1982 ൽ രണ്ടാം വർഷം പ്രീ ഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് ബാലചന്ദ്രന്റെ കവിതകൾ വായിച്ചു തുടങ്ങുന്നത്. അന്ന് മുഖ്യധാരക്കാർ ബാലചന്ദ്രനെ മതിച്ചു തുടങ്ങിയിട്ടില്ല എന്നാണ് എന്റെ ഓർമ. കോളേജ് ഡേയ്ക്ക് ‘മനുഷ്യന്റെ കൈകൾ’ ഒരാൾ ചൊല്ലിയതു തൊട്ടാണ് ആ കവിതകൾ ജീവിതത്തിലേക്ക് കടന്നു വരുന്നത്. പതിനെട്ടുകവിതകൾ കണ്ടെത്തുന്നതും ‘അമാവാസി’ തേടിപ്പിടിക്കുന്നതും ജീവിതത്തിന്റെ ഭാഗമാവുന്നതും പിന്നീടുള്ള രണ്ടു മൂന്നു വർഷക്കാലത്തിന്റെ ചരിത്രം, അക്കാലത്തെ കാമ്പസ് യൗവനങ്ങളുടെ സമാന ചരിത്രം തന്നെ.
കവിത ബാധിച്ചു നടന്ന അക്കാലത്ത് മനസ്സ് സൂക്ഷിച്ച ഏറ്റവും വലിയ മോഹങ്ങളിൽ ഒന്ന് ബാലചന്ദ്രനെ ഒന്ന് കാണുക എന്നതായിരുന്നു. അയാളെക്കുറിച്ച് പറഞ്ഞു തന്നവരാകട്ടെ അയാൾ ഗാഢസൗഹൃദങ്ങൾ സൂക്ഷിക്കുന്നവനും, കേവല സൗഹൃദങ്ങളിൽ താൽപര്യം ഇല്ലാത്തവനും എന്നായിരുന്നു. ബാലചന്ദ്രനുമായി ഗാഢസൗഹൃദം രൂപപ്പെടുത്താനുള്ള ഒരു സാഹചര്യവും ഉണ്ടായിരുന്നില്ല. ഡിഗ്രി കഴിഞ്ഞു പൊന്നാനി വിട്ടു തേഞ്ഞിപാലത്ത് യൂണി. കാമ്പസിൽ പി.ജി. ചെയ്യുമ്പോഴേക്കും കവിതയുടെ നെല്ലും പതിരും തിരിഞ്ഞു തുടങ്ങിയിരുന്നു. അന്ന് വരെ വായിച്ചു പോന്നവ പലതും കുടിയിറങ്ങിക്കഴിഞ്ഞു, പലതും പുതുതായി കുടിയേറി. പക്ഷെ ബാലചന്ദ്രൻ കുടിയിറങ്ങിയില്ലെന്നു മാത്രമല്ല ആ കവിതകൾ ആത്മാവിന്റെ സ്വന്തം പോലെ ഉള്ളിലങ്ങനെ പറ്റിപ്പിടിച്ചു നിന്നു. ഒരിക്കലും വിട്ടുമാറാത്ത വേദന പകരുന്ന മുറിവ് പോലെ, എപ്പോഴും ആ മുറിവിൽ തന്നെ വെച്ചുകുത്തുന്ന അനുഭവം പോലെ അയാളുടെ കവിതയും വാക്കുകളും തലക്ക് മുകളിലും ഇടവും വലവും മുന്നിലും പിന്നിലും നടന്നു. ഞാനൊരിക്കലും അയാളുടെ ഹൃദയത്തിന്റെ തൊട്ടടുത്തു ഇരുന്നിട്ടില്ല , പക്ഷെ എനിക്ക് അറിയാവുന്ന ഒരു കാര്യം , എന്റെ ഹൃദയത്തിന്റെ തൊട്ടടുത്തിരിക്കുന്ന മൂന്നോ നാലോ എഴുത്തുകാരിൽ ഒരാൾ ബാലചന്ദ്രനും, എന്റെ ജീവിതത്തിന്റെ ഗതി വിഗതികളിൽ തുണനിന്ന മിക്ക വരികളും എഴുതിയത് അയാളുമാണ്.
സത്യത്തിൽ ജീവിതത്തെ മാനിപ്പുലേറ്റ് ചെയ്യലാണ് കവിത. ജീവിതത്തെ അതിന്റെ നേർക്കാഴ്ചയിൽ ആവിഷ്കരിക്കലോ ആഖ്യാനിക്കലോ അല്ല കവിത ചെയ്യുന്നത്. പക്ഷേ, ബാലചന്ദ്രൻ എഴുതുമ്പോൾ അയാൾക്ക് ജീവിതം സത്യസന്ധമായി വഴങ്ങിക്കൊടുക്കുന്നു. എന്താണ് ഞാൻ ഈ മുഹൂർത്തത്തിൽ ആവിഷ്കരിക്കേണ്ടത് എന്ന് ചോദിക്കുമ്പോൾ ഇതാ ഇത്രമാത്രം മതി എന്ന് ജീവിതം ചൂണ്ടിക്കാണിക്കുന്നതിനെ ബാലചന്ദ്രൻ എഴുതുന്നു. അത്തരം ഒരു മുഹൂർത്തത്തിൽ ജീവിതം കയ്യാളുന്ന രാഷ്ട്രീയം, പ്രണയം, രതി, വിരഹിയുടെ തീവ്രവും ഉന്മാദ ഭരിതവുമായ കാഴ്ചകൾ ഇത്രയുമേ അയാളുടെ മുന്നിൽ ജീവിതമായി വെളിപ്പെട്ടിട്ടുള്ളൂ, ഇക്കാലമത്രയും. പക്ഷെ അത് ആത്യന്തികമായ വെളിപ്പെടലുകളാ യിരുന്നു.
ഇങ്ങനെ വെളിപ്പെടുന്ന ജീവിതത്തെ അത്രയും സത്യസന്ധമായി അയാൾ മുന്നോട്ടു വെച്ചു .’ഇന്നേ ഇടം കാലു വെച്ചിറങ്ങട്ടെ ഞാൻ ‘ എന്ന് ആദ്യത്തെ പ്രമുഖ കവിതയിൽ അയാളെഴുതി. ഇറങ്ങുന്നത് അത്രയും മനസ്സിന്റെ വഴികളിലേക്ക് തന്നെ. മനസ്സ് പറഞ്ഞ വഴികളിലൂടെ, കഠിനപഥങ്ങളിലൂടെ ചുട്ടു പൊള്ളി സഞ്ചരിക്കാൻ തന്നെ. ആ ഇറക്കം സാമൂഹ്യ ജീവിതത്തിന്റെ നേർവര കോപ്പി എഴുത്തിനെ നിഷേധിക്കാൻ തന്നെയായിരുന്നെന്ന് ആ കാലത്തെ ബാലചന്ദ്രന്റെ ജീവിതം സാക്ഷി. ആ വഴികളെ അടയ്ക്കാൻ പാകത്തിൽ, വീട് വിട്ടിറങ്ങുന്ന സിദ്ധാർഥന് തടവ് പോലെ നിന്ന ശുദ്ധോധനനെപ്പോലെ അച്ഛൻ. അച്ഛന് പ്രകൃതവ്യത്യാസം ഉണ്ടെന്നു മാത്രം. ചൂണ്ടുന്ന വ്ഴികളിലേയ്ക്കല്ല മകൻ ഇറങ്ങുന്നതെന്ന തോന്നൽ , ‘കാഞ്ഞിരത്തിന്മേലെന്നെ കൂച്ചു ചങ്ങലക്കിട്ടു/ കാഞ്ഞ വെയിലിലും / കോടമഞ്ഞിലും മഴയിലും’ എന്ന അനുഭവത്തെ അയാൾ അക്കാലത്ത് കുറിച്ചു തന്നു.
ഒരു മധ്യവർഗക്കാരന് , ജീവിതം രണ്ടറ്റവും മുട്ടിക്കാൻ പാകത്തിൽ അന്നം കണ്ടെത്താൻ വിധിക്കപ്പെട്ടവന് എന്ത് സ്വത്വം എന്ന ചോദ്യം പക്ഷേ അയാൾ നേരിടേണ്ടി വരുമെന്ന് അങ്ങനെ ഇറങ്ങിത്തിരിക്കുമ്പോൾ ഓർക്കാൻ സാധിക്കാതെ വന്നാൽ, ജീവിതവുമായി ഒത്തു തീർപ്പിലെത്താൻ നിര്ബന്ധിക്കപ്പെടും. “ഗസൽ” ആ ഒത്തു തീർപ്പിന്റെ വിലാപമാണ്. കവിതയിൽ, ബാലചന്ദ്രൻ ജീവിതത്തോടു പുലർത്തുന്ന സത്യസന്ധതയുടെ ആഴമാണ് ആ കവിത. ഇടം കാലു വെച്ചിറങ്ങിയവൻ, ‘ഞാൻ പോകട്ടെ’ എന്ന് തന്നെയാണ് .

ഈ ഒരു മിനുസപ്പെടൽ, പിന്നീടങ്ങോട്ട് ബാലചന്ദ്രന്റെ ജീവിതത്തിനുണ്ടായിട്ടുണ്ടെങ്കിൽ, അതത്രയും അയാളുടെ കവിതയിൽ രേഖപ്പെട്ടിട്ടുണ്ട്. ഇറങ്ങിപ്പോയ ബാലചന്ദ്രൻ മറ്റൊരു ജോണ് ആകുമായിരുന്നു. പക്ഷെ മധ്യവർഗിയുടെ ഭീരുത അയാളെ ഭർത്താവും ‘ഉദരാന്ധകാരത്തിൽ വിളയും സുകൃത ദുഷ്കൃത യോഗ ഫല’ ത്തിന്റെ ഉടമസ്ഥനും ചിരപരിചിത ജീവിതത്തിന്റെ തടവറയിലെ ചിരന്തനനായ കുറ്റവാളിയും ആക്കി തീർക്കുന്നു, ഏതൊരു കേരളീയനെയും പോലെത്തന്നെ. ഒരിക്കൽ താൻ കൊതിച്ച സ്വത്വമായിരുന്നു ജോണിന്റെത്. ജോണ് നിന്നിടം പൊടുന്നനെ ശൂന്യമായപ്പോൾ ‘എവിടെ ജോണ്’ എന്ന ചോദ്യവുമായി ചീന്തിയെടുത്ത ജീവിതത്തിൽ നിന്ന് ചറമിറ്റും പോലെ ചോരയൊലിച്ചു അയാൾ നടന്നത്. വേശ്യ തൊട്ടു ബുദ്ധിജീവി വരെ ആ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറി.
‘ഇംഗാല മലിനമാം മഞ്ഞു പെയ്തു ആത്മാവ് കിടുകിടുക്കുന്ന’ നരകരാത്രിയിൽ നിന്ന് അയാൾ ഉണരുന്നത് അച്ഛന്റെ കാലപുരവാസിയായ പ്രേതത്തിന്റെ വിചാരണാ മുഹൂർത്തത്തിലേയ്ക്കാണ്. ഒരു കവിയോടു ആത്മാവിന്റെ അടിത്തട്ടിൽ നിന്ന് സ്നേഹവും അസൂയയും ഒരുമിച്ചു ഇരുതലനാഗം പോലെ എന്നിൽ പിണഞ്ഞുയർന്ന നിമിഷമാണ് താതവാക്യം .
സ്വന്തം പദങ്ങൾ ഒരു കവിയെ ഒറ്റു കൊടുക്കുകയും ചതിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ അത് ബാലചന്ദ്രനെ മാത്രമാണ്. കവിതയിൽ, അതിന്റെ താക്കോൽ സ്ഥാനങ്ങളിൽ ജീവസ്വരസ്വഭാവിയായ വാക്ക് ഉപയോഗിക്കേണ്ടി വരുമ്പോൾ ബാലചന്ദ്രൻ ഒരിക്കലും സാമാന്യ വ്യവഹാരത്തിൽ നിന്ന് വാക്ക് കടമെടുത്തിട്ടില്ല. തന്റെ അനുഭവത്തെ പങ്കിടാൻ സാമാന്യ വ്യവഹാര ഭാഷയുടെ പിൻബലം പോരാ എന്ന തോന്നൽ അല്ല അത്. എഴുത്തിന്റെ മുഹൂർത്തത്തിലെ അയാൾ അയാളോട് മാത്രമാണ് സംവദിക്കുന്നത്. ആവിഷ്കരിക്കുന്ന ആ അനുഭവശകലം നിങ്ങൾക്ക് തരാനുള്ളതല്ല . മറിച്ച് ,തന്നെ ചുടലത്തീ പോലെ നക്കിത്തിനു കൊണ്ടിരിക്കുന്ന ഈ ബാധ ഒഴിക്കാനുള്ള തീവ്രശ്രമം മാത്രമാണ് അത്. ആ ശ്രമം മറ്റൊരാൾക്ക് ‘തിരിഞ്ഞു കിട്ടരുത്’ എന്ന ഒരു വാശി ആ എഴുത്തിലുണ്ട്. അത് കൊണ്ട് തന്നെ അയാൾ സ്വന്തം പദകോശം ഉണ്ടാക്കുന്നു. അയാൾ സ്വന്തം പദ സംഘാതങ്ങൾ മാത്രം കവിതയുടെ താക്കോൽ സ്ഥാനങ്ങളിൽ സൂക്ഷിക്കുന്നു. അത് അന്യനുള്ളതല്ല , അയാൾക്ക് മാത്രമുള്ളതാണ്.
പക്ഷെ ആ പദസംഘാതങ്ങൾ, അവയിൽ ഒളിപ്പിച്ച അനുഭവങ്ങൾ വായനക്കാരന് മുന്നിൽ പകൽ പോലെ തെളിഞ്ഞു നിന്നു . കാരണം വാക്കുകൾക്ക് അവ സൃഷ്ടിക്കുന്ന ഒരർത്ഥ തലവും ആ അർത്ഥതലത്തിൽ നിന്നും ഉദിക്കുന്ന ഒരു ഭാവതലവും ഉണ്ട്. ഈയൊരു സഞ്ചാരമാണ് ഏതൊരു സാഹിത്യ ശിൽപ്പത്തേയും പ്രിയങ്കരമാക്കുന്നത്. പക്ഷെ അപൂർവം അവസരങ്ങളിൽ വാക്ക് അതിന്റെ അർത്ഥതലം പാടെ ഭേദിക്കുകയോ നിഷേധിക്കുകയോ ചെയ്യും. വാക്ക് തന്നെ ഭാവമായി മാറും എന്ന് സാരം. ബാലചന്ദ്രൻ തന്റെ പദസംഘാതങ്ങളിൽ എന്ത് ഒളിപ്പിച്ചു വെച്ചുവോ അവയെല്ലാം സ്വയമേവ ഭാവമായിത്തീരുകയും വായനക്കാരന്റെ മുന്നിൽ കവിത വെളിപ്പെട്ടു നിറഞ്ഞാടുകയും ചെയ്തു, അയാൾ ഇത്രമേൽ ചതിക്കപ്പെട്ട സന്ദർഭങ്ങൾ ജീവിതത്തിൽ വേറെ ഉണ്ടാവാൻ ഇടയില്ല.
അത് കൊണ്ടാവണം ബാലചന്ദ്രൻ പലപ്പോഴും തന്റെ കവിതയെ ഇത്രമേൽ തള്ളിപ്പറയുന്നത്. താൻ എഴുതിയ കവിതകളിൽ ഒട്ടും അഭിമാനം കൊള്ളാത്തത്! ശ്രദ്ധിച്ചിട്ടുണ്ടോ, ബാലചന്ദ്രൻ എഴുതിയ ഏറ്റവും പ്ലെയ്ൻ എന്ന് പറയാവുന്ന കവിത ‘അന്നം’ ആണ്. ആ കവിത അത്രമേൽ സുതാര്യമാണെന്ന് പലരും വിശ്വസിക്കുന്നുണ്ട്. എന്നാൽ ‘സന്ദര്ശന’വും,’കഷ്ടരാത്രി’യും,’ഗസൽ’ പോലും അതാതിന്റെ സന്ദർഭത്തിൽ സുതാര്യം തന്നെയാണ്. ആ സുതാര്യതയിലൂടെ കവിത നിരന്തരം ഉന്മാദിനിയുടെ അങ്കി അണിഞ്ഞു പ്രത്യക്ഷപ്പെടുന്നു. മറയുന്ന തലമുറകൾക്ക് പ്രിയതരം ഒരു ഓർമ്മയായും, കടന്നു വരുന്ന തലമുറകൾക്ക് പ്രിയതരം ഒരു ഒളിയിടമായും അവ പ്രവർത്തിക്കുന്നു. പ്രണയം കണ്ണിൽ കെട്ടു പോയ പഴയ തലമുറയിലെ ഒരാൾ ആ വരികളിൽ മനസ്സിന്റെ ചുണ്ടമർത്തി തേങ്ങുന്നത് ഈ ആ കവിത മുന്നോട്ടു വെയ്ക്കുന്ന ഒരനുഭവം. പ്രണയം കണ്ണിൽ കത്തുന്ന ഈ തലമുറയിലെ ഒരാൾ ആ കവിതയിൽ ജീവിതത്തിന്റെ ഒളിയിടം കണ്ടെത്തുന്നത് മറ്റൊരനുഭവം. ഇത് നിരന്തരം ആവർത്തിക്കും. അത് ബാലചന്ദ്രന്റെ കവിതയുടെ യോഗമാണ്. ആ കവിതകളെ അയാൾ സ്വേച്ഛയ്ക്ക് അലയാൻ വിട്ടു കഴിഞ്ഞു എങ്കിലും.