ബസ്സിൽ

poem by sreedevi vadakkedatu

പ്രണയം കൊടുമ്പിരി കൊണ്ട് നിന്ന
എന്‍റെ പത്തൊമ്പതാം വയസ്സിൽ
ഞാനൊരു ബസ്സിന്‍റെ ഇടതു വശത്തുള്ള രണ്ടാമത്തെ സീറ്റിൽ
ഇരിക്കുകയായിരുന്നു

ജനാലയിലൂടെ പുറത്തെ കാഴ്ച കാണുകയായിരുന്നു
എന്‍റെ മടിയിൽ ചാക്കിൽ തുന്നിയ
നീല നിറമുള്ള സഞ്ചിയുണ്ടായിരുന്നു
ബസ്സിൽ കേട്ടു കൊണ്ടിരുന്ന പ്രേമഗാനങ്ങൾ
ഞാനും ഇടയ്ക്കൊക്കെ മൂളുന്നുണ്ടായിരുന്നു.

അപ്പോൾ ശരിയ്ക്കുമെനിക്കൊരു കാമുകൻ ഉണ്ടായിരുന്നില്ല
അപ്പോഴും ഞാൻ പലരെയും വെറുതെ പ്രേമിക്കുന്നുണ്ടായിരുന്നു
അപ്പോൾ ബസ്സോടിച്ചിരുന്ന
കയ്യിൽ കമ്പി വളയിട്ട
ചെറുപ്പകാരനെയുൾപ്പെടെ

ബസ്സ് നിറയെ ആളുണ്ടായിരുന്നു
ഇടയിലെപ്പോഴോക്കെയോ
അവരൊക്കെ ഇറങ്ങി പോയിരുന്നു
സൂര്യൻ അസ്തമിച്ചു കഴിഞ്ഞിരുന്നു
ചോപ്പ് പടർന്ന ആകാശം കണ്ടത് ഞാനോർക്കുന്നുണ്ടായിരുന്നു
എന്‍റെ കാക്കിപ്പാവാടയുടെ പിറകിൽ ചുവന്നൊരു വട്ടം
അതിനുമൊപ്പം പടർന്നു കാണുമോ എന്ന് എനിക്ക് പേടി തോന്നിയിരുന്നു

പിന്നെപ്പോഴോ മഴ പെയ്തു തുടങ്ങി
ബസ്സിൽ യാത്രക്കാരിയായി ഞാന്‍ മാത്രമായി
പിന്നെ കമ്പി വളയിട്ട എന്‍റെ കാമുകനും, ബസില്‍ പാടി കൊണ്ടിരുന്ന പാട്ടും !

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