ഓണപതിപ്പുകളിലെ വായിച്ചിരിക്കേണ്ട കഥകൾ

ഓണക്കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട കഥകളിൽ ഏറെ ശ്രദ്ധേയമായ പത്ത് കഥകളെ വായനക്കാരൻ തിരഞ്ഞെടുക്കുന്നു

surendran poonthottathil, onam storys,anand,vinoy thomas, zacharia,

ഓണം സമൃദ്ധിയുടെ ആഘോഷമായാണ് കാണപ്പെടുന്നത്. സാഹിത്യത്തിനും ഓണക്കാലം സമൃദ്ധിയുടെ കാലമാണ്. ഓണപതിപ്പുകളും വാർഷികപതിപ്പുകളുമൊക്കെയായി കഥയും കവിതയും നിരൂപണങ്ങളുമൊക്കെയായി വിപണി നിറയുന്ന പ്രത്യേക പതിപ്പുകൾ. ഇത്തവണയും അതിൽ നിന്നും വ്യത്യാസമൊന്നുമുണ്ടായില്ല. ഇത്തവണ ഓണപതിപ്പുകളിൽ വന്നതിൽ ശ്രദ്ധേയമായ നിരവധി കഥകളുണ്ട്. ഓണപതിപ്പുകളിൽ വന്നതിൽ വായിച്ചിരിക്കേണ്ട പത്തുകഥകളെ കുറിച്ചാണ് ഈ ലേഖനം. മലയാള സാഹിത്യത്തിലെ മുൻനിരക്കാരായ ആനന്ദും സക്കറിയും സാറാ ജോസഫും സേതുവും എൻ. പ്രഭാകരനും അതിലെ പുതുതലമുറക്കാരിയായ സിതാരയിലും തുടങ്ങി പുതിയ എഴുത്തടയാളങ്ങായി മാറിയ വിനോയ് തോമസും വിവേക് ചന്ദ്രനും സുദീപ് ടി ജോർജ്ജും ഫ്രാൻസിസ് നൊറേണയുമാണ് ഈ ഓണത്തിലെ കഥാവായനയെ മികവുറ്റതാക്കിയത്. ആ കഥകളെ കുറിച്ച് വായനക്കാരൻ എഴുതുന്നു.

anand,zacharia,sara joseph, sethu

 

നിലനിൽപ്പ് — ആനന്ദ്
നിലയും നിലനിൽപ്പും പലവിധ അർഥങ്ങൾ ദ്യോതിപ്പിക്കുന്ന വാക്കുകളാണ് . നിലനിൽപ്പ് അതിജീവനത്തിന്റെ പര്യായമാകുമ്പോൾ അതിനുതകുന്ന പല വേഷങ്ങളും മനുഷ്യന് അണിയേണ്ടി വരും . ഇരുകാലിയായ മനുഷ്യരുടെ നിൽപ്പ് എങ്ങനെ സാധ്യമാകുന്നു എന്നു പരിശോധിക്കുന്നതോടൊപ്പം സമൂഹത്തിന്റെ താഴെത്തട്ടിൽ കഴിയുന്ന ചിലരെ സസൂക്ഷ്മം നിരീക്ഷിക്കുകയും അവരുടെ മാനസികവ്യാപാരങ്ങൾ തനിമയോടെ വിശകലനം ചെയ്യുകയും ചെയ്യുന്നുണ്ട് .

മറ്റുള്ളവർക്ക് വേണ്ടി നൃത്തം ചെയ്തും സ്വശരീരം കാണികൾക്കു കാഴ്ച വെച്ചും ജീവിച്ച് ഒടുവിൽ വാർദ്ധക്യവും രോഗവും തളർത്തുമ്പോൾ കുന്നിൽ മുകളിൽ നിന്ന് താഴേക്ക് എറിയപ്പെട്ട് അസ്തമിക്കുന്ന ‘ നാച്ച്നി ‘ യെന്ന പെൺ ജീവിതത്തെ ഞെട്ടലോടെയാണ് നാമറിയുക .
സമൂഹത്തിലെ താഴെത്തട്ടിൽ കഴിയുന്ന മീൻകാരും ചെരിപ്പുകുത്തിയും ചെറിയ തയ്യൽ ജോലികളിൽ ഏർപ്പെടുന്നവരും അവരുടെ അതിജീവനവും ചർച്ച യാവുന്ന കഥയിൽ ദർജി ബാബുവെന്ന തയ്യൽക്കാരന്റെ വീഴ്ചയും ആശുപത്രി വാസവും പൊടുന്നനെയുള്ള തിരോധാനവും രേഖപ്പെടുത്തുന്നു.

ആനന്ദിന്റെ കഥകളിൽ പതിവുള്ള വിധം താത്ത്വിക പ്രശ്നങ്ങളുടെ അടരുകൾ നിർധാരണം ചെയ്യപ്പെടുന്നുണ്ട് ഈ കഥയിലും.

രഹസ്യപ്പോലീസ് – സക്കറിയ

ആക്ഷേപഹാസ്യത്തിന്റെ അടിയൊഴുക്കുള്ളതാണ് സക്കറിയ കഥകളിൽ ഏറെയും.. ഐപിയെസ്സെന്ന ത്ര്യക്ഷരി കിനാവ് കണ്ട് കഠിനാധ്വാനം ചെയ്യുന്ന പരശ്ശതം യുവാക്കളുള്ള നാടാണല്ലോ നമ്മുടേത് . പലരെയും അടിക്കയും ഇടിക്കയും ഉരുട്ടുകയും ചെയ്യുക, കൈക്കൂലി വാങ്ങുകയും മന്ത്രിമാരെ സല്യൂട്ട് അടിക്കയും ചെയ്യുക എന്നതിൽ നിന്ന് മോചിതനാവാൻ തുർക്കിയിലേക്ക് ചേക്കേറുന്ന ഗോപിനാഥനെന്ന ജോസഫ് ജയിംസിന്റെ കൂടു വിട്ടു കൂടു മാറലും അതിന്റെ രസകരമായ പരിണതിയുമാണ് പ്രമേയം .
ദേശസ്നേഹവും ദേശീയ ഗാനവും കമ്യുണിസവുമൊക്കെ കടന്നുവരുന്നുണ്ടിതിൽ . നായർ ക്രിസ്ത്യാനിയായി രൂപാന്തരപ്പെടുന്നതും കാമിനി അത് കണ്ടെത്തുന്നതും രസാവഹം തന്നെ . ശങ്കരന്റെ അദ്വൈതത്തിന്റെ, ഹരിനാമകീർത്തനത്തിന്റെ , ലളിതാസഹസ്രനാമത്തിന്റെ യൊക്കെ പരാമർശത്തിന് ധ്വനികളേറെയുണ്ട് .
മാത്രമോ, ബുദ്ധനും ഐൻസ്റ്റീനും രഹസ്യപ്പോലീസായിരുന്നുവെന്നും പ്രപഞ്ചരഹസ്യം കണ്ടെത്തുകയായിരുന്നു ദൗത്യമെന്നും കഥാകൃത്ത് പറയുന്നു. വരികൾക്കിടിയിൽ വായനയുടെ ആഴങ്ങളിലേയ്ക്ക് കൊണ്ടുപോകുന്ന കഥ.

കൂളി പാതാളം – എൻ പ്രഭാകരൻ

സ്ഥലകാലദൂരങ്ങൾ ഏത് എഴുത്തുകാരുടെയും പ്രിയതരമായ സങ്കൽപ്പമാണ്. അതിൽ ഒളിച്ചുവെക്കപ്പെടുന്ന നിഗൂഡതകൾ ചിലപ്പോൾ ജീവിതോദ്ദേശത്തെ നിർധാരണം ചെയ്യാൻ തന്നെ സഹായകമായേക്കാം .

മക്കളൊക്കെ നല്ല നിലയിലെത്തിയ ഒരാൾ ജോലിയിൽ നിന്ന് വിരമിച്ച ശേഷം തന്നെ ബാധിച്ച വിരസതയിൽ നിന്ന് മോചിതനാകാനായി പണ്ടത്തെ സഹപാഠിയെ കാണാൻ ‘കൂളിപാതാള’ മെന്നറിയപ്പെട്ട ഇടത്ത് എത്തുന്നു ; ഒളിച്ചിരിക്കുന്ന ‘നരി’ യെ സാഹസപ്പെട്ടു കാണാൻ പോയ പഴയ ഓർമ്മയിൽ . കാലം മാറി കഥമാറി . ആ ഭൂപ്രദേശമാകെ മാറിപ്പോയി . കാട് നാടായി , അവിടമാകെ വീടുകൾ നിരന്നു . മനസ്സിലെ പച്ച പിടിച്ച ദൃശ്യങ്ങൾ പാടെ തുടച്ചു നീക്കപ്പെട്ടു .
അതിനേക്കാളേറെ അയാളെ മഥിച്ചത് , അവിടെയുള്ളവരുടെ പെരുമാറ്റത്തിലെ വ്യതിയാനമാണ് . ഇടപെട്ട ഓരോരുത്തരും മാനുഷികത കൈമോശം വന്നവർ . അന്യനെ സംശയത്തോടെയും ശല്യമായും കാണുന്നവർ ! കാലം മാറുന്നത് ഏത് ദിശയിലേക്കാണെന്ന വ്യക്തമായ സൂചന ഈ കഥയിലുണ്ട് .

ഞങ്ങടെ മിനിക്കുട്ടി ഒരു രാഷ്ട്രീയ മൃഗമാകുമ്പോൾ –സേതു

‘ രാഷ്ട്രീയം മണക്കുന്ന ഇന്ദ്രപ്രസ്ഥത്തിൽ പയറ്റി പഠിക്കാതെ ആരുമൊന്നും ആകാൻ പോകുന്നുല്ലെന്നു ‘ പറയുന്ന കഥ . കൊട്ടത്തേങ്ങ വീണ് തല പിളർന്നുപോയ ആട് വീട്ടിലെ ഒരംഗത്തെപ്പോലെ പ്രിയതരമാകയാൽ ഒരു പ്രതീകം കൂടിയാവുന്നു . മനുഷ്യൻ എന്ത് ഭക്ഷിക്കണമെന്നു തീരുമാനിക്കേണ്ടത് മറ്റുള്ളവരല്ലെന്നും അതിനുള്ള സ്വാതന്ത്ര്യം ഓരോരുത്തർക്കുമുണ്ടെന്നും ഉള്ള ബോധ്യത്തെ തുരങ്കം വെക്കുന്ന കാഴ്ചകൾ സമകാല വാർത്തയും മാധ്യമ ചർച്ചയുമാകുന്നത് ഇതിൽ കാണാം .

‘ അലറുന്ന യന്ത്രങ്ങൾക്ക് നടുവിൽ തൊഴിലാളികളെ മേച്ചു ശീലിച്ച ‘ നാരായണൻ നായരെന്ന ഭർത്താവിനെ മൂക്കയറിട്ട് നിയന്ത്രിക്കുന്ന സൗദാമിനി കരുത്തുറ്റ സ്ത്രീ കഥാപാത്രം തന്നെ . പരുഷമായ പുരുഷാധിപത്യത്തിന്റെ കാൽക്കീഴിൽ കിടന്നു കുതറുന്നുണ്ട് അവർ . കാമനകളെ തച്ചുടക്കുന്ന സാമൂഹ്യസ്ഥിതി വെളിവാക്കുന്ന ഇക്കഥയിൽ രാഷ്ട്രീയം അടിയൊഴുക്കായി പടരുന്നത് ശ്രദ്ധേയം.

sara joseph,vivek chandran,sudeep t george,vinoy thomas

മഷിയുടെ മുക്കൂട്ട് — സാറ ജോസഫ്

പത്രപ്രവർത്തകയുടെ അരക്ഷിതാവസ്ഥയെ കുറിച്ച് ഏറെ ചർച്ച നടക്കുന്ന വേളയിലാണ് ഈ കഥ വരുന്നത്. തന്റെ പേനയിൽ നിന്നും ഉയിർക്കുന്ന തീ പോലെയുള്ള വാചകങ്ങൾ വെട്ടി മാറ്റി പതിര് മാത്രം വാർത്തയായി വരുന്നതിൽ പരിതപിക്കുന്ന റിനി റെമിഗസിന്റെ മനസ്സു തുറക്കുകയാണിതിൽ .

