scorecardresearch

ഡാനിഷ് ഗാംബിറ്റ്

“സിഗരറ്റിന് തീപിടിപ്പിച്ച് പുകയൂതുമ്പോൾ എതിരാളിയുടെ അഭാവം എന്നെ തെല്ലും ആശങ്കപ്പെടുത്തിയില്ല. പടകൾ ചിതറിയ പാളയത്തിൽ നിരയുധനായി തലകുനിച്ചു നിന്ന രാജാവിനെ ഉന്നം പിടിച്ച് ഞാൻ കാലാളിനെ നീക്കി.” ബിജു ഡാനിയേൽ എഴുതിയ കഥ

biju daniel, story, iemalayalam
ചിത്രീകരണം: വിഷ്ണുറാം

‘എന്റെ അമ്മ മരിച്ചത് എങ്ങനെയെന്ന് നിനക്കറിയാമോ?’

രാത്രി ഉറങ്ങാൻ കിടക്കുമ്പോഴാണ് മെസഞ്ചറിൽ ഇങ്ങനെയൊരു സന്ദേശമെത്തിയത്. ദുഃസ്വപ്‌നത്തിൽ നിന്നും ഉണരുമ്പോഴുള്ള ഒരു തരം അന്ധാളിപ്പോയിരുന്നു എനിക്കപ്പോൾ. ആ വാക്കുകൾക്കുള്ളിലെ നീറ്റൽ എന്റെ ഉറക്കത്തിലേക്കുള്ള യാത്രയെ വല്ലാതെ പീഡിപ്പിച്ചു.

വർഷങ്ങൾക്ക് മുൻപ് ബന്ധമറ്റ് വിസ്മൃതിയിലാണ്ട സുഹൃത്തിന്റേതായിരുന്നു ആ സന്ദേശം. മൂന്നുദിവസത്തിനകം നാട്ടിലെത്തുമെന്നും, നീയെന്റെ വീട്ടിലെത്തണമെന്നും അവൻ കുറിച്ചിരിക്കുന്നു.

അച്ഛന്റെയും അമ്മയുടെയും കാടുപിടിച്ച കുഴിമാടം വൃത്തിയാക്കുന്ന മകനെ, ഗേറ്റു കടന്ന് മുറ്റത്തെത്തിയപ്പോൾ ഞാൻ കണ്ടു. വള്ളിപ്പടർപ്പുകളും പാഴ് മരങ്ങളും വളർന്ന് വീടിന്റെ പരിസരം ചെറുകാടായി തീർന്നിരിക്കുന്നു.

“ഡാ സൂരജേ…”

എന്റെ വിളി കേട്ട് കുഴിമാടങ്ങൾക്കരുകിൽ നിന്നവനെണീറ്റ് തിരിഞ്ഞു നോക്കി. അവൻ ചിരിക്കുകയോ പരിചയഭാവം പ്രകടിപ്പിക്കുകയോ ചെയ്യാതെ അത്ഭുതത്തോടെ എന്നെ നോക്കി നിന്നു.
പിൻമുറ്റത്തേക്കിറങ്ങുന്ന വാതിൽ തുറന്നപ്പോൾ വീടിനുള്ളിൽ നിന്നും പഴകിയ ഗന്ധം മുറ്റത്തേക്കിറങ്ങി.

ഞങ്ങൾ അകത്തേക്ക് കയറി. പൊടിപിടിച്ചു കിടക്കുന്ന ആഡംബരഫർണീച്ചറുകൾ. വെള്ളയടിച്ച ഭിത്തിയിലെ വിള്ളലുകളിൽ ഈർപ്പം പടരുന്നതറിയാതെ കാലങ്ങളായി തൂങ്ങിക്കിടക്കുന്ന സായി ബാബയുടെ ചിത്രത്തെ ചിലന്തിവലകൾ താങ്ങി നിർത്തുന്നതായി എനിക്കു തോന്നി.

സൂരജ് അകത്തെ മുറിയിലേക്കു കയറിപ്പോയി. എത്ര നിയന്ത്രിച്ചിട്ടും അറിയാതെ മച്ചിലേക്ക് നോക്കിയപ്പോൾ അവന്റെ അമ്മ നാല് ദിവസം തൂങ്ങിക്കിടന്ന ഫാൻ ഹുക്ക്‌ കണ്ണിൽ കൊളുത്തി. ഇപ്പൊഴും അതിൽ നിന്ന് ചാവ് മണമൊഴിഞ്ഞിട്ടില്ല. എപ്പോൾ വേണമെങ്കിലും ചോദിക്കാവുന്ന അവന്റെ സംശയത്തെ, അവ്യക്തമായ ഉത്തരം കൊണ്ടു എങ്ങനെ നേരിടുമെന്നോർത്തപ്പോൾ എന്റെ ഉള്ളിലെ പിരിമുറുക്കത്തിന് ആക്കം കൂടി.

