Latest News
ലോക്ക്ഡൗൺ ഇളവുകൾ ആൾക്കൂട്ടങ്ങൾക്ക് ഇടയാകരുത്, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
ന്യൂസിലൻഡിന് ടോസ്; ഇന്ത്യയെ ബാറ്റിങിനയച്ചു
ഇന്ത്യയുടെ മിൽഖ, മിൽഖയുടെ ഇന്ത്യ
സുധാകരന്റെ കത്തി പരാമര്‍ശം വേദനിപ്പിക്കുന്നത്, മാപ്പ് പറയണം: ഫ്രാന്‍സിസിന്റെ മകന്‍
മുഖ്യമന്ത്രിയുടേത് പൊളിറ്റിക്കൽ ക്രിമിനലിന്റെ ഭാഷ, മറുപടിയുമായി കെ.സുധാകരൻ
കെ.സുധാകരനെതിരായ പ്രതികരണം നിലവാരമില്ലാത്തത്, മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തല
ട്രാക്കിലെ ഇതിഹാസത്തിന് വിട; മില്‍ഖ സിങ് അന്തരിച്ചു

ബുദ്ധ ബാർബർ

ബാർബർ ഷോപ്പിലെ പലയിടങ്ങളിൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കത്തുകൾ എഴുതി ഒളിപ്പിച്ചു വയ്ക്കുക. അതിലെ ഒരു കത്തിൽ അടുത്ത കത്തിരിക്കുന്ന ഇടത്തെക്കുറിച്ച് സൂചന നൽകുക. ഒരു തരം ഒളിച്ചുകളിയുടെ ദുരൂഹത നിറഞ്ഞ രീതി…

k s ratheesh , story

 

k s ratheesh , story“ദാമ്പത്യം കത്രികപോലെ വിരുദ്ധവിശുദ്ധമായിരിക്കണം.”

(സുജനപാൽ, ബോധി ഹെയർ സ്റ്റൈൽ, കണ്ഠള)

വിശ്വസിക്കരുത്,
ഇയാളുടെ ഇത്തരം വാക്കുകളിലെ അർഥം തിരയാനും പോകരുത്.
കഴിഞ്ഞ കുറെ കാലങ്ങളായി ഞാൻ അയാൾക്ക് അടിമയോ ശിഷ്യനോ അങ്ങനെ എന്തൊക്കെയോ ആയിരുന്നു. ചെവിയിൽ അയാളുടെ കത്രിക സൃഷ്ടിക്കുന്ന മാന്ത്രിക ശബ്ദം, തലയിൽ അയാളുടെ വിരലുകൾ കടത്തിവിടുന്ന വൈദ്യുത പ്രവാഹം. എങ്ങനെയെങ്കിലും മുടിയൊന്ന് വളർന്നു കിട്ടിയാൽ മതിയെന്ന് ചിന്തിച്ചു നടന്ന നാളുകളുണ്ട്. വെട്ടിത്തുടങ്ങുന്നത് മാത്രമെ എനിക്ക് ഓർമ്മയുള്ളൂ. പിന്നെ വല്ലാതെ ഉറങ്ങിപ്പോകും, മണിക്കൂറുകൾ കഴിഞ്ഞ് അയാളുടെ ഒരു ചിരിയിലേക്കാണ് ഉണരുന്നത്. കുറേ നേരം ചേർത്ത് നിർത്തും എന്നിട്ട്.ഹോ
അതൊക്കെയോർത്താൽ വല്ലാത്തൊരു മനുഷ്യൻ തന്നെ..

കുറച്ചു നാൾ മുൻപ് കിംഗ്‌സ് ഹെയർ സ്റ്റൈൽ എന്നായിരുന്നു.
ദേ ഇപ്പൊൾ അത് ബോധിയായി.പത്ത് ദിവസമായി അയാളെ കാണാനില്ല. അയാളുമായി ബന്ധപ്പെട്ട ചിലരെ ബോധിയിൽ എത്തിക്കണമെന്ന കത്ത് ഇന്നലെ എന്റെ വിലാസത്തിൽ വന്നു.അതുപോലും എനിക്ക് തിരസ്കരിക്കാൻ കഴിയുന്നില്ല..

