scorecardresearch

ക്രിസ്റ്റബെൽ ഒന്നും ഓർത്തില്ല

"ക്രിസ്റ്റബെൽ കാർ സ്റ്റാർട്ട് ചെയ്തു. പിന്നിടാൻ കുറേ ദൂരം. വേണ്ട, ഒന്നും ഓർക്കേണ്ട." സി.വി. ബാലകൃഷ്ണൻ എഴുതിയ കഥ

"ക്രിസ്റ്റബെൽ കാർ സ്റ്റാർട്ട് ചെയ്തു. പിന്നിടാൻ കുറേ ദൂരം. വേണ്ട, ഒന്നും ഓർക്കേണ്ട." സി.വി. ബാലകൃഷ്ണൻ എഴുതിയ കഥ

author-image
C V Balakrishnan
New Update
C V Balakrishnan Story

ചിത്രീകരണം : വിഷ്ണു റാം

ക്രിസ്റ്റബെൽ പാതയരികിലെ മേരിയുടെ രൂപക്കൂടിനു മുന്നിലായി കാർ നിർത്തി. സീറ്റിൽ ഇടതു വശത്ത് അഞ്ച് മെഴുകുതിരികൾ, തീപ്പെട്ടി കരുതിയിട്ടില്ല. വേണ്ടതില്ല. രൂപത്തിന്റെ കാൽച്ചുവട്ടിലുണ്ടാകും.

Advertisment

ക്രിസ്റ്റബെൽ പതിവു സന്ദർശനം കഴിഞ്ഞ് മടങ്ങിവരികയാണ്. പോകുമ്പോൾ രൂപക്കൂട് ഒരു നോക്ക് കണ്ടിരുന്നു, എല്ലായ്‌പ്പോഴുമെന്നപോലെ. ഉയരത്തിലെ പള്ളിയിലേയ്ക്കുള്ള കോൺക്രീറ്റ് പടവുകൾ തുടങ്ങുന്നത് അതിന്റെ  ഇരുപാർശ്വങ്ങളിലുമാണ്. കുറെ പടവുകളുണ്ട്. പള്ളിയുടെ നെറുകയിൽ കുരിശ്. അതിനു താഴെ മുഖപ്പിൽ ഉയർത്തെണീറ്റ ക്രിസ്തു. ചിറകുകൾ വീശിക്കൊണ്ട് രണ്ടു ചെറിയ മാലാഖമാരും. ക്രിസ്തു വെൺമയുറ്റ വേഷത്തിലാണ്. ഇടതു ചുമലിൽ ചുവന്നൊരു അങ്കി. താഴെ മാതാവിന്റെ  ശിരോവസ്ത്രവും ചുവന്നിട്ടാണ്.

കടന്നു പോയത് തിടുക്കത്തിലായിരുന്നു. കാറിന്റെ വേഗം കുറയ്ക്കുകയോ, കുരിശ് വരയ്ക്കുകയോ ചെയ്തില്ല. ദൃഷ്ടി നിമിഷ നേരത്തേയ്ക്ക് രൂപക്കൂടിനു നേരെ നീങ്ങിയെന്നു മാത്രം. ക്രിസ്റ്റബെലിന് എത്തിച്ചേരാൻ ധൃതി ഉണ്ടായിരുന്നു. കുന്നിൻ മുകളിലെ ഏകാന്തമായ ചികിത്സാ കേന്ദ്രത്തിലേയ്ക്ക് ദൂരമുണ്ട് ഇനിയും.

ഇടതു വശത്ത് ചരിവാണ്. ഏറ്റവും താഴ്ചയിൽ ഒച്ച കേൾപ്പിക്കാതെ ഒഴുകുന്ന പുഴ. പച്ചനിറത്തെ പകുത്ത് ഒരു വെള്ള വര. അങ്ങേക്കരയിൽ മലനിരകളാണ്. കടുംപച്ചയായ താഴ്‌വാരങ്ങളിൽ പലപ്പോഴും കോടമഞ്ഞ് കനത്തു നിൽക്കും, പകൽനേരങ്ങളിൽപ്പോലും. മഴയാണെങ്കിൽ എല്ലാം ഒരു തീരശ്ശീലയ്ക്കുള്ളിൽ മറയും.