ഒരു വശത്ത് കൂടുതൽ കോപ്പി വിറ്റഴിക്കുക എന്ന വ്യാപാര തന്ത്രവുമായി മേലുദ്യോഗസ്ഥൻ; മറു വശത്ത് തന്റെ പ്രവൃത്തിയെ പരിഹസിക്കുന്ന ജീവിതപങ്കാളി . സ്വപിതാവിന്റെ പിന്തുണയും പ്രോത്സാഹനവും ഉണ്ടായിട്ടും ഇവർ ഇരുവരുടെയും മനോഭാവം കാരണം ജീവിതത്തിൽ മുന്നേറാൻ റിനിയ്ക്ക് ആവുന്നില്ല . മറ്റു പോംവഴയില്ലാതെ ജോലി രാജി വെക്കുകയും വിവാഹമോചനം നേടാൻ തീരുമാനിക്കുകയും ചെയ്യുന്നു . എന്നിട്ടും ജേണലിസത്തിൽ ഉള്ള അപാരമായ താൽപര്യത്തിൽ നിന്നും മുക്തയാകാൻ കഴിയുന്നില്ല .

വേണ്ടത്ര കഴിവും ശുഭാപ്തി വിശ്വാസവും അദ്ധ്വാനിക്കാനുള്ള മനസ്സും ഉള്ളതു കൊണ്ടു മാത്രം ഒരു സ്ത്രീയ്ക്ക് ഈ രംഗത്ത് വിജയം നേടാനാവില്ലെന്നു അടിവരയിട്ടു പറയുന്നതാണ് ഇക്കഥ . ‘ I am miserable, edgy and tired. I am in the perfect mood of Journalism ‘എന്ന പ്രസ്താവത്തിൽ ആ മനസ്സ് നമുക്ക് വായിക്കാം .

മിക്കാനിയ മൈക്രാന്ത — വിനോയ് തോമസ്

മലയാള കഥാ സാഹിത്യത്തിൽ ഉറച്ച കാൽവെപ്പോടെ രംഗപ്രവേശം ചെയ്ത വിനോയ് തോമസിന്റെ പുതിയ കഥയാണിത് .

കഠിനാധ്വാനത്തിന്രെയും അർപ്പണബോധത്തിന്റെയും സാക്ഷ്യപത്രമായി താൻ വിളയിച്ചെടുത്ത മണ്ണിൽ കയറിക്കൂടിയ ‘പൂലോകം മുടിച്ചി ‘യെന്ന പടർപ്പ്, കൃഷി മാത്രമല്ല കുടുംബത്തെ തന്നെ താറുമാറാക്കുന്നത് നമുക്കിതിൽ ദർശിക്കാം . ഒപ്പം , പരാന്ന ഭോജിയായി കയറിപ്പറ്റി ജീവിക്കുന്നതും ശോഷിക്കുന്ന തടിയിൽ നിന്നുപോലും ഊറ്റിയെടുക്കുകയും ചെയ്യുന്ന രാഷ്ട്രീയക്കാരനെയും .

നാട്ടിൽ കായികാധ്വാനത്തിനു വിലയിടിയുകയും അങ്ങനെ കൃഷി നിലയ്ക്കുകയും ചെയ്തതിനാൽ വിദേശത്തു ചേക്കേറുന്ന യുവാവ് തന്റെ യഥാർത്ഥ അവസ്ഥ പേപ്പച്ചനെന്ന പിതാവിനെ മൊബൈൽ സ്ക്രീനിലൂടെ കാട്ടുമ്പോൾ വായനക്കാർ സ്തബ്ധരാകുന്നു .

