/indian-express-malayalam/media/media_files/uploads/2018/10/sabeena-7.jpg)
വെളിച്ചം കാണാതെ
പുസ്തകത്തിലൊളിപ്പിച്ച
മയിൽപ്പീലിത്തുണ്ട്
ഇന്നലെ പ്രസവിച്ചു.
പെൺകുഞ്ഞായതിനാൽ,
താളുകൾക്കിടയിൽ വച്ചു തന്നെ
ശ്വാസം മുട്ടിച്ച് ഞാനതിനെ കൊന്നു
ഇല്ലെങ്കിലൊരുപക്ഷേ നാളെയവളും
വെളിച്ചത്തിൽ വിൽക്കപ്പെട്ടേക്കാം
വലിച്ചു ചീന്തപ്പെട്ടെക്കാം...
റെനി എന്ന കോളേജ് പെൺകുട്ടി, ഒരു പ്രമുഖ ആഴ്ചപ്പതിപ്പിലെഴുതിയ കവിതയുടെ ഭാവതീവ്രതയെപ്പറ്റി ആലോചിച്ചപ്പോഴാണ് നീരജയെന്ന പതിനാറുകാരി സ്മൃതിയുടെ ഉള്ളിൽ വീണ്ടും വേദനയുടെ ഖനരൂപം തീർത്തത്. . ഡെൽഹി രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവച്ച നവാഗത ജനപ്രിയ നേതാവുമായുള്ള ഇന്റർവ്യു കഴിഞ്ഞ്, ഹോട്ടൽ കിങ്ങ്സ്റ്റൺ പാർക്കിൽ നിന്നിറങ്ങവേ അസമയത്ത് “മുജെ ബചാവോ” എന്ന ആർത്തനാദത്തോടെ കാറിലേക്ക് ഓടിക്കയറിയ മെലിഞ്ഞുനീണ്ട ബീഹാറി പെൺകുട്ടി. വേട്ടമൃഗത്തിന്റെ കയ്യിൽ നിന്ന് പാതിജീവനോടെ രക്ഷപ്പെട്ട ഇര. അവൾ ജീവിച്ച ചേരിയുടെ സ്വഭാവവും അതിന്റെ ചരിത്രവും ഭൂമിശസ്ത്രവും ബോജ്പുരി കലർന്ന ഹിന്ദിയിൽ വിവരിക്കുമ്പോൾ, ഇനിയൊരിക്കലും അങ്ങോട്ടേക്ക് ഒരു മടക്കയാത്ര അനാഥയായ അവൾ ആഗ്രഹിച്ചില്ല എന്നു സുവ്യക്തമായിരുന്നു. മാനേജിങ്ങ് ഡയറക്ടർ രൺധീർ സാറിന്റെ ഭാര്യയ്ക്ക് വീട്ടുജോലിയ്ക്ക് ഒരു സഹായിയെ കിട്ടണമെന്ന് പറഞ്ഞത് അവളുടെ നല്ല നേരം. ഒരാൾക്കെങ്കിലും ആ നരകത്തിൽ നിന്ന് പുറത്തുകടക്കാനായല്ലോ.
അന്ന് മനസ്സിലുറപ്പിച്ചതാണ്, അടുത്ത പ്രൊജെക്ട് ആ ചേരി നിവാസികളുടെ മനുഷ്യാവകാശധ്വംസനത്തെപ്പറ്റിയാവണമെന്ന്. യമുനയിൽ നിന്ന് നഗരത്തിലേക്ക് വെള്ളം കൊണ്ടുവരുന്ന കനാലുകളിൽ പലയിടങ്ങളിലായി ഉണ്ടായിക്കൊണ്ടിരിക്കുന ജലനഷ്ടം പ്രമേയമാക്കി നിർമ്മിച്ച “ബൂഖി ശഹർ ” എന്ന മൂന്ന് എപ്പിസോഡുള്ള ഡോക്യുമെന്ററിക്ക് ലഭിച്ച ഏഷ്യവിഷൻ അവാർഡും ബെസ്റ്റ് റിപ്പോർട്ടർ എന്ന പദവിയും കർമ്മനിരതയായ ഒരു ചാനൽ ജേർര്‍ണലിസ്റ്റിനെ സംബന്ധിച്ച് സാമൂഹിക വിപത്തുകളെ പൊതുജനസമക്ഷം കൊണ്ടുവരാൻ പ്രചോദനവീര്യം പകരുന്നതു തന്നെയാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ....കാമുകനെന്നതിലുപരി അർപ്പണബോധമുള്ള ഒരു സഹപ്രവർത്തകനെന്ന നിലയിൽ അനൂപിന്റെ ആത്മാർത്ഥ സഹകരണമാണ് ഇതിന്റെയൊക്കെ പിന്നിലെന്ന് പറയാതിരിക്കാനുമാകുന്നില്ല. ന്യൂസ് കറസ്പോണ്ടന്റ്, സ്റ്റോറി ബോർഡിങ്ങ് ആന്റ് എഡിറ്റിങ്ങ് വിദഗ്ദൻ. എല്ലാ കാര്യങ്ങളിലും ഒരു പ്രൊഫഷണൽ ടച്ച് നിലനിർത്താൻ ആഗ്രഹിക്കുന്ന, ഗൗരവക്കാരനായ ആ ബുജിയോടു തോന്നിയ അസൂയയാണ് വഴിക്കു വച്ച് എപ്പോഴോ പ്രണയത്തിലേക്ക് ഗതി മാറിയത്. പ്രണയമില്ലാതെ ക്രിയാത്മകമായി ഒന്നും ചെയ്യാൻ സാധ്യമല്ലെന്ന തിരിച്ചറിവോടു കൂടിത്തന്നെയാണ് ഒന്നിച്ചു ജീവിക്കാൻ അവർ പരസ്പരം കണ്ടെത്തിയതും. പക്ഷേ വീട്ടുകാർ ഇതുവരെ അംഗീകരിച്ചിട്ടില്ലാത്ത ഈ ബന്ധം വിവാഹത്തിൽ കലാശിക്കാൻ ഇനിയും ഏറെ കടമ്പകൾ കടക്കേണ്ടതുണ്ട്..