നിങ്ങൾ തന്നെ ഓർത്തുനോക്കു. അയാളെ തല്ലിയ ഒരാൾക്ക് ഏകസമ്പാദ്യമായ ബാർബർ ഷോപ്പ് ആധാരം ചെയ്തു കൊടുക്കുക. എന്നിട്ട് നാട്ടുകാർക്ക് ഈ വിവരം കത്തുകളായി അറിയിക്കുക.ബാർബർ ഷോപ്പിലെ പലയിടങ്ങളിൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കത്തുകൾ എഴുതി ഒളിപ്പിച്ചു വയ്ക്കുക. അതിലെ ഒരു കത്തിൽ അടുത്ത കത്തിരിക്കുന്ന ഇടത്തെക്കുറിച്ച് സൂചന നൽകുക. ഒരു തരം ഒളിച്ചുകളിയുടെ ദുരൂഹത നിറഞ്ഞ രീതി…

സുജനപാൽ തിരോധാനവുമായി
ബന്ധപ്പെട്ട് കണ്ഠള പൗരസമിതി നൽകിയ പരാതിയിന്മേൽ പോലീസിൽ നിന്നു കിട്ടിയ വിവരങ്ങൾ ഇവയാണ്…

1.തിരിച്ചറിയൽ രേഖപോലും എടുക്കാതെയാണ് ടിയാൻ പോയിരിക്കുന്നത്. തന്റെ ഈ യാത്ര തികച്ചും വ്യക്തിപരമാണെന്നും, തന്നെ അന്വേഷിക്കേണ്ടതില്ലായെന്നും വ്യക്തമാക്കുന്ന ടിയാന്റെ കൈപ്പടയിലെ ഒരു കത്ത് കണ്ഠള സ്റ്റേഷനിൽ ലഭിച്ചിട്ടുണ്ട്.

2.ബോധി ബാർബർ ഷോപ്പിൽ നടത്തിയ തിരച്ചിലിൽ ലോക യാത്രയുമായി ബന്ധപ്പെട്ട കുറിപ്പുകൾ കിട്ടിയിട്ടുണ്ട്. ബോധിയിലെ ബുദ്ധ ചിത്രങ്ങൾ, രൂപങ്ങൾ, പുസ്തകങ്ങൾ എന്നിവ ടിയാന്റെ ആത്മീയ താൽപര്യവും പലായന സ്വഭാവവും വ്യക്തമാക്കുന്നു..

3. കഴിഞ്ഞ ആറുമാസമായി ടിയന് വീടുമായി യാതൊരുവിധ ബന്ധമുണ്ടായിരുന്നില്ലെന്നും, മുടി താടി എന്നിവ ക്ഷൗരം ചെയ്യാതെ ബോധിയിൽ മുറിയടച്ച് ധ്യാനത്തിൽ ഇരുപ്പാണെന്നും, അപരിചിതരായ ചിലർ അവിടെ വന്നുപോകാറുണ്ടെന്നും ടിയാന്റെ ഭാര്യ മൊഴി നൽകിയിട്ടുണ്ട്..

4.കണ്ഠള തീവണ്ടിയാഫീസിലെ സിഗ്‌നൽ ജീവനക്കാരി കുറച്ച് ദിവസം മുൻപ് ഒരു സന്യാസി സംഘം വടക്കോട്ടുള്ള തീവണ്ടിയിൽ കയറിപ്പോകുന്നതും കണ്ടിരുന്നു..k s ratheesh,story

പോലീസിന്റെ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് പൗരസമിതിക്ക് കിട്ടിയതിന്റെ അടുത്ത ദിവസമാണ് ഞങ്ങൾ ബോധിയിൽ ഒത്തുകൂടിയത്.

ഞങ്ങൾ എന്നുപറഞ്ഞാൽ ശ്രീമാൻ കണ്ഠള ജയൻ, സുജനലിന്റെ ബദ്ധ ശത്രു രായൻ, സുജനപാലിന്റെ ഭാര്യയും ഇരട്ട പെണ്മക്കളുടെ അമ്മയുമായ സുകുമാരി, ശ്രീമാൻ മഞ്ഞുമാറ്റി പ്രശോഭൻ, കണ്ഠളയിൽ പുതുതായി തുടങ്ങിയ ഒരു ധനകാര്യ സ്ഥാപനത്തിന്റെ കളക്ഷൻയുവാവായാ കളക്ഷൻ ഏജന്റ്, പിന്നെ ഈ ഞാനും..