ഒരു ടീപ്പോയിമായി സൂരജെത്തി. മുറ്റത്തെ പാഴ്ചെടികൾ ചവിട്ടിയൊതുക്കി ടീപ്പോയി അവിടെ സ്ഥാപിച്ചു.

“ആരേലും വിളിച്ച് ഈ കാടൊക്കെയൊന്ന് വൃത്തിയാക്കി കൂടേ?”

“എന്തിന്? തർക്കഭൂമിയാണിത്,” അവൻ പറഞ്ഞു.

“മനസിലായില്ല.”

“അങ്ങോട്ടുമിങ്ങോട്ടും വിശേഷം പറഞ്ഞു മുഷിയാനല്ല ഞാനിങ്ങോട്ടു വന്നതും
നിന്നെ വിളിച്ചതും. ഇന്നൊരു ദിവസം ഇവിടെ ചെലവഴിച്ച് തിരിച്ചു പോണം.”

അവനൊരു ബാഗും രണ്ടു കസേരകളും എടുത്തു കൊണ്ടുവന്നു.
ബാഗിൽ നിന്നും ഒരു കുപ്പി മദ്യമെടുത്ത് ടീപ്പോയിൽ വച്ചു. കൂടെ ഒരു ചെസ് ബോർഡും. ഉന്നതകുലജാതനായ മദ്യക്കുപ്പിയുടെ ലേബൽ നോക്കി ഞാൻ ഉറക്കെ വായിച്ചു.

“ട്രാപ്പേഴ്സ് ഹട്ട്. ഉഗ്രൻ പേര്.”

biju daniel, story, iemalayalam
ചിത്രീകരണം : വിഷ്ണുറാം


കുപ്പിക്ക് മുകളിൽ എന്റെ കണ്ണുകൾ വട്ടമിട്ട് പറക്കുന്നത് കണ്ട് അവൻ ചിരിച്ചു.

“പേരുപോലെ തന്നെയാ സംഗതീടെ കെടപ്പും. കുപ്പി കാലിയാകുമ്പോ നെനക്കതു മനസിലാകും.എന്നാ തൊടങ്ങാം.”

“എന്തോന്ന്?”

“കുടീം, കളീം.”

അവനതു പറയുമ്പോൾ പാതി തുറന്ന വാതിലിനു പിന്നിലെ നിശബ്ദയിലേക്ക് പാളിപ്പോയ എന്റെ നോട്ടം കണ്ട് അവൻ തുടർന്നു “കേട്ടോടാ, നമുക്ക് നഷ്ടമായ കാലത്തിന്റെ വെടവിനെ മൂടാൻ ഇതിലും നല്ല മരുന്ന് വേറെയില്ല.”

“ഉം…” എന്റെ മൂളലിൽ തല കുലുക്കി കൊണ്ട് കുപ്പി തുറന്ന്, ഗ്ലാസ്സിലേക്കവൻ മദ്യം പകർന്നു.

“വിസ്കിയും ചെസ്സും. കൊള്ളാം, നല്ല കോമ്പിനേഷൻ.”

എന്റെ പ്രശംസയിൽ സൂരജിന്റെ മുഖം പ്രസന്നമായി. റബ്ബറിലകൾക്കിടയിൽ പതിയിരുന്ന ഒരുപ്പൻ ചുവന്നു തുടുത്ത കണ്ണുകൾ കൊണ്ട് ഞങ്ങളെ ഉറ്റുനോക്കി. അതിന്റെ ഇര, ഇളം ചൂടുവെയിലിന്റെ നിറവിൽ സ്വയം മറന്ന് കമ്പിളി നാരകത്തിന്റെ വരണ്ട കൊമ്പിൽ ആകാശത്തേക്കു നോക്കിയിരുപ്പുണ്ടായിരുന്നു.

“അതിർത്തിത്തർക്കം,അതാണ് നമ്മളിപ്പം കളിക്കാൻ പോകുന്ന പോരാട്ടത്തിന്റെ ജനിതക രഹസ്യം,” സൂരജ് വെളിപ്പെടുത്തി.

ഞാനവനെ മിഴിച്ചു നോക്കി. പൊടുന്നനെ ശരവേഗത്തിൽ പറന്നെത്തിയ ഉപ്പൻ ഓന്തിനേയും കൊത്തിയെടുത്ത് അകലേയ്ക്കു പറന്നു.

പക്ഷിയുടെ ചിറകടിയിൽ ഉണങ്ങിയ റബ്ബറിലകൾ പാരച്യൂട്ടുകളായി മണ്ണിലേക്കിറങ്ങി.

“എല്ലാ കളികളിലും എന്റെ നിറം കറുപ്പായിരിക്കും…” ഐസിട്ട് തണുപ്പിച്ച വിസ്കി ഒരിറക്കിറക്കി കൊണ്ടവൻ പറഞ്ഞു.

“അപ്പോ ഞാനെപ്പോഴും വെളുത്തവനായിരിക്കുമെന്നു സാരം. നീ കീഴാള പക്ഷത്തും, ഞാൻ മേലാളപക്ഷത്തും.”

