആകണം!
പഴയ സീൻ പോലെ,
‘നിലവിളക്കിന്റെ അടുത്ത്-
കരിവിളക്ക് വച്ചപോലെയെന്നും,
കൊരങ്ങന്റെ കയ്യിൽ-
പൂമാല കിട്ടിയ പോലെയെന്നും,
കരിമ്പന് ലോട്ടറി അടിച്ചുവെന്നും,’
അവർ കളിയാക്കി പറയും!

ഈ തമാശ കേട്ട്-
എല്ലാവരും ചിരിക്കും,
പുതിയ സൈക്കിൾ വാങ്ങി കൊടുക്കുമ്പോൾ-
മകനും ചിരിക്കും,
അതൊർത്ത് ഞാനും ചിരിച്ചു!

പുതിയ ബാഗും,
സൈക്കിളും വാങ്ങി,
അവനെ സ്കൂളിൽ,
പറഞ്ഞയക്കുമ്പോൾ,
ഞാൻ ശ്രദ്ധിചില്ല,
കറുത്ത തടിച്ച പൊന്ന്മോന്റെ –
പല്ല് ഉന്തിയത്-meshna prakash ,poem,iemalayalam

അവന് വേണ്ടി ഞാൻ ചെയ്ത,
തമാശ അവനായിരുന്നു എന്ന്,
ഈ അച്ഛൻ അറിഞ്ഞിരുന്നില്ല!

ഞാൻ വേഷംകെട്ടി ആടിയ
തമാശ അവൻ ജീവിക്കുകയായിരുന്നു
എന്ന് ഞാൻ അറിഞ്ഞിരുന്നില്ല!

ഞാൻ ഉണ്ടാക്കിയ തമാശകൾ,
കേട്ട് ഒരിക്കലും ചിരിക്കാതെ,
എന്റെ മകൻ കരഞ്ഞുകൊണ്ടെയിരുന്നു!

ഞാൻ ഒരിക്കൽ മാത്രം പറഞ്ഞ തമാശ,
അവൻ മരിച്ചു പോകുന്നത് വരെ-
ആളുകൾ അവനോട് പറഞ്ഞോണ്ടിരുന്നു!

അതൊരു തമാശയാണ് എന്ന്
ഞാൻ പറയുന്നതിനും മുന്നെ അവൻ
മരിച്ചു കളഞ്ഞു!

തമാശ പറഞ്ഞു
തമാശ പറഞ്ഞു
ഞാൻ എന്റെ മകനെ
കൊന്നു കളഞ്ഞു!

അതെ ഞാൻ ഒരു അച്ഛൻ ആണ്,
മകനെ കൊന്നു കളഞ്ഞ അച്ഛൻ!

 

  • എടപ്പാൾ മലബാർ ഡെൻറൽ കോളേജ് മൂന്നാം വർഷം ബിഡിഎസ് വിദ്യാർത്ഥിനിയാണ് മേഷ്ണ പ്രകാശ്

 

 

abhilash kainikkara, poem, iemalayalam

പുതിയ മേൽവിലാസത്തിലേക്കുള്ള കത്തുകൾ

തന്റെ സുഹൃത്തിന്റെ
ഏറ്റവും പുതിയ
മേൽവിലാസത്തിലേ
ക്കയാൾ കത്തയക്കാനൊ
രുങ്ങുകയാണ്…

ഫ്രം അഡ്ഡ്രസ്സിനു നേരെ
നിന്റെ
ഉറ്റചങ്ങാതിയെന്നും
റ്റു അഡ്രസ്സിനു നേരെ
എന്റെ
ഉറ്റചങ്ങാതിയെന്നും
രേഖപ്പെടുത്തി.

അവധിയറിയാത്ത
പോസ്റ്റുമാനൊരുവൻ
ഉറക്കമെണീക്കുന്ന
കത്തുകളിൽ
പൊടിപിടിക്കാത്ത
ഒരെണ്ണം
ഇതുമാത്രമായിരുന്നു…

ഗിയർ പിടിപ്പിച്ച
സൈക്കിളിൽ
തിരക്കില്ലാത്ത
പാതയിലൂടെ
അയാൾ
ഒരു കവലയിൽ
ചെന്നെത്തുകയാണ്.

കണ്ണിൽ കാണുന്നവരുടെ
മുന്നിലേക്കയാൾ
മേൽവിലാസത്തിന്റെ
കവിത ചൊല്ലി…abhilash kainikkara, poem, iemalayalam

ഒരു മുറിബീഡിക്കാരൻ
ആഞ്ഞൊന്നു തുപ്പി,

വെളുത്ത കുറ്റിത്താടിക്കു
താഴെ, മെലിഞ്ഞ
ശരീരമുള്ള
ചായക്കടക്കാരൻ
ഇതാ, കറുത്ത
ചെക്കനല്ലേന്ന്
തിരിച്ചു ചോദിച്ചു.

നിറമറിയാത്ത
പോസ്റ്റുമാൻ
അങ്ങനെ
തൊട്ടടുത്ത
കവലയിലെത്തി.

വലിയ കണ്ണുകളുള്ള
നെഞ്ചിൽ
രോമക്കുപ്പായമുള്ള
ഒരു
റേഷൻകടക്കാരൻ
ഇതാ
ചെറുമിചെക്കനാണെന്നു
പറഞ്ഞു.

ജാതിയെക്കുറിച്ചറിയാത്ത
പോസ്റ്റുമാൻ
വീണ്ടും
അടുത്ത
കവലയിലെത്തി.

അവിടെ,
നിർത്തിയിട്ട ബസ്സിന്റെ
പിൻസീറ്റിൽ
വിശ്രമം കൊള്ളുന്നൊരു
ഭ്രാന്തിയായ സ്ത്രീ
എന്റെ നേരെ
ഓടിവന്ന്
കത്ത് പിടിച്ചു വാങ്ങി.

ഇയാൾ വർഷങ്ങൾക്കു
മുൻപ്
മരിച്ചുപോയത്രെ!

കണ്ണിൽ തീപ്പേറുന്ന
സുന്ദരിയായ ആ
യുവതി
പിറുപിറുത്തുകൊണ്ട്
ഒരു
കടമുറിയിലേക്കു
ചൂണ്ടി.

ആ ചുവരിനുപിന്നിൽ
ഇങ്ങനെ
എഴുതിയിരിക്കുന്നു

നിറമാറിയാതെ,
ജാതിയറിയാതെ
പകച്ചുനിൽക്കുന്ന
കത്തുകളുണ്ടെങ്കിൽ
ഇവിടെ ഇടുക
ഈ കവിത
ഇവിടെ അവസാനിക്കുന്നു.

 

  • ഫാറൂഖ് കോളേജില്‍ മൂന്നാം വർഷം ബിഎ മലയാളം വിദ്യാർത്ഥിയാണ് അഭിലാഷ് കൈനിക്കര

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook