ന്യൂഡൽഹി: സാഹിത്യത്തിനുള്ള ഇക്കൊല്ലത്തെ ജെസിബി പുരസ്കാരം മലയാള സാഹിത്യകാരൻ  ബെന്യാമിന്. അദ്ദേഹത്തി​​ന്റെ ‘മുല്ലപ്പൂ നിറമുള്ള പകലുകൾ’ എന്ന കൃതിയുടെ ഇംഗ്ലീഷ് പരിഭാഷ ‘ജാസ്മിൻ ഡെയ്സ്’ ആണ് അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടത്​. 25 ലക്ഷം രൂപയും ശിൽപവും അടങ്ങുന്ന പുരസ്കാരം ഡൽഹിയിൽ നടന്ന ചടങ്ങിൽ ജെസിബി ചെയർമാൻ ലോർഡ് ബാംഫോർഡ് സമ്മാനിച്ചു. ഇന്ത്യക്കാര്‍ ഇംഗ്ലീഷിലെഴുതിയതോ മറ്റ് ഇന്ത്യന്‍ ഭാഷകളില്‍നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതോ ആയ കൃതികളാണ് പുരസ്‌കാരത്തിന് പരിഗണിച്ചത്.

ആദ്യ  ജെസിബി പുരസ്കാരമാണ് ബെന്യാമിന് ലഭിക്കുന്നത്  . മുല്ലപ്പൂ നിറമുള്ള പകലുകൾ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ഷെഹ്​നാസ് ഹബീബാണ്. ഷെഹ്നാസിന് അഞ്ച് ലക്ഷം രൂപ വേറെ ലഭിക്കും. ജഗർ നോട്ടാണ് പ്രസാധകർ. 2011-ല്‍ അറബ് ലോകത്തുണ്ടായ ‘മുല്ലപ്പൂ വിപ്ലവ’ത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട കൃതിയാണ് ‘ജാസ്മിന്‍ ഡെയ്സ്.’ യുഎസിലെ മാസച്യുസെറ്റ്സിലുള്ള ബേ പാത്ത് സര്‍വകലാശാലയില്‍ അധ്യാപികയാണ് പരിഭാഷകയായ ഷഹനാസ് ഹബീബ്.

ഈ വർഷത്തെ ജെസിബി പുരസ്കാരത്തിന്ന് അഞ്ചു പേരുടെ ചുരുക്കപ്പട്ടിക നേരത്തേ പ്രഖ്യാപിച്ചിരുന്നു. അവരിൽനിന്നാണ് ബെന്യാമിനെ തിരഞ്ഞടുത്തത്. പെരുമാൾ മുരുകൻ, അമിതാഭ് ബക്ഷി, ശുഭാംഗി സ്വരൂപ്, അനുരാധ റോയ് എന്നിവരാണ് മറ്റുള്ളവർ. അവർക്ക് ഒരു ലക്ഷം രൂപ വീതം ലഭിക്കും. ജെസിബി ലിറ്ററേച്ചർ ഫൗണ്ടേഷനാണ്​ പുരസ്​കാരം ഏർപ്പെടുത്തിയത്​. ചലച്ചിത്ര സംവിധായിക ദീപ മേത്ത, സംരംഭകനും പണ്ഡിതനുമായ രോഹന്‍ മൂര്‍ത്തി, നോവലിസ്റ്റും നാടകരചയിതാവുമായ വിവേക് ഷാന്‍ബാഗ്, പരിഭാഷക ആര്‍ഷിയ സത്താര്‍, സാഹിത്യകാരി പ്രിയംവദ നടരാജന്‍ എന്നിവരടങ്ങിയ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook