ബാലചന്ദ്രന്‍ ചുള്ളിക്കാടിന് ഷഷ്ടിപൂര്‍ത്തി ആകുന്നു. അതു കേട്ടാല്‍ ഞങ്ങളുടെ തലമുറയിലെ എല്ലാവരും ഒന്നു വിസ്മയിക്കും. മനോജ്ഞമായ കാവ്യഭാഷകൊണ്ടും മനോഹരമായ ഗദ്യശൈലി കൊണ്ടും ഒരു കാലഘട്ടത്തെ മുഴുവന്‍ ആകര്‍ഷിച്ചതിന്‍റെ കടപ്പാട് കൊണ്ടു മാത്രമല്ല ആ വിസ്മയം. നടന്‍ എന്ന നിലയില്‍ അദ്ദേഹത്തിനുള്ള പ്രശസ്തിയോ ചിത്ര രചനയില്‍ അദ്ദേഹത്തിനുള്ള പ്രാവീണ്യമോ ഒന്നുമല്ല ഞങ്ങളുടെ അത്ഭുതം. അദ്ദേഹം ഇത്രയുംകാലം ജീവിച്ചിരുന്നല്ലോ എന്നതാണ് ഞങ്ങളുടെ സന്തോഷം. അറുപത് വയസ് എന്നത് അത്ര വലിയ പ്രായമൊന്നും അല്ലാത്ത ഇക്കാലത്ത് എന്നിട്ടും ഞങ്ങളെ പോലുള്ളവര്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ ഷഷ്ടിപൂര്‍ത്തിയില്‍ സന്തോഷിക്കുന്നു. അദ്ദേഹത്തെ ആദ്യമായി കാണുന്ന കാലത്ത് അദ്ദേഹം ഇത്രയും കാലം ജീവിച്ചിരിക്കുമെന്ന് പ്രതീക്ഷിക്കാന്‍ പോലും കഴിയാത്ത അന്തരീക്ഷമായിരുന്നു..

അടിയന്തരാവസ്ഥക്ക് തൊട്ടുപിന്നാലെ, 1977-ല്‍, എറണാകുളം മഹാരാജാസ് കോളേജില്‍ മലയാളം അസോസിയേഷന്‍റെ ഉദ്ഘാടനത്തിന് കവിത ചൊല്ലാന്‍ വരുമ്പോളാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ ഞാന്‍ ആദ്യമായി കാണുന്നത്. ഒരു പിച്ചക്കാരന്‍റെ അവസ്ഥയില്‍ ഒരു എല്ലിന്‍ കൂട്. അതായിരുന്നു അന്നത്തെ ബാലചന്ദ്രന്‍. ആരും അദ്ദേഹത്തെ ചടങ്ങിന് ക്ഷണിച്ചിരുന്നില്ല. അദ്ദേഹം ആ കോളേജിലെ വിദ്യാര്‍ത്ഥിയും ആയിരുന്നില്ല. ക്ഷണിക്കപ്പെടാത്ത ആ അതിഥിക്കും കവിത ചൊല്ലാന്‍ ഒരു അവസരം കൊടുക്കണമെന്ന് ആരോ പറഞ്ഞു. അതിന്‍റെ ആവശ്യം ഇല്ലായിരുന്നു. എങ്കിലും ആരോ അതിനെ പിന്തുണച്ചു, ‘ക്ഷണിക്കൂ. അയാള്‍ നന്നായി കവിത ചൊല്ലും. ഞാന്‍ കേട്ടിട്ടുണ്ട്’

Read More: ബാലചന്ദ്രൻ ചുളളിക്കാടിനെ കുറിച്ച് അഷിത എഴുതുന്നു.മണ്ണാങ്കട്ടയും കരിയിലയും