നുണഞ്ഞ് രുചിക്കാൻ പണ്ടേ അറിയാത്തതു കൊണ്ടാവാം ഞാനാ മദ്യം ഒറ്റ വലിക്കകത്താക്കി.

“ഡാ, ഇത് അതിരു മാന്തലും കുടിയൊഴിപ്പിക്കലുമൊന്നുമല്ല. വർഗോം, വർണ്ണോം വർഗസമരോമൊക്കെ പ്രയോഗിക്കാൻ ഇത്‌ കമ്മ്യൂണിസ്റ്റുകാരുടെ പഠന ക്ലാസുമല്ല. അതു കൊണ്ട് കൂടുതൽ ചെലയ്ക്കാതെ കളിച്ചാട്ട്…” അക്ഷമയുടെ സ്വരത്തിൽ അവൻ മുരണ്ടു.

കിംഗ് സൈഡ് കാലാളിനെ രണ്ടു കളം മുന്നോട്ടുവച്ച് ഞാൻ യുദ്ധകാഹളമൂതി. ”കേട്ടോഡാ, നിവർത്തിയില്ലങ്കിലേ വെട്ടാവു. രക്തച്ചൊരിച്ചിലുള്ള റിസൽട്ടല്ല എനിക്കു വേണ്ടത്.”

സൂരജിന്റെ വാക്കുകളിലൂടെ കളി വിരസമാകുമെന്ന് ഞാനുറപ്പിച്ചു. കളിയുടെ തുടർച്ചയിൽ എനിക്കത് ബോധ്യമായി.

പോരാട്ടം മദ്ധ്യ ഘട്ടത്തിലെത്തി നിൽക്കുമ്പോൾ ഏറ്റുമുട്ടുന്ന രണ്ടു പടകൾ എന്തിന് പ്രതിരോധത്തിലേക്കു പോകുന്നുവെന്ന് ഒരു പിടിയും കിട്ടിയില്ല. ഹിംസയും, ചതിയും, വേദനയും, വേർപാടും നിറയുന്നതാണ് യുദ്ധത്തിന്റെ സൗന്ദര്യം. അതില്ലാതായാൽ യുദ്ധത്തിനെന്ത് യുക്തി?

ചത്ത നീക്കങ്ങളായിരുന്നു സൂരജിന്റേത്. ഏതെങ്കിലുമൊരു കരുവിനെ ബലികഴിപ്പിച്ചു കൊണ്ട് വേണം കളി മുന്നോട്ടു നീക്കാൻ. ഞാൻ കുതിരയെ സെന്റർ പൊസിഷനിലേക്കു നീക്കി കാലാളിനെയെടുത്ത് അവന്റെ പ്രതിരോധത്തിൽ വിള്ളലുണ്ടാക്കി.

“എനിക്കറിയാം നിനക്കതു മാത്രമേ കളിക്കാനാവത്തൊള്ളന്ന്. പക്ഷേ ഞാൻ നിന്റെ കുതിരയെ വെട്ടില്ല. അതെവിടം വരെ പായുമെന്ന് എനിക്കറിയണം,” ഗ്ലാസിലേക്ക് മദ്യം പകർന്നു കൊണ്ടവൻ പറഞ്ഞു.

അതും കുടിച്ച് അടുത്ത നീക്കത്തിന്റെ വിരുതിലേക്ക് ഊളിയിടുമ്പോൾ തല പെരുക്കുന്നതായി എനിക്ക് തോന്നി. ഞാനൊരു സിഗരറ്റ് കത്തിച്ചു.

“എടാ സൂരജേ… നിന്റെ ജീവനില്ലാത്ത നീക്കം കൊണ്ട് കളീടെ ത്രില്ലു പോകും.”

“അങ്ങനെങ്കിൽ അങ്ങനെ, ജീവനില്ലാത്ത നീക്കങ്ങളാണ് ഈക്കളിയുടെ സ്വഭാവത്തെ നിർണ്ണയിക്കുന്നത്. മനസ്സിലായോ?” ഇവിടെ ഞാനേറ്റുമുട്ടുന്നത് നിന്നോടല്ല. എന്റെ സഹോദരനോടാണ്.”

അവൻ രണ്ട് പെഗ് ഇടവേള കൊടുക്കാതടിച്ചു. “എന്റെ ചേട്ടനൊണ്ടല്ലോ ഈ ഭൂമി വിൽക്കാൻ നടക്കുവാ. അയാളീ വീട് പൊളിച്ച് വിൽക്കും. അമ്മേക്കുഴിച്ചിടുമ്പോ മുറിയിലിരുന്നയാൾ മദ്യപിക്കുകയായിരുന്നു. അമ്മയുടെ ഏകാന്ത ദുഃഖങ്ങളിലും, ഉന്മാദങ്ങളിലും അടുത്തിരുന്ന് ആശ്വസിപ്പിക്കാൻ അയാൾക്കു കഴിഞ്ഞില്ല. സത്യത്തിൽ അയാളീ വീട്ടിൽ ജീവിച്ചിട്ടേയില്ല. എപ്പോഴും വേറൊരു ലോകത്തായിരുന്നു.”