കെ ബി എൻ ന്യൂസ് അറ്റ് 10.30 കഴിഞ്ഞപ്പോഴാണ് അനൂപിന്റെ ചിത്രം തെളിയിച്ചുകൊണ്ട് മൊബൈൽ ഫോൺ ഓവർ ദി ഹൊറൈസൺ എന്ന റിങ്ങ് ട്യൂൺ ആലപിച്ചത്. ഏതോ എഡിറ്റിങ്ങ് വർക്കിന്റെ കൊണ്ടുപിടിച്ച തിരക്കും, പുതിയ പ്രൊജക്ടിന് ഉണ്ടായേക്കാവുന്ന ലീഗൽ കോപ്പി റൈറ്റ് ഇഷ്യൂസ് സെറ്റിൽ ചെയ്യാനുള്ള നെട്ടോട്ടവും കാരണം അന്നത്തെ ദിവസം രണ്ടാളും പരസ്പരം മിണ്ടിയിട്ടെ ഇല്ലായിരുന്നു.
സ്മൃതീ ആർ യു ഡൂയിങ്ങ് വെൽ...?
പതിവു ശൈലിയിൽ സംഭാഷണമാരംഭിച്ച അനൂപിനോട് കാമുകിയുടെ പ്രസരിപ്പ് മറന്ന് പരിഭവം അഭിനയിക്കാനാണ് തോന്നിയത്.
ആ ബി ബി സി ക്കാര് വന്ന് ആവശ്യമില്ലാത്തതൊക്കെ ഷൂട്ട് ചെയ്തതിനെത്തുടർന്നാണ് സർക്കാർ ഇപ്പോ ഇങ്ങനെയൊരു നിലപാടെടുത്തിട്ടുള്ളത്...സാരമില്ല രൺധീർ സാർ കൂടെയുണ്ടായിരുന്നതുകൊണ്ട് കാര്യം നടന്നു...നാളെ രാവിലെ തന്നെ പോകാൻ തയ്യാറായിക്കൊള്ളൂ....
ഓഹ്...താങ്ക് ഗോഡ്....സ്മൃതി ഒരു ദീർഘനിശ്വാസമുതിർത്തു.
അതുപോട്ടെ ഈ ഓട്ടത്തിനിടയിൽ നീ വല്ലതും കഴിച്ചോ അനൂപ് ..?
ദേ ഇവിടെ ഡൌൺ ടൌണിൽ ബട്ടർ നാനും ചില്ലി ഗോബിയും ഓർഡർ ചെയ്ത് കാത്തിരിക്കുന്നു.
ഓ കെ ദെൻ ക്യാരി ഓൺ...ഞാൻ കൃത്യം എട്ടിനു തന്നെ റെഡിയായിട്ടുണ്ടാകും. താമസിക്കരുത്...ലവ് യൂ ഗുഡ് നൈറ്റ് ടേയ്ക് കെയർ..
സ്മൃതി വീണ്ടും സ്ക്രിപ്റ്റ് കയ്യിലെടുത്ത് മേശവിളക്കിന്റെ പ്രഭയിൽ ഒരാവർത്തി കൂടി കണ്ണോടിച്ചു.
പടിഞ്ഞാറേ ദില്ലിയിൽ പട്ടേൽ നഗറിനും കീർത്തി നഗറിനുമിടയ്ക്ക്, ഷാദിപ്പൂർ ഡിപ്പോയ്ക്കടുത്ത് ഒരു വശത്ത് ഡല്‍ഹി മെട്രോയും മറുവശത്ത് ഇന്റർസ്റ്റേറ്റ് റെയിൽവേ ലൈനുകളും അതിരിടുന്ന വിശാലമായ പുറമ്പോക്ക് ഭൂമി.വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പണ്ടെങ്ങോ പലപ്പോഴായി വന്നുപെട്ട് തമ്പടിച്ച്, ഇന്ന് അമ്പതിനായിരത്തിനുമേൽ ജനസംഖ്യയുള്ള അഴുക്കു ചേരി.രാജസ്ഥാനികളും ബംഗാളികളും ബീഹാറികളും എന്നു വേണ്ട വിവിധ വര്‍ണവും വർഗ്ഗവും ഭാഷയും ജാതിയും കൂടിക്കലർന്ന ഒരു മിശ്ര സംസ്കാരത്തിന്റെ ഉടമകൾ.പാവക്കൂത്തുകാർ ജാലവിദ്യക്കാർ പാമ്പാട്ടികൾ ഞാണിന്മേൽ കളിക്കാർ പാട്ടുകാർ തുടങ്ങി കലയുടെ വിസ്മയം തീർക്കുന്ന തെരുവഭ്യാസികളാണ് ഏറെയും. മദ്യം മയക്കു മരുന്ന് പെൺ വാണിഭം ക്വട്ടേഷൻ ഗുണ്ടായിസം തുടങ്ങിയ ചേരി കേന്ദ്രീകരിച്ചുള്ള അധോലൊക ഇടപെടലുകളും സജീവം. സർക്കാരിന്റെ രേഖകളിൽ ബ്ലാക്ക് സോൺ എന്നു പ്രത്യേകം രേഖപ്പെടുത്തിയിരിക്കുന്ന തിരസ്കൃതരുടെ ഭൂമി. ചേരി നിർമ്മാർജ്ജനത്തിന്റെ ഭാഗമായി 2009 ഇൽ ഗുപ്ത ആന്റ് സൺസ് എന്ന കമ്പനിയുമായി സഹകരിച്ച് കോളനി നിവാസികളെ കുടിയൊഴിപ്പിച്ച് , സ്വിമ്മിങ്ങ് പൂളും ഹെലിപാഡുമുള്ള ആധുനിക ബഹുനില കെട്ടിട സമുച്ചയവും മെട്രോയുടെ വ്യാപാരകേന്ദ്രവും നിർമ്മിക്കാൻ സർക്കാർ കരാറുണ്ടാക്കിയെങ്കിലും പ്രദേശവാസികളുടെ ശക്തമായ എതിർപ്പിനാൽ പദ്ധതി എങ്ങുമെങ്ങുമെത്താതെ നിൽക്കുകയാണ്.
പറഞ്ഞ ഡെഡ്ലൈനിന് അഞ്ചു മിനിറ്റ് നേരത്തേയെത്തി അനൂപ് വാക്ക് പാലിച്ചു. അനൂപുമൊത്തുള്ള ദീർഘയാത്രകൾ സ്മൃതിയ്ക്ക് എന്നുമൊരു ഹരമാണ്. കഴിഞ്ഞ തവണ പ്രണയത്തിന്റെ തീ പിടിച്ച ചിറകുകളുമായി ആഗ്രയിലേക്കുള്ള യാത്രയിൽ ഡ്രൈവിങ്ങിലുള്ള അവന്റെ അവധാനത അവൾ നന്നായി ആസ്വദിച്ചതുമാണ്.
അപ്‌നീ ആഗ് കോ സിന്ദാ രഖ്നാ കിത്ത്നാ മുശ്കിൽ ഹേ...കാർ സ്റ്റീരിയൊയിൽ ജഗജിത് സിങ്ങിന്റെ ശബ്ദം ഇരുവരേയും ആത്മാവോളം തണുപ്പിച്ചു.
ലോക രാഷ്ട്രങ്ങൾക്ക് മുന്നിൽ ഇന്ത്യ ഇപ്പോ ചേരികളുടെ നാടായിട്ടാണത്രേ അറിയപ്പെടുന്നത്...ഡക്കാൺ ക്രോണിക്കിൾ നടത്തിയ സർവ്വേയിൽ ഭൂരിപക്ഷം ജനങ്ങളും ചേരികൾ വേണ്ട എന്നഭിപ്രായക്കാരാണ്. അനൂപ് സംസാരത്തിന് തുടക്കമിട്ടു.
അതെ നൂറു ശതമാനവും ശരിയല്ലേ..അവരെ ഏറ്റെടുത്ത് മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളിലേക്ക് മാറ്റേണ്ടത് സർക്കാരിന്റെ കടമയാണ്.ജനാധിപത്യം നിലനിൽക്കുന്നു എന്നു പറഞ്ഞിട്ട് കാര്യമില്ല.ജനങ്ങള്‍ക്കിടയിലെ സാമ്പത്തിക വൈരുദ്ധ്യമാണ് ഇല്ലാതാകേണ്ടത്. അതിന് സമ്പൂർണ സോഷ്യലിസമാണ് ഏകപോംവഴി...അത്തരം സമവിചാരങ്ങൾക്കായി ആദ്യം നമ്മിൽ വർഗ്ഗബോധം ഉണ്ടാവണം. പിന്നെ വർഗ്ഗ സമരങ്ങളും..
ഞരമ്പുകളിൽ തിളച്ചു പൊന്തിയ ആത്മവീര്യം സ്മൃതിയിൽ നിന്ന് ജ്വലിക്കുന്ന വാക്കുകളായി പുറത്തു വന്നു.
സോഷ്യലിസം....എന്തു സുന്ദരമായ നടക്കാത്ത സ്വപ്നം. അനൂപിന്റെ സ്വരത്തിൽ അവജ്ഞ നിഴലിച്ചു.
എന്തുകൊണ്ട് നടന്നുകൂടാ...അമിത സ്വത്തുള്ളവന്റെ കയ്യിൽ നിന്ന് അത് കണ്ടുകെട്ടുകയും ഇല്ലാത്തവന് വീതിച്ചു കൊടുക്കുകയും ചെയ്തുകൂടെ..? സ്മൃതിയും വിട്ടുകൊടുത്തില്ല.
കടൽ കത്തിക്കാൻ നീയോ ഞാനോ തീപ്പെട്ടിയുരച്ചതുകൊണ്ട് എന്താകാൻ...എതിരെ വന്ന പച്ചക്കറി ലോറിക്ക് സൈഡ് കൊടുത്തുകൊണ്ട് അനൂപ് രാജിക്കൊരുങ്ങുകയും പൊടുന്നനേ മറ്റൊരു വിഷയത്തിലേക്ക് കാലു മാറുകയും ചെയ്തു.
ഇപ്പോ നിലവിലുള്ള സംവിധാനങ്ങൾ തന്നെ കുറ്റമറ്റ് പ്രവർത്തിച്ചിരുന്നെങ്കിൽ എന്നേ നമ്മുടെ നാട് നന്നായിപ്പോയേനെ.റാഡിക്കൽ ഫെമിനിസം ബ്ലാക്ക് ഫെമിനിസം സോഷ്യലിസ്റ്റ് ഫെമിനിസം എന്നൊക്കെ വായിൽ കൊള്ളാത്ത പേരിട്ട് വിളിക്കുന്ന സ്ത്രീവാദികളൊക്കെ ഇപ്പറഞ്ഞ ചേരിയൊക്കെ ഒന്നു കണ്ടിരുന്നെങ്കിൽ അവിടുത്തെ പെൺകുട്ടികൾക്ക് ഈ ദുർഗതി വരുമായിരുന്നോ....?
സ്മൃതിയുടെ വായടപ്പിക്കാൻ എങ്ങനെ കഴിയുമെന്ന് കൃത്യമായി അറിയുന്ന അനൂപ് സ്റ്റീരിയോ ശബ്ദം അല്പം കൂടി ഉച്ചത്തിലാക്കി..
“പത്തർ ബീച് ആയിന രഖ്നാ കിത്ത്നാ മുശ്കിൽ ഹേ...“ ഒരു കോറസ്സോടെയാണ് ആ ഗസൽ അവസാനിച്ചത്.
റെയിൽവേ അവന്യുവിൽ കാർ പാർക്ക് ചെയ്യുമ്പോൾ 9.10 ന്റെ ഫൈസാബാദ് ദില്ലി എക്സ്പ്രസ് ഇരയെ വിഴുങ്ങാൻ തക്കം പാർത്തുകിടക്കുന്ന അനക്കോണ്ട മാതിരി പ്ലാറ്റ്ഫോമിനോട് ചേർന്ന് കിടന്ന് മുരളുന്നുണ്ടായിരുന്നു. മേൽപ്പാലത്തിൽ നിന്ന് നോക്കിയാൽ ചാപിള്ളകളെ പെറ്റുകൂട്ടുന്ന തള്ളയെപ്പോലെ കോളനിയുടെ യഥാർഥ മുഖം ദൃശ്യമാകും. മെട്രോ യാർഡിനോട് ചേർന്നു കിടക്കുന്ന മൈതാനത്ത് ചപ്പുചവറുകളുടേയും അറവു മാലിന്യങ്ങളുടേയും കൂമ്പാരം. തെരുവു നായ്ക്കളും വൃത്തികെട്ട പന്നികളും സ്വൈരവിഹാരം നടത്തുന്നിടത്ത്, നൂലു പൊട്ടി താഴ്ന്നു പറക്കുന്ന പട്ടത്തിനു പിന്നാലേ ഏതാനും കുട്ടികൾ കിതച്ചോടുന്നു. അനൂപിന്റെ ക്യാമറയിൽ ആദ്യത്തെ വൈഡ് ഷോട്ട് പിറവി കൊണ്ടു. കാഴ്ചയുടെ സ്പഷ്ടതകൾ അതേപടി പകർത്തുവാൻ കെ2 എസ് എൽ ആർ ക്യാമറയും കർമ്മനിരതമായി.
സന്നാഹങ്ങളൊക്കെ കണ്ടിട്ടാവണം ചേരിയിലേക്ക് കടക്കുന്ന വഴിയിൽ തന്നെ മറാത്തികളോ രാജസ്ഥാനികളോ എന്നു തോന്നിക്കുന്ന ഏതാനും തലേക്കെട്ടുള്ള പുരുഷന്മാർ അൽപം അധികാരഭാവത്തിൽത്തന്നെ തടയാനെത്തി.
യെ ഇദർ നഹി ചലേഗാ സാലേ....എന്നു തുടങ്ങി, സഫാരി സ്യൂട്ടിന്റെ മാന്യതയുള്ള പലരും ഇവിടെ വന്ന് പടം പിടിച്ച് പോയിട്ടുണ്ട്. പട്ടിണി വിറ്റ് കാശാക്കിയതല്ലാതെ ഞങ്ങൾക്കു വേണ്ടി ആരും ഒന്നും ചെയ്തിട്ടില്ല എന്നിങ്ങനെ, കൂട്ടത്തിലൊരു മദ്ധ്യവയസ്കൻ അവർക്കുനേരേ കത്തിക്കയറുകയും ഒടുവിൽ ആത്മരോഷത്താൽ അയാളുടെ മുഖ ഞരമ്പുകൾ വലിഞ്ഞു മുറുകുകയും ചെയ്തു.
ഇയാൾ ചേരിയുടെ മൂപ്പനാണെന്നു തോന്നുന്നു....സ്മൃതി അനൂപിനോട് ചേർന്ന് നിന്ന് ചെവിയിൽ മന്ത്രിച്ചു.
അൽപ്പനേരത്തെ കശപിശയ്ക്കൊടുവിൽ കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ ഏതാനും ചെറുപ്പക്കാർ അവരെ ചേരിക്കുള്ളിലേക്ക് ആനയിച്ചു. തണുപ്പുകാലം ഏറെ അകലെയല്ലാത്തതിനാൽ അന്തരീക്ഷത്തിന് അത്ര ചൂടില്ലായിരുന്നു. എന്നിട്ടും ദുർഗന്ധം വമിക്കുന്ന നീരാവി അവിടെ തങ്ങി നിന്നു. പ്രധാന വഴി വീതി കുറഞ്ഞ അനേകം ഗല്ലികളായി തിരിയുന്നു. വൈകി ഉറക്കമുണർന്ന പലരും പ്രഭാതകൃത്യങ്ങളിലേർപ്പെടുന്നതേയുള്ളു.മൂടുപടമണിഞ്ഞ ഏതാനും സ്ത്രീകൾ എവിടെ നിന്നോ പ്ലാസ്റ്റിക് കുടങ്ങളിൽ വെള്ളം ചുമന്നു കൊണ്ടുവരുന്നു. ലജ്ജയുടെ ലവലേശമില്ലാതെ ചില പുരുഷന്മാർ വഴിവക്കിൽ കുളിക്കുന്നുമുണ്ട് . മൂക്കൊലിപ്പിച്ചും ചൊറിപിടിച്ചും കുറെ കുട്ടികൾ കാക്കക്കൂട്ടിൽ കല്ലിട്ടപോലെ കലപില കൂട്ടി തമ്മിൽത്തല്ലുന്നു . വെളുത്ത മുള്ളങ്കിയുടെ തൊലി കളഞ്ഞു കൊണ്ടുനിന്ന ഒരു മെല്ലിച്ച സ്ത്രീ അവരെ ഉറക്കെ ശാസിച്ചു.
അരേ കുത്തേ കെ ബച്ചേ, മാർ പീഠ് ഖത്തം കരോ...യേ ടി വി ക ലോഗ് ഹേ...
അതു കേട്ട പാടേ അവരുടെ കണ്ണുകളൊന്നടങ്കം ക്യാമറയിലേക്ക് വിജൃംഭിച്ചു...
നടവഴിയുടെ ഇരുവശത്തുമുള്ള ഓടകളിലെ വെള്ളം പുഴുക്കളും ഈച്ചകളും മുട്ടയിട്ട് കറുത്തുപോയിരുന്നു.പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് മറച്ച താല്ക്കാലിക ശുചിമുറികളിലെ മലമൂത്രമാലിന്യങ്ങൾ കലർന്ന് ചിലപ്പോഴൊക്കെ അത് ഉഷ്ണലാവപോലെ ഒഴുകി. നിരത്തുകളിൽ പടഞ്ഞിരുന്ന് പാചകം ചെയ്യുന്ന സ്ത്രീകൾ, ഞങ്ങളിതെത്ര കണ്ടിരിക്കുന്നു എന്ന ഭാവത്തോടെ അടുപ്പുകളിൽ തീ പുകയ്ക്കുകയും മാവുകുഴയ്ക്കുകയും റൊട്ടി ചുടുകയും ചെയ്യുന്നു. ക്യാമറ കണ്ടപ്പോൾ അവരിൽ ചിലർ നാണം കൊണ്ട് തലതാഴ്ത്തുകയും മറ്റു ചിലർ പുഞ്ചിരിക്കാൻ ശ്രമിക്കുകയും ചെയ്തു. കുപ്പത്തൊട്ടിയിൽ പരതി നിരാശരായ ചില കൊടിച്ചിപ്പട്ടികൾ പരിസരത്ത് കറങ്ങി നിൽക്കുകയും തക്കം പാർത്ത് ഭക്ഷണസാധനങ്ങളിൽ തലയിടുകയും ചെയ്യുന്നു.തൊട്ടിലുകളിൽ സുഖമായുറങ്ങുന്ന കുഞ്ഞുങ്ങളുടെ മുഖത്ത് ഓടകളിൽ നിന്നു പറന്നു വന്ന ഈച്ചകൾ യോഗ പരിശീലിക്കുന്നു.
