scorecardresearch

മണല്‍ദൂരം

എല്ലാ വീടുകളിലും ഇപ്പോൾ പ്രണയം തുടിക്കുന്നുണ്ടാവണം. മരുഭൂമിയിലെ മഴ അങ്ങനെ ഒരു ഋതുവിൽ സംഭവിക്കുന്നതല്ലല്ലൊ. വീക്കെന്റ് ആയതിനാൽ ഈ മഴനനവുള്ള രാത്രിയിൽ ഇണകളുടെ പ്രണയസല്ലാപങ്ങൾക്ക് ചാരുതയേറും.

beena ,story,malayalam writer

പുറത്തുനിന്ന് കേട്ട അപ്രതീക്ഷിത മുഴക്കത്തിൽ ഷംന ഒട്ടൊന്ന് ഭയന്നു. അന്നാട്ടിൽ അവൾ എത്തിയിട്ട് ഒന്നരവർഷമായെങ്കിലും അതിനിടയിൽ തീരെ കേട്ടിട്ടില്ലാത്ത തരം മുഴക്കമായിരുന്നു അത്. അവൾ മജ്‌ലിസിൽ നിന്നെഴുന്നേറ്റ് ഒരിക്കലും തുറക്കാത്ത ആ ഒറ്റജനലിന്റെ കർട്ടൻ നീക്കി. ജനൽപാളികളിൽ മിന്നൽ വെളിച്ചം ഇടവിട്ട് പാറിവീണപ്പോൾ ഇടിവെട്ടുന്ന ശബ്ദമായിരുന്നു താൻ കേട്ടതെന്ന് അവൾ കോരിത്തരിപ്പോടെ തിരിച്ചറിഞ്ഞു. എത്ര പെട്ടെന്നാണ് മഴ ചറപറ വർത്തമാനം തുടങ്ങിയത്! പുതുമഴയുടെ മണമറിയാൻ അവൾക്ക് വല്ലാത്ത കൊതിതോന്നി. ജനൽ ഉയരത്തിലാണ്. അടുക്കളയിലുള്ള ഒരേയൊരു മരക്കസേരയെടുത്തുവെച്ച് അതിൽ കയറിനിന്ന് കഴിയുന്നത്ര ശക്തിയിൽ ജനൽ തുറക്കാൻ ഷംന ശ്രമിച്ചുനോക്കി. വെയിലറിയാനും രാത്രിയാകാശം കാണാനും മനുഷ്യരെ കാണാനും പുറംവായു ശ്വസിക്കാനുമൊക്കെയായി മുൻപ് പലതവണ അത് തുറക്കാൻ ശ്രമിച്ചതാണ്. എന്നത്തേയും പോലെ ശ്രമം വിഫലമാവുകതന്നെ ചെയ്തു.

കനത്ത മഴയിൽ നിസാർ എവിടെയാവുമെന്ന് അവൾ ആകുലയായി. വ്യാഴാഴ്ചകളിൽ ഓഫീസ് വിട്ട് നേരെ ദീൻപ്രവർത്തനത്തിനു പോകലാണ് അയാളുടെ രീതി. ഏറെ വൈകി വന്ന് സുബ്ഹി നമസ്കരിച്ച് ബ്രേക്ഫാസ്റ്റ് കഴിച്ച് കിടന്നുറങ്ങിയാൽ ജുമഃ ബാങ്കിനു ഉണരും. ഉടൻ കുളിച്ച് പള്ളിയിൽ പോകും. അതാണ് പതിവ്. ജുമഃ കഴിഞ്ഞുവന്ന് ഊണും കഴിഞ്ഞ് വീണ്ടും പോയാൽ പിന്നെ പാതിരാകഴിഞ്ഞ് നോക്കിയാൽ മതി. വെള്ളി, ശനി വീക്കെന്റ് അവധി അങ്ങനെയങ്ങ് കഴിഞ്ഞുപോവും. മാസത്തിൽ മൂന്നു രാത്രികൾ ആശയപ്രചരണത്തിനുള്ള യാത്രകളിലാവും. അതു ചിലപ്പോൾ ഒഴിവു ദിവസം. അതല്ലെങ്കിൽ ലീവെടുത്ത്. പ്രസ്ഥാനം നിശ്ചയിക്കുന്നതിനനുസരിച്ചാണ് ആ പോക്കെല്ലാം.

ജനലിൽ മഴത്തുള്ളികളുടെ പിറുപിറുപ്പ്. എയർകണ്ടീഷണറിനുമേലും മഴയുടെ ചെണ്ടക്കോൽ വീഴുന്നുണ്ട്. സമയം എട്ടുകഴിഞ്ഞതേയുള്ളൂ. വ്യാഴാഴ്ചകളിലെ പതിവുവെച്ച് രാത്രി രണ്ടുമണി കഴിയാതെ നിസാർ വീട്ടിൽ തിരിച്ചെത്താറില്ല. ഗ്രൂപ്പിലെ ഏതെങ്കിലുമൊരാളുടെ വീട്ടിലാവും മീറ്റിംഗ്. അവിടെത്തന്നെയാവും അന്നത്തെ അത്താഴം. ഓരോന്നാലോചിച്ചുകൊണ്ട് ജനലരികിൽ നിന്ന് മാറി ഷംന സാവധാനം മജ്‌ലിസിൽ ഇരുന്നു. നിസാറിനെ ഒന്നു വിളിച്ചുനോക്കിയാലോ എന്ന് തോന്നാതിരുന്നില്ല. ഇടിമിന്നലിനെ പേടിയാണെന്ന് വിവാഹം കഴിഞ്ഞകാലത്ത് ഒരു പുതുമഴയിൽ ഒറ്റപ്പുതപ്പിനുള്ളിൽ ചേർന്നുകിടന്ന് അയാൾ പറഞ്ഞത് ഓർമയുള്ളതിനാൽ അവൾ അതിനു തുനിഞ്ഞില്ല. ഇടിമിന്നലുള്ളപ്പോൾ മൊബൈൽ ഉപയോഗിക്കരുതത്രെ. വിളിച്ചാൽ ദേഷ്യം വന്നേക്കാം. വിളിക്കേണ്ട എന്ന് അവൾ സ്വയം നിയന്ത്രിച്ചു.beena ,story,malayalam writer
ഇരുന്നും കിടന്നും ആധിപിടിച്ചും തീർത്തും മടുത്തുപോയിരുന്നു ഷംന. എന്തെങ്കിലും പാചകപരീക്ഷണങ്ങൾ നടത്തി സന്തോഷിക്കാൻ പോലും നിസാർ സമ്മതിക്കില്ല.

“അദൊന്നും വേണ്ട. ജീവിതം വളരെ ലളിതമായിരിക്കണം. പെണ്ണ്ങ്ങള് ചെയ്യണ്ട കാര്യങ്ങള് കൃത്യായിട്ട് പറഞ്ഞിട്ട്ണ്ട് ദീനില്. അതൊക്കെ വേണ്ടപോലെ ചെയ്താ സമയം പോണത് അറിയൂല.” എന്ന് ഉപദേശിക്കും.

ടിവിയും ഇന്റർനെറ്റും ഒന്നുമില്ലാതെ മുഷിയുന്ന കാര്യം പറയുമ്പൊഴും അയാൾ അവൾക്ക് പ്രബോധനക്ലാസ് കൊടുക്കും. ദീൻ പ്രചരിപ്പിക്കാൻപോലും ഇതൊക്കെ ഉപയോഗിക്കുന്നുണ്ടല്ലോയെന്ന് അവളപ്പോൾ പിറുപിറുക്കും. അതുകൊണ്ട് ഒരു കാര്യവുമില്ലെങ്കിലും. നിസാർതന്നെ ധാരാളം കാര്യങ്ങൾ ഇന്റർനെറ്റുപയോഗിച്ച് പ്രസ്ഥാനത്തിനുവേണ്ടി ചെയ്യുന്നത് അവൾ കാണുന്നുണ്ട്. നിസാറിന് അയാളുടെ ന്യായീകരണങ്ങളുണ്ട്. അയാൾ പറയും, “മറ്റുള്ളവരെ പോലല്ല നമ്മളിപ്പൊ. നബി തിരുമേനി ജീവിച്ചപോലെമാത്രം ജീവിതം നയിക്കുന്നവരുടേതാണ് ഈ പ്രസ്ഥാനമെന്നത് നീ മറക്കണ്ട.”

ദീനിൽ ദാമ്പത്യബന്ധത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളതും നബിതിരുമേനി അത് എങ്ങനെയാണ് കാണിച്ചുതന്നിട്ടുള്ളതെന്നും വാചാലയാവണമെന്ന് അവൾക്കപ്പോൾ തോന്നാതെയല്ല. പക്ഷേ അതെല്ലാം എപ്പോഴും അവൾ അടക്കി. വിവാഹം കഴിഞ്ഞ് മൂന്നുകൊല്ലം വരെ അയാൾ ഇങ്ങനൊന്നും ആയിരുന്നില്ലല്ലോ എന്ന് അവൾ ഇടക്കിടെ നഷ്ടബോധത്തോടെ ഓർത്തു… കൊല്ലത്തിലൊരിക്കൽ വെക്കേഷനു നാട്ടിലെത്തിയാൽ സന്തോഷമായി പലയിടത്തും കൊണ്ടുപോകുകയും സമ്മാനങ്ങൾ വാങ്ങിക്കൊടുക്കുകയും ചെയ്തിരുന്നു അയാൾ. ആ ഭൂതകാലവസന്തത്തിലേക്ക് അവൾ സ്വയമറിയാതെ നിശ്വാസമുതിർത്തു.

രണ്ടാം വരവിൽ തിരിച്ചുപോകാറായപ്പൊഴാണ് ഷംന ഗർഭം ധരിക്കാൻ വൈകുന്നതിനാൽ അവളെ ഒരു ഗൈനക്കോളജിസ്റ്റിനെ കാണിക്കണമെന്ന് നിസാറിനോട് അയാളുടെ ഉമ്മ പറഞ്ഞത്. അയാളതിനു തുനിയുകയും ചെയ്തു. പരിശോധനയിൽ ഷംനക്ക് കുഴപ്പമൊന്നും കാണാത്തതിനാൽ ഡോക്ടർ നിസാറിന് ഒരു ചെക്കപ്പ് നിർദ്ദേശിച്ചു. നിസാറോ വീട്ടുകാരോ അത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും ഡോക്ടറെ കാണാൻ ഉമ്മ നിർബന്ധിക്കുകയും അയാൾ അനുസരിക്കുകയും ചെയ്തു. വിഷമിക്കാനൊന്നും ഇല്ലെന്നും സ്പേം കൗണ്ട് കുറവായതിനാൽ ചെറിയൊരു ട്രീറ്റ്മെന്റു മതിയാവുമെന്നുമാണ് ഡോക്ടർ പറഞ്ഞത്. പറ്റുമെങ്കിൽ ഷംനയെ ഗൾഫിലേക്ക് കൊണ്ടുപോയാൽ പരിഹരിക്കാവുന്ന പ്രശ്നമേയുള്ളൂ എന്നും ഡോക്ടർ കൂട്ടിച്ചേർത്തു.
“ഇദൊന്നും ഉമ്മാടൊന്നും പറയാൻ നിക്കണ്ട” എന്നാണ് വീട്ടിലേക്കുള്ള മടക്കയാത്രയിൽ നിസാർ ഷംനയോട് പറഞ്ഞത്.

“കൊഴപ്പൊന്നൂല്ലാന്ന് ഡോക്ടർ പറഞ്ഞു” എന്നാണ് ഉമ്മ ചോദിച്ചപ്പൊഴും പറഞ്ഞത്. പക്ഷേ അയാൾ ലീവുകഴിഞ്ഞ് തിരിച്ചുപോയശേഷം ഉമ്മ കുത്തിക്കുത്തി ചോദിച്ചപ്പോൾ ഷംനക്ക് സത്യം പറയേണ്ടിവന്നു. അതിൽപ്പിന്നെ ഷംനയെ കൊണ്ടുപോകാനായി ഉമ്മ മകനെ നിർബന്ധിച്ചു തുടങ്ങി. ഓഫീസു കാര്യങ്ങളും അവിടെ ഷംന ഒറ്റയ്ക്കാവുമെന്നതും ഒഴികഴിവായി അയാൾ പറഞ്ഞുനോക്കി. പിന്നെയും കുറേ കഴിഞ്ഞ് ഒടുവിൽ ഉമ്മയുടെ ഒരുപാട് നിർബന്ധത്തിന് വഴങ്ങിയാണ് നിസാർ ഷംനയെ കൊണ്ടുവന്നത്. വന്നു കഴിഞ്ഞപ്പൊഴാണ് അയാളിൽ വന്ന മാറ്റം അവൾക്ക് മനസ്സിലായത്. എയർപോർട്ടിൽ അവളെ സ്വീകരിക്കാൻ വന്ന അയാളുടെ കോലം പാടെ മാറിയിരുന്നു. മുടി പറ്റെ വെട്ടി മീശ വടിച്ച് താടി വളർത്തി, നെരിയാണിവരെ മാത്രം എത്തുന്ന പൈജാമയിട്ട ആൾ മറ്റാരോ ആണെന്ന് തോന്നിപ്പോയി അവൾക്ക്! ഇതെപ്പഴാ ഈ മാറ്റമൊക്കെ വന്നതെന്ന് അവൾ അന്തംവിട്ട് നിന്നുപോയി! ആദ്യമായി അങ്ങനെ കണ്ടതുകൊണ്ടാവാം വല്ലാത്തൊരു അപരിചിതത്വവും അസ്വസ്ഥതയും അവൾക്ക് അന്ന് അനുഭവപ്പെട്ടു. പർദ്ദയും ഹിജാബും ഇട്ടു മുഖം മറച്ചുവേണം വരാനെന്ന് വീണ്ടും വീണ്ടും വിളിച്ചു പറഞ്ഞപ്പോൾ അതെല്ലാം ഈ നാട്ടിൽ സ്ത്രീകൾക്ക് നിർബന്ധമായതുകൊണ്ടാവും എന്നേ അന്ന് അവൾ കരുതിയിരുന്നുള്ളൂ.beena ,story,malayalam writer

ഷംന ജനൽ തുറക്കാൻ വീണ്ടും ഒരു കഠിനശ്രമം നടത്തിനോക്കി. ഒരിക്കലും തുറക്കാതിരിക്കാനാണോ ഈ ജനൽ പണിതിരിക്കുന്നത്? അകത്തും പുറത്തും സ്വതന്ത്രനായ പുരുഷനു ഇതു തുറന്നിടൽ ഒരാവശ്യമല്ലായിരിക്കാം. തന്നെ കൊണ്ടുവരാനായി ഈ ഫ്ലാറ്റെടുത്തപ്പോൾ താൻ പുറംലോകം കാണാതിരിക്കാൻ വേണ്ടി എന്നെന്നേക്കുമായി കൊട്ടിയടച്ചതാവുമൊ എന്നുപോലും അവൾ സംശയിച്ചു. അവൾക്ക് വല്ലാത്ത അസ്വസ്ഥത തോന്നി. ആ കുടുസ്സുഫ്ലാറ്റിൽ ആകെയുള്ള ഒരു ജനലാണത്. പലതവണ തുറക്കാൻ ശ്രമിച്ച് പരാജയപ്പെട്ടപ്പോൾ ഈ ജനലെന്താ തുറക്കാൻ പറ്റാത്തതെന്ന് മുൻപൊരിക്കൽ അയാളോട് ചോദിച്ചതും അതിനുള്ള മറുപടിയും അവളപ്പോൾ ഓർത്തു.
“ആ ജനൽ തൊറക്കൊന്നും വേണ്ട. റോട്ടീക്കൂട പോണ വല്ല കുരുത്തംകെട്ട പിള്ളാരും കല്ലെടുത്തെറിയും. അത് തൊറക്കുന്നത് അപകടാണ്.”
“അതൊന്നൂല്ല. ഇത്തിരി കാറ്റും വെളിച്ചൂം കിട്ടട്ടെ.”
“ഇത് നമ്മളെ നാടല്ല. നീ വേണ്ടാത്ത പണിക്ക് നിക്കണ്ട.”
അങ്ങനെയാണ് അന്ന് ആ സംസാരം അവസാനിച്ചത്. പിന്നീട് അതേപ്പറ്റി ചോദിക്കാൻ അവൾക്ക് തോന്നിയില്ല. ചോദിച്ചിട്ട് കാര്യമില്ലെന്നറിയാം.

കുട്ടികളുണ്ടാവാൻ വേണ്ടി ഇങ്ങനൊരു നരകജീവിതത്തിലേക്കാണ് വരുന്നതെന്ന് ഒരു പിടിയും ഉണ്ടായിരുന്നില്ല അവൾക്ക്. എന്തൊക്കെ ദുരിതം അനുഭവിക്കേണ്ടിവന്നാലും ഒരു കുഞ്ഞുണ്ടായാൽ മതി എന്ന് അവൾ ആദ്യമൊക്കെ കരുതിയിരുന്നു. ഡോക്ടർ പറഞ്ഞതനുസരിച്ച് ഒപ്പം ജീവിക്കാൻ വന്നിട്ട് എന്തു ജീവിതമാണിത് എന്ന് പിന്നെപ്പിന്നെ അവൾ നീറി. എപ്പൊഴെങ്കിലും അയാൾക്ക് തോന്നിയാൽ വഴിപാടുപോലെ ഒരു കാട്ടിക്കൂട്ടൽ മാത്രമായി അവർക്കിടയിലെ രതി. സ്നേഹത്തോടെയും പരിലാളനകളോടെയും ഒന്നായ പഴയ നാളുകൾ അവൾ ഇടക്ക് വിങ്ങലോടെ അയവിറക്കി. ദാമ്പത്യത്തിന്റെ കുളിരുപകരുന്ന ദിനചര്യകൾ പ്രവാചകജീവിതം തന്നെ കാണിച്ചുതന്നിട്ടുണ്ട്. എന്നിട്ടുമെന്തേ ദീനിന്റെ പേരുപറഞ്ഞ് ചിലർ ഇത്ര ഇടുങ്ങിയവരാവുന്നു! പുറത്തേക്കു കൊണ്ടുപോകുന്നെങ്കിൽ അത് സ്ത്രീകൾക്കുള്ള ഖുറാൻ ക്ലാസിലേക്ക് മാത്രം. മുഖം മറച്ചല്ലാതെ പൊതുസ്ഥലത്ത് കണ്ടുകൂടാ! വീട്ടിനകത്തുപോലും തട്ടം തലയിൽനിന്ന് വഴുതാൻ പാടില്ല. ഒരു ടി വി പോലും ഇല്ലാത്ത വീട്! അതൊന്നും പാടില്ലത്രെ! അത്യാവശ്യത്തിനു ഫോൺ ചെയ്യാൻ മാത്രം ഉതകുന്ന ഒരു മൊബൈൽഫോൺ തന്നിട്ടുണ്ട്. ഉപയോഗിച്ചിരുന്ന നല്ല ഫോൺ കൊണ്ടുവരേണ്ട എന്നു പറഞ്ഞപ്പോൾ പുതിയത് വാങ്ങിത്തരാനാവും എന്നേ കരുതിയുള്ളൂ. ഇടക്കൊരു പോക്കുണ്ട് ജമാഅത്തിനെന്നും പറഞ്ഞ്. ഓഫീസിൽ നിന്ന് ലീവെടുത്ത് സുഹൃത്തായ ബഷീറിന്റെ കുടുംബത്തിൽ തന്നെ ഏൽപ്പിച്ചാണു യാത്ര. ആ സുഹൃത്തും ഇതേ യാത്രയിലാവും. ഒരിക്കൽ നാല്പതുദിവസത്തേക്കാണ് പോയത്. കൊല്ലത്തിലൊരിക്കൽ അത് നിർബന്ധമാണത്രെ. അന്യവീട്ടിൽ ശരിക്കും മടുത്ത് വീർപ്പുമുട്ടിയാണ് അന്നു ദിവസങ്ങൾ തള്ളിയത്. നാട്ടിലേക്ക് എങ്ങനെയെങ്കിലും തിരിച്ചുപോയാൽ മതി എന്നു തോന്നിപ്പോയിരുന്നു അപ്പോഴവൾക്ക്. ഒരു കുഞ്ഞുണ്ടാവാതെ തിരിച്ചുപോയാൽ നാട്ടുകാരുടെയും വീട്ടുകാരുടെയും ചോദ്യങ്ങൾക്ക് ഉത്തരം പറയണമല്ലോ എന്നോർത്താണ് ഇങ്ങനെ സഹിക്കുന്നത്.

ബഷീറിന്റെ ഭാര്യ റഷീദ നല്ലൊരു സ്ത്രീയാണ്. റഷീദ ഒരിക്കൽ അവരുടെ കല്യാണഫോട്ടോ ഷംനക്ക് കാണിച്ചുകൊടുത്തിരുന്നു കൈ ഇറക്കം കുറഞ്ഞ ബ്ലൗസും കല്യാണസാരിയും തട്ടമിടാത്ത തലയും മുല്ലപ്പൂ ചൂടിയ മുടിക്കെട്ടുമായി അവർ ഭർത്താവിനൊപ്പമുള്ള ഫോട്ടോ കുറച്ചൊന്നുമല്ല അവളെ അദ്ഭുതപ്പെടുത്തിയത്. തെക്കൻ കേരളത്തിൽ ആ രീതിയൊക്കെ അന്ന് അത്ര പുതുമയുള്ള കാര്യമല്ലെന്ന് അവൾക്കറിയാം. ഇന്നാണ് അതൊന്നും ഇല്ലാതായത്. “ഇപ്പൊ കാണുന്നപോലൊന്നും ആയിരുന്നില്ല ബഷീർക്ക. ഇവിടെ വന്ന് കൊറേ കഴിഞ്ഞപ്പൊ ചെലരൊക്കെ മെനക്കെട്ട് മൂപ്പരെ തബ്‌ലീഗ് ആക്ക്യതാ. ഇപ്പൊ അതിനുവേണ്ട്യാ കൂടുതൽ സമയം ചെലവഴിക്കുന്നത്. ഞാൻ കഴിഞ്ഞ കൊല്ലം മോനെ പ്രസവിക്കാറായപ്പൊ ആള് നാല്പത്ദിവസത്തെ ജമാഅത്തിലായിരുന്നു. ഒക്കെ പടച്ചോൻ നോക്കിക്കോളും എന്ന് പറഞ്ഞാ പോയത്. പ്രസവമൊക്കെ കഴിഞ്ഞ് ആസ്പത്രി വിട്ട് പന്ത്രണ്ടാംദിവസമാ ആളെത്തിയെ.”
“അപ്പൊ ഇത്തയെ ആശുപത്രീ കൊണ്ടോയതൊക്കെ ആരാ?”
“അത് നമ്മടെ കൂട്ടത്തിലുള്ള ഫാമിലിയൊക്കെണ്ടല്ലൊ. അവരാ എല്ലാം നോക്കിയെ.” ആ സംസാരത്തിനിടയിൽ നിസാർ അക്കൂട്ടത്തിൽ പെട്ടത് എങ്ങനെ എന്നൊക്കെ ഷംന ചോദിച്ച് മനസ്സിലാക്കിയിരുന്നു.