ഇന്ന് ബോധിയിലെത്തിയഒരു യുവാവിന്റെ തലയുടെ മുകളിൽഏറെ നാളായി കെട്ടിനിന്ന നിശബ്ദതയെ കത്രികകൊണ്ട് മുറിച്ച് മുടിയിലേക്ക് ചീർപ്പ് തൊടാൻ തുടങ്ങിയ രായനെ കണ്ഠള ജയന്റെ നേതൃത്വത്തിലെത്തിയ സംഘം തടഞ്ഞു.. ഇരട്ട പെണ്മക്കളുടെ അമ്മയായ സുകുമാരി എന്നല്ല ഭൂമിയിലെ ആർക്കും സുജനപാലിന്റെ ഈ അനീതി അംഗീകരിക്കാൻ കഴിയില്ല. അന്തരീക്ഷം ബോധ്യപ്പെട്ട യുവാവ് കഴുത്തിൽ ചുറ്റിയ തുണിയോടെ പുറത്തേക്ക് പോയി..

“കൊന്ന് കുഴിച്ചിട്ടിട്ട് എല്ലാം എഴുതി വാങ്ങിയല്ലേടാ രായാ..”
രായന്റെ കൈയിലെ കത്രികയും ചീർപ്പും തട്ടിത്തെറിപ്പിച്ച് കഴുത്തിൽ മുറുക്കെപ്പിടിച്ച് സുകുമാരി അലറി. ഇരട്ടക്കുട്ടികൾ കരഞ്ഞ് നിലവിളിച്ച് ചുവരിനോട് ചേർന്നു നിന്നു. നാട്ടിലെ ഗജപോക്കിരിയുടെ നിർമമത്വം കണ്ട് കണ്ഠള ജയൻ അത്ഭുതപ്പെട്ടു..സുജനപാൽ കണ്ഠള ജയനായി എഴുതിയ ഒരു കത്ത് രായൻ കൈമാറി.ഇതുകണ്ട് സുകുമാരി ബഞ്ചിൽ ഇരുന്നുപോയി. കാഷായം ധരിച്ച രായന്റെ രൂപം കണ്ട് എനിക്കും പന്തികേട് തോന്നി..

ബഹുമാന്യനായ കണ്ഠള ജയൻ.

ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് പാർട്ടിക്ക് ഭൂരിപക്ഷവും നേടിക്കൊടുത്ത് പ്രസിഡന്റ് പദവിയിലേക്ക് നടക്കുന്ന താങ്കൾക്ക് എന്റെ അഭിവാദ്യങ്ങൾ..

തികച്ചും ആരാഷ്ട്രീയവാദിയായ ഞാൻ എന്തിന് താങ്കൾക്ക് കത്തെഴുന്നു എന്ന സംശയമുണ്ടാകും. ഇന്ന് ബോധിയിൽ വന്നിട്ടുള്ള ഇവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഞാൻ നിങ്ങളെ നിയോഗിക്കുന്നു. സംശയിക്കേണ്ട അതിന് തക്കതായ ചില കാരണങ്ങളുണ്ട്..

ഉപതിരഞ്ഞെടുപ്പിൽ ഏറ്റവും സാധ്യത കല്പിച്ചിരുന്ന ഒരാൾ ഇന്ന് ജീവനോടെ ഇല്ല. എതിർ കക്ഷിയുടെ കത്തിക്ക് ഇരയായ
അയാൾക്ക് പകരം സ്ഥാനാർഥിയായി വന്ന താങ്കൾ ജയിക്കുകയും ചെയ്തു.ആ അദ്ധ്യാപകൻ എന്റെ സുഹൃത്താണ്.
എന്റെ മുന്നിൽ നിന്നാണ് താങ്കൾ അയാളെ വാഹനത്തിൽ കയറ്റിപ്പോയത്…പിന്നെയുണ്ടായതൊക്കെ.?
ആ മനുഷ്യന്റെ ആത്മശാന്തിക്കായി നീ ഇത് ചെയ്തേ തീരൂ..