“തുപ്പലിന്റേയും മൂത്രത്തിന്റേയും അമേദ്യത്തിന്റേയും നടുവിൽ തിന്നും ഉറങ്ങിയും തമ്മിലടിച്ചും ഇണ ചേർന്നും സങ്കരസന്തതികളെ പെറ്റുകൂട്ടുന്ന കുറേ ജന്മങ്ങൾ...ഭക്തിയും കാമവും ജീവിതവും മരണവും ചിരിയും കരച്ചിലും അവർക്ക് തകരം കൊണ്ട് മറച്ച ഈ ഒറ്റമുറികളിലാണ്. അമ്പലങ്ങളില്ല ആരാധനാലയങ്ങളില്ല അവരുടെ ദൈവം അവർക്കുള്ളിൽ തന്നെയാണ്“....തത്ത പറയും പോൽ മൈക്കുമായി സ്മൃതിയുടെ രൂപം സ്ക്രീനിൽ.
മൂന്നോ നാലോ ചാക്കുകൾ മേൽക്കുമേലിട്ട് അതിനു മുകളിൽ കീറത്തുണി വിരിച്ച് കിടക്കുകയായിരുന്ന സോഹൻ റാം അവരെക്കണ്ട് ആയാസപ്പെട്ട് എഴുന്നേറ്റിരുന്നു. രോഗം മൂർച്ഛിച്ച് പഴുത്തടർന്നുപോയ വിരലുകളുടെ ബാക്കി ക്യാമറയ്ക്കു നേരെ തൊഴുതുകൊണ്ട് അയാൾ വിക്കി വിക്കി സംസാരിച്ചു.
യേ ഭീമാരി മുചേ ലേകേ ഹീ ജായേംഗേ....
അഞ്ചും ഏഴും വയസ്സുള്ള ചെറിയ രണ്ടാൺമക്കൾ ആറു വർഷം മുൻപാണ് പാളത്തിൽ കളിച്ചു കൊണ്ടിരിക്കെ ട്രെയിൻ കയറി മരിച്ചത്. രോഗിയായ അയാളെ സംരക്ഷിക്കാൻ വേണ്ടി ഭാര്യ ദീജ മയി ശരീര വിൽപ്പനക്കാരിയായി. രാത്രി സഞ്ചാരത്തിന്റെ ഭാഗമായി വീണ്ടും അവൾക്ക് നാലു പ്രസവിക്കേണ്ടി വന്നു...ഗല്ലിയിലേക്ക് വീഴുന്ന വെയിലിന്റെ വെളുത്ത വികിരണങ്ങൾ താങ്ങാനാവാതെ പീള കെട്ടിയ കണ്ണുകൾ അയാൾ ഇടയ്ക്കിടെ അടയ്ക്കുകയും തുറക്കുകയും ചെയ്തുകൊണ്ടിരുന്നു. ക്യാമറയെ പിന്തുടർന്നു വന്ന കുട്ടികൾ ബഹളം കൂട്ടി അയാൾക്കുമേൽ മറിഞ്ഞു വീഴുമെന്ന ഘട്ടം വന്നപ്പോൾ അനൂപ് തിരിഞ്ഞു നടന്നു. പഴന്തുണികളും പ്ലാസ്റ്റിക്കുമടങ്ങുന്ന ജംഗമ വസ്തുക്കൾക്കിടയിൽ മറ്റൊരു പഴന്തുണിക്കെട്ടുപോലെ അയാൾ പിന്നെയും ചുരുണ്ടുകൂടി .മാസം തികയാതെ പ്രസവിച്ച് വലിയ തലയും ഉന്തിയ കണ്ണുകളും ശോഷിച്ച ശരീരവുമുള്ള ഒരു പിഞ്ചു മനുഷ്യക്കോലത്തെ തോളിലിട്ട് അയാൾക്കരികിൽ നിന്ന സ്ത്രീയുടെ ചുവന്ന ജാക്കറ്റിൽ, മുലക്കണ്ണുകൾക്കു ചുറ്റുമുള്ള പാൽ നനവ് അപ്പോഴാണ് സ്മൃതി കണ്ടത്.
അതൊരു ചെറിയ കവലയായിരുന്നു.ഒരു സംഘം യുവാക്കൾ. ആരെയും കൂസാതെ ചീട്ടു കളിക്കുന്നു.എല്ലാ മുഖങ്ങളിലും ഊതി വീർപ്പിച്ച താൻഭാവം അവരിൽ പലരും മയക്കുമരുന്നു ശൃംഖലയിലെ കണ്ണികളാണത്രേ... ആവശ്യക്കാരന് സാധനം എത്തിച്ചുകൊടുക്കാൻ ഇടനിലക്കാർ നിയോഗിക്കുന്ന വാഹകർ..പിടിക്കപ്പെട്ടാൽ സ്വയം മരിക്കണമെന്നും ഒറ്റുകൊടുത്താൽ കൊന്നു കളയണമെന്നുമാണ് അധോലോക മയക്കുമരുന്നു മാഫിയയുടെ അലംഘനീയ നിയമം. കരുത്തരായിരുന്ന രണ്ടാൺമക്കളുടെ തിരോധാനത്തിന്റെ കഥ പറയുകയായിരുന്നു എൺപത് പിന്നിട്ട ആഭാ ദേവിയെന്ന നടു വളഞ്ഞ വൃദ്ധ.. അനൂപ് ക്യാമറ ചെറുപ്പക്കാർക്കു നേരെ സൂം ചെയ്തു.ഒരുത്തൻ തമ്പാക്കിന്റെ കവറു പൊട്ടിച്ച് ഉള്ളം കയ്യിലിട്ട് ഞെരടി വായിലേക്ക് ഒറ്റത്തള്ള്. കൃത്യമായ ആംഗിളിൽ ലഭിച്ച ഷോട്ട്. കണ്ണുകളിൽ നിഴലിച്ച പുച്ഛ രസം വകവയ്ക്കാതെ സ്മൃതി മൈക്കുമായി അതിലൊരുത്തന്റെ നേരെ നീങ്ങിയെങ്കിലും കറുത്ത ചുണ്ടുകൾക്കിടയിൽ എരിയുന്ന ബീഢിത്തുണ്ടിന്റെ പുക മുഖത്തടിച്ചപ്പോൾ വല്ലാത്തൊരു ഓക്കാനത്തോടെ പിൻവലിയേണ്ടി വന്നു.
നട്ടെല്ലിന് കനവും പേശികൾക്ക് കരുത്തും മനസ്സിന് ധൈര്യവുമുള്ള ഒരു പറ്റം യുവാക്കളാണിവർ...രാഷ്ട്ര നിർമ്മാണത്തിനുതകുന്ന ഈ യുവശക്തിയെ കണ്ടില്ലെന്നു നടിക്കുന്ന സർക്കാരിന്റെ കെടുകാര്യസ്ഥത ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെയാണ്..സ്മൃതിയുടെ വാക്കുകളിൽ വീണ്ടും വീര്യം പതഞ്ഞു.
അധികം ദൂരെയല്ലാതെ എണ്ണയിടാത്തതിനാൽ ചെമ്പിച്ച് പാറിയ മുടിയും പൊടി പിടിച്ച് മുഷിഞ്ഞ വസ്ത്രങ്ങളുമണിഞ്ഞ ഒരു കൂട്ടം പെൺകുട്ടികളുടെ ചിരികളികൾ.
ഹം കോ ടി വി മേം ലേംഗേ...?..കൂട്ടത്തിലൊരുവൾ ജിജ്ഞാസുവായി.
ക്യോം നഹി..ആപ് ലോഗ് നാചോ ഗാവോ....സ്മൃതി അവരുടെ ഉൽസാഹത്തിന് തിരി കൊളുത്തിക്കൊടുത്തു.
“ജീ ബർകോ ദേഖ് ലീജിയേ
ഹം കോ കരെ ബസേ
ഫിർ ബി ആപ് കെ നസീബ് മെം
യേ ബാത്ത് ഹോ ന ഹോ...”
തഴക്കം വന്ന നർത്തകിമാരെപ്പോലെ പെൺകുട്ടികൾ ചുവടു വയ്ക്കുന്നതിനിടയിൽ അർദ്ധനഗ്നയായ ഒരു പച്ചപ്പാവാടക്കാരി കൂട്ടത്തിലേക്കോടിയെത്തി. നാരങ്ങാ വലിപ്പത്തിൽ തിടം വച്ചു വരുന്ന അവളുടെ മാറിലെ മാംസം ആർക്കും കൗതുകം പകരും വിധം മുഴച്ചു നിന്നു. നഗ്നത അവിടെ ആർക്കും പുതുമയല്ലാതിരുന്നിട്ടു കൂടി, സ്വന്തം ദുപ്പട്ട അവളുടെ മേല്‍ക്കിട്ട് കൊടുത്ത്...ജാകേ ചോളി പഹൻകേ ആജാ ബേട്ടീ...ഫോട്ടോ ലേംഗേ...എന്ന് അനുതാപാർദ്രമായ ഭംഗി വാക്കു കൊണ്ട് സ്മൃതി അവളെ പ്രലോഭിപ്പിച്ചു. സംശയക്കണ്ണുകളാൽ തിരിഞ്ഞു നോക്കിക്കൊണ്ട് ഏതോ ഗല്ലിയിലേക്ക് ആ പെൺകുട്ടി ഓടി മറഞ്ഞു.
പെൺകുട്ടികൾക്ക് പത്തു വയസ്സു കഴിഞ്ഞാലുടൻ ഏതെങ്കിലുമൊരു പുരുഷനെ പിടിച്ചേൽപ്പിക്കാറാണത്രേ പതിവ്. ഭർത്താവിനേക്കാളുപരി അവിഹിത ഗർഭം പേറാതിരിക്കാൻ അവൾക്കൊരു രക്ഷകനെയാണ് ആവശ്യം. അതിനു കഴിഞ്ഞില്ലെങ്കിൽ അവൾ തെരുവിന്റെ സ്വന്തമാകും. മുക്കുത്തിയണിഞ്ഞ ദേബ്ജാനി ചേരിയിലെ അരക്ഷിതാവസ്ഥയെപ്പറ്റി ഗാഢമായി പരിതപിച്ചു. അറവുകാരന്റെ ആട്ടിൻ പറ്റങ്ങളെപ്പോലെ സ്ത്രീജന്മത്തിന്റെ ദൈന്യം ചുമക്കുന്ന ആ കുഞ്ഞുങ്ങളെ സംബന്ധിച്ച് ജീവിതം വലിയൊരു അനാഥത്വമാണെന്ന തിരിച്ചറിവായിരുന്നു സ്മൃതിയ്ക്ക്.ഏതോ കുപ്പത്തൊട്ടിയിൽ കളിക്കുന്നതിനിടയിൽ കിട്ടിയ അഴുക്കുപുരണ്ട ഒരു മൂവർണക്കൊടിയുമായി ദേബ്ജാനിയുടെ മകൻ ഉൾപ്പെടെ ഒരു സംഘം കുട്ടികൾ അപ്പോഴാണ് അങ്ങോട്ടേക്ക് ഓടിയെത്തിയത്.
“ദേഖോ അമ്മീ യെ തിരംഗ കച്ചറേ സെ മിലാ ഹെ ”
എന്നു പറഞ്ഞുകൊണ്ട് സമീപത്തിരുന്ന ബക്കറ്റിൽ മുക്കി കഴുകിയ ശേഷം ആരോ ചെയ്ത അപരാധത്തിന്റെ പ്രായശ്ചിത്തമെന്നോണം ആവേശത്തോടെ അത് അതുയർത്തിപ്പിടിച്ച് ഭാരത് മാതാ കി ജെയ് എന്നു വിളിച്ചു കൊണ്ട് അവർ അവിടെ പട്ടാള മാർച്ച് നടത്തി. ഭയം പൂത്തു മലരുന്ന കണ്ണുകളാൽ മഹാനഗരത്തെ നോക്കിക്കാണുന്ന അക്ഷരാഭ്യാസമില്ലാത്ത ആകുഞ്ഞുങ്ങളുടെ ദേശസ്നേഹം ക്യാമറയിൽ പകർത്തുമ്പോൾ അരേ വാഹ് എന്നു അനൂപ് അറിയാതെ പറഞ്ഞുപോയി. ദുരയുടെ ഒറ്റവരകളാൽ എത്രകണ്ട് പാർശ്വവൽക്കരിക്കാൻ ശ്രമിച്ചാലും, പട്ടിണി കിടന്ന് പുഴുവരിച്ചാലും ഇന്ത്യയുടെ ഞരമ്പിൽ വികാരം കൊള്ളുന്നവരാണ് അവിടെ ഓരോ കുഞ്ഞും എന്ന തിരിച്ചറിവ് സ്മൃതിയെ കോരിത്തരിപ്പിച്ചു.