നെറ്റ് വർക്കിലൂടെ ഭൂലോകം കൈവിരൽത്തുമ്പിലെത്തുകയും അതേ സമയം അതിജീവനം കഠിനമാകുകയും ചെയ്യുന്നു എന്നതാണ് സമകാലിക അവസ്ഥ.വിനോയ് തോമസിന്റെ ഇതുവരെ ഇറങ്ങിയ കഥകളിൽ മികച്ചത് എന്നു പറയാം .ചൂടൻ ഇങ്കന്റെ ശവമടക്ക് , നായ്ക്കുരണ എന്നിങ്ങനെ രണ്ടു കഥകൾ കൂടിയുണ്ട് ഇദ്ദേഹത്തിന്റെതായി ഇത്തവണത്തെ ഓണപ്പതിപ്പുകളിൽ.

vinoy thomas, sithara s, vivek chandran


കവചം – സിതാര

സാമൂഹ്യ സാമ്പത്തിക മേഖലകളിൽ പുരോഗമനമുണ്ടെന്ന് അഭിമാനിക്കുന്ന നാട്ടിലെ സമകാല അവസ്ഥ കെട്ടതാണ്. പീഡന വാർത്തകൾ ഒന്നൊന്നായി പുറത്തുവരുമ്പോൾ പെൺ കുഞ്ഞുങ്ങളുടെ രക്ഷിതാക്കൾ അനുഭവിക്കുന്ന സന്ത്രാസം പറഞ്ഞറിയിക്കാൻ ആവില്ലതന്നെ . സ്ത്രീകളുടെ ഉള്ളം ആഴത്തിലറിയുന്ന എഴുത്തുകാരി , സൈനബ് എന്ന എട്ടുവയസ്സുകാരി പെൺ കുട്ടിയുടെയും അവളുടെ ഉമ്മ ഹാജിറ , അമ്മായി സാറാ എന്നിവരുടെയും അവസ്ഥ കളിലൂടെ കടന്നുപോകുന്നു .

‘ഉള്ളിലെരിയുന്ന ക്രോധത്തിന്റെ, നിസ്സഹായതയുടെ , പ്രതികാരത്തിന്റെ വെറുപ്പിന്റെ തീയിലേക്ക് ഏത് പെരുംകുഴലൂതി ആവാഹിച്ചിടും ? ‘ എന്ന് ഉഴറുന്ന ഒരമ്മ മനസ്സ് കഥയിൽ ആലേഖനം ചെയ്യുന്നത് നിരാലംബയായ ഒരു സ്ത്രീ മനസ്സ് മാത്രമല്ല ; പെണ്മക്കളുള്ള ഓരോ അമ്മയുടെയും ആധിയാണ് . വിങ്ങുന്ന മനസ്സിൽ വരഞ്ഞിടുന്ന ചിത്രങ്ങൾ മനഃസ്താപം ഉളവാക്കും വിധം ശക്തമാണ് .

എലേടെ സുഷിരങ്ങൾ — ഫ്രാൻസിസ് നൊറോണ

എഴുത്തിൽ ശക്തമായ സാന്നിദ്ധ്യമായി മാറിയ പുതിയ എഴുത്തുകാരനാണ് ഫ്രാൻസിസ് നൊറോണ.

പെൺകുഞ്ഞുങ്ങളുടെ അമ്മമാരിൽ ഉയിർക്കുന്ന വിഹലതകളിൽ ഒളിഞ്ഞിരിക്കുന്ന ഒരു സത്യമുണ്ട് ; സ്വാനുഭവത്തിന്രെ പൊള്ളലുകൾ നീറ്റിയ കൗമാരകാല ഓർമ്മകളാവാം അത് .
ബിയാട്രീസ് എന്ന പോലീസുകാരിയുടെ രോഷം , പതിനാലു തികയാത്ത മകളുടെ അധ്യാപകന്റെ നേരെയെത്തുന്നത് പൂർവകാല സ്മൃതിയിലൂടെയാണ് . മരണപ്പെടുന്ന അയാളുടെ പിതാവ് , പൂർവ്വ അധ്യാപകനായിരുന്നു എന്നതിനാൽ അവർ മകളുടെ അധ്യാപകനെതിരെ കയർക്കുന്നു . മതിലിടിഞ്ഞു വീണു പെടുമരണം സംഭവിച്ചയാളിന്റെ അംഗഭംഗം വന്ന ശരീരം ഉയർത്തുന്ന ചോദ്യങ്ങൾ , വിശ്വാസിയായ പോൾ സൈമണിൽ ഭയം നിറയ്ക്കുന്നു. .അയാൾ അന്വേഷണം തുടരുന്നു .

ഇല മുള്ളിൽ വീണാലും മുള്ള് ഇലയിൽ വീണാലും ദോഷം ഇലയ്ക്കാണെന്ന ചൊല്ല് പാടിപ്പതിഞ്ഞതാണല്ലോ. പുതു തലമുറയിലെ കൗമാരക്കാർ അത് ലാഘവത്തോടെയാണ് കാണുന്നതെന്നും അരുതായ്കകൾ ആരെങ്കിലും അറിയുമോ എന്നേ അവർ ചിന്തിക്കൂ എന്നും മാഗിയുടെ വാക്കുകളിൽ തെളിയുന്നു .

പാരായണ ക്ഷമമായ കഥയിലുടനീളം പുണ്യപാപങ്ങളെ പ്രതിയുള്ള സംവാദങ്ങൾ സുലഭമായുണ്ട്.

francis noronha ,sudeep t george,n prabhakafran, sethu,anand

 

ഏകനാഥൻ — വിവേക് ചന്ദ്രൻ

മലയാള കഥയെഴുത്തിൽ പേരുറപ്പിച്ച യുവ എഴുത്തുകാരനാണ് വിവേക് എന്ന യുവ കഥാകൃത്ത്. സംഘർഷഭരിതമായ പല അവസ്ഥകളിലൂടെയും കടന്നു പോകുന്ന അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ മാനുഷികതയുടെ വേരോട്ടം ശക്തമായുണ്ടെന്നു ബോധ്യപ്പെടുത്തുന്നു , ഈ കഥ . ഉള്ളറിഞ്ഞു സ്നേഹിക്കാനും ഉയിർ കൊടുത്ത് ഉറ്റവരെ സംരക്ഷിക്കാനും കഥാപാത്രങ്ങൾ മടിക്കുന്നില്ല .

ആകാരം കൊണ്ട് ‘പൊടി’ യായ അമ്മയെ ജോക്കുട്ടൻ ആഴത്തിലറിയുനനത് അഷ്ടൻ പാപ്പന്റെ മൊബൈലിൽ ഒളിപ്പിച്ച രഹസ്യങ്ങളിലൂടെയാണ് . ഏകനാഥനെന്ന പിതാവിന് അനുഭവിക്കേണ്ടി വന്ന ദുരിതങ്ങൾ അവൻ ചികഞ്ഞെടുക്കുന്നു . അയാളെ കണ്ടെത്താനായി നഗരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പലാശ മരം തേടി നടക്കുന്നു .

അകവനത്തിലെ മരക്കൊമ്പിൽ തൂങ്ങിയാടിയ അബ്ബു , സ്വപിതാവിനെ കണ്ടെത്താനുള്ള ഒടുവിലത്തെ മാർഗ്ഗമെന്ന നിലയിൽ അനേഷിച്ചിട്ടും തിടം വെച്ച പ്ലാശ് മരങ്ങളുടെ പ്രായം കണക്കാക്കാനാവാതെ വിഷമിച്ച ജോക്കുട്ടൻ ,പള്ളിപ്പടിയുടെ കൂർത്ത അരികിൽ തലയിടിച്ച് തറയിൽ പടർന്ന ചോരയോടെ കിടന്ന അന്യനാട്ടുകാരൻ ഒക്കെ അനുവാചകനിൽ ഖേദം തീർക്കും .

മനുഷ്യരുടെയും പ്രകൃതിയുടെയും കെട്ടുപാടുകൾ മസൃണമായ സ്നേഹത്തിന്റെ ഗാഥയാണെന്നത് നേരിട്ടും വരികൾക്കിടയിലൂടെയും വായിക്കാം .

ആഖ്യാനത്തിന്റെ മനോഹാരിത ഏറെയുള്ള വരികളിൽ വിവേക് ചന്ദ്രൻ എന്ന യുവ എഴുത്തുകാരന്റെ പ്രതിഭ തെളിഞ്ഞു കാണാം.

sudeep t george, zacharia, sara joseph, vinoy thomas,

 

ടൈഗർ ഓപ്പറ — സുദീപ് ടി ജോർജ്ജ്

കഥാലോകത്ത് മൂന്ന് കഥകൾ കൊണ്ട് തന്റേതായ ഒരിപ്പിടം കണ്ടെത്തിയ സുദീപ് ജോർജിന്റെ പുതിയ കഥയാണിത് . ഹിംസ്രമൃഗങ്ങളുടെ സൂക്ഷ്മ ചലനങ്ങളും സ്വഭാവവും ഹൃദിസ്ഥമാക്കിയ പുഷ്കിൻ ദാമോദരനെന്ന റിംഗ് മാസ്റ്ററുടെ ജീവിതത്തിലെ നാല് പതിറ്റാണ്ടുകൾക്കു പിന്നിലെ സംഭവങ്ങൾ അനാവരണം ചെയ്യപ്പെടുന്നത് ഞെട്ടലോടെ മാത്രമേ വായിക്കാനാവൂ .

ഒറ്റു കൊടുക്കലും കുതികാൽ വെട്ടും രാഷ്ട്രീയത്തിലെ നെറികേടുകൾ ആകുമ്പോൾ നല്ലൊരു നാളെയ്ക്കുള്ള ഒട്ടേറെ പേരുടെ പ്രതീക്ഷകൾ ഒടുങ്ങുകയാണ് .

ഏഴു കടുവകളെ നിയന്ത്രിക്കുന്ന അയാളെ കാത്ത്, ഭക്ഷണം കഴിക്കാതെ കാത്തുനിന്ന കടവുകൾ. ഒടുവിൽ ആരും എവിടെയും കളിച്ചിട്ടില്ലാത്ത കളിയിൽ വായനക്കാർ നടുങ്ങുന്നു .
അയാളുടെ പൂർവ്വകാലം കയ്പുറ്റ നോവുകളുടെ ശേഷപത്രമാണെന്ന് നാമറിയുമ്പോൾ, അനുതാപം ഉയിർക്കുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായി അന്തം വിട്ടു ഓടിപ്പോകുന്ന കാണികൾ കളിയറിയുന്നില്ല. ഏപ്രിൽ തിസീസും ഒരു കാലത്തെ രാഷ്ട്രീയ കാലാവസ്ഥയും കഥയുടെ പ്രമേയവുമായി ഇണക്കി ചേർക്കുന്നതിൽ കാണിച്ച വൈദഗ്ധ്യം പ്രശംസനീയം.

കഥകളുടെ ഓണക്കാലമായിരുന്നു ഇത്തവണയും പ്രതീക്ഷ നൽകുന്ന ഒട്ടേറെ കഥകളുമായാണ് ഇത്തവണയും ഓണം കടന്നുപോയത്. വരും കാലങ്ങളിൽ മലയാള കഥയ്ക്ക് പ്രതീക്ഷളേറെ നൽകുന്നുണ്ട് ഈ കഥകൾ. സമകാലത്തിന്രെ രാഷ്ട്രീയവും സാമൂഹികവുമായ മേഖലകളെല്ലാം ഈ കഥകളിലുണ്ട്.

Get the latest Malayalam news and Literature news here. You can also read all the Literature news by following us on Twitter, Facebook and Telegram.

Web Title: Best of onam short stories surendran poonthotathil

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express