biju daniel, story, iemalayalam
ചിത്രീകരണം : വിഷ്ണുറാം

അവനൊന്നു നിർത്തി, ഒരു സിഗരറ്റെടുത്തു കത്തിച്ച് പുകയൂതി കൊണ്ട് തുടർന്നു “അമ്മയുടെ വേദനകളും സ്വപ്നങ്ങളും പറ്റിപ്പിടിച്ച ഈ ചുവരുകൾ പൊളിപ്പിക്കാൻ എനിക്ക് മനസ്സില്ല…” സൂരജിന്റെ നാവ് കുഴഞ്ഞു വരുന്നത് ഞാനറിഞ്ഞു.

ഇപ്പോൾ കളിയുടെ ഏകദേശ രൂപമെനിക്കു മനസിലായി. മദ്യം അവന്റെ തലച്ചോറിനെ പടനീക്കങ്ങൾക്കുമപ്പുറം നിർജ്ജീവമായ ജീവിതാവസ്ഥകളിലേക്ക് കൂട്ടികൊണ്ടു പോയിരിക്കുന്നു.

“എന്റെ അച്ഛൻ കമ്യൂണിസ്റ്റുകാരനായ ഒരു പ്രമാണിയായിരുന്നു. അച്ഛൻ കമ്യൂണിസ്റ്റായതുകൊണ്ടാവാം, ഞാൻ കമ്മ്യൂണിസ്റ്റായില്ല. കൈയ്യിൽ പ്രമാണമില്ലാത്തതിനാൽ പ്രമാണിയുമല്ല. നീയിപ്പോപ്പറഞ്ഞ എന്റെ ജീവനില്ലാത്ത നീക്കങ്ങളൊണ്ടല്ലോ അതാ പ്രമാണത്തിന് വേണ്ടിത്തന്നെയാണ്.”

അവൻ ബിഷപ്പു കൊണ്ട് എന്റെ കുതിരയുടെ പ്രയാണത്തിനു തടയിട്ടു. ജീവൻ തിരിച്ചുകിട്ടിയ കുതിര പിന്നോക്കം മാറി.

”എന്റെ അമ്മ മരിച്ചതെങ്ങനാന്ന് നിനക്കറിയാമോ?” റാണിയെ എടുത്തുയർത്തി ആക്രമണത്തിനെന്നവണ്ണം പടക്കളത്തിന്റെ മദ്ധ്യഭാഗത്ത് വച്ചു കൊണ്ടവൻ ചോദിച്ചു.

എന്തുകൊണ്ട് അവനിത് നേരത്തേ ചോദിച്ചില്ലന്നു ഞാനോർക്കുകയായിരുന്നു. എന്താണ് പറയേണ്ടതെന്നറിയാതെ എന്റെ കണ്ണുകൾ വീണ്ടും പാതി ചാരിയ വാതിലിലൂടെ മച്ചിലെ നിഴൽ വീണിരുണ്ട ഹുക്കിലുടക്കി. അവിടെ അവന്റെ അമ്മ മാംസമടർന്ന് ചലമൊലിച്ച് തൂങ്ങിക്കിടക്കുന്നത് ഞാൻ കണ്ടു.

“കളിക്കടാ…” അവന്റെ ശബ്ദം എന്നെ ഉണർത്തി. ഞാൻ റാണിയെ വെട്ടി മാറ്റി. അവൻ നിർവ്വികാരമായി കളത്തിലേക്ക് നോക്കിക്കൊണ്ടിരുന്നു.

അധികം ആലോചനകൾക്കൊന്നും ഇടം കൊടുക്കാതെ വേഗതയിലായിരുന്നു കളി. ഇപ്പോൾ എനിക്കെതിരായി അവനു ചലിപ്പിക്കാനാവുന്നത് രാജാവിനെ മാത്രമാണ്. നാലു കാലാളുകൾ നീക്കങ്ങളൊന്നുമില്ലാതെ ബോർഡിൽ കുരുങ്ങിക്കിടപ്പുണ്ട്. ബിഷപ്പു കൊണ്ടു ചെക്ക് കൊടുത്തു കളി തീർക്കേണ്ടതിനു പകരം ഞാൻ കുതിരയെ നീക്കി. സൂരജിന് തന്റെ രാജാവിനെ ഒരുകളത്തിലേക്കും നീക്കുവാൻ സാധ്യമല്ലാതായിരിക്കുന്നു.

കളി സമനില. പൊരുതലുകളിൽ നിന്ന് എല്ലാ അർത്ഥവും നഷ്ടപ്പെട്ട് ബാക്കിയായ കരുക്കൾ താന്താങ്ങളുടെ കള്ളികളിൽ മൂകരായിരുന്നു.

“എന്താടാ പട്ടീ, നീ ചെക്കു തന്ന് എന്നെ തീർക്കാതിരുന്നത്?” ക്ഷോഭത്തോടെ ബോർഡ് തട്ടിമറിച്ച്, എന്റെ കരണത്തവൻ ആഞ്ഞടിച്ചു.

വീടിനെയും പരിസരങ്ങളേയും മൂടിക്കിടന്ന റബ്ബർ കാടിനുള്ളിൽ നിന്നും ഇളം കാറ്റ് വീശി കൊണ്ടിരുന്നു. ഒറ്റപ്പെട്ട കിളികളുടെ കരച്ചിൽ കേൾക്കാം. തലയ്ക്ക് മുകളിൽ മേൽക്കൂര മേഞ്ഞ വൃക്ഷത്തലപ്പുകൾക്കിടയിലൂടെ സൂര്യൻ ഞങ്ങളെ നോക്കി.

കസേരയിൽ കനിഞ്ഞിരുന്ന് സൂരജ് കരയുകയായിരുന്നു. കരണത്തേറ്റ അടിയുടെ അന്ധാളിപ്പ് വിട്ടുമാറിയപ്പോൾ പാതി തീർന്ന ട്രാപ്പേഴ്സ് ഹട്ടിൽ നിന്ന് അൽപ്പം ഊറ്റി ഞാൻ ഗ്ലാസ്‌ അവനരുകിലേക്ക് വച്ചു.

അവൻ മുഖമുയർത്തി എന്നെ നോക്കി. “നിനക്ക് വിശക്കുന്നുണ്ടാ?”

കുനിഞ്ഞ ശിരസുമായി സൂരജ് എഴുന്നേറ്റ് വീട്ടിലേക്ക് കയറി രണ്ടാപ്പിളുമായി തിരിച്ചു വന്നു. ഒരെണ്ണം അവനെനിക്കു നീട്ടി. ഞാനതു വാങ്ങി അതിന്റെ മാംസളതയിലേക്ക് പല്ലുകളിറക്കി. അവൻ മദ്യം ഒറ്റപ്പിടിക്കു തീർക്കുന്നത് ഞാൻ കണ്ടു. ആപ്പിൾ ചവച്ചു കൊണ്ട് സൂരജ് ചെസ് ബോർഡിൽ കരുക്കൾ നിരത്തി.

“അധിനിവേശം.”
അടുത്ത കളിയുടെ സ്വഭാവം ഒറ്റവാക്കിൽ നിർവ്വചിച്ചു കൊണ്ട് സൂരജ് എഴുന്നേറ്റു. അവൻ വേച്ച് വേച്ച് അമ്മയുടെ കുഴിമാടത്തിനരുകിൽ ചെന്ന് കളപറിക്കാൻ തുടങ്ങി. അവന്റെ ഓരോ പ്രവൃത്തിയും എനിക്ക് വിചിത്രമായിട്ടാണ് തോന്നിയത്. ഞാൻ എഴുന്നേറ്റ് അവനോടൊപ്പം കൂടി. അവൻ തടഞ്ഞു
“ഇവിടെ ഞാൻ മാത്രം മതി.”

കളപറിക്കുന്നതിനിടയിൽ കുഴിമാടത്തിന്റെ തലയ്ക്കൽ വളർന്ന തൈതെങ്ങിനെ അവൻ തലോടികൊണ്ടിരുന്നു.

ചിത്രീകരണം : വിഷ്ണുറാം


“യൗവ്വനത്തിലേ വിധവയായ ഒരു സ്ത്രീയുടെ പരിമിതികളെ മുതലെടുക്കാൻ കാഞ്ഞബുദ്ധി തന്നെ വേണം.” അവൻ അവനോടു തന്നെ സംസാരിക്കുകയായിരുന്നു.

സാവധാനം ഞാനെഴുന്നേറ്റു. കാലുകൾ നിലത്തുറക്കുന്നില്ല. ഒരു വിധം നടന്ന് ഇരിപ്പിടത്തിലെത്തി. ചെസ് ബോർഡിനരുകിലിരിക്കുമ്പോൾ ഞാൻ ഞാനല്ലാതാകുകയും, സൂരജിനു പകരം എതിരാളിയായി അവന്റെ അമ്മ വരുകയും ചെയ്തു. അപ്പോൾ മച്ചിലെ ഫാൻ ഹുക്ക് ഒരു പെൺശരീരത്തെ താങ്ങാൻ തക്ക ബലത്തോടെ തയ്യാറായി കിടക്കുന്നുണ്ടായിരുന്നു.

ചതുരംഗ കെണിയിലേക്ക് എതിരാളിയെ പ്രലോഭിപ്പിച്ച് വീഴ്ത്തണം. ഒരിക്കലും കരകയറുവാനാവാത്ത വിധം പൂട്ടണം. ട്രാപ്പേഴ്സ് ഹട്ടിന്റെ വലക്കെട്ടിനുള്ളിൽ അമർന്നിരിക്കുന്ന തലച്ചോറിൽ ഡാനിഷ് ഗാംബിറ്റ് ചതിയുടെ ഭിന്നമുഖം തെളിഞ്ഞപ്പോൾ ഞാൻ മനസ്സിൽ ചിരിച്ചു.

പാതി വഴിയിൽ കളപറിക്കലുപേക്ഷിച്ച് ആടിയാടി വരുമ്പോൾ ഭൂമിക്കും പാദങ്ങൾക്കും ഇടയിലുള്ള നേർത്ത ബന്ധം മുറിയുന്നതറിഞ്ഞ്, സൂരജ് തന്റെ ഭാരമുള്ള ശരീരത്തെ വരുതിയിലാക്കാൻ ശ്രമിച്ചെങ്കിലും റബ്ബർ കരിയിലകൾ വിരിച്ച മെത്തയിലേക്ക് കമഴ്ന്നടിച്ചു വീണു.

ഞാനാ പതനത്തിന്റെ ദൈന്യതയിലേക്ക് ദൃഷ്ടി പായിച്ച് നിസ്സംഗതയോടിരുന്നു. മുഖത്ത് പോറലുകൾ വീണ് ചോര പൊടിയുന്നുണ്ട്. ഒരു വിധത്തിലവനെഴുന്നേറ്റ് അടിയാടി കസേരയിൽ വന്നിരുന്നു.

“ഇന്നിനി കളിക്കണോടാ?” എന്റെ ചോദ്യം അവനെ പ്രകോപിച്ചു.

“പിന്നെന്തിനാടാ നിന്നെയിങ്ങോട്ടു കെട്ടിയെടുത്തേ? പൂസായി കെടക്കാൻ നെന്റെ വീട്ടീ സ്ഥലമില്ലേ?”

സൂരജ് തലയുയർത്താൻ ശ്രമിച്ചെങ്കിലും കഴുത്തയഞ്ഞ് തല ഇടതുതോളിലേക്ക് ചാഞ്ഞു. കുഴഞ്ഞനാവുകൊണ്ടവൻ തെറി വിളിച്ചു. കാർക്കിച്ചു തുപ്പി.

“ഒഴിക്കെടാ ഓരോന്നൂടെ.”

“സൂരജേ ഇനീം വേണോടാ, കുറച്ചു കഴിഞ്ഞിട്ടു പോരെ?”

“ഒഴിക്കടാ.”

“ഡാ, നമ്മൾ രണ്ടുപേരും ഫിറ്റാ…”

“എന്റെ ഫിറ്റളക്കാൻ നീയാരാടാ?”

കൂടുതലൊന്നും പറയാതെ ഞാൻ മദ്യം രണ്ട് ഗ്ലാസിലേക്കൊഴിച്ചു. കാലിയായ കുപ്പിയിൽ ഒരു തീപ്പെട്ടി കൊള്ളിയുരച്ചിട്ടു. നീലനാളത്തിലാളി ചൂടുപിടിച്ച വായു ഹുങ്കാരശബ്ദത്തോടൊപ്പം പുറത്തേക്കു പാഞ്ഞു. കുപ്പിക്കുള്ളിൽ ശൂന്യത നിറഞ്ഞു.

ഒരു സിഗരറ്റ് കത്തിച്ചു കൊണ്ട് കാട്ടുചേമ്പുകൾ ഇടതൂർന്ന് വളർന്ന കിണറ്റുംകരയുടെ ഓരത്തേക്ക് ഞാൻ കുപ്പി വലിച്ചെറിഞ്ഞു. അത് നിലം തൊട്ടപ്പോൾ ഒന്നു പിടഞ്ഞു. പിന്നെ ചിതറി.

ഗ്ലാസ് കാലിയാക്കി വീണ്ടും കളി തുടങ്ങുമ്പോൾ സൂരജ് ഉന്മേഷവാനായി. യുവതിയായ വിധവ എന്നെ നേരിടുകയാണിപ്പോൾ. അവരുടെ ഉടൽ എന്നെ ഉന്മത്തനാക്കി. രണ്ടു കാലാളുകളെ ബലി കൊടുത്തു കൊണ്ട് ഞാൻ പ്രലോഭനങ്ങൾക്ക് തുടക്കമിട്ടു.

ഇരയെ കൊത്തിയ വിധവ എന്റെ ഇംഗിതങ്ങളിലേക്കടുത്തു കൊണ്ടിരുന്നു. ഞാനവരെ ആസ്വദിച്ചും ആനന്ദിപ്പിച്ചും സമ്മാനങ്ങൾ വാരിയെറിഞ്ഞും കീഴ്പെടുത്തിക്കൊണ്ടിരുന്നു. ഒടുവിൽ ചതി തിരിച്ചറിഞ്ഞ് തന്റെ കൊട്ടാരം കോട്ട കെട്ടി ബലപ്പെടുത്താനുള്ള അവരുടെ നീക്കത്തെ തേരിനെ ബലി കൊടുത്തുകൊണ്ട് പരാജയപ്പെടുത്തി.