അഹമ്മദാബാദ് വരാണസി എക്സ്പ്രസ്സ് കടന്നു പോയതിന്റെ തൊട്ടു പിന്നാലെയാണ് ഏതാനും പേർ ഒരു ചെറിയ കുഞ്ഞിന്റെ ചോരയൊലിക്കുന്ന മൃതദേഹവുമായി അവിടേക്ക് വന്നത്.. മുഖം വികൃതമായ കുഞ്ഞ് ആരുടേതെന്ന് നിശ്ചയമില്ല. എണ്ണക്കൂടുതൽ കൊണ്ട് പേരുപോലുമില്ലാത്ത കുഞ്ഞുങ്ങളുള്ളിടത്ത് , മക്കളുടെ തലയെണ്ണി, കാണാതായ ആളെ തിരിച്ചരിയുമ്പോഴേക്കും പുറമ്പോക്കിലെവിടെയെങ്കിലും ആ ജഡം കുഴിച്ചു മൂടിക്കഴിഞ്ഞിരിക്കും. ശാന്തിയും ശ്രാദ്ധവുമില്ലാതെ മണ്ണിനടിയിൽ ജീർണ്ണിച്ചഴുകുവാൻ വേണ്ടി കാമവെറിയന്മാർ ചേരിയിലുപേക്ഷിച്ചു പോകുന്ന ഉടുതുണിയില്ലാത്ത പെൺകുഞ്ഞുങ്ങളുടെ ജഡങ്ങൾ വേറേയും. മൗനം പുതപ്പിച്ച മരണം കറുത്ത വസ്ത്രങ്ങളണിഞ്ഞ് അവിടെ കറങ്ങിത്തിരിയുകയാണെന്ന് സ്മൃതിക്ക് തോന്നി.
രണ്ടു വാര അകലെ മറ്റൊരു ഗല്ലിയിലേക്ക് കടക്കാനൊരുങ്ങുമ്പോൾ കൂട്ടത്തിൽ നിന്ന് ഒരു കൊച്ചു പെൺകുട്ടി വിളിച്ചു പറഞ്ഞു..
ഉധർ മത് ജാവോ..ബുരേ ബുരേ ലട്കി ലോഗ് രെഹ്തെ ഹെ ഉധർ.
ആളനക്കം കണ്ടപാടെ ചെളിയിൽ ചിക്കിച്ചിനച്ചു കൊണ്ടുനിന്ന കോഴികൾ ചിറകു കുടഞ്ഞ് നാലുപാടും ചിതറി. അവിടവിടെ നിന്ന പെണ്‍കുട്ടികൾ തകരക്കൂടാരങ്ങൾക്കുള്ളിൽ മറഞ്ഞു. ചിലർ ദുപ്പട്ട കൊണ്ട് മുഖം മറച്ചു. തീക്ഷ്ണമായ ജീവിതാനുഭവങ്ങൾ, ഒരുപക്ഷേ എല്ലാത്തിലും ചതിയുടെ നിഴൽ കണ്ടെത്താൻ പ്രേരിപ്പിക്കുന്നതിനാലാവാം അങ്ങനെയെന്ന് സ്മൃതി ന്യായീകരിച്ചു. ഏതോ വിലകുറഞ്ഞ അലക്കു സോപ്പിട്ട് നിലത്തു വിരിച്ചിട്ട തുണികളിലെ മെഴുക്കിൽ ആഞ്ഞുരസുകയായിരുന്നു ബസന്തി.ക്യാമറ കണ്ടപാടേ കയ്യിലെ സോപ്പുപത പാവാടത്തുമ്പിൽ തുടച്ചുകൊണ്ട് ആദ്യം അൽപം പരുങ്ങിയെങ്കിലും പിന്നീടവൾ വിടർന്നു ചിരിച്ചു. മൃണാൾ സെന്നിന്റെ “ബൈഗേ ശ്രാവൺ” എന്ന പടത്തിലെ നായിക റീമയെ ഓർമ്മിപ്പിക്കുന്ന ചിരി. കുലീനയെന്നു തോന്നിച്ചെങ്കിലും മാനസാന്തരത്തിന്റേതല്ലായിരുന്നു അവളുടെ വാക്കുകൾ.
എട്ടു മണിയുടെ ജമ്മുതാവി ഷാലിമാർ എക്സ്പ്രസ്സ് കടന്നു പോയ ശേഷമാണത്രേ കൂട്ടിക്കൊടുപ്പുകാരായ ആണുങ്ങളോടൊപ്പം അണിഞ്ഞൊരുങ്ങിയ പെണ്ണുങ്ങൾ പാളം മുറിച്ചു കടക്കാറ്. ബസ് സ്റ്റാന്റിലും റെയിൽവേ സ്റ്റേഷൻ പരിസരത്തും കടത്തിണ്ണകളിലും വച്ച് രാത്രിയുടെ മറവിൽ ഇടപാടുകാരുമായി വിലപേശി കാറിലോ ഓട്ടോറിക്ഷകളിലോ നഗരപുരുഷന്മാരുടെ ആർത്തികളിലേക്ക് സഞ്ചരിക്കുമ്പോൾ അപരാധം ഒട്ടുമേ തോന്നാറില്ല. അരപ്പട്ടിണിയുടെ ആലയിലേക്ക് പെറ്റുവീഴുന്ന ഞങ്ങൾക്കും ജീവിക്കണ്ടേ ? എ പടങ്ങൾ ഓടുന്ന തിയേറ്ററുകളിലേക്കാണ് ചിലർ കൊണ്ടുപോകാറുള്ളത്. ശരീരഭാഗങ്ങളിൽ തൊട്ടും തലോടിയും സിനിമയുടെ ഹരം നേരിട്ടനുഭവിക്കുകയാണ് അവരുടെ ലക്ഷ്യം. പിന്നെ ഹോട്ടൽ മുറികളിലേക്ക്... രാത്രി മുഴുവൻ തുറന്നിരിക്കുന്ന തട്ടു കടകളുണ്ട് നഗരത്തിൽ. എല്ലാം കഴിഞ്ഞ് വയറു നിറയെ ഭക്ഷണവും കഴിച്ച് പുരുഷന്മാരുടെ വിയർപ്പ് മണക്കുന്ന ശരീരവും രാത്രിയുടെ ഭാരം തൂങ്ങിയ കണ്ണുകളുമായി തിരിച്ചെത്തുമ്പോഴേക്കും ലോകം ഉണർച്ച കൈവരിച്ചിട്ടുണ്ടാകും. ബസന്തിയുടെ ശബ്ദത്തിനൊത്ത് ക്യാമറ അപ്പോൾ സഞ്ചരിച്ചത് ഒറ്റമുറിക്കുള്ളിലെ അയയിൽ വിരിച്ചിട്ടിരിക്കുന്ന വിവിധ വർണ്ണത്തിലുള്ള പട്ടു സാരികളിലും തകിടു മേശമേൽ നിരന്നിരിക്കുന്ന ചാന്ത് കൺമഷി കുപ്പിവളകളിലുമാണ്.പൂനം, ഇഷ ഫരീദ, ഗൗരി എന്നിവരും ലജ്ജയിൽ നിന്ന് മോചിതമായ തങ്ങളുടെ ശരീരസഞ്ചാരത്തിന്റേയും സ്ത്രീയിടങ്ങളിലേക്ക് ഇന്ദ്രിയസുഖങ്ങൾക്കായി നഗരപുരുഷന്മാർ കാട്ടിക്കൂട്ടുന്ന പരാക്രമങ്ങളുടേയും കഥകൾ ക്യാമറയ്ക്കു മുന്നിൽ ഉളുപ്പില്ലാതെ വർണിച്ചു.
ആവശ്യമുള്ള ഷോട്ടുകളെല്ലാം വളരെ കൃത്യമായി ലഭിച്ചതു കൊണ്ടാവാം ഇറ്റ്സ് ടൈം ടു കൺക്ലൂഡ് എന്ന് അനൂപ് ഓർമ്മിപ്പിച്ചത്. “ഭൂമിയിൽ നിന്ന് ഈ പ്രദേശത്തെ മാത്രം അടർത്തിയെടുത്ത് മറ്റേതെങ്കിലും വാസയോഗ്യമായ ഗ്രഹത്തിൽ കൊണ്ടുപോയി സ്ഥാപിച്ച് ഇവരെ അവിടുത്തെ പ്രഭുക്കന്മാരാക്കണം നമുക്ക്. ഈ കുട്ടികൾക്ക് ഉടുപ്പുകളും കളിപ്പാട്ടങ്ങളും വയറു നിറയേ ഭക്ഷണവും നൽകണം.“ അവസാനഷോട്ടിനൊരുങ്ങുമ്പോൾ സ്മൃതി ഭാവനാദീപ്തയായി.
ഡിസ്കോ ശാലകളും ലൈവ് മ്യൂസിക് വേദികളും ബിയർ പാർലറുകളും നൈറ്റ് ക്ലബ്ബുകളും സമ്പന്നന്റെ വിനോദോപാധിയായി മാത്രം മാറുമ്പോൾ ഇടത്തട്ടുകാരായ നഗരപുരുഷന്റെ ഇംഗിതങ്ങള്‍ക്കും ആഭാസന്മാരുടെ ചപലതകൾക്കും സ്വന്തം ശരീരത്തെ പണയം വയ്ക്കേണ്ടി വരുന്ന പെൺവ്യഥകൾ. ഉടഞ്ഞു തകർന്ന അവരുടെ ജീവിതങ്ങൾ ഇരുട്ടിന്റെ ആവരണമനിഞ്ഞ് രേഖപ്പെടുത്താതെ മാഞ്ഞുപോകുന്ന ഒരു ദേശത്തിന്റെ കാൽമുദ്രപോലെ കാലത്തിനൊപ്പം ചരിത്രമാകുന്നു. ഭാരതം ചേരികളുടെ നാടായിരുന്നുവെന്നും ജീവിതത്തിലേക്ക് ജ്ഞാനസ്നാനപ്പെടാൻ കൊതിച്ച ഒരു പുരുഷാരം ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിനു താഴെ ഈ കൂത്താടിത്തെരുവിൽ വസിച്ചിരുന്നുവെന്നും വരും തലമുറകളിലെ ചരിത്രവിദ്യാർത്ഥികൾ എഴുതി വയ്ക്കും. പടിഞ്ഞാറേ ദില്ലിയിലെ മിഥില കോളനിയിൽ നിന്ന് കെ ബി എൻ ടിവിക്കു വേണ്ടി ക്യാമറ മാൻ അനൂപ് ശർമ്മയ്ക്കൊപ്പം സ്മൃതി ഗോകുൽ..
മടക്കയാത്രയിലുടനീളം സ്മൃതി മൗനത്തിലായിരുന്നു. ശിവജി മാർഗിൽ നിന്ന് ഗ്രാന്റ് പ്ലാസ റോഡിലേക്ക് കടക്കുമ്പോൾ ചൂലും ബക്കറ്റും കയ്യിലേന്തി സ്വച്ച് ഭാരത് സുന്ദർ ഭാരത് എന്ന മുദ്രാവാക്യവുമയി ശുഭ്രവസ്ത്രധാരികളായ ചിലരുടെ പദയാത്ര കണ്ടു.നിയമപാലകരുടെ ശക്തമായ ബന്തവസ്സും ...പ്രധാന നിരത്തുകൾ വൃത്തിയാക്കാൻ നാടുവാഴിയും പരിവാരങ്ങളും നേരിട്ട് എഴുന്നുള്ളുന്നുവത്രേ...
വൈഷ്ണവചനതോ.....തേനി കഹിയെജേ....ജീപ്പിൽ വച്ചുകെട്ടിയ മൈക്കിൽ നിന്ന് കാതടപ്പിക്കുന്ന ശബ്ദത്തിൽ ഭജൻ . സ്മൃതിയുടെ കണ്ണുകൾ നിറഞ്ഞു.പ്രപഞ്ചഗതിയുടെ ചാക്രികഭ്രമണത്തിനിടയിൽ മോക്ഷലബ്ദി കാത്ത് അതേ ഈണം വീണ്ടും മറ്റെവിടെയോ പിറവി കാത്ത പോലെ.
(കെ.സി.പിള്ള സ്മാരക പുരസ്‌കാരം നേടിയ കഥ)
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.