Advertisment

മലമ്പാതയിലൂടെ കാറോടിച്ചു നീങ്ങുമ്പോൾ താൻ മേരിയെപ്പോലെ ഒറ്റയ്ക്കാണെന്നതല്ലാതെ മറ്റൊന്നും ക്രിസ്റ്റബെൽ ഓർത്തില്ല. ഒരു നോക്കു കണ്ട രൂപം അവളുടെ മനസ്സിൽ നിറഞ്ഞു നിന്നു. മടിയിലുള്ള കുഞ്ഞ് യേശുവിന്റെ തളിരിളം കാലടികളിൽ തടവുന്ന മേരി. വ്യാകുലതയോടെ അവൾ കുഞ്ഞിന്റെ  മുഖത്തേയ്ക്കു നോക്കുന്നു. ഇവൻ എന്തെന്തു വ്യഥകൾ സഹിക്കണം? ഇവൻ അറിയാനിരിക്കുന്നത് എന്തുമാത്രം നോവ്? ദൈവമേ, കരുണ കാണിക്കേണമേ എന്റെ ഈ കുഞ്ഞിനോട്. ഇവനെ നോവിക്കല്ലേ, നോവിക്കല്ലേ...

യാത്രയുടെ ഒരു ഘട്ടം കഴിഞ്ഞാൽ ഫസ്റ്റ് ഗിയറിൽ പിന്നിടേണ്ട കയറ്റമാണ്. വശങ്ങളിലെ ചില മരങ്ങളിൽ ഇലകളില്ല. ദാഹിച്ച് നീട്ടുന്ന വരണ്ട നാവുകൾ പോലെ ചില്ലകൾ. മണ്ണിലങ്ങിങ്ങ് പാറകൾ എഴുന്ന് നിന്നു. ക്രിസ്റ്റബെൽ തന്റെ  വാഹനത്തിൽ അവയ്ക്കിടയിലൂടെ സഞ്ചരിച്ചു.

കയറ്റം തീർന്ന് നിരപ്പായി. ചികിത്സാലയത്തിന്റെ കെട്ടിടങ്ങൾ ഒതുങ്ങിയ മട്ടിലുള്ളവയാണ്. ധവളമായ പുറം ചുവരുകൾ. ചില്ലുജാലകങ്ങൾ. മൂകത.

"പതിവു തെറ്റിച്ചില്ല." സിസ്റ്റർ ടെസ്സീന പറഞ്ഞു.

മാസത്തിലെ രണ്ടാമത്തെ ശനിയാഴ്ച ക്രിസ്റ്റബെലിനു നിവൃത്തിക്കാനുള്ളത് ഇതാണ്, ഈ സന്ദർശനം.

എത്രയോ സന്ദർശനങ്ങൾ കഴിഞ്ഞിരിക്കുന്നു ഇതിനോടകം. ഓരോ രണ്ടാം ശനിയാഴ്ചയുടെയും ഒടുവിൽ, രാത്രി നേരത്ത്, ക്രിസ്റ്റബെൽ തന്റെ സന്ദർശനം പൂർത്തിയാക്കി വീട്ടിൽ തിരിച്ചെത്തുന്നു.

"വരൂ..." സിസ്റ്റർ ടെസ്സീന പറഞ്ഞു.

തറയോടുകൾ പാകിയ ഇടനാഴിയുടെ വലതു ഭാഗത്തായി ബോഗയ്ന്‍വില്ലകളുടെ കടുംനിറം.

"ഹസ്ബൻഡ്, മിസ്റ്റർ വില്യം ഇത്തവണയും വന്നില്ലേ?" സിസ്റ്റർ ടെസറ്റീന ചോദിച്ചു.

"ഇല്ല. തിരക്കിലാണ്." ക്രിസ്റ്റബെൽ പതുക്കെ അറിയിച്ചു.

വില്യം തിരക്കിലാണ് എപ്പോഴുമെന്നപോലെ. ക്യാമറയുമായി ഏതോ പടത്തിന്റെ അണിയറയിൽ. ഷൂട്ടിങ് രാജസ്ഥാനിലെവിടെയോ. അവസാനമായി വിളിച്ചത് ഒരാഴ്ച മുമ്പ്. മകളെ തിരക്കി. തെൽമ പിയാനോ ക്ലാസിനു പോയനേരമായിരുന്നു.