മഴ ഒന്ന് അടങ്ങിയിട്ടുണ്ട്. സമയം പതിനൊന്നായിരിക്കുന്നു. വിശക്കുന്നുണ്ടെങ്കിലും ഒന്നും കഴിക്കാൻ തോന്നിയില്ല അവൾക്ക്. ഒരുമിച്ചു കഴിക്കാനായി കാത്തിരുന്നിട്ട് കാര്യമില്ല എന്നറിയാം. എല്ലാ വീടുകളിലും ഇപ്പോൾ പ്രണയം തുടിക്കുന്നുണ്ടാവണം. മരുഭൂമിയിലെ മഴ അങ്ങനെ ഒരു ഋതുവിൽ സംഭവിക്കുന്നതല്ലല്ലൊ. വീക്കെന്റ് ആയതിനാൽ ഈ മഴനനവുള്ള രാത്രിയിൽ ഇണകളുടെ പ്രണയസല്ലാപങ്ങൾക്ക് ചാരുതയേറും. താൻ മാത്രം ഈ നരകത്തിൽ വികാരഭരിതമാവുന്ന ശരീരത്തിനും മനസ്സിനും കടിഞ്ഞാണിട്ട് മുറുക്കി….. ഷംന മഴനിറവിലും ചുട്ടുപൊള്ളി. അവൾ നിശ്വാസമുതിർത്തുകൊണ്ടേയിരുന്നു. രാത്രി നേരത്തെ ആഹാരം കഴിച്ച് വൈകാതെ ഉറങ്ങണമെന്നു തുടങ്ങി എന്തുതരം ആഹാരരീതിയാണ് പാലിക്കേണ്ടതെന്നും ആഴ്ചയിൽ കുറഞ്ഞത് എത്ര തവണ രതിയിലേർപ്പെടണം എന്നുമെല്ലാം ചികിത്സയുടെ ഭാഗമായി പല നിർദ്ദേശങ്ങളും ഡോക്ടർ പറഞ്ഞിട്ടുണ്ട്. ചികിത്സയേക്കാൾ അത്യാവശ്യം ഒരുമിച്ച് സ്നേഹം പങ്കിട്ടുള്ള ജീവിതമാണെന്നും പ്രത്യേകം ഓർമിപ്പിച്ചതാണ്.

നിന്നും ഇരുന്നും കിടന്നും ഷംനക്ക് മടുത്തു. അവൾ മരക്കസേരയെടുത്ത് അടുക്കളയിൽത്തന്നെ കൊണ്ടുവെച്ചു. അത് ജനലരികിൽ കണ്ടാൽ താൻ വീണ്ടും ജനൽ തുറക്കാൻ ശ്രമിച്ചെന്ന് നിസാർ സംശയിക്കുമെന്ന് അവൾക്കറിയാം. ഒരു സോഫാസെറ്റോ കട്ടിലോ ഒന്നുമില്ലാത്ത ഫ്ലാറ്റാണത്. മുൻപ് നിസാറിന് എന്തെല്ലാം ഇഷ്ടങ്ങളായിരുന്നു എന്ന് അവൾ ഓർത്തു. ഫർണിച്ചറും വസ്ത്രങ്ങളുമെല്ലാം വാങ്ങുമ്പോഴുള്ള അയാളുടെ സൗന്ദര്യബോധത്തെ വീട്ടുകാർ പുകഴ്ത്തുന്നത് അവൾ കേട്ടിട്ടുണ്ട്. വീട്ടിലെ സാധനസാമഗ്രികളും അവൾക്കായി വാങ്ങിയിരുന്ന വസ്ത്രങ്ങളും അത് ശരിവെക്കുന്നതുമായിരുന്നു. ആ ആളാണിപ്പൊ ഇങ്ങനെ! കട്ടിലില്ലാതെ നിലത്തു വിരിച്ചേ കിടക്കൂ. സോഫയോ കസേരകളോ ഇല്ല. നിലത്ത് ചുമരോട് ചേർത്തിട്ട ഒരു നീളൻ മജ്‌ലിസുണ്ട്. അതുതന്നെ ഭാഗ്യം! ലാളിത്യം നല്ലതുതന്നെ. ഇതുപക്ഷേ…

ഓഫീസിൽ പോകുമ്പോൾമാത്രം പാന്റ്സും ഷർട്ടും ധരിക്കും. കാലത്തിനനുസരിച്ച ഫാഷനിൽ മാത്രം കണ്ട ആളെ നെരിയാണിവരെമാത്രം എത്തുന്ന പാന്റ്സിട്ട് ഓഫീസിൽ പോകുന്നതു കാണുമ്പോൾ ആദ്യമൊന്നും ഒട്ടും രുചിച്ചില്ല അവൾക്ക്. പ്രവാചകചര്യകൾ അതേപടി പകർത്തിവേണം ജീവിക്കാൻ എന്നാണ് പറയുന്നത്. ഇതൊന്നും വിലപിടിച്ച കാറും ഇഷ്ടംപോലെ സ്വർണവും ഭൂമിയുമൊക്കെ സ്വീകരിച്ച് ആർഭാടമായി കല്യാണം കഴിക്കുമ്പോൾ ഓർക്കാഞ്ഞതെന്തേ എന്ന് ഒരിക്കൽ സഹികെട്ട് അവൾ ചോദിച്ചുപോയിട്ടുണ്ട്. ആ ആഭരണങ്ങളിലേറെയും പിന്നെ ഭൂമിയും വിറ്റ് തുടങ്ങിയ ബിസിനസ് നാട്ടിലിപ്പോഴും ലാഭത്തിൽത്തന്നെ!
എന്തുതന്നെ ആയിക്കോട്ടെ. തന്നെ വേണ്ടത്ര സ്നേഹിക്കാതെയും പരിഗണിക്കാതെയുമുള്ള അവസ്ഥയാണ് ഷംനക്ക് അസഹ്യമായത്. കുട്ടികളുണ്ടാവാത്തതിന്റെ വിഷമത്തിൽ ഇതൊക്കെ ഒരു മറയാക്കി നടക്കുന്നതാവുമോ എന്നും സംശയം തോന്നാതിരുന്നില്ല അവൾക്ക്. നന്നായി സ്നേഹം പ്രകടിപ്പിക്കാൻ അറിയുന്ന ഒരാളിലെ ഇത്തരം മാറ്റങ്ങൾ ഉൾക്കൊള്ളാൻ അവൾക്ക് പ്രയാസം തോന്നി. ജോലി കഴിഞ്ഞു വന്ന് മേൽകഴുകി ഭക്ഷണം കഴിച്ച് കുറച്ചുനേരം മൊബൈലുമായി ഇരിക്കുന്നതുകാണാം. ഉറങ്ങാൻ കിടന്നാൽ സെക്കന്റുകൾക്കുള്ളിൽ കൂർക്കംവലി കേൾക്കാം. സുബ്‌ഹി ബാങ്കു കേട്ട ഉടനെ എണീറ്റ് കുളിച്ച് നമസ്കരിച്ച് ഖുറാൻ ഓതും. പിന്നെ ബ്രേക്ഫാസ്റ്റും കഴിച്ച് ഓഫീസിലേക്ക്. അതിനിടയിൽ താൻ പറയുന്നതൊക്കെ കേൾക്കുന്നതുപോലെ ഇടക്ക് മൂളുന്നുണ്ടാവും എന്നു മാത്രം. beena ,story,malayalam writer

ഈ ഒറ്റപ്പെടലിന്റെ ഏതോ ഘട്ടത്തിലാണ് ഉറക്കത്തിൽ ഒരേ സ്വപ്നം ആവർത്തിക്കുന്നതായി അവൾക്ക് അനുഭവപ്പെട്ടത്. കിടപ്പുമുറിയിലെ സീലിംഗിൽ എന്തൊക്കെയോ ദുരൂഹതകൾ…..അപ്പോൾ സീലിംഗ് ആണെന്ന ബോദ്ധ്യത്തിൽത്തന്നെ അത് മറ്റൊരു ലോകമായി രൂപാന്തരപ്പെടും. ഇരുണ്ടതും ആൾപ്പെരുമാറ്റമില്ലാത്തതുമായ ഗുഹകളോ കൊത്തുപണികളുള്ള പ്രാചീന കെട്ടിടങ്ങളോ ആയി സീലിംഗ് മാറും. ആരാലോ പിന്തുടരപ്പെടുമ്പോലെ ഭീതിയോടെ അവൾ മാത്രം ആ ഗുഹാലോകത്ത്! സീലിംഗിലെ പ്രാചീനകാലവും അന്യദേശവും ഇരുണ്ട അവസ്ഥയും അനുഭവിക്കുമ്പൊഴും അത് തന്റെ കിടപ്പുമുറിതന്നെ എന്ന ബോദ്ധ്യവും അവളിൽ നിറഞ്ഞുനിന്നിരുന്നു. അതേ സ്വപ്നം എല്ലാ ഉറക്കത്തിലും ആവർത്തിക്കപ്പെടുന്നത് അവളെ അമ്പരപ്പിക്കുകയും വല്ലാതെ അലട്ടുകയും ചെയ്തു. എല്ലാ സ്വപ്നങ്ങളിലും ഒരു തുടർച്ചപോലെ തന്നെ ആരോ വേട്ടയാടുന്നുണ്ട് എന്ന് അവൾ ഭയന്നു. ആരാണെന്നോ ഏതാണാ ഇരുണ്ട ലോകം എന്നോ ഒരിക്കലും തെളിയാതെ….

ഒരേ തുടർച്ചകളുടെ ദിനരാത്രങ്ങൾ അവളെ വല്ലാതെ മടുപ്പിക്കുകയും ഭ്രാന്തുപിടിപ്പിക്കുകയും ചെയ്തു. നിസാറിന്റെ ഫോണിലാണ് അവൾ നാട്ടിലേക്കു വിളിക്കുന്നത് എന്നതിനാൽ മനസ്സുതുറന്ന് ആരോടും ഒന്നും സംസാരിക്കാനും കഴിയാറില്ല. വെറുതെ സന്തോഷം അഭിനയിച്ച്… ചില അന്വേഷണങ്ങൾക്ക് ‘ഇൻഷാ അള്ളാ’ എന്നുമാത്രം പ്രതീക്ഷ നൽകി ഒരേ ചക്രം ചവിട്ടിയിങ്ങനെ… എന്തെങ്കിലും കടുംകൈ കാട്ടിയാലോ എന്നുപോലും തോന്നിപ്പോകും അവൾക്ക് ചില നിമിഷങ്ങളിൽ. നാളുകൾ നിരങ്ങിയാണ് നീങ്ങുന്നത്.

കോളിംഗ്ബെൽ അടിക്കുന്നത് കേട്ടപ്പോൾ എന്തുകൊണ്ടോ പതിവില്ലാത്തവിധം അവൾ ഞെട്ടി. സ്പൈഹോളിലൂടെ നോക്കി നിസാർ ആണെന്ന് ഉറപ്പുവരുത്തി വാതിൽ തുറന്നു.  “നല്ല മഴയായിരുന്നല്ലൊ. പേടിച്ചൊ? നീ ഇവിടെ മഴ കാണുന്നത് ആദ്യായിട്ടല്ലെ?”  “അതിന് ഞാൻ മഴ കണ്ടില്ലല്ലൊ. ഇതിനകത്തിരുന്നാൽ എന്തു കാണാൻ? എന്തറിയാൻ?” അറിയാതെ അവളുടെ ഉള്ളിൽനിന്ന് നീരസം പുറത്തുചാടി.

“ഇടി വെട്ടുന്ന ശബ്ദം കേട്ടിരിക്കുമല്ലൊ?”
“ഉം.”
ഉടക്കുണ്ടാക്കണ്ട എന്നു കരുതി അവൾ മനസ്സിനെ നിയന്ത്രിച്ചു. മഴയുടെ നിറവ് ആ മനസ്സിൽ ഒരു ചലനമുണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് നശിപ്പിക്കേണ്ടെന്ന് അവൾ കരുതി.

