“അവളുടെ വീട് മരണത്തിലേക്കും
അവളുടെ പാതകൾ പ്രേതന്മാരുടെ അടുക്കലേക്കും
ചാഞ്ഞിരിക്കുന്നു.
അവളുടെ അടുക്കൽ ചെല്ലുന്ന ഒരുത്തനും
മടങ്ങി വരുന്നില്ല;
ജീവന്റെ പാതകളെ പ്രാപിക്കുന്നതുമില്ല.”
ബൈബിൾ പഴയ നിയമം: സദൃശ്യവാക്യങ്ങൾ: 2 – 18, 19
“എന്റെ അച്ഛൻ ക്രൂരനായ ഒരു കൊലയാളിയാണ്; ഒരു രക്തരക്ഷസ്സാണ് അയാളുടെ ഇപ്പോഴത്തെ ഭാര്യ. മരിച്ച ഒരു സ്ത്രീയെയാണ് അച്ഛൻ വിവാഹം കഴിച്ചിരിക്കുന്നത്.”
നിക്കരാഗ്വൻ എഴുത്തുകാരനായ റുബെൻ ദരിയോയുടെ ‘മരണഭീതി’ (Thanatophobia) എന്ന കഥ അവസാനിക്കുന്നത് ഇങ്ങനെയാണ്. കഥ പറയുന്ന ജെയിംസ് ലീൻ അയാളുടെ ശാസ്ത്രജ്ഞനായ അച്ഛൻ പരീക്ഷണങ്ങളിലൂടെ ഒരു സ്ത്രീയെ രക്തരക്ഷസ്സാക്കി മാറ്റി അയാളുടെ ഇംഗിതങ്ങൾക്ക് വിധേയയാക്കുന്നത് കണ്ടെത്തുന്നതും അത് പുറത്തു പറയാതിരിക്കാൻ അച്ഛൻ അയാളെ മാനസിക ചികിത്സാ കേന്ദ്രത്തിലടയ്ക്കുന്നതുമാണ് ഇതിൽ വിവരിക്കുന്നത്.
രക്തരക്ഷസായി മാറിയ ആ സ്ത്രീ സംസാരിക്കുന്നത് കേൾക്കുമ്പോൾ വായനക്കാരും ഭീതിയുടെ വലയത്തിനുള്ളിലാകുന്നു; ഒരു ശവക്കല്ലറയിൽ നിന്നെന്ന പോലെയാണ് ആ ശബ്ദം പുറത്തേക്കു വന്നതെന്ന് റൂബെൻ ദരിയോ വിവരിക്കുമ്പോൾ ഭയം രക്തം പോലെ കട്ടപിടിക്കുന്നതായി നമുക്കു തോന്നിപ്പോകും.
പക്ഷേ ഈ കഥ ഒരു ചോദ്യം ഉയർത്തുന്നുണ്ട്: ആദ്യത്തെ രക്തരക്ഷസ് സ്ത്രീയോ പുരുഷനോ?
ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള വായിച്ചിട്ടുള്ളവർക്ക് തോന്നുക ആദ്യത്തെ രക്തരക്ഷസ്സ് പുരുഷനായ ഡ്രാക്കുളയാണെന്നും അയാൾ രക്തം കുടിച്ച സ്ത്രീകളാണ് ഡ്രാക്കുളക്കോട്ടയിൽ രക്തരക്ഷസ്സുകളായി മാറി ജൊനാതൻ ഹാർക്കറെ ആക്രമിക്കാൻ ചെല്ലുന്നതുമെന്നുമായിരിക്കും. എന്നാൽ, “The Alphabet of Ben Sirach” എന്ന പുസ്തകത്തിൽ ആദ്യത്തെ രക്തരക്ഷസിനെപ്പറ്റി ഒരു കഥയുണ്ട്. ഇതാണാ കഥ:

ആദാമിന്റെ ആദ്യത്തെ ഭാര്യ ഹവ്വയായിരുന്നില്ല, മറ്റൊരുവളായിരുന്നു. ലിലിത്ത് എന്നായിരുന്നു അവളുടെ പേര്; അവൾ തന്നെയായിരുന്നു ആദ്യത്തെ രക്തരക്ഷസ് – ഒരുപക്ഷേ ആദ്യത്തെ ഫെമിനിസ്റ്റും.