"എമിലിന് എങ്ങനെയുണ്ട് സിസ്റ്റർ?"

"കഴിഞ്ഞ തവണ കണ്ടതുപോലെ തന്നെ. ഇടയ്ക്ക് ദേഷ്യം കാട്ടും. ആരോടാണെന്നറിയില്ല. കൈ ചുരുട്ടി ചുവരിലിടിച്ച് അതിന്റെ  വേദനയിലായിരുന്നു കുറച്ചുനാൾ. നല്ല ചതവു പറ്റി. ഞാൻ കുറെ വഴക്കു പറഞ്ഞു. കേട്ടതല്ലാതെ ഒരക്ഷരം മിണ്ടിയില്ല. വാക്കുകളൊക്കെ മറന്നു പോയതുപോലെ."

എല്ലാ വാക്കുകളുമല്ലെങ്കിലും പല വാക്കുകളും അവൻ ഇതിനോടകം മറന്നിരിക്കണം, ക്രിസ്റ്റബെൽ മനസ്സിലോർത്തു.

C V Balakrishnan Story

ഞാൻ വെറുക്കുന്നു.

എന്തിനെ? ആരെ?

ഈ ലോകത്തെ മുഴുവനും.

മോനേ

ക്യാമറാമാൻ വില്യമിനെ കെട്ടാൻ നിങ്ങള് വിഷം കൊടുത്ത് കൊന്നതാണോ എന്റെ പപ്പ റെയ്നോൾഡിനെ?

മോനേ, അത്രയ്ക്ക് ക്രൂരയാണോ നിന്റെ മമ്മ?

അയാളെ ഞാൻ കൊല്ലും. സൂക്ഷിച്ചിരുന്നോളാൻ പറ. എന്റെ പപ്പ ഉറക്കത്തിലെന്നും വന്ന് പറയും അയാളെ കൊല്ലാൻ. എന്നാലേ നിത്യശാന്തി കിട്ടൂ പപ്പയ്ക്ക്. കൊല്ലും. ഞാൻ കൊല്ലും.

ക്രിസ്റ്റബെൽ വലതു ഭാഗത്തേയ്ക്കു നോക്കിയപ്പോൾ പൂക്കളുടെ നിറം കടുത്തതായി കണ്ടു. ഓരോ പൂവിനും കൂടുതൽ കൂടുതൽ നിറം വെയ്ക്കുന്നു. തിരിച്ചു പോകുമ്പോൾ എങ്ങനെയായിരിക്കും അവ?

അടഞ്ഞു കിടന്ന മുറിയുടെ കാവൽക്കാരൻ വന്നു. താക്കോൽ അയാളുടെ കൈയ്യിലാണ്.

ക്രിസ്റ്റബെൽ വാതിൽക്കൽ നിന്ന് അകത്തേയ്ക്കു കണ്ണോടിച്ചു.

എമിൽ കട്ടിലിനരികെ നിലത്ത് ധ്യാനത്തിലെന്നോണം ഇരിപ്പാണ്. വാതിൽ തുറന്ന ശബ്ദം അവന്റെ ഏകാഗ്രതയെ ഉലച്ചിട്ടില്ല തെല്ലും. പാതി നഗ്നൻ. നെഞ്ചിൽ എല്ലുകൾ എഴുന്നു കാണാം.

"ഈയിടെയായി തുടങ്ങിയ ചര്യയാണ്. എത്രയോ നേരം അനങ്ങാതെ ഇരിക്കും. ധ്യാനമാണ്. നല്ലതല്ലേ?" സിസ്റ്റർ ടെസ്സീന ക്രിസ്റ്റബെല്ലിന്റെ കാതിൽ മന്ത്രിച്ചു.

"ആരെങ്കിലും പറഞ്ഞു കൊടുത്തതാണോ?" ക്രിസ്റ്റബെൽ ഒച്ചയടക്കി ചോദിച്ചു.

"അല്ല. എന്തോ തോന്നലുണ്ടായി. ഉപദ്രവമില്ലല്ലോ."

"എത്ര നേരം?"

"ചെലപ്പോ മണിക്കൂറുകളോളം. വിളികേൾക്കില്ല."

"അവൻ വല്ലാതെ മെലിഞ്ഞിട്ടുണ്ട്."

" ആഹാരത്തില് താൽപര്യമുണ്ടെങ്കിലല്ലേ?. കഴിക്കാൻ നിർബന്ധിക്കണം, ഒരുപാട്. "

അവന് താറാവ് മപ്പാസ് വേണമായിരുന്നു. കോഴിയും പിടിയും വേണമായിരുന്നു. വറ്റവറുത്തതും, കാളാഞ്ചി കറിവെച്ചതും, നെത്തോലി പീരയും, പൊടിമീൻ വറവും ഇഷ്ടമായിരുന്നു. കള്ളപ്പവും, നൂൽപ്പുട്ടും, കപ്പയും, ചേന പുഴുക്കും, കാച്ചിലും പോർക്കും ഇഷ്ടവിഭവങ്ങളായിരുന്നു. ഓ, ഒരു കാര്യം മറന്നു. കാന്താരിച്ചമന്തി. കാന്താരിയും ചുവന്നുള്ളിയും ചേർത്ത് അരച്ച് വെളിച്ചെണ്ണ തൂവിയ ചമ്മന്തി അവൻ തൊട്ടുതൊട്ട് നാക്കത്ത് വെയ്ക്കുമായിരുന്നു., ഇടയ്ക്കിടെ.

ക്രിസ്റ്റബെൽ വിളിക്കാൻ ഓങ്ങുകയാണെന്നു കണ്ട് സിസ്റ്റർ ടെസ്റ്റീന ഒരു നോട്ടത്തിലൂടെ വിലക്കി. അവരുടെ മുമ്പാകെ എമിൽ തന്റെ ധ്യാനം തുടർന്നു.

ഓർക്കാപ്പുറത്ത് ക്രിസ്റ്റിബെലിന്റെ മൊബൈൽഫോൺ ശബ്ദിച്ചതും അവൾ താനറിയാതെ നടുങ്ങിയതും എമിൽ പ്രകാശമില്ലാത്ത കണ്ണുകൾ തുറന്നതും ഒരുമിച്ചാണ്.

ഫോൺ സൈലന്റ് മോഡിലിടാൻ മറന്നതിനു സ്വയം പഴിച്ചുകൊണ്ട് ക്രിസ്റ്റബെൽ ഹാൻഡ് ബാഗിലെ ഫോണിനു നേരെ കൈനീട്ടിയത് അതു പെട്ടെന്നുതന്നെ നിശബ്ദമാക്കാനായിരുന്നു. ഒരു നിമിഷം, ഫോണിന്റെ സ്ക്രീനിൽ തെളിഞ്ഞുകണ്ടത് വില്യമിന്റെ മുഖമാണ്. കുറെ നാളുകൾക്കു ശേഷമുള്ള വിളി. എടുക്കാതെ പറ്റില്ല.

ക്ഷമാപണഭാവത്തിൽ സിസ്റ്റർ ടെസ്റ്റീനയെ ഒന്നു നോക്കി ക്രിസ്റ്റബെൽ പുറത്തു കടന്നു.

"ഹലോ"  ആവുന്നത്ര ഒച്ച താഴ്ത്തി.

"വല്ലാത്ത ഷെഡ്യൂളായിരുന്നു. വിളിക്കാനൊത്തില്ല. പല ലൊക്കേഷനിലും റെയ്ഞ്ചുമില്ല. രാത്രീല് ഒരുപാട് വൈകും. നീയെവ്ടാ?"

അവൾക്കു തോന്നി ഒരു നുണ പറയാമെന്ന്. എന്നാൽ അതിന്റെ ആവശ്യമുണ്ടായില്ല.

"മോള് അടുത്തുള്ളപ്പോൾ വിളിക്ക്." ശബ്ദത്തിലെ പാരുഷ്യം കനത്തതായിരുന്നില്ലെങ്കിലും കാത് നൊന്തു.

എവിടെയെന്ന് ഒരു നിമിഷാർദ്ധത്തിൽ ഊഹിച്ചിരിക്കണം.

ഏതൊക്കെയോ ചില സന്ദർഭങ്ങളിൽ വന്നിട്ടുണ്ട് കൂടെ. പക്ഷേ കാറിൽ തന്നെ ഇരിക്കുകയേ ഉള്ളൂ.