“മഴപെയ്ത് വെള്ളം കുത്തിയൊഴുകീരുന്നതാ ഞാൻ ഓഫീസ്ന്ന് ഇറങ്ങിയപ്പൊ. മഴ കുറയാൻ പിന്നെയും കാത്തു. മീറ്റിംഗിനു പോകാനും പറ്റിയില്ല. കാണേണ്ട മഴ തന്നെയായിരുന്നു!”

ഇവിടുത്തെ മഴപോയിട്ട് വെയിൽ പോലും തനിക്ക് അന്യമാണല്ലോ എന്ന് തികട്ടിവന്ന വേദന അവൾ ഒതുക്കി. മരുഭൂമി എന്നോ കണ്ട ചില സിനിമകളിലെ സീനുകളും കേട്ടറിവും ഭാവനയും മാത്രമാണ് അവൾക്ക്.

“ഇടീം മഴേൽ റോഡിലെങ്ങാൻ പെട്ടോ എന്ന് പേടിച്ച് ഞാനാകെ… ഇങ്ങോട്ടൊന്നു വിളിക്കൂലല്ലൊ എത്ര വൈക്യാലും.” അവൾ പരിഭവിച്ചു. അതിനയാൾ മറുപടിയൊന്നും പറഞ്ഞില്ല.

മഴയിൽ പെട്ടതിനാൽ അയാൾ ഓഫീസിൽനിന്ന് നേരെ വീട്ടിലേക്കു വന്ന വ്യാഴാഴ്ചയാണത്. പ്രതീക്ഷകൾക്ക് ചിറകുമുളച്ചപോലെ അവളുടെ ഹൃദയം തുടികൊട്ടി. അവൾ വേഗം തന്നെ അത്താഴം വിളമ്പി. അയാൾ കഴിക്കുന്നതു നോക്കിയിരുന്നപ്പോൾ വയറു നിറഞ്ഞപോലായി അവൾക്ക്. പാത്രമൊക്കെ കഴുകിവെച്ച് കിടപ്പുമുറിയിലെത്തിയപ്പോഴേക്കും അയാളുടെ കൂർക്കംവലി ഉയർന്നുതുടങ്ങിയിരുന്നു. അവൾ ലൈറ്റണച്ച് കിടന്നു. ഏറെ നേരമായിട്ടും അവൾക്ക് ഉറക്കം വന്നില്ല. ആരോടൊക്കെയോ പകവീട്ടണമെന്ന തോന്നൽ. ഉള്ളിൽ എന്തൊക്കെയോ പിടച്ചിലുകൾ… ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റ് മുറിയുടെ മൂലയിൽ സ്റ്റാന്റിൽ തൂക്കിയിട്ട അബായയും നഖാമും തപ്പിയെടുത്ത് അവൾ ഇരിപ്പുമുറിയിലേക്കു തപ്പിത്തടഞ്ഞുതന്നെ നടന്നു. ലൈറ്റിട്ടാലോ ചെറിയ ശബ്ദം കേട്ടാലോ ഉണരുന്ന ആളല്ല നിസാർ. എങ്കിലും ലൈറ്റിടാൻ അവൾ ഭയപ്പെട്ടു. എന്തിനാണ് അബായയൊക്കെ എടുത്തത് എന്ന് വലിയ നിശ്ചയമില്ലാത്തപോലെ കുറേനേരം അവൾ അങ്ങനെ ഇരുന്നു. പിന്നെ എഴുന്നേറ്റ് അത് ധരിച്ച് വാതിൽ തുറന്നു താക്കോൽ വാതിലിനു മുകളിലെ ആണിയിൽ തൂക്കിയിട്ടു. സ്പെയർ കീയെടുത്തു പുറത്തേക്കു കടന്ന് വാതിൽ ഒച്ചയുണ്ടാക്കാതെ പൂട്ടി. പടികളിറങ്ങി മെയിൻ ഗെയ്റ്റും തുറന്ന് പുറത്തുകടന്ന് തുറന്ന ആകാശത്തിനു താഴെ ഒരു നിമിഷം അവൾ പകച്ചുനിന്നു. കുറച്ചുമുൻപ് കുതിച്ചുപെയ്ത മാനമാണതെന്ന് അവൾക്ക് വിശ്വസിക്കാനായില്ല. നിറവെളിച്ചമുള്ള നിരത്തിലൂടെ ഒറ്റക്കൊരു പെണ്ണ് ഈ പാതിരാത്രിയിൽ എവിടേക്ക് പോകുന്നെന്ന് ഏതെങ്കിലുമൊരു വാഹനം സഡൻബ്രേക്കിട്ട് നിർത്തിയാൽ അത് അപകടമാണെന്ന് അവൾക്ക് അറിയാം. പിടിക്കപ്പെട്ടേക്കുമെന്ന് ഭയമുള്ള കുറ്റവാളിയെപ്പോലെ അരികുപറ്റി നടന്ന് ഇടുങ്ങിയ ഒരു ഗല്ലിയിലേക്കു അവൾ കയറി. കുറഞ്ഞ പ്രകാശം മാത്രമുള്ള തെരുവു വിളക്കുകൾക്ക് സ്തുതിചൊല്ലി അടുത്തടുത്തായി പാർക്കുചെയ്ത വാഹനങ്ങളുടെ മറപറ്റി കുറേ നടന്നപ്പോൾ വിശാലമായ മണൽപ്പരപ്പ് കണ്ടു. ആളനക്കമില്ലാത്ത, മഴനനഞ്ഞ മണ്ണിൽ ചവിട്ടി അവൾ മതിയാവോളം ആകാശം കണ്ടു. താമസരേഖയോ മൊബൈൽഫോണോ ഒന്നും അവൾ എടുത്തിരുന്നില്ല. എല്ലാം ഉപേക്ഷിച്ച യാത്രയിൽ ഒന്നും ഒരു ഭാരമാവരുതെന്ന് സ്കൂൾ പാഠത്തിൽ പഠിച്ച ഗൗതമബുദ്ധനെ അവളപ്പോൾ ഓർത്തുപോയി. അന്നേരം ദൂരെയേതോ ഒരു പള്ളിയിൽനിന്ന് സുബ്ഹി ബാങ്കുവിളി ഉയർന്നുകേട്ടു. തണുത്ത കാറ്റിൽ അവളുടെ ശരീരം വിറകൊണ്ടു. ആകാശവെളിച്ചത്തിന്റെ തുണയിൽ അവൾ വലിയൊരു മണൽക്കൂനയിൽ ഇരുന്ന് താഴോട്ടു നിരങ്ങിയിറങ്ങി. പിന്നെയും എത്രയോദൂരം വേച്ചുനടന്നപ്പോൾ അത്തിയും ഒലീവും മാതളനാരകവുമെല്ലാം പന്തലിച്ച ഒരു പഴത്തോട്ടത്തിലെത്തി. മധുരനാരങ്ങയും അത്തിപ്പഴവും രുചിച്ച് മുന്തിരിവള്ളികൾക്കിടയിലൂടെ നടന്നപ്പോൾ അവൾ ഉദാത്തമായൊരു സ്വർഗീയാനുഭൂതി അനുഭവിച്ചറിഞ്ഞു. ആ സ്വർഗപ്രലോഭനത്തിൽ വീഴരുതെന്നും ആരെങ്കിലും തന്നെ കാണാനിടയായാൽ അത് അപകടമാണെന്നും അവൾ സ്വയം ശാസിച്ചു. പിന്നെയും ആഞ്ഞ് നടന്ന് അതിവിശാലമായൊരു മണൽപ്രദേശത്ത് എത്തിയപ്പൊഴേക്ക് അവളുടെ കാലുകൾ വല്ലാതെ കഴക്കുകയും. ദേഹമാകെ കുഴയുകയും ചെയ്യുന്നുണ്ടായിരുന്നു.beena ,story,malayalam writer

ബാങ്കുവിളിക്കൊപ്പം ഉണർന്ന നിസാർ ഒരുപക്ഷെ തന്റെ അഭാവം അറിഞ്ഞുകാണില്ലെന്നുതന്നെ അവൾ ആശ്വസിച്ചു. കുളിയും നിസ്കാരവും കഴിയുമ്പൊഴേക്കേ താൻ എഴുന്നേൽക്കേണ്ടതുള്ളൂ എന്നതിനാൽ ലൈറ്റിടാതെതന്നെ കിടപ്പുമുറിയിൽ നിന്ന് പുറത്തേക്കു കടക്കുകയാണല്ലൊ അയാൾ ചെയ്യാറെന്ന് അവൾ നീരസത്തോടെ ഓർത്തു. അയാൾക്ക് പെട്ടെന്ന് എത്തിപ്പെടാനാവാത്ത അത്രയും അകലെയാണു താനിപ്പോൾ എന്ന് അപ്പോളവൾ വീറോടെ കോരിത്തരിച്ചു!

പോലീസിൽ അറിയിച്ച് തെരച്ചിൽ നടത്തിയാൽപോലും അത്ര പെട്ടെന്നൊന്നും ഒരു വാഹനവും ആ മണൽദൂരം താണ്ടി തന്നെ കണ്ടെത്താനിടയില്ല എന്ന് അവൾ ആശ്വസിച്ചു.. തെരഞ്ഞുനടക്കട്ടെ. ആധി പിടിക്കട്ടെ. അതല്ലെങ്കിൽ പടച്ചവൻ കാത്തോളുമെന്ന് അത്താണി കാണട്ടെ. എന്തുവേണമെങ്കിലുമാവട്ടെ തനിക്കെന്ത് എന്നവൾ തന്റേടിയായി. അതിവിശാലമണൽപ്പരപ്പിൽ അതിരുകളില്ലാത്ത ആകാശത്തിനു കീഴെ സ്വാതന്ത്ര്യം ശ്വസിക്കുന്നവളായി അവൾ സ്വയം ഒരടയാളമായി! സൂര്യൻ അവൾക്കുനേരെ ആദ്യകിരണങ്ങൾ നീട്ടിയിട്ട് നേരമൊട്ടു കഴിഞ്ഞിരുന്നു. മേഞ്ഞുനടക്കുന്നതിനിടെ കൂട്ടംതെറ്റി ഒറ്റപ്പെട്ട് പൊള്ളിയമർന്ന ഒരു ആടിന്റെ അസ്ഥികൂടം വഴിയിൽ കണ്ടത് അവളോർത്തു.

സാവധാനം വസ്ത്രങ്ങളെല്ലാം ഊരിയെറിഞ്ഞ് വെറും മണ്ണിൽ സൂര്യനുകീഴെ അവൾ മലർന്നുകിടന്നു. എത്രനേരം വേണമെങ്കിലും ഇങ്ങനെ ചുട്ടുപൊള്ളാം. ദേഹത്തെ മാംസമെല്ലാം ഉണങ്ങിയുണങ്ങി തന്റെ അസ്ഥികൾ ഈ മണൽപ്പരപ്പിൽ അടിയുംവരെ എന്ന് അവൾ ഊർജ്വസ്വലയായി. കിടന്ന കിടപ്പിൽ പെരുംചൂടിൽ കണ്ണുകളടച്ച് ഉറക്കെയുറക്കെ പകവീട്ടലിന്റെ ലഹരിയിൽ അവൾ പൊട്ടിച്ചിരിച്ചു. ആരും തടയാനില്ലാത്ത ചിരി! ഈ സ്വതന്ത്രഭൂമിയിൽ നിന്ന് ഇനി എങ്ങോട്ടും പോകാനില്ലെന്ന് അവൾ ആണയിട്ടു. ആ മണൽദൂരത്തിന്റെ സ്വച്ഛതയിൽ മണലാഴത്തിന്റെ ഉറവയിലേക്ക് അവൾ അലിഞ്ഞിറങ്ങവെ അകലെ മഴനനഞ്ഞ ഒരു ഗാഫ്മരം അതിജീവനത്തിന്റെ പച്ചിലനാമ്പ് നീട്ടുകയായിരുന്നു..

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Beena short story manaldooram