ആദാമിനെ സൃഷ്ടിച്ചപ്പോൾ അവൻ ഒറ്റയ്ക്കാണെന്ന് ദൈവം കണ്ടു. മനുഷ്യൻ തനിച്ചാവുന്നത് നല്ലതല്ലെന്നു കരുതി ദൈവം ഒരു സ്ത്രീയെക്കൂടി സൃഷ്ടിച്ചു. ആദാമിനെ ഉണ്ടാക്കിയ അതേ മണ്ണിൽ നിന്നു തന്നെയാണ് ദൈവം അവളെയും സൃഷ്ടിച്ചത്. അവളുടെ പേരാണ് ലിലിത്ത്.
ഉടൻ തന്നെ ആദാമും ലിലിത്തും തമ്മിൽ വഴക്കാരംഭിച്ചു. തനിക്ക് ആദാമിന്റെ അടിയിൽ കിടക്കാൻ വയ്യെന്ന് ലിലിത്ത് ശഠിച്ചു. താൻ അവളെക്കാൾ ഉന്നതനാണെന്നും താഴെക്കിടയിലാകാനേ അവൾക്ക് യോഗ്യതയുള്ളൂവെന്നും ആദാമും വാദിച്ചു. അയാളും താനും ഒരേ മണ്ണുകൊണ്ട് സൃഷ്ടിക്കപ്പെട്ടവരായതിനാൽ രണ്ടുപേരും തുല്യരാണ് എന്നതായിരുന്നു ലിലിത്തിന്റെ ന്യായം. അങ്ങനെ തർക്കം നീണ്ടു. ഒടുവിൽ ആദാം തന്നെ അംഗീകരിക്കില്ലെന്നു തീർച്ചയായപ്പോൾ ദൈവത്തിന്റെ ഉച്ചരിക്കാൻ പാടില്ലാത്ത പേര് ഉറക്കെ വിളിച്ചുപറഞ്ഞിട്ട് ലിലിത്ത് സ്വർഗ്ഗം വിട്ട് ദൂരേക്ക് പറന്നു.
ഭാര്യ തന്നെ വിട്ടു പോയെന്ന് ആദം ദൈവത്തോട് പരാതിപ്പെട്ടു. ദൈവം ഉടനെ മൂന്ന് മാലാഖമാരെ അവളുടെ അടുക്കലേക്കയച്ചു. സെനോയ്, സാൻസെനോയ്, സെമാൻഗെലോഫ് എന്നിവരായിരുന്നു ആ മൂന്ന് ദൂതന്മാർ. ദൈവം അവരോട് ലിലിത്തിനെ തിരികെ കൊണ്ടുവരാൻ ആജ്ഞാപിച്ചു.
ദൂതന്മാർ കടലിനു നടുവിൽ ലിലിത്ത് കഴിയുന്നിടത്ത് ചെന്നെത്തി. പിശാചുക്കളുടെ രാജാവായ അസ്മോദിയൂസിനെ അവൾ വിവാഹം കഴിച്ചിരുന്നു. തിരിച്ചുവരാൻ ദൂതന്മാർ അവളെ നിർബന്ധിച്ചെങ്കിലും ആദാമിന്റെ അടിമയായി കഴിയാൻ വേണ്ടി താൻ വരില്ലെന്നും തന്നെ സൃഷ്ടിച്ചിരിക്കുന്നത് മനുഷ്യരുടെ കുട്ടികളെ കൊല്ലാനാണെന്നും ദൈവത്തിന്റെ പേരിൽ അവൾ ആണയിട്ടു. ആൺകുട്ടിയാണെങ്കിൽ എട്ടു ദിവസം അവൾക്ക് ആ കുട്ടിയുടെ മേൽ അധീശത്വം ഉണ്ടായിരിക്കും; പെൺകുട്ടിയാണെങ്കിൽ ഇരുപതും.
അസ്മോദിയൂസിന് അവളിൽ ജനിക്കുന്ന പിശാചുക്കളെ ഒരു ദിവസം നൂറെന്ന കണക്കിൽ കൊല്ലുമെന്ന് ദൂതന്മാർ അവളെ ഭീഷണിപ്പെടുത്തി. അതും അവൾക്ക് സമ്മതമായിരുന്നു. മനുഷ്യരുടെ കുട്ടികളുടെ ചോര കുടിക്കാൻ വരുമ്പോൾ ആ മൂന്നു മാലാഖമാരുടെ പേരെഴുതിയ ഒരു തകിട് ശരീരത്തിൽ കാണുകയാണെങ്കിൽ, ആ കുട്ടികളെ തൊടുകയില്ലെന്നു കൂടി അവൾ അറിയിച്ചു.
ലിലിത്ത് തിരിച്ചു വരില്ലെന്ന് തീർച്ചയായപ്പോൾ ആദാമിനു തുണയായി അവന്റെ വാരിയെല്ലിൽ നിന്ന് ദൈവം ഹവ്വയെ സൃഷ്ടിച്ചു.
ലിലിത്താകട്ടെ മനുഷ്യരുടെ രക്തം കുടിച്ച് ജീവിക്കാൻ തുടങ്ങി. അവളെ പേടിച്ച് ജൂതന്മാരിൽ ചിലരൊക്കെ ഇപ്പോഴും ആ മൂന്ന് ദൈവദൂതന്മാരുടെ പേരെഴുതിയ മന്ത്രത്തകിട് ധരിക്കാറുണ്ട്.
ഏതായാലും ആദ്യത്തെ ഈ രക്തരക്ഷസ്സിന്റെ കഥയിൽ നിന്ന് ബ്രാം സ്റ്റോക്കർ പലതും കടമെടുക്കുന്നുണ്ട്: ലിലിത്തിന് മാലാഖമാരുടെ പേരെഴുതിയ തകിടിനെ പേടിയാണ്; ഡ്രാക്കുളയാകട്ടെ കുരിശ് കാണുമ്പോൾ ഭയന്നു പിൻവാങ്ങുന്നു. ലിലിത്ത് ചോരകുടിക്കുന്ന കുട്ടികൾ അവളെപ്പോലെ രക്തരക്ഷസ്സുകളായിത്തീരുന്നതു പോലെ ഡ്രാക്കുള രക്തമൂറ്റി കൊല്ലുന്നവർ അയാളെപ്പോലെ ചോരകുടിയന്മാരായി മാറുന്നതും സ്റ്റോക്കറുടെ നോവലിൽ നമ്മൾ കാണുന്നു.

ഉറൂഗ്വായൻ എഴുത്തുകാരിയായ ദെൽമിര അഗസ്തീനിയുടെ ‘El Vampiro’ എന്ന കവിതയിലും ലിലിത്തിനെപ്പോലുള്ള ഒരു പെൺ രക്തരക്ഷസ്സിനെ കാണാനാകും. തേനടയിൽ നിന്ന് തേനൂറ്റിയെടുക്കുന്നതു പോലെയാണ് അവൾ പുരുഷന്റെ രക്തമൂറ്റുന്നത്. ഹൃദയം പിഴിഞ്ഞെടുത്ത് അവളവന്റെ പ്രാണൻ കുടിച്ചു വറ്റിക്കുന്നു. അവൾ അടുത്തു നിൽക്കുമ്പോൾ മരണം കടന്നു വരുന്നതിന്റെ ശബ്ദം അവൻ കേൾക്കുന്നു. പക്ഷേ അവൾ അവളിലെ രക്തരക്ഷസ്സിനെ തിരിച്ചറിയുക മാത്രമല്ല അതിനെ അഭിസംബോധനചെയ്യുക കൂടി ചെയ്യുന്നുണ്ട്. കവിതയുടെ അവസാന വരികൾ അവൾ അവളോടു തന്നെ പറയുന്നതാണ്:
“ഞാനെന്തിനാണ് നിന്റെ കയ്പിന്റെ രക്തരക്ഷസായത്?
ഒരു പൂവാണോ ഞാൻ? അതോ ഒരു അജ്ഞാത വംശത്തിലെ സന്താനമോ?
വ്രണങ്ങൾ ഭക്ഷിക്കുകയും കണ്ണീർ കുടിച്ചു വറ്റിക്കുകയും ചെയ്യുന്ന ഒന്ന്?”