C V Balakrishnan Story

ക്രിസ്റ്റബെൽ ഫോൺ തിടുക്കപ്പെട്ട് എയർപ്ളെയ്ൻ മോഡിലാക്കി അകത്തേയ്ക്കു ചെന്നു. സിസ്റ്റർ ടെസ്റ്റീനയും എമിലും ഒന്നും പറയാതെ രണ്ടു പാവകളെപ്പോലെ. എമിലിന്റെ മുഖത്തൊരു നിഴൽ വീണുകിടന്നിരുന്നു. ആരാണ് വിളിച്ചതെന്ന് മനസ്സിലാക്കിയതിന്റെ ഫലമാവാം.

തെൽമ, ചേട്ടനെ അന്വേഷിച്ചതായി പറയാൻ ഏൽപ്പിച്ചിരുന്നു. അവരെ ബന്ധിപ്പിക്കുന്ന ഒരു കാണാച്ചരടുണ്ട്. അവൻ നൽകിയ ലഘുസമ്മാനങ്ങളൊക്കെയും അവളുടെ കണ്ണിൽ ഇപ്പോഴും വിലപിടിപ്പുള്ളവ.

ക്രിസ്റ്റബെൽ അടുത്തെത്തി അവന്റെ ചുമലിൽ തൊട്ടു.

"എമിൽ..."

അവൻ കൈ തട്ടി മാറ്റി. ക്രിസ്റ്റബെല്ലിന്റെ മുഖം വിളറി. സിസ്റ്റർ ടെസ്സീനയോട് യാത്ര പറയുമ്പോൾ ഒരു വിതുമ്പൽ പോലെയായി. "സാരമില്ല, സാരമില്ല" എന്ന് സിസ്റ്റർ. ക്രിസ്റ്റബെൽ ചിരിക്കാൻ ശ്രമിച്ചു കൊണ്ട് സീറ്റ്ബെൽറ്റിട്ടു.

റിയർ വ്യൂമിററിൽ കൈ വീശുന്ന സിസ്റ്റർ ടെസ്സീനയുടെ മെലിഞ്ഞ രൂപം അകന്ന് മറഞ്ഞു.

ഇറക്കം കഴിഞ്ഞു. ക്രിസ്റ്റബെൽ കാറോടിച്ചത് പതുക്കെയാണ്.

ഒട്ടും തിരക്കില്ല. പിയാനോ ക്ലാസു തീർന്ന് തിരിച്ചെത്തുമ്പോൾ തെൽമ സ്വയം നോക്കിക്കോളും. ചെറിയ കുട്ടിയല്ല അവളിപ്പോൾ. മുതിർന്നു. കാമുകനാവാൻ ആരൊക്കെയോ മത്സരിക്കുന്നു. അവൾ തന്നെ പറഞ്ഞുള്ള അറിവാണ്. എല്ലാം തുറന്നു പറയും. എല്ലാം നോക്കിക്കാണും. എമിൽ, മയക്കുമരുന്ന് കഴിക്കുന്നുവെന്നത് അവളുടെ കണ്ടെത്തലായിരുന്നു. ആദ്യത്തെ ശാസന അവൻ കേട്ടത് അവളിൽ നിന്ന്.

ക്രിസ്റ്റബെൽ കാർ നിർത്തി മെഴുകുതിരികളുമായി പുറത്തിറങ്ങി.

രൂപക്കൂടിനു മുന്നിൽ വേറെയാരുമില്ല. ഭാഗ്യം. മേരിയുടെ കാൽക്കീഴിൽ തീപ്പെട്ടിയുണ്ട്. ക്രിസ്റ്റബെൽ ഓരോ മെഴുകുതിരിയായി കത്തിച്ചു. മടിയിൽ കുഞ്ഞുമായിരിക്കുന്ന മേരിയുടെ മുഖത്തേയ്ക്കു നോക്കി.

സ്ത്രീയേ, എനിക്കും നിനക്കും തമ്മിൽ എന്ത് എന്ന് പിന്നീട് ചോദിച്ചത് ഇതേ കുഞ്ഞ്. ദാ, അങ്ങ് മുകളിലുണ്ട്.

ക്രിസ്റ്റബെൽ കാർ സ്റ്റാർട്ട് ചെയ്തു. പിന്നിടാൻ കുറേ ദൂരം. വേണ്ട, ഒന്നും ഓർക്കേണ്ട.

Read More:

Literature Malayalam Writer Short Story

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: