ഗ്ലൂമി സണ്‍ഡേ-ബിജു റോക്കി എഴുതിയ കവിത

വിതുമ്പലുകള്‍ക്കു മീതെ ചുറ്റിവരിയുന്നു ചുരുളുകളായി പടര്‍ന്നുകയറുന്നു ഗ്ലൂമി സണ്‍ഡേ സംഗീതം.

biju rocky ,poem, iemalayalam

 

ഒറ്റമുലയെ
കുഞ്ഞിനെയെന്നോണം
കൈകളില്‍താങ്ങി എത്രനേരമായി
താലോലിക്കുന്നു
കുഞ്ഞെന്താണ് കരയാത്തത്?
ഇടത്തേ നെഞ്ചില്‍
മണ്ണടരുകളുടെ
വാര്‍ഷികവലയം വരച്ച്
ഇരട്ടകളില്‍ ഒന്നിനെ
ആരാണ് മുറിച്ചുകൊണ്ടുപോയത്?

നഗരസെമിത്തേരിയിലെ
കുത്തനെ നിര്‍ത്തിയ
ശവകുടീരങ്ങളില്‍
വെളിച്ചം തെളിഞ്ഞിരിക്കുന്നു

കിടപ്പുമുറിയില്‍ നിന്ന് ഇഴഞ്ഞുകയറുന്നു
ഗ്ലൂമി സണ്‍ഡേയുടെ വിഷാദസംഗീതം
മരണത്തിന്റെ താരാട്ടുപാട്ട്

വിളിക്കാതെ വന്ന രണ്ടുറവകള്‍
കണ്‍ത്തടം വഴിഞ്ഞൊഴുകുന്നു
ഏതോ വന്യജീവിയുടെ പിടിയിലമര്‍ന്ന്
അവള്‍
കോരിത്തരിക്കുന്നുbiju rocky ,poem, iemalayalam

അക്വേറിയത്തില്‍
നീര്‍ക്കുടിക്കുന്ന
മീനിന്റെ കണ്ണില്‍
കുറുകിക്കിടക്കുന്നത്
സങ്കടമല്ലാതെ മറ്റെന്താണ്?

നിറച്ചുവെച്ച
വിഷാദങ്ങളുടെ
നീലചില്ലുഭരണികളില്‍
ഏകാന്തത ഊറി വരുന്നു.
എത്ര കുടിച്ചിട്ടും
ഒഴിയുന്നില്ല
നിറഞ്ഞുപതഞ്ഞുയര്‍ന്നുവരുന്നു
തിട്ടയിടിച്ചു വീഴ്ത്തുന്നു

കാല്‍ത്തണ്ടയിലെ രോമങ്ങളിലും
ഒറ്റകരിഞ്ചരടില്‍ തൂക്കിയ മലര്‍ന്നകക്കയിലും
ഗ്ലൂമി സണ്‍ഡേയുടെ വിഷാദങ്ങള്‍ അരിക്കുന്നു

നീന്തല്‍ക്കുളത്തിന്റെ ചങ്കിലൂടെ
തുളയിട്ടുകടന്നുപോകുന്ന സൂചിക്കുഴവെട്ടം
നീലജലം ഇളകുന്നു
ഏങ്ങലടിക്കുകയാണോ കുളം?

ജനല്‍ച്ചില്ലിനു കുറുകെ എട്ടുകാലി നെയ്ത
ഒറ്റ നൂലില്‍
ഊയലാടുന്ന വയലറ്റുവെളിച്ചം

തോരാനിട്ട മഞ്ഞസാരിയില്‍ നിന്ന്
ഇറ്റിറ്റുവീഴുന്ന വിഷാദത്തുള്ളികള്‍.

കുളിമുറിയില്‍ അള്ളിപ്പിടിച്ചിരിക്കുന്ന കറ
എത്രനാളത്തെ വിരസത ഉറഞ്ഞുകൂടിയതാണ്?biju rocky ,poem, iemalayalam

അരികില്‍ ഏങ്ങിയേങ്ങിയിരിക്കും

തുണിയലക്കു യന്ത്രം

എന്താണ് പറയാന്‍ ശ്രമിക്കുന്നത്?

വിതുമ്പലുകള്‍ക്കു മീതെ

ചുറ്റിവരിയുന്നു

ചുരുളുകളായി പടര്‍ന്നുകയറുന്നു

ഗ്ലൂമി സണ്‍ഡേ സംഗീതം.

നിരത്തില്‍ പലതരം ലോഹവണ്ടുകള്‍

വാലിന് തീപ്പിടിച്ച് അവ

എവിടേക്കോ ഓടിമറയുന്നു

ഞരമ്പുകളില്‍

വിഷാദങ്ങള്‍ നിറഞ്ഞ്

അവളിപ്പോള്‍ കരിനീലശില്‍പ്പം.

ജനല്‍ച്ചില്ല ഉയര്‍ത്തുമ്പോള്‍

ആഴങ്ങളിലേക്ക്

കൈപിടിക്കാനായിരം കൈകള്‍.

വായുവില്‍

ആര്‍ക്കും പിടിതരാത്ത

സിമട്രിയുമായി

അവളുടെ ഷാള്‍

ഒഴുകുന്നു

പറന്നുകളിക്കുന്നു

ഗ്ലൂമി സണ്‍ഡേ വീണ്ടും പാടുന്നു

Get the latest Malayalam news and Literature news here. You can also read all the Literature news by following us on Twitter, Facebook and Telegram.

Web Title: Biju rocky poem gloomy sunday

Next Story
കാഫ്ക – രണ്‍ജു എഴുതിയ ചെറുകഥkafka, ranju, story, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express