ഈ പെൺരക്തരക്ഷസ്സിനെ തന്നെയാകാം എദ്വാർദ് മങ്കിന്റെ ‘Vampire’ എന്ന പ്രശസ്തമായ ചിത്രത്തിലും നമ്മൾ കാണുന്നത്; അതേ ഇരുണ്ട മുറി, ഭീതിയുണർത്തുന്ന അതേ പശ്ചാത്തലം.
വർഷങ്ങൾക്കു മുമ്പ് ഒരു കൂട്ടുകാരന്റെ കുന്നിന്മുകളിലുള്ള വീട്ടിൽ ഞാൻ പോയി. അവിടെ ആരുമില്ലായിരുന്നു. കുറച്ചു ദിവസങ്ങൾക്കു മുമ്പ് മരിച്ചുപോയ അവന്റെ അനിയത്തിയുടെ ഭൗതികാവശിഷ്ടങ്ങൾ പുഴയിലൊഴുക്കാൻ പോയതായിരുന്നു അവനും വീട്ടുകാരും. ഒറ്റപ്പെട്ടു നിന്ന ആ വീടിനു ചുറ്റും കാറ്റടിച്ചുകൊണ്ടിരുന്നു. കാറ്റത്ത് ഒരു ജനൽ തുറന്നു. ഞാനകത്തേക്കു നോക്കി. അവിടെ അവളുടെ മുറിയിലെ അയയിൽ ഒരു വെള്ളയടുപ്പ് കാറ്റിൽ അനങ്ങാതെ നിന്നു. അതിനകത്ത് ഇപ്പോഴും സ്വപ്നങ്ങളുടെ ഭാരമുള്ള ഒരു പെൺശരീരമുള്ളതുപോലെ.
ആ കാഴ്ചയിൽനിന്ന് ഇപ്പോഴും വിട്ടു പോരാനാവാത്തതു കൊണ്ടായിരിക്കാം, റുബെൻ ദരിയോയുടെ കഥയോ അഗസ്തീനിയുടെ കവിതയോ പോലെ ബ്രാം സ്റ്റോക്കറിന്റെ നോവൽ അത്രയൊന്നും ആകർഷിക്കാതിരുന്നത്.
അർജന്റൈൻ എഴുത്തുകാരിയായ അൽഫോൻസീന സ്റ്റൊർണി തന്റെ ‘To Eros’ എന്ന കവിതയിൽ കാമദേവന്റെ വയറുപിളർന്നു നോക്കുന്ന ഒരുവളെപ്പറ്റി പറയുന്നുണ്ട്; അവൾക്കവിടെ ആകെ കാണാൻ കഴിഞ്ഞത് ഒരു കെണിവാതിലാണ് (Trap Door), അതിന്റെ പേര് ലൈംഗികത എന്നായിരുന്നു.
ഇപ്പോൾ പഴന്തുണികളുടെ ഒരു കൂന മാത്രമാണ് അവൻ. ആ പഴന്തുണിക്കെട്ടിനെ തിരകളുടെ പിളർന്ന വായിലേക്ക് അവൾ എറിഞ്ഞു കൊടുക്കുന്നു.
അങ്ങനെ പെൺരക്തരക്ഷസ്സുകൾ ഉണ്ടാകുന്നു.
അവലംബം:
- Selected Writings -Ruben Dario
- Poetics of Eros, Selected Poetry of Delmira Agustini
- Mask and Clover – Alfonsina Storni
- ലോകത്തെമ്പാടും ഭാവനയുടെ രക്തയോട്ടം സൃഷ്ടിച്ച രചനയാണ് ബ്രാം സ്റ്റോക്കാറുടെ ‘ഡ്രാക്കുള.’ ആ പുസ്തകം ലോകത്തു ചിറകു വിരിച്ചു പറക്കാൻ തുടങ്ങിയിട്ട് 125 വർഷം ആകുന്നു. ഡ്രാക്കുളയുടെ വായനയുടെയും സിനിമയുടെയും അനുഭവങ്ങൾ നിങ്ങൾക്കും എഴുതാം. നിങ്ങളുടെ ഡ്രാക്കുള അനുഭവ രചനകൾ iemalayalam@indianexpress.com എന്ന വിലാസത്തിൽ അയക്കുക. സബ്ജക്ട് ലൈനിൽ ‘ഡ്രാക്കുള – ഓർമ്മകൾ’ എന്ന് എഴുതുക