പഞ്ചായത്ത് മൈതാനത്തിന്റെ പിന്നിലുള്ള ഒരേക്കർ ഇരുപത് സെന്റിന്റെ ആധാരം താങ്കളുടെ അലമാരയിൽ ഭദ്രമായിരിപ്പില്ലേ.?
അതവിടെ ഇരിക്കട്ടെ അല്ലെങ്കിലും ആ ഭൂമി ഇരുപത് പേർക്ക് വീതിച്ച് കൊടുത്തിട്ട് എന്തുകിട്ടാനാണ്..

പട്ടിക ഇനിയുമുണ്ട്
പഞ്ചായത്തിന്റെ തലവൻ എന്ന നിലയിൽ നീ എനിക്ക് ഈ പ്രശ്നം പരിഹരിച്ചു തന്നെ തീരൂ.ഞാൻ മരിച്ചുപോയിട്ടില്ല അല്ല നിന്റെ കൈയിൽ എന്നെ കിട്ടിയിട്ടില്ല..

ബോധിയുടെ അവകാശം ഞാൻ രായന് നൽകുന്നു. രായനുള്ള കത്ത് പിന്നിലെ കണ്ണാടിയുടെ ഇടതുവശത്ത് ഇരിപ്പുണ്ട്…

വിപ്ലവാഭിവാദ്യങ്ങളോടെ
സുജനപാൽ

കണ്ഠള ജയന്റെ വെളുത്ത
ഉടുപ്പിന്റെ പിന്നിൽ വിയർപ്പുതുള്ളികൾ വിരിയാൻ തുടങ്ങി. അയാളുടെ കൂർപ്പിച്ച കൃതാവിന്റെ അരികിലൂടെ ഒറ്റച്ചാലിൽ നനവിന്റെ ഒരു വര പ്രത്യക്ഷപ്പെട്ടു. സുകുമാരി ബോധിയുടെ ജനാലകൾ ശബ്ദത്തോടെ തുറന്നു..തടഞ്ഞു വച്ചിരുന്ന വെളിച്ചം വന്ന് സുകുമാരിയുടെ മുഖത്തെ സംശയ ചിഹ്നത്തെ തെളിയിച്ചതോ. ജനാലയിൽ നിന്ന് ചുവരിലെ ബുദ്ധ ചിത്രത്തിലേക്ക് ഒരു പല്ലി ചാടിയതോ..
ശ്രദ്ധിക്കാതെ കണ്ഠള ജയൻ രായന് കത്ത് നൽകി..k s ratheesh , story

തിരഞ്ഞെടുപ്പിന്റെ തലേന്ന് വീട്ടിലേക്ക് വന്ന് “താങ്കൾ ഇനി മുതൽ സുജനപാൽ ആയിരിക്കണമെന്ന്” ഈ ബാർബർ
പറഞ്ഞതും.. “കഞ്ചാവാനോടാ കള്ള സാമീ” എന്ന് കളിയാക്കിയതും. അയാളുടെ അപ്പോഴത്തെ ചിരിയും ഓർത്തപ്പോൾ ക്ഷൗരം ചെയ്തിടത്ത് ലോഷൻ പുരട്ടുന്നത് പോലുള്ള നീറ്റൽ കണ്ഠള ജയന് അനുഭവപ്പെട്ടു. സുജനപാലെന്ന വാക്കിന്റെ അര്ഥം ഓർക്കാൻ ശ്രമിച്ച് ഒന്നു രണ്ട് തവണ ചുണ്ടിൽ നിന്ന് ആ പേര് ചെറിയ ശബ്ദത്തോടെ പുറത്തേക്ക് ചാടിയത് സുകുമാരി സംശയത്തോടെ കേട്ടു..

ജയന്റെ കൈയിൽ നിന്ന് ക്ഷേത്രത്തിലെ പ്രസാദം സ്വീകരിക്കുന്ന രീതിയിയിലാണ്‌ രായൻ ആ കത്ത് വാങ്ങിയത്..
നാലായി മടക്കിയ കത്തിന്റെ പുറത്ത് രാജേന്ദ്രനെന്ന് എഴുതിയത് കണ്ട് രായന് ഭൂതോദയമുണ്ടായി…

പ്രിയ രാജേന്ദ്രന്..

എന്റെ ആഗ്രഹമനുസരിച്ച് ഇന്ന് രാവിലെ കടത്തുറന്ന് നിന്റെ കർമ്മം തുടങ്ങിയിട്ടുണ്ടാകും. സുകുമാരി ആളുകളെ കൂട്ടി വന്ന് തടഞ്ഞിട്ടുമുണ്ടാകും. ഭയപ്പെടരുത് പ്രശ്‌നങ്ങൾ എല്ലാം ഉടൻ പരിഹരിക്കപെടും.

നാട്ടിൽ നിന്ന് നീയും ബോംബെയിൽ പോയി ഞാനും മുടിവെട്ട് ശീലിച്ചതല്ല എനിക്ക് എതിർ വശത്തെ നിന്റെ കട പൂട്ടിപ്പോകാൻ കാരണം. അലസതയും കുടികൂട്ടുമായിട്ടുള്ള ആ സുഖിയൻ ജീവിതമാണ്. നീ അല്ലാതെ ആരെങ്കിലും അന്നം കിട്ടാനുള്ള കടയിലിരുന്ന് കമ്പനി കൂടി മദ്യപിക്കുമോ..?നീ കൊല്ലാൻ ശ്രമിച്ച ഒരാൾ എന്തിനാണ് നിന്റെ പേരിൽ ഈ സ്വത്ത് എഴുതിവച്ചത് എന്നല്ലേ നിന്റെ സംശയം.

നിന്റെ ഭാര്യ സുധയോടൊപ്പം വന്ന നിന്റെ മക്കൾക്ക് സൗജന്യമായി മുടിവെട്ടിക്കൊടുത്തു അതല്ലേ നീ എന്നെ തല്ലാൻ കാരണം..?
“ഞാനും സുധയും തമ്മിൽ എന്ത് ” എന്നാണല്ലോ തല്ലുന്നതിനിടയിൽ നീ എന്നോട് ആവർത്തിച്ച് ചോദിച്ചത്. അതിൽ ഒരു സത്യമുണ്ട് എട്ടാം തരത്തിൽ സുധയോട് തോന്നിയ പ്രണയം എന്നിൽ നിന്ന് ഇനിയും കെട്ടുപോയിട്ടില്ല. സുധയ്ക്കായി എഴുതിയ കത്ത് സുകുമാരിയുടെ പുസ്തകത്തിൽ മാറിവച്ചതും. സുധയുടെ വീട്ടുകാരെ ഭയന്ന് ഞാൻ നാടുവിട്ടതും നീ അറിയണം. ജീവിതത്തിൽ കിട്ടിയ ആദ്യ പ്രണയലേഖനവുമായി സുകുമാരി എന്നെ കാത്തിരുന്നപ്പോൾ ഇതൊന്നുമറിയാത്ത സുധ നിന്റെ മക്കൾക്ക് അമ്മയായി. എനിക്ക് എന്റെ പ്രണയം മറക്കാൻ കഴിയുന്നില്ല. ഞങ്ങൾ ഏറെ സംസാരിച്ചു. ഒരു ചിരിയും ദീർഘനിശ്വാസവുമായി അവൾ പോയി. ഒന്നിച്ചു ജീവിച്ചാലോ എന്നുവരെ ചിന്തിച്ചു.
സുധയുടെ നിലപാട് നിനക്ക് ഊഹിക്കാൻ കഴിയുമോ..? നിങ്ങളുടെ കുടുംബ ജീവിതത്തിന് വേണ്ടിയാണ് എന്റെ ഈ ഒളിച്ചോട്ടം..

പ്രിയ രാജേന്ദ്രൻ എനിക്കുവേണ്ടി ചിലത് ചെയ്യണം.വരുമാനത്തിൽ നിന്ന് എന്നും ഇരുന്നൂറ് രൂപയെങ്കിലും സുകുമാരിയെ എല്ലിക്കണം.
ആഴ്ച്ചയിൽ അഞ്ഞൂറ് രൂപ മഞ്ഞുമാറ്റിക്കും കൊടുക്കണം. ബോധിയിൽ നീ ജീവവൃക്ഷമായി മാറും തീർച്ച..

നിനക്കും, സുധയ്ക്കും ജീവിത വിജയാശംസകൾ…
സുകുമാരിക്കുള്ള കത്ത് പുറത്തെ ചുവരിലെപരസ്യ ചിത്രത്തിന്റെ പുറകിൽ വച്ചിട്ടുണ്ട് അത് നീ തന്നെ അവൾക്ക് നൽകുക..

എന്ന്
സ്നേഹപൂർവ്വം
സുജനപാൽ.k s ratheesh ,story

കത്ത് നിലത്തേക്ക് ഉയർന്നുവീണു.
രായൻ ഏറെ നേരം കണ്ണാടിയിലേക്ക് നോക്കി നിന്നു.പതിയെ അയാളുടെ കണ്ണുകൾ നിറയാൻ തുടങ്ങി.

” വികാരം കൊള്ളുന്നവരൊക്കെ എത്ര ദുര്ബലരാണെന്ന് നിനക്കറിയോ. ഈ രായന് വരാൻ പോകുന്ന മാറ്റം വലുതാണ്, ഇവനിൽ മരണം വരെ പച്ചയായി നിൽക്കുന്ന മുറിവ് നീ കാണും..”
രായന്റെ തല്ലുകൊണ്ട ദിവസം അവശനായ അയാളെ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുവരുമ്പോൾ എന്റെ ബൈക്കിന് പിന്നിലിരുന്ന് പറഞ്ഞതാണ്…

കലിതുള്ളി നിൽക്കുന്ന സുകുമാരിയുടെ മുന്നിൽ രായൻ നീട്ടിപ്പിടിച്ച കത്തിന്റെ വിറയൽ കണ്ട് ഞാനും ആ ഇരട്ടക്കുട്ടികളും ചിരിയടക്കി.സുകുമാരിയുടെ കത്തിന് പുറത്തെ സു , കുമാരി എന്നി വാക്കുകൾ തമ്മിൽ ബോധപൂർവ്വമായ അകലം.
നിവർത്തിപ്പിടിച്ച കത്തിൽ സുകുമാരിയും, ചുവരിലെ ബുദ്ധ ചിത്രത്തിന് നേരെ കൈ കൂപ്പി രായനും നിൽക്കുന്നു. കുട്ടികൾ മുറ്റത്തെ പനിനീർ ചെടിയുടെ സൗന്ദര്യം ആസ്വദിക്കുന്നു..

ഏറ്റവും പ്രിയപ്പെട്ട സുകുമാരി…

എന്നിലെ പരാജിതനായ ഭർത്താവിനെക്കുറിച്ച് നിന്നെ എഴുതി അറിയിക്കേണ്ടതില്ല.
എങ്കിലും നിന്റെയും മക്കളുടെയും ഭാവിയോർത്ത് നീ മറ്റൊരു വിവാഹം കഴിക്കാൻ തയാറാകണം..നീ കാത്തു സൂക്ഷിച്ച ആ പ്രണയലേഖനത്തിന്റെ ശരിയായ അവകാശി രായന്റെ ഭാര്യ സുധയായിരുന്നു. ഇനിയും ആ പ്രണയം നിന്നിൽ കണ്ടെത്താൻ എനിക്ക് ആകുന്നില്ല.
അന്ന് ആ മഴ തീരുവോളം വീട്ടിന് പുറത്ത് നിന്ന ഞാൻ അകത്ത് വന്ന് നിന്നെയും ആ ബാങ്കിന്റെ എജെന്റിനെയും കിടക്കയിൽ ചോദ്യം ചെയ്യുന്നതെങ്ങനെ.? വീട്ടിലേക്കുള്ള എന്റെ ചുവടുകൾ ആ മഴ അന്ന് മായിച്ച്‌ കളഞ്ഞു..

സാരമില്ല ബാങ്കിലെ നിന്റെ വായ്‌പ മഞ്ഞുമാറ്റി തീർക്കും.
മഞ്ഞുമാറ്റിയുടെ കടം രായനും തീർക്കും.
അതിനാൽ ബോധി ഞാൻ രായനെ ഏൽപ്പിക്കുന്നു…

ആ യുവാവിനെ നിനക്ക് വിവാഹം കഴിക്കാം അയാൾ നമ്മുടെ മക്കൾക്ക് നല്ലൊരു പിതാവായിരിക്കുമോ..?

എന്ന്
സ്വന്തം
സുജനപാൽ

പോകും മുൻപ് നമ്മളൊരുമിച്ച് മുറ്റത്ത് നട്ട പനിനീർ ചെടിയുടെ ചുവട്ടിൽ മഞ്ഞു മാറ്റിക്കുള്ള കത്തുണ്ട്…

പനിനീർ ചെടിയുടെ ചുവട്ടിലെ കത്ത് എടുക്കുമ്പോൾ സുകുമാരിയുടെ വിരൽ മുറിഞ്ഞു. സഹായിക്കാൻ ശ്രമിച്ച യുവാവിനെ അവർ വെറുപ്പോടെ നോക്കി.മറ്റൊരാൾക്കും മുഖം കൊടുക്കാതെ പ്രശോഭന് കത്ത് കൈമാറി ഇറങ്ങിപ്പോയ സുകുമാരിയുടെ കുട്ടികളുടെ കൈയിൽ പനിനീർ ചെടിയുടെ കമ്പുകൾ ഉണ്ടായിരുന്നു…

k s ratheesh ,story

” ദാമ്പത്യത്തിന്റെ രഹസ്യം അതിന്റെ വിരുദ്ധ വിശുദ്ധതയാണ് ” പെണ്ണുകാണാൻ പോകുന്ന വിവരം അയാളോട് പറഞ്ഞഞ്ഞപ്പോൾ സ്വന്തം മൂക്കിലെ രോമം സൂക്ഷ്മമായി മുറിക്കുന്നതിനിടയിൽ അയാൾ പറഞ്ഞതാണ്.ഇന്നും എനിക്ക് അതിന്റെ അർഥത്തിന് ഒരു വ്യക്തത വന്നിട്ടില്ല…

മഞ്ഞുമാറ്റി ഹോ എന്തൊരു ഗതികേട്,
അയാളുമായി ചേർന്ന് എനിക്ക് എന്റെ അച്ഛനോട് പോലും ഒരു തരം അകലമുണ്ടായിരിക്കുന്നു.
ശ്രീ പ്രശോഭൻ അയാളുടെ സുഹൃതതായിരുന്നു. എന്റെ പേരിൽ അവർ തമ്മിൽ ചില വഴക്കുകൾ നടന്നിട്ടുണ്ട്. രണ്ട് പെഗ് അകത്തു ചെന്നാൽ അച്ഛ്ൻ ബാർബർ ഷോപ്പിന്റെ മുന്നിൽ വന്ന് ഭരണിപ്പാട്ട് നടത്തും. അതൊന്നും അറിയാതെ നിലത്ത് വെട്ടിയിട്ട മുടിയിൽ കിടന്ന് ഞാൻ ഉറക്കമായിരിക്കും, ഇനി ഉണർന്നിരുന്നാലും അയാളുടെ നോട്ടത്തെ ധിക്കരിച്ച് എനിക്ക് പോകാൻ കഴിഞ്ഞിരുന്നില്ല.

ഒരല്പം മുന്നിലേക്ക് നീട്ടിപ്പിടിച്ച് അച്ഛൻ കത്ത് വായിക്കുന്നു..

എടോ മഞ്ഞുമാറ്റി…

നിന്നെ എനിക്ക് അങ്ങനെ വിളിക്കാനാണ് ഇഷ്ടം. നീ കരുതുന്നത് പോലെ ഈ പേര് നിനക്കിട്ടത് ഞാനല്ല
തളർവാദം പിടികൂടി പുഴുത്ത് ചത്ത നിന്റെ തന്ത ചന്ദ്രോത്ത് മാഷ് നിനക്കിട്ടതാണ്.
നേരം വെളുക്കും മുൻപ് പലിശപിരിക്കാൻ മലമൂട്ടിലെ വീടുകൾ കയറുന്ന നിനക്ക് അതിയാൻ വേറെന്ത് പേരിടാനാണ്..
പിന്നെ നിന്റെ ഒറ്റ മോനെ ഞാൻ വഴിതെറ്റിച്ചിട്ടില്ല. നിന്റെ തന്ത പറഞ്ഞിട്ടാണ് സാമൂഹ്യ ജീവശാസ്‌ത്രം പഠിപ്പിക്കാൻ കൊണ്ട് ചേർത്തത്. നിന്റെ വഴി അവൻ സ്വീകരിക്കരുതെന്ന് നിന്റെ തന്തയ്ക്ക് വാശിയായിരുന്നു…

കഴിഞ്ഞ ഡിസംബറിൽ ഗൾഫിൽ നിന്ന് വന്ന ഒരു ചെക്കനെ നീയും ശിങ്കിടികളും ചേർന്ന് പൊക്കിയതും.
അവൻ നീയൊക്കെ പൂട്ടിയിട്ട മുറിയിൽ തൂങ്ങി ചത്തതും, അത് ആത്മഹത്യ ആക്കിയത്തുമെല്ലാം കട്ടിലിൽ കിടന്ന് കാത് കൂർപ്പിച്ച് ആ വയസ്സൻ അറിഞ്ഞിരുന്നു..
തളർന്ന കൈ തോളിൽ കയറ്റി കഷം വടിച്ച് കൊടുക്കുമ്പോൾ മാഷ് പറഞ്ഞതാണ് ഇതെല്ലാം…

അതൊക്കെ പോട്ടെ ഇനി നമുക്ക് രണ്ടാൾക്കും ഗുണമുള്ള ചില ബിസിനസ് പറയാം. ഇപ്പൊൾ അവിടെ ഒരു ചെറുപ്പക്കാരൻ നിൽക്കുന്നില്ലേ അവന് ഒരു തുക നീ കൊടുക്കണം. എന്റെ പെണ്ണ് സുകുമാരി വായ്‌പ എടുത്തതാണ്. അവൻ രഹസ്യമായി നാട്ടിൽ പലിശ ഇളവ് നടത്തുന്നുണ്ട്. അത് നിനക്ക് അത്ര ഗുണം ചെയ്യില്ല. പിന്നെ ആ തുക നമ്മുടെ രായൻ നിനക്ക് തരും ഞാൻ അതവന് എഴുതിയിട്ടുണ്ട്. ഇല്ലെങ്കിൽ നിനക്ക് വാങ്ങിക്കാൻ അറിയാല്ലോ…?

നിന്റെ മോനും ഞാനും തമ്മിലെ രഹസ്യ എടപാട് നീ അറിയണ്ട.
ഞാൻ ഇവിടെ ഇല്ലാതിരുന്നാൽ അതങ്ങ് തീരൂലേ..? നിന്റെ ചെറുക്കനുള്ള കത്ത് ആ ബുദ്ധ ചിത്രത്തിന്റെ പിന്നിലുണ്ട്
എടുത്തങ്ങ് കൊടുത്തേക്ക്.

എന്ന്
നിന്റെ
കെ പി സുജനൻ

വിധവയായ ഒരു പെണ്ണിന്റെ കുഞ്ഞിന്റെ മുടിയിൽ രായൻ അനുകമ്പയോടെ കത്രിക വയ്ക്കുമ്പോൾ കണ്ഠള ജയൻ വിധവയോട് പുതുതായി തുടങ്ങിയ പഞ്ചായത്ത് ഭവന പദ്ധതിയെക്കുറിച്ച് പറയുന്നു..
ബാങ്ക് ഏജന്റായ യുവാവിനെയും കൂട്ടി പുറത്തേക്ക് ഇറങ്ങുന്നതിനിടയിൽ അച്ഛൻ എനിക്ക് കത്ത് തന്നു.മുടി കൂട്ടിയിട്ട കോണിലിരുന്ന് ഞാൻ കത്ത് വായിക്കാൻ തുടങ്ങി..

നിനക്ക്

ഇതൊക്കെ
അനുഭവിച്ച ഞാനൊരു ബുദ്ധനാകുമെന്ന് തോന്നുന്നുണ്ടോ..?

രായന്റെ കത്രികയിൽ അയാളുടെ അതേ മാന്ത്രിക ശബ്ദം,
തല കുനിച്ച് പിടിച്ച് കുട്ടിയുടെ കഴുത്തിന്റെ ഭാഗം വടിക്കുന്ന രായനിൽ അയാളുടെ ചിരി. എന്റെ തലയിൽ അതേ വൈദ്യുത പ്രവാഹം…!!

 

Get the latest Malayalam news and Literature news here. You can also read all the Literature news by following us on Twitter, Facebook and Telegram.

Web Title: Buddha barber short story ks ratheesh

Next Story
മരിച്ചവന്റെ വിലാസംk t baburaj, poem
The moderation of comments is automated and not cleared manually by malayalam.indianexpress.com