ഇനി ഒരേ ഒരു നീക്കം മാത്രം മതി. രാജ്യവും, റാണിയും എന്റെ കാൽച്ചുവട്ടിൽ! ഞാനാർത്തു ചിരിച്ചു.

സൂരജ് സാവധാനം തലയുയർത്തി. ബാഗിൽ നിന്നും ഒരു കുപ്പി കൂടി മേശപ്പുറത്തു വച്ചു. സ്ഫടിക കുപ്പിക്കുള്ളിൽ സൗവർണ്ണ ദീപ്തമായ ഉന്മാദം. ഇരതേടുന്ന പരുന്തിന്റെ കണ്ണുകൾ ജ്വലിച്ചു. സൂരജിന് തന്റെ രാജാവിനെ രക്ഷിക്കാൻ വഴികളൊന്നുമില്ല.

അവന്റെ കണ്ണുകളിൽ നിരാശ നിഴലിടുന്നത് ഞാൻ ശ്രദ്ധിച്ചു. ഇത്തവണ അവൻ സ്വന്തം ഗ്ലാസിൽ മാത്രമാണ് മദ്യം നിറച്ചത്.

ഐസിന്റെയോ വെള്ളത്തിന്റെയോ സഹായമില്ലാതെ ആർത്തിയോടെ അവനതു മോന്തി. കുടിക്കുമ്പോൾ തൊണ്ടയിലുടക്കി മൂർദ്ധാവിലേക്കു കയറി. ശക്തിയായചുമയ്ക്കിടയിൽ ഗ്ലാസ് ടീപ്പോയിൽ വച്ച് എണീക്കാൻ ശ്രമിക്കുമ്പോൾ കസേരയും മറിച്ചു കൊണ്ടവൻ നിലത്തേക്കു വീണു. അൽപ്പനേരം അവനങ്ങനെ കിടന്നു.

സാവധാനം കൈകൾ നിലത്തൂന്നി ഉയർന്ന് അവിടെ തന്നെയിരുന്നു. കാർമേഘങ്ങളിരുണ്ട അവന്റെ കണ്ണുകളിൽ നിന്ന് മഴ ചാറിത്തുടങ്ങി.

“ഡാ, എങ്ങനാടാ എന്റെ അമ്മ മരിച്ചത്?”

ഒരു നിശ്ചയവും പറയുവാനില്ലാതെ മൗനം എന്റെ വാ പൊത്തി. ഓർമ്മകളിൽ പഴകിയ കാഴ്ചകളുടെ പുകച്ചിൽ. വിധവയുടെ അഴുകിയ മാംസം എല്ലുകളിൽ നിന്ന് ഇറുന്ന് വസ്ത്രത്തിൽ ഒട്ടിപ്പിടിച്ച് കിടക്കുന്നു. ദുർഗന്ധത്തോടൊപ്പം കൊഴുത്ത ദ്രവമിറ്റു വീണ തറയിൽ,ശവത്തിൽ നിന്ന് അടർന്നുവീഴുന്ന പുഴുക്കൾ! എനിക്ക് ഓക്കാനം വന്നു. ഭൂതകാല ഓർമ്മയുടെ കസേരയിലിരുന്നു കൊണ്ട് ഞാൻ ചർദ്ദിച്ചു. പശയുള്ള കുറുകിയ മഞ്ഞ ദ്രാവകം ഉടുപ്പിലാകെ തെറിച്ച് നാറി. റബ്ബറിലകളുടെ തണലിന് ഗാഢതയേറി. വീടിന്റെ വടക്കേ മൂലയിലെ ചെന്തെങ്ങിൽ തളള കാക്ക കുഞ്ഞുങ്ങൾക്ക് തീറ്റി കൊടുക്കുന്ന കോലാഹലം ഉയർന്നു കേൾക്കാം.

കാക്കക്കരച്ചിലിന്റെ ബഹളങ്ങളിലേക്ക് സുരജ് കാതു കൂർപ്പിച്ചു.

“ഡാ നിനക്കറിയാമോ എന്താണാ കരച്ചിലിന്റെ പൊരുളെന്ന്?” ചർദ്ദിലിൽ നനഞ്ഞൊട്ടിയ ഷർട്ടിലേക്കു നോക്കി കൊണ്ടവൻ ചോദിച്ചു.

അറിയാമെന്നോ അറിയില്ലന്നോ ഞാൻ പറഞ്ഞില്ല. ഉള്ളിൽ നിന്ന് പിത്ത നീര് തികട്ടിവരുന്നു. ചർദ്ദിലിന്റെ മൂർച്ചയിൽ കണ്ണ് നിറഞ്ഞു. വരണ്ട നാവുകൊണ്ട് വാക്കുകൾ വേർതിരിച്ചെടുക്കുവാൻ പാടുപെട്ട സൂരജ് ക്രമ രഹിതമായ ഓർമ്മകളിലേക്ക് ചാഞ്ഞു.

biju daniel, story, iemalayalam
ചിത്രീകരണം : വിഷ്ണുറാം

“വീടിന്റെ വടക്കുഭാഗത്ത് കാക്ക കൂടു വെച്ചാൽ തെക്കുഭാഗത്ത് കുഴി മാടമുയരുമെന്ന് അമ്മ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. അച്ഛന്റെ മരണം നടന്ന് ഒരാഴ്ചയ്ക്കുള്ളിൽ തെങ്ങുകയറാൻ വന്നവൻ കാക്ക കൂടിളക്കി താഴെയിട്ടപ്പോഴായിരുന്നു അമ്മയതു പറഞ്ഞത്. “

തലയ്ക്ക് ഭാരം കൂടി കൊണ്ടിരുന്നു. കാഴ്ചകൾ ചിതറുന്നു. ഒരു അചേതന വസ്തുവായി പ്രതികരണങ്ങളൊന്നുമില്ലാതെ ഞാൻ മരവിച്ചിരുന്നു.

ഉറയ്ക്കാത്ത കാലുമായി സൂരജ് എഴുന്നേറ്റ് നടന്ന് വീടിന്റെ വാതിൽക്കലെത്തി. ഒരു നിമിഷം അവൻ തിരിഞ്ഞു നോക്കി. ചെറു മന്ദഹാസത്തോടെ വീടിനുള്ളിലേക്ക് കയറി വാതിലടഞ്ഞു.

എനിക്ക് എഴുന്നേൽക്കണമെന്നുണ്ടായിരുന്നു. മുന്നോട്ട് ഒരടി ചലിക്കുവാനാവില്ല. എഴുന്നേറ്റാൽ വീണുപോകും. കസേരയിലേയും ഷർട്ടിലേയും ചർദ്ദിൽ കൈ കൊണ്ടു വടിച്ചു കളഞ്ഞു. ടീപ്പോയിലെ ചതുരംഗക്കളത്തിൽ അന്ത്യവേളയെ അഭിമുഖീകരിച്ചു കൊണ്ട് വിധവയുടെ രാജ്യം ഇരുളിലും നിശബ്ദതയിലും ആണ്ടു കിടപ്പുണ്ടായിരുന്നു.

സൂരജ് അകത്തേയ്ക്കു പോയിട്ട് ഒരുപാട് നേരമായിരിക്കുന്നു. എന്റെ മനസ്സിലെവിടെയോ ഒരു വിങ്ങലുണ്ടായി. പൊടുന്നനെ എന്തോ തട്ടി മറിയുന്ന ശബ്ദം മുറിക്കുള്ളിൽ നിന്നു കേട്ടു. മച്ചിലെ പങ്കക്കൊളുത്തിന്റെ സാദ്ധ്യതകളിൽ ഞാൻ നടുങ്ങി. ഞാനവനെ ഉറക്കെ വിളിച്ചു. കുഴഞ്ഞ ശബ്ദം തൊണ്ടയിൽ തന്നെ ഒട്ടിപ്പിടിച്ചു കിടന്നു.

ബോധങ്ങളിൽ വിഭ്രമങ്ങളുടെ തേരോടികൊണ്ടിരുന്നു. മദ്യകുപ്പി എടുത്ത് ഒരു തുടം വായിലേക്കു കമഴ്ത്തി. ചർദ്ദിലിന്റെ ചുവയ്ക്കൊപ്പം അന്നനാളത്തിലൂടെ എരിഞ്ഞിറങ്ങിയ തീ കണ്ണുകളിൽ ആവി പറത്തി. സിഗരറ്റിന് തീപിടിപ്പിച്ച് പുകയൂതുമ്പോൾ എതിരാളിയുടെ അഭാവം എന്നെ തെല്ലും ആശങ്കപ്പെടുത്തിയില്ല. പടകൾ ചിതറിയ പാളയത്തിൽ നിരയുധനായി തലകുനിച്ചു നിന്ന രാജാവിനെ ഉന്നം പിടിച്ച് ഞാൻ കാലാളിനെ നീക്കി.

“ചെക്ക്!”

*ട്രാപ്പേഴ്സ് ഹട്ട്: ഒരു ടാന്‍സ്മാനിയൻ മദ്യം.

** ഡാനിഷ് ഗാംബിറ്റ്: ചെസ് കളിയിൽ തുടക്കത്തിൽ തന്നെ പ്രത്യേക പൊസിഷനിലുള്ള ഒന്നോ രണ്ടോ കാലാളുകളെ എതിരാളിക്ക് വെട്ടാൻ കൊടുത്ത് ആക്രമണത്തിന് മൂർച്ച കൂട്ടുന്ന ആവേശകരമായ കളി രീതിയാണ് ഡാനിഷ് ഗാംബിറ്റ്.

Read More: ഒരു കഥ കൂടി വായിക്കാന്‍ തോന്നുന്നുണ്ടോ, എന്നാല്‍ ഇവിടെ ക്ലിക്ക് ചെയ്യു

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Biju daniel short story danish gambit