കവിത ചെറുപ്പക്കാരുടെ രാഷ്ട്രഭാഷയായി മാറിയ കാലമായിരുന്നു അത്. കവിതയും ഇടതു തീവ്രവാദവും അന്തരീക്ഷത്തില്‍ മഴവില്ല് ഒരുക്കിയ കാലം. ഞങ്ങള്‍ കവികളോ ഇടതു തീവ്രവാദികളോ ആയിരുന്നില്ലെങ്കിലും അടിയന്തരാവസ്ഥ കണ്ട കുട്ടികള്‍ എന്ന നിലയില്‍ വ്യവസ്ഥാപിത ഇടതുപക്ഷത്തോടും നക്സലൈറ്റ് സംഘങ്ങളോടും സംഘപരിവാര്‍ സംഘത്തോടും ജമാ അത്തെ ഇസ്ലാമിക്കാരോടും സ്നേഹം ഉണ്ടായിരുന്നു. അവരെല്ലാം അടിയന്തരാവസ്ഥക്ക് എതിരായിരുന്നല്ലോ. സ്വാഭാവികമായും ബാലചന്ദ്രന്‍ ചുള്ളിക്കാടിന് വേണ്ടിയുള്ള ശുപാര്‍ശ ഒഴിവാക്കേണ്ട കാര്യവും ഉണ്ടായിരുന്നില്ല.

അങ്ങനെ ബാലചന്ദ്രന്‍ വേദിയിലേക്ക് കയറി. മറ്റേതോ ലോകത്തുനിന്ന് കയറിവന്ന ഒരാളെ പോലെ. സദസിനെ ശ്രദ്ധിക്കുന്നേയില്ല. സാവകാശത്തില്‍ അദ്ദേഹം പിന്നീട് ഏറെ പ്രശസ്തമായ സ്വന്തം കവിത മാപ്പുസാക്ഷി ചൊല്ലാന്‍ തുടങ്ങി. സത്യം പറയാമല്ലോ, അന്നത്തെ ഒറ്റ ആലാപനം കൊണ്ട് ആ കവിത ഞങ്ങള്‍ക്ക് മനപാഠമായി. ഹൃദയത്തില്‍ കഠാര കുത്തിയിറക്കുന്ന അനുഭവം. അതിലാണല്ലോ സ്വന്തം ജീവിതത്തെ കുറിച്ചുള്ള നയപ്രഖ്യാപനം, ‘ആത്മഹത്യക്കും കൊലക്കുമിടയിലൂടെ ആര്‍ത്തനാദം പോലെ പായുന്ന ജീവിതം.’ അതിന്‍റെ മുഴുവന്‍ വേദനയും നിസ്സഹായതയും സഹനങ്ങളും ആ കവിതയില്‍ നിറഞ്ഞുനിന്നു. വര്‍ത്തമാനകാലത്തെ വേദനകള്‍ക്ക് ബൈബിളില്‍ നിന്നും കവിത അടിവേര് കണ്ടെത്തി. കവിതയില്‍ എല്ലാ ക്രൂശിത രൂപങ്ങളും തെളിഞ്ഞു.

balachandran chullikkad, mv benni, malayalam poet,

കവിത ചൊല്ലി പുറത്തേക്ക് ഇറങ്ങുമ്പോള്‍ ഒരുകാര്യം ഞങ്ങള്‍ക്ക് വ്യക്തമായിരുന്നു, ‘ഇതാ ഞങ്ങളുടെ തലമുറയുടെ കവി.’ ചില കാലഘട്ടങ്ങള്‍ ചില കവികളിലൂടെ മാത്രം സംസാരിക്കും. ഞങ്ങളുടെ കാലഘട്ടം ബാലചന്ദ്രന്‍ ചുള്ളിക്കാടിലൂടെ സംസാരിക്കാന്‍ തുടങ്ങുകയാണ്.

കവിതയുടെ ലോകത്ത് സ്വന്തം സ്ഥാനം ഉറപ്പിക്കല്‍ അന്ന്‍ ഒട്ടും എളുപ്പമുള്ള കാര്യമായിരുന്നില്ല. കവിതയിലെ പഞ്ചമഹാനാദങ്ങളുടെ സന്ധ്യശോഭ ചക്രവാളത്തില്‍ നിറഞ്ഞു നില്‍ക്കുന്ന കാലം. മഹാകവികളായ ജി.ശങ്കരക്കുറുപ്പും ഇടശ്ശേരിയും പി.കുഞ്ഞിരാമന്‍ നായരും ബാലാമണിയമ്മയും വൈലോപ്പള്ളിയും കവിതയുടെ സാധ്യതകളെ പരമാവധിയോട് അടുപ്പിച്ച കാലം. അക്കാലത്ത് ബാലചന്ദ്രനെ പോലുള്ള ഒരു യുവകവി ശ്രദ്ധിക്കപ്പെടണമെങ്കില്‍ ചെറിയ പ്രതിഭയൊന്നും പോര. കവിയായി ജീവിക്കാന്‍ ഈശ്വരന്‍ ശിരസില്‍ എഴുതി ഭൂമിയിലേക്ക് പറഞ്ഞുവിട്ട ആളായിരുന്നു ബാലചന്ദ്രന്‍ ചുള്ളിക്കാട്. കവിതയിലെ പഞ്ചമഹാനാദങ്ങളുടെ കാലത്തും അദ്ദേഹം സ്വന്തം ശബ്ദം വേറിട്ടു കേള്‍പ്പിച്ചു. അദ്ദേഹം നല്ല കവിതകള്‍ മാത്രം എഴുതി. വായനക്കാര്‍ അതെല്ലാം സ്വീകരിക്കുകയും ചെയ്തു.

കവിതയിലെ പഞ്ചമഹാനാദങ്ങള്‍ക്കു പിന്നാലെ അതാ വരുന്നു ഇടിമുഴക്കം പോലെ കവിതയുടെ മറ്റൊരു തലമുറ. സച്ചിദാനന്ദന്‍, കെ.ജി.ശങ്കരപ്പിള്ള, ഡി.വിനയചന്ദ്രന്‍, കടമ്മനിട്ട രാമകൃഷ്ണന്‍ തുടങ്ങിയവര്‍.

ഓരോ കവിയുടേയും രുചിഭേദങ്ങള്‍ വ്യത്യസ്തം ആണെങ്കിലും ചില പൊതു ഭാവുകത്വം അവര്‍ക്കെല്ലാം ഉണ്ടാകുമല്ലോ. അതില്‍ പോലും സമരസപ്പെടാത്ത അക്കിത്തം, ഒ.എന്‍.വി, അയ്യപ്പപണിക്കര്‍, സുഗതകുമാരി എന്നിങ്ങനെ കവികളുടെ മറ്റൊരു തലമുറ.
ജി.ശങ്കരക്കുറുപ്പ് മുതല്‍ കെ.ജി.ശങ്കരപ്പിള്ള വരേയുള്ളവരുടെ കവിതകളില്‍ തെളിയുന്ന രുചിഭേദങ്ങള്‍ പോലെ, മലയാള കവിതയില്‍ ഇത്രമേല്‍ വൈവിധ്യം തെളിഞ്ഞ മറ്റൊരു കാലവും ഉണ്ടായിട്ടില്ല. സര്‍വ്വോപരി അവരെല്ലാം നല്ല കവികളും ആയിരുന്നു. നന്നേ ചെറുപ്പത്തില്‍ തന്നെ ആ മുതിര്‍ന്ന കവികള്‍ ബാലചന്ദ്രനെയും അവരിലൊരാളായി പരിഗണിച്ചു. അവരുടെ ഔദാര്യം കൊണ്ട് സംഭവിച്ചതല്ല അതൊന്നും. ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുതെന്ന വേദപ്രമാണം സ്വന്തം കാര്യത്തിലും നടപ്പായിക്കിട്ടണമെന്ന് വായനക്കാരില്‍ നിന്ന്‍ ആഗ്രഹിക്കുന്നവരാണ് മിക്ക കവികളും. എങ്കിലും അവര്‍ ബാലചന്ദ്രനെ സ്വീകരിച്ചു. മലയാള കവിതയുടെ ഭാഗ്യജാതകം ബാലചന്ദ്രന്‍ ചുള്ളിക്കാടിലൂടെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അവര്‍ മനസിലാക്കിയിരുന്നു. അങ്ങനെയാണ് നമ്മുടെ കാവ്യചരിത്രത്തില്‍, എഴുത്തച്ഛന്‍ മുതല്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് വരെ എന്ന പ്രയോഗം വേരുറച്ചത്.

നമുക്ക് മഹാരാജാസ് കോളജിലേക്ക് തന്നെ വരാം. ഞാന്‍ പരിചയപ്പെടുന്ന കാലത്ത് അദ്ദേഹം മഹാരാജാസ് കോളേജില്‍ വിദ്യാര്‍ത്ഥി ആയിരുന്നില്ലെന്നു പറഞ്ഞുവല്ലോ. ബി.എ കഴിഞ്ഞ് ഞങ്ങള്‍ എം.എ ക്ലാസില്‍ ചെല്ലുമ്പോള്‍ ക്ലാസില്‍ വിജയലക്ഷ്മിയുണ്ട്! കവിയും സന്ദരിയുമായ വിജയലക്ഷ്മി. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ പ്രണയിനി.

മെഡിസിന് ചേരാന്‍ കഴിയുമായിരുന്നിട്ടും അതിനു തുനിയാതെ മലയാളം എം.എ പഠിക്കാന്‍ മഹാരാജാസില്‍ വന്നതാണ് വിജയലക്ഷ്മി. കേരളാ യൂണിവേഴ്സിറ്റി യൂണിയന്‍ യുവജനോത്സവത്തില്‍ കവിതാ രചനയില്‍ അവര്‍ രണ്ടുപേരും ആയിരുന്നു സമ്മാനാര്‍ഹര്‍. അതു പിന്നീട് പ്രണയമായി. അതിന്‍റെ ചുവടു പിടിച്ചാണ് വിജയലക്ഷ്മി മഹാരാജാസില്‍ മലയാളം പഠിക്കാന്‍ ചേരുന്നത്. എന്തു ഡോക്റ്റര്‍! അത് ആര്‍ക്കുമാകാം. പക്ഷേ, കവിയാകാന്‍ എല്ലാവര്‍ക്കും കഴിയില്ല. അതായിരുന്നു വിജയലക്ഷ്മിയുടെ വിചാരം. കവിത തന്നെ ശരണം!
അക്കാലത്ത് ബാലചന്ദ്രന്‍ വീട്ടില്‍ നിന്ന്‍ ബഹിഷ്കൃതനായി കവിതയും തീവ്രവാദവും ഒക്കെയായി കഴിയുന്നുണ്ട്. അത് ആലുവ യു.സി കോളേജില്‍. പ്രണയകാലമല്ലേ, ബാലചന്ദ്രന്‍ വൈകാതെ മഹാരാജാസ് കോളേജില്‍ ഇംഗ്ലീഷ് ബി.എ ക്ലാസിലേക്ക് വന്നു. ഞാനും വിജയലക്ഷിയും ഉള്‍പ്പെടെയുള്ളവര്‍ എം.എ മലയാളം ക്ലാസില്‍. ബാലചന്ദ്രന്‍ ബി.എ ഇംഗ്ലീഷ് ക്ലാസില്‍! ഇടക്കാലത്ത് വിപ്ലവത്തിന്‍റെ കരാര്‍ പണി ഏറ്റെടുത്തതുകൊണ്ട് ബാലചന്ദ്രന്‍റെ ചില വര്‍ഷങ്ങള്‍ നഷ്ടപ്പെട്ടതാണ്. അതിന്‍റെ പാപഭാരം പോലെ കവിതയോടൊപ്പം നല്ല മദ്യപാനവും. ബാലചന്ദ്രന് അന്നും കവിതയും മദ്യവും കൂടാതെ മറ്റൊരു മോഹവും ഉണ്ട്. കഴിയുമെങ്കില്‍ ലോകം മുഴുവന്‍ വിപ്ലവത്തിന്‍റെ അഗ്നിജ്വാലകള്‍ പടരണം. ഒരു നിരന്തര വിപ്ലവം!

കയ്യില്‍ കാശില്ല. കവിതയും തീവ്രവാദവും ആയിരുന്നു അക്കാലത്ത് ബാലചന്ദ്രന്‍റെ പ്രാണവായു. അന്നത്തെ ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ പരിചയമുള്ളവര്‍ക്ക്‌ ഈ ജീവിതം ഇങ്ങനെ എത്രനാള്‍ എന്ന് മനസിലെങ്കിലും ചോദിക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല. പക്ഷേ, ഭാഗ്യവശാല്‍ അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ വിജയലക്ഷ്മി കൂട്ടായി വന്നു. രണ്ടു കവികള്‍ ഒരു കൂരക്കു കീഴില്‍ കഴിയുക എന്ന ലോകാത്ഭുതം സംഭവിച്ചു. പിന്നീടുള്ളതൊക്കെ എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ.

പരമാവധി സത്യസന്ധന്‍ ആയിരിക്കാന്‍ പണിപ്പെടുന്ന ബാലചന്ദ്രന്‍ ഇക്കാലത്തിനിടയില്‍ ഒരിക്കലെങ്കിലും കളവുപറഞ്ഞതായ ഒരു അനുഭവം എനിക്കില്ല. നമുക്ക് ഇഷ്ടപ്പെടാത്ത കാര്യമാണെങ്കിലും അദ്ദേഹം പരമാവധി സത്യം പറയും. ആളുകള്‍ ഇഷ്ടപ്പെടാന്‍ വേണ്ടി സത്യത്തില്‍ വെള്ളം ചേര്‍ക്കാനും അദ്ദേഹം തയ്യാറല്ല. ചിദംബര സ്മരണകളില്‍ അദ്ദേഹം എഴുതിയ കാര്യങ്ങളിലെ സത്യവും ഭാവനയും വേര്‍തിരിച്ചെടുക്കാന്‍ പണിപ്പെടുന്ന കുറേ ആളുകളെയെങ്കിലും എനിക്കറിയാം. അവര്‍ എഴുത്തിന്‍റെ മര്‍മ്മം മനസിലാകാത്തവരാണ്. അത്തരക്കാരെ കുറിച്ചാണ് പണ്ടൊരു സംസ്കൃത കവി ‘ശിരസി മാലിഖ, മാലിഖ’ എന്നവസാനിക്കുന്ന ഒരു സംസ്കൃത ശ്ലോകം രചിച്ചത്! അരസികന്മാരെ സാഹിത്യം പഠിപ്പിക്കാനുള്ള തലയിലെഴുത്ത് എന്‍റെ ശിരസില്‍ എഴുതരുതേ…

മറ്റൊരു വിഭാഗത്തിന്‍റെ പരാതി ബാലചന്ദ്രന്‍ പഴയതുപോലെ വെള്ളമടിച്ച് വഴിയില്‍ കിടക്കുന്നത് കാണുന്നില്ലെന്നാണ്. അവര്‍ക്ക് അതിലാണ് അമര്‍ഷം. കേരളീയ സമൂഹത്തിന് ജോണ്‍ എബ്രഹാമിന്‍റെയോ സുരാസുവിന്‍റെയോ അയ്യപ്പന്‍റെയോ പോസ്റ്റില്‍ നിയമിക്കാന്‍ ഒരാളെ വേണം. ആ പോസ്റ്റില്‍ തുടരാന്‍ തനിക്ക് താല്പര്യമില്ലെന്ന് ബാലചന്ദ്രന്‍ പ്രഖ്യാപിച്ചതില്‍ ആണ് അവര്‍ക്ക് അമര്‍ഷം. അവരും ബാലചന്ദ്രനെ വിമര്‍ശിക്കുന്നു. എന്നുവച്ച് ഈ വിമര്‍ശകര്‍ ജോണിനെ പോലെയോ സുരാസുവിനെ പോലെയോ അയ്യപ്പനെ പോലെയോ വെള്ളമടിച്ച് വഴിയില്‍ കിടക്കുന്നവരാണെന്ന് ധരിക്കരുത്. ഒരു പി.എസ്.സി പരീക്ഷപോലും എഴുതാതെ രാഷ്ട്രീയക്കാരുടെ സേവപിടിച്ചു മാത്രം സര്‍വ്വീസില്‍ കയറി പറ്റിയ സര്‍വ്വകാലാശാലാ ബുദ്ധിജീവികളേയും അക്കൂട്ടത്തില്‍ കണ്ടുമുട്ടാം.

മൂന്നാമതൊരു വിഭാഗത്തിന്‍റെ പരാതി ബാലചന്ദ്രന്‍ സിനിമയിലും സീരിയലിലും അഭിനയിക്കുന്നു എന്നാണ്. എങ്കില്‍, അതിന് ആദ്യം പഴിപറയേണ്ടത് വിശ്രുത ചലച്ചിത്ര സംവിധായകന്‍ അരവിന്ദനെ ആണ്. ഞങ്ങള്‍ കോളേജില്‍ പഠിക്കുന്ന കാലത്താണ് അദ്ദേഹത്തിന്‍റെ പോക്കുവെയില്‍ എന്ന ചിത്രത്തില്‍ ബാലചന്ദ്രന്‍ നായകനായി അഭിനയിക്കുന്നത്. എന്തായാലും ഇത്തരം വായാടികളെക്കാള്‍ അറിയപ്പെടുന്ന കലാകാരന്‍ ആണല്ലോ അരവിന്ദന്‍. ഏതെങ്കിലും സര്‍ക്കാരിനെ സേവപിടിച്ച് വല്ല പി.എസ്.സി മെമ്പറോ ഏതെങ്കിലും അക്കാദമി ഭാരവാഹിയോ മറ്റോ ആയി ജീവിക്കുന്നതിനേക്കാള്‍ എത്രയോ ഭേദമാണ് ഒരു കലാകാരനായി ജോലിചെയ്ത് പ്രതിഫലം വാങ്ങുന്നത്.

സാഹിത്യ രംഗത്തെ ഇത്തരക്കാരുടെ വിമര്‍ശനങ്ങള്‍ക്ക് ബാലചന്ദ്രന്‍ മറുപടി പറയാനുള്ള സാദ്ധ്യത തീരേയില്ല. ഇതൊക്കെ തന്നെയായിരിക്കുമോ ബാലചന്ദ്രന്‍റെ മറുപടി എന്ന കാര്യവും എനിക്ക് നിശ്ചയമില്ല. ഒരിക്കല്‍ ഇത്തരക്കാര്‍ക്ക് ഒരു മറുപടി എഴുതുന്ന കാര്യം ഞാന്‍ സൂചിപ്പിച്ചപ്പോള്‍ അതിനു തുനിയാതെ അദ്ദേഹം മറ്റൊരു കാര്യം പറഞ്ഞു. ‘നമ്മള്‍ മരിച്ചുപോയാലും ആളുകൾ നമ്മളെ വിമര്‍ശിക്കുമല്ലോ. അതിനു മറുപടി പറയാന്‍ മരിച്ചയാള്‍ക്ക്‌ കഴിയുകയുമില്ല. അപ്പോള്‍ ഒരു മറുപടിയും ഒരു അവസാന വാക്കല്ല. ഞാന്‍ എഴുതിയ കവിതകള്‍ മാത്രമാണ് എല്ലാ കാലത്തേക്കും ഉള്ള എന്‍റെ മറുപടി. കൂടുതല്‍ മെച്ചപ്പെട്ട മറുപടി പറയണമെങ്കില്‍ കൂടുതല്‍ മെച്ചപ്പെട്ട കവിതകള്‍ എഴുതണം. നടന്നാലും നടന്നില്ലെങ്കിലും അതിനുള്ള മോഹവുമായാണ് മറ്റുള്ള കവികളെ പോലെ ഞാനും ജീവിക്കുന്നത്’

എങ്കിലും വിഷമിക്കേണ്ടതില്ല. എല്ലാകാലത്തും നിലനില്‍ക്കാന്‍ ഇടയുള്ള കവിതകളില്‍ പലതും അദ്ദേഹം എഴുതിയിട്ടുണ്ട്. മലയാളികള്‍ അത് ഓര്‍മ്മയില്‍ സൂക്ഷിക്കുകയും ചെയ്യും. ഗസല്‍ എന്ന കവിതകൊണ്ട് കവിതയുടെ പാരാവാരം മറികടന്ന ബാലചന്ദ്രന്‍ ചുള്ളിക്കാട് തുടര്‍ന്നും കവിത എഴുതിയാല്‍ ഞങ്ങളെപ്പോലുള്ള വായനക്കാര്‍ക്ക് സന്തോഷം തന്നെ. ഇനി ഒന്നും എഴുതിയില്ലെങ്കിലും സങ്കടമില്ല. മരിച്ചാലും ഗസല്‍ എന്ന കവിത ഞങ്ങള്‍ ഓര്‍മ്മിക്കും.

ഈശ്വരന്‍ പറഞ്ഞയച്ച ഈ കവിക്ക് ഈശ്വരന്‍ തന്നെ കാവലാള്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